December 31, 2013

കാലത്തിന്റെ അളവുകോലുകള്‍

ജിജ്ഞാസ പ്രതീക്ഷയും, പ്രതീക്ഷ ആഗ്രഹവും, ആഗ്രഹം ദുരാഗ്രഹവുമാകുന്നത് കാലത്തിന്റെ ഒരു കളിയാണ്. ഒരു പക്ഷെ മനുഷ്യകുലത്തിന്റെ നിലനില്പിന് തന്നെ കാരണം ഈ ഒരു കളിയാകണം. അതുകൊണ്ടാണല്ലോ കാലത്തെ അളക്കാന്‍ നമ്മള്‍ തുടങ്ങിയത്. പ്രാദേശികമായി അളവുകോലുകള്‍ പലതുണ്ടായി. തോത് എന്തുതന്നെ ആയാലും ഓരോ പ്രഭാതവും മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ആഗ്രഹപ്രാപ്തിക്കുള്ള ഒരായിരം വാതായനങ്ങളാണ് തുറന്നിടുന്നത്. ജീവിതാന്ത്യം വരെ തുടരുന്ന ഈ യാത്രക്കിടയില്‍ തന്റെ ചെയ്തികളെക്കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും ഒരു പുനര്‍വിചിന്തനം നടത്താന്‍ ഒരു സൂചിക മനുഷ്യന്‍ സൃഷ്ടിച്ചു: പുതുവത്സരം.

ഗ്രിഗോറിയന്‍ കലണ്ടറില്‍ നാളത്തെ പ്രഭാതം നവ വര്‍ഷത്തെ കുറിക്കുന്ന വേളയില്‍ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ശോഭനമായ പുതുവത്സരം ആശംസിക്കുന്നു!

December 30, 2013

പിന്മാറ്റം

ക്ലിഫ് ഹൌസ് ഉപരോധം, കരിങ്കൊടി പ്രതിഷേധം, ബഹിഷ്കരണം എന്നിങ്ങനെ മുഖ്യമന്ത്രിക്കെതിരെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞ കുറച്ചു കാലമായി നടത്തി വന്നിരുന്ന എല്ലാ സമര മാരണങ്ങളും ബോറടിയെ തുടര്‍ന്ന്‍ ഇതിനാല്‍ നിര്‍ത്തിവെക്കാന്‍ മുന്നണി ഒന്നായ് തിരുമാനിച്ചിരിക്കുന്നു!

ഇനി പ്രതിഷേധം കാവിലെ പാട്ടുമത്സരത്തില്‍,സോറി, നിയമസഭയില്‍ ആയിരുക്കുമത്രെ! എന്ന് വെച്ചാല്‍ ഈ നിയമസഭയിലും എല്ലാ ദിവസവും വാക്ക് ഔട്ട്‌ തന്നെ എന്ന് സാരം!

പുതുവത്സരാനിമേഷന്‍ - 2014

പുതുവത്സരാനിമേഷന്‍ ഇതാ അഞ്ചാം വര്‍ഷവും!
(ഫ്ലാഷില്‍ ഉണ്ടാക്കിയത്)

December 29, 2013

മലബോര്‍ ആഭരണപ്പരസ്യം!

"ചേച്ചി, ഞാന്‍ സുന്ദരി ആയിട്ടില്ലേ?

"പിന്നേ... എന്താ ജ്വല്ലറി ഒന്നുമില്ലേ?"

"ഏയ്..ഞാന്‍ ഇട്ടില്ല. അതൊന്നും കൂള്‍ അല്ല. ഫ്രണ്ട്സ് കളിയാക്കും"

 

"ഭ ... നിന്നോടാരാടീ പറഞ്ഞെ കൂള്‍ അല്ലാന്നു? പിന്നെ ഞാന്‍ എന്തിനാ ജ്വല്ലറീം തുറന്നു ഇരിക്കണേ? %&#$ മോളെ, നീ ആരാന്നാ നിന്റെ വിചാരം? ശരിയാക്കി തരാം. നീ ഇങ്ങു വന്നേ. ഈ ഇരിക്കുന്ന രണ്ടു കിലോ മൊത്തം നിന്റെ കഴുത്തില്‍ ഇട്ടിട്ടേ നിന്നെ ഞാന്‍ വിടു! കൂള്‍ അല്ല പോലും. പെണ്ണിന്റെ സൌന്ദര്യം മൊത്തം ആഭരണങ്ങളില്‍ അല്ലെ. നിന്റെ വിവരദോഷി ഫ്രണ്ട്സിനോട് പോയി പണി നോക്കാന്‍ പറ"

 

"അയ്യോ, ചേച്ചി കൊല്ലല്ലേ, അയ്യോ ചേച്ചി കൊല്ലല്ലേ"

"അങ്ങനെ വഴിക്ക് വാ"

 

---(പാര്‍ട്ടിക്ക് ശേഷം)---

 

"ഇപ്പൊ എങ്ങനെ?"

"ശരിയാ ചേച്ചി, ഇപ്പൊ നല്ല ചേഞ്ച്‌"

"അതാണ്‌. കുറച്ചു ആഭരണം ഇട്ടാല്‍ ഉള്ള ഗുണം"

"ശരിയാ, (കല്യാണം കഴിച്ചാല്‍ ഇതടിച്ചു മാറ്റാമല്ലോ എന്ന് വിചാരിച്ച് ) എത്ര പേരാ പിന്നാലെ കൂടിയെന്ന് ചേച്ചിക്കറിയോ?"

"അതാണ്‌ ഈ ചേച്ചി!"

 

December 27, 2013

ആര്‍ യു ലോണ്‍സം ടുനൈറ്റ്‌?

"ആര്‍ യു ലോണ്‍സം ടുനൈറ്റ്‌.."

ലാപ്‌ടോപിലൂടെ ഒഴുകി വന്ന എല്‍വിസ്‌ ഗാനവും കേട്ട് അവളെ ഓര്‍ത്ത്‌ ഇരിക്കുന്നത് വേദനയുള്ള ഒരു സുഖമാണ്. ഇന്നേക്ക് മൂന്നുവര്‍ഷം ആയിരിക്കുന്നു അവളെ അവസാനമായി കണ്ടിട്ട്. എത്ര വലിയ പൂട്ടുകൊണ്ട് ബന്ധിച്ചാലും  ഓര്‍മ്മകളുടെ സഞ്ചാരം തടയാന്‍ സാധിക്കുമോ?

അവളുടെ ഒരു ചിരിക്കായ്‌ പറഞ്ഞ തമാശകളും, മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വര്‍ത്തമാനത്തിന് ശേഷം അവളുടെ ശബ്ദം കേട്ട് മയങ്ങിയ അസംഖ്യം രാത്രികളും എങ്ങനെ മറക്കും? പരസ്പരം ചിരികള്‍ പങ്കിട്ടു വടക്കുംനാഥനെ പ്രദക്ഷിണം വെച്ച് നടന്ന അസംഖ്യം സായാഹ്നങ്ങളും, അവളുടെ കണ്ണുകളില്‍ നോക്കി മനസ്സിലെ പ്രണയം പറയാതെ പറഞ്ഞ അസംഖ്യം നിമിഷങ്ങളും എങ്ങനെ മറക്കും? 

പ്രണയത്തേക്കാള്‍ വില സൌഹൃദത്തിന് നല്‍കിയ ഒരു വിഡ്ഢി ആയിരുന്നു ഞാന്‍.

യെസ്, ഐ ആം ലോണ്‍ സം ടുനൈറ്റ്.... 

 

December 25, 2013

ക്രിസ്മസ് ഓഫര്‍

ലോകമെമ്പാടുമുള്ള മനുഷ്യര്‍, വിശിഷ്യാ മലയാളികള്‍ നാളെ ക്രിസ്തുമസ് ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഉല്ലാസവേളകള്‍ കൂടുതല്‍ ആനന്ദകരമാക്കാന്‍ ഒരിറ്റു പ്രാണജലത്തിനായി കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ വഹ മദ്യ ഷാപ്പുകളിലെ നീണ്ട ക്യൂകളില്‍ അകപെട്ടുപോയ ഹതഭാഗ്യരേ, നിങ്ങളെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നു: തുച്ഛമായ നിരക്കില്‍ നിങ്ങള്‍ക്ക് പകരം ക്യുവില്‍ നിക്കാന്‍ മദ്യപിക്കാത്ത ബംഗാളികളുടെയും ബീഹാറികളുടെയും കമനീയ ശേഖരം ഞങ്ങള്‍ ഒരുക്കിയിരിക്കുന്നു!

ക്യൂവില്‍ നിക്കാന്‍ ഞങ്ങള്‍ തയ്യാര്‍, കാശ് തരാന്‍ നിങ്ങളോ?

-- കേരള ബംഗാളി - ബീഹാറി തൊഴിലാളി സമാജം, ക്ലിപ്തം നമ്പ്ര് 0000
ഹെഡ് ഓഫീസ്: ആലുവ, ബ്രാഞ്ച്:ഫരീദാബാദ്!

December 20, 2013

ഫുള്‍ ഫോം

 "ബിഎസ്സെന്നല്‍ എക്സ്ചേഞ്ച് അല്ലെ?"
"അതെ"
"എക്സ്ചേഞ്ച് ഇന്‍ ചാര്‍ജിന്റെ പേരും, ഡെസിഗ്നെഷനും അഡ്രസും ഒന്ന് വേണം"
"ഒരു മിനിറ്റ്"
"ഓക്കേ"
"എഴുതി എടുത്തോ, ശ്രീ ധൃതരാഷ്ട്രര്‍, എസ്.ഡി.ഓ, ഹസ്തിനപുരം എക്സ്ചേഞ്ച്"
"എസ്.ഡി.ഓ യുടെ ഫുള്‍ ഫോം ഒന്നു പറയാമോ?"
"അതു വേണോ?"
"വേണം"
"എസ്.ഡി.ഓ അല്ലെ...... ഫുള്‍ ഫോം ഒക്കെ ചോദിച്ചാല്‍..."
"????"
"അതു എസ്.ഡി ഓ എന്ന് തന്നെ എഴുതിയാല്‍ മതി. അതിനങ്ങനെ ഫുള്‍ ഫോം ഒന്നുമില്ല"
"!!!! ശരി മാഡാം"
"അല്ല, ഇതൊക്കെ എന്തിനാ?"
"ഒരു വക്കീല്‍ നോട്ടീസ് അയക്കാനാ"
"!!!!"

December 13, 2013

ഉപരോധം

"സലാം, സഖാവേ"
"ആം"
"സഖാവെന്താ ദില്ലീ പോയി തൊപ്പിയിട്ടോ?"
"ഇപ്പൊ എല്ലാ, അടുത്ത ഇലക്ഷന്‍ കഴിഞ്ഞാല്‍ ചിലപ്പോ വേണ്ടി വരും"
"അതു ശരിയാ"
"എന്തിനാ വന്നത്?"
"അല്ല, മുഖ്യമന്ത്രി രാജി വെച്ചിട്ടില്ല. രാജി വെച്ചില്ലേല്‍ വഴി നടത്തില്ല എന്നൊക്കെ നമ്മള്‍ പറഞ്ഞിരുന്നു"
"അതുകൊണ്ട്?"
"ആള്‍ വഴി നടക്കുന്നുണ്ട്, ഇപ്പോഴും"
"എന്നാ ഒരു കാര്യം ചെയ്യ്‌, നാളെ പോയി പുള്ളീടെ വീട് ഉപരോധിച്ചോ"
"അതിനു മുഖ്യന്‍ അങ്ങ് കാസരഗോടാ. മറ്റേ ജനസമ്പര്‍ക്കം. അപ്പൊ പിന്നെ വീടിന്റെ മുന്നില്‍ കിടന്നിട്ട് എന്താ കാര്യം?"
"ഇതാണ് താന്‍ സ്റ്റഡി ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്യാത്തത്തിന്റെ കുഴപ്പം"
"എന്താ സഖാവേ?"
"എടൊ, ഈ മുഖ്യനെ തിരഞ്ഞെടുത്തത് ആരാ?"
"ജനങ്ങള്‍"
"നമ്മള്‍ വഴി തടഞ്ഞാല്‍ പണി കിട്ടുന്നതാര്‍ക്കാ?"
"ജനങ്ങള്‍ക്ക്"
"ഈ മുഖ്യന്‍ എന്നാല്‍ ബൂര്‍ഷ്വാകളായ ജനങ്ങളുടെ പ്രതിനിധി ആണ്. അതുകൊണ്ട് നമ്മള്‍ മുഖ്യനെ തടഞ്ഞട്ട് കാര്യമില്ല.വിവരം കേട്ട ജനങ്ങളെ തടയണം. ബൂര്‍ഷ്വാകള്‍ പോയി തുലയട്ടെ"
"അപ്പൊ അടുത്ത തിരഞ്ഞെടുപ്പില്‍ ??"
"മറ്റേ തൊപ്പിക്കാര്‍ വന്നില്ലേല്‍ നമ്മുടെ കേരളം വീണ്ടും ഒരു രക്ത പങ്കില പൂങ്കാവനം ആകും"
"ഉവ്വ. പിള്ളാരേം വിളിക്കട്ടെ? സംയുക്തം ആക്കാം"
"അതു വേണോ?"
"അല്ല, പോലീസ് ഉള്ളതല്ലേ. അടി വീണാല്‍ അവര്‍ കൊണ്ടോളും"
"ഓ.. എന്നാ വിളിച്ചോ"
"സലാം സഖാവേ!

November 05, 2013

ഐ.എസ്.ആര്‍.ഓ ചൊവ്വാദോഷം!

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്നും വിജയകരമായി വിക്ഷേപിക്കപ്പെട്ടു. പാവങ്ങളുടെ ഉന്നമനത്തിനു ജീവിതം ഉഴിഞ്ഞു വെച്ചു എന്ന് സ്വയം വിശ്വസിക്കുന്ന ചില സാമൂഹിക പ്രവര്‍ത്തകര്‍ (ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള) ഈ വാര്‍ത്ത വന്നതിനു പിന്നാലെ ഇന്ത്യയുടെ ചൊവ്വാ പര്യവേഷണത്തിനേയും ഐ.എസ്.ആര്‍.ഓ-യേയും അപലപിച്ചു രംഗത്ത് വരുകയുണ്ടായി. ഇന്ത്യ പോലെയുള്ള ദരിദ്ര രാജ്യത്തിനു ഇത് അധിക ചിലവാണ് എന്നാണു ഇവര്‍ പറയുന്നത്. അവരോടായി ഇത്രയും പറഞ്ഞു കൊള്ളുന്നു:

  • ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം (ഒരുപക്ഷെ ലോകത്തിലെ ഏക) ബഹിരാകാശ ഗവേഷണ കേന്ദ്രം ആണ് ഐ.എസ്.ആര്‍.ഒ. മറ്റു രാജ്യങ്ങളുടെ കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെയും, വാര്‍ത്താ വിതരണ കൃത്രിമ ഉപഗ്രഹങ്ങളുടെ സേവനത്തിലൂടെയും ആണ് ഐ.എസ്.ആര്‍.ഒ ലാഭം കണ്ടെത്തുന്നത്.
  • ഐ.എസ്.ആര്‍.ഒ നിര്‍മ്മിച്ച കൃത്രിമ ഉപഗ്രഹങ്ങള്‍ ആണ് വാര്‍ത്താ വിതരണത്തിനും, കാലാവാസ്ഥ പ്രവചനത്തിനും (ഈ അടുത്തുണ്ടായ ഫാലിന്‍ ചുഴലിക്കാറ്റ് കൃത്യമായി പ്രവചിച്ച് അപകടം ഇല്ലാതാക്കിയത് ഈ കൃത്രിമ ഉപഗ്രഹങ്ങള്‍ ആണ്), ടെലി-മെഡിസിന്‍, വിദ്യാഭ്യാസം മുതലായ പല മേഘലകളിലും ഉപയോഗിക്കുന്നത്.
  • ഇന്ത്യയുടെ വാര്‍ഷിക ബജറ്റിന്റെ ഒരു ശതമാനം പോലും ഐ.എസ്.ആര്‍.ഒക്ക് ലഭിക്കുന്നില്ല. 99% പണം കൊണ്ട് മാറ്റാന്‍ സാധിക്കാത്ത ദാരിദ്ര്യം ബാക്കി ഒരു ശതമാനം കൊണ്ട് എങ്ങനെ മാറ്റാനാണ്?
  • തദേശീയമായി സാങ്കേതിക വിദ്യ നിര്‍മ്മിക്കുക വഴി ഇന്ത്യയിലെ യുവത്വത്തിനു ഊര്‍ജം പകരാന്‍ ഇത്തരം മിഷനുകള്‍ സഹായിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാരതീയര്‍ സാങ്കേതികമായി നേടിയ പുരോഗതി വീണ്ടെടുക്കാനുള്ള ചെറിയ കാല്‍വെയ്പുകളായാണ് ഐ.എസ്.ആര്‍.ഒയുടെ ഓരോ പര്യവേഷണങ്ങളും.


ഇതെല്ലാം മറന്നു ഐ.എസ്.ആര്‍.ഒയെ പഴിക്കുന്നവരുടെ ലക്‌ഷ്യം പാവങ്ങളുടെ ഉന്നമനം ഒന്നുമല്ല മറിച്ചു ഇന്ത്യക്കാര്‍ ഇനിയുള്ള കാലവും ശിലായുഗത്തില്‍ തന്നെ കഴിയണം എന്നുറപ്പാക്കുകയാണ്. രാജ്യദ്രോഹികള്‍ എന്നലാതെ ഇവരെ വിളിക്കാന്‍ വേറെ ഒരു വാക്കും എന്റെ മുന്നില്‍ ഇല്ല.

November 01, 2013

കേരളപ്പിറവി ആശംസകള്‍

 

മറുനാടുകളിലെ വിയര്‍പ്പിന് പകരം ചോര പൊടിയുന്ന പണിശാലകളില്‍ ആരോഗ്യം ഹോമിച്ച് വെട്ടിപ്പിടിച്ച സ്വത്ത് സോളാര്‍  തട്ടിപ്പ്, ജോലി തട്ടിപ്പ്, വിസ തട്ടിപ്പ്, നൈജീരിയ തട്ടിപ്പ്, സീറ്റ് തട്ടിപ്പ് എന്നിങ്ങനെ പലവിധമായ തട്ടിപ്പുകളില്‍ കൊണ്ട് കൊടുത്ത് ആപ്പില്‍ ആയവരും, സ്ത്രീകളുടെ മാനം കവര്‍ന്നു അന്തരംഗം അഭിമാനപൂരിതമാക്കുന്ന പകല്‍ മാന്യന്മാരും, ബൂസ്റ്റ് കുടിച്ചു നടക്കേണ്ട പ്രായത്തില്‍ ബൂസിനും (മദ്യം) മയക്കുമരുന്നുകള്‍ക്കും പുറകെ ഓടുന്ന ന്യൂ ജനറേഷന്‍ ആണ്‍-പെണ്‍ പിള്ളാരും അവര്‍ക്ക് കൂട്ടായ്  കഞ്ചാവിന്റെ കദന കഥ സിനിമയാക്കി ആ സിനിമ വില്‍ക്കാന്‍ വിശ്വാസങ്ങളെ ഒറ്റികൊടുത്ത് ആവിഷ്കാര സ്വാതന്ത്ര്യം എന്ന പര്‍ദ്ദക്കുള്ളില്‍ ഒളിക്കുന്ന സിനിമാക്കാരും, ഖജനാവില്‍ കയ്യിട്ട് വാരുന്ന ഭരണാധികാരികളും, അത് കണ്ടസൂയപൂണ്ട് ഹാലിളകി നടക്കുന്ന പ്രതിപക്ഷവും, ഇതെല്ലാം കൂടി കലക്കി കുപ്പീലാക്കി സ്വന്തം പേരെഴുതി ഒട്ടിച്ച് വിക്കാന്‍ നടക്കുന്ന മാധ്യമ വിദൂഷകരും, ഈ കലക്ക വെള്ളത്തില്‍ കാശ് വാരുന്ന മറുനാടന്‍ തൊഴിലാളികളും ഒക്കെ അടങ്ങുന്ന എന്റെ സ്വന്തം കേരളത്തിനു പിറന്നാളാശംസകള്‍, ബ്രോ!

 

October 28, 2013

നരേന്ദ്ര മോഡി

Narendra Modi

ബി.ജെ.പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദി.

August 13, 2013

നുണ

നാലാം ക്ലാസിലെ വല്യ വെക്കേഷന്‍ മുതല്‍ എന്നെ ഹിന്ദി-സംസ്കൃത ഭാഷകള്‍ പഠിപ്പിക്കുന്ന ചുമതല മുത്തശ്ശന്‍ സ്വമേധയാ ഏറ്റെടുത്തതിനെ പറ്റി മുമ്പൊരുനാള്‍ ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന് മുതല്‍ SSLC പരീക്ഷ കഴിയുന്ന വരെ മുത്തശ്ശന്‍ തന്നെ ആയിരുന്നു ഈ വിഷയങ്ങളില്‍ എന്റെ പ്രധാന അദ്ധ്യാപകന്‍. ഈ വര്‍ഷങ്ങളില്‍ ഓരോ പരീക്ഷക്കും മുമ്പ്‌ ഒന്നോ രണ്ടോ ദിവസം മുത്തശ്ശന്റെ വക റിവിഷന്‍ ഉണ്ടാകും. ഹിന്ദി ഗ്രാമ്മറും, പദ്യം ചൊല്ലലും, വിവര്‍ത്തനവും, സംസ്കൃതം ശ്ലോകങ്ങളുടെ അന്വയവും അര്‍ഥവും, ഒക്കെ ആയി ആകെ മൊത്തം ജഗ പോഗ. ഹിന്ദി-സംസ്കൃതം പരീക്ഷകളില്‍ അമ്പതില്‍ അമ്പതല്ലാത്ത ഒരു മാര്‍ക്കും മുത്തശ്ശനു സ്വീകാര്യമായിരുന്നില്ല. ഇളയ കുട്ടി എന്ന പരിഗണന ഉള്ളതുകൊണ്ടോ അതോ ഓരോ വര്‍ഷം കഴിയുമ്പോഴും മുത്തശ്ശന്റെ കാര്‍ക്കശ്യത്തില്‍ വന്നിരുന്ന കുറവുകൊണ്ടോ, എന്താണെന്നറിയില്ല, എനിക്ക് ചേട്ടന് കിട്ടിയ പോലെ അടി-എത്തമിടല്‍ ശിക്ഷകള്‍ വളരെ വളരെ അപൂര്‍വമായെ ഈ കാലയളവില്‍ കിട്ടിയിട്ടുള്ളൂ. അതിനു പകരം ഇമ്പോസിഷന്‍ ആണ് എനിക്ക് വിധിച്ചിരുന്ന ശിക്ഷാമുറ. രാവിലെ പ്രാതലിന് ശേഷം തുടങ്ങുന്ന പഠനം വൈകുന്നേരം ആറു മണി വരെ തുടരും. ഇടയ്ക്കു ഉച്ച ഭക്ഷണത്തിനും വൈകുന്നേരം ഉള്ള ചായക്കും മാത്രമാണ് ഒരു ഇടവേള ലഭിക്കുക. ഊരകത്തെ വല്യമ്മാന്‍ രാവിലെ വന്നാല്‍ ഒരു എക്സ്ട്രാ അര മണിക്കൂര്‍ കൂടി കിട്ടും. എന്നാല്‍ ഏഴാം ക്ലാസ്സിലെ കാക്കൊല്ല പരീക്ഷക്ക്‌ മുമ്പ്‌ ഈ പതിവ് തെറ്റി; അത്തവണ മുത്തശ്ശന്റെ ഹിന്ദി-സംസ്കൃതം ശിക്ഷണം ഉണ്ടായില്ല. അതിന്റെ അനന്തരഭലങ്ങള്‍ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആകില്ല. 

എന്തുകൊണ്ടാണ് ഏഴാം ക്ലാസ്സിലെ കാക്കൊല്ല പരീക്ഷക്ക്‌ മുത്തശ്ശന്‍ എന്നെ പഠിപ്പിക്കാതിരുന്നത് എന്നതിന് ഒരു ഉത്തരം നല്‍കാന്‍ എനിക്ക് ഇപ്പോഴും സാധിക്കില്ല. അത്തവണ എന്തുകൊണ്ടോ ആ പതിവ് തെറ്റി. ഏതായാലും അവിചാരിതമായി കിട്ടിയ ആ സ്വാതന്ത്ര്യം ഞാന്‍ ആഘോഷിച്ചു. മുത്തശ്ശന്റെ സഹായമില്ലാതെ തന്നെ എനിക്ക് പഠിക്കാന്‍ പറ്റും എന്ന അഹങ്കാരവും എനിക്കുണ്ടായിരുന്നു. അങ്ങനെ ഞാന്‍ തന്നെ രണ്ടു വിഷയങ്ങളും പഠിച്ച് പരീക്ഷ എഴുതി.  

ഓണം/ക്രിസ്തുമസ് അവധികള്‍ക്ക് ശേഷം സ്കൂള്‍ തുറക്കുന്ന സമയത്തെ ആണ് സ്കൂള്‍ ജീവിതത്തില്‍ ഒരു വിദ്യാര്‍ത്ഥി ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് എന്ന് ഞാന്‍ ആ കാലഘട്ടത്തില്‍ നടത്തിയ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. അക്കൊല്ലത്തെ ഓണം അവധിക്ക് ശേഷം സ്കൂളില്‍ മടങ്ങി എത്തിയ ഞാനും മേല്പറഞ്ഞ ഭയത്തിനു അടിമയായിരുന്നു. ക്ലാസ്സ്‌ എടുക്കേണ്ട ടീച്ചര്‍മാര്‍ വരുമ്പോള്‍ അവരുടെ കൈകളില്‍ നടുവേ മടക്കിയ പേപ്പറുകളുടെ കേട്ട് ഉണ്ടോ എന്നാണ് എല്ലാവരും നോക്കുക; ഇല്ലെങ്കില്‍ ക്ലാസ്സില്‍ ഒരു കൂട്ട നിശ്വാസം ഉയരും (ഭാഗ്യം, ഇനി നാളെ നോക്കിയാല്‍ മതീലോ). ടീച്ചര്‍മാരും ഈ അവസരം നന്നായി മുതലാക്കുമായിരുന്നു. ചിലപ്പോള്‍ അവര്‍ വേറെ ക്ലാസ്സിന്റെ പേപ്പര്‍ കൊണ്ടുവരും. ഒരു പിരീഡ് മൊത്തം എല്ലാവരുടെയും കണ്ണുകള്‍ മേശപ്പുറത്തിരിക്കുന്ന ആ കെട്ടിലാകും. അവസാനം ബെല്ലടിക്കുമ്പോള്‍ ഡെമോക്ലീസിന്റെ വാളുമായി ടീച്ചര്‍ മടങ്ങും. ഇപ്രകാരമുള്ള സൈക്കോളോജിക്കള്‍ യുദ്ധ മുറകള്‍ ആ വര്‍ഷവും അരങ്ങേറിയിരുന്നു. 

സ്കൂള്‍ തുറന്നു ആദ്യ ദിവസങ്ങളില്‍ തന്നെ ഇംഗ്ലീഷ്, സയന്‍സ്, സാമൂഹ്യ പാഠം എന്നിങ്ങനെ ഓരോരോ വിഷയങ്ങളായി ഉത്തരക്കടലാസുകള്‍ കിട്ടി. എന്നാല്‍ ഹിന്ദിയും സംസ്കൃതവും അത്തവണ ഏറ്റവും അവസാനമായാണ് കിട്ടിയത്. രണ്ടു വിഷയത്തിനും 45നുമീതെ മാര്‍ക്ക്‌ പ്രതീക്ഷിച്ച എനിക്ക് കിട്ടിയ മാര്‍ക്ക്‌ 40ലും കുറവായിരുന്നു. നാല്പതില്‍ താഴെ എന്ന് വെച്ചാല്‍ മുത്തശ്ശനെ സംബന്ധിച്ചു തോല്‍ക്കുന്നതിനു സമമാണ്. വീട്ടില്‍ ചെന്നാല്‍ എല്ലാവരുടെയും വക ചീത്ത ഉറപ്പ്. അതുകൊണ്ട് അന്ന് ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഈ രണ്ടു ഉത്തരക്കടലാസുകള്‍ കിട്ടിയില്ല എന്ന് കള്ളം പറഞ്ഞു. തത്കാലത്തേക്ക് ചീത്തയില്‍ നിന്ന് രക്ഷപ്പെടാമല്ലോ എന്നായിരുന്നു എന്റെ ചിന്ത.  

ചേര്‍പ്പിലെ തെക്കുഭാഗത്തെ ഹാളിന്റെ ഒരു മൂലയായിരുനു അക്കാലത്ത് എന്റെ പഠന 'മുറി'. അവിടെ ഇരുന്നാല്‍ ഫ്രിഡ്ജും അടുക്കളയും എന്റെ കൈയ്യെത്തും ദൂരത്തായിരുന്നു. മേശയുടെ ഒരു ഭാഗത്ത്‌ എല്ലാ വിഷയങ്ങളുടെയും ടെക്സ്റ്റ്‌ ബുക്കുകള്‍ അടുക്കി വെച്ചിരിക്കും. ഹിന്ദി-സംസ്കൃതം ഉത്തരക്കടലാസുകള്‍ ഒളിപ്പിച്ചു വെക്കാന്‍ ഞാന്‍ കണ്ടെത്തിയ സ്ഥലം ഈ ടെക്സ്റ്റ്‌ ബുക്ക്‌ ഗോപുരം ആയിരുന്നു. താരതമ്യെന കനം കുറഞ്ഞ ഈ രണ്ടു ടെക്സ്റ്റുകള്‍ ഏറ്റവും താഴെ വെച്ച് അതിനുള്ളില്‍ ആണ് ഞാന്‍ ഉത്തരക്കടലാസുകള്‍ ഒളിപ്പിച്ചു വെച്ചത്. ആദ്യ മൂന്നു ദിവസങ്ങള്‍ വല്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ കടന്നു പോയി. എന്നാല്‍ നാലാം ദിവസം എല്ലാം മാറി മറിഞ്ഞു! 

ഞാന്‍ ഏഴാംതരത്തില്‍  എത്തിയപ്പോള്‍ ചേട്ടന്‍ തൃശ്ശൂരിലുള്ള സെന്റ്‌.തോമസ്‌ കോളേജില്‍ ചേര്‍ന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു. കിഴക്കേ മുറിയാണ് ചേട്ടന്റെ 'ആപ്പീസ്' എങ്കിലും വല്ലപോഴുമൊക്കെ ചേട്ടന്‍ എന്റെ മേശപ്പുറം പരിശോധിക്കുന്ന ഒരു ചടങ്ങ്‌ അക്കാലത്ത് ഉണ്ടായിരുന്നു. പരിശോധന എന്ന് പറഞ്ഞാല്‍ ചില സിനിമകളിലെ 'ഇന്‍കം ടാക്സ്‌' റേയ്ഡ് പോലെ ആണ്: ഒരിഞ്ചു സ്ഥലം പോലും വെറുതെ വിടില്ല.എന്റെ കഷ്ടകാലത്തിനു നാലാം ദിവസം വൈകുന്നേരം പതിവ് പരിശോധന നടത്താന്‍ ചേട്ടന്‍ തിരുമാനിച്ചു.  

പരിശോധന തുടങ്ങിയപ്പോള്‍ തന്നെ എല്ലാം കൈവിട്ടുപോയി എന്ന് ഉറപ്പായിരുന്നു. ഒളിപ്പിച്ചു വെച്ച പേപ്പറുകള്‍ ചേട്ടന്‍ എന്തായാലും കണ്ടുപിടിക്കും; എന്റെ കള്ളി വെളിച്ചത്താകും. പേടികൊണ്ട് എന്റെ ഹൃദയം വേഗത്തില്‍ മിടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ മുറ്റത്തേക്ക് വലിഞ്ഞു. ചേട്ടന്‍ ഉത്തരക്കടലാസുകള്‍ കണ്ടു പിടിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിലത്ത് നിന്നും ചെറിയ കല്ലുകള്‍ പെറുക്കി ഉമ്മറത്തെ തെങ്ങിന്മേല്‍ എറിഞ്ഞു കൊള്ളിച്ചു ഉന്നം പരീക്ഷിച്ചു നില്‍ക്കുന്ന സമയത്ത്‌ ഉയര്‍ന്നു കേട്ട ചേട്ടന്റെ ഉച്ചത്തിലുള്ള വിളി എന്റെ എല്ലാ പ്രതീക്ഷകളും ക്ഷണനേരത്തില്‍ ഇല്ലാതാക്കി. ഒരു കുറ്റവാളിയെ പോലെ താഴ്ത്തിയ മുഖവുമായി ശിക്ഷ ഏറ്റുവാങ്ങാന്‍ ഞാന്‍ പതുക്കെ ചെട്ടന്റെ അടുത്തേക്ക് നടന്നു. 

ഞാന്‍ എന്റെ 'മുറി'യില്‍ എത്തുമ്പോള്‍ ഒളിപ്പിച്ചു വെച്ച രണ്ടു ഉത്തരക്കടലാസുകള്‍ കയ്യില്‍ പിടിച്ച് ക്രോധം കൊണ്ട് ജ്വലിക്കുന്ന കണ്ണുകളുമായി ചേട്ടന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. 

"എന്താടാ ഇത്?"
"ആന്‍സര്‍ .... പേപ്പര്‍... ആണ്"
"ഏതിന്റെ?"
"ഹിന്ദീം സംസ്ക്രുതോം"
"ഇത് എന്ന് കിട്ടിയതാ?"
"നാലഞ്ചു ദിവസം ആയി"
"എന്നിട്ടെന്താ നീ പറയാഞ്ഞെ?
"മാര്‍ക്ക്‌ കുറവാ...പേടിച്ചിട്ടാ"

അപ്പോഴേക്കും അമ്മയും മുത്തശ്ശിയും അവിടെ എത്തി. കാര്യം അറിഞ്ഞപ്പോള്‍ കയ്യോടെ തന്നെ അമ്മേടെ കയ്യില്‍ നിന്നും ഒരെണ്ണം കിട്ടി. മാര്‍ക്ക്‌ കുറഞ്ഞതിനായിരുന്നില്ല ചീത്ത, നുണ പറഞ്ഞതിനായിരുന്നു. മുത്തശ്ശനാണ് എന്നെ കൂടുതല്‍ ശിക്ഷണ മുറകളില്‍ നിന്നും അന്ന് എന്നെ രക്ഷിച്ചത്. ഒച്ചയും ബഹളവും അടങ്ങിയപ്പോള്‍ വല്ലാത്ത ഒരു കുറ്റബോധവും, ലജ്ജയും എന്നെ കീഴടക്കിയിരുന്നു. അത് പൂര്‍ണ്ണമായും മാറാന്‍ ദിവസങ്ങള്‍ എടുത്തു.

അതിനു ശേഷം ഇതുവരെ ഉള്ള ജീവിതത്തില്‍ ഞാന്‍ നുണ പറഞ്ഞിട്ടേ  ഇല്ല എന്ന് പറയാന്‍ ഞാന്‍ ഹരിശ്ചന്ദ്രനോ, മഹാത്മ ഗാന്ധിയോ ഒന്നുമല്ല. നിര്‍ദോഷങ്ങളായ നുണകള്‍ പറയേണ്ടി വന്നിട്ടുണ്ട്. എങ്കിലും പല അവസരങ്ങളിലും സത്യം പറയാന്‍, അതിന്റെ പരിണിതഫലം എന്ത് തന്നെ ആയിരുന്നാലും, എനിക്ക് ശക്തി തരുന്നത് ഈ ഒരു സംഭവത്തിന്റെ ഓര്‍മ്മകള്‍ ആണ് എന്ന് നിസ്സംശ്ശയം എനിക്ക് പറയാം.


August 10, 2013

എന്‍.ഐ.ബി.എമ്മില്‍ ഒരു ട്രെയ്നിംഗ് കാലത്ത്‌

പൂനെയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മന്റ്‌ നടത്തുന്ന അഞ്ചു ദിവസത്തെ ഒരു ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നതിനു പോകുന്നതിനു വേണ്ടിയാണ് ഞാന്‍ ഇന്ന് ഉച്ചക്ക്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്‌. ഉച്ചസമയം ആയതുകൊണ്ടാകണം ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ തിരക്ക് കുറവായിരുന്നു. സ്ഥിരം കാണാറുള്ള കഥാപാത്രങ്ങള്‍ (മുഖം മാത്രമേ മാറു) അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

ഒരു ഭാഗത്ത്‌ കുട്ടിപ്പട്ടാളം ലോഞ്ചിലെ കടകളിലെ പലതരം മിട്ടായികള്‍ നോക്കി നടക്കുന്നു. അംബാനിരോഗം ബാധിച്ച ചില ജൂനിയര്‍ - മിഡില്‍ ലെവല്‍ വെള്ളക്കോളര്‍ അടിമകള്‍ ലാപ്ടോപ് തലോടി കൂലങ്കഷമായി ചിന്തിക്കുന്നു. സീനിയര്‍ വെള്ളക്കോളറുകള്‍ ബിസിനസ് പത്രങ്ങള്‍ വായിക്കുന്ന തിരക്കിലാണ്. ന്യൂ ജനറേഷന്‍ പെമ്പിള്ളേര്‍ ചിലര്‍ മൊബൈലില്‍ അമേരിക്കന്‍ ആക്സന്റില്‍ സോള്ളുന്നു; മറ്റു ചിലര്‍ കൂട്ടം കൂടി നിന്ന് ഉച്ചകോടി നടത്തുന്നു. ഇതിന്റെ ഇടക്ക് ബാക്ക്പാക്കും തൂക്കി ചില ന്യൂ ജനറേഷന്‍ ആംപിള്ളേര്‍ വള്ളിക്കളസം ഇട്ടു തേരാപാര നടക്കുന്നുണ്ട്.ഇക്കൂട്ടരും ഇടക്കിടക്ക്‌ ഫോണ്‍ എടുത്തു നോക്കുന്നുണ്ട്. ഇങ്ങനെ തെണ്ടി തിരിഞ്ഞു നടക്കാത്ത ഒരു ഉപവിഭാഗം ടാബ്ലെറ്റില്‍ ദൃഷ്ടിയാഴ്ത്തി ഇരിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മധുവിധു ആഘോഷിച്ചു തിരിച്ചു പോകുന്ന വടക്കേ ഇന്ത്യന്‍ നവ-യുവ-മിധുനങ്ങള്‍ ഇനിയും പങ്കു വെച്ചുകഴിഞ്ഞിട്ടില്ലാത്ത തങ്ങളുടെ മനസ്സുകള്‍ പരസ്പരം പങ്കുവെച്ചു പരിസരം മറന്നു ഇരിക്കുന്നുണ്ട്. കേരലയുടെ ആത്മാവ് അഥവാ സോള്‍ കണ്ടുമനസ്സിലാക്കാന്‍ വന്ന സായിപ്പ്സ് ആന്‍ഡ്‌ മദാമ്മാസ്‌ കൂട്ടം കൂടി ഇരുന്നു ഏതൊക്കെയോ ഭാഷകളില്‍ തമാശകള്‍ പറഞ്ഞു ചിരിക്കുന്നു. ആകാശാഥിതേയകള്‍  വയര്‍ലെസ്സ്‌ സെറ്റും കയ്യില്‍ പിടിച്ചു പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്ന പോലെ കടാ-പടാ ശബ്ദം ഉണ്ടാക്കി നടക്കുന്നു. വിമാനത്താവളത്തിന്റെ കാവല്‍ഭടന്മാര്‍ അവരവരുടെ പോസ്റ്റുകളില്‍ കര്മ്മനിരതരായി നിലകൊള്ളുന്നു. ഇതിലൊന്നും പെടാത്ത എന്നെ പോലെ ഉള്ള ചിലകൂട്ടര്‍ ചുറ്റുപാടും എന്ത് നടക്കുന്നു എന്ന് ശ്രദ്ധിച്ചു ചെവിയില്‍ ഇയര്‍ ഫോണും തുരുകി തലയാട്ടി ഇരിക്കുന്നുണ്ട്.

കൃത്യ സമയത്ത് തന്നെ പൂനെയിലെക്കുള്ള വിമാനം പുറപ്പെട്ടു. ബാങ്ങ്ലൂര്‍ വഴി ആയതുകൊണ്ട് ഏകദേശം മൂന്നു മണിക്കൂര്‍ എടുത്തു പൂനെ എത്താന്‍. പൂനെ വിമാനത്താവളം ഒരു സൈനിക താവളമാണ്. അതുകൊണ്ട് തന്നെ വളരെ ചെറിയ ഒരു എയര്‍പോര്‍ട്ട് ആണ് പൂനെ. വിമാനത്താവളത്തില്‍ നിന്നും എന്‍.ഐ.ബി.എമ്മിലേക്ക് ഒരു ടാക്സി പിടിച്ചു. താവളത്തിന്റെ അതിരുകള്‍ വിട്ടു പുറത്ത് കടന്നാല്‍ ചുറ്റും സൈനിക ബാരക്കുകളും ക്യാമ്പുകളും കാണാം. ഡിഫെന്‍സ് മെഡിക്കല്‍ കോളേജ്, ആര്‍മി പബ്ലിക്‌ സ്കൂള്‍ മുതലായവയും ഇതില്‍ പെടുന്നു. വായു സേനയുടെയും പല ക്യാമ്പുകള്‍ പൂനെയില്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്ന് ഏകദേശം പതിനാറു കിലോമീറ്റര്‍ സഞ്ചരിക്കണം എന്‍.ഐ.ബി.എമ്മില്‍ എത്തി ചേരാന്‍. താര തമ്യേനെ നല്ല വഴി ആയതുകൊണ്ട് ആ യാത്ര അധികം സമയം എടുത്തില്ല.

എന്‍.ഐ.ബി.എമ്മില്‍ എത്തുമ്പോള്‍ സന്ധ്യ മാഞ്ഞു ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു. പലയിനം പക്ഷികളുടെ കല-പില ശബ്ദമാണ് എന്റെ ശ്രദ്ധയെ ആദ്യം ആകര്‍ഷിച്ചത്. പുറത്തെ ഇരുട്ടില്‍ അവ്യക്തമായി കണ്ടത്തില്‍ നിന്നും ക്യാമ്പസ്‌ മോടിപിടിപ്പിക്കപ്പെട്ട ഒരു കാടിനെ അനുസ്മരിപ്പിക്കുന്നു. ക്യാമ്പസിലെ നാലാം നമ്പര്‍ ഹോസ്റ്റലില്‍ ആയിരുന്നു എനിക്ക് താമസം ഏര്‍പ്പടാക്കിയിരുന്നത്. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു പുല്‍ത്തകടിക്ക് ചുറ്റുമായാണ് നാലുഹോസ്റ്റലുകളും ഡൈനിംഗ് ഹാളും സ്ഥിതി ചെയ്യുന്നത്. ഡൈനിംഗ് ഹാളിന്റെ വലതു ഭാഗത്തായി വൈകുന്നേരം ഏഴുമണി വരെ പ്രവര്‍ത്തിക്കുന്ന ഒരു ഇന്റര്‍നെറ്റ്‌ കഫെ ഉണ്ട്. ഡൈനിംഗ് ഹാളില്‍ ഭക്ഷണം ലഭിക്കുന്ന സമയക്രമം ഹോസ്റ്റലിന്റെ നോട്ടീസ് ബോര്‍ഡില്‍ ഇട്ടിരിന്നു. രാത്രി എട്ടുമുതല്‍ ഒന്‍പതര വരെ ആണ് ഭക്ഷണം ലഭിക്കുക. മുറിയില്‍ ചെന്ന് ചൂട് വെള്ളത്തില്‍ ഒരു കുളി പാസാക്കി ഡൈനിംഗ് ഹാളില്‍ ചെന്ന് ഭക്ഷണം കഴിച്ചു. അപ്പോഴേക്കും ഇരുട്ടു പടര്‍ന്നതിനാല്‍ കൂടുതല്‍ യാത്രകള്‍ക്ക് മുതിരാതെ തിരികെ റൂമിലേക്ക്‌ തന്നെ വന്ന് അന്നത്തെ അനുഭവങ്ങള്‍ എവര്‍നോട്ടില്‍ കുറിച്ച് അല്‍പനേരം പുസ്തകം വായിച്ചു (ഖാലെദ്‌ ഹുസ്സൈ നിയുടെ 'ആന്‍ഡ്‌ ദി മൌണ്ടന്‍സ് എക്കോഡ്‌") ഉറങ്ങാന്‍ കിടന്നു. 

രാവിലെ ഒന്‍പതുമണിക്കാണ് ട്രെയ്നിംഗ് തുടങ്ങുന്നത്. ട്രെയിനിംഗ് നടക്കുന്ന ലെക്ചര്‍ ഹാളിലേക്ക് അല്പം നടക്കണം. ആറുഹാളുകള്‍ അടങ്ങുന്ന ഒരു വലിയ നിര്‍മ്മിതി. ഒരേ സമയം പല വിഷയങ്ങളില്‍ ട്രെയ്നിംഗ് നടക്കുന്നു. ലെക്ചര്‍ ഹാളിന്റെ അടുത്ത് തന്നെ ലൈബ്രയിയും ഒരു ചെറിയ കാഫറ്റീരിയും സ്ഥിതി ചെയ്യുന്നു. എന്‍.ഐ.ബി.എമ്മിലെ എല്ലാ കെട്ടിടങ്ങളും കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൂനെ നഗരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് എങ്കിലും ക്യാമ്പസിലെ മരങ്ങള്‍ വളരെ സ്വച്ഛമായ ഒരന്തരീക്ഷം പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസത്തിനു യോജിച്ച ഒരന്തരീക്ഷം തന്നെ! ഞങ്ങളുടെ ബാച്ചില്‍ ഇരുപത്താറു പേരാണ് പങ്കെടുക്കുന്നത്. അതില്‍ എന്നെ കൂടാതെ മൂന്നു മലയാളികളും ഉണ്ട്, അതില്‍ തന്നെ രണ്ടു പേര്‍ വടക്കുംനാഥന്റെ തട്ടകക്കാരും! ലോകത്തിന്റെ എവിടെ പോയാലും മലയാളികളെ കാണാം എന്ന് പണ്ട് എസ്.കെ പറഞ്ഞത് എത്ര വാസ്തവം!

രാവിലെ ഒന്‍പതു മണിക്ക് തുടങ്ങിയ ക്ലാസ്സ്‌ അവസാനിച്ചപ്പോള്‍ വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു. തിരികെ റൂമില്‍ എത്തി കുളിച്ച് നടക്കാനിറങ്ങി. മഴക്കാര്‍ മൂടിനിന്നിരുന്നതിനാല്‍ ഒട്ടും തന്നെ ചൂട് ഉണ്ടായിരുന്നില്ല. ഹോസ്റ്റലിനു പുറത്തേക്കിറങ്ങി പ്രധാന പാതയിലൂടെ ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള ഗേറ്റിനെ ലക്ഷ്യമാക്കി ഞാന്‍ പതുക്കെ നടന്നു. ഇന്നലെ പ്രഥമ ദൃഷ്ടിയില്‍ 'കാട്' പോലെ തോന്നി എങ്കിലും ക്യാംപസിന് അതിലും ചേരുന്ന ഉപമ 'ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍' എന്നതാകും. ഭാരതീയ സംസ്കാരത്തിലെ അവിഭാജ്യ ഘടകങ്ങളായ അരയാലും ആര്യവേപ്പും മുതല്‍ റഷ്യന്‍ നാടോടി കഥകളില്‍ വായിച്ചു കേട്ട ഓക്കും പൈനും പോലുള്ള പലതരം മരങ്ങള്‍ ക്യാമ്പസ്സില്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. ഓരോ മരത്തിലും അതിന്റെ പേര് പതിച്ചു വെച്ചിട്ടുണ്ട്. എന്‍.ഐ.ബി.എമ്മിലെ അധ്യാപകര്‍ക്കുള്ള ഭവനങ്ങളും, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകളും ക്യാമ്പസ്സില്‍ ചിതറി കിടക്കുന്നു. ബാങ്കുദ്യോഗസ്ഥര്‍ക്കായുള്ള ട്രെയിനിംഗ് അല്ലാതെ രണ്ടു /ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളും എന്‍.ഐ.ബി.എം നടത്തുന്നുണ്ട്. ഏകദേശം ഒരു മണിക്കൂറോളം ക്യാംപസ്സിലൂടെ നടന്നു തിരികെ മുറിയിലേക്ക് നടക്കുമ്പോഴും വിയര്‍പ്പിന്റെ ഒരു ചെറിയ കണിക പോലും പൊടിഞ്ഞിരുന്നില്ല. 

രാത്രി ഡൈനിംഗ് ഹാളില്‍ ചെന്നപ്പോള്‍ മലയാളികള്‍ (എന്റെ ബാച്ചില്‍ ഉള്ള മൂന്നു പേര്‍ അല്ലാതെ വേറെ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു. വേറെ വിഷയത്തില്‍ ആണ് അവര്‍ക്ക്‌ ട്രെയിനിംഗ്. അതിലെ ഒരാള്‍ എന്റെ തന്റെ ബാങ്കിന്റെ വേറെ ഒരു ശാഘയില്‍ നിന്നാണ്!) എല്ലാവരും ഒരു മേശക്ക് ചുറ്റും ഇരുന്നു തമാശകള്‍ പങ്കുവെക്കുകയായിരുന്നു. ഞാനും ഭക്ഷണം എടുത്ത്‌ അവരുടെ ഒപ്പം ചേര്‍ന്നു.

July 13, 2013

അഹമ്മോദി

മോദി പട്ടിക്കുട്ടിയെ പറ്റി പറഞ്ഞപ്പോള്‍ അതിനെ പലതുമായി താരതമ്യം ചെയ്യുന്നവരുടെ മാനസിക വ്യഭിചാരമാണ് മോഡിയുടെ ഈ പറയുന്ന 'ഹിന്ദു തീവ്രവാദ'ത്തേക്കാള്‍  അപകടകരം. പുര കത്തിച്ചു വാഴ വെട്ടുന്ന ഇക്കൂട്ടരുടെ മുതലക്കണ്ണീര്‍ ഒരുപക്ഷെ ഉത്തരഖണ്ടിലെ പ്രളയജലത്തേക്കാള്‍ കൂടുതല്‍ ജീവനുകളാകും കവരുക

മനസ്സിലുള്ള കാര്യം മോദി തുറന്നു പറഞ്ഞു. അല്ലാതെ മുതലക്കണ്ണീര്‍ ഒഴുക്കിയില്ല. ഇപ്പോള്‍ ആളോട് കുറച്ചു കൂടി ബഹുമാനം തോന്നുന്നു. ഇനി അഹമ്മദാബാദ്‌ കലാപങ്ങളില്‍ വിഷമം ഉണ്ടെന്നു മാത്രമാണ് മോദി പറഞ്ഞിരുന്നതെന്കില്‍ അത് കുറ്റബോധം കൊണ്ടാണ് എന്നോ അല്ലെങ്കില്‍ കുറ്റസമ്മതമാണ് എന്നോ ഒക്കെ ആകും ഈ ഭീഷ്മാന്തകര്‍ പറഞ്ഞു നടക്കുക.

ഓഫ്‌: മോദി ഗുജറാത്തില്‍ സോളാര്‍ സ്ഥാപിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. ഇനി സരിതയുടെ വീട്ടില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ഒരു ടിക്കറ്റ്‌ കിട്ടണേ എന്നാകും ഇവിടത്തെ രാഷ്ട്രീയക്കാരുടെ പ്രാര്‍ത്ഥന.


July 11, 2013

രത്നത്തുള്ളി

രത്നത്തുള്ളി

ഇന്നലത്തെ പെരുമഴയത്ത് പിടിച്ചത്‌.

ക്യാമറ: കാനണ്‍ ഇക്സസ് 100 ഐ.എസ്

പോസ്റ്റ്‌ പ്രോസിസ്സിംഗ്: ലൈറ്റ് റൂം 4

June 29, 2013

റാസ്പ്ബെറി പൈ എന്ന കുഞ്ഞന്‍ കമ്പ്യൂട്ടര്‍

Pi Desktop 
പൈ എന്നു കേട്ടാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ആദ്യം മനസ്സില്‍ തെളിയുന്നത് പണ്ട് സ്കൂളിലെ ഗണിതക്ലാസ് ആകും. ലൈഫ്‌ ഓഫ് പൈ എന്നാ സിനിമയും ഓര്‍ത്തേക്കാം. എന്നാല്‍ ഇപ്പൊള്‍ കമ്പ്യൂട്ടര്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്ന ഒരു കമ്പ്യൂട്ടറിന്റെ ചുരുക്ക പേരാണ് പൈ എന്നു കൂടി അറിയുക. യു.കെയിലെ സ്കൂള്‍ വിദ്യാര്‍ദ്ധികളെ പ്രോഗ്രാമിംഗ് പഠിപ്പിക്കുന്നതിന് വേണ്ടി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദഗ്ധര്‍ രൂപ കല്പന ചെയ്ത, ഒരു ക്രെഡിറ്റ്‌ കാര്‍ഡിന്റെ വലുപ്പം മാത്രമുള്ള ഒരു കമ്പ്യൂട്ടര്‍ ആണ് റാസ്പ്ബെറി പൈ. ഏറ്റവും പുതിയ പൈ-മോഡല്‍ Bയുടെ വില കേവലം 35 യു.എസ്. ഡോളര്‍ (ഏകദേശം 3000 രൂപ). ഇന്ത്യയില്‍ ഇ-ബേ പോലുള്ള സൈറ്റുകളില്‍ നിന്നും പൈ വാങ്ങാവുന്നതാണ്. ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് ഒരു SD കാര്‍ഡ് കൂടി (കുറഞ്ഞത് 4GB) പ്രത്യേകമായി വാങ്ങണം

ഹാര്‍ഡ്‌വെയര്‍ (പൈ-മോഡല്‍ ബി)
Raspberry Pi Components

700 Mhz ന്റെ ARMv6 പ്രൊസെസറും 512MB റാമും ആണ് പൈയുടെ തലച്ചോര്‍ . കീബോര്‍ഡ്‌, മൗസ്, പെന്‍ ഡ്രൈവ് മുതലായവ കണക്ട് ചെയ്യാന്‍ രണ്ടു USB ഡ്രൈവുകള്‍ ഉണ്ട്. മോണിട്ടര്‍ കണക്ട് ചെയ്യാന്‍ ഒരു HDMI പോര്‍ട്ടും, ഇന്റര്‍നെറ്റിനായി ഒരു ലാന്‍ പോര്‍ട്ടും ഉണ്ട്. അനലോഗ് വീഡിയോ-ഓഡിയോ  പോര്‍ട്ടുകളും പൈയുടെ ഇത്തിരി വലുപ്പത്തില്‍ കൊടുത്തിരിക്കുന്നു.  പ്രവര്‍ത്തിക്കാന്‍ ഒരു മൊബൈല്‍ ഫോണിനേക്കാള്‍ കുറവ് വൈദ്യതിയേ ഇതിനു ആവശ്യമുള്ളൂ. മൈക്രോ USB പോര്‍ട്ട്‌ വഴി ആണ് പവര്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ മിക്ക മൊബൈല്‍ ചാര്‍ജറുകളും പൈയുടെ ഒപ്പം ഉപയോഗിക്കാവുന്നതാണ്. HDMI/ അനലോഗ് വീഡിയോ കേബിളോ ഉപയോഗിച്ച് പൈയെ ഏതു ടി.വിയിലെക്കും കണക്ട് ചെയ്തു ടി.വി ഒരു മോണിട്ടര്‍ ആയി ഉപയോഗിക്കാം. 256 MB റാമോടു കൂടിയ, ലാന്‍ പോര്‍ട്ട്‌ ഇല്ലാത്ത പൈ-മോഡല്‍ Aയും വിപണിയില്‍ ലഭ്യമാണ്. 25 യു.എസ്. ഡോളര്‍ ആണ് മോഡല്‍ എയുടെ വില.
Pi Connected

ഓപ്പറേറ്റിംഗ് സിസ്റ്റം
സ്വന്തമായി ഹാര്‍ഡ്‌ ഡിസ്ക് ഇല്ലാത്തതിനാല്‍ SD കാര്‍ഡില്‍നിന്നാണ് പൈ ബൂട്ട് ചെയ്യുന്നത്. ഡെബിയന്‍ ലിനക്സില്‍ അധിഷ്ഠിതമായ 'റാസ്പ്ബിയന്‍' ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.  പൈയുടെ വെബ്‌ സൈറ്റില്‍ നിന്നും റാസ്പ്ബിയന്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. OS ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യേണ്ട വിധം റാസ്‌പ്ബെറി പൈ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. റാസ്പ്ബിയന്‍ അല്ലാതെ ആര്‍ക് ലിനക്സ്, റിസ്ക്‌ എന്നീ OSകളും വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. റെഡ്‌ ഹാറ്റ്‌ അവരുടെ ഏറ്റവും പോപ്പുലര്‍ ആയ ലിനക്സ് ഡിസ്ട്രോ ഫെഡോറ ഈ അടുത്ത ദിവസം പൈക്കുവേണ്ടി 'പൈഡോര' എന്ന പേരില്‍ ഇറക്കുകയുണ്ടായി. ഫെഡോറ കൂടി ലഭ്യമായതോടെ പൈ ജനപ്രിയത വര്‍ധിക്കും എന്നതില്‍ തര്‍ക്കമില്ല.

അനന്ത സാധ്യതകളുടെ ലോകം 
വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടാണ് പൈ രൂപകല്‍പന ചെയ്തതെങ്കിലും ലോകമെമ്പാടുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പക്ഷക്കാരും ഇലക്ട്രോനിക്സ്‌ കുതുകികളും പൈയേ നെഞ്ചിലേറ്റി. ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന ചിലവ് കുറഞ്ഞ ഒരു കമ്പ്യൂട്ടര്‍ അവരുടെ മുമ്പില്‍ സാധ്യതകളുടെ ഒരു ലോകം തന്നെയാണ് തുറന്നിട്ടത്. സി, പൈത്തണ്‍ പോലുള്ള പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍   ഉപയോഗിച്ച്  ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്‌ പോലെ സങ്കീര്‍ണ്ണമായ പല പ്രോസസ്സുകള്‍ക്കും ഇന്ന് പൈയെ ഉപയോഗിക്കുന്നു. ഇതൊക്കെ ആണെങ്കിലും ത്രിമാന അനിമേഷന്‍, ഗേയ്മിംഗ് പോലെ ചില പ്രോസസ്സുകള്‍ക്ക്  പൈയുടെ പ്രോസെസിംഗ് ശേഷി അപര്യാപ്തമാണ് എന്ന് കൂടി പറയേണ്ടിയിരിക്കുന്നു.

ലിനക്സ് നല്‍കുന്ന പ്രോഗ്രാമിംഗ് സ്വാതന്ത്ര്യവും, വളരെ കുറഞ്ഞ വൈദ്യുതി ഉപഭോഗവും, സര്‍വോപരി വിലക്കുറവും വ്യത്യസ്തങ്ങളായ പല ആവശ്യങ്ങള്‍ക്കും പൈയേ അനുയോജ്യമാക്കുന്നു. ഈ അടുത്ത് നടന്ന ഗൂഗിള്‍ I/O 2013 കണ്‍വെന്‍ഷനില്‍ സമ്മേളനസ്ഥലത്തിന്റെ ആകാശ ദൃശ്യങ്ങള്‍ എടുക്കുന്നതിനു പൈ അടങ്ങിയ ബലൂണുകള്‍ ഉപയോഗിക്കുകയുണ്ടായി. ഭൂട്ടാനിലെ ഖാന്‍ അകാഡമി അവരുടെ സ്റ്റഡി മറ്റീരിയലുകള്‍ ഇന്റര്‍നെറ്റ്‌ ഇല്ലാത്ത സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നതിന് പൈ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ സെര്‍വറുകള്‍ ഉപയോഗിക്കുന്നു. ഇതുപോലെ റാസ്പ്ബെറി പൈ ഉപയോഗിച്ചു ചെയ്യാവുന്ന അനേകം പ്രോജെക്ട്ടുകള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.  ഒരല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ലിനക്സ് പരിചയവും ഉണ്ടെങ്കില്‍ ആര്‍ക്കും ഇവ പരീക്ഷിക്കാവുന്നതുമാണ്. XBMC മീഡിയ സെന്റെര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു പൈയെ ഒരു മീഡിയ ഹബ് ആക്കി മാറ്റാവുന്നതാണ്. മറ്റേതു ലിനക്സ് സോഫ്റ്റ്‌വെയരിനെയും പോലെ XBMCയും ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയതുകൊണ്ട് XBMC വെബ്സൈറ്റില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 

പൈ ഒരു വെബ്‌ സെര്‍വര്‍ ആക്കി മാറ്റി എന്റെ വെബ്സൈറ്റ് അതില്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. www.ranjithj.in/pi എന്ന അഡ്രസില്‍ ഈ സൈറ്റ് നിങ്ങള്‍ക്ക്‌ കാണാവുന്നതാണ്.
റാസ്പ്ബെറി പൈ വെബ്സൈറ്റ് : http://www.raspberrypi.org/

(ജൂണ്‍ 7ലെ 'ദീപിക' പത്രത്തില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. അത് ഇവിടെ വായിക്കാം)

April 21, 2013

ഒരു വിശദീകരണം

അടുത്ത ആഴ്ച ഞാൻ ഒന്ന് അഹമ്മദാബാദ് വരെ പൊകുന്നുണ്ട് . അവിടെ മോഡിയുടെ ഫ്ലക്സ് കണ്ടു എന്നെങ്ങാനും പറഞ്ഞു ഇനി എന്നോട് വിശദീകരണം ചോദിക്കുമോ എന്തൊ. ഈ മോഡി എന്താ കസബിന്റെ അമ്മാവനോ, പാക്കിസ്ഥാൻ പടയാളിയോ, ദില്ലിയിൽ അഞ്ചു വയസ്സുകാരിയെ പീടിപ്പിച്ച കാമഭ്രാന്താണോ എങ്ങാനും ആണോ? ഇനി അഥവാ അങ്ങനെ ആണെങ്കിൽ ഇത്ര വല്യ ഭീകരനെ അവിടെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കുന്ന കേന്ദ്രസർക്കാരിനോട് എനിക്കും ഒരു വിശദീകരണം ചൊദിക്കണം. ഇനി മോഡി ഈ പറഞ്ഞ ഭീകരൻ അല്ലെങ്കിൽ എന്തിനാണ് ഈ വിശദീകരണം?

ഇനി വിശദീകരണം വാങ്ങിയെ അടങ്ങു എന്നാണെങ്കിൽ , ഇന്ത്യയെ ആക്രമിച്ച പാകിസ്ഥാന്റെയും ചൈനയുടെയും പല നേതാക്കന്മാരെയും നേരിൽ കണ്ടവരും, ഇന്ത്യയുടെ ഈ ശത്രുക്കളുടെ പടം വെച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വലിയ നേതാക്കന്മാരും ഇവിടെ ഉണ്ട് , അവരും തരട്ടെ വിശദീകരണം. അതല്ലേ അതിന്റെ ഒരു ശരി?

എന്തായാലും ഞാൻ ഒന്ന് തിരുമാനിചു: മോഡി ആണ് പ്രധാന മന്ത്രി സ്ഥാനാർത്ഥി എങ്കിൽ അടുത്ത ഇലക്ഷന് എന്റെ വോട്ട് സരസ്വതീ പീഠത്തിനു തന്നെ.


January 31, 2013

മിമിക്രി

 

കോട്ടയം നസീറും, സിനിമാല ടീമും മറ്റു അസംഖ്യം മിമിക്രിക്കാരും രാഷ്ട്രീയ നേതാക്കന്മാരെ അനുകരിച്ചു അനുകരിച്ചു നേതാക്കള്‍ ഇപ്പോള്‍ മിമിക്രിക്കാര്‍ ആയിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു! ഇന്നത്തെ പത്രത്തിലെ (മാതൃഭൂമി) വാര്‍ത്തകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിലവാരമില്ലാത്ത തമാശകളെ പോലെ നിലവാരമില്ലാത്ത രാഷ്ട്രീയ പ്രസ്താവനകളുടെയും സ്ഥാനം സ്വരാജ് റൌണ്ടില്‍ അവിടെ-ഇവിടെ ആയി കൂട്ടി ഇട്ടിരിക്കുന്ന മാലിന്യങ്ങളുടെ ഒപ്പം ആകും എന്ന് മഹാനടന്മാര്‍ തിരിച്ചറിഞ്ഞാല്‍ നന്ന്. 
പി.എസ്: ബണ്ടി ചോറിന്റെ വിമാനയാത്രയും, പുള്ളി ഓംലെറ്റ്‌ തിന്നുന്നതും, ശേഷം ബാത്‌റൂമില്‍ പോകുന്നതുമൊക്കെ ക്രികിന്‍ഫോയിലെ കമ്മന്ററി പോലെ വാര്‍ത്തയാക്കി  പത്രധര്‍മ്മത്തില്‍ പുതിയ അധ്യായം കുറിച്ച പത്രക്കാര്‍ക്കും ഈ നിയമം ബാധകമാണ്!

January 30, 2013

നാഷനലിസ്റ്റ്

മഹാരാഷ്ട്രയില്‍ ഒരു എന്‍.സി.പി നേതാവ്‌ ഒന്നേകാല്‍ കോടി രൂപ ചിലവാക്കി മൂന്നര കിലോ സ്വര്‍ണ്ണം കൊണ്ട് കുപ്പായം തുന്നിയിരിക്കുന്നു. പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളില്‍ വര്‍ണ്ണ ചിത്രം സഹിതം വാര്‍ത്ത വരുമ്പോള്‍ കിട്ടുന്ന പബ്ലിസിറ്റി മുന്നില്‍കണ്ടുകൊണ്ടാണ് നേതാവ് ഈ സാഹസത്തിനു മുതിര്‍ന്നത്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ്‌ കിട്ടാന്‍ ഇത് സഹായിക്കും എന്ന് നേതാവ് കണക്ക് കൂട്ടുന്നു. പട്ടിണിപ്പാവങ്ങളെയും, മാനം മറക്കാന്‍ ഒരു കീറത്തുണി പോലും സ്വന്തമായി ഇല്ലാത്തവരെയും ലോകസഭയില്‍ പ്രതിനിധീകരിക്കാന്‍ നേതാവിന് സ്വര്‍ണ്ണക്കുപ്പായം! അധികാരം കിട്ടുന്നതിനു വേണ്ടി എന്തും ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ട ഇമ്മാതിരി നേതാക്കള്‍ ഏതു വകയില്‍ ആണ് 'നാഷനലിസ്റ്റ്' ആകുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

നഗ്നത മറക്കാന്‍ കഷ്ടപ്പെട്ട യുവതിക്ക് സ്വന്തം വസ്ത്രം കൊടുത്ത മഹാത്മാവിന്റെ ചിത്രം വെച്ചു പൂജിക്കുന്ന പാര്‍ട്ടിക്കാര്‍ ഇതുപോലുള്ള പേക്കൂത്തുകള്‍ നടത്തുന്നത് കാണുമ്പോള്‍ ആ മഹാത്മാവ് പോലും അഹിംസ വെടിഞ്ഞു ആയുധം എടുത്താല്‍ അട്ഭുതപ്പെടാനില്ല. ആ മഹാത്മാവിന്റെ ചരമ ദിനത്തില്‍ തന്നെ ഇങ്ങനെ ഒരു വാര്‍ത്ത പത്രത്തില്‍ വന്നത് വിധി വൈപരീത്യം എന്നല്ലാതെ എന്ത് പറയാന്‍. 

.

January 28, 2013

മാതൃസ്നേഹം

കോഴിക്കോട്‌ സിനിമ കാണാന്‍ വന്ന കുടുംബം പ്രായമായ അമ്മയെ കാറില്‍ പൂട്ടിയിട്ടു. രണ്ടരമണിക്കൂറോളം പൊള്ളുന്ന ചൂടില്‍ ഒരിറ്റു വെള്ളം പോലും കിട്ടാതെ, പ്രാണ വായു ലഭിക്കാതെ ആ അമ്മ കാറില്‍ കിടന്നു. പ്രായമായ അമ്മയെ ഒറ്റയ്ക്ക് വീട്ടില്‍ ഇരുത്താന്‍ പറ്റാത്തത് കൊണ്ടാണ് ഒപ്പം കൊണ്ടുവന്നു കാറില്‍ പൂട്ടിയിട്ടതത്രേ. ശ്വാസം മുട്ടി ചാകാതിരിക്കാന്‍ ജനല്‍  ചില്ല് ലേശം താഴ്ത്തി വെച്ചിരുന്നു. (അധികം താഴ്ത്തിയാല്‍ കള്ളന്മാര്‍ കാറ് മോഷ്ടിച്ചാലോ?) 

 

ടി.വിയിലെ അസംഖ്യം 'കുടുംബ' സീരിയലുകളിലെ ഒരു ദൃശ്യമല്ല ഇത്. ഇന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ആണ്. ഇഷ്ടം പോലെ കറങ്ങി നടക്കാന്‍ പ്രായമായ അമ്മ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒക്കെ ഒരു 'തടസ്സം' തന്നെ, സംശയമില്ല. സ്വന്തം മകളെ ബലാല്‍സംഗം ചെയ്യുന്ന അച്ഛനും, മകളെ മറ്റുള്ളവര്‍ ബലാല്‍സംഗം ചെയ്യുന്നത് കണ്ടു സന്തോഷിക്കുന്ന അമ്മയും ഉള്ള ഈ നാട്ടില്‍ അമ്മയെ പൊള്ളുന്ന കാറില്‍ മണിക്കൂറുകളോളം പൂട്ടി ഇടുന്നത് ഒരു ഫാഷന്‍ ആയി തീരാന്‍ സാധ്യതയുണ്ട്. കലികാലത്തില്‍ ധര്‍മ്മം നശിക്കും എന്ന് പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്നത് സത്യമായിക്കൊണ്ടിരിക്കുന്നു. 

 

വരേണ്യ സമൂഹത്തില്‍ 'സ്റ്റാറ്റസ്' ഉണ്ടാക്കാന്‍ കിറ്റി പാര്‍ട്ടികളിലും, പഞ്ച നക്ഷത്ര ഹോട്ടലുകളിലെ വിരുന്നുകളിലും പങ്കെടുക്കാന്‍ അഹോരാത്രം ഓടി നടക്കുന്ന മക്കള്‍ക്കും, കെ.എഫ്.സിയിലും പബ്ബുകളിലും യുവത്വം ആഘോഷിക്കുന്ന പേരക്കുട്ടികള്‍ക്കും പ്രായമായ അമ്മയും അച്ഛനും ഒക്കെ "മിണ്ടാപ്രാണികള്‍" ആകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം.ഇവരുടെ ഒക്കെ വീട്ടിലെ പട്ടികള്‍ക്ക് ഇതിലും കൂടുതല്‍ സൌകര്യങ്ങള്‍ ഉണ്ടാകും എന്നതാണ് ഇതിലെ വൈരുധ്യം. എന്തിനും ഏതിനും സ്വാതന്ത്ര്യം വേണം എന്ന് മുറവിളി കൂട്ടുന്ന യുവത്വം സ്വന്തം മാതാപിതാക്കളുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയിരുന്നെങ്കില്‍ ഇതൊന്നും ഒരിക്കലും സംഭാവിക്കുകയില്ലായിരുന്നു. അവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്നാല്‍ കൂട്ടുകാരോടൊത്തുള്ള ഷോപ്പിംഗ്‌ മാളുകളിലെ കറക്കവും, സംസ്കാരം എന്നത് നിശാ ക്ലബ്ബുകളിലെ ത്രസിപ്പിക്കുന്ന സംഗീതവും,മദ്യവുമാണ്. 

 

അമ്മയെ കാറില്‍ പൂട്ടിയിട്ട ആ മകനോട്‌/മകളോട് ഒന്നുമാത്രമേ പറയാന്‍ ഉള്ളു: "ഇന്ന് ഞാന്‍, നാളെ നീ"


January 13, 2013

ഇങ്ങനെയും ഒരു സമരം !

ഇവിടെ നടന്നിട്ടുള്ള, ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ എല്ലാം അവകാശങ്ങള്‍ നേടി എടുക്കുന്നതിനു വേണ്ടി മാത്രം നടന്നവയാണ്. എന്നാല്‍ ഈ അക്രോശിക്കുന്നവരില്‍ എത്ര പേര്‍ അവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ട്? പരീക്ഷാകാലത്ത് സമരത്തിനിറങ്ങുന്ന അധ്യാപകര്‍ ഒന്നാലോചിക്കുക: പ്രത്യയ ശാസ്ത്രത്തിന്റെയും മുട്ട്ന്യായങ്ങളുടെയും പേര് പറഞ്ഞു നിങ്ങള്‍ ഇരുട്ടിലാക്കുന്നത് ഒരു തലമുറയെ ആണ്.

ഈ അവകാശങ്ങള്‍ നേടാന്‍ തിടുക്കം കാണിക്കുന്നവര്‍ ഒന്നാലോചിക്കുക: സ്വന്തം ചുമതലകള്‍ മറന്നാല്‍ അവ നിങ്ങളെ മനസ്സിലാക്കി തരാന്‍ ജനങ്ങളും സമരത്തിനറങ്ങും. അന്ന് ഈ വിപ്ലവം പറയുന്ന നേതാക്കളോ, വികസനം പറയുന്ന മന്ത്രിമാരോ അവരുടെ അടിമകളായ അണികളോ വിചാരിച്ചാല്‍ നിങ്ങള്‍ക്ക് രക്ഷ കിട്ടാന്‍ പോകുന്നില്ല. അതുകൊണ്ട് ആദ്യം ചുമതലകള്‍ കൃത്യമായി ചെയ്യു, എന്നിട്ട തല ഉയര്‍ത്തി പിടിച്ചു സമരം ചെയ്യു. അന്ന് നിങ്ങളുടെ ഒപ്പം ജനം ഉണ്ടാകും.

അതുവരെ നിങ്ങള്ക്ക് ലഭിക്കുക വെറും പുച്ഛം മാത്രമാകും!


ഫേസ്ബുക്കില്‍ കണ്ട ഒരു പടം.