March 31, 2017

ലയനം


അങ്ങനെ ഇന്നത്തോടെ എസ്.ബി.ടീക്ക് സ്കൂൾ പൂട്ടി; നാളെ മുതൽ എല്ലാം ഇന്ത്യ മയം! സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാതൃ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നു. നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

March 15, 2017

കേശുവും മേശമേലുള്ള ഉറുമ്പുകളും

പ്രാസത്തില്‍ പറഞ്ഞാല്‍  'കേശുവിന്റെ മേശ' നസീറിന്‍റെ പഴയ ചില സി.ഐ.ഡി പടങ്ങളിലെ കൊള്ളസങ്കേതത്തെ അനുസ്മരിപ്പിക്കും. ചുമരിലെ ശേള്‍ഫിലും മേശപ്പുറത്തുമായി ചിതറിക്കിടക്കുന്ന ഇലക്ട്രോണിക് ഉപകരങ്ങള്‍, സര്‍ക്ക്യൂട്ട് ബോര്‍ഡ് കമ്പ്യൂട്ടറുകള്‍, അതില്‍ പല നിറങ്ങളില്‍ മിന്നുന്ന ലൈറ്റുകള്‍, വയറുകള്‍, ലാപ്ടോപ്, ഫോണുകള്‍ എന്നിങ്ങനെ പരിചയമില്ലാത്ത ഒരാള്‍ നോക്കിയാല്‍ പോലും ഷോക്കടിചെക്കാവുന്ന അവസ്ഥയിലാണ് ആ മേശ കിടന്നിരുന്നത്. ഇവക്കിടയില്‍ പേന-പെന്‍സിലുകളും, മഷിക്കുപ്പിയും, വരപ്പുസ്തകങ്ങളും, നികുതി നിയമ ഗ്രന്ഥങ്ങളും, മറ്റു കുണ്ടാമണ്ടികളും, ഭൂമിയിലെ മനുഷ്യരെ പോലെ  തിങ്ങി ഞെരുങ്ങി കഴിഞ്ഞുപോന്നു. പക്ഷെ ഇന്നത്തെ കഥ അവയെ കുറിച്ചല്ല. ഉറുമ്പുകളെ കുറിച്ചാണ്.

ഉറുമ്പുകള്‍ എപ്പോഴും ആ മേശമേല്‍ ഉണ്ടാകും. ആ മേശ കേശുവിന്റെ മേശ ആയ നാള്‍ മുതല്‍ ഉറുമ്പുകള്‍ അവിടെ ഉണ്ട്. പുസ്തകള്‍ക്ക് മുകളിലൂടെയും, ലാപ്ടോപ്പിന്‍റെ കീബോര്‍ഡിലൂടെയും അവ സധൈര്യം പാഞ്ഞു നടക്കും. ഒരു നിമിഷം പോലും ഉറുമ്പുകള്‍ വെറുതെ ഇരിക്കുന്നത് കേശു കണ്ടിട്ടില്ല (പഠനകാലത്ത് കേശുവിന്റെ ഒരു പ്രധാന ഹോബി ഉറുമ്പു നിരീക്ഷണമായിരുന്നു). എപ്പോഴും തിരക്ക് തന്നെ. ഉറുമ്പുകളെ വെറുതെ വിടുന്നതിനു പകരമായി മേശമേല്‍ വീണുപോകുന്ന ഭക്ഷണ ശകലങ്ങള്‍ ഉറുമ്പുകള്‍ എടുത്തു കൊണ്ടുപോകും.  അങ്ങനെ കേശുവിന്റെ മേശയും ഉറുമ്പുകളും തമ്മിലുള്ള സിമ്പയോട്ടിക് ബന്ധം തുടര്‍ന്നുപോന്നു.
 
ഉറുമ്പുകളുടെ പാച്ചിലിനു തുടര്‍ച്ച നഷ്ടപ്പെട്ടത് മേശമേല്‍ ഒരു പുതിയ അന്തേവാസി വന്ന നാള്‍ മുതലാണ്‌. നേരത്തെ കിടന്നു അതിരാവിലെ എഴുന്നേല്‍ക്കുന്ന ശീലം കീഴ്മേല്‍ മറിഞ്ഞുതുടങ്ങിയപ്പോള്‍ കേശുവിന്റെ രാത്രികള്‍ക്ക് ക്രമേണ നീളം കൂടി വന്നു. ചൂടുകൂടിയ വേനല്‍ രാത്രികളിലും, മഴ ഒഴിഞ്ഞ മഴക്കാല രാത്രികളിലും കേശുവിന്റെ കണ്ണുകള്‍ തുറന്നിരിക്കാന്‍ തുടങ്ങി; ചിലപ്പോള്‍ നിവര്‍ത്തി വെച്ച പുസ്തകത്തില്‍, അല്ലെങ്കില്‍ ലാപ്ടോപ്പില്‍, അതുമല്ലെങ്കില്‍ വരപുസ്തകത്തില്‍ കേശുവിന്റെ കണ്ണുകള്‍ ഉറുമ്പുകളെ പോലെ പാഞ്ഞു നടന്നു. അങ്ങനെയുള്ള രാത്രികളില്‍ ഇടക്കൊന്നു തൊണ്ട നനക്കാനായാണ് മേശമേല്‍ ഒരു പഴയ സ്റ്റീല്‍ പാത്രത്തില്‍ വെള്ളം വെക്കുന്ന പതിവ് തുടങ്ങിയത്. 

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യകളെ കുറച്ചു വനിതകളുടെ സുഹൃത്തും വഴികാട്ടിയും ബാലരമയുമായ വാരികകളില്‍ അസംഘ്യം ലേഖനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വരുന്നുണ്ടായിരുന്നെങ്കിലും ഉറുമ്പു സമൂഹത്തിലെ പ്രസ്തുത ശീലത്തെ കുറിച്ചു ലേഖനങ്ങള്‍ ഒന്നും ഇന്നുവരെ കണ്ടിട്ടില്ല. ഒരു പക്ഷെ ഉറുമ്പുകളുടെ സുഹൃത്തും വഴികാട്ടിയുമായ ഒരു വാരിക ഉണ്ടെങ്കില്‍ അതില്‍ ഇത്തരം ലേഖനങ്ങള്‍ വരുന്നുണ്ടാകുമായിരിക്കും. കേശുവിനെ പോലെ നമുക്കും ഇതെല്ലാം ഊഹിക്കാന്‍ മാത്രമേ സാധിക്കു. ഉറുമ്പുകളുടെ ആത്മഹത്യ ആറുമാസം കൂടുമ്പോള്‍ വരുന്ന സി.എ പരീക്ഷപോലെ തള്ളിക്കളയാന്‍ സാധിക്കാത്ത വാസ്തവമാണെന്ന് കേശുവിനു ബോധ്യപ്പെട്ടൂ. എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് അല്പം വെള്ളം കുടിക്കാനായി പാത്രം തുറക്കുമ്പോള്‍ വെള്ളത്തിന്റെ ഉപരിതലത്തില്‍ ഒഴുകി നീങ്ങുന്ന ഉറുമ്പുകളുടെ മൃത ദേഹങ്ങള്‍ കാണാം. പാത്രം മാറ്റി നോക്കിയെങ്കിലും ജീവിതം മടുത്ത ഉറുമ്പുകള്‍ എല്ലാ രാത്രികളിലും തങ്ങളുടെ പാച്ചിലുകള്‍ കേശുവിന്നു കുടിക്കാന്‍ വെച്ച ചുക്കുവെള്ളത്തില്‍ അവസാനിപ്പിച്ചുകൊണ്ടേ ഇരുന്നു. കേശുവിന്റെ മനസ്സ് ദിവസം ചെല്ലും തോറും അസ്വസ്ഥമായി. എന്തിനാകും ഉറുമ്പുകള്‍ ഈ കടും കൈ ചെയ്യുന്നത്?

ഉറുമ്പുകള്‍ ചെറിയ ജീവിയാണ്. നമ്മുടെ കാല്‍ കൊണ്ട് ചവിട്ടി അരക്കാന്‍ സാധിക്കുന്ന അത്രയും ചെറുത്. അവ ജീവിചാലെന്തു മരിച്ചാലെന്തു? മനുഷ്യന്മാരെ ശ്രദ്ധിക്കാന്‍ തന്നെ ബാക്കി ഇരുകാലികള്‍ക്ക് സമയമില്ല. അപ്പോഴല്ലേ മേശമേലുള്ള ഉറുമ്പുകള്‍. എങ്കിലും കേശു ശ്രദ്ധിച്ചു.നിയമപുസ്തകങ്ങള്‍ക്ക് മുകളില്‍ അവന്റെ തല അര്‍ദ്ധരാത്രിയില്‍ ഉദയം ചെയ്യുമ്പോള്‍ അടുത്തുള്ള വെള്ളപാത്രത്തില്‍ ഒഴുകി നീങ്ങുന്ന ശവശരീരങ്ങള്‍ അവന്റെ മനസ്സിനെ ആകുലപ്പെടുത്തി. അവസാനം പാത്രം മാറ്റി പിരിയടപ്പുള്ള ഒരു കുപ്പി വെക്കേണ്ടി വന്നു കേശുവിനു മനസമാധാനം തിരികെ ലഭിക്കാന്‍.
 

ഇപ്പോള്‍ മനസമാധാനം നഷ്ടപ്പെട്ടു പാഞ്ഞു നടക്കുന്നത് ഉറുമ്പുകളാണ്. ജീവിതം മടുത്ത ഉറുമ്പുകള്‍ അലഞ്ഞു നടക്കുന്നത് സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്കും കാണാം. അവരുടെ ആഗ്രഹസാഫല്യത്തിന് നിങ്ങള്‍ ഒരിക്കലും ഒരു ചട്ടുകമാകരുതെ എന്ന് കേശുവിന്നു വേണ്ടി ഞാന്‍ അഭ്യര്ത്ഥിക്കുന്നു. അവരും പായട്ടെ; തെക്ക് നിന്നു വടക്കോട്ടും, കിഴക്ക് നിന്നു പടിഞ്ഞാട്ടും.