June 20, 2016

സ്വ:ലേയുടെ പത്തു വര്‍ഷങ്ങള്‍



ചേര്‍പ്പിലെ കിഴക്കേ മുറിയില്‍ പഴയ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറില്‍ 'വരമൊഴി'യും, 'അഞ്ജലി ഓള്‍ഡ്‌ ലിപി' ഫോണ്ടും,  ഫയര്‍ഫോക്സില്‍ 'സ്ക്രൈബ്ഫയര്‍' ആഡോണും ഇന്‍സ്റ്റോള്‍ ചെയ്ത്, 'സ്വന്തം ലേഖകന്‍' എന്ന തൂലികാ നാമത്തില്‍  ബ്ലോഗിംഗില്‍ അങ്കം കുറിച്ചിട്ടു ഇന്നു പത്ത് വര്‍ഷമായിരിക്കുന്നു.

പണ്ട് പണ്ട്, പത്തു വര്‍ഷങ്ങള്‍ക്കുമപ്പുറം കാലവര്‍ഷം ഇന്നത്തേത് പോലെ ശുഷ്കമാല്ലാതിരുന്ന ആ രാത്രി, കമ്പ്യൂട്ടറില്‍ എന്റെ ആദ്യ ബ്ലോഗ്‌ പോസ്റ്റ്‌ എഴുതി മുഴുവിക്കാന്‍ കുറച്ചധികം സമയം എടുത്തതായി ഓര്‍ക്കുന്നു. വരമൊഴിയില്‍ അടിച്ചു കയറ്റി, അതിനെ 'യൂണികോഡി'ലേക്ക് മാറ്റി, കോപി-പേസ്റ്റ് ചെയ്താണ് പോസ്റ്റുകള്‍ ബ്ലോഗ്ഗരിലെക്ക് അപ്പ്‌ലോഡ് ചെയ്തിരുന്നത്. 

ആദ്യ പോസ്റ്റ്‌ എഴുതുമ്പോള്‍ എന്റെ സി.എ ആര്‍ട്ടിക്കിള്‍ഷിപ്പിന് പ്രായം മൂന്നുമാസം.പിന്നീട് 'ജോലി' സംബന്ധമായ യാത്രകളും, എന്റെ കൂടപ്പിറപ്പായ മടിയും കാരണം എഴുതല്‍ കുറഞ്ഞു, ഒരു പരിധി വരെ ഇല്ലാതായി എന്ന് തന്നെ പറയാം. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, ഫൈനല്‍ പരീക്ഷക്ക് ഒരു മാസം മുമ്പാണ് സ്വ:ലേക്കു ശാപമോക്ഷം ലഭിക്കുന്നത്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ എന്റെ മനസ്സിന്റെ, ചിന്തകളുടെ, ഓര്‍മ്മകളുടെ, സ്വപനങ്ങളുടെ ദൂതനായി സ്വലേ തുടരുന്നു; ഇപ്പോഴും. 

പത്ത് വര്‍ഷങ്ങള്‍ മുമ്പ്   മലയാളം ബ്ലോഗിങ്ങ് കമ്മ്യൂണിറ്റി ഇത്ര അധികം വലുതല്ല; കൊടകരപുരാണവും, മൊത്തം ചില്ലരയുമൊക്കെ കത്തി നില്‍ക്കുന്ന സമയം. അന്നത്തെ പല ബ്ലോഗുകളും ഇന്നിപ്പോള്‍  ലഭ്യമല്ല. ഓര്‍കുട്ടും, ഫെസ്ബുക്കും പതുക്കെ പതുക്കെ ബ്ലോഗുകളേക്കാള്‍ പ്രാധാന്യം നേടിയെടുത്തു. ഇന്നിപ്പോള്‍ കൂടുതല്‍ എഴുത്തൊക്കെ അവിടെ ആണല്ലോ. എങ്കിലും സ്വ:ലെ അടച്ചുപൂട്ടാന്‍ തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഇരുപതിലേക്കുള്ള പ്രയാണം ഇന്നു തുടങ്ങുകയാണ്! 



 

June 06, 2016

ഒരു വിശദീകരണക്കുറിമാനം

"എന്നാലും നാണക്കേടായി അല്ലെ ബേബി സഖാവേ? ഫേസ്ബുക്കിലോന്നും കയറാന്‍ പറ്റുന്നില്ല!"

"എന്തു നാണക്കേട്? സഖാവ് ജയരാജന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. കാല്പനികമായ പ്രസ്താവന മനസ്സിലാക്കാനുള്ള ബുദ്ധി നമ്മുടെ നാട്ടുകാര്‍ക്ക് ഇല്ലാതെ പോയി"

"സഖാവ് എന്താ ഉദ്ദേശിച്ചേ?"

"ജയരാജന്‍ സഖാവ് (ജരാസ) പറഞ്ഞത് എന്താണ്? മുഹമ്മദ്‌ അലി അമേരിക്കയില്‍ വെച്ച് മരണപ്പെട്ട വിവരം ഇപ്പോള്‍ അറിഞ്ഞു എന്നും അദ്ദേഹം കേരളത്തിനു വേണ്ടി മെഡലുകള്‍ നേടിയിട്ടുള്ള മഹാന്‍ ആയിരുന്നു എന്നുമല്ലേ?"

"അതെ"

"ഇനി ശ്രദ്ധിക്കു ബുദ്ധി കുറഞ്ഞ ജൂനിയര്‍ സഖാവെ. മുഹമ്മദ്‌ അലി ചെറുപ്പത്തില്‍ ഒളിമ്പിക്സ് സ്വര്‍ണം നേടിയതിനു ശേഷവും കൂടി അമേരിക്കയില്‍ വര്‍ണ്ണവെറിക്ക് ഇരയായിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ശരീരം മാത്രമെ അമേരിക്കയില്‍ ഉണ്ടായിരുന്നുള്ളൂ എന്നും, മനസ്സ് എല്ലായ്പ്പോഴും അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെ ആയിരുന്നു. വര്‍ണ്ണ വിദ്വേഷത്തില്‍ അരിശം പൂണ്ടിട്ടാണ്  സഖാവ്  മതം മാറുന്നത് തന്നെ. ഇതില്‍ നിന്നും അദ്ദേഹം മുതലാളിത്തത്തില്‍ അധിഷ്ഠിതമായ ആര്യന്‍ മേല്‍ക്കോയ്മ സിദ്ധാന്തത്തിനും, പൌരോഹിത്യ ജീര്‍ണ്ണതകള്‍ക്കുമെതിരെ പട പൊരുതിയ   ഇടതുക്ഷ സഹയാത്രികന്‍ ആയിരുന്നു എന്ന് മനസ്സിലാക്കാം. കൂടാതെ കേരളത്തിന്റെ എച്.ഡി.ഐ യും അമേരിക്കയുടെ എച്.ഡി.ഐ യും ഏകദേശം ഒരേ പോലെ ആയതുകൊണ്ട് അമേരിക്ക തന്നെ കേരളം; കേരളം തന്നെ അമേരിക്ക എന്നദ്ദേഹം വിവക്ഷിച്ചിരിക്കുന്നു. സംസ്കൃത കവിയായിരുന്ന കാളിദാസന് ശേഷം ഇത്ര കാല്പനികമായ ഉപമാ പ്രയോഗങ്ങള്‍ വേറെ ആരും നടത്തിയിട്ടില്ല"

"അപ്പൊ മെടല്‍?"

"തോക്കില്‍ കേറി വെടി വെക്കല്ലേ. പറയട്ടെ. അദ്ദേഹം ഇടതുപക്ഷ സഹയാത്രികന്‍ ആയിരുന്നു എന്ന് ആദ്യമേ പറഞ്ഞല്ലോ. അദ്ദേഹത്തിന്റെ ഇടികളില്‍ ആവേശം കൊണ്ട കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അതുവരെ ഒരു നാടന്‍ കലാരൂപമായ നാടന്‍ തല്ലിന് ശാസ്ത്രീയമായ ചിട്ട വട്ടങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ ഭലമാണ് ഇന്നു കണ്ണൂരിലും മറ്റു പാര്‍ട്ടി ഗ്രാമങ്ങളിലും കാണുന്നത്. അതിനു ശേഷം എത്ര പേരെ നമ്മള്‍ ഇടതു തത്വചിന്തകള്‍ അടിച്ചു പഠിപ്പിചിരിക്കുന്നു!!  അതൊന്നും മെടല്‍ അല്ലെ? ഇനി കുറച്ചു കൂടി ഉപരിപ്ലവമായി ചിന്തിച്ചാല്‍ അദ്ദേഹത്തിന്റെ ഇടികളില്‍ ആകൃഷ്ടരായ യുവജനങ്ങള്‍ ഇപ്പോഴും ബോക്സിംഗ് എന്ന കല അഭ്യസിക്കാന്‍ കൂട്ടത്തോടെ ജിമ്ഘാനകളില്‍ ചേരുന്നു. ഈയടുത്ത് തൃശ്ശൂരില്‍ പോയപോള്‍ അവടെ ഞാന്‍ കണ്ടതാണ് പിള്ളേര്‍ ബോക്സിംഗ് പരിശീലിക്കുന്നത്. സംഗതി ഒളിമ്പിക്സ് പോലുള്ള കായിക മാമാങ്കങ്ങള്‍ കുത്തക മുതലാളിത്തത്തിന്റെ വേറൊരു മുഖമാനെങ്കിലും, ഇപോഴത്തെ കാലത്ത് ബൂര്‍ഷ്വായെ തോല്‍പ്പിക്കാന്‍ അവനെക്കാള്‍ വലിയ ബൂര്‍ഷ്വാ ആകാതെ തരമില്ലലോ!"

"ഓ, അങ്ങനെ!"

"അതുകൊണ്ട് തന്നെ ജരാസ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. കുത്തക മുതലാളിത്ത മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒളിഞ്ഞിരുന്ന സത്യത്തെ  കാണാനുള്ള ബോധം ഉണ്ടായില്ല എന്നത് ജരാസയുടെ കുഴപ്പമല്ല. ശക്തനായ അദ്ദേഹത്തെ വിലകുറച്ച് ചിത്രീകരിക്കെണ്ടാത് അവരുടെ ആവശ്യമായിരുന്നു. നമ്മള്‍ ഇവരുടെ കുത്സിത തന്ത്രങ്ങളില്‍ വീണുപോകരുത്. ജരാസ ഒരിക്കലും അത്തരം ഒരു നേതാവേ അല്ല!"

"സഖാവിന്റെ കണ്ണ് തുറപ്പിച്ചു!"