May 30, 2014

ഒരു വേനല്‍സന്ധ്യമഴ

വെള്ളാനവണ്ടി വളവു തിരിഞ്ഞ് കണിമംഗലം പാടത്തെ രണ്ടാക്കി കടന്നുപോകുന്ന പാതയിലേക്ക് എത്തിയപ്പോഴേക്കും കാർമേഘങ്ങൾ ഒരു ചാരനിറമാർന്ന കുട കണക്കെ ആകാശമാകെ പടർന്നിരുന്നു. പാടത്തിന്റെ കിഴക്കെ അറ്റത്ത് ഒരു മൂടൽമഞ്ഞുപോലെ വേനൽ മഴ പടർന്നുകയറുന്നതുംകൊണ്ടാണ് ബസ് ഗ്രാമഹൃദയത്തിലേക്ക് പ്രവേശിച്ചത്. നിമിഷങ്ങൾക്കുള്ളിൽ മഴയിങ്ങെത്തി. തുറന്ന ജനലുകളില്‍ കൂടി മഴത്തുള്ളികള്‍ തണുപ്പിന്റെ തലോടലുകള്‍ സമ്മാനിക്കവേ യാത്രക്കാർ ബസിന്റെ ഷട്ടറുകൾ തിരക്കിട്ടു താഴ്ത്തുകയും അന്തർഭാഗത്തെ ഇരുട്ടിനു കനം കൂടുകയും ചെയ്തു. പുറത്ത് മഴ കനക്കുകയായിരുന്നു; തകരമേൽക്കൂരയിൽ തുള്ളികൾ വീണുടയുന്ന ശബ്ദം റോഡിലെ വാഹനങ്ങളുടെ ആക്രോശങ്ങളേക്കാൾ വ്യക്തമായി കേൾക്കാം. പാതയിലെ വെളിച്ചങ്ങള്‍ ബസിന്റെ ചില്ലില്‍ ഒരു വാന്‍ ഗോഗ് ചിത്രം പോലെ കാണപ്പെട്ടു: എ സ്റ്റാറി നൈറ്റ്‌! 

നിമിഷങ്ങള്‍ക്കുമുമ്പ് വേനല്‍ ചൂടിനെ പഴിപറഞ്ഞവര്‍ ചിലര്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി വന്ന മഴയെപറ്റി അടക്കിയ സ്വരത്തില്‍ പരാതി പറയുന്നുണ്ടായിരുന്നു. അടുത്ത സ്റ്റോപ്പുകളില്‍ ഇറങ്ങേണ്ടവര്‍ ഷട്ടറുകള്‍ പാതി ഉയര്‍ത്തി സ്ഥലം എത്തിയോ എന്ന് ഇടക്കിടക്ക് പരിശോധിച്ചുകൊണ്ടിരുന്നു. 

ഊരകത്തിറങ്ങേണ്ട സമയം ആയപ്പോഴേക്കും മഴ ഒന്നുകൂടി ശക്തിപ്രാപിച്ചിരുന്നു. കൂട്ടിനു നല്ല ഇടിയും മിന്നലും. ഇറങ്ങി നേരെ സ്റ്റോപ്പിലെ ഷെല്‍ട്ടറിലേക്ക് ഓടിക്കയറി. സ്റ്റാന്‍ഡില്‍ ഒരോട്ടോ പോലുമില്ല; എല്ലാവരും മഴയോട്ടച്ചാകര കൊയ്യുന്നതിന്റെ തിരക്കിലാണ്. ഇനിയിപ്പോള്‍ മഴ കുറയുന്നവരെ കാക്കുക തന്നെ. കടകളുടെ വരാന്തകളില്‍ അക്ഷമ മനുഷ്യരുടെ രൂപത്തില്‍ കൂട്ടം കൂടി മഴയെ ശപിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിര്‍ന്നു. കവലയിലെ കപ്പലണ്ടി വില്‍പനക്കാരന്‍ ഇതെല്ലം അവഗണിച്ച് ഉന്തുവണ്ടിയിലെ പെട്രോമാക്സിന്റെ വെളിച്ചത്തില്‍, ടാര്‍പോളിന്റെ സുരക്ഷയില്‍ ഇടപാടുകാരെ പ്രതീക്ഷിച്ച് കപ്പലണ്ടി വറുക്കുന്ന ചീനച്ചട്ടിയില്‍ ഇടക്കിടക്ക് ചട്ടുകം കൊണ്ട് തട്ടി ണിം-ണിം ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. കിഴക്കന്‍ ആകാശത്ത് മിന്നല്‍പിണരുകള്‍ വെള്ളി ഞരമ്പുകള്‍ തീര്‍ക്കുകയും, ഇടി ഹുംകാരശബ്ദം മുഴക്കി മഴയ്ക്ക് വീര്യം പകരുകയും ചെയ്തു. അങ്ങനെ ദിക്കെങ്ങും മുഴങ്ങിയ ഒരു ഇടിയില്‍ കറണ്ടും പോയി; ഊരകം സിറ്റി ഇരുട്ടിലാണ്ടു. വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തില്‍ മഴത്തുള്ളികള്‍ ചിലന്തിവല നാരുകളെ പോലെ കാണപ്പെട്ടു. അതായിരുന്നു ഇരുട്ടിലെ മഴമാപിനി. മഴ കുറയുന്നതും നോക്കി ഞാനും ആ ഇരുട്ടില്‍ നിലയുറപ്പിച്ചു.

സമയം കടന്നുപോകുന്നതനുസരിച്ച് വരാന്തകളിലെ ജനത്തിരക്കും വര്‍ദ്ധിച്ചു: വൈകുന്നേരം ബാറില്‍ മിനുങ്ങാന്‍ പോയവരും, ഓഫീസില്‍ നിന്നും മടങ്ങുന്നവരും, സന്ധ്യക്ക് 'ഷോപ്പിങ്ങിനു' ഇറങ്ങിയവരുമൊക്കെ ആ കൂട്ടത്തില്‍ പെടും. അര മണിക്കൂര്‍ കഴിഞ്ഞിട്ടും മഴ കുറയുന്ന ലക്ഷണം ഒന്നും കാണാനുമില്ല. ക്ഷമ നശിച്ച ചിലര്‍ വരുന്നത് വരട്ടെ എന്ന മട്ടില്‍ വരാന്തയുടെ സുരക്ഷ വിട്ടു പുറത്തേക്ക് ഇറങ്ങി. രണ്ടും കല്പിച്ചു ഞാനും കുട നിവര്‍ത്തി ഇറങ്ങി: നനഞ്ഞ ഇരുട്ടിലേക്ക്, അളന്നു വെക്കുന്ന ചുവടുകളുമായി മൊബൈലിന്റെ ഫ്ലാഷ് വെളിച്ചത്തില്‍ മഴത്തുള്ളി നാരുകളുടെ ഇടയിലൂടെ വീട്ടിലേക്ക്..

May 05, 2014

കല്യാണപ്പാട്ട്

ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലെ കല്യാണപ്പാട്ട് കണ്ടു. സത്യൻ അന്തിക്കാടിനെ എന്തിനു കുറ്റം പറയണം? സെറ്റ് മുണ്ട് ഉടുത്ത് നൃത്തം ചെയ്യുന്ന പെൺ കിടാങ്ങൾ, മുക്കും മൂലയും വരെ കുരുത്തോലകോണ്ടലങ്കരിച്ച വീട്, നോഹയുടെ പെട്ടകത്തെ അനുസ്മരിപ്പിക്കുന്ന പ്രധാനപച്ചക്കറികളുടെ രണ്ടുവീതം  സ്പെസിമനുകൾ നിരത്തി വെച്ച മേശ, പടവലം കൊണ്ട് വാൾപ്പയറ്റ്, അങ്ങനെ കേരളത്തനിമ മുറ്റി നിക്കല്ലേ! ഒരാനേം കൂടി ആകാമായിരുന്നു..