June 29, 2012

പെരുമഴക്കാലം

കാര്‍മേഘാവൃതമായ ആകാശവും, ചാറ്റല്‍ മഴയും, കാറ്റത്തു പറക്കാന്‍ ആഗ്രഹിക്കുന്ന കുടകളും, പുതിയ ഡിസൈന്‍ അള്‍ട്ര മോഡേണ്‍ കുടകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന കുടക്കമ്പനിക്കാരും കോട്ടിട്ട് ബൈക്കില്‍ എവിടേക്കോ പറക്കുന്നവരും, മരച്ചില്ലകളില്‍ ഒളിച്ചിരിക്കുന്ന കിളികളും, റോഡിലെ വലിയ തടാകങ്ങളില്‍ കെട്ടി കിടക്കുന്ന ചെളി വെള്ളവും, കുഴി അടക്കാന്‍ ചെളി വെള്ളത്തില്‍ കുളിച്ചു സമരം ചെയ്യുന്നവരും, ആ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നടക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും, വെള്ളം തട്ടി തെറിപ്പിച്ചു സ്കൂളിലേക്ക് പോകുന്ന പിള്ളേരും, മഴ നനഞ്ഞു പനി പിടിച്ചു ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ നിരയായി ഇരിക്കുന്നവരും, സര്‍ക്കാര്‍ സ്കൂളുകളില്‍ തുറക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പുകളും, മഴ ഒരു പ്രശ്നമാക്കാതെ ഉല്ലാസവേളകള്‍ ആനന്തകരമാക്കാന്‍ ബിവറേജസിനു മുമ്പില്‍ ക്യു നില്‍ക്കുന്നവരും, ആടി മാസ കിഴിവുമായി കല്യാണം നടത്താന്‍ ഇരിക്കുന്ന തുണിക്കടക്കാരും, ഇതെല്ലാം കണ്ട് അന്തം വിട്ടു നടക്കുന്ന 'മണ്‍സൂണ്‍ ടൂറിസം' പാക്കേജ് സായിപ്പന്മാരും.... അതെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത് പെരുമഴക്കാലം.

June 24, 2012

ടാറ്റാ, ഡോകോമോ!

 

ടാറ്റാ ഡോകൊമോയുടെ ചില അക്രമങ്ങള്‍ : കൂടുതല്‍ വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നോക്കുക.


June 21, 2012

കോടീശ്വരന്‍ - I

 

"കൊമളാക്ഷി, എന്ത് തോന്നുന്നു ഇവിടെ ഇരിക്കുമ്പോള്‍ ?"
"സന്തോഷം തോന്നുന്നു. ഒരിക്കലും ഇവിടെ എത്തും എന്ന് വിചാരിച്ചിരുന്നില്ല"

"ആരൊക്കെ ഉണ്ട് വീട്ടില്‍ ?"
"അമ്മ, ഭര്‍ത്താവ്"

"അളിയന്‍ എന്ത് ചെയ്യുന്നു?"
"കൂലിപ്പണി"

"ആരുടെ അളിയന്‍?"
"അല്ല സര്‍ എന്റെ ചേട്ടന്‍ ആണല്ലോ. അപ്പൊ ഞാന്‍ അനിയത്തി ആണല്ലോ. അപ്പൊ എന്റെ ചേട്ടന്‍ സാറിന്റെ അളിയന്‍ ആകില്ലേ?"

"ഹഹഹഹഹ"
"ഇങ്ങനെ ചിരിക്കല്ലേ സാറേ, പേടി ആകുന്നു"

"എനിക്കും അത് തന്നെ ആണ് പറയാന്‍ ഉള്ളത്"
"ഒന്ന് പോ സാറെ"

"അപ്പൊ അളിയന് എന്റെ വക ഒരു ഇന്നോവ കാര്‍ സമ്മാനം. സ്ത്രീ ധനം ആയി"
"വേണ്ട സര്‍ "

"അതെന്താ"
"സ്ത്രീധന നിരോധന നിയമം സെക്ഷന്‍ മൂന്ന്‍ സബ്‌ സെക്ഷന്‍ ഒന്ന് പ്രകാരം സ്ത്രീധനം കൊടുക്കുന്നത് ശിക്ഷാര്‍ഹമാണ്. സര്‍ അഞ്ചു കൊല്ലം ഗോതമ്പുണ്ട തിന്നു വിയ്യൂരില്‍ കിടക്കും"

"അപ്പൊ താന്‍ കാണുന്ന പോലെ അല്ല അല്ലെ. പോലീസില്‍ ചേരാന്‍ നിയമം ഒക്കെ പഠിച്ചിട്ടുണ്ട്, കള്ളീ"
"അതെ സാര്‍ കാണാന്‍ ലേശം ഗ്ലാമര്‍ കുറവാണെങ്കിലും ഒടുക്കത്തെ ബുദ്ധിയാ"

-- കോടീശ്വരന്‍ ഒക്കെ കൊള്ളാം. സ്ത്രീധനം കൊടുക്കുന്നത് 'പ്രസ്റ്റീജ്' ആയി വിചാരിക്കുന്ന മണകോണയന്മാര്‍ ഉള്ള ഈ കാലത്ത്‌ താങ്കളും ഇങ്ങനെ ഓപ്പണ്‍ ആയി സ്ത്രീധനം കൊടുക്കുന്നത് പ്രൊമോട്ട് ചെയ്യല്ലേ!

June 15, 2012

നെയ്യാറ്റിന്‍കര ഇലക്ഷന്‍: ഇടതു നോട്ടം

ശെല്‍വരാജിന്റെ ജനപിന്തുണ കുറഞ്ഞു!

2011ല്‍ 54711 വോട്ടുകള്‍ ലഭിച്ച ശെല്‍വരാജിന് ഇത്തവണ ലഭിച്ചത് കേവലം 52528 വോട്ടുകള്‍ മാത്രം. 2183ന്റെ വമ്പന്‍ ഇടിവ്. ഭൂരിപക്ഷത്തിലും ഇതുപോലെ 369 വോട്ടുകളുടെ വമ്പന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.  

UDFനു 2011നെ അപേക്ഷിച്ചു 4520 വോട്ടുകള്‍ കൂടുതല്‍ കിട്ടിയപ്പോള്‍ കേവലം 8517 വോട്ടുകളുടെ കുറവ് മാത്രമേ LDFനു ഉണ്ടായിട്ടുള്ളൂ എന്നത് LDFന്റെ വര്‍ധിച്ചു വരുന്ന ജനപിന്തുണയുടെ തെളിവാണ്. ഈ ജന വിധി മനസ്സിലാക്കി ശെല്‍വരാജ് ഉടന്നെ തന്നെ MLA സ്ഥാനം LDFനു അടിയറ വെച്ചില്ലെങ്കില്‍ തെരുവില്‍ ഇറങ്ങും എന്ന് സ: പനങ്ങരായ്‌ വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഇലെക്ഷന്‍ സര്‍ക്കാര്‍ നയങ്ങളുടെ വിധിയെഴുത്താകും എന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചോടിച്ചുമടക്കിയാതാണെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ശെല്‍വരാജിനെ പോലുള്ള വിഘടന വാദികള്‍ പ്രത്യക്ഷത്തില്‍ പാട്ടിയോടൊപ്പം ആയിരുന്നെങ്കിലും ഇടുക്കിയിലെയും കണ്ണൂരിലെയും പ്രതിക്രിയാവാദികളോടൊപ്പം നിന്ന് കുത്തക മുതലാളിത്ത സാമുദായിക സംഘങ്ങളുമായും മാദ്ധ്യമ സിണ്ടിക്കേട്ടുമായും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടത്തിന്റെ ഭലമായി നെയ്യാറ്റിന്‍കരയിലെ സമാന്യ ജനങ്ങളുടെ താത്വികമായ ചിന്താധാരയില്‍ വന്ന പ്രകടമായ വലതുപക്ഷ ചായ്‌വ് ഒരിക്കലും റാടിക്കല്‍ ആയ ഒരു മാറ്റം അല്ലെങ്കിലും വോട്ടിങ്ങില്‍ അത് പ്രതിഭലിച്ചത്തിന്റെ ഭലമായി ഉണ്ടായ ഈ തിരഞ്ഞെടുപ്പ് ഭലം കേവലം നിയമപരമായ ജയം ആയതുകൊണ്ടും കേരളത്തിലെ ബഹുഭൂരിപക്ഷം ഗുണ്ടകളുടെ പിന്തുണ ഇപ്പോഴും പാര്‍ട്ടിക്കുള്ളതുകൊണ്ടും നെയ്യാറ്റിന്‍കര ഭലത്തെ കുറിച്ച് ഒരു അന്വേഷണം വേണ്ട എന്നാണു പാര്‍ട്ടി തിരുമാനം എന്നും അദ്ദേഹം വ്യകതമാക്കി.

June 07, 2012

മുതല

ചിരിക്കുന്ന മുഖവുമായി ക്യാബിനിലേക്ക് കടന്നുവന്ന അയാളെ കണ്ടാല്‍ കള്ളനാണ് എന്ന് ഒരിക്കലും തോന്നില്ല. എല്ലാവര്ക്കും അയാളെ കുറിച്ച് നല്ലത് മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. വളരെ സ്പീഡില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയാവുന്ന, ഏതു സംശയവും പരിഹരിക്കുന്ന, അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യുന്ന അയാളെ മാത്രമേ അവര്‍ക്കറിയൂ. അതുകൊണ്ട് അയാള്‍ കള്ളനാണെന്ന് പറഞ്ഞപ്പോള്‍  പലരും വിശ്വസിക്കാന്‍ തയ്യാറായില്ല. അല്ലെങ്കിലും ചിലര്‍ അങ്ങനെ ആണ്. പെരുമാറ്റത്തില്‍ പഞ്ചപാവം ആണെന്ന് തോന്നും. എന്നിട്ട് പിന്നില്‍ നിന്ന് കുത്തും. ഇത്രവലിയ ഒരു തുക ഒപ്പം ജോലി ചെയ്യുന്നവരെ ചതിച്ചുകൊണ്ട് വെട്ടിച്ചിട്ടും അയാളുടെ മുഖത്ത് ഒരു തരി പോലും കുറ്റബോധം ഇല്ലായിരുന്നു. കുറ്റസമ്മതം നടത്തുമ്പോഴും അയാളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.അയാളുടെ ശബ്ദം ഇടറിയില്ല. എല്ലാം സമ്മതിച്ച് അയാള്‍ മടങ്ങുമ്പോള്‍ ചിരിച്ചുകൊണ്ട് ഒരു നല്ല സായാഹ്നം ആശംസിക്കാനും അയാള്‍ മറന്നില്ല. ചിരിച്ചുകൊണ്ട് തോളില്‍ കയ്യിട്ടു നടന്ന് കിട്ടാവുന്ന സഹായങ്ങള്‍ ഊറ്റി എടുത്ത്‌ അവസരം കിട്ടുമ്പോള്‍ പിന്നില്‍ നിന്ന് കുത്തുന്ന, കുറ്റബോധം ഒട്ടും അലട്ടാത്ത ഊര്‍ജ്വസ്വലമായ മനസ്സുമായി അടുത്ത ഇരയെ വിഴുങ്ങാന്‍ വായ തുറന്നിരിക്കുന്ന മുതല:അതാണ്‌ അയാള്‍.

June 05, 2012

രണ്ട് പരീക്ഷാഫലങ്ങള്‍


 (1)
വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജിലെ ഒരു സമര ദിനം. വംശനാശം സംഭവിച്ച പ്രീ ഡിഗ്രീ പിള്ളേരുടെ ഒരു സംഘം മുതലക്കുളത്തിന്റെ അടുത്തുള്ള വോളിബോള്‍ കൊര്‍ടിന്റെ പടവുകളില്‍ ഇരുന്ന് വരാന്‍ പോകുന്ന കോളേജ്‌ ദിനാഘോഷത്തിനെ കുറിച്ച് കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് നിലത്തുകിടക്കുന്നുണ്ടായിരുന്ന ഇലകളെ കാറ്റില്‍ പറത്തിക്കൊണ്ട് 'കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി' എന്ന ബോര്‍ഡ്‌ വെച്ച ഒരു വണ്ടി അതിവേഗത്തില്‍ അവരെ കടന്നു പോയി കോളേജിന്റെ പോര്‍ട്ടിക്കോയില്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു നിര്‍ത്തിയത്‌.  എന്തോ ദുസ്സൂചന മുന്നില്‍ കണ്ട് മുതലക്കുളത്തില്‍ വായ തുറന്നു കിടന്നിരുന്ന മുതല തിരികെ കുളത്തില്‍ ചാടി, ഗാര്‍ഡനിലെ കൂട്ടില്‍ കിടന്നിരുന്ന കുരങ്ങന്‍ നിലവിളിച്ചു, ലവ് ബേര്‍ഡ്സ് ഉച്ചത്തില്‍ ചിലച്ചു. കുട്ടപ്പേട്ടന്‍ ചായ അടിക്കുന്നത് നിര്‍ത്തി ചെവി കൂര്‍പ്പിച്ചു.

സുനാമി പോലെ വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ കോളേജ്‌ മൊത്തം പടര്‍ന്നു: ഒന്നാം വര്‍ഷ പ്രീ ഡിഗ്രീ പരീക്ഷ കഴിഞ്ഞു ഫലം വന്നിരിക്കുന്നു. പരീക്ഷ കഴിഞു ഏകദേശം പത്ത് മസ്സങ്ങള്‍ക്ക് ശേഷമാണെങ്കിലും അവസാനം വന്നിരിക്കുന്നു. ഓഫീസില്‍ ചെന്ന് ചോദിച്ചപ്പോള്‍ വൈകുന്നേരം മൂന്നുമണിക്കുശേഷം ചിലപ്പോള്‍ മാര്‍ക്ക്‌ ലിസ്റ്റ് കൊടുത്തു തുടങ്ങും എന്ന് അറിയിച്ചു. ഹൃദയമിടിപ്പിന് വേഗത കൂടിയ മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. ചെമ്പകചോട്ടിലും പോര്ട്ടിക്കൊയിലും ഒക്കെ ആയി തമ്പടിച്ചു നിന്ന പ്രീ ഡിഗ്രി പിള്ളേരുടെ പ്രധാന സംസാരവിഷയം റിസള്‍ട്ട്‌ ആയിരുന്നു. മൂന്നുമണി അടുക്കുംതോറും കൈപത്തികള്‍ക്ക് തണുപ്പ് കൂടി വന്നു. മൂന്നുമണിക്ക്‌ ഓഫീസില്‍ എത്തിയപ്പോഴേക്കും സാമാന്യം വലിയ ഒരു ക്യു രൂപപ്പെട്ടിരുന്നു. മാര്‍ക്ക്‌ ലിസ്റ്റ് കൊടുത്തു തുടങ്ങാന്‍ പിന്നെയും നേരം വൈകി.

ഏകദേശം അറുന്നൂറ് വിദ്യാര്‍ത്ഥികളെങ്കിലും ആ വര്‍ഷം ക്രൈസ്റ്റില്‍ പ്രീ-ഡിഗ്രി കോഴ്സ് ചെയ്യുന്നുവരായി ഉണ്ടായിരുന്നതുകൊണ്ട് റോള്‍ നമ്പര്‍ നോക്കി മാര്‍ക്ക്‌ ലിസ്റ്റ് തപ്പി എടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ക്യുവിന്റെ വളരെ പിന്നിലായിരുന്ന എന്റെ കാത്തിരിപ്പ്‌ പിന്നെയും നീണ്ടു. ഏകദേശം ഒരു മണിക്കൂറെടുത്തു എന്റെ നമ്പര്‍ വരാന്‍. വിറയ്ക്കുന്ന കൈകളോടെ മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങുമ്പോള്‍ അതുവരെ ഉച്ചത്തില്‍ മിടിചിരുന്ന ഹൃദയം ഒരു നിമിഷത്തേക്ക് നിന്നുപോയോ എന്നെനിക്ക് തോന്നി.

പാസ് ആയിട്ടുണ്ടെങ്കിലും റിസള്‍ട്ട്‌ ഒരിക്കലും സന്തോഷിക്കാവുന്ന ഒന്നായിരുന്നില്ല: 79%. എന്റെ ടാര്‍ഗറ്റ് 80% ആയിരുന്നു. ബിസിനസ്‌ സ്റ്റഡീസ് പേപ്പര്‍ 'ഇമ്പ്രൂവ്‌' ചെയ്യണം, ഞാന്‍ അപ്പോള്‍ തന്നെ തിരുമാനിച്ചു.

(2)
മെയ്‌ 12നു ആയിരുന്നു ഐ.സ്.എ പരീക്ഷ. റിസള്‍ട്ട്‌ 19നു വരും എന്നാണു അന്നൌന്‍സ് ചെയ്തിരുന്നത്. അന്ന് സൈറ്റ്‌ എടുത്തപ്പോള്‍ കണ്ടത്‌ റിസള്‍ട്ട്‌ 21നു വരും എന്നാണ്. 21നു ഇന്റര്‍നെറ്റ്‌ വളരെ സ്ലോ ആയിരുന്നു. അല്ലെങ്കിലും റിസള്‍ട്ട്‌ വരുന്ന ദിവസങ്ങളില്‍ അതൊരു പതിവാണ്. ഉച്ചക്ക്‌ രണ്ടു മണിക്ക് വരുമെന്ന് ആദ്യം പറഞ്ഞു. പിന്നെ അത് അഞ്ചുമണിയായി. അഞ്ച് പിന്നെ ഏഴായി. ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ റിസള്‍ട്ട്‌ അടുത്ത ദിവസമേ വരൂ എന്നായി. ഐ.സി.എ.ഐയും കാലിക്കറ്റ്‌യൂനിവേഴ്സിറ്റിക്ക് പഠിക്കുകയാണോ എന്ന് തോന്നിപ്പോകുന്ന സമയ ക്ളിപ്തത.

പിറ്റേന്ന് രാവിലെ എഴുന്നെറ്റ്‌ നോക്കിയപ്പോള്‍ റിസള്‍ട്ട്‌ വന്നിട്ടില്ല. പിന്നെ ഓഫീസിലേക്ക്‌ വരുന്ന വഴിയാണ് ഫോണ്‍ റിംഗ് ചെയ്തത്. ഒരു സഹപരീക്ഷാര്‍ത്ഥിയാണ്. റിസള്‍ട്ട്‌ വന്നിരിക്കുന്നു. എന്റെ റോള്‍ നമ്പര്‍ പറഞ്ഞുകൊടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടി വന്നു.

ഞാനും പാസ് ആയിരിക്കുന്നു.ഭാഗ്യം! ഇത് കടന്നു! ജൂണിലെ അടുത്ത പരീക്ഷക്ക്‌ കുറച്ചുകൂടി നന്നായി പഠിക്കണം, ഞാന്‍ അപ്പോള്‍ തന്നെ തിരുമാനിച്ചു!

June 02, 2012

പരസ്യങ്ങള്‍ പഠിപ്പിച്ചത്


ടിവിയില്‍ കഴിഞ്ഞ നാളുകളില്‍ മിന്നി മറഞ്ഞു പോയ ചില പരസ്യങ്ങള്‍ പഠിപ്പിച്ച ഒരു ഡസന്‍ കാര്യങ്ങള്‍ :
 1. അലക്കി തേച്ചു വടിപോലെ ഉള്ള ഷര്‍ട്ട്‌ ഇട്ടു പോയാല്‍ കുട്ടിക്ക് അപാര ആത്മവിശ്വാസം കിട്ടും. ഡ്രസിലാണ് ആത്മവിശ്വാസം സ്ഥിതി ചെയ്യുന്നത്.
 2. സ്ത്രീകള്‍ ടെന്നീസ് കളിക്കുമ്പോള്‍ ഡ്രസ്സ്‌ കവര്‍ ചെയ്യാത്ത ഭാഗങ്ങള്‍ കറുത്തിരുന്നാല്‍ അമ്പയര്‍ കളിക്കാന്‍ സമ്മതിക്കില്ല. സെറീന വില്യംസ് ഒക്കെ കൈക്കൂലി കൊടുത്താണ് സമ്മതം ഒപ്പിച്ചെടുത്തത്.
 3. തലമുടിയുടെ നീളവും ഉള്‍ക്കരുത്തും ഡയറക്ടലി പ്രോപ്പോര്‍ഷണല്‍ ആണ്. മോട്ട/കഷണ്ടി തലയന്മാര്‍ക്ക് ആ പറയുന്ന സാധനം ഇല്ല.
 4. ഹാര്‍ട്ട് അറ്റാക്ക്‌ വരുമ്പോള്‍ ചികിത്സിചില്ലെങ്കിലും, കരള്‍ സുരക്ഷിതമല്ലെങ്കില്‍ പിന്നെ ഒന്നും സുരക്ഷിതമല്ല. കരളാണ് താരം.
 5. സ്ത്രീകള്‍ മാത്രമല്ല പല്ലുകളും സെന്‍സിറ്റീവ് ആണ്. 
 6. കമ്പ്ലാന്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് മക്കള്‍ക്ക് പൊക്കം കൂടാന്‍ അമ്മമാര്‍ കൊളുത്തില്‍ തൂക്കിയിടുമായിരുന്നു. എന്റമ്മോ!
 7. ഒരു ഇരുന്നൂറു പവന്‍ സ്വര്‍ണ്ണം ദേഹത്തിട്ടാലെ സ്ത്രീകള്‍ക്ക് സൌന്ദര്യം വരൂ. സ്ഥലമുണ്ടെങ്കില്‍ വജ്രവും പ്ലാറ്റിനവും കൂടി ആകാം. 
 8. ഉപ്പുള്ള പേസ്റ്റ് ഉപയോഗിച്ചാല്‍ പുഴുപ്പല്ല് വരില്ല. മധുരമുള്ള ചോക്ലേറ്റ് കഴിച്ചാല്‍ പുഴുപ്പല്ല് വരുമെങ്കില്‍ ഉപ്പുള്ള പേസ്റ്റ് തേച്ചാല്‍ പുഴുപ്പല്ല് പോകൂലോ.തിയറി കറക്റ്റ് ആണ്.
 9. ചോക്ലേറ്റ് തിന്നുമ്പോള്‍ മുഖത്ത് മുഴുവന്‍ തേച്ചു കുളമാക്കി കഴിക്കണം. അതാണ്ട സ്റ്റൈല്‍ !
 10. ചിലര്‍ വരുമ്പോള്‍ കാലത്തിന്റെ ഒപ്പം പണവും വഴിമാറും.
 11. കല്യാണ സാരി നന്നായില്ലെങ്കില്‍ കല്യാണം മൊത്തത്തില്‍ അലമ്പാകും. കാരണം ഓരോ മംഗല്യ പട്ടും ഓരോ പ്രാര്‍ത്ഥന ആണ്.
 12. എല്ലാരുടെ ദേഹത്തും ആകെ മൊത്തം കീടാണു ആയതുകൊണ്ട് എപ്പോഴും സോപ്പ് ഇട്ടു കൈ കഴുകി കൊണ്ടേ ഇരിക്കണം. ഒരു ഷേക്ക്‌ ഹാന്‍ഡ്‌ പോലും നിങ്ങളെ മാരക രോഗത്തിന് അടിമയാക്കും