December 31, 2018

വായനാ ലിസ്റ്റ് 2018


2018ല്‍ ഇരുപതു പുസ്തകങ്ങള്‍ വായിക്കണം എന്നായിരുന്നു തീരുമാനം എങ്കിലും മുപ്പത്തി മൂന്നെണ്ണം (മൂന്നു ഓഡിയോ പുസ്തകങ്ങള്‍ അടക്കം) വായിക്കാനായി. ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. അടുത്ത വര്‍ഷവും ഇത്രയും തന്നെയോ, ഇതില്‍ കൂടുതലോ വായിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വായിച്ചതില്‍ ചില പുസ്തകങ്ങള്‍ക്ക് എന്‍റെ റിവ്യൂ ഇട്ടിട്ടുണ്ട്. 

കൂടുതല്‍ പുസ്തകങ്ങളും കിന്‍ഡില്‍ മാധ്യമത്തിലൂടെയാണ് വായിച്ചത്. ഓഡിയോപുസ്തകത്തിന് 'ഓഡിബിള്‍' സര്‍വീസ് ഉപയോഗിച്ചു. വായന ഇഷ്ടമുള്ളവര്‍ക്ക് ഇതുപോലുള്ള ഡിജിറ്റല്‍ മാധ്യമങ്ങള്‍ വളരെ വലിയ അനുഗ്രഹമാണ്. വലിയ ഒരു പുസ്തകം കൊണ്ട് നടക്കേണ്ട ആവശ്യം ഇല്ല എന്നു മാത്രമല്ല, നമുക്ക് ഇഷ്ടമുള്ളപ്പോള്‍ മൊബൈലിലോ/ഹെഡ്സെറ്റോ ഉപയോഗിച്ച് പുസ്തകം 'വായിയ്ക്കാം'. 

പുസ്തകത്തിന്റെ ചട്ടക്കൂട് വിട്ടു വായന കൂടുതല്‍ ഫ്ലെക്സിബിള്‍ ആയിരിക്കുന്നു! 

  1. Artemis - Andy Weir (Sci-Fi)
  2. Ready Player One - Ernest Cline (Sci-Fi)
  3. The Blind Watchmaker - Richard Dawkins (Science)
  4. സുഗന്ധി എന്ന അണ്ടാള്‍ ദേവനായകി - ടി ഡി രാധാകൃഷ്ണന്‍ (Fiction)
  5. Armada - Ernest Cline (Sci-Fi)
  6. The Illicit Happiness of Other People - Manu Joseph (Fiction)
  7. ആയിരവല്ലി കുന്നിന്‍റെ താഴ്വരയില്‍ - നന്തനാര്‍ (Fiction)
  8. നാട്ടുമ്പുറം - എം.മുകുന്ദന്‍ (Fiction)
  9. നിഷ്കാസിത - തസ്ലീമ നസ്റിന്‍ (Biography)
  10. ഇരുമ്പഴികള്‍ - ചാരു ചന്ദ്ര ചക്രവര്‍ത്തി (Fiction+Biography)
  11.  Leonardo Da Vinci - Walter Isaacson (Biography)
  12. The Pataala Prophecy: Son of Bhrigu - Christopher Doyle (Fiction)
  13. Flowers for Algernon - Daniel Keyes(Sci-Fi)
  14. Poonachi - Perumal Murugan (Fiction)
  15. Shunya - Sri M (Fiction)
  16. അഗ്നിസാക്ഷി - ലളിതാംബിക അന്തര്‍ജനം (Fiction)
  17. Apprenticed to a Himalayan Master - Sri M (Biography)
  18. Children of Time - Adrian Tchaikovsky (Sci-Fi)
  19. A Man Called Ove - Fredrik Backman (Fiction)
  20. Transport 1 - Phillip P. Peterson (Sci-Fi)
  21. Transport 2 - Phillip P. Peterson (Sci-Fi)
  22. Transport 3 - Phillip P. Peterson (Sci-Fi)
  23. The Magic Strings Frankie Presto - Mitch Albom (Fiction)
  24. Lethal White - Robert Galbraith (Fiction/Thriller)
  25. Paradox 1- Phillip P. Peterson (Sci-Fi)
  26. Paradox 2 - Phillip P. Peterson (Sci-Fi)
  27. The Silent Dead - Tetsuya Honda (Fiction/Thriller)
  28. Mafia Queens of Mumbai - Hussain S. Zaidi (Audiobook) (True Stories)
  29. Chronicle of Corpse Bearer - Cyrus Mistry (Audiobook)
  30. Newcomer - Keigo Higashino (Fiction/Thriller)
  31. Murder in the City - Supratim Sarkar (Audiobook) (True Stories)
  32. Bihar Diaries - Amit Lodha (Biography/True Stories)
  33. A River in Darkness - Masaji Ishikawa (Biography/True Stories)

December 28, 2018

ബീഹാര്‍ ഡയറീസ് (Bihar Diaries)


ഐ.ഐ.ടിയില്‍ നിന്നും പാസ് ആയതിനു ശേഷം യൂനിഫോമിനോടുള്ള സ്നേഹം കാരണം സിവില്‍ സര്‍വീസ് തിരഞ്ഞെടുത്ത് ഐ.പി.എസില്‍ ചേര്‍ന്ന അമിത് ലോധ തന്‍റെ ബീഹാര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്ന പുസ്തകമാണ് ബീഹാര്‍ ഡയറീസ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍, ബീഹാറില്‍ കുപ്രസിദ്ധമായ 'ജംഗിള്‍ രാജി'ന്‍റെ അവസാന കാലഘട്ടത്തിലാണ് ലോധ ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നോക്കമെന്ന് പുകള്‍പെറ്റ ശേഖ്പുര ജില്ലയുടെ എസ്.പി ആയി നിയമിതനാകുന്നത്. രണ്ടുകുടുംബങ്ങളിലെ പതിനഞ്ചുപേരെ വധിച്ചു കടന്ന വിജയ്‌ എന്ന ഗുണ്ടയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുക എന്നതാണ് ലോധയുടെ ദൌത്യം. എങ്ങനെ ലോധ തന്‍റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കുന്നു എന്നതാണ് പുസ്തകത്തിന്‍റെ ഇതിവൃത്തം.

ബീഹാര്‍ നിയമ വ്യവസ്ഥിതിക്ക് നിലനില്‍പ്പില്ലാത്ത, കള്ളന്മാരും, കൊള്ളക്കാരും, ഇവരെ തീറ്റി പോറ്റുന്ന രാഷ്ട്രീയക്കാരും, നിറഞ്ഞ നാടായാണ് സിനിമകളിലും, മനുഷ്യ മനസ്സുകളിലും പൊതുവേ നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ സ്ഥിഗതികള്‍ കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും തീവ്രമായ ജാതി രാഷ്ട്രീയവും, ഗുണ്ടാ രാജും ഇപ്പോഴും മാന്യതയുടെ മുഖം മൂടിക്കു പുറകില്‍ ഇപ്പോഴും നില നില്‍ക്കുന്നു. എന്നാല്‍ കുറച്ചുകാലം വരെ ഇങ്ങനെ ഒരു മുഖം മൂടിയുടെ ആവശ്യം ഇല്ലാതെ പൊതു സമൂഹത്തെ ഇവ ഗ്രസിച്ചിരുന്നു: അതിനെയാണ് ജംഗിള്‍ രാജ് എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഭരണ-പ്രതിപക്ഷ-ജാതി നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ക്രിമിനലുകള്‍ യഥേഷ്ടം കൊള്ളയും, കൊള്ളിവെപ്പും, തട്ടികൊണ്ടുപോകലും, ബലാല്‍സംഗവും, കൊലപാതകവും നടത്തി പോന്നു. ഇങ്ങനെ കുപ്രസിദ്ധി ആര്‍ജിച്ച വിജയ്‌ സാമ്രാട്ട് എന്ന ഗുണ്ടയും അയാളുടെ ഗ്യാംഗും ആണ് ഈ 'കഥയിലെ' വില്ലന്മാര്‍.

വിഷമം പിടിച്ച ഈ ദൌത്യത്തിന് ലോധ പ്രധാനമായും ഉപയോഗിക്കുന്നത് ടെക്നോലോജിയാണ്. ഒരേ സമയം വിജയുടെയും, പ്രധാന ഗ്യാംഗ് മെംമ്പേര്‍സിന്റെയും മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി, അവ വിശകലനം ചെയ്താണ് വിജയുടെയും ഗ്യാംഗിലെ മറ്റു വിശ്വസ്തരുടേയും ഒളിയിടങ്ങള്‍ ലോധ കണ്ടുപിടിക്കുന്നത് (ഇപ്രകാരം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് സത്യസന്ധരായ ഓഫീസര്‍മാര്‍ക്ക് എത്ര വലിയ സഹായമാണ് ചെയ്യുന്നത് എന്നതിന്‍റെ ഉത്തമ ഉദാഹരണം!). വിജയുടെ കഥ പറയുന്നതിനോടൊപ്പം തന്നെ തന്‍റെ ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകളെയും, അഴിമതിക്കാരായ സഹപ്രവര്‍തകരേയും, രാഷ്ട്രീയക്കാരേയും കുറിച്ചു കൂടി ലോധ ഇവിടെ കുറിക്കുന്നുണ്ട്. സിനിമകളില്‍ കാണുന്ന തട്ടുപൊളിപ്പന്‍ അതിമാനുഷികരല്ല പോലീസുകാര്‍ എന്ന് അടിവരയിട്ടു പറയുന്നു ലോധ. 

രണ്ടു ദിവസം കൊണ്ട് വായിച്ചു തീര്‍ക്കാവുന്ന ഒരു ചെറു പുസ്തകമാണ് ബീഹാര്‍ ഡയറീസ്; ഒരു വാരാന്ത്യപ്രയത്നം. അധികം താമസിയാതെ തന്നെ സിനിമാ രൂപത്തില്‍ പുസ്തകത്തെ കാണാന്‍ സാധിക്കും എങ്കിലും ആ മാധ്യമത്തിന്‍റെ പരിമിതികള്‍ വെച്ചുകൊണ്ട് പലതും വിട്ടുപോകാനും, ചിലതൊക്കെ കൂട്ടി ചേര്‍ക്കാനും ഇടയുള്ളതുകൊണ്ട് പുസ്തക രൂപത്തില്‍ തന്നെ വായിക്കുന്നതാണ് നല്ലത്. ലോധയുടെ എഴുത്തും വായനയെ ഒരു ദൃശ്യാനുഭവം ആക്കുന്നുണ്ട്. 


റേറ്റിംഗ്: അഞ്ചില്‍ നാലര നക്ഷത്രങ്ങള്‍ 

December 21, 2018

അന്ധകാര നദി (A River In Darkness) - വായനാനുഭവം


IMG_8628.JPG


വടക്കന്‍ കൊറിയ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യമാണ്: നല്ലതിനേക്കാള്‍ ഏറെ കുപ്രസിദ്ധി ആണ് എങ്കിലും. കമ്മ്യൂണിസ്റ്റ്-കുടുംബ-ഏകാധിപത്യ വാഴ്ചയാണ് വടക്കന്‍ കൊറിയയില്‍. നേതാക്കള്‍ ദൈവങ്ങളെക്കാള്‍ ശക്തന്മാരാകുന്ന രാജ്യം. എന്നാല്‍ സാധാരണ ജനങ്ങളോ? ദാരിദ്ര്യവും, പട്ടിണിയും, ഭരണകൂട ഭീകരതയും സഹിക്കാവുന്നതിലും അപ്പുറമാകുമ്പോള്‍ അവര്‍ 'മതിലുകള്‍' ചാടുന്നു; ഒരു നല്ല ഭാവിക്കായി. അങ്ങനെ ഉള്ളവരെ പിന്‍ തിരിപ്പിക്കാന്‍ അതിര്‍ത്തികളില്‍ മുള്ളുവേലികളും, മൈനുകളും ഉണ്ടെങ്കിലും ജനങ്ങള്‍ വീണ്ടും വീണ്ടും ഭാഗ്യം പരീക്ഷിക്കുന്നു. കോരിച്ചോരിയുന്ന മഴയില്‍, കുത്തിയൊലിക്കുന്ന നദിയിലേക്ക് മസാജി ഇഷികാവ എടുത്തു ചാടിയത് തന്‍റെ മാത്രമല്ല, ഭാര്യയുടയൂം, കുട്ടികളുടെയും, സഹോദരികളെയും ഒക്കെ രക്ഷിക്കാനായാണ്. മസാജിയുടെ ജീവിത അനുഭവങ്ങളാണ് "എ റിവര്‍ ഇന്‍ ഡാര്‍ക്ക്നെസ്".

ഇന്നത്തെ എറണാകുളം യാത്രയില്‍ തീവണ്ടിയില്‍ ഇരുന്നു പുസ്തകം വായിച്ചു തീര്‍ത്തു. അവസാന വാക്കും വായിച്ചു തീരുമ്പോള്‍ മസാജിക്കും കുടുംബത്തിനും എന്ത് സംഭവിച്ചു എന്ന ചോദ്യം അവസാനിക്കും. അയാളുടെ ജീവിതാനുഭവങ്ങള്‍ ഒരു നടുക്കത്തോടെ അല്ലാതെ നമുക്ക് വായിക്കുവാന്‍ സാധ്യമല്ല. 1984ല്‍ ജോര്‍ജ് ഓര്‍വെല്‍ വരച്ചിട്ട സാങ്കല്പിക ഏകാധിപത്യ രാജ്യത്തിന്‍റെ വേറൊരു പതിപ്പാണ്‌ നമ്മുടെ മുന്നില്‍ തെളിയുന്ന വടക്കന്‍ കൊറിയ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ എങ്ങനെ സാധാരണ ജനങ്ങളെ പട്ടിണിക്കിട്ടും, പോലീസ് ഭീകരത കൊണ്ടും, ചെറു പ്രായത്തിലെ തുടങ്ങുന്ന മസ്തിഷ്കപ്രക്ഷാളനം കൊണ്ടും അടക്കി ഭരിക്കുന്നു എന്ന് നമുക്ക് മുന്നില്‍ വരച്ചിടുന്നു ഇഷികാവ. തൊഴിലാളികളുടെ സ്വര്‍ഗത്തില്‍ പട്ടിമാംസം വരെ ഭക്ഷിച്ചാണ് (ക്ഷാമ കാലത്ത് മനുഷ്യ മാംസം വരെ ഭക്ഷിക്കുന്നു) ജനങ്ങള്‍ ജീവിക്കുന്നത്. കാട്ടിലെ പുല്ലും, കിഴങ്ങുകളും അങ്ങനെ കയ്യില്‍ കിട്ടുന്ന എന്തും വേവിച്ചു കഴിക്കുന്നു ഇവര്‍ ജീവന്‍ നില നിര്‍ത്താന്‍. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ക്കും, ബുദ്ധി ജീവികള്‍ക്കും ജീവിതം സുഭിക്ഷമാണ്. ഇങ്ങനയുള്ള സ്വര്‍ഗ്ഗ രാജ്യത്തില്‍ നിന്നും ബൂര്‍ഷ്വാ ജപാനിലെക്കാന് ലേഖകന്‍ രക്ഷപ്പെടുന്നത്. 

കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തിന്‍റെ എല്ലാ ഭീകരതയും ലേഖകന്‍ വ്യക്തമായ ഭാഷയില്‍ നമുക്ക് മുമ്പില്‍ ലേഖകന്‍ രേഖപ്പെടുത്തുന്നു. ഉരുക്ക്മുഷ്ടിക്കു കീഴില്‍ അമരുന്ന ഒരു ജനതയുടെ രോദനം തന്‍റെ വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ ഇഷികാവക്കായി. എല്ലാവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

അഞ്ചില്‍ അഞ്ചു നക്ഷത്രങ്ങള്‍ 

ഓഫ്: ഒരു നേരം കുളിക്കുന്നത് പോലും ബൂര്‍ഷ്വാ സംസ്കാരം ആയാണ് വടക്കന്‍ കൊറിയയില്‍ കണ്ടിരുന്നതത്രേ!

(Image Courtsey: Bettes Pages)


December 07, 2018

ശവമഞ്ചം ചുമക്കുന്നവന്‍റെ പുരാവൃത്തം (ഓഡിയോപുസ്തകം)


സൈറസ് മിസ്ത്രി എഴുതിയ "Chrinicle of a Corpse Bearer" കേട്ടു കഴിഞ്ഞു: ഓഡിബിളില്‍ നിന്നും രണ്ടാം പുസ്തകം. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ കുറിച്ച് പറയുമ്പോള്‍ അധികമാരും പറയാത്ത, എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രീയ/സാമ്പത്തിക രംഗങ്ങളില്‍ വളരെ അധികം സ്വാധീനം ചെലുത്തുന്ന വിഭാഗമായ പാഴ്സി സമൂഹത്തെ കുറിച്ചുള്ള പുസ്തകം അക്ഷരാര്‍ത്ഥത്തില്‍ കണ്ണുകള്‍തുറപ്പിക്കുന്ന ഒരനഭുവമായിരുന്നു. പുസ്തകത്തിന്‍റെ തലേക്കെട്ടില്‍ ഒളിഞ്ഞിരുക്കുന്ന മരണം നോവലിലെ ഒരു പ്രധാന കഥാപാത്രം ആണെങ്കിലും മരണം ദിവസേന കാണുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് മിസ്ത്രി പുസ്തകത്തിലൂടെ പറയുന്നത്. ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ 'സൌരാഷ്ട്രിയന്‍' മതത്തില്‍ വിശ്വസിക്കുന്ന ജനവിഭാഗമാണ് പാഴ്സികള്‍. ഇന്ത്യയില്‍ പ്രധാനമായും ഗുജറാത്തിലും, മുംബായിലും ആണ് ഭൂരിപക്ഷം പാഴ്സികളും വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ വ്യാപിച്ചു കിടക്കുന്ന എട്ടു ദശകങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. കഥ നടക്കുന്നത് മുംബായിലും.

പാഴ്സികള്‍ അഗ്നിയെ ആരാധിക്കുന്ന ഏക ദൈവ വിശ്വാസികളാണ്. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ അവര്‍ ദഹിപ്പിക്കുകയില്ല. വിശാലമായ, ഒരു ചെറു വനത്തെ അനുസ്മരിപ്പിക്കുന്ന, എസ്റ്റേറ്റുകളില്‍ നിര്‍മിക്കുന്ന 'നിശബ്ദതയുടെ ഗോപുരങ്ങളില്‍' അവര്‍ മൃതദേഹങ്ങള്‍ സമര്‍പ്പിക്കുന്നു. തുറസ്സായ ഇത്തരം ഗോപുരങ്ങളില്‍ കഴുകന്മാര്‍ കൂട്ടമായി വന്നു മൃതദേഹം ഭക്ഷിക്കും. ഇങ്ങനെയാണ് പാഴ്സികള്‍ മൃതദേഹം അടക്കം ചെയ്യുന്നത്. ഒരു പാഴ്സി മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മൃത ദേഹം ഗോപുരത്തിലെക്ക് എത്തിക്കുന്നതും, അടക്കം ചെയ്യുന്നതിന് മുമ്പ് കുളിപ്പിക്കുന്നതും, വൃത്തിയാക്കുന്നതും ഉപജാതിയായ 'ഖാണ്ടിയാ'കള്‍ ആണ്. ഇവര്‍ പാഴ്സി മതക്കാര്‍ ആണെങ്കിലും, ശവം കൈകാര്യം ചെയ്യുന്നവര്‍ ആയതുകൊണ്ട് മറ്റു പാഴ്സികള്‍ ഇവരെ താണ ജാതി ആയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പാഴ്സി അമ്പലത്തില്‍ ശുദ്ധി ക്രിയകള്‍ കൂടാതെ കയറാനോ, മറ്റു പാഴ്സികളില്‍ നിന്നും കല്യാണം കഴിക്കണോ ഇവര്‍ക്ക് അര്‍ഹത ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള ഒരു ഖാണ്ടിയയാണ് നമ്മുടെ കഥാനായകന്‍ (ഫിറോസ്‌). പാഴ്സികളുടെ ശവമടക്ക് രീതികളെ കുറിച്ച് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്  എങ്കിലും 'ഖാണ്ടിയ'കളെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയത് ഈ പുസ്തകത്തില്‍ നിന്നുമാണ്. 

ഒരു പുരോഹിതന്റെ മകനില്‍ നിന്നും ശവമഞ്ചം ചുമക്കുന്ന തൊട്ടുകൂടാത്തവനീലേക്കുള്ള ദൂരം ഫിറോസ്‌ താണ്ടുന്നത് പ്രണയത്തിലൂടെയാണ്. പാഴ്സി സമൂഹത്തില്‍ നിലനിന്നിരുന്ന/നില്‍ക്കുന്ന വിവേചനങ്ങളും, സാമൂഹ്യ അസമത്വങ്ങളും, തൊഴിലിന്‍റെ വിഷമതകളും, സര്‍വവ്യാപിയായ ദാരിദ്യവും മിസ്ത്രി പുസ്തകത്തിലൂടെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. ഫിറോസിന്റെ പ്രണയവും, ഏകാന്തതയും വായനക്കാരെ പുതിയ ഒരു ലോകത്തിലേക്ക് എത്തിക്കുന്നു (പ്രണയത്തേക്കാള്‍ ഏറെ ഏകാന്തത). സമൂഹത്തിലെ മറ്റുള്ളവരില്‍ നിന്നും ഓടിയോളിക്കാനുള്ള പ്രചോദനം കര്‍ശനമായ സാമൂഹിക തരം തിരുവ് തന്നെയാകണം. ചെയ്യുന്ന ജോലിയുടെ കാഠിന്യം ഖാണ്ടിയകളെ മദ്യപരാക്കി മാറ്റി. സമൂഹത്തിലും, വീട്ടിലും അനുഭവപ്പെടുന്ന ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാനും ഇവര്‍ മദ്യത്തെ കൂട്ട് പിടിക്കുന്നു. 

അധികം വിദ്യാഭ്യാസമില്ലാത്ത ഫിറോസ്‌ തന്‍റെ പഴയ സ്കൂള്‍ നോട്ടുബുക്കുകളില്‍ കുറിച്ചിടുന്ന ചെറു കുറിപ്പുകളായാണ് മിസ്ത്രി പുസ്തകത്തെ അവതരിപ്പിക്കുന്നത് എങ്കിലും  പലയിടങ്ങളിലും ഭാഷയും, വാക്കുകളും 'തരൂര്‍ ഇംഗ്ലീഷ്' ആയി മാറുന്നുണ്ട് (ഇങ്ങനെയും വാക്കുകള്‍ ഉണ്ടെന്നു മനസ്സിലായി). വായനക്കാരെ പിടിച്ചു ഇരുത്തുന്ന ഒഴുക്കോ, സൌന്ദര്യമോ ഭാഷക്ക് ഇല്ലെങ്കിലും, ഫിറോസിന്റെ ജീവിതം അതിന്‍റെ പ്രത്യേകത കൊണ്ട് മാത്രം നമ്മെ ആകര്‍ഷിക്കും. അധികം ചര്‍ച്ച ചെയ്യപ്പെടാത്ത പാഴ്സികളുടെ ജീവിത രീതികള്‍ പ്രതിപാദിക്കുന്നു എന്നതുകൊണ്ട്‌ മാത്രം തന്നെ തീര്‍ച്ചയായും വായിക്കേണ്ട ഒരു പുസ്തകമാണ് ഈ പുരാവൃത്തം.

നക്ഷത്രങ്ങള്‍: അഞ്ചില്‍ മൂന്നര