ഈ ഭൂമിയില്‍ ഇതുവരെ വിപ്ലവങ്ങള്‍ നടന്നിട്ടുള്ളത് ജനങ്ങളുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ മാത്രമാണ്. അധികാരഭ്രമം പിടിപെട്ട 'വിപ്ലവനേതാക്കള്‍' സമത്വസുന്ദര ലോകമെന്ന പഞ്ചസാര പുരട്ടി, കൊള്ളയും കൊലയും നടത്തി, അധികാരത്തില്‍ സര്‍വസുഖങ്ങളോടെയും ജീവിക്കുന്നു. ആരെ അസമത്വത്തില്‍ നിന്നും മോചിപ്പിക്കാനാണോ അവര്‍ 'വിപ്ലവം' നടത്തിയത്, അവര്‍ പുതിയ 'മുതലാളി' നേതാക്കളുടെ കീഴില്‍ പഴയതിന് സമാനാമായതോ അല്ലെങ്കില്‍ അതിലും മോശമോ ആയ ജീവിതം നയിക്കേണ്ടി വരുന്നു. എങ്കിലും കൃത്യമായ ഇടവേളകളില്‍ പഴയ സമത്വസുന്ദര ലോകമെന്ന ആശയം, ഈ ജനലക്ഷങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതിനു വേണ്ടി, വിപ്ലവ നേതാക്കള്‍ മുന്നോട്ടു വെക്കും. ഞാന്‍ പറയുന്നത് വിശ്വാസമില്ലെങ്കില്‍ ഇതുവരെ 'വിപ്ലവം' നടന്ന രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥ നോക്കിയാല്‍ മതി. എന്ത് ചിന്തിക്കണം, എന്ത് പ്രവര്‍ത്തിക്കണം എന്നെല്ലാം ഭരണകൂടം നിശ്ചയിക്കുന്നു. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നു. ഇങ്ങനെയുള്ള അടിച്ചമര്‍ത്തലിന്റെ വിപ്ലവമാണ് ഇപ്പോള്‍ എല്ലാ തരക്കാരും മുന്നോട്ടു വെക്കുന്നത്; പ്രത്യേകിച്ചു വിപ്ലവം മാത്രം ജപിച്ചു നടക്കുന്നവര്‍.
സ്വേഛാധിപത്യമെന്നത് ശാരീരികവും മാനസികവുമായ ആധിപത്യമാണ്. ഇതില്‍ തന്നെ മാനസികമായ ആധിപത്യമാണ് ഏറ്റവും ഭീകരം. സ്വന്തമായി ചിന്തിക്കാനുള്ള കഴിവ് ഇല്ലാതാക്കുക, കലക്ടീവ് ആയുള്ള ഒരു ചിന്തക്ക് എല്ലാവരെയും അടിമകലാക്കുക എന്നതാണ് വിപ്ലവകാരികളുടെ ഉദ്ദേശം. ഇപ്രകാരമുള്ള മനുഷ്യ മനസ്സിന്റെ നിയന്ത്രണമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ അവര്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക്, പാര്‍ട്ടി പറയുന്ന എന്തും അങ്ങനെ തന്നെ വിഴുങ്ങുന്ന തലത്തിലേക്ക്, മനുഷ്യനെ മാറ്റി എടുക്കാന്‍ സാധിക്കു. ഇവിടെ ഒരാള്‍ക്ക് ഒറ്റക്ക് ഒരു നിലനില്പ് ഉണ്ടാകാന്‍ പാടില്ല. ഐക്യമത്യം മഹാബലം എന്നൊക്കെ പറയാം എങ്കിലും ഓരോരുത്തരുടേയും സ്വകാര്യതയും സ്വത്വവും ഇല്ലാതാകുമ്പോള്‍ സ്വന്തമായി ചിന്തിക്കാന്‍ സാധിക്കാത്ത ഒരു പറ്റം മരപ്പാവകള്‍, പാര്‍ട്ടി പറയുമ്പോള്‍ ഇടം-വലം തിരിയാനും, ആയുധമെടുക്കാനും, രമിക്കാനും മാത്രം അറിയുന്ന മരപ്പാവകള്‍, മാത്രമാകും അവശേഷിക്കുക. ഇങ്ങനെ ഒരു ലോകമാണോ നമുക്ക് വേണ്ടത്?
മനുഷ്യരെ ഒരേ അച്ചില്‍ വാര്‍ത്തെടുക്കാന്‍ പാര്‍ട്ടികള്‍ മാത്രമല്ല ശ്രമിക്കുന്നത്; മതങ്ങളും അതില്‍ പങ്കാളികളാണ്. ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാന്‍ തുനിഞ്ഞിറങ്ങുന്ന ഈ രണ്ടുകൂട്ടര്‍ക്കും ആത്യന്തികമായ ലക്‌ഷ്യം ഭരണം, ജനങ്ങളുടെ മേലുള്ള അധികാരം, മാത്രമാണ്. ആ ഭരണത്തിലെക്കുള്ള വഴി മാത്രമാണ് 'സമത്വ സുന്ദര'ലോകമെന്ന ആശയം.
ഭാരതത്തിന്റെ ഈ സ്വാതന്ത്ര്യ ദിനത്തില്‍ നമ്മള്‍ ഓരോരുത്തരം സ്വാതന്ത്ര്യം നേടേണ്ടത് ഇപ്രകാരമുള്ള 'വിപ്ലവ'കാരികളില്‍ നിന്നാണ്. സ്വന്തമായി ചിന്തിക്കാനും, പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്യം മാത്രമാണ് യഥാര്‍ത്ത സമത്വത്തിലേക്ക് നയിക്കു. അതല്ലാതെ ആരെങ്കിലും എന്തൊക്കെ മുന്നോട്ടു വെച്ചാലും അതെലാം കേവലം സ്വാര്‍ത്ഥതാല്പര്യത്തിനു വേണ്ടിയുള്ള പഞ്ചസാരമുട്ടായികള്‍ മാത്രമാണ്.
വന്ദേ മാതരം.