October 29, 2009

ന്യൂനമര്‍ദ്ദത്തിന്റെ ഉത്തരോഷ്ണാകുലതകള്‍

എന്റെ ഒരു അത്യുഗ്രന്‍ ഇന്റലെക്ച്വല്‍ കവിത. ഇതിങ്ങനെ എല്ലാവര്‍ക്കും മനസ്സിലായെന്നുവരില്ല. ഇനി അധവാ ആര്‍ക്കെങ്കിലും മനസ്സിലായാല്‍ ഈ കവിതയുടെ അവസാന വരിക്ക്‌ ഉത്തരം 2 പേജില്‍ കവിയാതെ ഉപന്യസിക്കുക!!!

ദാണ്ടെ കിടക്കുന്നു കവിത....

ഞാന്‍ ന്യൂനമര്‍ദ്ദമാകുന്നു
എന്നു വെച്ചാല്‍
ന്യൂനമര്‍ദ്ദം ഞാന്‍ ആകുന്നു
ന്യൂനതകളുള്ള മര്‍ദ്ദമാണല്ലൊ
ന്യൂനമര്‍ദ്ദം..
എന്നാല്‍, എന്താണെന്റെ ന്യൂനതകള്‍?
ആരും പറഞ്ഞിട്ടില്ല, എന്നോടിതുവരെ

എനിക്കു ദേഷ്യം വന്നു.
എനിക്കു ദേഷ്യം വന്നപ്പോള്‍
കൊടുങ്കാറ്റായി, പെരുമഴയായി
നാട്ടിലാകെ വെള്ളപ്പൊക്കമായി.
അപ്പോഴും വാര്‍ത്ത വന്നു:
"വെള്ളപ്പൊക്കം, കാരണം ന്യൂനമര്‍ദ്ദം"
വീണ്ടും ചോദിക്കുന്നു ഞാന്‍ ,
എന്താണെന്റെ ന്യൂനതകള്‍?

ഉടന്‍ പ്രതീക്ഷിക്കുക എന്റെ അടുത്ത കവിത: 'രക്തസമ്മര്‍ദ്ദം'

October 26, 2009

ഗോപുമോന്റെ ലീലാവിലാസങ്ങള്‍ -4

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ഇല്ലെങ്കിലും പത്രത്തിന്റെ ഏതെങ്കിലും പേജില്‍സ്വന്തം തല കാണാന്‍ നമ്മുടെ രോമാഞ്ച കഞ്ചുകം ഗോപുമോന്‍ ആഞ്ഞുശ്രമിക്കുന്നുണ്ട്‌. ആളു ഭയങ്കര aggrasive ആയതുകൊണ്ട്‌ പതിവുപോലെ കുരുത്തക്കേട്‌ കാണിച്ചണ്‌ ഇത്തവണയും വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്‌.

കേരളാ രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍ ആയി നിയമിച്ചിട്ടുപോലും (ആര്‍ക്കണാവൊ ഇങ്ങനെ ഒരു ബുദ്ധി തോന്നിയത്‌!!. സര്‍ഗത്തില്‍ കുട്ടന്‍ തമ്പുരാന്റെ നൊസ്സ്‌ പോകാന്‍ കല്യാണം കഴിപ്പിച്ച പോലെയുണ്ട്‌) അദ്യത്തിന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നുവേണം മനസ്സിലാക്കാന്‍. ഈ മാസം 12നു കേരളാ ടീമിനോട്‌ ഒപ്പം ചേരേണ്ടിയിരുന്ന ക്യാപ്റ്റന്‍ നാളിതുവരെ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കാതെ നടന്നതാണ്‌ ഇപ്പോള്‍ പ്രശ്നമായത്‌. ക്യാപ്റ്റന്‍ ആയാല്‍ ഇങ്ങനെ തന്നെ വേണം!! എന്തൊരു ടീം സ്പിരിറ്റ്‌!!

ഇന്ത്യന്‍ റ്റീമില്‍ കയറാന്‍ ഒരു സാധ്യത (എവിടെ, അതൊക്കെ ഉത്തരേന്ത്യന്‍ കുമാരന്‍മാരും, ശര്‍മ്മമാരും കൊണ്ടു പോയി) ഉള്ളതുകൊണ്ട്‌ തത്കാലം ശിക്ഷ ഒരു താക്കീതില്‍ ഒതുക്കി നമ്മുടെ ക്രിക്കറ്റ്‌ അസോസിയേഷന്‍. ഈ മാസം ആദ്യം നടന്ന ചല്ലഞ്ചര്‍ ട്രോഫി മത്സത്തില്‍ ഒരുത്തനെ കണ്ണുരുട്ടി കാണിച്ചതിന്‌ വേറൊരു താക്കീതും ഇഷ്ടന്‍ കിട്ടിയിട്ടുണ്ട്‌. അദ്യത്തിന്‌ ഇതൊക്കെ വെറും നിസ്സാരം. എത്ര കിട്ടിയിരിക്കുന്നു, ഇനി എത്ര കിട്ടാനിരിക്കുന്നു.

താക്കീതുകളും, വിലക്കുകളും, പന്തെറിഞ്ഞാല്‍ സിക്സറുകളും വാങ്ങാന്‍ ശാന്തന്റെ ജീവിതം ഇനിയും ബാക്കി...

October 25, 2009

ലാപ്‌ടോപ്പ് വരുത്തിയ വിന

നമ്മുട പോലീസു മന്ത്രിയുടെ പേടമാനിന്റെ നൈര്‍മ്മല്യതയോടു കൂടിയവനും പരമസാധുവും, സല്‍ഗുണ സമ്പന്നന്നുമായ പുത്രന്‍ ഇപ്പോള്‍ ഒരു ലാപ്‌ടോപ് പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ബാംഗ്ലൂരില്‍ താമസിക്കുന്ന ഒരു റഷ്യക്കാരിയുടെ ലാപ്‌ടോപ്പില്‍ നിന്ന് ഇഷ്ടന്റെ പടങള്‍ കിട്ടിയത്രെ! പ്രസ്തുത മഹിളാരത്നം ആളത്ര ശരിയല്ല എന്നാണ്‌ സിന്‍ഡിക്കേറ്റ് പത്രക്കാര്‍ പറയുന്നത്.

അല്ലേലും ഈ സിന്‍ഡിക്കേറ്റ് പത്ര-ബൂര്‍ഷ്വാകള്‍ക്കെന്തറിയാം? അതു കൊണ്ട് സ്വ:ലേ സ്വന്തം റിസ്കില്‍ ഒരു അന്വേഷണം നടത്തി. ഞെട്ടിക്കുന്ന വിവരങളാണ്‌ കിട്ടിയത്. പിടിയിലായ റഷ്യന്‍ വനിത റഷ്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രതിനിധിയാണ്. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ പുതിയ അസ്ഥാന മന്ദിരം ഉദ്ഘാടിക്കുന്നതിന്‌ കേരളത്തിലെ യുവജനങളുടെ ആവേശമായ മന്ത്രി പുത്രനെ ക്ഷണിക്കാനാണ്‌ ലേഡി ഇഷ്ടനെ കണ്ടത്. എന്നാല്‍ കന്നഡ പോലീസുണ്ടൊ ഇതു വല്ലതും കേള്‍ക്കുന്നു? അവര്‍ വേറെ എന്തൊക്കെയോ ആണ്‌ ധരിച്ചു വെച്ചിരിക്കുന്നത്. ഒരു ന്യൂസ് കാത്തു നിന്നിരുന്ന പത്രക്കാര്‍ ഉടനെ എടുത്തു കാച്ചി, എന്നെപോലുള്ള ബ്ലോഗേഴ്സ് പോസ്റ്റിട്ടു... പാവം മന്ത്രിപുത്രന്‍ ...

ഒരു ലാപ്‌ടോപ്പ് വരുത്തിയ വിനയേ!! (ഇതു മുന്‍കൂട്ടി കണ്ടിട്ടാകും പോലീസു മന്ത്രിയും സാഖാക്കളും പണ്ട് കമ്പ്യൂട്ടറുകള്‍ ബഹിഷ്കരിക്കാന്‍ സമരിച്ചത്)

October 24, 2009

സ്വലേ വിരചിത ശ്ലോകം

യചാ യചാ
പ്പികാ പ്പികാ
യുംശദോ യുംത്തിപ്പാച
ലിഡ്ഡട്ടിപു
റുചോ ണ്ടവേ
റുചോ ണ്ടവേ...

ഈ ശ്ലോകം പുതിയ പോസ്റ്റിടുന്നതിനുമുമ്പ് ജപിച്ചാല്‍ ബ്ലോഗിനു ഹിറ്റും കമന്റുകളും കൂടി സര്‍വ്വൈശ്വര്യങളും വന്നു ചേരും. ഈ പോസ്റ്റ് 7 പേര്‍ക്ക് 7 മിനിറ്റിനുള്ളില്‍ ഫോര്‍വേര്‍ഡ് ചെയ്താല്‍ അടുത്ത കേരള ഭാഗ്യക്കുറി നിങള്‍ക്കടിക്കും. ഫോര്‍വേര്‍ഡ് ചെയ്യാതെ പോയാല്‍ നിങളെത്തുന്നത് കുംഭീപാക നരകത്തിലാകും, പറഞ്ഞേക്കാം!!

ശ്രീ സ്വലേ ജയം

October 23, 2009

തേയില തോട്ടങ്ങള്‍ (ഒരു പനോരമ)



ഈ മാസം ആദ്യം നടത്തിയ തിരുനെല്ലി യാത്രക്കിടെ പകര്‍ത്തിയ ഒരു ദൃശ്യം. ഇത് ഒരു പനോരമയാണ്.

October 20, 2009

മോര്‍ഫിംങ്ങ് ഫ്ലാഷില്‍


ഫ്ലാഷില്‍ ചെയ്ത ഒരു മോര്‍ഫിംങ്ങ് പ്രൊജക്റ്റ്. കീ ഫ്രെയിം അനിമേഷനും ഷേപ് ട്വീനിങും സംയോജിപ്പിച്ച് ഒരു ദിവസം മിനക്കെട്ട് ചെയ്തത്.

October 19, 2009

മന്ത്രി ശ്രീമതിക്കും നോബല്‍

മന്ത്രി ശ്രീമതിക്കും നോബല്‍ സമ്മാനം! സമാധാനത്തിനുള്ള നോബല്‍ സമ്മാനം ബിന്‍ ലാദനുകൊടുക്കാതെ ഒബാമക്ക്‌ കൊടുത്ത്‌ ലോകത്തെ ഞെട്ടിച്ച നോബല്‍ കമ്മിറ്റി മന്ത്രി ശ്രീമതിക്കും നോബല്‍ കോടുത്ത്‌ ഒന്നുകൂടി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്‌!

ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ലോകം കണ്ട മികച്ച അമ്മായിയമ്മക്കുള്ള നോബല്‍ സമ്മാനമണ്‌ മന്ത്രിക്ക്‌ ലഭിച്ചിരിക്കുന്നത്‌. അമ്മായിയമ്മമാരുടെ വര്‍ഗ്ഗശത്രുക്കളാണ്‌ മരുമകള്‍സ്‌ എന്നാണല്ലൊ പൊതുവെയുള്ള ധാരണ. എന്നാല്‍ സ്വന്തം മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ കുക്ക്‌ ആയി നിയമിച്ച്‌, ഒരു വര്‍ഷത്തിനകം ഗസറ്റഡ്‌ ഓഫീസറാക്കി ഉയര്‍ത്തി, 2 വര്‍ഷത്തെ സര്‍വീസ്‌ കഴിഞ്ഞപ്പൊല്‍ പെന്‍ഷനു എലിജിബിളാക്കി കൊടുക്കുകയും ചെയ്ത മന്ത്രി ശ്രീമതി വെറും ശ്രീമതിയല്ല, മഹാത്മാ ശ്രീമതി ആണെന്നാണ്‌ നോബല്‍ കമ്മിറ്റി അവാര്‍ഡ്‌ പ്രഖ്യാപന ചടങ്ങില്‍ അഭിപ്രായപ്പെട്ടത്‌. സാധാരണ അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നതിനുമുമ്പ്‌ ജേതാവിനെ വിളിച്ചു പറയുന്ന ചടങ്ങുണ്ടെങ്കിലും, മന്ത്രി മനുഷ്യ ചങ്ങലയില്‍ ആയിരുന്നതിനാല്‍, മന്ത്രിക്ക്‌ അവാര്‍ഡ്‌ കിട്ടാന്‍ കാരനമായ മരുമകളെ അവാര്‍ഡ്‌ വിവരം വിളിച്ചു പറഞ്ഞിരുന്നുവെന്ന് കമ്മിറ്റി വിശദീകരിച്ചു.

അവാര്‍ഡ്‌ വിവരം അറിഞ്ഞ്‌ ബോധം പോയ മന്ത്രി ഇതുവരെ കണ്ണു തുറന്നിട്ടില്ലാത്തതിനാല്‍ മന്ത്രിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

October 17, 2009

ക്യൂബ് ഇഫക്റ്റ് : 2ഡിയില്‍ ഒരു 3ഡി അനിമേഷന്‍



വേറൊരു 3ഡി അനിമേഷന്‍ (ഫ്ലാഷ്). കീ ഫ്രെയിമുകളും, ഷേപ് ട്വീനിങും ഉപയോഗിച്ച് ഉണ്ടാക്കിയത്. ഇതില്‍ വശങള്‍ക്ക് നിറങള്‍ കൊടുക്കാനായിരുന്നു വിഷമം.

October 16, 2009

കടുവയെ പിടിച്ച കിടുവ (ഫോട്ടോ)


സ്വയം ഫോട്ടോയില്‍ പെട്ടുപോയ 2 പടം പിടുത്തക്കാര്‍! ഒരു പടം എടുത്തത് ഞാനും, അടുത്തതെടുത്തത് എന്റെ ചേട്ടനും. തിരുനെല്ലി യാത്രക്കിടെ എടുത്ത പടങ്ങള്‍.

October 15, 2009

വിശ്വാസം; അതല്ലെ എല്ലാം

ഒരു പുതിയ സീരീസ്‌: അറു ബോറന്‍ പരസ്യങ്ങള്‍ !!. ചില പരസ്യങ്ങള്‍ ഇപ്പോള്‍ചാനലുകളില്‍ നടക്കുന്ന മെഗാ സീരിയലുകള്‍ പോലെയാണ്‌. പ്രത്യേകിച്ച്‌ ഒരുഅര്‍ഥവും ഉണ്ടാകില്ല. ഒരു പ്രമുഖ ആഭരണക്കടയുടെ അങ്ങനെയുള്ള ഒരു പരസ്യമാണിപ്പോഴത്തെ വിഷയം.

പരസ്യം ഏതാണ്ടിങ്ങനെയാണ്‌: കത്തെഴുതിവെച്ച്‌ ചാടിപ്പോകുന്ന മകള്‍ .കത്തുകണ്ട്‌ വികാരാധീനനാകുന്ന അഛന്‍, ഫ്ലാഷ്‌ ബാക്‌. കാമുമന്റെ അടുത്തേക്ക്‌ പോകുന്ന മകള്‍ക്കും ഫ്ലാഷ്‌ ബാക്‌. ഓടുവില്‍ മകള്‍ക്ക്‌ മനം മാറ്റം വന്ന് അഛന്റെ അടുത്തേക്ക്‌... വിസ്വാസം അതല്ലെ എല്ലാം. പിന്നെ കാണിക്കുന്നത്‌ കാമുകിയുടെ വരവും പ്രതീക്ഷിച്ച്‌ രാത്രി മുഴുവന്‍ കൊതുകുകടിയും കൊണ്ട്‌ കാത്തു നിന്ന മടുത്ത കാമുകനെ. നേരംവെളുത്തപ്പോള്‍ ശ്വാനന്‍ ചന്തക്കുപോയപോലെ കാമുകനും സ്വഭവനത്തിലേക്ക്‌.. വിശ്വാസം അതല്ലെ എല്ലാം!!!

ഇതില്‍ ആരു ആരെ വിശ്വസിക്കണം? എനിക്കറിയില്ലേ....

October 13, 2009

16 വയസ്സില്‍ ഹെഡ് മാസ്റ്റര്‍

മൂര്‍ഷിദാബാദ്, പ.ബംഗാള്‍ : 16 വയസ്സില്‍ എണ്ണൂറോളം വിദ്യാര്ത്ഥികള്‍ പഠിക്കുന്ന സ്കൂള്‍ നടത്തി ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ്‌മാസ്റ്റര്‍ ആയിരിക്കുകയാണ്‌ ബാബര്‍ അലി. തന്റെ ഗ്രാമത്തിലെ പാവപ്പെട്ട  കുട്ടികള്‍ക്കായി വീടിന്റെ വരാന്തയില്‍ തുടങിയ ചെറിയ സംരംഭം ഇപ്പോള്‍ എണ്ണൂറോളം കുട്ടികള്‍ക്ക് സൌജന്യമായി വിദ്യയുടെ വെളിച്ചം നല്‍കുന്നു.

സ്വന്തമായി സ്കൂള്‍ നടത്തുന്നുണ്ടെങ്കിലും ബാബര്‍ ഇപ്പോഴും ഒരു വിദ്യാര്ത്ഥിയാണ്. രാജ് ഗോവിന്ദ് സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്ത്ഥിയാണ്‌ ഈ കൊച്ചു മിടുക്കന്‍. എന്നും സ്കൂളില്‍ പോയി വന്നതിനുശേഷം വൈകുന്നേരമാണ്‌ ബാബര്‍ സ്വന്തം സ്കൂളില്‍ പഠിപ്പിക്കുന്നത്.

ബാബറിനെ പറ്റി കൂടുതല്‍ അറിയാന്‍ ഈ ബി.ബി.സി ലേഖനം വായിക്കുക.

October 10, 2009

ഫ്ലാഷ്: ഒബാമക്ക് നോബല്‍

അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമക്ക് സമധാനത്തിനുള്ള നോബല്‍ സമ്മാനം!

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലരി ക്ലിന്റനും തമ്മിലുള്ള കുടുംബപ്രശ്നം (കലഹത്തിനുള്ള കാരണം ഞാന്‍ പറയേണ്ടല്ലൊ) കോടതിയിലെത്താതെ ഒതുക്കാന്‍ ഒബാമ സമയോചിതമായി നടത്തിയ ഇടപെടലുകള്‍ നോബല്‍ സമിതി ശ്ലാഖിച്ചു. സുനാമി പോലെ ഈ ഭൂമിയെ മൊത്തം നശിപ്പിക്കാന്‍ ശേഷിയുള്ള ഒരു വിപത്താണ്‌ ഇതിന്റെ ഫലമായി ഒഴിഞ്ഞു പോയത് എന്നും സമിതി അഭിപ്രായപ്പെട്ടു.

ഇതു കൂടാതെ ഈ വര്‍ഷം ഇതുവരെ പുതിയതായി ഒരു രാജ്യത്തെ പോലും അക്രമിക്കാതെ ആത്മസംയമനം പാലിച്ച ഒബാമ ഈ നൂറ്റാണ്ടിനു തന്നെ മാതൃകയാണെന്നും സമിതി അരുളിച്ചെയ്തു.

നേരത്തേ, നൊബേലിന്‌ അര്‍ഹരായിട്ടുള്ള 'ലോകത്തെ മാറ്റിമറിച്ച വ്യക്തികളുടെ' പട്ടികയില്‍ ഇടംപിടിക്കാന്‍ തനിക്ക്‌ അര്‍ഹതയുണ്ടെന്ന്‌ തോന്നുന്നില്ലെന്നു ഒബാമ അഭിപ്രായപ്പെട്ടു (ഇതില്‍ ഞാന്‍ ഒബാമയെ പിന്തുണക്കുന്നു )

PS:കാലം പോയ പോക്കെ!! LKG ഗുണ്ടാസ് റ്റിന്റുമോനും റ്റുട്ടുമോനും തമ്മിലുള്ള 'പിച്ചി-മാന്തി' തല്ല്‌ സോള്‍വ് ആക്കിയതിന്ന് എനിക്കും കിട്ടുമോ ഒരു നോബല്‍?

October 09, 2009

ചിന്ത.കോമിനോട്‌ ഒരു അഭ്യര്‍ത്ഥന

ബൂലോകത്തെ ഏറ്റവും പുതിയ പോസ്റ്റുകള്‍
പ്രത്യേക വിഭാഗങ്ങളായി തരം തിരിച്ച്‌ ലിസ്റ്റ്‌ ചെയ്യുന്ന ചിന്ത എന്ന മലയാളം
ബ്ലോഗ്‌ റോളിനോട്‌ ഒരു അഭ്യര്‍ത്ഥന:

ഇപ്പോള്‍ ചിന്തയില്‍ ഫോട്ടോകളും വരകളും
'ചിത്രങ്ങള്‍' എന്ന ഒറ്റ വിഭാഗമായാണ്‌ ലിസ്റ്റ്‌ ചെയ്യപ്പെടുന്നത്‌. ഇതിനു പകരം
വരകള്‍ 'വര' എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗമായി തരം തിരിച്ചാല്‍ വരകള്‍
പോസ്റ്റുന്നവര്‍ക്ക്‌ വലിയ അനുഗ്രഹമാകും. വരകള്‍ പോസ്റ്റുന്നവരും ഈ മാറ്റത്തെ
അനുകൂലിക്കുമെന്നാണ്‌ എന്റെ വിശ്വാസം.

October 08, 2009

2ഡിയില്‍ ഒരു 3ഡി അനിമേഷന്‍


ഫ്ലാഷില്‍ ചെയ്ത ഒരു കറങ്ങുന്ന ചതുരം. കീ ഫ്രെയിമുകള്‍ ഉപയോഗിച്ച് ചെയ്തത്..