August 17, 2014

പുതുവര്‍ഷത്തിനൊരുണര്‍ത്തുപാട്ട്

കിഴക്കു തെളിഞ്ഞൊരു ദീപമത്രെ
ചിങ്ങപ്പുലരിതൻ സൂര്യോദയം
കർക്കിടകത്തിന്നന്ധകാരം
കശക്കിയെറിഞ്ഞിടും ദീപനാളം
പഞ്ഞമാസത്തിലൊഴിഞ്ഞറകൾ
പലകുറിനിറക്കുമീചിങ്ങമാസം
ഇന്നിന്റെ കളവും ചതിയുമെല്ലാ
മില്ലാതെയാക്കുമീ മൃഗരാജമാസം.
ഓണവും കാണണം, വീട്ടിലും കൂടണം
ബന്ധങ്ങളെല്ലാം വിളക്കി ചേർക്കാൻ,
ഒരുമയോടങ്ങനെ നീങ്ങിടേണമീ
പുതുവർഷം സമ്പൽ സമൃദ്ധമാകാൻ
നാടിനും വീടിനും നന്മപകരാനൊ
രുമിക്കണം മാലോകരീ ചിങ്ങമാസം!

August 15, 2014

സ്വാതന്ത്ര്യ ദിനം

ഇന്ന് സ്വാതന്ത്ര്യ ദിനം. പടിഞ്ഞാറിന്‍റെ അടിമത്തത്തെ ഭസ്മമാക്കിയിട്ടു ഇന്നേക്ക് അറുപത്തേഴാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ സത്യത്തില്‍ നമ്മള്‍ സ്വതന്ത്രരാണോ? അക്രമത്തില്‍ അധിഷ്ഠിതമായ വൈദേശികചിന്താധാരകള്‍ സഹസ്രാബ്ദത്തിലധികമായി ഭാരത ദര്‍ശനങ്ങളെ ഉമിത്തീയില്‍ ജ്വലിപ്പിച്ചു കൊണ്ടിരിക്കുന്നു. അവരുടെ വാക്കുകള്‍ സൃഷ്ടിച്ച മൂഢസ്വര്‍ഗത്തില്‍ നാം നമ്മുടെ അമ്മയെ തള്ളിപ്പറയുന്നു. സമ്പത്തിനും ശാരീരിക സുഖങ്ങള്‍ക്കും വേണ്ടി കാലത്തിന്റെ മടിത്തട്ടിലെ വജ്രം പോലെ അമൂല്യമായ നമ്മുടെ വിശ്വാസങ്ങളെ പണയം വെക്കുന്നു. ഇതാണോ സ്വാതന്ത്ര്യം? തലച്ചോറും ചിന്തകളും അസ്തമനസൂര്യന്റെയോപ്പം പടിഞ്ഞാറിന്റെ കാല്‍ക്കല്‍ പരവതാനി കണക്കെ വിരിച്ചിട്ട് അവരുടെ മാനസിക അടിമകളായി ജീവിക്കുവാനോ ജനലക്ഷങ്ങള്‍ ഏറ്റവും മഹത്തായ ജീവത്യാഗം ചെയ്ത് അറുപത്തേഴാണ്ടുകള്‍ മുമ്പ് ഭാരതത്തിനു സ്വാതന്ത്യം നേടി തന്നത്? 

കണ്ണു തുറന്നു നോക്കു: യൂറോപ്പില്‍, അമേരിക്കന്‍ ഭൂഘണ്ടങ്ങളില്‍, അറേബ്യയിലെ മരുഭൂമിയില്‍, ആഫ്രിക്കയില്‍, ചൈനയില്‍, എവിടെയാണ് സമാധാനം? അക്രമത്തിലും നശീകരനത്തിലും വിശ്വസിക്കുന്ന പടിഞ്ഞാറന്‍ ചിന്തകള്‍ മനസ്സുകളെ ബാധിക്കുന്ന ഒരു ക്യാന്‍സറാണ്. ചെന്നെത്തിയ സ്ഥലങ്ങളിലെല്ലാം പരമ്പരാഗത വിശ്വാസങ്ങളെ രക്തത്താല്‍ തുടച്ചുമാറ്റിയ ഒരു ക്യാന്‍സര്‍. സഹസ്രാബ്ദത്തിലധികമായി തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഭാരതം ഇത്രയും കാലം നിലനിന്നത് നമ്മുടെ വിസ്വാസപ്രമാണങ്ങളുടെ കെട്ടുറപ്പുകൊണ്ടൊന്നു മാത്രമാണ്. എന്നാല്‍ ഭാരതത്തെ സംരക്ഷിക്കാന്‍ ഈ കോട്ട ആചന്ദ്രതാരം ഉണ്ടാകില്ല. ശത്രുക്കള്‍ ശക്തരാണ്. ഇനിയും നമ്മളിതു തിരിച്ചറിഞ്ഞില്ലെങ്കില്‍ വരും തലമുറ കിഴക്കിന്റെ സൂര്യോദയം ഒരിക്കലും കാണില്ല.

വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിനു നേരമായിരിക്കുന്നു: പടിഞ്ഞാറന്‍ ചിന്തകളില്‍നിന്നുള്ള സ്വാതന്ത്ര്യം. 

August 04, 2014

ഒരു നദിയുടെ കഥ

ദൂരെ ദൂരെ ഏഴുമലകൾക്കുമപ്പുറം ഒരു രാജ്യത്ത് ഒരു നദി ഉണ്ടായിരുന്നു. സ്വഛമായി ഒഴുകിയിരുന്ന ആ നദിയുടെ തീരത്ത് കൃഷിയിടങ്ങളും, സ്വാദൂറുന്ന ഫലമൂലാദികളും, ജനപദങ്ങളും, നല്ലചിന്തകളും ഉണ്ടായി. സന്തോഷവും, ഐക്യവും ഉണ്ടായി.

അവരുടെ സന്തോഷത്തിൽ അസൂയപൂണ്ട അയൽ രാജ്യത്തെ രാജാവ് വെള്ളത്തിൽ വളരുന്ന നല്ല ഭംഗിയുള്ള പൂവുണ്ടാകുന്ന ഒരു തരം പായൽ നദിയുടെ പലഭാഗങ്ങളിൽ ചാരന്മാർ വഴി വിതറി. പായലിന്‍റെ  ഭംഗിയിൽ മതിമറന്ന ജനങ്ങള്‍ അവയെ നദിയിൽ വളരാൻ സമ്മതിച്ചു.

നദിയിലെ സ്വഛമായ ജലത്തിൽ പായൽ വളരെ വേഗത്തിൽ വളർന്ന് പെറ്റുപെരുകി. ക്രമേണ നദിയുടെ ഒഴുക്കു കുറഞ്ഞുവന്നു, മത്സ്യങ്ങൾ ചത്തുപൊന്തി, പലഭാഗങ്ങളും വരൾച്ചയുടെ പിടിയിലായി. കൃഷിയിടങ്ങൾ തരിശായി. ആടുമാടുകൾ മരിച്ചുവീണു. ശേഷിക്കുന്ന ജലത്തിനായി ജനങ്ങൾ തമ്മിൽ തമ്മിലടിച്ചു തുടങ്ങി.ധാന്യങ്ങള്‍ക്കുവേണ്ടി കൊള്ളയും കൊള്ളിവെപ്പും തുടങ്ങി. സമാധാനവും സന്തോഷവും ഇല്ലാതായി.

പ്രശ്നങ്ങളുടെ മൂലകാരണം മനസ്സിലാക്കിയ ചിലർ വിഷലിപ്തമായ നദിയിൽ ഇറങ്ങി പായൽ നീക്കം ചെയ്യാൻ തുടങ്ങി. എന്നാല്‍ അയൽ രാജ്യത്തെ ചാരന്മാർ എറിഞ്ഞുകൊടുത്ത കിഴിപ്പണത്തിനുവേണ്ടി നദിയിലിറങ്ങിയവർക്കെതിരെ ശബ്ദമുയർത്താനും ചിലരുണ്ടായി. ഉയര്‍ന്നുകേട്ടത് അവരുടെ ഒരിയിടലുകളായിരുന്നു.

കലിയുഗത്തിലെ ഈ സത്യയുദ്ധത്തിൽ ജയിച്ചത് പണക്കിഴികളായിരുന്നു. സത്യവും ധര്‍മ്മവും നിലനിര്‍ത്താന്‍ ഒരു ദൈവവും അവതാരമെടുത്തില്ല. പരാജയപ്പെട്ടവരുടെ കണ്ണുനീരിന്‍റെയൊപ്പം അന്ധകാരത്തിലാണ്ട ഭൂമിയിൽ ഒരു ദീപനാളം പോലെ ജ്വലിച്ചു പ്രഭ ചൊരിഞ്ഞിരുന്ന ആ രാജ്യത്തിന്‍റെ സമ്പന്നമായ ഭൂതകാലവും നദിയുടെ വിഷജലത്തിൽ കാലാന്തരത്തിലലിഞ്ഞില്ലാതായി.

August 01, 2014

രണ്ടു വാക്ക്

"ഇനി ഇന്ന് പിരിഞ്ഞു പോകുന്ന ജോര്‍ജ്ജിനെ  പറ്റി രണ്ടു വാക്ക് പറയാന്‍ പങ്കജാക്ഷനെ ക്ഷണിക്കുന്നു"
..
"ജോര്‍ജ്ജിനെ പറ്റി രണ്ടു വാക്ക് പറയണമെന്നുണ്ട്. പക്ഷെ എനിക്ക് പറയാന്‍ ഉള്ള രണ്ടു വാക്ക് പുറത്ത് പറയാന്‍ പറ്റാത്തതായതുകൊണ്ട് ചുരുക്കുന്നു, ജയ്‌ ഹിന്ദ്‌"