എങ്ങനെയാണ് കൊളംബസിനു ആ പേര് വന്നു ചേര്‍ന്നതെന്ന് എനിക്കോ ചേട്ടനോ അറിയില്ല. എങ്കിലും മുത്തശ്ശനെ പോലെ ഞങ്ങളും ആളെ അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. ഒരു കാലത്ത് ചേര്‍പ്പിലെ സാമാന്യ ജനങ്ങളുടെ മുഖ്യ നിക്ഷേപ-സാമ്പത്തികോപോദേഷ്ടാവായിരുന്നു കൊളംബസ് എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന മിസ്റര്‍ നാരായണന്‍ നായര്‍ . യൂനിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുതിയ സ്കീമുകളെ പറ്റിയോ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മെച്ചങ്ങളെ പറ്റി വിശദീകരിക്കാനോ ഒക്കെ ആയി കൊളംബസ് വല്ലപ്പോഴും മുത്തശ്ശനെ കാണാന്‍ വരും. ആളെ കാണുമ്പോള്‍ തന്നെ രണ്ടു ചായക്ക് ഓര്‍ഡര്‍ കൊടുത്ത് മുത്തശ്ശന്‍ മുറിയിലെ മരലമാരയില്‍ വെച്ചിരിക്കുന്ന, യു.ടി.ഐ യൂനിറ്റ് സര്‍ട്ടിഫിക്കട്ടുകളും, അവയുടെ ഡിവിഡന്‍റ് വാരണ്ടുകളും പോസ്റ്റ് ഓഫീസ് കിസാന്‍ വികാസ് പത്ര ഡിപോസിറ് രശീതികളും ഒക്കെ സൂക്ഷിച്ചിരിക്കുന്ന, മുത്തശ്ശന്റെ രണ്ടു ബാഗുകളില്‍ വലുപ്പം കൂടിയ, കറുത്ത ബാഗ് എടുക്കും. ഞങ്ങളാകട്ടെ കൊളംബസിന്റെ കയ്യില്‍ ഉള്ള ബാഗിലേക്ക് കണ്ണും നട്ട് നടുവിലെ മുറിയുടെ ഇരുട്ടില്‍ ഇരിക്കുന്നുണ്ടാകും.
കുശലാന്വേഷണങ്ങള്‍ ഒക്കെ കഴിയുമ്പോഴേക്കും മുത്തശ്ശിയുടെ കൈകളിലേറി രണ്ടു ഗ്ലാസ് മധുരമില്ലാത്ത ചായ എത്തിയിട്ടുണ്ടാകും. ഈ സമയം ഞാനും ചേട്ടനും അടുക്കളയിലേക്ക് ഓടും: ബാക്കിയുള്ള ചായയുടെ പങ്ക് പഞ്ചാര ഇട്ടു കുടിക്കാന്‍. ചായ കുടിച്ചു സ്റ്റോര്‍ റൂമിലെ അരി പാത്രത്തിന് പിന്നില്‍ ഇരിക്കുന്ന ഹോര്‍ലിക്സ് കുപ്പിയില്‍ ഇട്ടു വെച്ചിരിക്കുന്ന ചക്ക വറുത്തത് ഒരു പിടി വാരി ഞങ്ങള്‍ വീണ്ടും നടുവിലെ മുറിയിലേക്ക് ഓടും. മുത്തശ്ശനും കൊളംബസും ഈ സമയം പലിശ നിരക്കുകളേ കുറിച്ചും, യു.ടി.ഐ ബോണ്ടുകളുടെ വിലകളെ കുറിച്ചുമുള്ള ചര്‍ച്ചകളില്‍ ആകും. കാലാവധി കഴിയാറായ ബോണ്ടുകള്‍ വല്ലതുമുണ്ടെങ്കില്‍ അതിന്റെ കാശ് വാങ്ങാനായി കൊളംബസിന്റെ കയ്യില്‍ കൊടുക്കും. അങ്ങനെ കിഴക്കേ വാര്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന സുപ്രധാന തിരുമാനങ്ങള്‍ മുത്തശ്ശനും കൊളംബസും കൂടി എടുക്കുമ്പോഴും ഞങ്ങളുടെ കണ്ണുകള്‍ ആളുടെ കയ്യിലെ കറുത്ത ബാഗില്‍ (മുത്തശ്ശന്റെ കയ്യിലെ ബാഗു പോലെ തന്നെ ഒരെണ്ണം ആളുടെ കയ്യിലും ഉണ്ട്. മുത്തശ്ശന്റെ ബാഗ് കൊളംബസ് സമ്മാനമായി തന്നതാണെന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ മനസ്സിലാക്കി) ആയിരിക്കും.
അങ്ങനെ സാമ്പത്തിക ചര്‍ച്ചയും ഒക്കെ അവസാനിപ്പിച്ചു തിരിച്ചു പോകാന്‍ ആയി എഴുന്നെല്‍ക്കുന്നതിനു തൊട്ടുമുമ്പാണ് ഞങ്ങള്‍ കാത്തിരുന്ന ആ നിമിഷം: ബാഗ് തുറന്നു അതില്‍ നിന്നും ഒരു വലിയ 'പായ' ഒട്ടിപ്പോ നെയിം സ്ലിപ് (മൌഗ്ലിയുടെയും, ബഗീരയുടെയും ഒക്കെ പടങ്ങള്‍ ഉള്ള) എടുത്ത് 'ഇത് കുട്ടികള്‍ക്ക്' എന്ന് പറഞ്ഞു മുത്തശ്ശന് കൊടുക്കും. മുത്തശ്ശന്‍ ഉടനെ തന്നെ ചേട്ടനെ വിളിക്കും. അത് കേള്‍ക്കേണ്ട താമസം ഞങ്ങള്‍ രണ്ടുപേരും നടുവിലെ മുറിയുടെ ഇരുട്ടില്‍ നിന്നും മുത്തശ്ശന്റെ മുമ്പില്‍ എത്തിയിട്ടുണ്ടാകും. ഇപ്പൊ എത്രാം ക്ലാസ്സിലാണ് എന്ന കൊളംബസിന്റെ പതിവു ചോദ്യത്തിനുത്തരം പറഞ്ഞുകൊണ്ട് മുത്തശ്ശന്റെ കയ്യില്‍ നിന്നും നെയിം സ്ലിപ് വാങ്ങി നേരെ അപ്പുറത്തെ തയ്യല്‍ മുറിയിലേക്ക് ഓടും. ആ കാലത്ത് അതായിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും ഓഫീസ്. പിന്നെ നെയിം സ്ലിപ് പങ്കുവെക്കുന്നതിന്‍റെയും, പഴയ മാതൃഭൂമി ആഴ്ചപതിപ്പിന്റെ പുറം ചട്ട കൊണ്ട് പൊതിഞ്ഞ, പുതുമണം മാറാത്ത, നീല വരയിട്ട പേജുകള്‍ ഉള്ള 'കല്പക' നോട്ടുബുക്കുകളില്‍ നെയിം സ്ലിപ് ഒട്ടിച്ചു പേരും ക്ലാസും ഒക്കെ എഴുതുന്നതിന്റെയും തിരക്കായിരിക്കും. ബാക്കിയുള്ള നെയിം സ്ലിപ്പുകള്‍ ചേട്ടന്റെ കസ്റ്റഡിയില്‍ ഭാവിയിലേക്കായി കരുതി വെക്കും: ഞങ്ങളുടെ സ്വന്തം നെയിം സ്ലിപ് നിക്ഷേപം!