July 29, 2017

ടു ജിയോ ഓര്‍ നോട്ട് ടു ജിയോ

റിലയന്‍സ് ജിയോ ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച ഓഫറിന്റെ പൊള്ളത്തരങ്ങള്‍ എണ്ണമിട്ടെഴുതിയ എന്റെ ഒരു സുഹൃത്തിന്റെ ഒരു ലേഖനമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിശകലനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വളരെ നല്ലത് എന്ന് തോന്നുമെങ്കിലും കറകളഞ്ഞ വ്യാപാരിയായ മുകേഷ് അംബാനി ഒന്നും കാണാതെ പോതുജനോദ്ധാരണം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നൊരു തിരിച്ചറിവും നമുക്ക് വേണം. വിഷയത്തിലേക്ക് വരാം:

എന്താണ് ജിയോ ഓഫര്‍?
കേവലം 1500 രൂപ ജിയോയില്‍ 'നിക്ഷേപിച്ചാല്‍' മൂന്നു വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ ഒരു ഫോണ്‍ അവര്‍ തരുന്നു. കാലാവധി കഴിയുമ്പോള്‍ ഫോണ്‍ തിരികെ നല്‍കിയാല്‍ നിക്ഷേപം തിരികെ തരും. ഈ കാലയളവില്‍ 149രൂപ/309 രൂപ മുതലായ മാസ വരിസംഖ്യ (28 ദിവസം) നല്‍കിയാല്‍ ജിയോ സേവനങ്ങള്‍ ഉപയോഗിക്കാം.

ഒറ്റനോട്ടത്തില്‍ വളരെ നല്ല പ്ലാന്‍. ഇനി നമുക്ക് ഒന്ന് വിശദമായി നോക്കാം:

സൌജന്യ ഫോണ്‍ 
മൂന്നു വര്‍ഷത്തിനു ശേഷം ഫോണ്‍ തരികെ നല്‍കി ആദ്യം നല്‍കിയ നിക്ഷേപം തിരികെ കിട്ടുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് ഫോണ്‍ 'സൌജന്യമായി ലഭിച്ചു' എന്ന് പറയാന്‍ സാധിക്കു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ നിക്ഷേപം കമ്പനിക്കടിക്കും. ഇനി മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ഫോണ്‍ എത്ര പേര്‍ തിരകെ കൊടുക്കും? ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫോണ്‍ തിരികെ നല്‍കിയാല്‍ അത് വരെ ഫോണ്‍ ഉപയോഗിച്ചു ശീലിച്ചവര്‍ പിന്നീടുള്ള ഉപയോഗത്തിന് വേറെ ഫോണ്‍ വങ്ങേണ്ടി വരും. അതുകൊണ്ട് തന്നെ ഒരു വിഭാഗം ആള്‍ക്കാര്‍ ഫോണ്‍ തിരികെ നല്‍കി എന്നുവരില്ല. വേറൊരു വിഭാഗം തിരികെ നല്‍കല്‍ പ്രക്രിയക്കു വേണ്ടി മിനക്കെടാന്‍ തയ്യാറാകണം എന്നുമില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ കൊടുക്കുന്ന ഫോണുകളില്‍ കുറച്ചു ശതമാനം ഫോണുകളും മൂന്നു വര്‍ഷത്തിനു ശേഷം തിരികെ എത്താന്‍ പോകുന്നില്ല. തത്തുല്ല്യമായ തുക കമ്പനിക്കെടുക്കാന്‍ സാധിക്കും.

ഇപ്പോള്‍ നല്‍കുന്ന ഫോണ്‍ 'വില്പന' എന്ന ലേബലില്‍ അല്ലാത്തതു കൊണ്ട് ജി.എസ്.ടി അടക്കേണ്ടി വരില്ല അതുകൊണ്ട് തന്നെ വന്‍ നികുതി വെട്ടിപ്പാണ് നടക്കാന്‍ പോകുന്നത് എന്നൊരു വ്യഖ്യാനം ചില സ്ഥലങ്ങള്‍ കണ്ടു. എന്നാല്‍ ഇതിനോട് യോജിക്കാന്‍ സാധ്യമല്ല. ജി.എസ്.ടിയില്‍ പഴയ വില്പന നികുതിയിലേത് പോലെ 'വില്പന' അല്ല ടാക്സ് കൊടുക്കേണ്ട പോയിന്റ്, മറിച്ച് 'സപ്ലൈ' ആണ്. അതായത് ചരക്ക് ഒരു സ്ഥലത്ത് നിന്നു വേറെ സ്ഥലത്തേക്ക് മാറ്റുമ്പോള്‍ ജി.എസ്.ടി നല്‍കേണ്ടി വരും. അതുകൊണ്ട് തന്നെ ഇവിടെ ജെ.എസ്.ടി വരാനാണ് സാധ്യത കാണുന്നത്. 

ജിയോ ഫോണ്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മിക്കും എന്നാണു മനസ്സിലാക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ട്ക്കാന്‍ ഇത്തരം ഫാക്ടറികള്‍ സഹായിക്കും (ഏതായാലും കേരളത്തില്‍ ഇത്തരത്തില്‍ ഒരു സ്ഥാപനം വരാന്‍ സാധ്യതയില്ല). മൈക്രോമാക്സ് പോലുള്ള കമ്പനികള്‍ ചൈനയില്‍ നിന്നും ഫോണുകള്‍ ഇറക്കുമതി ചെയ്ത് സ്വന്തം ലേബലില്‍ വില്‍ക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ മറ്റു വന്‍കിട ടെലഫോണ്‍ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളെ പോലെ ജിയോയും ഇന്ത്യയില്‍ നിര്‍മിക്കാന്‍ (ചെലവ് കുറച്ചു തന്നെ) തിരുമാനിച്ചത് നല്ല കാര്യമാണ്.

മാസവരിസംഖ്യ 
ജിയോ ഫോണ്‍ ഉപയോഗിക്കുന്നതിനു ഏറ്റവും കുറഞ്ഞത് 149രൂപ എങ്കിലും മാസം നല്‍കേണ്ടി വരും. അടുത്ത പ്ലാന്‍ 309 രൂപയുടേതാണ്. അതായത് ജിയോ ഫോണ്‍ വാങ്ങുന്ന ഒരാളില്‍ നിന്നും ഏറ്റവും കുറഞ്ഞത് 149രൂപ എങ്കിലും പ്രതിമാസം കമ്പനിക്കു ലഭിക്കും. സെപ്തെംബര്‍ 2016ലെ ട്രായ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഒരു ഉപഭോക്താവില്‍നിന്നും ടെലകോം കമ്പനികള്‍ക്ക് കിട്ടുന്ന ശരാരാശി വരുമാനം കേവലം 131 രൂപ മാത്രമാണ്. ഒരു വര്‍ഷം കൊണ്ട് പത്ത് രൂപയില്‍ താഴെ മാത്രമാണ് വളര്‍ച്ച ഉണ്ടായിരിക്കുന്നത്. അതെ സമയം ജിയോക്ക് ഏറ്റവും കുറവ് നിരക്കായ 149 വെച്ചു കണക്കാക്കിയാല്‍ പോലും ഒരു മാസത്തെ ശരാശരി വരുമാനം ഏകദേശം 159 രൂപ വരും (149*13*30/365) [ജിയോയുടെ ബില്ലിംഗ് സൈക്കിള്‍ 28 ദിവസമായത്‌ കൊണ്ട് ഒരു വര്‍ഷം 13 ബില്ലിംഗ് നടക്കും (365/28)]. എങ്ങനെ നോക്കിയാലും ജിയോയുടെ ശരാശരി വരുമാനം മറ്റു കമ്പനികളുടെത്തില്‍ നിന്നും വളരെ വലുതാകും എന്ന് മനസ്സിലാക്കാം.

ഡാറ്റ അഡിക്ഷന്‍
ജിയോയുടെ പ്ലാനുകളുടെ പൊതുസ്വഭാവമാണ് ഡാറ്റ മാത്രം ചാര്‍ജ് ചെയ്യുക എന്നത്. 2021 ആകുമ്പോഴേക്കും ഇന്ത്യക്കാരുടെ ശരാശരി ഡാറ്റ ഉപഭോഗം അഞ്ചിരട്ടിയാകും എന്നാണു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത് ഭാവിയില്‍ വോയ്സ് കോളുകളെക്കാള്‍ കൂടുതല്‍ ഉപഭോഗം ഇന്റര്‍നെറ്റിനാകും. തൊട്ടുമുകളില്‍ കൊടുത്തിരിക്കുന്ന മാസ വരിസംഖ്യയുമായി ചേര്‍ത്തു വായിച്ചാല്‍ ജിയോക്ക് ലഭ്യമാകുന്ന ലാഭത്തെ കുറച്ചു ഊഹിക്കാന്‍ സാധിക്കും. 

എതിരാളികള്‍ ഇല്ലാതാകുക 
ജിയോയുമായി മത്സരിക്കാന്‍ മറ്റു ടെലെകോം കമ്പനികള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇപ്പോള്‍ തന്നെ സംജാതമായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു അഞ്ചുവര്‍ഷത്തിനുള്ളില്‍ എത്ര കമ്പനികള്‍ സര്‍വൈവ് ചെയ്യും എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. എതിരാളികള്‍ ഇല്ലാതായാല്‍ ജിയോ ഇന്ത്യയുടെ ടെലകോം രംഗത്ത് പൂര്‍ണ്ണആധിപത്യം പുലര്‍ത്തും. അതൊരിക്കലും നമുക്ക് ഗുണകരം ആകില്ല.

ജിയോ ഒരു മാറ്റമാണ്. അത് നല്ലതിനാണോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.