October 30, 2014

ചുംബന സമരം വിജയിപ്പിക്കാന്‍ പതിനഞ്ച് മാര്‍ഗ നിര്‍ദേശങ്ങള്‍

രണ്ടാന്തി കൊച്ചിയില്‍ നടത്താന്‍ പോകുന്ന ചുംബന സമരത്തിനെതിരെ പിന്തിരിപ്പന്‍ സദാചാര വാദിഗുണ്ടകളും, പോലീസും എതിര്‍പ്പുമായി വന്ന സാഹചര്യത്തില്‍ പരിപാടി നടക്കേണ്ടത് ഏറണാകുളത്തേക്ക് ആള്‍റെഡി ടിക്കറ്റ് ബുക്ക്‌ ചെയ്ത അസദാചാര വാദി എന്ന നിലയില്‍ എന്റെ എന്നതുപോലെ തന്നെ സമാനാവസ്ഥയിലുള്ള സഹപ്രതിഷേധക്കാരുടേയും ആവശ്യമായത് കൊണ്ട് ടി പരിപാടി സുഗമമായി നടക്കുന്നതിലേക്കായി ചില നിര്‍ദേശങ്ങള്‍ താഴെ കുറിക്കുന്നു:

മുന്നൊരുക്കം 

1. പങ്കെടുക്കാന്‍ വരുന്നവര്‍ അവരുടെ സ്വാതന്ത്ര്യ ബോധമനുസരിച്ച് സ്വന്തം കുട്ടികളെകൂടി (പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കില്‍) കൊണ്ടുവരിക. അവര്‍ക്കും പ്രതികരിക്കാന്‍ അവകാശമുണ്ടല്ലോ.

2. പ്രായപൂര്‍ത്തി ആയ മക്കളെ അവരുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാന്‍ അനുവദിക്കുക. പരിപാടിക്ക് വരേണ്ട എന്ന് തിരുമാനിക്കുന്ന കുട്ടികളെ ഉടന്‍ തന്നെ കൌണ്‍സിലിംഗിന് വിടുന്നത് അഭികാമ്യമാകും.

3. പങ്കെടുക്കുന്ന കുട്ടികള്‍ സ്വന്തം മാതാ പിതാക്കന്മാരേയും സഹോദരങ്ങളേയും കൂടി കൊണ്ടുവരാന്‍ ശ്രദ്ധിക്കുക.

(ഇപ്രകാരം മൊത്തം കുടുംബം പങ്കെടുക്കുന്നതിലൂടെ ഇതൊരു ഫാമിലി ഇവന്റ് ആകുകയും പ്രതിഷേധക്കാര്‍ കേരളത്തിലെ ഒരു എംപി ആകുകയും ചെയ്യും)

4. പരിപാടിക്ക് മുന്നോടിയായി ഹൌസിംഗ് സൊസൈറ്റികളിലും മറ്റും കുടുംബ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് മേഘലയിലെ പുതുമുഖങ്ങള്‍ക്ക് കോച്ചിംഗ് കൊടുക്കുക. പരിപാടി വെടുപ്പാകട്ടെ.

5. സ്വതന്ത്രമാക്കുന്ന ഉമ്മകള്‍ക്ക് രണ്ടു ദിവസം മുമ്പ് നാസ വിക്ഷേപിച്ച റോക്കറ്റിന്റെ ഗതി ആകാതിരിക്കാന്‍ വായനാറ്റം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക. അതിലേക്കായി ഇന്നുമുതല്‍ പരിപാടി കഴിയുന്ന വരെ വെളുത്തുള്ളി, മത്സ്യം, സിഗരറ്റ്, മദ്യം മുതലായവ ഒഴിവാക്കി ദിനവും മൂന്നു നേരം ക്ലോസ് അപ്പ്‌ ഉപയോഗിച്ച്ല്ല് പല്ല് തേക്കുക/തേപ്പിക്കുക.

6. നാളെ മുതലെങ്കിലും രാവിലെ എഴുന്നേറ്റ് രണ്ടു കിലോമീറ്റര്‍ ഓടുക. ഇനി അഥവാ വല്ല പിന്തിരിപ്പന്മാരും വടിയുമായി തല്ലാന്‍ വന്നാല്‍ തടി കേടാതാകെ രക്ഷപ്പെടാന്‍ ഈ ഓട്ടം സഹായിച്ചേക്കാം.

7. 'റെവോലൂഷനറി' എന്ന വാക്കിന്റെ സ്പെല്ലിംഗ് പഠിച്ചു വെക്കുക.

പ്രതിഷേധ ദിനം

8. ആക്സ് ഡിയോ മൂന്നു കുപ്പി കുളിക്കുന്ന വെള്ളത്തില്‍ കലക്കുക.

9. കുളിക്കുക

10. 'ചേ' അല്ലെങ്കില്‍ 'ബോബ് മാര്‍ലി' എന്നിവരുടെ പടം പതിപ്പിച്ച ടീ ഷര്‍ട്ട്‌ ധരിക്കുക. ഇവരാണ് വിപ്ലവത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍.

11. സമയത്ത് എത്തി ചേരുക.

12. പ്രതിഷേധിക്കുന്നതിന്റെ സെല്‍ഫികള്‍ എടുക്കുക, ഫേസ്ബുക്കില്‍ പോസ്റ്റി ടാഗ് ചെയ്യുക. "ഫീലിംഗ് റെവോലൂഷനറി" എന്നു കൊടുക്കാന്‍ മറക്കരുത്. 

പ്രതിഷേധത്തിനു ശേഷം

13. അവിടെ വെച്ചു പരിചയപ്പെട്ടവരെ ചേര്‍ത്ത് വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മുകളില്‍ പറഞ്ഞ സെല്‍ഫികള്‍ ഷെയര്‍ ചെയ്യുക.

14. നേരെ സിസിഡിയില്‍ പോയി കാപ്പി കുടിച്ചു കൊണ്ട് പ്രതിഷേധം കൊച്ചിയില്‍ മാത്രം ഒതുക്കി നിര്‍ത്താതെ കേരളത്തിന്റെ മുക്കിലും മൂലയിലും നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുക.

15. സമാന പ്രതിഷേധങ്ങള്‍ ഇനിയും നടത്തുക.

കാപ്പിക്കുരു: പോതുവഴിയില്‍ മൂത്രം ഒഴിക്കുന്നവരെ ആരും കയ്യേറ്റം ചെയ്യാത്തത് നന്നായി. ചെയ്തിരുന്നെങ്കില്‍ വഴിവക്കിലെ ചെടികള്‍ക്ക് രാസവളം തളിക്കുക എന്നത് ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടു കൂട്ട മൂത്രമൊഴി പ്രതിഷേധം കാണേണ്ടി വന്നേനെ!

October 29, 2014

വാട്സാപ്പ്!!


വാട്സാപ്പ് ഗ്രൂപ്പുകൾ രാഷ്ട്രീയപാർട്ടികളെ പോലെയാണ്

കാക്കത്തൊള്ളായിരം ഗ്രൂപ്പുകൾ: ഇഷ്ടമുള്ളപ്പോൾ ചേരാം, ഇഷ്ടമുള്ളപ്പോൾ വിടാം. പഴയ ഫോൺ കമ്പനി പരസ്യം പോലെ സംഖ്യകൾക്കുപിന്നിലെ അരൂപിയായ നിഴലുകൾ. ആരൊക്കെയാണ് ഗ്രൂപ്പിലുള്ളതെന്ന് ദൈവം തമ്പുരാനുകൂടി അറിയില്ല.

ആർക്കും എന്തും പറയാം: ചളി തമാശകൾ മുതൽ ഉദാത്തമായ സാഹിത്യം വരെ, ലോകത്തിന്റെ ഏതു കോണിൽ നിന്നുമുള്ള തമാശ ക്ലിപ്പുകൾ തൊട്ട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന അസുരകൃത്യങ്ങളുടെ വരെ. ആർക്കും എന്തും പറയാം. പിന്നാലെ പ്രതികരണ ഓലപ്പടക്കസ്ഫോടനങ്ങളുടെ തീയും, പുകയും, കോലം കത്തിക്കലും, ലാത്തിച്ചാർജും. എതിരാളികൾ പിളർന്ന് പുതിയ ഗ്രൂപ്പും തുടങ്ങിയേക്കാം.

തുടങ്ങുമ്പോൾ എല്ലാരും ഭയങ്കര ഉത്സാഹകമിറ്റിയാണ്. ഇലക്ഷനു മുമ്പുള്ള ദിനങ്ങളിലേതുപോലെ. ലോക സമാധാനവും രക്ത ദാനവും തൊട്ട് ദാരിദ്ര്യ നിർമാജനം വരെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. എന്നാൽ ദിവസങ്ങൾ കഴിയുമ്പോൾ ഇലക്ഷൻ ജയിച്ച ജനപ്രതിനിധിമാരെ പോലെ മഷിയിട്ടുനോക്ക്യാ പോലും ആരേം കാണില്ല. വിപ്ലവതത്വചിന്തകൾ ഫോർവേർഡ് വന്ന സ്ഥലത്ത് ഗുഡ് മോണിംഗാഫ്റ്റർനൂൺനൈറ്റുകൾ മാത്രം.

അവസാനം ഗ്രൂപ്പിൽ പാറ്റകൾ വിലസി തുടങ്ങുമ്പോൾ ദയാവധം. അടുത്ത നിമിഷം പുതിയ പേരിൽ, പുതിയ ചിഹ്നത്തിൽ പുനർജനനം!! ചക്രം വീണ്ടും കറങ്ങട്ടെ!!

October 10, 2014

പൂജ

"പുസ്തകം പൊതിഞ്ഞൊ? ഇല്ലെങ്കിൽ വേഗം എടുത്ത് അമ്പലത്തീപ്പൊ", മുത്തശ്ശിയുടെ ഭക്തി കലർന്ന ഉപദേശം. 

പൂജക്ക് ചേർപ്പിലായിരുന്നപ്പോൾ പൂജക്ക് പുസ്തകം അമ്പലത്തിലാണ് വെക്കുക പതിവ്.പൂജവെപ്പിന്റെ അന്ന് വൈകുന്നേരം ചേട്ടന്റേം എന്റേം തിരഞ്ഞെടുത്ത (പഠിക്കാൻ ഏറ്റവും വിഷമമുള്ളവ) ടെക്സ്റ്റ് പുസ്തകങ്ങളും, കാലപ്പഴക്കം കൊണ്ട് മഞ്ഞ നിറമായ, അരികുകൾക്ക് ചുവപ്പ് രാശിയുള്ള, വല്യ മുത്തശ്ശൻ വരച്ച ചിത്രങ്ങൾ അടങ്ങിയ താളുകളോടു കൂടിയ, ഭാഗവതത്തിന്റെ പഴയ ഒരു പതിപ്പും, താരതമ്യേന പുതിയ രാമായണവും ചേർത്ത് വെച്ച് പഴയ പത്രക്കടലാസുകൊണ്ട് പൊതിയും. മുകൾ വശം പരന്ന ഒരു പിരമിഡ് പോലെയുള്ള ഈ പുസ്തക പൊതിയിൽ സ്കെച്ചു പേന കൊണ്ട് 'ടിപിഎസ്ഡബ്ല്യു - ടിപി ശങ്കരവാര്യർ' എന്നു വലിയ അക്ഷരങ്ങളിൽ എഴുതി അമ്പലത്തിലേക്ക് ഒരോട്ടമാണ്. അമ്പലത്തിലെ സരസ്വതി മണ്ഡപത്തിൽ തൊഴുത്, പുസ്തകപ്പൊതിയവിടെ നിക്ഷേപിച്ച് തിരിച്ചൊരോട്ടം. ഇനി പുസ്തകം എടുക്കുന്ന വരെ ഒന്നും വായിക്കാൻ പാടില്ല, എഴുതാൻ പാടില്ല, വരക്കാൻ പാടില്ല. എന്തു സുഖം! 

"ഡാ കുറച്ചു മണലാ ചിരട്ടേലെടുത്ത് കൊണ്ടുവാ", മുത്തശ്ശന്റെ ആധികാരിക കല്പന. 

ചേർപ്പിൽ പടിഞ്ഞാറു ഭാഗത്ത് അമ്പല മതിലിനോട് ചേർന്ന് ഞാനും ചേട്ടനും ഉണ്ടാക്കുന്ന തുണി പന്തുകൾ തിന്നു വളർന്ന പൊട്ടക്കിണറിന്റെ വശത്തായി മുറി ഇഷ്ടികകൾ തീർത്ത സംരക്ഷണ വലയത്തിൽ, പ്ലാസ്റ്റിക് ചാക്കുകൾ പുതച്ച് ഒരു കൂന മണൽ ഉണ്ടാകും. ഇതിൽ നിന്നും ഒരു ചിരട്ട നിറയെ മണൽ വാരി കൊണ്ടുവന്ന് അതിലെ ഇലകളും ചെറിയ കല്ലിൻ കഷണങ്ങളും ഒക്കെ എടുത്ത് കളഞ്ഞ് വൃത്തിയാക്കേണ്ട ചുമതലയും ഞങ്ങൾക്കാണ്. മഹാനവമി ദിവസം വൈകുന്നേരം തന്നെ ഈ ചുമതല ഞങ്ങൾ മനസ്സില്ലാ മനസ്സോടെ നിർവഹിക്കും. എത്ര പെട്ടെന്നാണ് ഒരു ദിവസം പോയത്? 

"ദേ പുസ്തകം കൊടുത്തു തുടങ്ങി. പോയി വാങ്ങിവാ", അമ്മയുടെ തലോടൽ പോലെയുള്ള നിർദ്ദേശം. 

വിദ്യാരംഭത്തിന്റെ കാർമ്മികൻ മുത്തശ്ശനാണ്. നടുവിലെ മുറിയുടെ ഒരു മൂലക്ക് വസിക്കുന്ന കൃഷ്ണവിഗ്രഹത്തിന്റെ മുമ്പിൽ നിലവിളക്കു തെളിച്ച് ചിരട്ടയിലെ മണൽ വിളക്കിന്നടുത്തായ് വിരിച്ച്, അമ്പലത്തിൽ നിന്നും ആൾക്കാർ പുസ്തകവുമായി പോകുന്നുണ്ടൊ എന്നു നോക്കി ഉമ്മറത്തിങ്ങനെ ഇരിക്കും. പുസ്തകം വാങ്ങേണ്ട ചുമതലയും ഞങ്ങൾക്കാണ്. സരസ്വതി മണ്ഡപത്തിൽ അച്ചുമ്മാൻ എല്ലാർക്കും പുസ്തകങ്ങൾ പേരു നോക്കി കൊടുക്കുന്നുണ്ടാകും. 

"അവിടെ ഉണ്ടാകും. നോക്കി എടുത്തൊ", അച്ചുമ്മാന്റെ സ്നേഹം കലർന്ന ആജ്ഞ! 

പൊതി അഴിച്ച് രാമായണം വിളക്കിന്നടുത്ത് വെച്ച് മുത്തശ്ശൻ ആദ്യം മണലിൽ അക്ഷരങ്ങളെഴുതും. പിന്നെ രാമായണം തുറന്ന് നാലുവരി വായിക്കും. ശേഷം ഞങ്ങളും.

October 01, 2014

മുതലക്കണ്ണീര്‍

ഒരു മണിക്കൂറിലധികം നീണ്ടു നിന്ന പ്രസംഗത്തിലെ ഒരു ചെറിയ പിഴ മാത്രം തോണ്ടി എടുത്ത് മോഡിയെ വിമര്‍ശിക്കുന്നവരോട്: നിങ്ങളില്‍ എത്ര പേര്‍ക്ക് നമ്മുടെ ദേശീയ ഗാനം ഏതാണെന്ന് (മുഴുവന്‍ ചൊല്ലാന്‍ പറയുന്നില്ല) അറിയാം? എത്ര പേര്‍ക്ക് ഗാന്ധിജിയുടെ മുഴുവന്‍ പേര്‍ ഗൂഗിളിനോട് ചോദിക്കാതെ പറയാന്‍ അറിയാം?

എന്നിട്ട് ഗാന്ധിയെ മറന്നു എന്ന് മുതലക്കണ്ണീര്‍ ഒഴുക്കുന്നു. മുന്‍കൂട്ടി എഴുതി തയ്യാറാക്കാത്ത പ്രസംഗത്തിലെ ബാക്കി ഭാഗങ്ങള്‍ എന്തെ അനലൈസ് ചെയ്യാത്തെ?പിന്നെ കോണ്‍ഗ്രസ്സുകാരോടായി: മാഡം ജിയോട് ഒരു തവണ എങ്കിലും എഴുതി തയ്യാറാക്കിയ പ്രസംഗം നോക്കി വായിക്കാതെ ഇന്ത്യന്‍ ചരിത്രത്തെ കുറിച്ച് ഒന്ന് പ്രസംഗിക്കാന്‍ (ഇംഗ്ലീഷ് ആയാലും മതി) പറയണം. നോക്കട്ടെ!