March 02, 2019

ഒരു ആകാശയുദ്ധകഥ - Saga of Abhinandan Varthaman


ഇരുപത്തേഴിന്നു രാവിലെ 09:45നു ഇന്ത്യന്‍ റഡാറുകള്‍ പാകിസ്ഥാനിലെ ഒന്നിലധികം എയര്‍ ഫോഴ്സ് ബേസുകളില്‍ അസാധാരണ നീക്കങ്ങള്‍ കണ്ടുപിടിക്കുന്നു. മിനിറ്റുകള്‍ക്കുളില്‍ പത്തോ അതിലധികമോ പാക് പോര്‍വിമാനങ്ങള്‍ (സംഖ്യ കൃത്യമല്ല. വ്യത്യസ്ഥ റിപ്പോര്‍ട്ടുകള്‍ ഉള്ളതില്‍ നിന്നും പത്തിനും ഇരുപത്തിനും ഇടയില്‍ ഉണ്ടാകാനാണ് സാധ്യത) പറന്നുയരുന്നു. ഇവയെ ഖണ്ടിക്കുന്നതിനു വേണ്ടി ഇന്ത്യയുടെ രണ്ടു മിഗ് 21, മൂന്നു സുഖോയ് വിമാനങ്ങള്‍ അതിര്‍ത്തിക്ക് അടുത്തുള്ള രണ്ടു താവളങ്ങളില്‍ നിന്നും പറന്നുയരുന്നു. ഇതില്‍ പാക് എഫ്.16 വിമാനങ്ങളെ നേരിടുന്നത് ഇന്ത്യയുടെ മിഗ് 21 വിമാനങ്ങള്‍ ആണ്. ഇവ തമ്മിലാണ് ഇപ്പോള്‍ ചരിത്രമായ ആകാശയുദ്ധം നടന്നത്. 

പാകിസ്ഥാന്‍ കാശ്മീരില്‍ നിന്നുമുള്ള ദൃക്സാക്ഷികളെ അടിസ്ഥാനപ്പെടുത്തി അവിടത്തെ ദിനപത്രമായ ഡോണ്‍ റിപോര്‍ട്ട് ചെയ്തതതു അനുസരിച്ചു നിയന്ത്രണ രേഖയില്‍ നിന്നും ഏകദേശം ഏഴു കിമീ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഹോരാ ഗ്രാമത്തിലാണ് ഇന്ത്യന്‍ വിമാനം തകര്‍ന്നു വീഴുന്നത്. സംഭവം കണ്ട ദൃക്സാക്ഷി പറഞ്ഞത് രണ്ടു വിമാനങ്ങള്‍ വീഴുന്നത് കണ്ടു; അതില്‍ ഒന്നു വളരെ വേഗത്തില്‍ തൊട്ടടുത്ത് തന്നെ തകര്‍ന്നു വീണപ്പോള്‍ മറ്റേത് തീ പിടിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് പോകുന്നത് കണ്ടു എന്നാണ്. ഇതില്‍ ആദ്യത്തെ വിമാനത്തില്‍ നിന്നും ഒരു പാരച്യൂട് കണ്ടു എന്നും പൈലറ്റ് ഏകദേശം ഒരു കിമീ മാറി ലാന്ഡ് ചെയ്തു എന്നുമാണ്.

11:44നു എ.എന്‍.ഐ (ന്യൂസ് ഏജന്‍സി) പാകിസ്ഥാന്‍ രാജോറി സെക്ടര്‍ ഭേദിച്ചു ഇന്ത്യന്‍ ആര്‍മി പോസ്റ്റുകള്‍ക്ക് സമീപം ബോംബുകള്‍ വര്‍ഷിക്കുകയും എന്നാല്‍ ആളപായം ഇല്ല എന്നും റിപ്പോര്‍ട് ചെയ്തു. ഇവിടെ നിന്നുമാണ് പിന്നീട് ഇന്ത്യന്‍ സൈന്യം എഫ്.16 വിമാനങ്ങളില്‍ ഉപയോഗിയ്ക്കുന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നത്. ഇന്ത്യന്‍ ബ്രിഗേഡ് എച്ച്.ക്യൂ ആയിരുന്നു പാക് വിമാനങ്ങളുടെ ലക്ഷ്യം എന്നാണ് ആര്‍മി കണക്കാക്കുന്നത്. 

11:49നു പാകിസ്ഥാന്‍ രണ്ടു ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തി എന്നും ഒരെണ്ണം പാക് കാശ്മീരില്‍ വീണപ്പോള്‍ അടുത്തത് ഇന്ത്യന്‍ ഭാഗത്ത് വീണു എന്നുമാണ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തത്. മൂന്നു പൈലറ്റുകള്‍ ഇജക്റ്റ് ചെയ്തതില്‍ ഒരു ഇന്ത്യന്‍ പൈലറ്റ് പാക് സൈന്യത്തിന്‍റെ കസ്റ്റഡിയില്‍ ഉണ്ടെന്നും, രണ്ടുപേര്‍ പിടിയില്‍ ആയിട്ടില്ല എന്നും ട്വീറ്റില്‍ പറയുന്നു.

11:59നു ഇന്ത്യയിലേക്ക് കടന്ന ഒരു പാക് എഫ്.16 വിമാനം ഇന്ത്യ വീഴ്ത്തി എന്നും, വിമാനം നിയന്ത്രണ രേഖക്ക് അപ്പുറം പാക് കശ്മീരില്‍ മൂന്നു കിമീ മാറി വീണു എന്നും എ.എന്‍.ഐ റിപോര്‍ട്ട് ചെയ്യുന്നു.  വീഴുന്നതിന് മുമ്പ് പാരച്യൂട് കണ്ടതായും അവര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മുകളില്‍ പറഞ്ഞ ഡോണ്‍ പത്രറിപ്പോര്‍ട്ടും, പാക് പ്രതിനിധിയുടെ ട്വീറ്റും, എ.എന്‍.ഐയുടെ ട്വീറ്റും കൂട്ടി വായിക്കുമ്പോള്‍ രണ്ടു വിമാനങ്ങള്‍ വീണതായി ഉറപ്പിക്കാം. ഡോണ്‍ റിപ്പോര്‍ട്ടില്‍ ദൃക്സാക്ഷി പറയുന്ന സമയം ബാക്കി റിപ്പോര്‍ട്ടുകളുടെ സമയവുമായി ചേര്‍ന്ന് പോകുന്നില്ല എന്നു കൂടി പറയട്ടെ. ഈ ഒരു അനോമലി ഒഴിവാക്കിയാല്‍ ഏറെക്കുറെ വ്യക്തമായ ചിത്രം ലഭിക്കുന്നു. ഒരു ഇന്ത്യന്‍ മിഗും, പാക് എഫ്.16നും പാക് കാശ്മീരില്‍ നാലോ-അഞ്ചോ കിമീ വിത്യാസത്തില്‍ തകര്‍ന്നു വീഴുന്നു; മിഗിലെ ഒരു പൈലറ്റും, എഫ്.16ലെ രണ്ടു പൈലറ്റുകളും (ട്വിന്‍ സീറ്റര്‍ വിമാനമാണ് എഫ്.16) ഇജക്റ്റ് ചെയ്യുകയും ചെയ്യുന്നു; ഇന്ത്യന്‍ പൈലറ്റ് പാക് കസ്റ്റഡിയില്‍ ആകുന്നു. എന്നാല്‍ പാക് വിമാനത്തെ കുറിച്ചോ, രണ്ടു പൈലറ്റ്കളെ കുറിച്ചോ ഒരു റിപ്പോര്‍ട്ടും (ഗഫൂറിന്‍റെ അവ്യക്ത ട്വീറ്റ് ഒഴികെ) ഇതുവരെ വന്നിട്ടില്ല. .

പാകിസ്ഥാനെ സംബന്ധിച്ചു ഒട്ടും ശുഭകരമായ സംഭവമല്ല എഫ്.16 വിമാനത്തിന്‍റെ പതനം. അതേ സമയം രക്ഷപ്പെട്ട രണ്ടു പാക് വൈമാനികരില്‍ ഒരാളെ ജനക്കൂട്ടം ഇന്ത്യാക്കാരന്‍ ആണെന്ന് കരുതി തല്ലികൊന്നു എന്നു ചില സൈറ്റുകളില്‍ വാര്ത്തകള്‍ വന്നിരുന്നു. ഇതിന്റെ സത്യാവസ്ഥ ആറിയില്ല. ഇരുപത്തിആറിലെ ഇന്ത്യന്‍ ആക്രമണത്തിന് പുറകെ പാക് പ്രത്യാക്രമണത്തില്‍ ഒരു എഫ്.16 കൂടി നഷ്ടപ്പെട്ടു എന്നു കൂടി വന്നാല്‍ പാക് സൈന്യത്തിനും ഭരണകൂടത്തിനും അതൊരു വല്ലാത്ത നാണക്കേട് ആകും എന്നു ഉറപ്പാണ്. അതിനു ഇടക്കാണ് ഒരു ഇന്ത്യന്‍ പൈലറ്റ് പാക് കശ്മീരില്‍ അകപ്പെടുന്നത്. ജനങ്ങള്‍ക്ക് മുമ്പില്‍ മുഖം രക്ഷിക്കുന്നതിന് പാകിസ്ഥാന് ലഭിച്ച ഒരു വരമായി അഭിനന്ദന്‍ മാറുന്നു. ഒരുപക്ഷേ ഇതുകൊണ്ടാകാം അഭിനന്ദിനെ അവര്‍ കൊല്ലാതെ ഇരുന്നത്. കാര്‍ഗില്‍ യുദ്ധ കാലത്ത് ക്യാപ്റ്റന്‍ കാലിയയോട് ചെയ്തത് ഒക്കെ നോക്കിയാല്‍ അഭിനന്ദിന് കിട്ടിയ ഈ പെരുമാറ്റം അദ്ഭുതാവാഹമാണ്. ഒരു ഇന്ത്യന്‍ വൈമാനികന്‍റെ ചലനമറ്റ ശരീരത്തെക്കാള്‍ കണ്ണുകള്‍ കെട്ടി കൈകള്‍ ബന്ധിക്കപ്പെട്ടു രക്തം വാര്‍ന്നോലിക്കുന്ന മുഖത്തിന് പാക് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത കിട്ടുമെന്ന് അവര്‍ മനസ്സിലാക്കി.  ഇതേ സമയം പാക് മാധ്യമങ്ങളും, സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും പാക് വീഴ്ത്തിയ വിമാനങ്ങളുടെ ചിത്രങള്‍ എന്ന രീതിയില്‍ ഇന്ത്യയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നു വീണ വിമാനങ്ങളുടെ ചിത്രങള്‍ പരചരിപ്പിക്കുന്നു. ഇങ്ങനെ എല്ലാ ശ്രദ്ധയും ഇന്ത്യയുടെ തകര്‍ന്നു വീണ 'വിമാനങ്ങളിലേക്ക്' തിരിഞ്ഞതിന് ശേഷം അഭിനന്ദിന്‍റെ അറസ്റ്റ് വെളിപ്പെടുത്തുന്നു.

ഉച്ചക്ക് മൂന്നേകാലിന് പത്രസമ്മേളനത്തില്‍ ഇന്ത്യ വാര്‍ത്ത സ്ഥിതീകരിക്കുന്നു. എന്നാല്‍ രണ്ടു വിമാനങ്ങള്‍ ഇല്ല; ഒരെണ്ണം മാത്രമേ ഉള്ളൂ എന്നും വെളിപ്പെടുത്തുന്നു. ഇത് പാകിസ്ഥാന്‍ സമ്മതിക്കുന്നത് വൈകുന്നേരം 06:19നാണ് (ഗഫൂറിന്‍റെ ട്വീറ്റ്). ഇതിനിടയില്‍ അഭിനന്ദിനെ അറസ്റ്റ് ചെയ്യുന്നതും, ചോദ്യം ചെയ്യുന്നതും ഒക്കെ ആയ വീഡിയോകള്‍ അവര്‍ പുറത്തു വിടുന്നു. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് രാവിലെ മൂന്നു വൈമാനികര്‍ എന്നു പറഞ്ഞ ഗഫൂര്‍ വൈകുന്നേരം ആയപ്പോള്‍ ഒരു വൈമാനികന്‍ എന്നു നിലപാട് മാറ്റി എന്നതാണു. ഇതിനിടയില്‍ ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ച് പാക് ആക്രമത്തില്‍ നിശിതമായ പ്രതിഷേധം ഉന്നയിക്കുകയും, പുല്‍വാമ ആക്രമത്തില്‍ ജെ.ഇ.എം പങ്കിനെ കുറിച്ചുള്ള തെളിവുകളും നല്കുന്നു.

അടുത്ത ദിവസം നേരം പുലരുംപോഴേക്കും ലോകത്തിലെ സൈനിക ശക്തികള്‍ എല്ലാം തന്നെ തീവ്രവാദത്തിന് എതിരെ ശക്തമായ നടപടി എടുക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. പാകിസ്താന്‍റെ ഏറ്റവും വലിയ കൂട്ടാളിയായ ചൈന പോലും പാകിസ്താനെതിരെ നിന്നു. തുടര്‍ന്നു ഉച്ചയോടെ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയം ശക്തമായ നിലപാടുകള്‍ വ്യക്തമാക്കുന്നു. അഭിനന്ദിന്‍റെ ഏറ്റവും വേഗത്തിലുള്ള മോചനം അല്ലാതെ വേറൊന്നും സ്വീകാര്യമല്ല എന്നും, അഭിനന്ദിനെ വെച്ചു വിലപേശല്‍ നടത്താന്‍ ശ്രമിക്കേണ്ട എന്നും ഇന്ത്യ താക്കീതു നല്കുന്നു. ഒപ്പം തന്നെ വൈകുന്നേരം അഞ്ചുമണിക്ക് മൂന്നു സേന വിഭാങ്ങളുടെയും മേധാവികള്‍ പത്രമാധ്യമങ്ങളെ ബ്രീഫ് ചെയ്യുമെന്നും അറിയിയ്ക്കുന്നു. ലോക രാജ്യങ്ങളുടെ എതിര്‍പ്പും, ഉറ്റ കൂട്ടാളിയുടെ ചുവടുമാറ്റവും, ഇന്ത്യയുടെ ശക്തമായ നിലപാടും പാകിസ്ഥാനെ വിഷമസന്ധിയിലാക്കി. നാലരയോടെ ഇമ്രാന്‍ ഖാന്‍ അവരുടെ പാര്‍ലമെന്‍റില്‍ അഭിനന്ദിനെ അടുത്ത ദിവസം തന്നെ വിട്ടയക്കുമെന്ന് പ്രഖ്യാപിക്കുന്നു. ആ സമയത്ത് ലോകത്തിന് മുമ്പില്‍ മുഖം രക്ഷിക്കാന്‍ ഇതല്ലാതെ ഇമ്രാന് മുമ്പില്‍ വേറെ മാര്‍ഗമില്ലാ എന്നതാണു വാസ്തവം.

ഇതിനിടയില്‍ പാക് എഫ്.16 വിമാനങ്ങള്‍ ഉപയോഗിച്ചു എന്നതിന് വ്യക്തമായ തെളിവുകള്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു. എഴുമണിക്ക് സേന പ്രതിനിധികളുടെ പത്ര സമ്മേളനത്തില്‍ (അഞ്ചുമണിയുടെ പത്രസമ്മേളനം രണ്ടു മണിക്കൂര്‍ നീട്ടി വെച്ചിരുന്നു) തെളിവുകള്‍ പത്ര മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. അമേരിക്കുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ചു എഫ്.16 വിമാനങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അമേരിക്കയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഉപയോഗിക്കാന്‍ പാടില്ല. അതുകൊണ്ടു തന്നെ ഈ വാര്‍ത്ത പാകിസ്താന്‍റെ അമേരിക്കന്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കും എന്നതില്‍ സംശയമില്ല.

മാര്‍ച്ച് ഒന്നിന് ഇസ്ളാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യ വിശിഷ്ടഅധിതിയായി പങ്കെടുക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് സമ്മേളനം ബഹിഷ്കരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുന്നു. ഇതേ പാകിസ്ഥാനാണ് തലേ ദിവസം സമാധാന ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ് എന്നു പറഞ്ഞത്. ഇതേ പാകിസ്ഥാനാണ് 99ല്‍ ദില്ലി -ലാഹോര്‍ ബസ് സര്‍വീസ് ഉദ്ഘാടനത്തിന് തൊട്ട് പിറകെ കാര്‍ഗില്‍ യുദ്ധം അഴിച്ചു വിട്ടത്. ഇതേ പാകിസ്ഥാനാണ് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാകിസ്താനില്‍ ഉണ്ട് എന്നു ഇപ്പോള്‍ വിളിച്ച് പറഞ്ഞത്; ഇതേ പാകിസ്ഥാനാണ് ഒസാമ ബിന്‍ ലാദന്‍ (യു.എസ്. അവിടെ നുഴഞ്ഞു കയറി അയാളെ കൊന്നു തള്ളുന്ന വരെ) എവിടെ എന്നറിയില്ല എന്നു പറഞ്ഞിരുന്നത്.. ഇനിയും അവരെ വിശ്വസിക്കുന്നവര്‍ വിഡ്ഢികള്‍ അല്ലാതെ വേറെ ആരുമാകില്ല! പാകിസ്താനില്‍ സൈന്യത്തിനും രഹസ്യപോലീസിനും ഉള്ള ശക്തി ഉപയോഗിച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കാനും, പൂഴ്ത്താനും സാധിക്കുന്നത് കൊണ്ട് ഗഫൂര്‍ വിഴുങ്ങിയ ആ രണ്ടു പൈലറ്റ്മാരെ പറ്റി അവിടെ ആരും ചോദ്യം ഉന്നയിക്കുന്നില്ല.അവരുടെ ജീവന്‍ സുരക്ഷിതമായി ഇരിക്കട്ടെ! മാര്‍ച്ച് ഒന്നു രാത്രിയോടെ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറുന്ന സമയത്തും എല്ലാ മര്യാദകളും ലംഘിച്ചു കൈമാറ്റം ഒരാഘോഷമാക്കി മാറ്റാന്‍ പാകിസ്ഥാന്‍ ശ്രമിച്ചു എന്നതില്‍ നിന്നും അവരുടെ ഉദ്ദേശം വ്യക്തമാണ്. 

ഏതായാലും ആദ്യമായി ഒരു മിഗ് വിമാനം ഉപയോഗിച്ച് എഫ്.16 വിമാനം വീഴ്ത്തിയ അഭിനന്ദിന് "ഫാള്‍കന്‍ സ്ലേയര്‍" എന്ന പേരാണ് ചില വെബ് സൈറ്റുകള്‍ ചാര്‍ത്തി കൊടുത്തിരിക്കുന്നത് (ഫാല്‍കന്‍ എന്നത് എഫ്.16 വിമാനത്തിന്‍റെ പേരാണ്). ശത്രുപാളയത്തില്‍ തകര്‍ന്നു വീണപ്പോഴും അദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും, ചോദ്യം ചെയ്യലുകള്‍ നേരിട്ട രീതിയും അതിമാനുഷികം എന്നുമാത്രമേ എന്നെ പോലെ ഒരു സാധാരണക്കാരന് വിശേഷിപ്പിക്കാന്‍ സാധിക്കൂ. ഒപ്പം തന്നെ ഇരുപത്തി ആറിലെ ഇന്ത്യന്‍ ആക്രമണം കൃത്യ സ്ഥലത്തു തന്നെ കൊണ്ടു എന്നു ഉറപ്പിക്കാം; അല്ലാതെ അവര്‍ പറഞ്ഞ പോലെ രണ്ടു മരങ്ങള്‍ മാത്രമേ വീണിട്ടുള്ളൂ എങ്കില്‍ അവര്‍ പത്തിലധികം വിമാനങ്ങള്‍ ഇങ്ങോട്ട് വിടണ്ട ആവശ്യം ഇല്ലാലോ.

ജയ് ഹിന്ദ്!

Source Links: