September 28, 2012

രണ്ടു രൂപ

ജോലിയാവശ്യത്തിനു ചെന്നൈയില്‍ പോകുമ്പോള്‍ നുംഗംബാക്കത്തെ സ്റ്റെര്‍ലിംഗ് റോഡിലുള്ള ഒരു ഹോട്ടലിലാണ് ഞാന്‍ താമസിക്കുക പതിവ്. അവിടെ നിന്നും എനിക്ക് പോകേണ്ട ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന അണ്ണാ ശാലയിലെക്കോ, ജി.ടി യിലെക്കോ അല്ലെങ്കില്‍ വടപളനിയിലെക്കോ താരതമ്യേനെ എളുപ്പത്തില്‍ എത്താം എന്ന വിശ്വാസം കൊണ്ടാണ് അവിടെ തന്നെ സ്ഥിരമായി താമസിക്കാന്‍ ഞാന്‍ തിരുമാനിച്ചത്. 

ഹോട്ടലില്‍ നിന്ന് ഇറങ്ങി തിരിഞ്ഞ് നടന്നാല്‍ എത്തുന്ന ജങ്ക്ഷനില്‍ വീണ്ടും ഇടത്തോട്ട് തിരിഞ്ഞു കുറച്ചു കൂടി പോയാല്‍ ESI ഓഫീസ്‌ എത്തും. അതിന്റെ മുമ്പിലാണ് അണ്ണാ ശാലയിലേക്ക് പോകുന്ന, LIC എന്ന ബോര്‍ഡ്‌ വെച്ച ഷെയര്‍ ഓട്ടോകള്‍ നിര്‍ത്തുക. ചെന്നൈയില്‍ അധികം കാശ് ചിലവില്ലാതെ സഞ്ചരിക്കാനുള്ള ഏക മാര്‍ഗം ഷെയര്‍ ഓട്ടോ ആണ്. ഇഷ്ടം പോലെ ബസുകള്‍ ഉണ്ടെങ്കിലും അതിലെ തിരക്കിലേക്ക് ഇടിച്ചു കയറണമെങ്കില്‍ അത്യാവശ്യം സര്‍ക്കസ് അഭ്യാസമൊക്കെ അറിഞ്ഞിരിക്കണമെന്നതിനാല്‍ അതിനു ഞാന്‍ മെനക്കെടാറില്ല. അതുകൊണ്ട് അണ്ണാ ശാലയിലേക്ക് പോകുന്നതിനു ഞാന്‍ ഷെയര്‍ ഓട്ടോകളെ തന്നെയാണ് പതിവായി ആശ്രയിക്കാറ്. ചെന്നൈ നഗരത്തിലെ ബസുകളെ പോലെ തന്നെ ഷെയര്‍ ഓടോകളുടെ മുന്‍പിലുള്ള സൂചക ബോര്‍ഡുകള്‍ തമിഴില്‍ ആണ് എഴുതുക എങ്കിലും "LIC" എന്നാ മൂന്നക്ഷരങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിച്ച് തന്നെ എഴുതുന്നത്‌ കൊണ്ട് എനിക്ക് പോകേണ്ട ഷെയര്‍ ഓട്ടോകള്‍ കണ്ടു പിടിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. പൊതുവേ ഭാഷാ ഭ്രാന്തന്മാരായ തദ്ദേശവാസികളുടെ ഇടയില്‍ ആരോഗ്യ രക്ഷ പരിഗണിച്ചു എന്റെ മുറി-തമിഴ്‌ പുറത്തെടുക്കാന്‍ എനിക്ക് മടിയായത് കൊണ്ട് ഈ ഇംഗ്ലീഷ് പ്രയോഗം എനിക്ക് ഒരു അനുഗ്രഹമായിരുന്നു. അങ്ങനെ ഒരു ഷെയര്‍ ഓട്ടോ കയറി "LIC"യുടെ അവിടെ ഇറങ്ങി റോഡ്‌ മുറിച്ചു കടക്കാന്‍ സബ്‌വേയിലൂടെ നടക്കുമ്പോഴാണ് ഞാന്‍ അവരെ ആദ്യമായി കണ്ടത്.

എഴുപതിന് മുകളില്‍ പ്രായം ഉണ്ടാകും. കാലുകള്‍ പൊട്ടിപ്പോയതിനാല്‍ ഒരു തുണി ഉപയോഗിച്ച് മുഖത്ത്‌ കെട്ടി വെച്ചിരിക്കുന്ന, പഴയ കണ്ണടക്ക് പിന്നില്‍ തിമിരം ബാധിച്ച കണ്ണുകള്‍ അവ്യക്തമായി കാണാം. കാലപഴക്കത്താല്‍ ആ  കണ്ണട ചില്ലുകള്‍ക്കും തിമിരം ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഒരു കീറ കടലാസ് വിരിച്ചു അതിലാണ് ഇരിക്കുന്നത്. മുമ്പിലായി ഒരു പാത്രം വെച്ചിരിക്കുന്നു. ആരൊക്കെയോ എറിഞ്ഞു കൊടുത്ത നാണയ തുട്ടുകള്‍ അതില്‍ കിടക്കുന്നുണ്ട്. ആരെങ്കിലും അടുത്തു കൂടി നടന്നു പോകുമ്പോള്‍ പ്രതീക്ഷയോടെ അവര്‍ കൈ നീട്ടും. എങ്ങോട്ടൊക്കെയോ എത്തി ചേരാന്‍ ധൃതി പിടിച്ചു ഓടുന്ന നഗരവാസികള്‍ക്ക് ഇരുള്‍ വീണ ആ സബ്‌വേയുടെ ഒരു മൂലക്കിരിക്കുന്ന അവരെ ശ്രദ്ധിക്കാനാണോ സമയം; ചെന്നൈ നഗരത്തിലെ അസംഖ്യം ഭിക്ഷാടകരുടെ കൂട്ടത്തില്‍ ഒരാള്‍ ! എന്നാല്‍ എനിക്കങ്ങനെ ആയിരുന്നില്ല.

അവരുടെ മുഖത്ത് മനസ്സിനെ ഉലയ്ക്കുന്ന എന്തോ ഉണ്ടായിരുന്നു. പിന്നീടുള്ള പല നാളുകളിലും, ഇതെഴുതുംപോള്‍ പോലും എനിക്ക് തിരിച്ചറിയാന്‍ പറ്റാത്ത എന്തോ ഒന്ന്. ഒരു പക്ഷെ അതാകും പാന്റിന്റെ പോക്കറ്റില്‍ കിടക്കുന്ന, ഷെയര്‍ ഓട്ടോക്കാരന്‍ ബാക്കി തന്ന, രണ്ടു രൂപയുടെ നാണയം എടുക്കാന്‍ എന്റെ കയ്യുകളെ പ്രേരിപ്പിച്ചത്. ആ വികാരം തന്നെയാകും പിന്നീടുള്ള ഓരോ പ്രഭാതത്തിലും അവര്‍ക്ക് നല്‍കാനായി രണ്ടു രൂപയുടെ ഒരു നാണയം പോക്കറ്റില്‍ എടുത്തിടാന്‍ എന്നെ ഓര്‍മിപ്പിച്ചത്. 

LICക്ക് സമീപമുള്ള ഓഫീസില്‍ പോകേണ്ടിവരുമ്പോഴൊക്കെ സബ്‌ വെയില്‍ ഞാന്‍ അവരെ കണ്ടിട്ടുണ്ട്. പ്രതീക്ഷയോടെ നീട്ടുന്ന അവരുടെ ശോഷിച്ച കയ്യുകളില്‍ അവര്‍ക്ക് കൊടുക്കാനായി പോക്കറ്റില്‍ എടുത്തിട്ട രണ്ടു രൂപ നാണയം വെച്ചുകൊടുക്കും. കയ്യുകൊണ്ട് ഒന്ന് വണങ്ങി അവര്‍ അത് മുമ്പിലുള്ള പാത്രത്തില്‍ ഇടും. അവരുടെ കഷ്ടപ്പാടുകള്‍ മാറ്റാന്‍ ആ രണ്ടു രൂപയ്ക്കു സാധിക്കില്ലേങ്കിലും ഏതെങ്കിലും ആരാധനാലയത്തിന്റെ ഭണ്ടാരപ്പെട്ടിയില്‍ ശയിക്കുന്നതിനെക്കാള്‍ സേവനം അവരുടെ കയ്യില്‍ ഇരിക്കുമ്പോള്‍ ആ നാണയത്തിന് ചെയ്യാന്‍ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.