Showing posts with label നിരൂപണം. Show all posts
Showing posts with label നിരൂപണം. Show all posts

January 22, 2018

ദ ബ്ലൈന്‍ഡ് വാച്ച്മേക്കര്‍

"പ്രകൃതി നിര്‍ദ്ധാരണം അന്ധനായ ഘടികാരനിര്‍മ്മാതാവിനെ പോലെയാണ്. അതൊരിക്കലും ഭാവിയെ കുറിച്ച് ചിന്തിക്കുകയോ ചെയ്തികളുടെ അനന്തരഫലങ്ങളെ നേരിടാന്‍ ആസൂത്രണം നടത്തുകയോ ചെയ്യുന്നില്ല എന്നുമാത്രമല്ല, അതിന്റെ ചെയ്തികളില്‍ ഒരു പ്രത്യേക ഉദ്ദേശവും ഇല്ല. എങ്കിലും പ്രുകൃതി നിര്‍ദ്ധാരണത്തിന്റെ ജീവനുള്ള ഫലങ്ങള്‍ അവയുടെ സങ്കീര്‍ണ്ണതകള്‍ കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തകയും, അവയുടെ ഉല്പത്തിക്കു പുറകില്‍ ഒരു വിദഗ്ധനായ ശില്പിയുടെ കരങ്ങള്‍ ഉണ്ടെന്നും തോന്നിപ്പിക്കുന്നു." - പുസ്തകത്തില്‍നിന്നും

റിച്ചാര്‍ഡ്‌ ഡോവ്കിന്‍സിന്റെ പ്രശസ്തമായ കൃതി "ദ ബ്ലൈന്‍ഡ് വാച്ച്മേക്കര്‍" ഇന്നലെ വായിച്ചവസാനിപ്പിച്ചു. സങ്കീര്‍ണ്ണമായ ജീവ ജാലങ്ങളും, അവയവ സവിശേഷതകളും എങ്ങനെയാണ് ഡാര്‍വിന്‍ മുന്നോട്ടു വെച്ച പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ പരിണമിച്ചു രൂപപ്പെടുന്നത് എന്നതിന് വ നിരവധി ഉദാഹരണങ്ങളിലൂടെ (കണ്ണുകള്‍, വവ്വാലുകള്‍ ഉപയോഗിക്കുന്ന 'റഡാര്‍' മുതലായവ)  വ്യക്തമായ  തെളിവുകള്‍ നിരത്തുകയാണ് ഗ്രന്ഥകാരന്‍. പ്രകൃതി നിര്‍ദ്ധാരണം എന്നത് കണ്ണു കാണാത്ത ശില്പിയെ പോലെ ആണെങ്കിലും യുഗങ്ങളുടെ കാലഗണന എടുക്കുമ്പോള്‍ ഈ അന്ധമായ നിര്‍ദ്ധാരണം ജീവ ജാലങ്ങളുടെ ക്രമമായ പരിണാമത്തില്‍ കലാശിക്കുന്നു. ഇത്തരം പരിണാമത്തിനെ  പ്രകൃതിയും, ചുറ്റുപാടുകളും, സഹ ജീവികളും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്.

വളരെ സങ്കീര്‍ണ്ണമായ ശാസ്ത്രനിയമങ്ങള്‍ ലളിതമായി പറയാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും വിഷയം ആവശ്യപ്പെടുന്ന സ്വാഭാവികമായ സങ്കീര്‍ണ്ണത വായനക്കാരെ കുറച്ചൊക്കെ ബുദ്ധിമുട്ടിക്കും. കൂടാതെ ചില ഭാഗങ്ങള്‍ (ബയോമോര്‍ഫ്, ടാക്സോണമി) ആവശ്യത്തിലധികം വിവരിക്കുക വഴി വിഷയത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുന്നതായും തോന്നി. പരിണാമത്തെ ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിലൂടെ വിവരിക്കുന്നത് കൃത്രിമ ബുദ്ധിയെ കുറിച്ചുള്ള പരീക്ഷണങ്ങള്‍ നടക്കുന്ന ഇക്കാലത്ത് പ്രാധാന്യം അര്‍ഹിക്കുന്ന വിഷയം ആണെങ്കിലും എഴുത്തുകാരന്റെ സ്വന്തം പ്രോജക്റ്റ് ആയതുകൊണ്ട് ആവശ്യത്തില്‍ കൂടുതല്‍ താളുകള്‍ അതിനുവേണ്ടി മാറ്റി വെച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രമിങ്ങുമായി വലിയ പരിചയം ഇല്ലാത്തവര്‍ക്ക് അതിന്റെ സങ്കീര്‍ണ്ണതയോ സാങ്കേതികമായ സൌന്ദര്യമോ മനസ്സിലാകില്ല എന്നതുകൊണ്ടാണ് അനാവശ്യമായ അച്ചടി എന്ന് പറയേണ്ടി വന്നത്. ടാക്സോണമിയെ  (ജീവ ജാലങ്ങളുടെ തരം തിരിവ്) കുറിച്ചും, അതിലെ ഉപവിഭാഗങ്ങളെ കുറിച്ചും ഉള്ള ചര്‍ച്ചയും ഇതുപോലെ മുഴച്ചു നില്‍ക്കുന്നു. ശാസ്ത്രാഭിരുചിയുള്ള വായനക്കാര്‍ക്ക് ഇതൊന്നും വലിയ ബുദ്ധിമുട്ടായി തോന്നുകയില്ല. ഒന്നോ രണ്ടോ അദ്ധ്യായങ്ങള്‍ ഒഴിച്ചാല്‍ ബാക്കി എല്ലാം തന്നെ ആസ്വദിക്കാന്‍ വക തരുന്നുണ്ട് എന്നതുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടു.

(ഇതുവായിച്ചു കഴിഞ്ഞു ടി.ഡി രാമകൃഷ്ണന്റെ "സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി" വായിക്കാന്‍ എടുത്തതെ ഓര്‍മ്മയുള്ളൂ. ഇന്ന് രാവിലെ തന്നെ അതും വായിച്ചു കഴിഞ്ഞു. സുഗന്ധിയെ കുറിച്ച് അടുത്ത ദിവസം എഴുതാം. ശേഷം  രഘുറാം രാജന്റെ "ഐ ഡു വാട്ട് ഐ ഡു" തുടങ്ങി. ഫിക്ഷനും നോണ്‍ ഫിക്ഷനും ഇടകലര്‍ത്തി വായിക്കുന്നതാണ് നല്ലത് എന്നാണു എന്റെ അഭിപ്രായം)

April 29, 2016

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍: എന്റെ വായനാനുഭവം

രണ്ടു ദിവസം മുമ്പ് എക്സിബിഷനില്‍ നിന്നും വാങ്ങിയ പുസ്തകം ഇന്നു വായിച്ചു തീര്‍ത്തു. കുറച്ചു കാലങ്ങള്‍ക്ക് ശേഷമാണ് ഒരു മലയാളം പുസ്തകം വായിക്കുന്നത്. അടുത്തകാലത്തായി വായന ടാബ്ലെട്ടിലെക്ക് ചേക്കേറിയതുകൊണ്ട് മലയാളം പുസ്തകങ്ങള്‍ വായിക്കുന്ന ശീലം ഇല്ലാതായിരുക്കുന്നു. ഈ ഒരു പുസ്തകത്തിന്റെ ഏറ്റവും വല്യ പ്ലസും അതു തന്നെ ആയിരിക്കും: ഫേസ്ബുക്കും വട്സാപ്പും ചൊറിഞ്ഞിരിക്കുന്ന ഒരു തലമുറയെകൊണ്ട് പുസ്തകം കയ്യിലെടുപ്പിച്ചു എന്നത് അഭിനന്ദനീയമാണ്. എന്നാല്‍ അതിലപ്പുറം ഭാഷാപരമായോ, ഉള്ളക്കത്തിലോ പ്രത്യേകതകള്‍ ഒന്നും തന്നെ ഇതിലില്ല.

പല കുറിപ്പുകളിലും നിറഞ്ഞു നില്‍ക്കുന്നത് മരണവും (അടുത്ത കൂട്ടുകാരന്റെ/കാരിയുടെ, അവരുടെ അമ്മയുടെ എന്നിങ്ങനെ) അല്ലെങ്കില്‍ മറ്റെന്തകളും അവശതകളാണ്. ചിലതില്‍ രാഷ്ട്രീയവും (മുമ്പ് പറഞ്ഞപോലെ)കടന്നു വരുന്നുണ്ട്. കുട്ടിക്കാലത്ത് ആര്‍ഷഭാരതനാരീരത്ന്മായിരുന്നു എന്ന് കുറ്റസമ്മതം കണക്കെ ഏറ്റുപറയുന്ന എഴുത്തുകാരി ഇപ്പോള്‍ ഒരു അഭിനവവിപ്ലവമാതെതരപോരാളിയുടെ വേഷം അഭിനയിച്ചു പൊലിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഈ കുറിപ്പുകളിലൂടെ എന്ന് തോന്നിപ്പോക്കും ചില വരികള്‍ കാണുമ്പോള്‍.

വര്‍ഷങ്ങള്‍ക്കു മുമ്പ് വിശാലമനസ്കന്റെ കൊടകരപുരാണവും, ആനന്ദിന്റെ മൊത്തം ചില്ലറയും ഈ അടുത്തകാലത്ത് സുഹാസിന്റെ ആറാട്ടുപുഴ കഥകളും ഒക്കെ വായിച്ച ഒരാള്‍ക്ക് ഈ കുറിപ്പുകളില്‍ ഒട്ടും തന്നെ പുതുമ കാണില്ല. തിരിച്ചാണ് വായന എങ്കില്‍ ഈ ബ്ലോഗുകളില്‍ നിങ്ങളുടെ മനസ്സുടക്കുക തന്നെ ചെയ്യും.

അവസാനവാക്ക്: സമീപകാലത്ത് എഴുത്തുകാരിക്ക് ലഭിച്ച (കു)പ്രസിദ്ധി നല്ലവണം മാര്‍ക്കറ്റ് ചെയ്തതുകൊണ്ട് ഏഴ് (എനിക്ക് കിട്ടിയത് ഏഴാം പതിപ്പാണ്‌) പതിപ്പുകള്‍ വരെ എത്തിയ ഒരു ശരാശരി പുസ്തകം.

ഇതും നോക്കാം:
കൊടകരപുരാണം: http://kodakarapuranam.sajeevedathadan.com/
ആറാട്ടുപുഴകഥകള്‍: https://arattupuzhakadhakal.wordpress.com/
മൊത്തം ചില്ലറ: ലിങ്ക് ലഭ്യമല്ല

January 17, 2015

അര്‍ദ്ധനാരി (One Part Woman)

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യം മീഡിയ ബുജികളുടെ വാളുകളില്‍ നിറഞ്ഞു നിന്നിരുന്ന  പെരുമാള്‍ മുരുഗന്റെ 'അര്‍ദ്ധനാരി' വായിച്ചു. ഇംഗ്ലീഷ് പരിഭാഷ. ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ള  സേലം ജില്ലയിലെ തിരുച്ചെങ്ങോട് അര്‍ദ്ധനാരീ ക്ഷേത്രവും, ക്ഷേത്രത്തെ ചുറ്റി നിലകൊള്ളുന്ന കാര്‍ഷിക ഗ്രാമങ്ങളുമാണ് നോവലിന്റെ പാശ്ചാത്തലം. 

വിവാഹം കഴിഞ്ഞു ഒരു വ്യാഴവട്ടമായെങ്കിലും സന്താനഭാഗ്യം ഇല്ലാതെ നാട്ടുകാരുടെ കുത്തുവാക്കുകള്‍ കേട്ട് ജീവിക്കുന്ന, ഗൌണ്ടര്‍ സമുദായക്കാരായ കാളി, പോന്ന ദമ്പതികളുടെ ജീവിത സംഘര്‍ഷങ്ങളാണ് അര്‍ദ്ധനാരിയിലൂടെ മുരുഗന്‍ നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. ഇരുവരുടേയും ഓര്‍മ്മകളിലൂടെയും മനോവിചാരങ്ങളിലൂടേയുമാണ് കഥ വികസിക്കുന്നത്. തമിഴ്നാടിന്റെ ഗ്രാമപ്രദേശങ്ങളില്‍ അക്കാലത്ത് നിലനിന്നിരുന്ന ജാതീയതയിലൂന്നിയ സാമൂഹ്യ വ്യവസ്ഥിതിയും, മണ്ണില്‍ പണിയെടുത്ത് ജീവിക്കുന്ന നിരക്ഷരരായ കര്‍ഷക സമൂഹത്തില്‍ നിലനിന്നിരുന്ന ആചാരങ്ങളും, അനാചാരങ്ങളും, വിശ്വാസങ്ങളും ഇവരിലൂടെ എഴുത്തുകാരന്‍ വരച്ചിടുന്നു. കുട്ടികള്‍ ഇല്ലാത്തവരോടു പൊതുജനം പെരുമാറുന്ന രീതിയും അതുമൂലം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്യുന്ന രണ്ടു ജന്മങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാന്‍ മുരുഗന് സാധിച്ചിട്ടുണ്ട് എന്നാണു എനിക്ക് തോന്നിയത്.

തിരുച്ചെങ്ങോട് ക്ഷേത്രത്തിലെ പതിന്നാലു ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക ഉത്സവമാണ് നോവലിലെ മൂന്നാമത്തെ പ്രധാന കഥാപാത്രം. ഉത്സവത്തിന്റെ പതിന്നാലാം ദിവസം, മലയിറങ്ങിയ ദൈവങ്ങള്‍ തിരികെ മല കയറുന്ന പതിന്നാലാം ദിവസം, ജാതി വ്യവസ്ഥയും തൊട്ടു കൂടായ്മയും സദാചാര ചങ്ങലകളും ഇല്ലാതാകുന്നു. അന്ന് രാത്രി പരസ്പരം സമ്മതത്തോടെ ഏതു സ്ത്രീക്കും ഏതു പുരുഷനുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാം. ഈ ബന്ധത്തിലൂടെ കുട്ടികള്‍ ഉണ്ടായാല്‍ ദൈവത്തിന്റെ വരദാനമായി കണക്കാക്കുന്നു. 

ഇങ്ങനെ ഒരു ചടങ്ങ് നടന്നിരുന്നു എന്ന് വായ്മൊഴിയായി കിട്ടിയ അറിവിന്‍റെ വെളിച്ചത്തിലാണ് ഉള്‍പ്പെടുത്തിയത് എന്ന് മുരുഗന്‍ വിശദീകരിക്കുകയുണ്ടായി.  ഉത്സവത്തെ കുറിച്ച് വിവരിക്കുന്ന ഈ ഭാഗങ്ങളാണ് ഒരു വിഭാഗം ജനങ്ങളുടെ എതിര്‍പ്പിനു കാരണമായി തീര്‍ന്നത് എന്ന് മനസ്സിലാക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടന്നിരുന്നാലും ഇല്ലെങ്കിലും സമൂഹത്തിന്റെ കുത്തുവാക്കുകളും കളിയാക്കലുകളും കേട്ട് സഹികെട്ട്, സ്വന്തം മാതാ പിതാക്കന്മാരുടെയും സഹോദരന്റെയും നുണകളില്‍ വഴി തെറ്റി , ഭര്‍ത്താവിന്റെ എതിര്‍പ്പ് അറിയാതെ  പതിന്നാലാം ദിവസത്തെ ആള്‍ക്കൂട്ടത്തില്‍ ദൈവത്തിന്റെ പ്രതി പുരുഷനേയും അവനില്‍ നിന്നും ലഭിച്ചേക്കാവുന്ന സന്താനത്തിനും വേണ്ടി തിരുച്ചെങ്ങോട് എത്തുന്നു പോന്നയിലൂടെ എഴുത്തുകാരന്‍ അവതരിപ്പിക്കുന്ന മനോനില സൃഷ്ടിക്കുന്നതില്‍ സമൂഹത്തിനുള്ള പങ്ക് വളരെ വലുത് തന്നെ ആണ്. ഉത്സവം ഒരു മാര്‍ഗം മാത്രം!  ജാതീയമായ തൊട്ടുകൂടായ്മ പോലെ എതിര്‍ക്കപ്പെടെണ്ട, വിധവകളും, സന്താനങ്ങളില്ലാത്തവരും അനുഭവിക്കുന്ന സാമൂഹ്യ തോട്ടുകൂടയ്മയുമാണ് അര്‍ദ്ധനാരിയിടുടെ കാതല്‍.  ഈ രണ്ടു വിഷയങ്ങളില്‍ വര്‍ത്തമാനകാലത്തും വലിയ മാറ്റം വന്നിട്ടുണ്ടോ എന്നാണു പുസ്തകം കത്തിക്കുന്നവര്‍ ചിന്തിക്കേണ്ടത്.

റേറ്റിംഗ്: 3.50/5.00