March 04, 2018

സ്വരാജിന് ഒരു മറുപടി

പ്രിയപ്പെട്ട സ്വരാജ്,

ത്രിപുരയില്‍ ഇടതുപക്ഷം തോറ്റതിനെ കാവ്യാത്മകമായി ന്യായീകരിച്ച്കൊണ്ട് താങ്കള്‍ എഴുതിയ കുറിപ്പുകണ്ടു. അതില്‍ എഴുതിയ ചിലകാര്യങ്ങള്‍ക്ക് മറുപടി എഴുതണം എന്ന് തോന്നി. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു എഴുത്ത്.

നിങ്ങളുടെ ലേഖനത്തിന്‍റെ തലവാചകം തന്നെ 'പരാജയപ്പെട്ടത് ത്രിപുരയാണ്' എന്നാണ്. അതായത് കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷം നിങ്ങള്‍ ഭരിച്ച ജനങ്ങള്‍ നിങ്ങളുടെ ഭരണം മടുത്ത് മാറി ചിന്തിച്ചതിന്റെ ഫലമായല്ല, മറിച്ചു ബി.ജെ.പി എന്തോ കള്ളക്കളി കളിച്ചാണ് ജയിച്ചതും, സത്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒപ്പം നില്‍ക്കുന്ന ജനങ്ങള്‍ കബളിക്കപ്പെട്ടതാണ് എന്നും സാരം. അങ്ങനെ അല്ലെ? ഇത്രയും കാലം നിങ്ങള്‍ ഭരിച്ചിട്ടും അവിടെ ബി.ജെ.പി ഇപ്രകാരം ഒരു മാസ് മാനിപുലേഷന്‍ നടത്തി എങ്കില്‍ അത് ആരുടെ പിടിപ്പുകേടാണ്? അല്ല, ചോദിച്ചു എന്ന് മാത്രം. നിങ്ങള്‍ക്ക് ജനങ്ങളെ സമ്പന്നരാക്കാന്‍ സാധിക്കില്ല, അതുകൊണ്ട് എല്ലാവരെയും ദരിദ്രരാക്കുക (സമ്പത്ത് നേതാക്കള്‍ക്ക്). അങ്ങനെ ദരിദ്രരെ അടിച്ചമര്‍ത്തി ഭരണം നിലനിര്‍ത്തുക. ഇതാണ് കമ്മ്യൂണിസ്റ്റ് രീതി. ഇന്നലെ ഒരു വാര്‍ത്ത ചര്‍ച്ചയില്‍ ശ്രീമാന്‍ എം.ബി രാജേഷ് പറയുകയുണ്ടായി ത്രിപുരയില്‍ വളര്‍ന്നുവരുന്ന മധ്യവര്‍ഗം ബി.ജി.പി അനുകൂല നിലപാട് എടുത്തു എന്ന്. അതെ, ശ്രീ സ്വരാജ്, മാണിക് സര്‍ക്കാര്‍ ദരിദ്രനാണ് എന്നതുകൊണ്ട് ജനങ്ങള്‍ ദരിദ്രരായി ജീവിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലലോ. അതുകൊണ്ട് കഴിഞ്ഞ കാല്‍ നൂട്ടാണ്ട് കാലത്തെഭരണമാണ് തോറ്റത്, അല്ലാതെ ത്രിപുര അല്ല.   

"അവിടെ സി പി ഐ (എം) പരാജയപ്പെട്ടു. കേവലം 3% വോട്ട് മാത്രമാണ് കുറഞ്ഞത് . തോറ്റപ്പോഴും തകർന്നു പോയില്ലെന്ന് സാരം"
2013 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന 2014 ലോക സഭാ തിരഞ്ഞെടുപ്പില്‍ 64% ആയിരുന്നു സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍. അതാണ്‌ ഇപ്പോള്‍ ഇടിഞ്ഞു കുത്തി 45% എത്തിയത്. അത് ഒരു കുറവ് തന്നെയല്ലേ? 2016ലെ കേരള നിയമസഭാ ഇലക്ഷനില്‍   യുഡി എഫും  ഇടതു സഖ്യവും തമ്മില്‍ നാലര ശതമാനത്തിന്‍റെ വിത്യാസമേ ഉള്ളു. അതുകൊണ്ട് നിങ്ങളുടെ നെഗളിപ്പിനു കുറവൊന്നും വന്നില്ലല്ലോ? 

അതിനു താഴെ നിങ്ങള്‍ മുസ്സോളിനിക്കും, ഹിറ്റ്ലര്‍ക്കും കിട്ടിയ വോട്ടു ശതമാനം ഒക്കെ പറയുന്നുണ്ട്. വിരോധാഭാസം എന്നുപരയട്ടെ വോട്ടു ശതമാനം നോക്കി അടിത്തറ ശക്തം എന്ന് അതിനു തൊട്ടുമുകളില്‍ നിങ്ങള്‍ തന്നെ പറഞ്ഞതിന്‍റെ നേര്‍ വിപരീതമല്ലേ ഈ ഒരു താരതമ്യം? വോട്ടുശതമാനം കൂടുന്നത് ഭീകരതയുടെ ലക്ഷണം ആണെങ്കില്‍ നിങ്ങള്‍ പത്തറുപത് വര്‍ഷം പുറകിലെ യൂരോപ്പിലോട്ടു നോക്കാതെ ഇപ്പോഴത്തെ ചൈനയിലെക്കോ, വടക്കന്‍ കൊരിയയിലെക്കോ ഒക്കെ നോക്കു. അവിടെ നൂറു ശതമാനം വോട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. അതുകൊണ്ട് തന്നെ അവിടത്തെ അവസ്ഥ എന്താണ് എന്ന് നമുക്ക് അറിയാവുന്നതുമാണ്.

"ഇറ്റലിയിൽ , മിലാനിലെ തെരുവുകളോട് ചോദിയ്ക്കുക .. ജർമനിയിലെ പ്രേതാലയങ്ങളായ തടങ്കൽ പാളയങ്ങളോട് ചോദിക്കുക .. പറഞ്ഞു തരും ജനാധിപത്യത്തിന്റെ വിധിയെഴുത്തിൽ ഒരു ജനതയ്ക്കു പറ്റിയ കൈത്തെറ്റ് കാലം തിരുത്തിയതെങ്ങനെയെന്ന്"

ചോദ്യം ചോദിക്കുമ്പോള്‍ അവിടെ മാത്രമല്ല, പഴയ യു.എസ്.എസ്.ആറിലെ പിഴുതെറിയപ്പെട്ട ലെനിന്‍-സ്റ്റാലിന്‍ പ്രതിമകലോടും, വടക്കന്‍ കൊറിയയിലെ തടങ്കല്‍ പാളയങ്ങലോടും, ചൈനയില്‍ വിചാരണ ഇല്ലാതെ തല അറുക്കപ്പെട്ടവരുടെ ആത്മാക്കലോടും, കംബോഡിയയിലെ തലയോട്ടികലോടും ഒക്കെ കൂടി ചോദിക്കണേ! സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത് അതെ ആക്രമത്തിലൂടെ അധികാരം നിലനിര്‍ത്തുന്ന രീതി ഇപ്പറഞ്ഞതില്‍ ചില സ്ഥലങ്ങളില്‍ എങ്കിലും ജനം തൂത്തെറിഞ്ഞിട്ടുണ്ട്. അങ്ങനെ പണ്ട് വിപ്ലവത്തിന് കൂടെ നിന്നു എന്ന തെറ്റിന് അവര്‍ പ്രായശ്ചിത്തം ചെയ്തിട്ടുമുണ്ട്. അപ്പോള്‍ പറയുമ്പോള്‍ ഈ രാജ്യങ്ങളെ കൂടി പറയുക.

"ത്രിപുര പിടിയ്ക്കാനായി ആർ എസ് എസ് നട്ടുവളർത്തുന്നത് വിഘടനവാദത്തെയാണ്. അധികാരം നേടാൻ വിഘടനവാദികളുമായി സഖ്യമുണ്ടാക്കുമ്പോൾ ഒറ്റുകൊടുക്കുന്നത് രാജ്യത്തെ തന്നെയാണ്"

കശ്മീര്‍ വിഘടന വാദികളുടെ വീട്ടുപടിക്കല്‍ ഭിക്ഷ ചോദിച്ചു ചെന്ന യെച്ചൂരി അടക്കമുള്ള സഖാക്കളുടെ ചിത്രവും, പാര്‍ട്ടി ആപ്പീസുകളിലേക്ക് സമ്മാനവുമായി പോകുന്ന ചൈനീസ് ഉദ്യോഗസ്ഥരുടെ ചിത്രവും, "ഹിന്ദുസ്ഥാന്‍ കി ബര്‍ബാദീ കരേംഗെ" എന്ന് മുദ്രാവാക്യം വിളിച്ചവരെ തലയില്‍ വെച്ച് നടന്ന ചിത്രവും വെറുതെ ഓര്‍മ്മ വന്നു. അതൊരു തെറ്റാണോ? പിന്നെ ഗോത്രവര്‍ഗക്കാര്‍ അവിടെ പുരോഗതിക്ക് വേണ്ടി പോരാടുന്നത്, അതും കാല്‍ നൂറ്റാണ്ട് നിങ്ങള്‍ ഭരിച്ച സ്ഥലത്ത്, എങ്ങനെ വിഘടന വാദം ആകും? അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ കഴിഞ്ഞ ആഴ്ച നമ്മള്‍ കണ്ടതാണ്. ഒരു ജനതയെ എല്ലാക്കാലവും അടിച്ചമര്‍ത്താം എന്നാ കമ്മ്യൂണിസ്റ്റ് മണ്ടത്തരം പോളിഞ്ഞതിന്റെ വിഷമം അങ്ങയുടെ വാക്കുകളില്‍ ഞാന്‍ കാണുന്നു.

"രാജ്യം തകർന്നാലും കമ്യൂണിസ്റ്റുകാരുടെ പരാജയം ആഘോഷിക്കണമെന്ന് ചിന്തിക്കുന്നവർ ഇന്ത്യയുടെ ,മനുഷ്യരുടെ മിത്രങ്ങളല്"
ഇന്ത്യയുടെ വിദേശ നയം ചൈനക്ക് ദോഷം ചെയ്യുന്നു എന്ന് പറഞ്ഞു വിലപിച്ചവരാണ് രാജ്യസ്നേഹം പറയുന്നത്. രാജ്യം എന്നാ സങ്കല്പം തന്നെ തെറ്റാണ് എന്നൊക്കെ ആയിരന്നു കുറച്ചു കാലം മുമ്പ് വരെ പാര്‍ട്ടി ബുജികള്‍ ഛര്‍ദിചിരുന്നത്.ഇപ്പോള്‍ മനം മാറ്റം ഉണ്ടായത് എന്നെ ഹ‌‍ഠാദാകര്‍ഷിക്കുന്നു.

"കാൽ നൂറ്റാണ്ടിന് മുമ്പ് ഇതേ ത്രിപുരയിൽ തോറ്റ പാർട്ടിയാണിത്. തുടർന്ന് നടമാടിയ ഭീകരവാഴ്ചയെ പ്രാണൻ കൊടുത്തു നേരിട്ട വിപ്ലവകാരികളുടെ മണ്ണാണ് ത്രിപുര"
പത്ത് നാല്‍പ്പത് വര്‍ഷങ്ങള്‍കൊണ്ട് ത്രിപുരയില്‍ മരിച്ച കൊണ്ഗ്രസ്സുകാരുടെ എണ്ണം പതിനായിരക്കണക്കാണ്. ഇനി ഭരണം പോയ സ്ഥിതിക്ക് മന്ത്രിമന്തിരങ്ങളുടെ പറമ്പുകള്‍ ഉഴുതുമറിക്കുമ്പോള്‍ അറിയാം ഉപ്പു നിറച്ച ചാക്കുകളില്‍ എത്ര മൃതദേഹങ്ങള്‍ ലഭിക്കും എന്ന്.

"ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അതിലഹങ്കരിച്ച് ഉത്തരവാദിത്വങ്ങൾ വിസ്മരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ "
മൂന്നു വാക്കുകള്‍: പിണറായി വിജയന്‍ സര്‍ക്കാര്‍. കൂടുതല്‍ പറയേണ്ട ആവശ്യമുണ്ടോ, അഹങ്കാരത്തെ കുറിച്ചും, ഉത്തരവാദിത്തത്തെ കുറിച്ചും?

"ഉദിക്കുവാനായല്ലാതെ ഇന്നോളം സൂര്യനസ്തമിച്ചിട്ടില്ലെന്ന് ഓർക്കുക"
സഖാവ് പി.വിജയനോടും ഇതൊന്നു പോയി പറയണേ; പുള്ളി ചെന്നൈ  അപ്പോളോ ആശുപത്രിയില്‍ നിന്നും ചെക്കപ് കഴിഞ്ഞു വരുമ്പോള്‍.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ.
നിര്‍ത്തുന്നു.