December 10, 2015

നാഷണല്‍ ഹെറാള്‍ഡ് ചുരുളഴിയുമ്പോള്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ച് ഉലച്ചുകൊണ്ടിരിക്കുന്ന ഒരു വിവാദമാണല്ലോ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസ്. മീഡിയയില്‍ വരുന്ന വിവരങ്ങള്‍ മുഴുവന്‍ വിശ്വസിക്കാന്‍ പ്രയാസമുല്ലതുകൊണ്ടും, കേസിലെ പ്രമുഖ രണ്ടു കക്ഷികള്‍ ലിമിടഡ് കമ്പനികള്‍ ആയതുകൊണ്ടും ഒരു ചെറിയ അന്വേഷണം നടത്താന്‍ ഞാന്‍ തിരുമാനിച്ചു, എന്റെ അന്വേഷണത്തില്‍ കണ്ട വസ്തുതകള്‍ താഴെ കൊടുക്കുന്നു.

1. ദി അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്
1937ല്‍ സ്ഥാപിതമായ ഒരു ലിമിറ്റഡ് കമ്പനി (അനെക്സ് 1) ലെറ്റര്‍ ഹെഡ് പ്രകാരം നാഷണല്‍ ഹെറാള്‍ഡ് എന്ന ഇംഗ്ലീഷ് ദിന പത്രവും, ഖ്വാമി ആവാസ് എന്ന ഉറുദു ദിനപത്രവും അവര്‍ പബ്ലിഷ് ചെയ്യുന്നുണ്ട്. (അനെക്സ് 6). ഇന്നത്തെ (10-12-15) നില പ്രകാരം ശ്രീ.മോത്തിലാല്‍ വോറ ആണ് കമ്പനിയുടെ എം.ഡി. കമ്പനിയുടെ ഡയരക്ടര്‍മാരുടെ ലിസ്റ്റ് അനെക്സ് 2 ആയി കൊടുത്തിരിക്കുന്നു.

2. യങ്ങ് ഇന്ത്യന്‍
2010 നവമ്പര്‍ മാസം സ്ഥാപിതമായ ഒരു 'സെക്ഷന്‍ 25' ലിമിറ്റഡ് ബൈ ഗാരന്ടീ കമ്പനി (അനക്സ് 3). ലാഭെഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങലാണ് കമ്പനി നിയമത്തിലെ സെക്ഷന്‍ 25 പ്രകാരം സ്ഥാപിക്കുന്നത്. കമ്പനിയുടെ പ്രഥമ ലക്‌ഷ്യം ഇന്ത്യയിലെ യുവ ജനങ്ങളുടെ മനസ്സില്‍ ജനാധിപത്യ/മതേതര ചിന്തകള്‍ വളര്‍ത്തുക എന്നതാണ് (അനക്സ് 4). ശ്രീ സുമന്‍ ദുബെ, ശ്രീ സാം പിട്രോട എന്നിവരാണ് കമ്പനിയുടെ സ്ഥാപകര്‍. സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും (യഥാക്രമ 2011ഉം, 2010ഉം മുതല്‍)  ഈ കമ്പനിയുടെ ആറു ഡയരക്ടര്‍മാരില്‍ രണ്ടു പേര്‍ ആണ് (അനക്സ് 5). കമ്പനിയുടെ ബാക്കിയുള്ള നാല് ഡയരക്ടര്‍മാര്‍ ദി അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിലും ഡയരക്ടര്‍മാര്‍ ആണ്.

3. കേസിനാസ്പദമായ സംഭവം 
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  ദി അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്കു 90കോടിയോളം രൂപ ലോണ്‍ കൊടുത്തിരുന്നു. പ്രസ്തുത ലോനിന്മേല്‍ ഉള്ള അവകാശം  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്ടീയ പാര്‍ട്ടി 'യങ്ങ് ഇന്ത്യന്‍' എന്ന കമ്പനിക്ക് എഴുതി നല്‍കുന്നു. അങ്ങനെ 'യങ്ങ് ഇന്ത്യന്' അസോ.ജേര്‍ണല്‍സ് കൊടുക്കേണ്ട സംഖ്യ (Rs 902168980/-) പണമായി നല്‍കുന്നതിനു പകരം കമ്പനിയുടെ  പത്ത് രൂപ മുഖവിലയുള്ള  90216898 ഷെയറുകള്‍ ആയി നല്‍കുന്നു (അനക്സ്  6). യങ്ങ് ഇന്ത്യയുടെ 2012 മാര്‍ച്ച് മാസം 31നു അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ബാലന്‍സ് ഷീറ്റും, അനുബന്ധ അക്കൌണ്ടിംഗ് പോളിസികളും പരിശോധിച്ചത്തില്‍ നിന്നും പ്രസ്തുത അവകാശം ലഭിക്കാന്‍ അമ്പത് ലക്ഷമാണ് നല്‍കിയത് എന്ന് വ്യകതമായി (അക്കൌണ്ടിങ്ങ് പോളിസി - അനക്സ് 7). അസോ.ജേര്‍ണലിന്റെ ഫിക്സഡ് അസറ്റുകളുടെ (ഇതില്‍ അധികവും 'നിലം' ആണ്) മുഖവില (31/03/2014നു) ഏകദേശം 65 കോടി രൂപയോളം  വരും. അസോ.ജേര്‍ണലിന്റെ ഉടമസ്ഥതയില്‍ ഉള്ള ഈ വസ്തു വാഹകള്‍ക്ക് ഉദ്ദേശം 2000 കോടി രൂപയോളം വില കംപോളത്തില്‍ ലഭിക്കും എന്നാണു ശ്രീ സുബ്രമണ്യന്‍ സ്വാമി പറയുന്നത്. അങ്ങനെ ആയിരക്കണക്കിന് കോടി രൂപ വിലയുള്ള വഹകള്‍ കേവലം അമ്പത് ലക്ഷത്തിനു ഗാന്ധി കുടുമ്പം അടിച്ചു മാറ്റി എന്നും അദ്ദേഹം പറയുന്നു.

4. ഗാന്ധികുടുംബവുമായുള്ള ബന്ധം
ഇപ്പോള്‍ അസോ.ജേര്‍ണലിന്റെ 98.98% ഓഹരികള്‍ കൈവശമുള്ള യങ്ങ് ഇന്ത്യ എന്ന കമ്പനിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കൂടി 76% ഓഹരികള്‍ ഉണ്ട് (അനക്സ് 8). അതായത് അസോ.ജേര്‍ണലിന്റെ നിയന്ത്രണം പരോക്ഷമായി ഗാന്ധി കുടുംബത്തിനാണ്‌ എന്ന് വ്യക്തം. ഇതുകൂടാതെ രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ട്രസ്റ്റികള്‍ ആയിട്ടുള്ള രണ്ടു ട്രസ്റ്റുകളും കൂടി അസോ.ജേര്‍ണലിന്റെ 0.34% ഓഹരികള്‍ കൈവശം വെക്കുന്നുണ്ട്. അതായത് അസോ. ജേര്‍ണലിന്റെ 99.32% ശതമാനം ഓഹരികളും നിയന്ത്രിക്കുന്നത് ഗാന്ധി കുടുംബം ആണ്.

5. സംശയങ്ങള്‍ 
(എ) 2010 നവമ്പര്‍ മാസം ഇന്ത്യയിലെ യുവ ജനങ്ങളുടെ മനസ്സില്‍ ജനാധിപത്യ/മതേതര ചിന്തകള്‍ വളര്‍ത്തുക എന്ന ലക്ഷ്യവുമായി സ്ഥാപിതമായ യങ്ങ് ഇന്ത്യ എന്ന കമ്പനി മൂന്നുമാസങ്ങള്‍ക്കുള്ളില്‍ അസോ.ജേര്‍ണല്‍ എന്ന നഷ്ടത്തില്‍ ഓടുന്ന പത്രക്കമ്പനിയെ വിഴുങ്ങുന്നു. എന്തിന്? പത്രം വീണ്ടും തുടങ്ങാന്‍ ആണെങ്കില്‍ ഇത്രയും കാലമായി അതിനു വേണ്ട എന്തെങ്കിലും പ്രവര്‍ത്തികള്‍ അവര്‍ ചെയ്തോ?
(ബി) സ്ഥാപിതമായി നാല്പത് ദിവസത്തിനുള്ളില്‍ സോണിയയും രാഹുലും യങ്ങ് ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങി ഡയരക്ടര്‍മാരായി നിയമിക്കപ്പെടുന്നു. എന്തിനു?
(സി) കോണ്ഗ്രസ് പാര്‍ട്ടി അതിനു കിട്ടാനുള്ള 90 കോടി രൂപ കേവലം 50 ലക്ഷത്തിനു പാര്‍ട്ടി പ്രസിഡന്ടും മകനും നിയന്ത്രിക്കുന്ന കമ്പനിക്ക് എന്തിനു നല്‍കി?
(ഡി) ഈ തിരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിരുന്നോ? ജനങ്ങളില്‍ നിന്നും പിരിക്കുന്ന ഫണ്ട് ആണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്നത്. അങ്ങനെ പൊതു ജനങ്ങളുടെ പണം ലോണ്‍ ആയി ഒരു സ്വകാര്യ ബിസിനസ് സ്ഥാപനത്തിനു നല്‍കാമോ? അഥവാ നല്‍കിയാല്‍ തന്നെ ഇത്ര ബാലിശമായി അതിനെ കൈകാര്യം ചെയ്യാമോ?

ഇത്രയും കേട്ടതില്‍ നിന്നും കേസില്‍ ദുരൂഹത ഉണ്ടെന്ന കോടതിയുടെ നിരീക്ഷണം ശരിയാണോ എന്ന് നിങ്ങള്‍ തന്നെ ആലോചിക്കു.

(ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ വിവരങ്ങളും കമ്പനി മന്ത്രാലയത്തിന്റെ സൈറ്റില്‍ നിന്നും എടുത്തിട്ടുള്ളതാണ്  (http://www.mca.gov.in/). സൈറ്റില്‍ ലോഗിന്‍ ചെയ്‌താല്‍ ആര്‍ക്കും ഈ രേഖകള്‍ ലഭിക്കുന്നതാണ്)













November 28, 2015

ആര്‍ക്കന്‍




(ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

മീഡിയം: ജെല്‍ പെന്‍
സമയം:  ഏകദേശം ഏഴ് മണിക്കൂര്‍


November 24, 2015

ചിന്താവിഷ്ടനായാമിര്‍

"ഞാന്‍ രാജ്യം വിട്ടു പോകാന്‍ തിരുമാനിച്ചു"
"ഓ"
"ഞാന്‍ രാജ്യം വിട്ടു പോകുമെന്ന്"
"ഓ കേട്ടു"
"പോയാല്‍ പിന്നെ വരില്ല"
"നിര്‍ബന്ധമില്ല"
"ഇവിടത്തെ സിനിമേല്‍ അഭിനയിക്കില്ല"
"ഞങ്ങള്‍ സഹിച്ചു"
"ഞാന്‍ പോകും"
"ഇയാളോടല്ലേ പറഞ്ഞെ, പൊക്കോളാന്‍"
  
മീന്‍വയില്‍ ആദര്‍ശ ലിബരലുകള്‍: "അയ്യോ ആമിര്‍ പോകല്ലേ, അയ്യോ ആമിര്‍ പോകല്ലേ"

"ആഹാ, എന്നാ ഞാന്‍ അങ്ങനെ പോകുന്നില്ല. ഈ കുട്ട്യോള്‍ടെ കരച്ചില്‍ കണ്ടു ഇവരെ ഒറ്റയ്ക്കിവിടെ ഇട്ടു പോകാന്‍ മനസ്സ് വരുന്നില്ല"
"ഓ"

November 22, 2015

ഏകാദശി

മഴക്കാര്‍ മൂടിയ ചാരനിറമാര്‍ന്ന ആകാശത്തിനു താഴെ വൃശ്ചിക കാറ്റിന്റെ തണുത്ത കരങ്ങള്‍ ചുറ്റമ്പലത്തിലെ ചിരാതുകള്‍ അധികവും അണച്ചുകഴിഞ്ഞിരിന്നു. ആസന്നമായ മഴയെ പേടിച്ച് അമ്പലത്തില്‍ വന്നവര്‍ മേഘങ്ങളേ നോക്കി കൊണ്ട് എന്തൊക്കെയോ പിറു-പിറുത്തു കൊണ്ട് പ്രദക്ഷിണം വെക്കുന്നു. നമ്പൂരിയെ കുറ്റം പറയുന്നതാവണം. വൈകുന്നേരത്തെ പൂജ കഴിഞ്ഞു നട തുറന്നിട്ടില്ല. മഴക്കാര്‍ കണ്ടിട്ടും കുട എടുക്കാതെ പോന്നവരുടെ വിഷമം ശ്രീകോവിലില്‍ ഇരുന്നു പൂജ ചെയ്യുന്ന നമ്പൂരിക്ക് അറിയുമോ? ഏതായാലും ഞാന്‍ പുറത്ത് രണ്ടു-മൂന്നു പ്രദക്ഷിണം കൂടി വെക്കാന്‍ തിരുമാനിച്ചു. നട അത്ര പെട്ടെന്നൊന്നും തുറക്കില്ല. പോരാത്തതിന് അവിടെ നാമം ജപം കമ്മിറ്റിക്കാര്‍ ഉച്ചത്തില്‍ നാമം ജപിക്കുന്നുമുണ്ട്. പ്രാര്‍ത്ഥനകള്‍ മനസ്സില്‍ ചൊല്ലാന്‍ ഇഷ്ടമുള്ള എനിക്ക് അവിടെ നില്‍ക്കുന്നതിനേക്കാള്‍ സുഖം തണുത്ത കാറ്റുമേറ്റ് പുല്ലില്‍ കൂടി നടക്കാനാണ്.

"കേശു അല്ലെ?"
ആ ചോദ്യം എന്നെ അദ്ഭുതപ്പെടുത്തി. മാഷാണ്. എന്തേ കണ്ടില്ല എന്ന് ഞാന്‍ ഇപ്പൊ വിചാരിച്ചതെ ഉള്ളു.
"അതെ മാഷേ. ഇന്ന് രാവിലെ എത്തി. സുഖമായി പോകുന്നു." അടുത്ത ചോദ്യം ഞാന്‍ ഊഹിച്ചു.
"ഇപ്പൊ അങ്ങനെ ആരേം കാണാറില്ല.... അതുകൊണ്ട് തന്നെ വിശേഷങ്ങള്‍ ഒന്നും..... അറിയാന്‍ പറ്റാറില്ല" മാഷിന്റെ ശബ്ദത്തിന് കാലത്തിന്റെ ഇടര്‍ച്ച ബാധിച്ചിരിക്കുന്നു. 
"മനസ്സിലായി.. കുറെ കാലമായി ഇങ്ങോട്ടൊക്കെ ഇറങ്ങിയിട്ട്. അവള്‍ കൂടി വന്നിട്ടാകാം എന്ന് വിചാരിച്ചു"
"അപ്പൊ ഒറ്റക്കല്ല! എന്നിട്ടെവിടെ? 
"അവള്‍ ഉള്ളില്‍ ഉണ്ട്. ഇത്രയൊക്കെ ആയിട്ടും പ്രാര്‍ത്ഥനക്ക് ഒരു കുറവുമില്ല"
"നമുക്കിനി അതൊക്കെ തന്നെ അല്ലെ ഉള്ളു... എന്നാ നടന്നോളു. എനിക്ക് പ്രദക്ഷിണം വെക്കാനോന്നും പറ്റില്ല"
"ശരി മാഷേ, അപ്പൊ തൊഴുതിട്ടു കാണാം"

ഞാന്‍ മുന്നോട്ടും മാഷ്‌ ചുറ്റമ്പലത്തിലേക്കും നടന്നു.രണ്ടു പ്രദക്ഷിണം കഴിഞ്ഞിട്ടും നട തുറന്നിട്ടില്ല. ഏകാദശി ദിവസമായിട്ടാകണം അമ്പലത്തില്‍ തിരക്ക് ഏറിയിട്ടുണ്ട്. മൂന്നാമതൊരു പ്രദക്ഷിണം കൂടി വെച്ചാല്‍ തിരിച്ചു പോകാനുള്ള ശക്തി ഉണ്ടാകില്ല എന്ന് തോന്നിയതുകൊണ്ട് പടിഞ്ഞാറേ നടയില്‍ അടഞ്ഞു കിടക്കുന്ന ശ്രീകൊവിലിനഭിമുഖമായി ഞാന്‍ നിന്നു. നാമം ജപം സെറ്റിന്റെ അംഗബലം എന്റെ കുട്ടിക്കാലത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. കണ്ണുകള്‍ അടച്ച് ഞാനും അങ്ങനെ നിന്നു.

നട തുറന്നു. തൂക്കു വിളക്കുകളുടെ സ്വര്‍ണ്ണ വെളിച്ചത്തില്‍ ദേവിയുടെ വിഗ്രഹം കാണാന്‍ ഒരു പ്രത്യേക സൌന്ദര്യമാണ്. ഉള്ളിലെ കല്‍വിളക്കും കത്തിച്ചിട്ടുണ്ട്. കുറച്ചു നേരം ആ ഒരു കാഴ്ച നോക്കികൊണ്ടങ്ങനെ നിന്നു. ഒരു പക്ഷെ ഇനി ഇതൊന്നും കാണാന്‍ സാധിച്ചെന്നു വരില്ല. എന്റെ പിന്‍ഗാമികളുടെ നന്മക്ക് വേണ്ടിയും പിന്നെ ഞങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു. പിന്നെ അവള്‍ക്കുവേണ്ടി കാത്തു നിന്നു. അവള്‍ വരാന്‍ പിന്നെയും കുറച്ചു നേരമെടുത്തു. പ്രതീക്ഷിച്ച പോലെ കയ്യില്‍ ഇലക്കീരുണ്ട്.പഴയ പോലെ വഴങ്ങില്ലെങ്കിലും പതിയെ മുട്ട് മടക്കി ഒന്ന് കുനിഞ്ഞു കൊടുത്തു, അവള്‍ക്ക് പ്രസാദം തൊട്ടു തരുവാന്‍. ഒരു തവണ കൂടി ഉള്ളിലേക്ക് നോക്കി പ്രാര്‍ഥിച്ചുകൊണ്ട് പുറത്തെക്കിറങ്ങി.

ആ സമയം ആശുപത്രിയിലെ കോമ വാര്‍ഡിലെ യന്ത്രങ്ങളില്‍ ചുവന്ന അക്ഷരത്തില്‍ അപായ സൂചന തെളിയുകയും അമ്പലമണികളെ പോലെ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. പരിഭ്രാന്തരായി ഓടി വന്ന നഴ്സ് മുറിയുടെ വാതില്‍ തുറന്ന്‍ കട്ടിലിനടുത്ത് എത്തിയപ്പോഴേക്കും അവളുടെ ജീവന്‍ ആകാശത്ത്   ഒരു നക്ഷത്രമായി തെളിഞ്ഞു കഴിഞ്ഞിരുന്നു.  

October 21, 2015

സഹിഷ്ണുതം

ഭാരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്. എന്നും.

സ്വന്തം വിശ്വാസ പ്രമാണങ്ങളെ മറ്റുള്ളവര്‍ സമൂഹ മദ്ധ്യത്തില്‍ പരിഹസിക്കുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭാരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

മറ്റു മത/രാഷ്ട്രീയ സംഹിതകളില്‍ വിശ്വസിക്കുന്നവര്‍ സ്വന്തം ലാഭത്തിനു വേണ്ടി അതേ പേരില്‍ സംഘം ചേര്‍ന്നു ഭരണം കയ്യാളുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

അവകാശങ്ങള്‍ നേടി എടുക്കാന്‍ സംഘടിക്കുന്നതിനെ പറ്റി ഹിന്ദു സ്വപ്നത്തില്‍ പോലും ആലോചിക്കരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

വന്നു കയറിയവര്‍ ഒരു സമൂഹത്തെ മൊത്തം അവരുടെ നാട്ടില്‍ നിന്നും ഓടിച്ചപ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.  

ചരിത്രത്തില്‍ ഹൈന്ദവ ധര്‍മ്മത്തെ ഇല്ലാതാക്കാന്‍ ആവുന്നത്ര ശ്രമിച്ച ഭരണാധികാരികള്‍ ആദരിക്കപെടുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

കള്ളന്മാരും കൊലപാതകികളും രാജ്യദ്രോഹികളും മതത്തിന്റെ പേരില്‍ വീരനായക പരിവേഷം ചാര്‍ത്തുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

ഒരു കാലത്ത് ലോകത്ത് പല ഭാഗങ്ങളില്‍ നിന്നും മത ഭീകരത പേടിച്ച് ഓടി വന്നവര്‍ക്ക് ഭാരതം അഭയം നല്‍കി. ഇപ്പോള്‍ മതം നോക്കി അര്‍ഹതപ്പെട്ട ഹിന്ദുക്കള്‍ക്ക് സഹായം നിഷേധിക്കുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി ചരിത്രത്തെ ചരിത്രകാരന്മാര്‍ തള്ളി പറയുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

ജനാധിപത്യത്തിന്റെ നേടും തൂണായ, സ്വതന്ത്രമായ ചിന്ത വെച്ചു പുലര്‍ത്തേണ്ട ലേഖകര്‍ പക്ഷം ചേര്‍ന്നു ഹൈന്ദവ ധര്‍മത്തെ കൊത്തി കീറുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

സംസ്കൃതം എന്ന ഭാഷയും അതിന്റെ സങ്കീര്‍ണ്ണതയും അറിയാത്തവര്‍ വ്യഖ്യാനിച്ച് വേദങ്ങളെയും ഇതിഹാസങ്ങളെയും മലീമസമാക്കുമ്പോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

മറ്റുള്ളവര്‍ക്ക് സ്വന്തം ആരാധനാലയങ്ങള്‍ നടത്താന്‍ സ്വാതന്ത്ര്യം ഉള്ള നാട്ടില്‍ ഹിന്ദു സമാന സ്വാതന്ത്ര്യത്തിനു വേണ്ടി  മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

അഞ്ചു സഹസ്രാബ്ദങ്ങള്‍ക്കപ്പുറം ചരിത്രമുള്ള ഹൈന്ദവ ധര്‍മത്തെ ഇന്നലെ മുളച്ച തകരകള്‍ അപമാനിക്കുംപോള്‍ ഹിന്ദു മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് മറ്റുള്ളവര്‍ കവര്‍ന്നാലും ഹിന്ദു പ്രതികരിക്കരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ക്ക് വേണ്ടി ഒരുത്തന്‍ വന്നു ഒരു കരണത്ത് അടിച്ചാലും പ്രതികരിക്കരുത്, മറിച്ച് മറു കാരണം കാണിച്ചു കൊടുക്കണം. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ കയ്യിലാണ്.

ഭാരതത്തിന്റെ സഹിഷ്ണുതയില്‍ അധിഷ്ഠിതമായ പാരമ്പര്യത്തെ പറ്റി ഊറ്റം കൊള്ളുന്നവര്‍ മിണ്ടരുത്. കാരണം ഭരതത്തിന്റെ സഹിഷ്ണുത ഹിന്ദുവിന്റെ മൌനമാണ്. അവന്റെ സഹനമാണ്.


സംശയമുള്ളവര്‍ ലോകത്തിലെ മറ്റൊരു രാജ്യമോ സംസ്കാരമോ കാണിച്ചു തരു, ഈ ഭാരതം പോലെ!

October 14, 2015

ആടുപുരാണം

ആട് ആന്റണി പിടിയില്‍
(ആടിനെ വധശിക്ഷക്ക് വിധിച്ചാല്‍....)

  • ആടിനെ കൊന്നില്ലെങ്കില്‍ ആട്ഫെസ്റ്റ് നടത്തുമെന്ന് ഫിഫി
  • ആടിനെ കൊല്ലരുതെന്ന് സംഘം
  • ആടിനെ പിടിച്ചതില്‍ പ്രതിഷേധിച്ച് സന്തോഷ്‌ പണ്ഡിറ്റ്‌ തനിക്ക് കിട്ടിയ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കും
  • ആട് ഒരു ഭീകര ജീവിയാണെന്ന് ജയസൂര്യ
  • എന്ത്സംഭവിച്ചാലും ഞങ്ങള്‍ രൂക്ഷമായചര്‍ച്ച നടത്തുമെന്ന് വിവിധ ന്യൂസ് ചാനലുകള്‍
  • ആടിനെ കൊന്നാല്‍ വിവരമറിയുന്നു മേനകഗാന്ധി

September 25, 2015

പപ്പൂന്റെ കോണ്‍ഫറന്‍സ്


"എവിടെക്കാ?"
"ഞാന്‍ ഒന്ന് ശീമായിലെക്ക് പോകാ"
"എന്തിനാ"
"ജൂലായ്‌ മാസം അവിടെ ഒരു പരിപാടി, ഡോക്ടര്‍മാരുടെ ഭാഷയില്‍ കോണ്‍ഫറന്‍സ്, ഉണ്ടേ. അതില്‍ പങ്കെടുക്കാന്‍ പോകുന്നതാ"
"ക്ഷണം ഉണ്ടോ?"
"ക്ഷണിക്കാത്തത് അവരുടെ മര്യാദ. പോകേണ്ടത് എന്റെ മര്യാദ"
"എന്നാ ബോണ്‍ വോയേജ്"
"നണ്ട്രി"

September 12, 2015

അഭയാര്‍ത്ഥികളെ, ഇതാ നിങ്ങള്‍ക്ക് പള്ളികള്‍!

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം കൊടുക്കാതെ യൂറോപ്പിലേക്ക് ഓടിച്ച സൌദി അറേബ്യ ഇപ്പൊ ജര്‍മനിയിലുള്ള അഭയാര്‍ത്ഥികള്‍ക്കായി പള്ളി പണിതു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നു. ഇപ്പൊ അവര്‍ക്ക് അത്യാവശ്യം വേണ്ടത് അതാണല്ലോ. നൂറാള്‍ക്കാര്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ ആണ് പള്ളി പണിയുക (ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ കണ്ട വാര്‍ത്ത)

കുറച്ചു വര്‍ഷം കഴിയുമ്പോള്‍ അറബിക്ക് സ്ഥലം കൊടുത്ത ഒട്ടകം, സോറി, ഒട്ടകത്തിനു സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥ ജര്‍മനിക്ക് വരാതിരിക്കട്ടെ!

ഓഫ്: സ്വന്തം രാജ്യത്ത് പണിയെടുക്കുന്ന അന്യമത വിശ്വാസികള്‍ക്കായി 100 പേര്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ പള്ളി/അമ്പലം/ഗുരുദ്വാര മുതലായവ പണിയാന്‍ സൌദി സര്‍ക്കാര്‍ അനുമതി നല്‍കുമോ?

September 11, 2015

ആവിഷ്കാര സ്വാതന്ത്ര്യം

"ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍ ഭരണകൂടം നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ നമ്മള്‍ പഠപോരുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ രൂപഭേദമാണ് ആവിഷ്കാര സ്വാതന്ത്ര്യം. ഒരു കലാകാരന്റെ ഭാവനയെ ചങ്ങലകാള്‍ തളക്കുന്ന ഭരണരീതി ഫാസിസം അല്ലാതെ മറ്റൊന്നുമ്മല്ല, സോദരെ, മറ്റൊന്നുമ്മല്ല. അതുകൊണ്ട് ഞാന്‍ ആണയിട്ടു പറയുന്നു: ഇത്തരം ഫാസിസ്റ്റ് രീതികള്‍ക്കെതിരെ ഈ ഇടതു പക്ഷ(ഛേദന)പ്രസ്ഥാനം ആഞ്ഞടിക്കുക തന്നെ ചെയ്യും"

"സഖാവിങ്ങനെ ഗിരിപ്രഭാഷണം നടത്തി ഇരുന്നോ. ദേ മ്മടെ ആണ്ടവനില്‍ പുതിയ സിനിമ കളിക്കുന്നു: ടിപി 51. എല്ലാം പച്ചക്ക്  ഉണ്ട്. ഇനി ഇപ്പൊ പ്ലീനിയിട്ടും വല്യ കാര്യമില്ല"

"ആഹാ, അത്രക്കായോ? തല്ലിയൊടിക്കെടാ ആ സംവിധായകന്‍റെ കയ്യും കാലും. അവന്‍ ഇനി ഈ ജന്മത്തില്‍ സിനിമ എടുക്കരുത്"

"അപ്പൊ സഖാവെ, ഇത്രേം നേരം പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം?"

"മാങ്ങാത്തൊലി!" 

"അപ്പൊ ഇത് ഫാസിസമല്ലേ?"

"ഇത് താണ്ടാ കമ്മ്യൂണിസം"  

September 06, 2015

കുഞ്ഞിരാമായണം (Kunjiramayanam)


ഗര്‍ജിത് ബര്‍ഗ്മാന്‍,രഞ്ജിത്ത് റോയ്, സുസുകി മാരുതി,അല്ല,ചിരിസോവ മുതലായ അതികായന്മാര്‍ സൃഷ്ടിച്ച, മനുഷ്യ ജീവിതത്തെ ആകമാനം മൂടി നില്‍ക്കുന്ന യാഥാര്‍ഥ്യമാകുന്ന ആവരണങ്ങളില്‍ അകപെട്ട മനുഷ്യാത്മാക്കളുടെ സറിയലിസ്റ്റിക് എക്ട്രാപൊലേഷന്റെ ആവിര്‍ഭാവമായ, സിനിമ എന്ന ദൃശ്യ മാധ്യമത്തില്‍ ഒരു പക്ഷെ അത്ര ശ്രദ്ധേയമാല്ലാത്ത ഏതെങ്കിലും മൂലയിലെ ചിലന്തിവലയില്‍ പെട്ട ഈച്ചയാണ് കുഞ്ഞിരാമായാണം എന്ന ഈ സിനിമ എന്ന് കരുതുന്നവര്‍ ദയവ് ചെയ്ത് സഹിക്കുക; ഇവിടെ നിര്‍ത്തുക. രണ്ടുമണിക്കൂര്‍ ഒന്ന് ചിരിക്കണം എന്നുള്ളവര്‍ക്ക് ഉടനെ പോയി ടിക്കറ്റ് എടുക്കാം. കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍ക്ക് 'അവസ്ഥ, ല്ലേ?' എന്ന് നെടുവീര്‍പ്പിടുന്നതിനോടൊപ്പം മലയാള ചലച്ചിത്ര രംഗത്ത് വന്ന മൂല്യച്ചുതിയെ കുറിച്ച് വേണേല്‍ രണ്ടു പുരത്തില്‍ കവിയാതെ ഉപന്യസിക്കാം.

കഥ: അങ്ങനെ വല്യ കഥയായിട്ടൊന്നുമില്ല. എങ്കിലും പറഞ്ഞു വേരുപ്പിക്കുന്നില്ല. കണ്ടു മനസ്സിലാക്കിക്കോളി. 
അഭിനയം: ജുറാസിക് പാര്‍കിലെ ദിനോസറിന്റെ അത്രയോ, മമ്മിയിലെ മമ്മിയുടെ അത്രയോ, ടൈറ്റാനിക്കിലെ കപ്പലിന്റെ അത്രയോ, പ്രേമത്തിലെ നിവിന്‍ പോളിയുടെ അത്രയോ ഒന്നുമില്ല. വല്യ വെറുപ്പിക്കല്‍ ഇല്ല.
ക്യാമറ: ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ക്യാമറാമാന്റെ അത്ര ഇല്ല. എങ്കിലും എഡിറ്റോഗ്രഫി (ബ്രോയ്സിന്റെ മുടി വലുതാക്കുന്ന എഡിറ്റിംഗ്) കൊണ്ട് കൊള്ളാം.
ഗാനങ്ങള്‍: വയലാര്‍ പദ്മരാജന്‍ ദക്ഷിണാമൂര്‍ത്തി മുതല്‍പേര്‍ രാജ്യം വിട്ടു പോയേക്കും. എന്നാലും മുഴച്ചു നില്‍ക്കുന്നില്ല.
സംവിധാനം: അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നോ? പുള്ളിയുടെ കയ്യൊപ്പ് കുറെ തപ്പി. ആള്‍ടെ സ്പെസിമന്‍ സൈന്‍ ഒന്ന് കിട്ടിയിരുന്നേല്‍ ശരിക്ക് നോക്കായിരുന്നു. അടുത്ത പടത്തിനാവട്ടെ.
ആകെ മൊത്തം: ഇരുന്നൂറ്റി അറുപതു രൂഫക്ക് മൊതലായി. ഒട്ടും നഷ്ടബോധമില്ല.

സിനിമ എന്നത് കാണുന്നവരുടെ മനസ്സിലാണ്. എനിക്ക് ഇഷ്ടപ്പെട്ടു. ചെറിയ തമാശകള്‍ ഒക്കെ ആയി ഒരു പഴയ അന്തിക്കാടീയന്‍ നോസ്റ്റാളിജിയപ്പടം. നിങ്ങള്‍ക്ക് കണ്ടിട്ട ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇവിടെ വന്നു തെറി വിളിക്കരുത് എന്നപേക്ഷ!


September 04, 2015

ഓര്‍മകളിലെ വിപ്ലവജ്വാല : ദേശാപമാനി മുഖപ്രസംഗം


(ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ദേശാപമാനി പത്രത്തിനായി എഴുതിയ മുഖപ്രസംഗം)

ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആവിര്‍ഭരിച്ചിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് ഹിന്ദുമത തീവ്ര-വര്‍ഗീയ വാദികള്‍ ദൈവീകമായി പൂജിച്ചു പോരുന്ന പുരാണഗ്രന്ഥങ്ങളായ മഹാഭാരതവും, രാമായണവും. ഇവയുടെ ആഴത്തിലുള്ള പഠനം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന രൂപങ്ങള്‍ ദൈവീകാവതാരങ്ങളുടെതല്ല, മറിച്ച് ബൂര്‍ഷ്വാസികലോടു സാമാന്യ ജനങ്ങളുടെ നന്മയെ മുമ്പില്‍ നിര്‍ത്തി വിപ്ലവപ്പോരാട്ടം നടത്തിയ കറകളഞ്ഞ കമ്യൂണിസ്റ്റുകളുടെതാണ്. ബൂര്‍ഷ്വാ ശക്തികള്‍ സമസ്ഥ മേഘലകളിലും പിടിമുറുക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആദിമ കമ്യൂണിസ്റ്റുകളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന സഖാവ് കൃഷ്ണന്റെ ജന്മദിനാഘോഷങ്ങള്‍ ബൂര്‍ഷ്വാസികള്‍ക്ക് ഒരു ശക്തമായ താക്കീതായി മാറുമെന്നത് തര്‍ക്കമില്ലാത്ത സത്യമാണ്.

ഈ ഒരവസരത്തില്‍ സ:കൃഷ്ണന്റെ (സ:കൃ)  ജീവിതത്തിലേക്ക് ഒന്ന് പ്ലീനനം ചെയ്യുന്നത് നന്നായിരിക്കും. അമേരിക്കന്‍ സി ഐ എ ചാരനായിരുന്ന സ്വന്തം അമ്മാവന്‍ കംസന്‍റെ ആക്രമണങ്ങള്‍ ജനിക്കുന്നതിനു മുമ്പേ തന്നെ അനുഭവിക്കെണ്ടിവന്നവനാണ് സ:കൃ. മുതലാളിത്ത വ്യവസ്ഥിതിയുടെ ജീര്‍ണ്ണതയുടെ മൂര്‍ത്തീ ഭാവമായ കംസന്റെ ആക്രമണങ്ങളില്‍ കൂടപ്പിറപ്പുകളെ എല്ലാരെയും നഷ്ടപ്പെട്ട  സ:കൃനു നാഗാലാണ്ട് ഡിഫി സിക്രട്ടരിയായ സ:അനന്തന്റെ ഒളിപ്പോരിലൂടെ തടവറയില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചു. എങ്കിലും പിറന്നു വീണ വേറെ ഒരു കുഞ്ഞിന്റെ ജീവന്‍ തന്റെ സുരക്ഷക്കായി ബലികഴിക്കേണ്ടി വന്നു എന്നത് കുഞ്ഞു കൃഷ്ണനില്‍ കമ്യൂണിസത്തിന്റെ വിത്തു പാവി. പിന്നീടങ്ങോട്ട് കുത്സിത ശക്തികളുമായുള്ള എട്ടുമുട്ടലുകാള്‍ സമ്പന്നമായ ബാല്യമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ചെറുപ്പത്തിലെ സ:കൃന്‍റെ ജീവിതം ഇല്ലാതാക്കാന്‍ ക്യുഎസ്സ്എസ്സുകാര്‍ ഗുണ്ടകളെ (പൂതന എന്ന സ്ത്രീയെ അടക്കം) പല രൂപത്തില്‍ അയച്ചു. എന്നാല്‍ അവരെ എല്ലാവരെയും തന്റെ ഉരുക്കുമുഷ്ടി കൊണ്ട് ഇല്ലാതാക്കി സ:കൃ ജനങ്ങളുടെ ഇടയില്‍ ഒരു നേതാവായി ഉയര്‍ന്നു വന്നു

ഗോവര്‍ദ്ധന പര്‍വതത്തില്‍ മഴവെള്ള സംഭരണി ഉണ്ടാക്കി വരള്‍ച്ചക്ക് തടയിട്ടും, കാലികളെ ശാസ്ത്രീയമായി പരിപാലിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചും, പൂഴ്തിവെച്ച വെണ്ണ കുട്ടികള്‍ക്ക് നല്‍കിയും  സ:കൃ ജനജീവിതത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍  ഇക്കാലത്ത് നടത്തി. ബുദ്ധികൊണ്ടും ശക്തി കൊണ്ടും സഖാവിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബൂ:കംസന്‍ ആ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് വശീകരണ വിദഗ്ധയായ രാധ എന്ന ചര സുന്ദരിയെ സഖാവിന്റെ അടുത്തേക്ക് അയച്ചു. സഖാവിനെ സ്വകര്‍ത്തവ്യങ്ങളില്‍ നിന്നും വഴിമാറ്റാന്‍ രാധക്ക് തുടക്കത്തില്‍ സാധിച്ചു എങ്കിലും കംസന്റെ ചതി തിരിച്ചറിഞ്ഞ സഖാവ വീണ്ടും തന്റെ വിപ്ലവ വഴികളിലേക്ക് മടങ്ങി വരുന്ന കാഴ്ചയാണ് നമുക്ക കാണാന്‍ സാധിക്കുന്നത്. ബൂ:കംസനെ അവന്റെ കൊട്ടാരത്തില്‍ ചെന്നു വെല്ലു വിളിച്ച് ദ്വന്ദയുദ്ധത്തിലൂടെ ഇല്ലാതാക്കി കൊണ്ട് വലിയ രക്തചൊരിച്ചില്‍ ഒഴിവാക്കി ഭരണം പിടിച്ചെടുക്കാന്‍ സഖാവിനു സാധിച്ചു. ജനനന്മയ്ക്ക് മുമ്പില്‍ ബന്ധങ്ങള്‍ക്ക് വിലയില്ല എന്ന ശക്തമായ സന്ദേശം ഇതിലൂടെ സഖാവ് നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം ശിശുപാലവധതിലൂടെ തന്റെ ആശയങ്ങള്‍ കുറെ കൂടെ വ്യക്തമാക്കാനും സഖാവിനു സാധിച്ചു. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന ഒരു യുദ്ധ മുഖത്ത് ബന്ധുക്കള്‍ക്കെതിരെ  ആയുധം എടുക്കാന്‍ വൈമനസ്യം കാണിച്ച സ:അര്‍ജുനനിലെ പോരാളിയെ വിപ്ലവതത്വങ്ങള്‍ ഉപദേശിച്ച് ഉണര്‍ത്തിയതിലൂടെ സ: കൃഷ്ണനിലെ വിപ്ലവ വ്യക്തിത്വം കൂടുതല്‍ ശക്തിയോടെ ജ്വലിക്കുന്ന കാഴ്ച ഒരിക്കലും വിസ്മരിച്ചൂടാ. അന്ന് അര്‍ജുനന് ഉപദേശിച്ച തത്വങ്ങള്‍ 'ദാസ് ഗീത' എന്ന പേരില്‍ ആയിരക്കണക്കിന് സംവ്സ്ത്സരങ്ങള്‍ക്കിപ്പുറം  ഇപ്പോഴും അര്‍ത്ഥ സമ്പുഷ്ടതയോടെ നിലനിക്കുന്നു.   

വ്യക്തമായ രാഷ്ട്രീയ ചതുരത പ്രകടമാക്കി വിദഗ്ധമായ കരുനീക്കങ്ങളിലൂടെ ഇന്ദ്രപ്രസ്ഥത്തിലെ ബൂര്‍ഷ്വാ ശക്തികളെ (ദുര്യോധനന്‍ മുതല്‍പേര്‍) ഇല്ലാതാക്കി സ:യുധിഷ്ടിരനെ ഭരണകര്‍ത്താവാക്കി താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജ്വലിപ്പിച്ച വിപ്ലവാശയങ്ങള്‍ക്ക് ഭാരതമെന്ന വലിയ ക്യാന്‍വാസ് നല്‍കുന്നതില്‍ വിജയിച്ച സഖാവിനെയാണ്‌ കാലപരിണാമതത്തില്‍   നാം കാണുന്നത്. സ്വയം ഭരണചക്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒതുങ്ങി കൂടാന്‍ താല്പര്യമുള്ള വ്യക്തി ആയതുകൊണ്ട് ഒരിക്കലും ഒരു ഭരണ പദവിയും സഖാവ് ചോദിച്ചില്ല.കൊട്ടാരത്തിന്റെ അകത്തളങ്ങലേക്കാള്‍ ജനമദ്ധ്യത്തില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെട്ട ഒരു നേതാവായിരുന്നു കൃഷ്ണന്‍ സഖാവ്. അവസാനം മുതലാളിത്ത വ്യവസ്ഥിതിക്ക് അടിമപ്പെട്ട ഒരു വേടന്‍, യാത്രാമധ്യേ വിശ്രമിക്കുകയായിരുന്ന സഖാവിനെ ചതിയിലൂടെ കൊലപ്പെടുത്തി ആ പുന്യാത്മാവിനെ നമ്മുടെ ഇടയില്‍ നിന്നും പറിച്ചെടുത്തു.

കഴിഞ്ഞ ദിവസം ഭാരതം മുഴുവന്‍ അലയടിച്ച പ്രതിഷേധത്തിനു  (അന്ന് വിറച്ചു തുടങ്ങിയ പ്രാധാന മന്ത്രി ഇപ്പോഴും വിറക്കുകയാണത്രെ)  ഈ കൃഷ്ണ ജയന്തി ദിവസം കൂടുതല്‍ കരുത്തു ലഭിക്കട്ടെ. പല രൂപത്തില്‍, പല ഭാവത്തില്‍ നമ്മുടെ സംസ്കാരമണ്ഡലത്തില്‍ പ്രഭാവം ചെലുത്തുന്ന മുതലാളിത്ത ബൂര്‍ഷ്വാ ശക്തികലോട് പട പൊരുതാന്‍ സ:കൃഷ്ണനെക്കാള്‍ നല്ല ഒരു രക്തസാക്ഷി ഇല്ലതന്നെ!


September 02, 2015

പ്രിഡെസ്റ്റിനേഷന്‍ (Predestination)



ചില സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ ഇതുപോലെയാണ്: ഒച്ചയും, ബഹളങ്ങളും, സ്പെഷല്‍ എഫ്ഫക്ടുകളും, ഭൂമിയെ നശിപ്പിക്കാന്‍ വരുന്ന ഭീമന്‍ റോബോട്ടുകളും, അന്യഗ്രഹജീവികളും ഒന്നും ഉണ്ടാകില്ല. പകരം ഒരിക്കലും അഴിക്കാന്‍ പറ്റാത്ത, മനസ്സിനെ ഒരു അവസാനമില്ലാത്ത കുരുക്കില്‍ തളച്ചിടുന്ന പ്രമേയം മാത്രമേ ഉണ്ടാകു. അങ്ങനെ ഒരു സിനിമ ആണ് പ്രി ഡെസ്റ്റിനേഷന്‍ എന്ന ആസ്ത്രേല്യന്‍ ചിത്രം.

സമയ സഞ്ചാരം ഹോളിവുഡിനോരു പുതിയ പ്രമേയമേഅല്ല. എന്നാല്‍ സമയ സഞ്ചാരത്തിന്റെ സാദ്ധ്യതകളെ ഇതുപോലെ വിഭാവനം ചെയ്ത ഒരു ചിത്രം ഉണ്ടെന്നു തോന്നുന്നില്ല. സമയസഞ്ചാരത്തെ പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന 'ഗ്രാന്‍ഡ്‌ഫാദര്‍ പാരഡോക്സ്' പോലെ ഒരു എട്ടിന്റെ പണിയാണ് പ്രിഡെസ്റ്റിനേഷന്‍ മുന്നോട്ട് വെക്കുന്നത്.

ഈ പ്രപഞ്ചത്തില്‍ തികച്ചും ഒറ്റപ്പെട്ടു പോയ ചില ജീവനുകള്‍ അപൂര്‍വമായെങ്കിലും ജന്മമെടുക്കുന്നു. സ്വന്തം മനസ്സല്ലാതെ വേറെ ഒരു കൂട്ട് ഇവര്‍ക്കന്യമത്രെ. അങ്ങനെ ഒറ്റപ്പെട്ടുപോയ ഒരു ജീവന്റെ വളര്‍ച്ചയും, കാലാന്തരത്തില്‍ അതിനു വരുന്ന രൂപ വ്യതിയാനങ്ങളും, ഇതിനൊക്കെ കാരണമായി കാലത്തിന്റെ ഇരുളുകളില്‍ ഒളിച്ചിരിക്കുന്ന പ്രതിനായക വ്യക്തിത്വവുമാണ് നമ്മുടെ മുമ്പില്‍ ചിത്രം അവതരിപ്പിക്കുന്നത്. മുന്‍ഗാമികള്‍ അടയാളപ്പെടുത്തിയ നിയതമായ രേഖയിലൂടെ അന്തിമലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന നമ്മുടെ ഭാവി എഴുതപ്പെട്ടുകഴിഞ്ഞ തിരക്കഥയുടെ അനിവാര്യമായ നടനം മാത്രമാണെന്നും അനിശ്ചിതത്വം എന്നത് അറിവില്ലായ്മയുടെ ഉപോല്പന്നം മാത്രമാണെന്നും സംവിധായകന്‍ നമ്മോട് പറയുന്നു.


ഒറ്റവാക്കില്‍: ചിന്തകള്‍ക്കൊരെട്ടിന്റെ പണി!

September 01, 2015

സംവരണോഗതി

ഇന്നലെ: 
ഒരെണ്‍പത് ശതമാനം എങ്കിലും ഇല്ലേല്‍ കാര്യമില്ല. നന്നായി പഠിച്ചേ പറ്റു.

നാളെ:
നാല്പത് തന്നെ ധാരാളം. മുപ്പത് ശതമാനം സംവരണമുണ്ട്. എന്തായാലും കിട്ടും.


നല്ല നയങ്ങള്‍!

August 29, 2015

വാമനന്‍ 2015

വാമനന്‍ ഇപ്പോഴാണ് മൂന്നടി മണ്ണ് കേരള സര്‍ക്കാരിനോട് ചോദിക്കുന്നത് എങ്കില്‍:
 
1. ജാതി, മതം, എന്നിവ തെളിയിക്കുന്ന വില്ലെജാപ്പീസര്‍ സാക്ഷ്യപെടുത്തിയ സര്‍ട്ടീട്ടിന്‍റെ കോപ്പികള്‍ + ജനറല്‍ ക്വോട്ട കൈക്കൂലി 
2. സംഗതി വാമനന്‍ ന്യൂനപക്ഷമോ, ഭൂരിപക്ഷത്തിലെ ഭൂരിപക്ഷമോ അല്ലാത്തോണ്ടു സര്‍ക്കാര്‍ ഭൂമി പതിച്ചു കിട്ടാന്‍ അപേക്ഷ
3. അപേക്ഷ നല്‍കി ഒന്നാം കൊല്ലം: ഒന്നുമില്ല 
4. അപേക്ഷ നല്‍കി രണ്ടാം കൊല്ലം: ജന സമ്പര്‍ക്കത്തില്‍ ഒന്നൂടെ ഒരു അപേക്ഷ
5. അപേക്ഷ നല്‍കി മൂന്നാം കൊല്ലം: സിക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം, ചെറിയ രീതിയില്‍ ചാനല്‍ ന്യൂസ്
6. അപേക്ഷ നല്‍കി നാലാം കൊല്ലം: ഭൂമി നല്‍കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുന്നു
7. അപേക്ഷ നല്‍കി അഞ്ചാം കൊല്ലം: കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ മന്ത്രി വഹ വിദേശ യാത്ര. യാത്ര കഴിഞ്ഞു വന്നപ്പോഴേക്കും മന്ത്രി സഭ കാലാവധി കഴിയുന്നു. എതിര്‍പ്പാര്‍ട്ടിക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭൂമി വാഗ്ദാനം ചെയ്യുന്നു. 
8. അപേക്ഷ നല്‍കി ആറാം  കൊല്ലം: എതിര്‍പാര്‍ട്ടി അധികാരത്തില്‍ വരുന്നു. സവര്‍ന്നാധിപത്യത്തിനെതിരെ പട പോരുതുന്ന പാര്‍ട്ടി അതിനാല്‍ തന്നെ ഭൂമി നല്‍കല്‍ നിര്‍ത്തി വെക്കുന്നു.
9.  അപേക്ഷ നല്‍കി ഏഴ്, എട്ട്, ഒമ്പത്, പത്ത് കൊല്ലങ്ങള്‍: വാമനന്‍ റോഡ്‌ പണിക്ക് വന്ന ബംഗാളികളുടെ കൂടെ റോഡില്‍ കുഴിയുണ്ടാക്കുന്ന പണിക്ക് പോകുന്നു.
10. വാമനന്‍ ആദ്യം അപേക്ഷ നല്‍കിയ അതേ മുഖ്യന്‍ വീണ്ടും ഭൂമി വാഗ്ദാനം ചെയ്ത് വോട്ടു തെണ്ടി വരുന്നു.

11. തുടര്‍ന്ന്‍ വാമനന്റെ സ്വര്‍ഗാരോഹണം.  

August 27, 2015

ഓണം

നാളെ ഓണമായി എന്ന് പറയുമ്പോള്‍ മനസ്സില്‍ നിറയുന്ന ഒരുതരം സ്നേഹചൂടുണ്ട്. പണ്ട്, സ്വന്തം കാലുകളില്‍ നില്‍ക്കുന്നതിന്റെ അഹങ്കാരം മനസ്സില്‍ നിറയുന്നതിനും മുമ്പ്, മുത്തശ്ശന്‍ പൂജകള്‍ നടത്തി തൃക്കാക്കരപ്പനെ വെക്കുന്നത് കാണാന്‍ വെളുപ്പിന് പാതി തുറന്ന കണ്ണുകളോടെ ഉമ്മറത്ത് സ്ഥാനം പിടിക്കാന്‍ ഉത്സാഹിച്ചും, മുക്കുറ്റിയും, ചെത്തിയും, ചെമ്പരത്തിയും,മന്ദാരവും, വേലിയില്‍ വളരുന്ന പേരറിയാത്ത പൂക്കളും കൊണ്ട് പൂക്കളമിട്ടും, മുത്തശ്ശിയുടെ പുറകെ അമ്പലത്തില്‍ പോയും, അടുക്കളയില്‍ ചിരകി വെച്ച നാളികേരം വാരിത്തിന്നും, പ്രാതലിനു പുഴുങ്ങിയ പഴം പപ്പടം കൂട്ടി തട്ടിയും, ഇടക്ക് ചേട്ടനുമായി തല്ലുകൂടിയും, ഉച്ച വരെ ഇടക്കാലാശ്വാസമായി നിക്കറിന്റെ പോക്കറ്റില്‍ നിറച്ച കായ ഉപ്പേരി തിന്നും നടന്ന ഒരു കാലത്തിന്റെ  ഓര്‍മ്മകളുടെ ചൂട്. ഓണം എന്നാല്‍ ആ ഒരു വികാരമാണ്. കാലം നല്‍കിയ വേര്‍പാടുകള്‍ ആ ഓര്‍മ്മകളില്‍ ഇല്ലാതാകുന്നു. ക്ഷണനേരത്തേക്കെങ്കിലും.


അതാണ്‌ ഓണം!

August 25, 2015

മീനമ്മ


കഴിഞ്ഞ വര്‍ഷം കുളം വറ്റിയപ്പോള്‍ ഉണ്ടായിരുന്ന മീനുകള്‍ എല്ലാം കൊക്കുകള്‍ക്കും നീലപ്പോന്മാനുകള്‍ക്കും ഭക്ഷണമായി പോയി. മഴക്കാലത്ത് കുളം വീണ്ടും നിറഞ്ഞപ്പോള്‍ കുറെ മീനുകളെ കൊണ്ടിട്ടിരുന്നു എങ്കിലും ഭൂരിപക്ഷവും അധികകാലം ജീവിച്ചിരുന്നില്ല. അങ്ങനെ ഇരിക്കെ കഴിഞ്ഞ ആഴ്ചയാണ് ഈ 'മത്സ്യ സമ്പത്ത്' ആഴങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത്. ഒരായിരം മത്സ്യകുഞ്ഞുങ്ങളും അവക്കു ചുറ്റും ലക്ഷ്മണ രേഖ തീര്‍ക്കുന്ന അമ്മയും!

August 22, 2015

സമാന്തരം - ഭാഗം 1 (ഒരു സയന്‍സ് ഫിക്ഷന്‍ കഥ)

ചില കാര്യങ്ങള്‍ വിചിത്രങ്ങളാണ്; കേശുവിനു പോലും. കഴിഞ്ഞു പോയ ഒരു ദിവസത്തിലെ തന്‍റെ അനുഭവങ്ങളെ ലോഗ് ബുക്കില്‍ ചേര്‍ക്കാനായി ടെര്‍മിനലിന് മുമ്പില്‍ ഈ ഇരിപ്പ് തുടങ്ങിയിട്ട് തന്നെ മണിക്കൂര്‍ അഞ്ചു കഴിഞ്ഞു. ടൈപ് ചെയ്യുന്നത് രസമുള്ള പണി ആണ്. ഭൂമിയില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുമ്പ് പട്ടാളം റോഡിലെ ആക്രിക്കടകള്‍ മുഴുവന്‍ തിരഞ്ഞിട്ടാണ് ഒരു പഴയ കീ ബോര്‍ഡ്‌ കിട്ടിയത്. അത് കംപ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ പിന്നെയും കുറെ പണിപ്പെടെണ്ടി വന്നു. ക്രമമില്ലാതെ മനസ്സില്‍ തെളിയുന്ന ഓര്‍മകള്‍  വിരലുകളുടെ ഓരോ സ്പര്‍ശനത്തിലും സ്ക്രീനില്‍ തെളിയുന്ന അക്ഷരങ്ങളാകുമ്പോള്‍ ഒരു തരം ആത്മസംതൃപ്തി. അവന്റെ കൂട്ടുകാര്‍ പറയുന്ന പോലെ, കേശു ഒരു പഴഞ്ചനാണ്. 

ഭൂമിയില്‍ നിന്നും ഇപ്പോള്‍ അമ്പത് പ്രകാശ വര്‍ഷങ്ങള്‍ക്കും അപ്പുറമാണ് 'ശിവ'; കേശുവിന്റെ ബഹിരാകാശ പേടകം. ബഹിരാകാശ സഞ്ചാരം സ്വായത്തമാക്കിയത്തിനു പിന്നാലെ തമ്മില്‍ തമ്മില്‍ കലഹിച്ചിരുന്ന ഭൂമിയിലെ രാഷ്ട്രങ്ങള്‍ അവരുടെ യുദ്ധങ്ങള്‍ മറ്റു ഗ്രഹങ്ങളിലേക്ക് പറിച്ചു നടുന്നതിനു മുന്നോടിയായി പുതിയ ഗ്രഹങ്ങള്‍ തേടി, പുതിയ ജീവന്‍ തേടി പ്രപഞ്ചത്തിന്റെ പല ഭാഗത്തേക്കും പേടകങ്ങള്‍ അയച്ചു തുടങ്ങി. അങ്ങനെ ഭാരതത്തില്‍ നിന്നും പുറപ്പെട്ട മൂന്നു പെടകങ്ങളില്‍ ഒന്നാണ് ശിവ. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ സാധിക്കുന്ന ഒരു ചെറിയ വാഹനം.

കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ധൂമാകെതുക്കളും ഒക്കെ ഉണ്ടെങ്കിലും, പ്രപഞ്ചത്തിന്റെ സ്ഥായി ഭാവം ഏകാന്തതയാണ്. മനുഷ്യരുടെ കണക്കുകള്‍ വെച്ചു നോക്കിയാല്‍ വളരെ, വളരെ ഏകാന്തമാണ്. അതുകൊണ്ട് തന്നെ പ്രാകാശത്തേക്കാള്‍ വേഗമേറിയ പേടകങ്ങള്‍ ഉണ്ടെങ്കില്‍ പോലും ബഹിരാകാശ യാത്ര വളരെ വിഷമം പിടിച്ച ഒരു സംഗതിയാണ്. ഏകാന്ത യാത്രയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി സഞ്ചാരിയെ ക്രയോ സ്ലീപിനു (ഗാഢ നിദ്ര)  വിധേയനാക്കും. ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ചുകഴിഞ്ഞാല്‍ പിന്നെ പേടകത്തെ നിയന്ത്രിക്കുന്നത് ഒരു സൂപ്പര്‍ കമ്പ്യൂട്ടറാണ്. ഭൂമിയില്‍ നിന്നുമുള്ള സന്ദേശങ്ങളും, യാത്രയുടെ പുരോഗതിയും ക്രമമായ ഇടവേളകളില്‍ സഞ്ചാരിയുടെ തലച്ചോറിലേക്ക് നേരിട്ട് കടത്തിവിടുകയും, അസാധാരണമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ സഞ്ചാരിയെ ഉണര്‍ത്തുകയും ചെയ്യും. ശിവയിലെ സൂപ്പര്‍ കമ്പ്യൂട്ടരാണ് കേശുവിനെ കുറച്ചു മണിക്കൂറുകള്‍ മുമ്പ് നിദ്രയില്‍ നിന്നും ഉണര്‍ത്തിയത്.

പാര്‍വതിയുടെ ജനനം ഒരു അദ്ഭുതമാണ്‌. വളരെ നാളത്തെ പരീക്ഷണങ്ങളുടെ അടിത്തറ ഉണ്ടെങ്കിലും എവിടെയോ തെറ്റി എഴുതപ്പെട്ട പ്രോഗ്രാം കോഡുകള്‍ ഒരു യന്ത്രത്തിന് മനുഷ്യ സമാനമായ ബുദ്ധി നല്‍കി. ഭാരതത്തിന്റെ ആദ്യ പേടകമായ ശിവക്ക് കൂട്ടായി പാര്‍വതി തന്നെ മതി എന്ന് തിരുമാനിച്ചത് ഐ.എസ്.ആര്‍.ഓയുടെ തലവന്‍ ഡോക്ടര്‍ കലാം ആയിരുന്നു. ഒരു കാല്പനികമായ ശരി!
    
അസ്വാഭാവികമായ ഗുരുത്വാകര്‍ഷണ ശക്തികളും, വിചിത്രങ്ങളായ വികിരണങ്ങളും പേടകത്തിലെ മാപിനികള്‍ കണ്ടുപിടിച്ചിരിക്കുന്നു: പാര്‍വതി കേശുവിനെ അറിയിച്ചു. തന്റെ മുമ്പില്‍ തെളിയുന്ന സംഖ്യകളും, രേഖാ രൂപങ്ങളും കേശുവിനെ വല്ലാതെ കുഴപ്പിച്ചു. പാര്‍വതിക്ക് ഇവ മനസ്സിലായില്ലെങ്കില്‍ പിന്നെ അല്ലെ തനിക്ക് എന്ന സത്യം സ്ക്രീനില്‍ കണ്ണുകള്‍ ഉറപ്പിച്ചു ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കേശു മനസ്സിലാക്കി. താനോ പാര്‍വതിയോ മനസ്സിലാക്കിയ ഊര്‍ജ്ജതന്ത്ര നിയമങ്ങളെ കാറ്റില്‍ പരത്തുകയാണ് മുമ്പില്‍ തെളിയുന്ന സംഖ്യകളും അതിലുപരി  മുമ്പിലെ ദൃശ്യവും.

ശിവക്ക് അഭിമുഖമായി അതേ പേരോട് കൂടി അതേ തന്മാത്രകള്‍ കൊണ്ട് നിര്‍മിച്ച ഒരു പേടകവും അതില്‍ കേശുവിന്റെ പ്രതിഭലനവും.

ശിവയിലെമാപിനികള്‍ പതുക്കെ ചുവപ്പിലേക്ക് കടന്നതും, പാര്‍വതിയുടെ അപായ സൂചനകളും കേശു ആ നിമിഷം കേട്ടില്ല!



  

August 15, 2015

ഭാരതം, സ്വാതന്ത്ര്യം


ഈ സ്വാതന്ത്ര്യ ദിനത്തില്‍ എന്റെ അമ്മയെയും, അമ്മയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മക്കളേയും വന്ദിക്കുന്നു!

ഫ്ലാഷ്, ആറു മണിക്കൂര്‍, വികിപീടിയ

August 12, 2015

അവാര്‍ഡ് പ്രീണനം

"അവാര്‍ഡ് ആര്‍ക്കാ കിട്ട്യേ?"
"നിവിനും നസ്രിയക്കും"
"അപ്പൊ ദദ്‌ ദിദന്നെ"
"എന്തന്നെ?"
"ന്യൂനപക്ഷ പ്രീണനം"

"പോടാപ്പ"



വര്‍ഷങ്ങള്‍ക്ക് ശേഷം വായിക്കുന്നവര്‍ക്കായി: രണ്ടു ദിവസം മുമ്പ് പ്രഖ്യാപിച്ച കേരള സംസ്ഥാന സിനിമാ അവാര്‍ഡുകളില്‍ മികച്ച നടന്‍/നടി ആയി നിവിന്‍ പോളിയെയും, നസ്രിയ നസീമിനെയും തിരഞ്ഞെടുത്തത് യോഗ്യരായ പലരെയും തഴഞ്ഞു കൊണ്ടാണ് എന്നു സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന പ്രതികരണത്തിന്റെ പാശ്ചാത്തലത്തില്‍...

August 02, 2015

ശ്രീ എപിജെ അബ്ദുല്‍ കലാം (ടൈപോഗ്രഫി)


ടൂള്‍: ഫ്ലാഷ്
സോഴ്സ്: വിക്കിപീടിയ, ഒഫീഷ്യല്‍ സൈറ്റ്, ബ്രയ്നി ക്വോട്ട്സ്
സമയം: ഏകദേശം അഞ്ചു മണിക്കൂര്‍ 

July 31, 2015

മതേതര നീതി


"എന്താ സഖാവേ ഇത്? പറ്റുകണക്കാണോ?"

"അല്ലെടോ, ഇതാണ് നീതി, വെറും നീതി അല്ല, മതേതര നീതി"

"മനസ്സിലായില്ല"

"അതാണ്‌ സ്റ്റഡിക്ലാസ് അറ്റന്‍ഡ് ചെയ്യാതെ ഇരുന്നാല്‍ ഉള്ള കുഴപ്പം. ഞാന്‍ പറഞ്ഞു തരാം"

"പറയു സഖാവേ"

"അതായത്, ഇന്ത്യാ മഹാരാജ്യത്ത് കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങള്‍കൊണ്ട്, കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ ഭരിക്കുന്ന വര്‍ഗീയ ബിജെപി സര്‍ക്കാര്‍ തൂക്കി കൊന്നത് മൂന്നു പേരെ. അതും മൂന്നു മുസ്ലിങ്ങളെ"

"ശരി"

"ഇത് നീതി അല്ല. ന്യൂനപക്ഷങ്ങള്‍ക്ക് മുപ്പത് ശതമാനംസംവരണം എന്ന് കണക്കാക്കിയാല്‍ കൊല്ലപ്പെടേണ്ട ഭൂരിപക്ഷം (ഹിന്ദുക്കള്‍) 7. അതില്‍ തന്നെ നാപ്പത് ശതമാനം SC, വേറൊരു മുപ്പതു ശതമാനം ST, പിന്നെ ഒരു ഇരുപത് ശതമാനം OBC എന്നിവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അങ്ങനെ കണക്കാക്കിയാല്‍ മൂന്നു മുസ്ലിങ്ങളെ തൂക്കി കൊന്നത് ടാലി ആകാന്‍ കൊല്ലപ്പെടെണ്ട ഹിന്ദുക്കളുടെ ജാതി തിരിച്ചുള്ള കണക്കാണ് അപ്പുറത്ത് എഴുതിയിരിക്കുന്നത്"

"സഖാവേ, ഒരു കുഴപ്പമുണ്ട്. ഈ കണക്ക് പ്രകാരം സവര്‍ണ ഹിന്ദുക്കള്‍ മാക്സിമം ഒരാളെ  കൊല്ലപ്പെടു. അത് സവര്‍ണ്ണ മേധാവിത്വം ആകില്ലേ?"

"ശരിയാണല്ലോ! ഞാന്‍ അത് വിട്ടു. ഒരു കാര്യം ചെയ്യാം. ഏതായാലും സംവരണം നിര്‍ത്തണം എന്ന് അവര്‍ മുറവിളി കൂട്ടുകയല്ലേ. ഈ ഒരു കാര്യത്തില്‍ സംവരണം വേണ്ട എന്ന് വെക്കാം"

"അടിപൊളി. അപ്പൊ ഇനി ഇത് എങ്ങനെ നടത്തി എടുക്കും?"

"ഹ, പേരുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി മ്മടെ പിള്ളേര്‍ക്ക് കൊടുത്താല്‍ ഒരു ദയാ ഹര്‍ജിയും കോപ്പും ഒന്നും ഇല്ലാതെ അവര്‍ കാര്യം നടത്തും. കണക്ക് ടാലി ആകുകയും ചെയ്യും"

"സഖാവേ, ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണല്ലോ"

കറക്റ്റ്, മിസ്റ്റര്‍ സാദാ മെമ്പര്‍"   

July 29, 2015

#ബോയ്‌ക്കോട്ട്_തൂക്കല്‍

ദേശദ്രോഹികളെ ഒരിക്കലും തൂക്കി കൊല്ലരുത്. അവരെ പത്ത് പതിനഞ്ച് കൊല്ലം ജയിലില്‍ ജനങ്ങളുടെ (സര്‍ക്കാര്‍) ചിലവില്‍ തീറ്റി പോറ്റി കഴിച്ചത് എല്ലിന്റെ ഇടയില്‍ കുത്തി തുടങ്ങുമ്പോള്‍ ജയില്‍ മോചിതരാക്കണം. അതാണ്‌ ശരിക്കും വേണ്ടത്. അപ്പൊ ചിലപ്പോ അവര്‍ക്കും വീണ്ടും ദേശ'സ്നേഹം' പ്രകടിപ്പിക്കാനുള്ള അവസരവും ലഭിക്കും.

ആഫ്ടര്‍ ആള്‍, അതിഥി ദേവോ ഭവ: എന്നാണല്ലോ!

July 27, 2015

ക്ഷണം

കേശു തന്റെ ബഹിരാകാശ യാത്ര തുടങ്ങുന്നതിനും മുമ്പാണ് ഈ കഥ നടക്കുന്നത്. ഭൂമിയില്‍ നിന്നും വളരെ, വളരെ അകലെ, ആകാശ ഗംഗയുടെ നക്ഷത്രങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഒരു ഖണ്ഡത്തിലെ ഒരു വലിയ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഏക ഗ്രഹമായ വാതക ഭീമന്‍റെ ഏക ഉപഗ്രഹമാണ്‌ അഭൌമ. അഭൌമരുടെ പിന്‍ഗാമികളാണ് ആയിരക്കണക്കിന് സംവത്സരങ്ങള്‍ മുമ്പ് ഭൂമിയില്‍ മനുഷ്യ സംസ്കാരത്തിന് തുടക്കം കുറിച്ചത്. ഭൂമിയിലെ മനുഷ്യരേക്കാള്‍ വളരെ വികസിതമായ ഒരു സംസ്കാരത്തിന്‍റെ ഉടമകളാണ് അഭൌമര്‍. നക്ഷത്രങ്ങള്‍ക്കിടയിലെ അവരുടെ കൂട്ടിലിരുന്നു ഭൂമിയെ അവര്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവര്‍ക്ക് ഭൂമി കൌതുകകരമായ  ഒരു പരീക്ഷണമായിരുന്നു.

ഭൂമിയിലെ മനുഷ്യര്‍ കാലാന്തരത്തില്‍ അഗ്നി ജ്വലിപ്പിക്കാനും, ചക്രമുണ്ടാക്കാനും, ആയുധങ്ങള്‍ ഉണ്ടാക്കാനും, തമ്മില്‍ തല്ലാനും തുടങ്ങുന്നതൊക്കെ അവര്‍ നിരീക്ഷിച്ചു. മനുഷ്യരുടെ യുദ്ധക്കൊതി കണ്ടു മനസ്സ് മടുത്ത അഭൌമാര്‍ ഭൂമിയെ എഴുതി തള്ളി പുതിയ ഒരു ഗ്രഹം തേടി പോയി. ഭൂമിയുടെ പുരോഗതി വളരെ പതുക്കെ ആയിരുന്നു. എങ്കിലും യുഗങ്ങള്‍ക്ക് ശേഷം മനുഷ്യരും അതുവരെ ആരാധിച്ചിരുന്ന ബഹിരാകാശ ഗോളങ്ങളെ, സ്വന്തം സൌരയൂഥത്തിലെ എങ്കിലും, കീഴടക്കാന്‍ സാധിക്കുന്ന പേടകങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിവു നേടി. അതുകൊണ്ട് തന്നെ ഒരു ദിവസം ഭൂമിയില്‍ നിന്നും വന്ന ആ സിഗ്നല്‍ അവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയും, അതേസമയം സന്തോഷിപ്പിക്കുകയും ചെയ്തു.

അഭൌമരുടെ ഡീപ് സ്പേസ് കമ്മ്യൂണിക്കെഷന്‍ സാങ്കേതികത ഭൂമിയെക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതാണ്. ലക്ഷക്കണക്കിന്‌ പ്രകാശവര്‍ഷങ്ങള്‍ക്കും അകലെ നിന്നുള്ള സിഗ്നലുകളെ പിടിച്ചെടുക്കാന്‍ അവക്ക് കഴിയും. അങ്ങനെ ഉള്ള ഒരു കമ്മ്യുണിക്കേഷന്‍ അന്റിനയാണ്‌ ഭൂമിയില്‍ നിന്നുമുള്ള ആ സിഗ്നല്‍ പിടിച്ചെടുത്തത്. ഭൂമിയില്‍ നിന്നുമുള്ള ഈ സിഗ്നല്‍ അവര്‍ ഭൂമിയിലേക്കുള്ള  ക്ഷണം (അക്ഷരാര്‍ത്ഥത്തില്‍ ഒരു ക്ഷണം തന്നെ ആയിരുന്നു)  ആയി അവര്‍ കരുതി. സിഗ്നലിനെ ട്രാക്ക് ചെയ്ത അവര്‍ ഭൂമിയില്‍ എത്തി.

തീക്ഷ്ണമേറിയ വെളിച്ചവും, ക്രമമായ താളത്തില്‍ ഉള്ള ശബ്ദവും കേശുവിനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി. ജനലിലൂടെ പുറത്തേക്ക് നോക്കിയ കേശു ബോധം കേട്ട് വീഴാതെ ഇരുന്നത് ശരീരത്തില്‍ അധികം അളവില്‍ ഉണ്ടായിരുന്ന അഡ്രിനാലിന്‍ കാരണമാണ് എന്ന് പിന്നീട് കേശുവിനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.വീടിനു അല്പം മുകളിലായി വട്ടമിട്ടു പറക്കുന്ന ഒരു വിചിത്രവാഹനവും വാതില്‍ക്കല്‍ നില്‍ക്കുന്ന മനുഷ്യരൂപമുള്ള ജീവിയേയും കണ്ടാല്‍  ആരായാലും ഒന്ന് ബോധം കെടേണ്ടതാണ്. വാതില്‍ തുറന്ന കേശുവിനു മുമ്പില്‍ അഭൌമാര്‍ തൊഴുകയ്യോടെ നിന്നു. 

അവരുടെ മാതൃ പേടകത്തിലെ അസംഖ്യം കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ ഒന്നില്‍ ഭൂമിയില്‍ നിന്നുമുള്ള സിഗ്നല്‍ അപ്പോഴും തെളിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.


"കേശു ഇന്‍വൈറ്റ് യു ടു പ്ലേ കാണ്ടി ക്രഷ് സാഗ" 

July 16, 2015

അഭിനവ കുഞ്ചന്‍നമ്പ്യാര്‍ വാനംനോക്കി!

സീന്‍ ഒന്ന്: കാള പെറ്റു എന്ന് കേട്ട് കയറുമായി ചാടുന്ന വാനംനോക്കി.

സീന്‍ രണ്ട്: അബദ്ധം പറ്റി എന്ന് മനസ്സിലായപ്പോള്‍ "ഞാന്‍ ഈ തൊറെല് ആദ്യമാ, ഇവിടെ കാള പെറില്ല എന്നെനിക്കറിയില്ല" എന്ന് പറഞ്ഞു തടി തപ്പാന്‍ നോക്കുന്നു.

സീന്‍ മൂന്ന്: ശയനപ്രദക്ഷിണം പാളി എന്ന് മനസ്സിലാകുന്നു. "എല്ലാരേം പറ്റിച്ചേ, സംഗതി ആക്ഷേപ ഹാസ്യമാ" എന്ന് പറയുന്ന അഭിനവ കുഞ്ചന്‍നമ്പ്യാര്‍ വാനംനോക്കി!

സീന്‍ നാല്: പാലക്കാരന്‍ മോഷണം തുടരുന്നു, വാനം നോക്കി വാനം നോക്കി ഇരിക്കുന്നു!      

July 11, 2015

ടാബ്ലെറ്റ്

കുട്ടികള്‍ പുസ്തകങ്ങളില്‍ നിന്നും ടാബ്ലെറ്റിലേക്ക് മാറേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എല്ലാ വിദ്യാര്‍ദ്ധികള്‍ക്കും എല്ലാ വിഷയങ്ങളുടെ ടാബ്ലെട്ടുകളും ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ സ്വകാര്യ പ്രസ്സുകളില്‍ നിന്നും ടെണ്ടര്‍ വിളിക്കാന്‍ തിരുമാനിച്ചിരിക്കുന്നു.

വിദ്യാഭാസ മന്ത്രി.
(ഒപ്പ്)

June 18, 2015

ലിക്കര്‍ ഫെസ്റ്റപേക്ഷ

രാജ്യത്ത് മദ്യ ഉപഭോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയെക്കുമെന്നു ചില റിപ്പോര്‍ട്ടുകള്‍ വന്നതിനാല്‍, ടി നിയന്ത്രണങ്ങളെ എതിര്‍ക്കുന്നുനതിനു വേണ്ടി രാജ്യം മുഴുവന്‍ പഞ്ചായത്ത് വാര്‍ഡ്‌ അടിസ്ഥാനത്തില്‍ ലിക്കര്‍ ഫെസ്റ്റുകള്‍ സംഘടിപ്പിക്കുന്നതിനായി സംഘാടക പരിചയമുള്ള, പേരുദോഷം കേള്‍പ്പിച്ച മുന്തിയ ഇനം കുടിയന്മാരെ ആവശ്യമുണ്ട്. 

താത്പര്യമുള്ളവര്‍ യോഗ്യത തെളിയുക്കാനായി
(a) കഴിഞ്ഞ ഒരു വര്‍ഷത്തെ ബിവറേജസ്/ബാര്‍ ബില്ലുകള്‍,
(b) 'മദ്യം ആരോഗ്യത്തിനു ഉത്തമം' എന്നാ വിഷയത്തില്‍ ആയിരം വാക്കില്‍ കവിയാതെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഉപന്യാസം, 
(c) വീടിലേക്കുള്ള വഴി അടയാളപ്പെടുത്തിയ ഭൂപടം എന്നിവയുമായി അടുത്തുള്ള XYFI ആപ്പീസുമായി ഉടനെ ബന്ധപ്പെടുക! 

പി.എസ് (വി.എസ് അല്ല ട്ടാ): അഭിമുഖ പരീക്ഷ, കുടി മത്സരം എന്നിവയിലൂടെ ആകും തിരഞ്ഞെടുപ്പ്.

June 16, 2015

May 28, 2015

ഗുര്‍ണാല്‍



ഗുര്‍ണാല്‍ എന്നാണ് വാര്യത്ത് എത്തിയത് എന്ന് ചോദിച്ചാല്‍ ആര്‍ക്കും കൃത്യമായി ഓര്‍മ്മയില്ല. ഒരു ദിവസം വന്നു, അത്രമാത്രം ഓര്‍മയുണ്ട്. പിന്നെ അങ്ങനെ നാളും മുഹൂര്‍ത്തവും ഓര്‍ത്തു വെക്കാന്‍ അവനൊരു ഇരുകാലിയായിരുന്നില്ല. ഒരു വരയന്‍ പൂച്ച. ദേഹം മുഴുവന്‍ ചാര നിറത്തിലുള്ള വരകളുള്ള ഒരു പാവം പൂച്ച. ഒരു പക്ഷെ വാര്യത്തെ ആദ്യത്തെ 'പെറ്റ്' എന്ന നിലയില്‍ വരുംകാലങ്ങളിലെ ചരിത്രത്താളുകളില്‍ ചടഞ്ഞു കിടക്കാന്‍ സ്വന്തമായൊരു സ്ഥലം കയ്യടിക്കിയ, ഉഗ്രപ്രതാപി സര്‍.ടീപിയെസ്ഡബ്ല്യുവിനെ പോലും കീഴടക്കിയ ഒരു വീരന്‍ പൂച്ച.

ഒരു വൈകുന്നേരമാണ് അവന്‍ എത്തിയത്. പ്രായാധിക്യം കാരണമാകണം, ഇര പിടിക്കാന്‍ വയ്യാതെ എല്ലുന്തിയ ദേഹവുമായി വന്ന അവന്‍, എന്റെ കാല്‍ക്കല്‍, ചേര്‍പ്പിലെ തെക്കേ മുറ്റത്ത് സിമന്റ് തറയില്‍, കിടന്നുരുണ്ടത് (അവന്റെ ദൈന്യത നിറഞ്ഞ കരച്ചിലില്‍ നിന്നാണ്  ഗുര്‍ണാല്‍ എന്ന പേര് കണ്ടെത്തിയത്) സ്നേഹത്തെക്കാള്‍ കൂടുതല്‍ ഭക്ഷണത്തിനു വേണ്ടി ആകണം. എന്തായാലും ഞാന്‍ കൊടുത്ത ഒരു കഷ്ണം ദോശ ആര്‍ത്തിയോടെ തിന്നു തീര്‍ത്ത് ഒരു മ്യാവൂവില്‍ നന്ദിഅറിയിച്ച് അവന്‍ അംഗത്വം ഉറപ്പിച്ചു. പിന്നീടങ്ങോട്ട് കുറച്ചു ദിവസങ്ങള്‍ അവന്‍ ആ തെക്കേ മുറ്റത്ത് ദിവസവും മൂന്നു നേരം പ്രത്യക്ഷപ്പെടും; കിട്ടേണ്ടത് കഴിച്ച് പറമ്പില്‍ അപ്രത്യക്ഷനാകും.

അക്കാലത്ത് വൈകുന്നേരങ്ങളില്‍ മുത്തശ്ശനു എണ്ണ തേച്ചു കുളിക്കുന്ന പതിവുണ്ടായിരുന്നു. തെക്കേ മുറ്റത്തെ വരാന്തയില്‍ എണ്ണയൊക്കെ തേച്ചങ്ങനെ ഇരിക്കുമ്പോള്‍ ഗുര്‍ണാല്‍ മുത്തശ്ശന്റെ കാല്‍ക്കല്‍ കിടന്നുരുളും. ഞങ്ങള്‍ അവിടെ ഉണ്ടെങ്കില്‍ കാലില്‍ തലകൊണ്ട് ഉരസി സ്നേഹം പ്രകടിപ്പിക്കും. കാര്യം ആദ്യത്തെ പെറ്റ് ആയിരുന്നു എങ്കിലും അവനെ വീട്ടില്‍ കയറ്റിയിരുന്നില്ല (സര്‍ ടിപി അതിനു മാത്രം സമ്മതിച്ചിരുന്നില്ല, ഞങ്ങള്‍ക്കും അങ്ങനെ തന്നെ). ഞങ്ങളുടെ മനസ്സ് മനസ്സിലാക്കിയെന്നോണം അവന്‍ ഒരിക്കലും വീട്ടിനുള്ളില്‍ കയറാറുമില്ലായിരുന്നു. ഏറിയാല്‍ ചവിട്ട്‌ പടി വരെ വരും; ഭക്ഷണത്തിനു വേണ്ടി കരയും.

അങ്ങനെ നാളുകള്‍ കടന്നു പോകെ കുറച്ചു ദിവസത്തേക്ക് ഗുര്‍ണാല്‍ അപ്രത്യക്ഷനായി. പ്രായം അവനെ കവര്‍ന്നെടുത്തിട്ടുണ്ടാകുമെന്നാണ് ഞങ്ങള്‍ വിചാരിച്ചത്. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒപ്പം ഒരു ചെറിയ പൂച്ചക്കുട്ടിയും. ഒരു വെളുത്ത പൂച്ചക്കുട്ടി.അവന്റെ പങ്കില്‍ നിന്നും പൂച്ചക്കുട്ടിക്കും കൊടുക്കും. കുട്ടിയെ വാര്യത്താക്കി   അധികം താമസിയാതെ അവന്‍ വീണ്ടും അപ്രത്യക്ഷനായി. ഇത്തവണ അവന്‍ തിരിച്ചു വന്നില്ല. പിന്നെ അവനെ ഞങ്ങള്‍ കണ്ടിട്ടുമില്ല. കുറച്ചാരോഗ്യമായപ്പോള്‍ പൂച്ചക്കുട്ടിയും ഗുര്‍ണാലിന്റെ വഴിയെ എങ്ങോട്ടോ പോയി.




May 17, 2015

പപ്പൂന്റെ പ്രതിഷേധം

"നിങ്ങളിൽ ആരെങ്കിലും 10 ലക്ഷത്തിന്റെ സ്യൂട്ട് ധരിക്കാറുണ്ടോ? ഞാൻ ചോദിക്കുകയാണ് "
"ഇല്ല രാജാവേ, അതുപോലെ തോറ്റു തൊപ്പിയിട്ടിരിക്കുമ്പോൾ ഞങ്ങൾ 2 മാസം ലീവെടുത്ത് കറങ്ങാനും പോകാറില്ല"
"നിങ്ങൾക്ക് 500 രൂപേം ബിരിയാണീം തന്ന് ഇവിടെ കൊണ്ടിരിത്തിയിരിക്കുന്നത് ഞാൻ പറയുന്നത് കേട്ട് കയ്യടിക്കാനാ, അല്ലാതെ എന്നോട് കൗണ്ടർ അടിക്കാനല്ല, മനസ്സിലായാ?"
"ശരി, രാജാവേ"
"അപ്പോള്‍ പറഞ്ഞു വന്നത് മോഡി ഭരിക്കുന്നത് കോര്‍പ്പരേറ്റുകള്‍ക്ക് വേണ്ടിയാണ്"
"നിങ്ങ ഭരിച്ചിരുന്നത് അളിയനു വേണ്ടി ആയിരുന്നല്ലോ"
"മമ്മീ...... ഇങ്ങനെ ആണെങ്കില്‍ ഞാന്‍ ഈ കളിക്കില്ല"  

May 15, 2015

അഴിമതി

"എല്ലാ മേഘലകളിലും സംസ്ഥാനത്ത് അഴിമതി കൂടുന്നു"
"അയ്യോ ആന്റണി സാറേ, അതിനു സംസ്ഥാനം ഭരിക്കുന്നത് നമ്മളാ"
"തന്നെ? അപ്പൊ എല്‍ ഡി എഫ്ഫല്ലേ?"
"ഏയ്‌, കൊല്ലം നാലായി, അവര്‍ പോയിട്ട്"
"ഓ, ഞാന്‍ ഈയിടെ ആയി പത്രം ഒന്നും വായിക്കാറില്ല"
"തോന്നി"
"ക്ഷമിക്കണം, സംസ്ഥാനം എന്നത് കേന്ദ്രം എന്ന് മാറി കേള്‍ക്കാന്‍ അപേക്ഷ"

May 11, 2015

നീതിയുടെ കണ്‍കെട്ട്

നീതി ദേവത കണ്ണുകള്‍ കെട്ടി നില്‍ക്കുന്നത് മുഖം നോക്കാതെ നിയമം നടപ്പാക്കണം എന്നതുകൊണ്ടല്ല, ജനങ്ങളുടെ മുഖത്ത് നോക്കാന്‍ മടിയായത് കൊണ്ടാണ് എന്ന് തെളിയിക്കുന്ന കോടതി വിധികളും കാഴ്ച്ചകളുമാണ് കഴിഞ്ഞ ഒരാഴ്ചയില്‍ നാം കണ്ടത്.

അങ്ങ് ബോംബേയില്‍, പതിമ്മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന വിധിയില്‍ രണ്ടു മണിക്കൂറില്‍ ജാമ്യം, അതും സാക്ഷാല്‍ ഹൈക്കോടതി വഹ!

ഇവിടെ നമ്മുടെ സ്വന്തം കേരളത്തില്‍ കോടതി വരാന്തയില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ പരിഹാസച്ചിരി,

തൊട്ടപ്പുറത്ത് ബാംഗ്ലൂരില്‍ വിളവു തിന്ന വേലിയേ വെറുതെ വിട്ടുകൊണ്ട് ഒറ്റ വാക്യത്തില്‍ വിധിപ്രസ്താവം!

നീതി ദേവത പിന്നെ എങ്ങനെ മുഖത്ത് നോക്കും? കണ്‍കെട്ടു തന്നെ നല്ലത്!


May 10, 2015

മദേഴ്സ് ഡേ

"എങ്ങോട്ടാ ഞായറാഴ്ച രാവിലെ തന്നെ?"
"ടൗണിലെ വൃദ്ധസദനത്തിലേക്കാ"
"എന്തേ?"
"ഇന്നു മദേഴ്സ് ഡേ അല്ലേ, അമ്മയെ ഒന്നു വിഷ് ചെയ്യണം എന്നവൾക്ക് ഒരേ നിർബന്ധം "
"അതിനു ഇപ്പൊ അങ്ങോട്ട് പോണോ? വാട്ട്സാപ്പ് പോരേ?"
"അതിന്നാത്തള്ളക്ക് ഫോണൊന്നും ഉപയോഗിക്കാന്‍ അറിയില്ല ന്നേ"
"ഓ, അപ്പൊ പിന്നെ കഷ്ടമാ"

April 28, 2015

ഫ്യൂഡല്‍ തേങ്ങാക്കുല


"പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ തോല്‍പ്പിക്കപ്പെട്ട് കഴിയും വേഗം പരിശീലനമില്ലാത്ത തൊഴിലാളികളായി തൊഴില്‍ കംപോളത്തില്‍ ലഭ്യമാകെണ്ടാവര്‍ എന്നാ ഫ്യൂഡല്‍ സങ്കല്‍പമുള്ളവരാണ് കുട്ടികളുടെ വിജയത്തോടെ അങ്കലാപ്പോടെ സമീപിക്കുന്നത്"

ഇന്നത്തെ (28-04-2015) മാതൃഭൂമി പത്രത്തില്‍ ശ്രീമാന്‍ എമ്മേ ബേബിഅവര്‍കള്‍ എഴുതിയിരിക്കുന്ന ലേഖനത്തിലെ വരികളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്. ലീഗ് പോയി കമ്മീസ് വന്നാലെങ്കിലും വിദ്യ-അഭ്യാസം രക്ഷപ്പെടും എന്നൊരു ശുഭപ്രതീക്ഷ ഉണ്ടായിരുന്നു. ഇങ്ങനെയാണ് ഇടത് നേതാക്കന്മാരുടെ ചിന്തകള്‍ പോകുന്നതെങ്കില്‍ അടുത്ത അഞ്ചുകൊല്ലത്തേക്കും വലിയ പ്രതീക്ഷ വേണ്ട.

ധനികര്‍ക്ക് മാര്‍ക്കില്ലെങ്കിലും കാശുകൊടുത്ത് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വാശ്രയ കോളേജുകളില്‍ ചേര്‍ന്ന് ഏതു യോഗ്യത വേണമെങ്കിലം കരസ്ഥമാക്കാം എന്ന വസ്തുത കണക്കിലെടുത്ത് തന്നെ യോഗ്യതാ പരീക്ഷകളെ ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും വംശനാശ ഭീഷണി നേരിടുന്ന ( കേരളത്തില്‍ ഫ്യൂഡല്‍ വ്യവസ്ഥിതി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് കക്ഷി ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികളില്‍ മാത്രമാണ്) പഴയയ ജന്മി-അടിയാന്‍ വ്യവസ്ഥിതിയുമായി തട്ടിച്ചു നോക്കുന്നത് ഒരു തരത്തില്‍ കാലഹരണപ്പെട്ട രാഷ്ട്രീയ സിദ്ധാന്തങ്ങളാകുന്ന തിമിരം രൂക്ഷമായി തുടരുന്നതിന്‍റെ തെളിവാണ്.

കുട്ടികളുടെ ജാതിയും മതവും വീട്ടിലെ ആസ്തിയും ഒരു കാലത്തും പരീക്ഷാഫലത്തെ സ്വാധീനിച്ചിരുന്ന ഘടകം ആയിരുന്നില്ല. യോഗ്യത ഉള്ളവര്‍ക്ക് പണത്തിന്‍റെ അഭാവത്തെ മറികടന്നു ഉന്നത വിദ്യാഭ്യാസം നേടാനുള്ള പല മാര്‍ഗ്ഗങ്ങളും ഇന്നുണ്ട്. എന്നാല്‍ അവക്കുവേണ്ടി ശ്രമിക്കാതെ കാശുകൊടുത്താല്‍ എല്ലാം കിട്ടും എന്ന അവസ്ഥ ഉണ്ടാക്കിയത് നിങ്ങള്‍ ഒക്കെ തന്നെയാണ്. ഇവിടെ അങ്കലാപ്പ് കുട്ടികളുടെ വിജയത്തെ ഓര്‍ത്തല്ല, എഴുതാനും വായിക്കാനും കണക്കു കൂട്ടാനും പറ്റാത്ത ഇവരൊക്കെ ഭാവിയില്‍ ഏതെങ്കിലും സ്ഥാനത്തെത്തിയാല്‍ ഉണ്ടാകാന്‍ പോകുന്ന അവസ്ഥ ഓര്‍ത്തിട്ടാണ്.

പത്താംക്ലാസിലോ അല്ലെങ്കില്‍ അതിലും ഉയര്‍ന്ന യോഗ്യതാ പരീക്ഷയിലോ തോല്‍ക്കുന്നവര്‍ ഉടന്‍ തന്നെ ഇവിടെ ജോലി അന്വേഷിച്ചു ഇറങ്ങും എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ സഖാവ് അടുത്തകാലത്തൊന്നും കേരളത്തിലൂടെ സഞ്ചരിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. ഇവിടെ കായിക ശക്തി ആവശ്യമായ (പ്രത്യേക പരിശീലനം ആവശ്യമില്ലാത്ത) എല്ലാ തൊഴില്‍ മേഘലകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ വിയര്‍പ്പോഴുക്കുമ്പോള്‍ നമ്മുടെ യുവത്വം ലഹരിയില്‍ മുങ്ങി വിദേശ രാജ്യങ്ങളും സ്വപ്നം കണ്ട് വെറുതെ നടക്കുന്നു. അക്ഷരം കൂട്ടി വായിക്കാന്‍ പോലും പറ്റാത്ത ഇവരെ പാര്‍ട്ടി പ്രവര്‍ത്ത (തല്ലും-വെട്ടും-കൊല്ലും)നത്തില്ലാതെ വേറെ ഒന്നിനും കൊള്ളില്ല!

April 06, 2015

സെസ്സ്

"ടിക്കറ്റ്‌ തന്നോ?"
"ഇല്ല, രണ്ടു രൂപേം തരാനുണ്ട്"
"(ടിക്കറ്റ് കൊടുത്തുകൊണ്ട്) ചാര്‍ജ് മുപ്പത് രൂപ ആക്ക്യത് അറിഞ്ഞില്ലായിരുന്നോ?"
"!!!!????"
"രണ്ടു രൂപ സെസ്സ്"
"അപ്പൊ നാളെ മുതല്‍ ഇതില്‍ കേറണ്ട!"
"ഇഷ്ടം ഉണ്ടെങ്കില്‍ കേറിയാല്‍ മതി. സര്‍ക്കാര്‍ പറയുന്ന പോലെ ചെയ്യാനല്ലേ ഞങ്ങള്‍ക്ക് പറ്റൂ"
"കേയെസ്സാര്‍ടിയെ നശിപ്പിച്ചേ ഈ സര്‍ക്കാര്‍ അടങ്ങു"
--ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍? സ്വസ്തി!

March 29, 2015

ഒരു വടക്കന്‍ സെല്‍ഫി (Oru Vadakkan Selfie)

ഒരു വടക്കന്‍ സെല്‍ഫി - ഒരാസ്വാദനം 
(A Critical Examination of the Story and Characters of Malayalam movie titled "Oru Vadakkan Selfie")


മലയാള ചലച്ചിത്ര രംഗത്ത് കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ സിനിമകള്‍ക്ക് കഥയും തിരക്കഥയും രചിക്കുകയും, തദ്വാരാ പ്രസ്തുത സിനിമകളില്‍ അഭിനയിച്ച് അനേകം കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കുകയും, കാലത്തിന്റെ അനസ്യൂതമായ ചംക്രമണത്തില്‍ എഴുത്തിലും അഭിനയത്തിലും നിലവാരത്തകര്‍ച്ച നേരിട്ടിട്ടും ഇപ്പോഴും രംഗത്തുതുടരുന്ന സഖാവ് ശ്രീനിവാസന്‍റെ മകനായ സഖാ-ശ്രീമാന്‍ വിനീത് ശ്രീനിവാസന്‍ തന്റെ ബാള്‍ പോയന്റ് പേന ചലിപ്പിച്ചു സൃഷ്ടിച്ച കഥയുടെ ചലച്ചിത്രാവിഷ്കാരമാകുന്നു 'ഒരു വടക്കന്‍ സെല്‍ഫി'.
കഥ 
സൂക്ഷ്മവും, ചതുരവും സര്‍വോപരി നിരവയവുമായ തമാശകളാല്‍ അലങ്കരിക്കപ്പെട്ട സംഭാഷനശകലങ്ങള്‍ നിരീക്ഷകനുമുമ്പില്‍ വരച്ചിടുന്ന വര്‍ത്തമാനയുവത്വത്തിന്റെ പരിഛേദം സാമാന്യയുക്തിക്ക് നിരക്കുന്നതാണെന്നപ്പുറം വാസ്തവങ്ങളോടു മുഖ്യാശം കൂറ് പുലര്‍ത്തുന്നുവെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. നര്‍മ്മത്താല്‍ അലേപനം ചെയ്കയാല്‍ കയ്പ്പുള്ള സത്യങ്ങള്‍ മധുരമുട്ടായി കണക്കെ പ്രേക്ഷക ഹൃദയങ്ങളില്‍ രേഖപ്പെടുത്തവാനായി എന്നത് കഥാകൃത്തിന്റെ ഒരു വിജയമായി കരുതാം എങ്കിലും ചിലയിടങ്ങളില്‍ കഥാഗതി ആവര്‍ത്തന വിരസമായ സംഭവങ്ങളിലൂടെ ചരിക്കുക വഴി യുക്തിയില്‍ നിന്നും മാറി നില്‍ക്കുന്നതായി ദ്രിശ്യമായതിനാല്‍ കഥാകൃത്തിനു ഇനിയും ഏറെ യോജനകള്‍ സഞ്ചരിക്കാനുണ്ട് എന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അഭിനയം
സ്വതസിദ്ധമായ ശൈലികള്‍ പിന്തുടര്‍ന്നുവന്നു മലയാള ചലച്ചിത്രരംഗത്ത് വളരെ വേഗം തന്റേതായ ഒരു സ്ഥാനം നേടിയ ശ്രീമാന്‍ നിവിന്‍ പൊളി വളരെ തന്മയത്വത്തോടെയും കയ്യടക്കത്തോടെയും തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതില്‍ കൂട്ടാളികളായി വന്ന ശ്രീമാന്‍ അജു വര്‍ഗീസ്‌, ശ്രീമാന്‍ നീരജ് മാധവ് എന്നിവര്‍ക്കുള്ള പങ്ക് ഒരിക്കലും വിസ്മരിച്ചു കൂടാ. വടക്കന്‍ കേരള വായ്മൊഴികള്‍ അതിന്റെതായ സ്വരസംക്രമണത്തിലൂടേയും, ഫലിതങ്ങള്‍ അടങ്ങുന്ന സംഭാഷണ ശകലങ്ങള്‍ അകൃത്രിമമായ രീതിയിലും ചിത്രത്തില്‍ അവതരിപ്പികുക വഴി മൂവരുടെയും കഥാപാത്രങ്ങള്‍ ആസ്വാദകന്റെ മനസ്സില്‍ തങ്ങി നില്‍ക്കും. നായികാ കഥാപാത്രം അവതരിപ്പിച്ച, ഒരു മുന്‍കാല ബാല താരം കൂടിയായ ശ്രീമതി മഞ്ചിമ തന്റെ അഭിനയശേഷി ഇപ്പോഴും തന്റെ ആദ്യ സിനിമയില്‍നിന്നും അധികമൊന്നും വളര്‍ന്നിട്ടില്ല എന്ന് സൂചിപ്പിക്കുന്നു. വിനീത് ശ്രീനിവാസന്‍ തന്റെ കഥാപാത്രത്തെ ഒരു ഡിസ്നി കാര്‍ട്ടൂണ്‍ കഥാപാത്രത്തെ അനുകരിക്കുന്ന പോലെ അവതരിപ്പിച്ചത്തില്‍ നിന്നും തന്റെ തട്ടകം എഴുത്താണ് എന്ന് ശക്തമായ രീതിയില്‍ തന്നെ ലോകത്തോട്‌ വിളിച്ചുപറയുന്നതായി അനുഭവപ്പെട്ടു. ശ്രീമാനും സഖാവുമായ വിജയരാഘവനവര്‍കള്‍ നല്ല എസ്സെഫൈക്കാരനാണെന്ന് തെളിയിച്ചിരിക്കുന്നു.

മറ്റുള്ളവ 
ചില ചാനലുകളില്‍ ഓണക്കാലത്ത് സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ക്കിടയില്‍ അവിടെയും ഇവിടെയും തിരുകി കയറ്റുന്ന പരസ്യങ്ങള്‍ പോലെയായിരുന്നു ചിത്രത്തിലെ ഗാനരംഗങ്ങള്‍. ഇവ ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങളോട് എത്ര മാത്രം നീതി പുലര്‍ത്തി എന്നത് തര്‍ക്കവിഷയമായി തോന്നപ്പെട്ടു.

ചുരുക്കത്തില്‍
ചിത്രത്തിന്റെ പ്രധാന പ്രേക്ഷകര്‍ ആയി ഉദ്ദേശിച്ചിരിക്കുന്ന യുവജനങ്ങള്‍ സിനിമാ കൊട്ടകയില്‍ സെല്‍ഫി എടുക്കതിലും, ഓരി ഇടുന്നതിലും മുഴുകി ഇരുന്നതിനാല്‍ ചിത്രത്തിലൂടെ അവരോട് പറയാന്‍ ഉദ്ദേശിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയ പരിഹാസം കലര്‍ത്തിയ സ്വയം വിമര്‍ശനം എത്രത്തോളം അവരുടെ മനസ്സിലേക്ക് എത്തും എന്നതില്‍ ലേഖകന് സന്ദേഹമുണ്ട്. എങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില സന്ദര്‍ഭങ്ങള്‍ വരച്ചിടുകവഴി കാലത്തിന്റെ ഗതിയില്‍ പില്‍ക്കാലത്ത് ഉദ്ധരണികളായി പുനര്‍ജന്മെടുത്ത് യുവജനങ്ങളുടെ നേരെ തിരിച്ച കണ്ണാടിയായി വര്‍ത്തിക്കാന്‍ ചിത്രത്തിനു സാധിക്കുമാറാകട്ടെ എന്നാത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു!

----
ചിരിച്ചു ചിരിച്ചു ഒരു വഴിയായി.പോയി കാണെടോ, കാശ് മുതലാകും!

March 17, 2015

ഹിപ്പോ'ക്രേസി'

"കഷ്ടം! ഈ നാട് ഒരിക്കലും രക്ഷപ്പെടില്ല"

"എന്തെ?"

"ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടോ? നിര്‍ഭയ ഡോക്യുമെന്ററി നിരോധിച്ചില്ലേ? അവിടെ ഒക്ക് ഇത് തന്നെ സംസാരം. ഇത്രേം നാണക്കേട് ഉണ്ടാക്ക്യ വേറെ ഒന്നും ഉണ്ടായിട്ടില്ല. അതിനു പുറമേ ഇതും. എന്താണിവിടെ നടക്കുന്നത്?? അഴിമതി, കൊലപാതകം, ബാലാല്‍സംഗം, പീഡനം... ഹോ അവിടെ ഒക്കെ ഇന്ത്യാക്കാരന്‍ എന്ന് പറഞ്ഞാല്‍ കളിയാക്കി ചിരിക്കും"

"ഓ, അങ്ങനെ ആണല്ലേ? നമ്മളിതൊക്കെ അറിയുന്നുണ്ടോ. അത് പോട്ടെ, എന്ന് വന്നു, നാട്ടില്‍? വന്നു പോയിട്ട് അധികം ആയില്ലലോ"

"കഴിഞ്ഞ ആഴ്ച. മക്കളെ ഇവിടത്തെ സ്കൂളില്‍ ചേര്‍ക്കാന്‍ വന്നതാ. അവിടെ ശരിയാകില്ല"

"അതല്ലേലും അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ!"


"!!!"