April 23, 2018

രാമേട്ടന്‍റെ തൃശ്ശൂര്‍ പൂരം


രാമേട്ടനെ കുറിച്ചു ഞാന്‍ ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. എങ്കിലും വൈകി വായിക്കുന്നവര്‍ക്ക് വേണ്ടി രാമേട്ടനെ ഒന്ന് പരിചയപ്പെടുത്താം. ചേര്‍പ്പിലെ നാല് രാമേട്ടന്മാരില്‍ സീനിയര്‍ മോസ്റ്റും, മുത്തശ്ശന്റെ ബന്ധുവുമായ രാമേട്ടന്‍ ഞങ്ങളുടെ കൂടെ ആയിരുന്നു കുറെക്കാലം താമസിച്ചിരുന്നത്. ഞങ്ങളുടെ "വെളിപ്പടക്ക" പരീക്ഷണങ്ങളുടെ മുഖ്യ ഇരയായിരുന്നു രാമേട്ടന്‍.

രാമേട്ടനു പണ്ട്, വളരെ പണ്ട്, പാട്ടുരായ്ക്കലില്‍ ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. തൃശ്ശൂര്‍ മുന്‍സിപ്പാലിറ്റി ഹോട്ടല്‍ നില്‍ക്കുന്ന സ്ഥലം ഒരു കെട്ടിടം പണിയുന്നതിനു വേണ്ടി അക്വയര്‍ ചെയ്തതിനു ശേഷമാണ് രാമേട്ടന്‍ ഞങ്ങളുടെ കൂടെ താമസമാക്കിയത്. ഹോട്ടല്‍ പൊളിച്ചു കളഞ്ഞെങ്കിലും അവിടെ ഉണ്ടായിരുന്ന പഴയ ആട്ടുകല്ല് എടുത്തുകൊണ്ടുപോകാന്‍ (ഭാരം സമ്മതിക്കാത്തത് കൊണ്ടാകണം) അവര്‍ മിനക്കെട്ടില്ല. കുറെ കാലം റോഡരുകില്‍ ആ ആട്ടുകല്ല് കിടന്നിരുന്നത്രേ. പിന്നീടു എപ്പോഴോ നഗരത്തിന്‍റെ വളര്‍ച്ചയില്‍ അതും അപ്രത്യക്ഷമായി. തൃശ്ശൂര്‍ നഗരത്തിലെ താമസമാകണം രാമേട്ടനെ ഒരു പൂരപ്രാന്തനാക്കിയത്.

"ഇന്നല്ലേ സേമ്പിള്‍!!" പൂരത്തിന് രണ്ടു ദിവസം മുമ്പേ രാമേട്ടന്‍റെ മുഖത്തെ ചിരിയില്‍ നിന്നും ചേര്‍പ്പുകാര്‍ വായിച്ചെടുക്കും. 

"സേമ്പിളി"ന്‍റെ അന്ന് രാവിലെ പ്രാതല്‍ കഴിഞ്ഞാല്‍ തേച്ചു അലക്കി വെച്ചിരിക്കുന്ന ഡബിള്‍ മുണ്ടെടുത്ത് ഉടുത്ത്, നല്ല ഒരു ഷര്‍ട്ടും ഇട്ടു സന്തതസഹചാരിയായ ഹേര്‍ക്കുലീസ് സൈക്കിളില്‍ രാമേട്ടന്‍ തൃശ്ശൂരിലേക്ക് തിരിക്കും. പിന്നെ രണ്ടു ദിവസം അവിടെ മകളുടെ കൂടെയാണ് താമസം. നഗരത്തില്‍ തന്നെയാണ് അവരുടെ വീട് എന്നതുകൊണ്ട് പൂരം കൂടാന്‍ എളുപ്പമാണ്. തെക്കോട്ടിറക്കവും, മഠത്തില്‍ വരവും,  ഇലഞ്ഞിത്തറ മേളവും, കുടമാറ്റവും, വെടിക്കെട്ടും പിറ്റേ പകല്‍ ഓചാരവും ഒക്കെ കണ്‍നിറയെ കണ്ടും, കേട്ടും പോകുമ്പോള്‍ മുഖത്ത് ഉണ്ടായിരുന്ന അതേ ചിരിയോടെ രണ്ടു ദിവസം കഴിഞ്ഞു രാമേട്ടന്‍ തിരികെ വരും. 

എല്ലാ വര്‍ഷവും ഈ ചടങ്ങ് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മുത്തശ്ശനും കുറെ കാലം ഇതുപോലെ പൂരം കൂടാന്‍ പോയിരുന്നു. തൃശ്ശൂരുള്ള സുഹൃത്തുക്കളോടൊപ്പം പൂരമൊക്കെ കൂടി രണ്ടു ദിവസം കഴിഞ്ഞേ വരൂ. മുത്തശ്ശന്‍ ചേര്‍പ്പിലമ്പലത്തില്‍ മേളം കേള്‍ക്കാന്‍ ഇടക്ക് എന്നേയും കൊണ്ടുപോകാറുണ്ട് എങ്കിലും എനിക്കതെല്ലാം അന്ന് അരോചകമായാണ് തോന്നാറ്. വര്‍ഷങ്ങക്ക് ശേഷം പഞ്ചവാദ്യവും, മേളവും ആസ്വദിച്ചു കഴിച്ച ഒരു പെരുവനം പൂരരാവിനു ശേഷമാണ് എന്നിലും പാരമ്പര്യമായി കിട്ടിയ പൂരപ്രാന്ത് ഉണര്‍ന്നത്. രാമേട്ടന്‍റെ അന്നത്തെ ചിരിയും സന്തോഷവും ഞാന്‍ നേരില്‍ കണ്ടിട്ടില്ല എങ്കിലും ആ വികാരം ഇപ്പോള്‍ എനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അതുകൊണ്ട് തന്നെയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ സംഗീതവും, ഭക്തിയും, ആവേശമാകുന്ന പകലുകളും രാത്രികളും, പൂരപറമ്പില്‍ കണ്ടുമുട്ടുന്ന പഴയ സൌഹൃദങ്ങളും ഒക്കെ മനസ്സില്‍ നിറക്കുന്ന പരമാനന്ദം മനസ്സിലാകണം എങ്കില്‍ ഒരിക്കലെങ്കിലും വിയര്‍പ്പില്‍ കുളിച്ചു, കൈകള്‍ ഉയര്‍ത്തിയാട്ടി മേളത്തില്‍ മയങ്ങി, പൂരപറമ്പിലൂടെ അലക്ഷ്യമായി നടന്നു, കയ്യും കാലും തളരണം. ഈ മനസ്സിലെ പൂരമാണ്‌ അടുത്ത 364 ദിവസത്തേക്കുള്ള പ്രതീക്ഷയും, പ്രാര്‍ത്ഥനയും.



April 15, 2018

കണ്ണുകാണാത്ത കൃഷ്ണേട്ടന്‍

ഒരു ദേശത്തിന്‍റെ കഥ പറയുമ്പോള്‍ വലിയ തറവാടുകളുടെയും, അവിടെ വസിച്ചിരുന്ന പ്രതാപികളായ കാരണവന്മാരുടെയും മറ്റു അന്തേവാസികളുടെയും കഥ മാത്രം പറഞ്ഞാല്‍ അതു ആത്മാവില്ലാത്ത വെറും വാചകകസര്‍ത്ത് മാത്രമാകും. ഒന്നോ രണ്ടോ തലമുറകള്‍ക്കിപ്പുറം പിന്‍ഗാമികളുടെ ഓര്‍മകളിലെ മാറാല പിടിച്ച മൂലകളില്‍ മാത്രം അവശേഷിക്കുന്ന ചില ജന്മങ്ങള്‍ ഉണ്ട്; എല്ലാ നാട്ടിലും, എല്ലാ കാലത്തും. തന്റേതായി ഈ ലോകത്ത് ഇങ്ങനെ കുറച്ച് ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ചു എങ്ങോ മറഞ്ഞവര്‍. അവര്‍ ഒരിക്കലും പ്രതാപികളല്ല; എന്നാല്‍ അവരില്ലാതെ, അവരുടെ വിയര്‍പ്പിന്‍റെ തിളക്കമില്ലാതെ നമുക്ക് ആ നാടിനെ മനസ്സിലാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് കണ്ണുകാണാത്ത കൃഷ്ണന്‍ നായരുടെ (കൃഷ്ണേട്ടന്‍) കഥ ഇവിടെ കുറിക്കുന്നു. ഞാന്‍ ഈ കഥ കേള്‍ക്കുന്നത് എന്‍റെ അമ്മയില്‍ നിന്നാണ്. ഓര്‍മ്മകള്‍ ഒരിക്കലും ശിലാലിഖിതങ്ങള്‍ പോലെ കാലത്തിന്‍റെ പ്രഹരങ്ങളെ അതിജീവിച്ചു സ്ഥായിയായി നില്ക്കുന്നവ അല്ലാത്തതുകൊണ്ട് ഈ കഥ എത്രത്തോളം വാസ്തവുമായി പൊരുത്തപ്പെട്ടു കിടക്കുന്നു എന്ന് തീര്‍ച്ചയായി പറയാന്‍ പറ്റില്ല. ഭാവനാ സമ്പന്നമായ കൈകളില്‍ സ്വന്തം ഓര്‍മ്മകള്‍ പോലും മാറിമറിയും എന്നിരിക്കെ അമ്മയുടെ ഓര്‍മ്മ ശകലങ്ങള്‍ എന്‍റെ കാഴ്ചപ്പാടുകള്‍ക്കനസുരിച്ചു കുറിക്കുന്നു. അതുകൊണ്ട് തന്നെ വാസ്തവുമായി എന്തെങ്കിലും വിത്യാസങ്ങള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ സദയം ക്ഷമിക്കുക. 

കൃഷ്ണന്‍  നായര്‍ക്ക് കണ്ണുകാണില്ല. അന്ധത ജന്മനാ ഉണ്ടായിരുന്നതാണോ, അതോ പിന്നീട് വന്നുചേര്‍ന്നതാണോ എന്ന് എനിക്കറിയില്ല. ഞാന്‍ കേട്ട കഥകളില്‍ കൃഷ്ണേട്ടന് കണ്ണുകാണില്ല. എന്‍റെ രണ്ടു തലമുറ മുമ്പ് ജീവിച്ചു മരിച്ച ഒരു ജന്മം. അന്ന് കൃഷ്ണവാര്യരാണ് തറവാട്ടിലെ കാരണവര്‍. സഹോദരങ്ങളും, മറ്റു അന്തേവാസികളും എന്‍റെ അമ്മ അടക്കം) ഒക്കെ ആയി ഇരുപതിലധികം പേര്‍ അക്കാലത്ത് തറവാട്ടില്‍ ജീവിച്ചു പോന്നിരുന്നു. ഇതില്‍ മൂത്ത കാരണവരുടെ ഒരു സഹോദരനു അല്പം വൈദ്യമൊക്കെ അറിയാമെന്നതിനാല്‍ അദ്ദേഹമായിരുന്നു തറവാട്ടിലെ അന്തേവാസികളുടെ ആരോഗ്യരക്ഷകന്‍. വൈദ്യന്‍ എഴുതുന്ന കുറിപ്പടി പ്രകാരം വേണ്ട പച്ചമരുന്നുകള്‍ അങ്ങാടിയില്‍ നിന്നും വാങ്ങി കൊണ്ടുവന്നു മരുന്നുകള്‍ ഉണ്ടാക്കാന്‍ സഹായിച്ചിരുന്നത് കൃഷ്ണേട്ടന്‍ ആയിരുന്നു. അങ്ങനെ തറവാട്ടിലെ വൈദ്യന്റെ സഹായിയായി കൃഷ്ണേട്ടന്‍  ജീവിച്ചുപോന്നു. പച്ചമരുന്നുകള്‍ക്കിടയിലാണ് കൃഷ്ണേട്ടനെ എന്നും കാണുക പതിവ്. ജീവിതത്തിന്റെ സിംഹഭാഗവും പച്ചമരുന്നുകള്‍ക്കിടയില്‍ ജീവിച്ചിട്ടും തന്‍റെ കണ്ണുകളിലെ അണഞ്ഞ വെളിച്ചം വീണ്ടും ജ്വലിപ്പിക്കാന്‍ കൃഷ്ണേട്ടന് സാധിച്ചില്ല. 

ജീവിത പ്രാരബ്ധങ്ങള്‍ക്കിടയിലും കൃഷ്ണേട്ടന്‍ വലിയ ഭക്തനായിരുന്നു. എല്ലാ ദിവസവും ഭൂമി ദേവിയെ തൊഴുകയും, നാമം ജപിക്കുകയും ചെയ്തിരുന്ന ഭക്തന്‍. അന്നൊന്നും ഭക്തി എന്നത് മനസ്സിന്‍റെ ഒരു വികാരമെന്നതിനപ്പുറം കരങ്ങളുടെ ഒരു വികാരമെന്ന തലത്തിലേക്ക് താഴ്ന്നിരുന്നില്ല. നാമം ജപിച്ചു അമ്പലത്തിനെ പ്രദക്ഷിണം ചെയ്യുന്ന കൃഷ്ണേട്ടനെ ഇപ്പോള്‍ നമുക്ക് കാണാന്‍ സാധിക്കില്ല എങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ അത്തരം രൂപങ്ങളെ നമുക്ക് ഇപ്പോഴും കാണാന്‍ സാധിക്കും. അവര്‍ക്ക് ഭക്തി എന്നത് ഒരു താങ്ങാണ്, ഒരു പ്രതീക്ഷയാണ്. കണ്ണുകാണാത്ത കൃഷ്ണേട്ടനും ഒരു കയ്യില്‍ പിടിച്ചിരുന്നത് ഒരു വടിആയിരുന്നു എങ്കില്‍ മറു കയ്യില്‍ മുറുകെ പിടിച്ചിരുന്നത് ഈ ഭക്തി ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു. ആ ഭക്തിയുടെ ശക്തി തന്നെയാണ് അദ്ദേഹത്തെ എല്ലാ വര്‍ഷവും ശബരിമലയിലേക്ക് നയിച്ചിരുന്നത് എന്നും എനിക്ക് തോന്നുന്നു. 

അക്കാലത്തും ശബരിമല യാത്ര എന്നാല്‍ അപകടം പിടിച്ച ഒരു ഉദ്യമമായിരുന്നു. ഇപ്പോള്‍ ഉള്ള സൌകര്യങ്ങള്‍ ഒന്നും അന്ന് ലഭ്യമായിരുന്നില്ല.യാത്ര പോയാല്‍ തിരികെ എത്തും എന്നുള്ളത് അയ്യപ്പന്‍റെ തിരുമാനം പോലെ ആയിരുന്ന കാലം.  അങ്ങനെ ഒരു വര്‍ഷം  ഇരുമുടിയുമേന്തി കൃഷ്ണേട്ടന്‍ മലക്ക് പോയി. തന്‍റെ സ്വന്തം അമ്മയെ, ഭൂമി ദേവിയെ വണങ്ങി മാലയിട്ടു, ഇരുമുടി നിറച്ചു ഒരു കയ്യില്‍ വടിയുമായി കൃഷ്ണേട്ടന്‍ അമ്പലത്തിന്റെ പടി കടന്നു തെക്കോട്ട്‌ നടന്നത് ഒരു സായാഹ്നത്തില്‍ ആയിരക്കണം. എങ്ങനെയാണ് അക്കാലത്ത് ഇത്രയും ദൂരം കൃഷ്ണേട്ടന്‍ തരണം ചെയ്തത് എന്ന് കൃത്യമായി എനിക്കറിയില്ല. എങ്കിലും മനുഷ്യര്‍ക്ക് ഇന്നത്തെ അത്രയും വേഗമില്ലാതിരുന്ന അക്കാലത്ത് കൃഷ്ണേട്ടന് വഴിയില്‍ വേണ്ട സഹായങ്ങള്‍ ലഭിച്ചിരുന്നു എന്ന് വേണം കരുതാന്‍. 

മറ്റു ശബരിമല യാത്രകളെ പോലെ ആയിരുന്നില്ല ആ വര്‍ഷം. ഇത്തവണ കൃഷ്ണേട്ടന്റെ യാത്ര ദേവ സന്നിധിയിലേക്ക് തന്നെ ആകും എന്ന് ഇരുമുടി നിറക്കുമ്പോള്‍ ആ മനസ്സില്‍ തെളിഞ്ഞിരുന്നോ എന്ന് അറിയില്ല. കാരണം ആ വര്‍ഷമായിരുന്നു ശബരിമല തീയില്‍ കത്തിയമര്‍ന്നത്. നിരവധി ജീവനുകള്‍ ആ അഗ്നിയില്‍ കത്തിയമര്‍ന്നു. ഇനിയും നിരവധിപേര്‍ കാണാതെപോയവര്‍ എന്ന പേരില്‍  പത്രക്കടലാസുകളില്‍ അന്നുമുതല്‍ ഇപ്പോഴും ജീവിച്ചു പോരുന്നു. അന്ന് ആ അപകടത്തില്‍ കാണാതെ പോയ അസംഖ്യം പേരുകളില്‍ ഒന്ന് കൃഷ്ണേട്ടന്റെ ആയിരുന്നു. അത്തവണ ശബരിമലയില്‍ നിന്നും പ്രസാദവുമായി കൃഷ്ണേട്ടന്‍ തട്ടകത്തമ്മയെ വണങ്ങാന്‍ വന്നില്ല. ഒരു നാടും, നാട്ടാരും നെടുവീര്‍പ്പുകൊണ്ടും, കണ്ണില്‍ നിറഞ്ഞ ഒരു തുള്ളി കണ്ണുനീരുകൊണ്ടും കൃഷ്ണേട്ടനു ഉദകക്രിയ ചെയ്തു. 

കാണാതെ പോയി എന്നാണു സര്‍ക്കാര്‍ ഭാഷ്യം എങ്കിലും  ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ ഉണ്ടാക്കി ജീവിച്ച കൃഷ്ണേട്ടന്‍ അയ്യപ്പന്‍റെ ആ വിഷഹാരിയായ വിഗ്രഹത്തോടൊപ്പം അഗ്നിപ്രവേശം ചെയ്തു എന്നാണു ചേര്‍പ്പുകാര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഭക്തികൊണ്ട് അകക്കണ്ണ് തെളിയിച്ച കൃഷ്ണേട്ടന്‍റെ ഓര്‍മ്മകള്‍ ഒരു ചിരാതില്‍ ഇപ്പോഴും ശബരിമലയില്‍ ജ്വലിക്കുന്നുണ്ടാകും.

April 02, 2018

വല്യമ്മാന്‍


"ഐ ആം കണ്‍ഫൈന്‍ഡ് ടു ദിസ്‌ ബെഡ്... "

ഇടറുന്ന ശബ്ദത്തില്‍ വല്യമ്മാന്‍ പറഞ്ഞു.

കുറെ നാളായി വല്യമ്മാനെ കണ്ടിട്ട്. നടക്കാന്‍ ബുദ്ധിമുട്ടില്ലാതിരുന്ന കാലത്ത് വല്യമ്മാന്‍ വൈകുന്നേരങ്ങളില്‍ പൂമുഖത്ത് ഇരിക്കാറുണ്ട്. വൈകുന്നേരം ഓഫീസില്‍ നിന്നും വരുമ്പോള്‍ വല്യമ്മാന്‍ അവിടെ ചാരുകസേരയില്‍ ഇരിക്കുന്നുണ്ടാകും. ഇപ്പോള്‍ കുറച്ചു കാലമായി അതൊന്നുമില്ല. മുറി വിട്ടു ഇറങ്ങാന്‍ തന്നെ വിഷമമായിരിക്കുന്നു. അമ്മായിക്കും വയ്യ.

"ഐ ആം കണ്‍ഫൈന്‍ഡ് ടു ദിസ്‌ ബെഡ്.. ടു ദിസ്‌ റൂം"

അമ്മാവന്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ ശബ്ദത്തിനു ഒരു ഊര്‍ജമുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ തന്നെ തിരിച്ചറിയുകയും ചെയ്തു.

പണ്ട്, ചേര്‍പ്പിലായിരുന്ന കാലത്ത് എന്‍റെ മനസ്സിലെ രണ്ടു അതികായന്മാരില്‍ ഒരാളായിരുന്നു വല്യമ്മാന്‍ (മറ്റേതു മുത്തശ്ശന്‍). അക്കാലത്ത് ദിവസവും അമ്മാവന്‍ സൈക്കിള്‍ ചവിട്ടി ഊരകത്ത് നിന്നു ചേര്‍പ്പില്‍ വരും. മുത്തശ്ശന്‍ എന്നെ സംസ്കൃതമോ, ഹിന്ദിയോ പഠിപ്പിക്കുന്ന ദിവസമാണെങ്കില്‍ വല്യമ്മാന്‍റെ വരവിനായി ഞാന്‍ കാത്തിരിക്കാറുണ്ട്. വല്യമ്മാന്‍ വന്നാല്‍ എനിക്കൊരു ഇടവേള കിട്ടും. പിന്നെ മുത്തശനും വല്യമ്മാനും കൂടി നാട്ടുകാര്യങ്ങളും, വീട്ടുകാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്ന സമയമാണ്. 

"ഓപ്പക്ക് ചായ എടുക്കട്ടെ?" മുത്തശ്ശി ചോദിക്കും (മുത്തശ്ശിയുടെ ജ്യേഷ്ടനാണ് വല്യമ്മാന്‍). കുടുംബത്തിന്‍റെ കാരണവര്‍ എന്ന സ്ഥാനം കൂടി ഉള്ളതുകൊണ്ട് സ്വതവേ പതുക്കെ സംസാരിക്കുന്ന മുത്തശ്ശി ഒന്നുകൂടി ശബ്ദം താഴ്ത്തിയാണ് ചോദിക്കുക. 

"ഉം. ആകാം" വല്യമ്മാന്‍ ഗൌരവം വിടാതെ പറയും. 


എന്നിട്ട് വീണ്ടും ചര്‍ച്ചയിലേക്ക് വഴുതി വീഴും. ഒറ്റക്കൊറ്റക്കു എടുത്താല്‍ രണ്ടുപേരും ക്ഷിപ്രകോപികളും, ഗൌരവ പ്രകൃതക്കാരുമാണെങ്കിലും പരസ്പരം സംസാരിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ബഹുമാനം വാക്കുകളില്‍ നിഴലിക്കുന്നതു കാണാം. വലുതാകുമ്പോള്‍ ഇവരെ പോലെ എപ്പോഴും ഗൌരവുമുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടി വരുമോ എന്നൊരു ഭയവും എന്‍റെ  മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയുള്ള വല്യമ്മാനാണ് ഇപ്പോള്‍ എന്‍റെ മുമ്പില്‍, മുറിയിലെ അരണ്ട വെളിച്ചത്തില്‍, ശോഷിച്ച ശരീരവുമായി ചേര്‍പ്പില്‍ പോകുന്ന കാര്യം പറഞ്ഞു, ഒരു കൈ കൊണ്ട് എന്‍റെ കയ്യില്‍ പിടിച്ചു, കണ്ണുകളില്‍ വിഷാദം നിറക്കുന്നത്.

"പണ്ട് എന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ മാങ്ങന്‍സില്‍ (ചേര്‍പ്പിലെ മെഡിക്കല്‍ ഷോപ്പ്) നിന്നും നോവാജിന്‍ (തല വേദനക്കുള്ള മരുന്ന്) വാങ്ങി പോകാറുണ്ട്. അമ്മക്ക് എപ്പോഴും തലവേദന ഉണ്ടായിരുന്നു. ആ മരുന്ന് കൊടുക്കുമ്പോള്‍ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി കാണും" പല്ലില്ലാത്ത മോണ കാണിച്ചു ചിരിച്ചുകൊണ്ട് അമ്മാവന്‍ പറഞ്ഞു. എന്‍റെ നേരെ നോക്കിയാണ് പറഞ്ഞെതെങ്കിലും കണ്ണുകള്‍ അപ്പോഴും ഭൂതകാലത്തിലെന്നോ വല്യ മുത്തശ്ശിയുടെ അടുത്താണ് എന്നെനിക്കു മനസ്സിലായി.

"എനിക്കിപ്പോ 91 വയസ്സായി. പെന്‍ഷന്‍ കൂടും. ഞങ്ങള്‍ക്ക് 91 വയസ്സുകഴിഞ്ഞാല്‍ പെന്‍ഷന്‍ അഞ്ചു ശതമാനം കൂടും." അമ്മാവന്‍ വീണ്ടും പെന്‍ഷനിലേക്ക് മടങ്ങി. സി ആന്‍ഡ് എ.ജി ആപ്പീസില്‍ നിന്നും വിരമിച്ചു ദശാബ്ദങ്ങള്‍ മൂന്നു കഴിഞ്ഞെങ്കിലും സംഖ്യകളും കണക്കും ഇപ്പോഴും കൃത്യം. 

അങ്ങനെ ഇരിക്കെ ഇടയ്ക്കു ചില നേരം ഒന്നും പറയാതെ താഴോട്ടു നോക്കി ഇരിക്കും. പിന്നെ പെട്ടെന്ന് ആവേശത്തോടെ ചേര്‍പ്പിലെ വീടിനെ കുറിച്ചും, ഭാഗോതിയുടെ പൂരത്തെ കുറിച്ചും പറയും. കാവിലമ്മാവന്‍റെ കൂടെ ആറാട്ടുപുഴ പൂരത്തിന് പോയതിനെ കുറിച്ചും, അമ്മാവന്‍ തരുന്ന വിഷുക്കൈ നീട്ടത്തിനു വണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ചും ഒക്കെ പറയും.

"എനിക്കിവിടെ ഇഷ്ടല്ലടാ.. ചേര്‍പ്പില്‍ എനിക്കറിയണ ആള്‍ക്കാരുണ്ട്. ഇവിടെ ആരുമില്ല.. അവരൊക്കെ നല്ല ആള്‍ക്കാരായിരുന്നു.. എനിക്കവിടെ പോയാല്‍ മതി. എന്‍റെ സ്വന്തം വീട് അവിടെ ഉണ്ട്. ഇപ്പൊ പൂട്ടി ഇട്ടിരിക്കുകയാണ്. പണ്ട് ഗുജറാത്തില്‍ ആയിരുന്നപ്പോള്‍ എനിക്കുണ്ടായിരുന്ന ടെനമെന്റ് വിറ്റ് കിട്ടിയ കാശുകൊണ്ട് പണിതതാ. എനിക്കവിടെ പോയാല്‍ മതി. ഇവിടെ എനിക്കറിയുന്ന ആരുമില്ല" 
എന്‍റെ വീട് എന്നു പറയുമ്പോള്‍ പഴയ ഉത്സാഹം ക്ഷണനേരത്തേക്ക് ആ മുഖത്ത് മിന്നി മറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.

പുറത്ത് ഒരു വേനല്‍ മഴക്കുള്ള സന്നാഹം കണ്ടപ്പോള്‍ അമ്മാവനോട് യാത്ര പറഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി. പോകാന്‍ നേരം കയ്യില്‍ പിടിച്ചു കുറെ നേരം മിണ്ടാതെ ഇരുന്നു. അത്രയും നേരം ഉത്സാഹത്തോടെ സംസാരിച്ച ആള്‍ ഓര്‍മ്മകള്‍ക്കിടയില്‍ വാക്കുകള്‍ക്കായ് പരതുന്ന പോലെ. പുറത്ത് മൂടി കെട്ടി വന്ന മഴക്കാറുകള്‍ അമ്മാവന്റെ കണ്ണുകളിലൂടെ ഒരു തുള്ളിയായ് പെയ്തിറങ്ങി. 

"ഇനി കിടക്കാം" അമ്മാവന്‍ പതുക്കെ പറയുന്നത് വാതില്‍ക്കല്‍ എത്തിയപ്പോള്‍ ഞാന്‍ കേട്ടു. 

പഴമയുടെ മഞ്ഞ നിറം പടര്‍ന്ന പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെ സന്ധ്യാ നേരം മഞ്ഞ വെളിച്ചത്തില്‍ തെളിഞ്ഞു നിന്നപ്പോള്‍ ഞാനും ചേര്‍പ്പില്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു.

"നിങ്ങളും വയസ്സായാല്‍ ഇതന്നെ ആകും അവസ്ഥ" പത്നി മൊഴിഞ്ഞു.

"അതിനു മുമ്പ് തന്നെ നമ്മള്‍ ചേര്‍പ്പിലേക്ക് പോകുമല്ലോ" ഉള്ളില്‍ നിറഞ്ഞ സങ്കടം ഒളിപ്പിച്ചു ഞാന്‍ എന്നോടുതന്നെയായി പറഞ്ഞു.

"ഐ ആം കണ്‍ഫൈന്‍ഡ് ടു ദാറ്റ് പ്ലേസ്" ഗേറ്റ് കടന്നു നിരത്തിലേക്ക് ഇറങ്ങിയപ്പോള്‍ എന്‍റെ മനസ്സിലെ വല്യമ്മാന്‍ മന്ത്രിച്ചു.