ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപ്ലവ പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവിന്റെ വീടന്വേഷിച്ച് പല ബ്ലോഗുകളിലും ഹണ്ടുകള്‍ നടക്കുന്ന വിവരം എല്ലാ ബൂലോകരും അറിഞ്ഞിരിക്കുമല്ലൊ. കുറേ വീടുകളുടെ പടങ്ങളും ഈ ചര്‍ച്ചകളില്‍ പൊന്തിവന്നു. അവസാനം നേതാവിന്റെ വീടിന്റെ ഒറിജനല്‍ പോട്ടം 'ഇന്‍വസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റി'നു ലഭിക്കുകയും ചെയ്തു. അങ്ങനെ ഈ വിവാദം ഒരു വിധം അവസാനിച്ചു എന്നു തോന്നുന്ന ഈ ശുഭമുഹൂര്‍ത്തത്തിലാണ് എനിക്കെന്റെ ചിന്തകള്‍ പോസ്റ്റാന്‍ തോന്നിയത്.
1. നാടിന്റെ മുക്കിലും മൂലയിലും ശീതീകരിച്ചതും അല്ലാത്തതും ആയ ഓഫീസുകളും,ടിവി ചാനലുകള്‍, ഒരു പത്രം (ഒക്കെ അധ്വാനിക്കുന മുതലാളി വര്‍ഗം, സോറി, തൊഴിലാളി വര്‍ഗത്തില്‍ നിന്നും പിരിച്ചെടുത്ത കാശ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നു കരുതുന്നു) മുതലായ ഒട്ടും മുതലാളിത്ത-ബൂര്‍ഷ്വാ സ്വഭാവങ്ങളില്ലാത്ത സ്ഥാപനങ്ങളും ഉള്ള ഒരു ജനസംഘടനയുടെ നേതാവിന് കൊള്ളാവുന്ന ഒരു വീടു വെച്ചൂടെ? അല്ല വെച്ചൂടെ?
2. ഈ വക കാര്യങ്ങള്‍ അന്വേഷിച്ചു നടക്കാതെ കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളെ പറ്റിയൊ (അധികം കാണാന്‍ വഴിയില്ല) നടക്കാതെ പോയവയെ പറ്റിയൊ (ആജീവനാന്തം പോസ്റ്റാനുള്ള വകുപ്പ് ഉണ്ട്) ഒരു പഠനം ഇവന്മാര്‍ക്ക് നടത്തിക്കൂടെ? (തറക്കല്ലിടല്‍ വികസത്തില്‍ വരില്ല)
ലവസാനത്തെ പോയന്റ്: നേതാവിന്റെ വീടാണെന്ന് പറഞ്ഞ് വേറെ ഒരു വീടിന്റെ പടം വെച്ച് നെറ്റില്‍ കൂടി പറന്നു നടന്ന ഇ-മയിലിന്റെ പ്രഭവസ്ഥാനം അന്വേഷിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേതാവ് അപകീര്‍ത്തി കേസ് കൊടുത്തതുകൊണ്ടാണ് ഈ അന്വേഷണം. തന്റെ വീടാണെന്നു പറഞ്ഞ് ഒരു തറ വീടിന്റെ പടം കൊടുത്തതുകൊണ്ടാണൊ അപകീര്‍ത്തി? എന്തെങ്കിലുമാകട്ടെ. എന്തായാലും ഫോര്‍വേഡിന്റെ പ്രഭവസ്ഥാനം അന്വേഷിക്കുന്നവര്‍ക്ക് എന്റെ ആശംസകള്‍!
പണ്ട് 'നികൃഷ്ടജീവി', 'വെറുക്കപ്പെട്ടവന്‍' എന്നോക്ക് പല നേതാക്കളും പലരേയും വിളിച്ചിട്ടുണ്ട്. അവരൊക്കെ അപകീര്‍ത്തി കേസ് കൊടുത്താല്‍... എന്റെ ലെനിന്‍ മുത്തപ്പാ...കാത്തോളണേ!!