November 14, 2022

ആകസ്മിക സഞ്ചാരിയുടെ മടക്കയാത്ര

കേശു ഒരിക്കലും ഒരു സഞ്ചാരിയാകാൻ ആഗ്രഹിച്ചിരുന്നില്ല.  അയൽവാസിയായ ഭൂമി ദേവിയുടെ തട്ടകത്തിൽ തന്നെ ജീവിച്ചു മരിക്കാനായിരുന്നു അയാൾക്ക് ഇഷ്ടം. അതുകൊണ്ട് തന്നെ അയാൾ എന്നും ഒരു കുട്ടിയായി ഇരിക്കാൻ ആഗ്രഹിച്ചു. വലുതായാൽ വലിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടി വരുമെന്ന ഭയത്തെ പോലെ ഈ നാടും വിട്ടു പോകേണ്ടി വരുമെന്ന ഭയം അയാളെ അത്രയ്ക്ക് ഗ്രസിച്ചിരുന്നു. ഒരുപക്ഷേ യാത്രയോടുള്ള ഈ ഭയമാകണം അയാളെ ഒരു കണക്ക് പിള്ളയാക്കിയത്. ആ പരീക്ഷ പാസായാൽ സ്വന്തമായി ഓഫീസ് തുടങ്ങാം എന്നും അങ്ങകലെയുള്ള വലിയ ആളുകൾ മാത്രമുള്ള നഗരങ്ങളിൽ ജോലി അന്വേഷിച്ചു അലയേണ്ടി വരില്ല എന്നും അയാൾ ചിന്തിച്ചു. അയാൾ നന്നായി പഠിച്ചു, ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്തുകയും ചെയ്തു.

സഞ്ചാരം ഇഷ്ടമായിരുന്നില്ല എങ്കിലും അയാൾ വേനലവധിക്കാലങ്ങളിൽ റഷ്യൻ ഗ്രാമ സൌന്ദര്യം വർണ്ണിക്കുന്ന നാടോടി കഥകളും, എസ്. കെ പൊറ്റെക്കാടിന്റെ സുന്ദരമായ ഭാഷയിലുള്ള യാത്രാവിവരണങ്ങളും വായിച്ചിരുന്നു. ചുക്കിനേയും, ഗെക്കിനെയും പോലെ തൈഗായിലൂടെ ഹിമവണ്ടി ഓടിച്ചു പോകുന്നതും, എസ്. കെയെ പോലെ മഞ്ഞു പൊതിഞ്ഞു കിടക്കുന്ന പാതിരാസൂര്യന്റെ നാട്ടിൽ കമ്പിളി പുതച്ച് കിടക്കുന്നതും അയാൾ സ്വപ്നം കണ്ടിരുന്നു.  പക്ഷേ തന്റെ യാത്രകൾ സ്വപ്നങ്ങളിൽ മാത്രം നടത്താനാണ് അയാൾ ഇഷ്ടപ്പെട്ടത്. എസ്. കെയെ പോലെ കയ്യിൽ ഒരു ട്രങ്കുമായി യാത്ര ചെയ്തില്ലെങ്കിലും അയാൾക്കും ഭാരതമെന്ന ഭൂമിയിലെ ജനലക്ഷങ്ങളുടെ ഇടയിലൂടെ പിൽകാലത്ത് ഒഴുകി നടക്കേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.
പഠനത്തിന്റെ ഭാഗമായി ഒരു സി. എ ഓഫീസിൽ ചേർന്നത്തിന് ശേഷമാണ് കേശുവിന്നു തന്റെ  ശപഥങ്ങൾ മറക്കേണ്ടി വന്നത്. ജോലിയുടെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കേശുവിന് യാത്ര ചെയ്യേണ്ടി വന്നു. പുതിയ കാഴ്ചകളും, ആളുകളും, മണങ്ങളും, രുചികളും ആളുകളും അയാളെ ആകർഷിച്ചു എങ്കിലും  നാടെന്ന നങ്കൂരം അയാളുടെ മനസ്സിനെ മടങ്ങാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
പിന്നീട് ബാങ്കിൽ ജോലി ലഭിച്ചപ്പോഴും യാത്രകൾ അയാളെ പിൻതുടർന്നു. നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും അയാൾ ബസിലും, തീവണ്ടിയിലും, വിമാനത്തിലും സഞ്ചരിച്ചു; ഇരുന്നും, കിടന്നും, നിന്നും അയാൾ സഞ്ചാരം തുടർന്നു. പഠനകാലത്തെ യാത്രകളെക്കാൾ ആഴവും പരപ്പും ഇക്കാലത്തെ യാത്രകൾക്ക് ഉണ്ടായിരുന്നു.  അയാളുടെ കണ്ണുകളും ചിന്തകളും അന്നത്തേക്കാൾ വളർന്നിരുന്നു എങ്കിലും വീട്ടിലേക്കു മടങ്ങുന്നതു മനസ്സിൽ കണ്ടുകൊണ്ടാണ് അയാൾ ഓരോ യാത്രയ്ക്കും ഇറങ്ങിയത്.  ആ മടക്കം ആയിരുന്നു ഓരോ യാത്രയിലും അയാളെ നിലനിർത്തിയിരുന്നത്. 
എന്താണ് ഈ നാട്ടിൽ ഇങ്ങനെ പറ്റി ചേർന്ന് കിടക്കാൻ തോന്നുന്നത്? ബാല്യത്തിന്റെ സുന്ദരങ്ങളായ ഓർമ്മകൾ ഇവിടെ ഉള്ളത് കൊണ്ടാണോ? പ്രിയപ്പെട്ടവർ ഉള്ളതുകൊണ്ടൊ? അമ്മയുടെ ആശ്ലേഷം പോലെ, നാട് അയാളെ കെട്ടിപിടിച്ചിരിക്കുന്നത് കൊണ്ടാണോ? അതോ ഇനിയും സംസാരിക്കാൻ തുടങ്ങിയിട്ടില്ലാത്ത കുട്ടികളുടെ മധുരം നിറയുന്ന ശബ്ദങ്ങളിൽ ഒളിഞ്ഞിരിക്കുന്ന "അച്ഛാ" എന്ന  വിളിയാണോ? കേശുവിന് അറിയില്ല. ഒന്നുമാത്രം അറിയാം: ഇതാണ് അയാളുടെ വീട്. അയാളുടെ തട്ടകം. ഇവിടത്തെ മണ്ണിൽ നിന്നുമാണ് ഞാൻ ജനിച്ചത്. ഇനി മടങ്ങേണ്ടതും കാലവർഷവും, തുലാവർഷവും ചവിട്ടി കുഴച്ച, മീന ചൂടിൽ വരളുന്ന ഈ മണ്ണിലെക്കാണ്. ഇവിടത്തെ കാറ്റിലും, അരയാലിലകളിലുമാണ് അയാളുടെ ദേഹം അലിയേണ്ടത്.  എത്രയൊക്കെ സഞ്ചരിക്കേണ്ടി വന്നാലും അതുകൊണ്ടു തന്നെ അയാൾക്ക് മടങ്ങാതെയിരിക്കാൻ സാധിക്കില്ല. മടക്കം അനിവാര്യമാണ്.
--

July 04, 2021

ഫൗണ്ടൈൻഹെഡ്

ആൻ റാൻഡിന്റെ "അറ്റ്‌ലസ് ഷ്രഗ്ഗ്ഡ്" വായിച്ചത് തീവണ്ടി യാത്രകൾക്കിടയിലായിരുന്നെങ്കിൽ ഫൗണ്ടൈൻഹെഡ് വായിക്കുന്നത് രണ്ടാം ലോക്ഡൌൺ കാലത്തായിരുന്നു. വർഷങ്ങളായി തുറക്കാതെ വെച്ചിരുന്ന പുസ്തകം ഷെൽഫിൽ നിന്നുമെടുക്കുന്നതിനു അതിലും നല്ല സമയം ഇല്ലല്ലോ. അറ്റ്‌ലസ് എന്നെ ഒരു റാൻഡ് ആരാധകനാക്കി എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒട്ടും തന്നെ ഇല്ല എന്ന് ആദ്യമേ പറയട്ടെ. 


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ന്യൂയോർക്കിലാണ് കഥ നടക്കുന്നത്. റാൻഡിനെ സംബന്ധിച്ച് കഥ തന്റെ ചിന്തകൾ അവതരിപ്പിക്കാനുള്ള ഒരു വേദി മാത്രമാണ്. കഥാപാത്രങ്ങളെക്കാളോ, കഥാഗതിയെക്കാളോ നമ്മളോട് സംവദിക്കുന്നത് ഈ അന്തർലീനമായ തത്വശാസ്ത്രമാണ്. സൂക്ഷ്മമായ വായനയും, വായിക്കുന്നത് മനസ്സിലിട്ടു മനനം ചെയ്താലും മാത്രമേ വിവാദപരമായ ഈ വിചാരരീതി നമുക്ക് മുന്നിൽ വ്യക്തമാകൂ. അതുകൊണ്ട് തന്നെ ഒട്ടും ലളിതമായ ഒരു വായന അല്ല ഫൗണ്ടൈൻഹെഡ്.

ഒരു വ്യക്തിയുടെ തന്റെ കഴിവുകളോടും, അറിവിനോടും, മനസ്സിനോടും മാത്രമുള്ള വിധേയത്വവും  അതിലൂടെ പ്രകടമാകുന്ന സ്വാർത്ഥമായ ആർജ്ജവവുമാണ് യഥാർത്ഥമായ നിസ്വാർത്ഥതയത്രെ! മറ്റുള്ളവർക്ക് വേണ്ടിയല്ലാതെ സ്വന്തം തീരുമാനങ്ങൾക്കും, ചിന്തകൾക്കും വേണ്ടി ജീവിക്കാനും, അവക്ക് വേണ്ടി പോരാടാനും റാൻഡ് പറയുന്നു. റാൻഡ് മുന്നോട്ടു വെക്കുന്ന സ്വാർത്ഥത കുലീനമായ സർഗ്ഗശക്തിയെ അടിസ്ഥാനപെടുത്തിയാണ്. സർഗ്ഗശക്തിയുള്ള മനസ്സുകളെ ചവിട്ടിയരക്കുന്ന, എന്നും മറ്റുള്ളവരുടെ കഴിവിൻറെ ശക്തിയിൽ പരാന്നഭോജിയായി ജീവിക്കുന്ന രണ്ടാം നിര മനുഷ്യർ ധാരാളമുള്ള കാലത്ത് സ്വന്തം ചിന്തകളിലും കഴിവിലും മാത്രം വിശ്വസിച്ച് ജീവിക്കുന്നവരാണ് നിസ്വാർത്ഥർ!

റാൻഡിന്റെ ഭാഷ തന്റെ തത്വശാസ്ത്രം അവതരിപ്പിക്കാനുള്ളതാണ് എന്നതകൊണ്ട് അത്ര കാവ്യാത്മകമല്ല. എന്നാൽ പല സ്ഥലങ്ങളിലും  വാക്കുകൾ കൊണ്ട് സന്ദർഭങ്ങളെയും, കഥാപാത്രങ്ങളുടെ ചിന്തകളെയും വ്യക്തമായി അവതരിപ്പിക്കാൻ എഴുത്തുകാരിക്ക് സാധിക്കുന്നുണ്ട്. സമയം കളയാനായി വായിക്കേണ്ട  ഒരു പുസ്തകമല്ല ഫൗണ്ടൈൻഹെഡ്. അതിന്റെ ശരീരവും, ആത്മാവും വായനക്കാരന്റെ മനസ്സിന്റെ നൂറു ശതമാനവും ആവശ്യപ്പെടും. സ്വത്വം ഉപേക്ഷിച്ചു രണ്ടാം നിരക്കാരെ ഊട്ടാൻ ആവശ്യപ്പെടുന്ന കാലത്ത് ഒരുപക്ഷെ ഇങ്ങനെ ഒരു ചിന്താരീതി ഒരു ന്യൂനപക്ഷത്തിനു എങ്കിലും മുന്നോട്ടു പോകാൻ സഹായകരമാകും എന്നതിൽ സംശയമില്ല.