പറവ എന്ന സിനിമ കണ്ടു തീയറ്ററില്‍ നിന്നുമിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായിരുന്നു; ഒരു പക്ഷെ ശോഭാ മാളിലെ ഐനോക്സില്‍ കണ്ടതുകൊണ്ടാകണം അത്രയും വിങ്ങല്‍ അനുഭവപ്പെട്ടത്. വളരെ കാലത്തിനു ശേഷമാല്ലെങ്കിലും ഒരു കൂതറ പടം തീയറ്ററില്‍ പോയി കണ്ടതിന്‍റെ എല്ലാ വിധ ആത്മനൊമ്പരവും ഇന്നത്തെ സായം സന്ധ്യയില്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.
കുറച്ച് രക്ഷാധികാരി ബൈജു (ക്ലബും, പത്ത് മുപ്പതു വയസ്സായിട്ടും കളിച്ചു നടക്കുന്ന കുറെ ടീംസും), കുറച്ചു ഗപ്പി (ആ രണ്ടു പയ്യന്മാര്‍), കുറച്ചു 1984(ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട നഷ്ടോള്‍ജിയ),ന്യുജെന്‍ പടങ്ങളുടെ ഈറ്റില്ലമമായ മട്ടാഞ്ചേരി-കൊച്ചി ലൊക്കേഷന്‍ ആന്‍ഡ് സ്ലാങ്ങ്, അങ്ങനെ കണ്ടു മറന്നതും, മറക്കാത്തതുമായ പല സിനിമകളുടെയും പ്രേതങ്ങള്‍ പറവയെ ആവേശിച്ചതായി തോന്നി. ആകെ മൊത്തം എല്ലാം കൂടി ടി പ്രേതങ്ങളുടെ ഒരു ഭാര്‍ഗവിനിലയം!
പറയത്തക്ക കഥ ഒന്നും ഇല്ല; അതും ഈ അടുത്ത കാലത്തെ സിനിമകളുടെ ഒരു പ്രത്യേകതയാണല്ലോ.
ഇടക്കാലത്ത് ചില തമിഴ് പടങ്ങളില്‍ കണ്ടിട്ടുള്ള ഒരു ചെറുപ്രദേശത്തെ 'കളി' ഭ്രാന്തും, അതിലെ ചാമ്പ്യന്മാരാകാന്‍ രണ്ടു ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങളും സിനിമയുടെ ഒരു ലെയര്‍; മറു ലെയറില്‍ കുറച്ചു കഞ്ചാവും, പിള്ളാരുടെ ചേട്ടന്‍ തലമുറയുടെ സാഹസികകൃത്യങ്ങളും അവരുടെ നേതാവ് കം മാലാഖയുടെ ഇടപെടലുകളും. അങ്ങനെ സിനിമ രണ്ടു വഴികളിലൂടെ അന്ത്യത്തിലേക്ക് സഞ്ചരിക്കുന്നു.
കോമഡി സ്കിറ്റില്‍ വരെ സോഷ്യല്‍ മെസ്സേജ് തപ്പുന്ന ഈ കാലത്ത് ഇതിലുമുണ്ട് ട്ടോ ചില സന്ദേശങ്ങള്‍. മൂക്കില്‍ പല്ല് മുളച്ചാലും പണിക്കു പോകാതെ കളിച്ചു നടക്കുന്ന ചെറുപ്പക്കാര്‍, അടി പിടി, കഞ്ചാവിനടിമപ്പെട്ടവരുടെ ലോകം, ബാല വിവാഹം (പത്തില്‍ പഠിക്കുന്ന കുട്ടിയുടെ), ക്വോട്ടേഷന്‍ ടീമുകള്‍ അങ്ങനെ അങ്ങനെ ഇഷ്ടം പോലെ സന്ദേശങ്ങള്‍ (ഇനിയും പലതുമുണ്ട്, എല്ലാം ഞാന്‍ പറഞ്ഞാല്‍ ശരിയാകില്ലല്ലോ).
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. പടത്തില്‍ ആകെ ഇഷ്ടപ്പെട്ടത് ആ രണ്ടു പയ്യന്മാരുടെ സൌഹൃദവും, അവര്‍ തമ്മിലുള്ള 'കെമിസ്ട്രി'യുമാണ്. ചുമ്മാ ഡി.ക്യുനെ ഒക്കെ തിരുകി കയറ്റാതെ ആ രണ്ടു പയ്യന്മാരെ വെച്ചു മാത്രം പടം എടുത്തിരുന്നെകില്‍ ഡി.ക്യു ഫാന്‍സ് കുത്തികയറി പടം വമ്പന്‍ ഹിറ്റ് ആകുമില്ലായിരുന്നെങ്കിലും കണ്ടിറങ്ങുന്നവര്‍ക്ക് കൊടുത്ത കാശ് മുതലായേനെ.
പി.എസ്: ഇതില്‍ സത്യത്തില്‍ ഗസ്റ്റ് റോള്‍ ചെയ്തിരിക്കുന്നത് മ്മടെ സ്വന്തം സഖാവ് ആഷിക് അബു ആദ്യമാണ്. പുള്ളിയും കേസൊക്കെ തേച്ചു മാച്ചു കളഞ്ഞു പിള്ളേരെ രക്ഷിക്കുന്ന പോലീസായി തകര്‍ത്തു.
x