Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

February 23, 2020

പെരുവനത്തിൽ ഒരു ശിവരാത്രി



പെരുവനത്തിൻ്റെ അടിസ്ഥാന സ്വഭാവം,അവിടത്തെ മൂർത്തിയുടെ തപസ്സ് പോലെ, ശാന്തതയാണ്. പഴമയുടെ ഗോപുര നട കടന്നു ഉള്ളിലേക്ക് കടക്കുമ്പോൾ ഒരു മഹായോഗിയുടെ സന്നിധിയിൽ എത്തിയ പോലെ തോന്നും. അവിടത്തെ കാറ്റിൽ പോലും മഹാദേവ മന്ത്രങ്ങളാണ്. സാധകൻ ഒന്ന് ചെവി ഓർത്താൽ മനസ്സിലും അതിന്റെ അലയൊലികൾ കേൾക്കാം.


ഇന്ന് വൈകുന്നേരവും തെക്കേ നട കടന്നു നടവഴിയിലെ മണ്ണിൽ കാലെടുത്ത് വെച്ചപ്പോൾ ഇൗ ഒരു വികാരമാണ് എന്റെ മനസ്സിലൂടെ കടന്നു പോയത്. പതിവിലും കൂടുതൽ തിരക്ക് ശിവരാത്രി ദിവസമായതുകൊണ്ട് ഇന്നുണ്ടായിരുന്നു എങ്കിലും സ്ഥായിയായ യോഗി ഭാവം ക്ഷേത്രത്തിന് അന്യമായിട്ടില്ല. ആദിയോഗിയുടെ വാസസ്ഥാനം ധ്യാനത്തിൽ മുഴുകി നിൽക്കുകയാണ്. അജ്ഞതയാകുന്ന അന്ധകാരം ഇല്ലാതാക്കാൻ തുറന്ന ജ്ഞാനമാകുന്ന മൂന്നാം കണ്ണിനെ പോലെ പടിഞ്ഞാറ് അസ്തമന സൂര്യൻ ജ്വലിച്ചു നിന്നു. ആ വെയിലിനു കാമദേവനെ ദഹിപ്പിച്ച തീക്ഷ്ണതയേക്കാൾ അച്ഛന്റെ ആശ്ലേഷത്തിന്റെ ഇളം ചൂടായിരുന്നു. വലിയ മതിൽ കെട്ടിന് അപ്പുറത്ത് കുട്ടികൾ ചിട്ടയോടെ ശ്ലോകങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. ഇവിടെ പ്രദക്ഷിണം വെക്കുന്ന അമ്മമാരുടെ നാമം ജപങ്ങളും.

കുട്ടികൾക്ക് പെരുവനം ഒരു പെരിയ കളിസ്ഥലമാണ്. വിശാലമായ മതിൽക്കകത്ത് അവർ ഓടിക്കളിക്കുന്നു. ശബ്ദ കോലാഹലങ്ങൾ കൂടുമ്പോൾ അമ്മമാർ ശകാരിക്കുന്നുണ്ട്. പക്ഷേ അവർ അറിയുന്നുണ്ടോ ആവോ ആ കുട്ടികളുടെ ഇടക്കു പരമശിവനും ഒരു ബാലകനായി ഉണ്ടെന്ന്. കുറച്ചു കൂടി മുതിർന്നവർ ചുറ്റു വിളക്ക്‌ തെളിയിക്കുകയാണ്. ഓരോ ചിരാതിലും പ്രാർത്ഥന ഭരിതമായ ഒരു മനസ്സ് ജ്വലിച്ചു നിന്നു.

ഉള്ളിൽ മാടത്തിലപ്പനേയും, ഇരട്ടയപ്പനേയും തൊഴാൻ തിരക്ക് ഏറിയിട്ടുണ്ട്‌. ശ്രീകോവിലിലെ അസംഖ്യം വിളക്കുകളുടെ പ്രഭയിൽ ഗോത്ര പ്രഭുവിനെ തൊഴുത് അവിടത്തെ വായുവിൽ ഒരു നിമിഷം അലിഞ്ഞു ഞാൻ തിരക്കിലൂടെ ഒഴുകി പുറത്തിറങ്ങി.

നൂറ്റാണ്ടുകളുടെ ഉദയാസ്തമനങ്ങളിൽ യോഗിക്ക് കാവലായ് നിൽക്കുന്ന അരയാൽ ശ്രേഷ്ഠനെ വണങ്ങി ഞാനും ജപിച്ചു:

നമശ്ശിവായ!

April 23, 2018

രാമേട്ടന്‍റെ തൃശ്ശൂര്‍ പൂരം


രാമേട്ടനെ കുറിച്ചു ഞാന്‍ ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. എങ്കിലും വൈകി വായിക്കുന്നവര്‍ക്ക് വേണ്ടി രാമേട്ടനെ ഒന്ന് പരിചയപ്പെടുത്താം. ചേര്‍പ്പിലെ നാല് രാമേട്ടന്മാരില്‍ സീനിയര്‍ മോസ്റ്റും, മുത്തശ്ശന്റെ ബന്ധുവുമായ രാമേട്ടന്‍ ഞങ്ങളുടെ കൂടെ ആയിരുന്നു കുറെക്കാലം താമസിച്ചിരുന്നത്. ഞങ്ങളുടെ "വെളിപ്പടക്ക" പരീക്ഷണങ്ങളുടെ മുഖ്യ ഇരയായിരുന്നു രാമേട്ടന്‍.

രാമേട്ടനു പണ്ട്, വളരെ പണ്ട്, പാട്ടുരായ്ക്കലില്‍ ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. തൃശ്ശൂര്‍ മുന്‍സിപ്പാലിറ്റി ഹോട്ടല്‍ നില്‍ക്കുന്ന സ്ഥലം ഒരു കെട്ടിടം പണിയുന്നതിനു വേണ്ടി അക്വയര്‍ ചെയ്തതിനു ശേഷമാണ് രാമേട്ടന്‍ ഞങ്ങളുടെ കൂടെ താമസമാക്കിയത്. ഹോട്ടല്‍ പൊളിച്ചു കളഞ്ഞെങ്കിലും അവിടെ ഉണ്ടായിരുന്ന പഴയ ആട്ടുകല്ല് എടുത്തുകൊണ്ടുപോകാന്‍ (ഭാരം സമ്മതിക്കാത്തത് കൊണ്ടാകണം) അവര്‍ മിനക്കെട്ടില്ല. കുറെ കാലം റോഡരുകില്‍ ആ ആട്ടുകല്ല് കിടന്നിരുന്നത്രേ. പിന്നീടു എപ്പോഴോ നഗരത്തിന്‍റെ വളര്‍ച്ചയില്‍ അതും അപ്രത്യക്ഷമായി. തൃശ്ശൂര്‍ നഗരത്തിലെ താമസമാകണം രാമേട്ടനെ ഒരു പൂരപ്രാന്തനാക്കിയത്.

"ഇന്നല്ലേ സേമ്പിള്‍!!" പൂരത്തിന് രണ്ടു ദിവസം മുമ്പേ രാമേട്ടന്‍റെ മുഖത്തെ ചിരിയില്‍ നിന്നും ചേര്‍പ്പുകാര്‍ വായിച്ചെടുക്കും. 

"സേമ്പിളി"ന്‍റെ അന്ന് രാവിലെ പ്രാതല്‍ കഴിഞ്ഞാല്‍ തേച്ചു അലക്കി വെച്ചിരിക്കുന്ന ഡബിള്‍ മുണ്ടെടുത്ത് ഉടുത്ത്, നല്ല ഒരു ഷര്‍ട്ടും ഇട്ടു സന്തതസഹചാരിയായ ഹേര്‍ക്കുലീസ് സൈക്കിളില്‍ രാമേട്ടന്‍ തൃശ്ശൂരിലേക്ക് തിരിക്കും. പിന്നെ രണ്ടു ദിവസം അവിടെ മകളുടെ കൂടെയാണ് താമസം. നഗരത്തില്‍ തന്നെയാണ് അവരുടെ വീട് എന്നതുകൊണ്ട് പൂരം കൂടാന്‍ എളുപ്പമാണ്. തെക്കോട്ടിറക്കവും, മഠത്തില്‍ വരവും,  ഇലഞ്ഞിത്തറ മേളവും, കുടമാറ്റവും, വെടിക്കെട്ടും പിറ്റേ പകല്‍ ഓചാരവും ഒക്കെ കണ്‍നിറയെ കണ്ടും, കേട്ടും പോകുമ്പോള്‍ മുഖത്ത് ഉണ്ടായിരുന്ന അതേ ചിരിയോടെ രണ്ടു ദിവസം കഴിഞ്ഞു രാമേട്ടന്‍ തിരികെ വരും. 

എല്ലാ വര്‍ഷവും ഈ ചടങ്ങ് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മുത്തശ്ശനും കുറെ കാലം ഇതുപോലെ പൂരം കൂടാന്‍ പോയിരുന്നു. തൃശ്ശൂരുള്ള സുഹൃത്തുക്കളോടൊപ്പം പൂരമൊക്കെ കൂടി രണ്ടു ദിവസം കഴിഞ്ഞേ വരൂ. മുത്തശ്ശന്‍ ചേര്‍പ്പിലമ്പലത്തില്‍ മേളം കേള്‍ക്കാന്‍ ഇടക്ക് എന്നേയും കൊണ്ടുപോകാറുണ്ട് എങ്കിലും എനിക്കതെല്ലാം അന്ന് അരോചകമായാണ് തോന്നാറ്. വര്‍ഷങ്ങക്ക് ശേഷം പഞ്ചവാദ്യവും, മേളവും ആസ്വദിച്ചു കഴിച്ച ഒരു പെരുവനം പൂരരാവിനു ശേഷമാണ് എന്നിലും പാരമ്പര്യമായി കിട്ടിയ പൂരപ്രാന്ത് ഉണര്‍ന്നത്. രാമേട്ടന്‍റെ അന്നത്തെ ചിരിയും സന്തോഷവും ഞാന്‍ നേരില്‍ കണ്ടിട്ടില്ല എങ്കിലും ആ വികാരം ഇപ്പോള്‍ എനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അതുകൊണ്ട് തന്നെയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ സംഗീതവും, ഭക്തിയും, ആവേശമാകുന്ന പകലുകളും രാത്രികളും, പൂരപറമ്പില്‍ കണ്ടുമുട്ടുന്ന പഴയ സൌഹൃദങ്ങളും ഒക്കെ മനസ്സില്‍ നിറക്കുന്ന പരമാനന്ദം മനസ്സിലാകണം എങ്കില്‍ ഒരിക്കലെങ്കിലും വിയര്‍പ്പില്‍ കുളിച്ചു, കൈകള്‍ ഉയര്‍ത്തിയാട്ടി മേളത്തില്‍ മയങ്ങി, പൂരപറമ്പിലൂടെ അലക്ഷ്യമായി നടന്നു, കയ്യും കാലും തളരണം. ഈ മനസ്സിലെ പൂരമാണ്‌ അടുത്ത 364 ദിവസത്തേക്കുള്ള പ്രതീക്ഷയും, പ്രാര്‍ത്ഥനയും.



April 02, 2018

വല്യമ്മാന്‍


"ഐ ആം കണ്‍ഫൈന്‍ഡ് ടു ദിസ്‌ ബെഡ്... "

ഇടറുന്ന ശബ്ദത്തില്‍ വല്യമ്മാന്‍ പറഞ്ഞു.

കുറെ നാളായി വല്യമ്മാനെ കണ്ടിട്ട്. നടക്കാന്‍ ബുദ്ധിമുട്ടില്ലാതിരുന്ന കാലത്ത് വല്യമ്മാന്‍ വൈകുന്നേരങ്ങളില്‍ പൂമുഖത്ത് ഇരിക്കാറുണ്ട്. വൈകുന്നേരം ഓഫീസില്‍ നിന്നും വരുമ്പോള്‍ വല്യമ്മാന്‍ അവിടെ ചാരുകസേരയില്‍ ഇരിക്കുന്നുണ്ടാകും. ഇപ്പോള്‍ കുറച്ചു കാലമായി അതൊന്നുമില്ല. മുറി വിട്ടു ഇറങ്ങാന്‍ തന്നെ വിഷമമായിരിക്കുന്നു. അമ്മായിക്കും വയ്യ.

"ഐ ആം കണ്‍ഫൈന്‍ഡ് ടു ദിസ്‌ ബെഡ്.. ടു ദിസ്‌ റൂം"

അമ്മാവന്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ ശബ്ദത്തിനു ഒരു ഊര്‍ജമുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ തന്നെ തിരിച്ചറിയുകയും ചെയ്തു.

പണ്ട്, ചേര്‍പ്പിലായിരുന്ന കാലത്ത് എന്‍റെ മനസ്സിലെ രണ്ടു അതികായന്മാരില്‍ ഒരാളായിരുന്നു വല്യമ്മാന്‍ (മറ്റേതു മുത്തശ്ശന്‍). അക്കാലത്ത് ദിവസവും അമ്മാവന്‍ സൈക്കിള്‍ ചവിട്ടി ഊരകത്ത് നിന്നു ചേര്‍പ്പില്‍ വരും. മുത്തശ്ശന്‍ എന്നെ സംസ്കൃതമോ, ഹിന്ദിയോ പഠിപ്പിക്കുന്ന ദിവസമാണെങ്കില്‍ വല്യമ്മാന്‍റെ വരവിനായി ഞാന്‍ കാത്തിരിക്കാറുണ്ട്. വല്യമ്മാന്‍ വന്നാല്‍ എനിക്കൊരു ഇടവേള കിട്ടും. പിന്നെ മുത്തശനും വല്യമ്മാനും കൂടി നാട്ടുകാര്യങ്ങളും, വീട്ടുകാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്ന സമയമാണ്. 

"ഓപ്പക്ക് ചായ എടുക്കട്ടെ?" മുത്തശ്ശി ചോദിക്കും (മുത്തശ്ശിയുടെ ജ്യേഷ്ടനാണ് വല്യമ്മാന്‍). കുടുംബത്തിന്‍റെ കാരണവര്‍ എന്ന സ്ഥാനം കൂടി ഉള്ളതുകൊണ്ട് സ്വതവേ പതുക്കെ സംസാരിക്കുന്ന മുത്തശ്ശി ഒന്നുകൂടി ശബ്ദം താഴ്ത്തിയാണ് ചോദിക്കുക. 

"ഉം. ആകാം" വല്യമ്മാന്‍ ഗൌരവം വിടാതെ പറയും. 


എന്നിട്ട് വീണ്ടും ചര്‍ച്ചയിലേക്ക് വഴുതി വീഴും. ഒറ്റക്കൊറ്റക്കു എടുത്താല്‍ രണ്ടുപേരും ക്ഷിപ്രകോപികളും, ഗൌരവ പ്രകൃതക്കാരുമാണെങ്കിലും പരസ്പരം സംസാരിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ബഹുമാനം വാക്കുകളില്‍ നിഴലിക്കുന്നതു കാണാം. വലുതാകുമ്പോള്‍ ഇവരെ പോലെ എപ്പോഴും ഗൌരവുമുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടി വരുമോ എന്നൊരു ഭയവും എന്‍റെ  മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയുള്ള വല്യമ്മാനാണ് ഇപ്പോള്‍ എന്‍റെ മുമ്പില്‍, മുറിയിലെ അരണ്ട വെളിച്ചത്തില്‍, ശോഷിച്ച ശരീരവുമായി ചേര്‍പ്പില്‍ പോകുന്ന കാര്യം പറഞ്ഞു, ഒരു കൈ കൊണ്ട് എന്‍റെ കയ്യില്‍ പിടിച്ചു, കണ്ണുകളില്‍ വിഷാദം നിറക്കുന്നത്.

"പണ്ട് എന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ മാങ്ങന്‍സില്‍ (ചേര്‍പ്പിലെ മെഡിക്കല്‍ ഷോപ്പ്) നിന്നും നോവാജിന്‍ (തല വേദനക്കുള്ള മരുന്ന്) വാങ്ങി പോകാറുണ്ട്. അമ്മക്ക് എപ്പോഴും തലവേദന ഉണ്ടായിരുന്നു. ആ മരുന്ന് കൊടുക്കുമ്പോള്‍ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി കാണും" പല്ലില്ലാത്ത മോണ കാണിച്ചു ചിരിച്ചുകൊണ്ട് അമ്മാവന്‍ പറഞ്ഞു. എന്‍റെ നേരെ നോക്കിയാണ് പറഞ്ഞെതെങ്കിലും കണ്ണുകള്‍ അപ്പോഴും ഭൂതകാലത്തിലെന്നോ വല്യ മുത്തശ്ശിയുടെ അടുത്താണ് എന്നെനിക്കു മനസ്സിലായി.

"എനിക്കിപ്പോ 91 വയസ്സായി. പെന്‍ഷന്‍ കൂടും. ഞങ്ങള്‍ക്ക് 91 വയസ്സുകഴിഞ്ഞാല്‍ പെന്‍ഷന്‍ അഞ്ചു ശതമാനം കൂടും." അമ്മാവന്‍ വീണ്ടും പെന്‍ഷനിലേക്ക് മടങ്ങി. സി ആന്‍ഡ് എ.ജി ആപ്പീസില്‍ നിന്നും വിരമിച്ചു ദശാബ്ദങ്ങള്‍ മൂന്നു കഴിഞ്ഞെങ്കിലും സംഖ്യകളും കണക്കും ഇപ്പോഴും കൃത്യം. 

അങ്ങനെ ഇരിക്കെ ഇടയ്ക്കു ചില നേരം ഒന്നും പറയാതെ താഴോട്ടു നോക്കി ഇരിക്കും. പിന്നെ പെട്ടെന്ന് ആവേശത്തോടെ ചേര്‍പ്പിലെ വീടിനെ കുറിച്ചും, ഭാഗോതിയുടെ പൂരത്തെ കുറിച്ചും പറയും. കാവിലമ്മാവന്‍റെ കൂടെ ആറാട്ടുപുഴ പൂരത്തിന് പോയതിനെ കുറിച്ചും, അമ്മാവന്‍ തരുന്ന വിഷുക്കൈ നീട്ടത്തിനു വണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ചും ഒക്കെ പറയും.

"എനിക്കിവിടെ ഇഷ്ടല്ലടാ.. ചേര്‍പ്പില്‍ എനിക്കറിയണ ആള്‍ക്കാരുണ്ട്. ഇവിടെ ആരുമില്ല.. അവരൊക്കെ നല്ല ആള്‍ക്കാരായിരുന്നു.. എനിക്കവിടെ പോയാല്‍ മതി. എന്‍റെ സ്വന്തം വീട് അവിടെ ഉണ്ട്. ഇപ്പൊ പൂട്ടി ഇട്ടിരിക്കുകയാണ്. പണ്ട് ഗുജറാത്തില്‍ ആയിരുന്നപ്പോള്‍ എനിക്കുണ്ടായിരുന്ന ടെനമെന്റ് വിറ്റ് കിട്ടിയ കാശുകൊണ്ട് പണിതതാ. എനിക്കവിടെ പോയാല്‍ മതി. ഇവിടെ എനിക്കറിയുന്ന ആരുമില്ല" 
എന്‍റെ വീട് എന്നു പറയുമ്പോള്‍ പഴയ ഉത്സാഹം ക്ഷണനേരത്തേക്ക് ആ മുഖത്ത് മിന്നി മറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.

പുറത്ത് ഒരു വേനല്‍ മഴക്കുള്ള സന്നാഹം കണ്ടപ്പോള്‍ അമ്മാവനോട് യാത്ര പറഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി. പോകാന്‍ നേരം കയ്യില്‍ പിടിച്ചു കുറെ നേരം മിണ്ടാതെ ഇരുന്നു. അത്രയും നേരം ഉത്സാഹത്തോടെ സംസാരിച്ച ആള്‍ ഓര്‍മ്മകള്‍ക്കിടയില്‍ വാക്കുകള്‍ക്കായ് പരതുന്ന പോലെ. പുറത്ത് മൂടി കെട്ടി വന്ന മഴക്കാറുകള്‍ അമ്മാവന്റെ കണ്ണുകളിലൂടെ ഒരു തുള്ളിയായ് പെയ്തിറങ്ങി. 

"ഇനി കിടക്കാം" അമ്മാവന്‍ പതുക്കെ പറയുന്നത് വാതില്‍ക്കല്‍ എത്തിയപ്പോള്‍ ഞാന്‍ കേട്ടു. 

പഴമയുടെ മഞ്ഞ നിറം പടര്‍ന്ന പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെ സന്ധ്യാ നേരം മഞ്ഞ വെളിച്ചത്തില്‍ തെളിഞ്ഞു നിന്നപ്പോള്‍ ഞാനും ചേര്‍പ്പില്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു.

"നിങ്ങളും വയസ്സായാല്‍ ഇതന്നെ ആകും അവസ്ഥ" പത്നി മൊഴിഞ്ഞു.

"അതിനു മുമ്പ് തന്നെ നമ്മള്‍ ചേര്‍പ്പിലേക്ക് പോകുമല്ലോ" ഉള്ളില്‍ നിറഞ്ഞ സങ്കടം ഒളിപ്പിച്ചു ഞാന്‍ എന്നോടുതന്നെയായി പറഞ്ഞു.

"ഐ ആം കണ്‍ഫൈന്‍ഡ് ടു ദാറ്റ് പ്ലേസ്" ഗേറ്റ് കടന്നു നിരത്തിലേക്ക് ഇറങ്ങിയപ്പോള്‍ എന്‍റെ മനസ്സിലെ വല്യമ്മാന്‍ മന്ത്രിച്ചു.

November 21, 2017

ബ്രാഹ്മമുഹൂർത്തം

"ഡാ എഴുന്നെല്‍ക്കെടാ, നാലുമണി ആയി"

മുത്തശ്ശിയുടെ ശബ്ദം സ്വപ്നത്തിനിടയില്‍ പശ്ചാത്തല സംഗീതം കണക്കെ ഒഴുകി വന്നു.

രാവിലെ നേരത്തെ എണീക്കുക എന്നാൽ എനിക്ക് തിങ്കളാഴ്ച സ്‌കൂളിൽ പോകുന്നതിനേക്കാൾ ഇഷ്ടമില്ലാത്ത കാര്യമാണ്. പക്ഷെ എന്ത് ചെയ്യും? പത്താം തരത്തിലാണ് ഈ വർഷം. പ്രീ-ഡിഗ്രീക്കു 'കൊമേഴ്‌സ്' എടുക്കാൻ വല്യ മാർക്ക് ഒന്നും വേണ്ടെങ്കിലും മാർക്ക് കുറഞ്ഞു പോയാൽ ചീത്ത കേൾക്കും. അതുകൊണ്ട് പഠിക്കാതെ വയ്യ. രാവിലെ ഏഴുമണിക്ക് റ്റിയൂഷൻ ഉണ്ട്; സരസ്വതിയിൽ. പിന്നെ സ്‌കൂൾ നാല് വരെ. നാലരക്ക് വീട്ടിൽ എത്തിയാൽ കുറച്ചു നേരം ടി.വി. പിന്നെ കുറച്ചു നേരം പഠനം. എട്ടുമണിക്ക് ഭക്ഷണം കഴിച്ചു ഒമ്പതു മണിയോടെ കിടക്കും. ഇങ്ങനെ ഒരു ദിനചര്യ പിന്തുടർന്നാൽ നല്ല മാർക്ക് കിട്ടില്ല എന്ന് വീട്ടുകാർ 'യുനാനിമസ്‌ലി' തിരുമാനിച്ചതിന്റെ ഫലമായി രാവിലെ നാലുമണിക്ക് എഴുന്നേൽക്കേണ്ടതായി വന്നിരിക്കുകയാണ്. സ്വാഭാവികമായും എന്നെ രാവിലെ വിളിച്ചു എഴുന്നേൽപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം എക്സ്-അധ്യാപിക ആയ മുത്തശ്ശി ഏറ്റെടുത്തു.

രണ്ടു വർഷം മുമ്പ് വടക്കോറെ കാൽ വഴുതി വീണപ്പോൾ നട്ടെല്ലിന് ക്ഷതം പറ്റിയതിനാൽ മുത്തശ്ശിക്ക് കുനിയാൻ പറ്റില്ല; അതുകൊണ്ട് ടിവി മുറിയിൽ, അലമാരയോട് ചേർന്ന്, നിലത്ത് പഞ്ഞിക്കിടക്കയിൽ പുതഞ്ഞു കിടക്കുന്ന എന്നെ വെളുപ്പാംകാലത്ത് വിളിച്ചു ഉണർത്തുക എന്നാൽ ഗംഗയെ ഭൂമിയിൽ എത്തിക്കാൻ ഭഗീരഥൻ ചെയ്ത തപസ്സിനേക്കാൾ പരിശ്രമം ആവശ്യമാണ് എന്ന് ആദ്യ ദിനം തന്നെ മൂത്തശ്ശി തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് രാവിലെ നാലുമണി ആകുമ്പോൾ മുത്തശ്ശി എഴുന്നേറ്റു കാൽകൊണ്ട് എന്നെ തട്ടി മന്ത്രം ഉരുവിടും:

"ഡാ എഴുന്നെല്‍ക്കെടാ, നാലുമണി ആയി"

നാലഞ്ചു താവണ മന്ത്രം ഉരുക്കഴിക്കുമ്പോൾ ഞാൻ പതിയെ എഴുന്നേൽക്കും. പകൽ മുഴുവൻ യുദ്ധം ചെയ്തു രാത്രി പാളയത്തിലേക്കു പോകുന്ന പടയാളിയെ പോലെ തല താഴ്ത്തി ഭാരിച്ച ചുവടുകളോടെ ഞാൻ മുഖം കഴുകുന്നതിനും, പല്ലു തേക്കുന്നതിനുമായി പോകും.

രാവിലെ എഴുന്നേൽക്കുന്നതിന്റെ ഏക ആകർഷണം വീണ്ടും ഉറക്കം വരാതിരിക്കാൻ മുത്തശ്ശി തരുന്ന കട്ടൻ കാപ്പിയാണ്. ചില ദിവസങ്ങളിൽ ഈ കട്ടൻകാപ്പി പ്രസാദം കുടിച്ചു മൂത്തശിയെ സോപ്പിട്ടു ഞാൻ വീണ്ടും പോയി കിടന്നു ഉറങ്ങും. അന്ന് അമ്മയുടെ ചീത്ത ഉറപ്പാണ്. ഉറങ്ങിയില്ലെങ്കിൽ പിന്നെ അഞ്ചര വരെ ഇരുന്നു പഠനമാണ്. അഞ്ചര കഴിഞ്ഞാൽ പുസ്തകം അടച്ചു അരമണിക്കൂർ അമ്മയുടെ 'അനുവാദ'ത്തോടെ കിടക്കും.

പത്താം തരാം കഴിഞ്ഞതോടെ രാവിലെ എണീക്കുന്ന ഏർപ്പാട് നിർത്തലാക്കി. കോളേജിൽ പഠിക്കുമ്പോൾ ഒരു ദിവസം മുത്തശ്ശിയും എഴുന്നേൽക്കേണ്ടതില്ലാത്ത ഉറക്കത്തോടെ പ്രാപിച്ചതിനാൽ ഞാനും രാവിലെ എഴുന്നേൽക്കുന്ന ഏർപ്പാട് നിർത്തി; അലാമിന്റെ അലറലിനു മുത്തശ്ശിയുടെ മന്ത്രത്തിന്റെ സ്നേഹധ്വനി ഇല്ലല്ലോ. പിന്നീടുള്ള പഠനങ്ങൾ എല്ലാം ഉറങ്ങുന്നതിനു മുമ്പ് തീർക്കാൻ ഞാൻ ശീലിച്ചു.





August 27, 2015

ഓണം

നാളെ ഓണമായി എന്ന് പറയുമ്പോള്‍ മനസ്സില്‍ നിറയുന്ന ഒരുതരം സ്നേഹചൂടുണ്ട്. പണ്ട്, സ്വന്തം കാലുകളില്‍ നില്‍ക്കുന്നതിന്റെ അഹങ്കാരം മനസ്സില്‍ നിറയുന്നതിനും മുമ്പ്, മുത്തശ്ശന്‍ പൂജകള്‍ നടത്തി തൃക്കാക്കരപ്പനെ വെക്കുന്നത് കാണാന്‍ വെളുപ്പിന് പാതി തുറന്ന കണ്ണുകളോടെ ഉമ്മറത്ത് സ്ഥാനം പിടിക്കാന്‍ ഉത്സാഹിച്ചും, മുക്കുറ്റിയും, ചെത്തിയും, ചെമ്പരത്തിയും,മന്ദാരവും, വേലിയില്‍ വളരുന്ന പേരറിയാത്ത പൂക്കളും കൊണ്ട് പൂക്കളമിട്ടും, മുത്തശ്ശിയുടെ പുറകെ അമ്പലത്തില്‍ പോയും, അടുക്കളയില്‍ ചിരകി വെച്ച നാളികേരം വാരിത്തിന്നും, പ്രാതലിനു പുഴുങ്ങിയ പഴം പപ്പടം കൂട്ടി തട്ടിയും, ഇടക്ക് ചേട്ടനുമായി തല്ലുകൂടിയും, ഉച്ച വരെ ഇടക്കാലാശ്വാസമായി നിക്കറിന്റെ പോക്കറ്റില്‍ നിറച്ച കായ ഉപ്പേരി തിന്നും നടന്ന ഒരു കാലത്തിന്റെ  ഓര്‍മ്മകളുടെ ചൂട്. ഓണം എന്നാല്‍ ആ ഒരു വികാരമാണ്. കാലം നല്‍കിയ വേര്‍പാടുകള്‍ ആ ഓര്‍മ്മകളില്‍ ഇല്ലാതാകുന്നു. ക്ഷണനേരത്തേക്കെങ്കിലും.


അതാണ്‌ ഓണം!

May 28, 2015

ഗുര്‍ണാല്‍



ഗുര്‍ണാല്‍ എന്നാണ് വാര്യത്ത് എത്തിയത് എന്ന് ചോദിച്ചാല്‍ ആര്‍ക്കും കൃത്യമായി ഓര്‍മ്മയില്ല. ഒരു ദിവസം വന്നു, അത്രമാത്രം ഓര്‍മയുണ്ട്. പിന്നെ അങ്ങനെ നാളും മുഹൂര്‍ത്തവും ഓര്‍ത്തു വെക്കാന്‍ അവനൊരു ഇരുകാലിയായിരുന്നില്ല. ഒരു വരയന്‍ പൂച്ച. ദേഹം മുഴുവന്‍ ചാര നിറത്തിലുള്ള വരകളുള്ള ഒരു പാവം പൂച്ച. ഒരു പക്ഷെ വാര്യത്തെ ആദ്യത്തെ 'പെറ്റ്' എന്ന നിലയില്‍ വരുംകാലങ്ങളിലെ ചരിത്രത്താളുകളില്‍ ചടഞ്ഞു കിടക്കാന്‍ സ്വന്തമായൊരു സ്ഥലം കയ്യടിക്കിയ, ഉഗ്രപ്രതാപി സര്‍.ടീപിയെസ്ഡബ്ല്യുവിനെ പോലും കീഴടക്കിയ ഒരു വീരന്‍ പൂച്ച.

ഒരു വൈകുന്നേരമാണ് അവന്‍ എത്തിയത്. പ്രായാധിക്യം കാരണമാകണം, ഇര പിടിക്കാന്‍ വയ്യാതെ എല്ലുന്തിയ ദേഹവുമായി വന്ന അവന്‍, എന്റെ കാല്‍ക്കല്‍, ചേര്‍പ്പിലെ തെക്കേ മുറ്റത്ത് സിമന്റ് തറയില്‍, കിടന്നുരുണ്ടത് (അവന്റെ ദൈന്യത നിറഞ്ഞ കരച്ചിലില്‍ നിന്നാണ്  ഗുര്‍ണാല്‍ എന്ന പേര് കണ്ടെത്തിയത്) സ്നേഹത്തെക്കാള്‍ കൂടുതല്‍ ഭക്ഷണത്തിനു വേണ്ടി ആകണം. എന്തായാലും ഞാന്‍ കൊടുത്ത ഒരു കഷ്ണം ദോശ ആര്‍ത്തിയോടെ തിന്നു തീര്‍ത്ത് ഒരു മ്യാവൂവില്‍ നന്ദിഅറിയിച്ച് അവന്‍ അംഗത്വം ഉറപ്പിച്ചു. പിന്നീടങ്ങോട്ട് കുറച്ചു ദിവസങ്ങള്‍ അവന്‍ ആ തെക്കേ മുറ്റത്ത് ദിവസവും മൂന്നു നേരം പ്രത്യക്ഷപ്പെടും; കിട്ടേണ്ടത് കഴിച്ച് പറമ്പില്‍ അപ്രത്യക്ഷനാകും.

അക്കാലത്ത് വൈകുന്നേരങ്ങളില്‍ മുത്തശ്ശനു എണ്ണ തേച്ചു കുളിക്കുന്ന പതിവുണ്ടായിരുന്നു. തെക്കേ മുറ്റത്തെ വരാന്തയില്‍ എണ്ണയൊക്കെ തേച്ചങ്ങനെ ഇരിക്കുമ്പോള്‍ ഗുര്‍ണാല്‍ മുത്തശ്ശന്റെ കാല്‍ക്കല്‍ കിടന്നുരുളും. ഞങ്ങള്‍ അവിടെ ഉണ്ടെങ്കില്‍ കാലില്‍ തലകൊണ്ട് ഉരസി സ്നേഹം പ്രകടിപ്പിക്കും. കാര്യം ആദ്യത്തെ പെറ്റ് ആയിരുന്നു എങ്കിലും അവനെ വീട്ടില്‍ കയറ്റിയിരുന്നില്ല (സര്‍ ടിപി അതിനു മാത്രം സമ്മതിച്ചിരുന്നില്ല, ഞങ്ങള്‍ക്കും അങ്ങനെ തന്നെ). ഞങ്ങളുടെ മനസ്സ് മനസ്സിലാക്കിയെന്നോണം അവന്‍ ഒരിക്കലും വീട്ടിനുള്ളില്‍ കയറാറുമില്ലായിരുന്നു. ഏറിയാല്‍ ചവിട്ട്‌ പടി വരെ വരും; ഭക്ഷണത്തിനു വേണ്ടി കരയും.

അങ്ങനെ നാളുകള്‍ കടന്നു പോകെ കുറച്ചു ദിവസത്തേക്ക് ഗുര്‍ണാല്‍ അപ്രത്യക്ഷനായി. പ്രായം അവനെ കവര്‍ന്നെടുത്തിട്ടുണ്ടാകുമെന്നാണ് ഞങ്ങള്‍ വിചാരിച്ചത്. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒപ്പം ഒരു ചെറിയ പൂച്ചക്കുട്ടിയും. ഒരു വെളുത്ത പൂച്ചക്കുട്ടി.അവന്റെ പങ്കില്‍ നിന്നും പൂച്ചക്കുട്ടിക്കും കൊടുക്കും. കുട്ടിയെ വാര്യത്താക്കി   അധികം താമസിയാതെ അവന്‍ വീണ്ടും അപ്രത്യക്ഷനായി. ഇത്തവണ അവന്‍ തിരിച്ചു വന്നില്ല. പിന്നെ അവനെ ഞങ്ങള്‍ കണ്ടിട്ടുമില്ല. കുറച്ചാരോഗ്യമായപ്പോള്‍ പൂച്ചക്കുട്ടിയും ഗുര്‍ണാലിന്റെ വഴിയെ എങ്ങോട്ടോ പോയി.




October 10, 2014

പൂജ

"പുസ്തകം പൊതിഞ്ഞൊ? ഇല്ലെങ്കിൽ വേഗം എടുത്ത് അമ്പലത്തീപ്പൊ", മുത്തശ്ശിയുടെ ഭക്തി കലർന്ന ഉപദേശം. 

പൂജക്ക് ചേർപ്പിലായിരുന്നപ്പോൾ പൂജക്ക് പുസ്തകം അമ്പലത്തിലാണ് വെക്കുക പതിവ്.പൂജവെപ്പിന്റെ അന്ന് വൈകുന്നേരം ചേട്ടന്റേം എന്റേം തിരഞ്ഞെടുത്ത (പഠിക്കാൻ ഏറ്റവും വിഷമമുള്ളവ) ടെക്സ്റ്റ് പുസ്തകങ്ങളും, കാലപ്പഴക്കം കൊണ്ട് മഞ്ഞ നിറമായ, അരികുകൾക്ക് ചുവപ്പ് രാശിയുള്ള, വല്യ മുത്തശ്ശൻ വരച്ച ചിത്രങ്ങൾ അടങ്ങിയ താളുകളോടു കൂടിയ, ഭാഗവതത്തിന്റെ പഴയ ഒരു പതിപ്പും, താരതമ്യേന പുതിയ രാമായണവും ചേർത്ത് വെച്ച് പഴയ പത്രക്കടലാസുകൊണ്ട് പൊതിയും. മുകൾ വശം പരന്ന ഒരു പിരമിഡ് പോലെയുള്ള ഈ പുസ്തക പൊതിയിൽ സ്കെച്ചു പേന കൊണ്ട് 'ടിപിഎസ്ഡബ്ല്യു - ടിപി ശങ്കരവാര്യർ' എന്നു വലിയ അക്ഷരങ്ങളിൽ എഴുതി അമ്പലത്തിലേക്ക് ഒരോട്ടമാണ്. അമ്പലത്തിലെ സരസ്വതി മണ്ഡപത്തിൽ തൊഴുത്, പുസ്തകപ്പൊതിയവിടെ നിക്ഷേപിച്ച് തിരിച്ചൊരോട്ടം. ഇനി പുസ്തകം എടുക്കുന്ന വരെ ഒന്നും വായിക്കാൻ പാടില്ല, എഴുതാൻ പാടില്ല, വരക്കാൻ പാടില്ല. എന്തു സുഖം! 

"ഡാ കുറച്ചു മണലാ ചിരട്ടേലെടുത്ത് കൊണ്ടുവാ", മുത്തശ്ശന്റെ ആധികാരിക കല്പന. 

ചേർപ്പിൽ പടിഞ്ഞാറു ഭാഗത്ത് അമ്പല മതിലിനോട് ചേർന്ന് ഞാനും ചേട്ടനും ഉണ്ടാക്കുന്ന തുണി പന്തുകൾ തിന്നു വളർന്ന പൊട്ടക്കിണറിന്റെ വശത്തായി മുറി ഇഷ്ടികകൾ തീർത്ത സംരക്ഷണ വലയത്തിൽ, പ്ലാസ്റ്റിക് ചാക്കുകൾ പുതച്ച് ഒരു കൂന മണൽ ഉണ്ടാകും. ഇതിൽ നിന്നും ഒരു ചിരട്ട നിറയെ മണൽ വാരി കൊണ്ടുവന്ന് അതിലെ ഇലകളും ചെറിയ കല്ലിൻ കഷണങ്ങളും ഒക്കെ എടുത്ത് കളഞ്ഞ് വൃത്തിയാക്കേണ്ട ചുമതലയും ഞങ്ങൾക്കാണ്. മഹാനവമി ദിവസം വൈകുന്നേരം തന്നെ ഈ ചുമതല ഞങ്ങൾ മനസ്സില്ലാ മനസ്സോടെ നിർവഹിക്കും. എത്ര പെട്ടെന്നാണ് ഒരു ദിവസം പോയത്? 

"ദേ പുസ്തകം കൊടുത്തു തുടങ്ങി. പോയി വാങ്ങിവാ", അമ്മയുടെ തലോടൽ പോലെയുള്ള നിർദ്ദേശം. 

വിദ്യാരംഭത്തിന്റെ കാർമ്മികൻ മുത്തശ്ശനാണ്. നടുവിലെ മുറിയുടെ ഒരു മൂലക്ക് വസിക്കുന്ന കൃഷ്ണവിഗ്രഹത്തിന്റെ മുമ്പിൽ നിലവിളക്കു തെളിച്ച് ചിരട്ടയിലെ മണൽ വിളക്കിന്നടുത്തായ് വിരിച്ച്, അമ്പലത്തിൽ നിന്നും ആൾക്കാർ പുസ്തകവുമായി പോകുന്നുണ്ടൊ എന്നു നോക്കി ഉമ്മറത്തിങ്ങനെ ഇരിക്കും. പുസ്തകം വാങ്ങേണ്ട ചുമതലയും ഞങ്ങൾക്കാണ്. സരസ്വതി മണ്ഡപത്തിൽ അച്ചുമ്മാൻ എല്ലാർക്കും പുസ്തകങ്ങൾ പേരു നോക്കി കൊടുക്കുന്നുണ്ടാകും. 

"അവിടെ ഉണ്ടാകും. നോക്കി എടുത്തൊ", അച്ചുമ്മാന്റെ സ്നേഹം കലർന്ന ആജ്ഞ! 

പൊതി അഴിച്ച് രാമായണം വിളക്കിന്നടുത്ത് വെച്ച് മുത്തശ്ശൻ ആദ്യം മണലിൽ അക്ഷരങ്ങളെഴുതും. പിന്നെ രാമായണം തുറന്ന് നാലുവരി വായിക്കും. ശേഷം ഞങ്ങളും.

July 31, 2014

മഴയാഗമനം

കിഴക്കോട്ടു തിരിഞ്ഞു സൂര്യനമസ്കാരം ചെയ്യുന്ന പുല്‍നാമ്പുകളില്‍ രാത്രിമഴ വിതറിയ ജലകണങ്ങള്‍ വജ്രക്കല്ലുകള്‍ പോലെ തിളങ്ങി നില്‍ക്കുന്നത് കണ്ടാണ്‌ ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. ജ്വലിക്കുന്ന ദീപനാളങ്ങള്‍ക്കു പകരം എണ്ണപ്പാട കലര്‍ന്ന മഴവെള്ളം കെട്ടിനില്‍ക്കുന്ന കല്‍ വിളക്കിനടുത്ത് നിന്ന് അമ്മതിരുവടിയെ വണങ്ങി ഊട്ടുപുര ചുറ്റി പകുതി പ്രദക്ഷിണം വെച്ച് കിഴക്കേ നടവഴി എത്തിയപ്പോഴേക്കും സൂര്യന്‍ ചാര നിറമാര്‍ന്ന മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നു. വഴിവക്കിലെ ആലും കടന്ന്‍ ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ മുകളിലെ മേഘങ്ങള്‍ കുറച്ചു കൂടി കറുത്തു. ആന വണ്ടി വരാന്‍ അല്പനേരം കൂടി കഴിഞ്ഞു. വണ്ടി പെരുമ്പിള്ളിശ്ശേരിയില്‍ എത്തിയപ്പോഴേക്കും പുറത്ത് വെളിച്ചം നന്നേ കുറഞ്ഞിരുന്നു. ബലൂണ്‍ നിറയെ വെള്ളം നിറച്ച് സൂചികൊണ്ട് കുത്തിപ്പോട്ടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വികൃതിയെപ്പോലെ കാര്‍മേഘങ്ങള്‍ ആസന്നമായ വര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ പരക്കം പായുന്ന മനുഷ്യരുടെ തലക്കുമുകളില്‍ തങ്ങി നിന്നിരുന്നു. ചൊവ്വൂര്‍ കയറ്റം കയറുമ്പോള്‍ മഴ തുടങ്ങി. യാത്രക്കാര്‍ ഷട്ടറുകള്‍ താഴ്ത്തിയ അതെ സമയം വണ്ടിയിലെ ചെറു ട്യൂബ് ലൈറ്റുകള്‍ തെളിയക്കപ്പെട്ടു. പുറത്ത് മഴ തിമിര്‍ക്കുകയായിരുന്നു! 

July 22, 2014

നീന്തൽ കുളം

ചങ്ങനാശ്ശേരിയിൽ കിണറിന്നടുത്തായി ഒരു ടാങ്ക് ഉണ്ടായിരുന്നു. ഉൾഭാഗത്ത് വശങ്ങളിലായി ഈർപ്പം പറ്റി വളരുന്ന പായൽ ഉള്ളതിനാൽ വെള്ള പെയിന്റ് അപ്പാടെ മങ്ങിപ്പോയ ഒരു ടാങ്ക്. പഞ്ചായത്തിന്റെ ടാപ്പിൽ വായു അല്ലാതെ വെള്ളം വരുന്ന അവസരങ്ങളിൽ ഒരറ്റത്തു കറുത്ത പ്ലാസ്റ്റിക് പന്തു ഘടിപ്പിച്ച വാൽവിൽക്കൂടി വെള്ളം അറ്റമില്ലാത്ത ഒരു പാദസരം കണക്കെ ഒഴുകി ഇറങ്ങി ടാങ്കിൽ നിറയും. അദ്ഭുതമെന്നേ പറയേണ്ടു ടാങ്ക് നിറഞ്ഞാൽ വാൽവ് തന്നെ അടയും! അതുകൊണ്ട് വെള്ളം പുറത്തുപോകുമെന്ന പേടി വേണ്ട. അങ്ങനെ പല മാന്ത്രികവിദ്യകളും നീന്തിക്കളിക്കുന്ന ഈ ടാങ്ക് ആയിരുന്നു നീന്തലറിയാത്ത ഞങ്ങളുടെ ആദ്യ നീന്തൽ കുളം. 

അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഈ ടാങ്കിലാണ് ഞങ്ങൾ വേനലവധിക്കാലത്തെ വൈകുന്നേരങ്ങളിൽ 'ഉപ്പുമാങ്ങ' കണക്കെ മണിക്കൂറുകളോളം ഇറങ്ങിക്കിടന്ന് പല അഭ്യാസങ്ങളും പരീക്ഷിക്കാറ്. പിന്നീട് അവിടെ നിന്നും ഊരകത്തേക്ക് താമസം മാറ്റിയപ്പോൾ നഷ്ടങ്ങളുടെ കുഴിപ്പലകയിൽ ഏറ്റവും കൂടുതൽ മഞ്ചാടിക്കുരു വീണത് ഞങ്ങളുടെ ഈ നീന്തൽ കുളത്തിനായിരുന്നു. എന്നാൽ ഊരകത്ത് ഞങ്ങളെ കാത്തിരുന്നത് ശരിക്കും ഒരു കുളം ആയിരുന്നു; വെട്ടുകൽപ്പടവുകളുള്ള, വശങ്ങളിൽ ചുവന്ന ചെത്തിയും മറ്റു ചെടികളും വളരുന്ന, പൊത്തുകളിൽ വലിയ പോക്കാൻ തവളകളുള്ള, പുളിയിലകളും മാവിലകളും സംഘംചേർന്നൊഴുകി നടക്കുന്ന വെള്ളമുള്ള ഒരു കുളം! ഞങ്ങളുടെ രണ്ടാം നീന്തൽ കുളം! 

അതിന്റെ കഥ വേറെ ഒരു നാൾ, ഇപ്പോൾ ഞാനൊന്നു കുളിക്കട്ടെ ;)

May 30, 2014

ഒരു വേനല്‍സന്ധ്യമഴ

വെള്ളാനവണ്ടി വളവു തിരിഞ്ഞ് കണിമംഗലം പാടത്തെ രണ്ടാക്കി കടന്നുപോകുന്ന പാതയിലേക്ക് എത്തിയപ്പോഴേക്കും കാർമേഘങ്ങൾ ഒരു ചാരനിറമാർന്ന കുട കണക്കെ ആകാശമാകെ പടർന്നിരുന്നു. പാടത്തിന്റെ കിഴക്കെ അറ്റത്ത് ഒരു മൂടൽമഞ്ഞുപോലെ വേനൽ മഴ പടർന്നുകയറുന്നതുംകൊണ്ടാണ് ബസ് ഗ്രാമഹൃദയത്തിലേക്ക് പ്രവേശിച്ചത്. നിമിഷങ്ങൾക്കുള്ളിൽ മഴയിങ്ങെത്തി. തുറന്ന ജനലുകളില്‍ കൂടി മഴത്തുള്ളികള്‍ തണുപ്പിന്റെ തലോടലുകള്‍ സമ്മാനിക്കവേ യാത്രക്കാർ ബസിന്റെ ഷട്ടറുകൾ തിരക്കിട്ടു താഴ്ത്തുകയും അന്തർഭാഗത്തെ ഇരുട്ടിനു കനം കൂടുകയും ചെയ്തു. പുറത്ത് മഴ കനക്കുകയായിരുന്നു; തകരമേൽക്കൂരയിൽ തുള്ളികൾ വീണുടയുന്ന ശബ്ദം റോഡിലെ വാഹനങ്ങളുടെ ആക്രോശങ്ങളേക്കാൾ വ്യക്തമായി കേൾക്കാം. പാതയിലെ വെളിച്ചങ്ങള്‍ ബസിന്റെ ചില്ലില്‍ ഒരു വാന്‍ ഗോഗ് ചിത്രം പോലെ കാണപ്പെട്ടു: എ സ്റ്റാറി നൈറ്റ്‌! 

നിമിഷങ്ങള്‍ക്കുമുമ്പ് വേനല്‍ ചൂടിനെ പഴിപറഞ്ഞവര്‍ ചിലര്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി വന്ന മഴയെപറ്റി അടക്കിയ സ്വരത്തില്‍ പരാതി പറയുന്നുണ്ടായിരുന്നു. അടുത്ത സ്റ്റോപ്പുകളില്‍ ഇറങ്ങേണ്ടവര്‍ ഷട്ടറുകള്‍ പാതി ഉയര്‍ത്തി സ്ഥലം എത്തിയോ എന്ന് ഇടക്കിടക്ക് പരിശോധിച്ചുകൊണ്ടിരുന്നു. 

ഊരകത്തിറങ്ങേണ്ട സമയം ആയപ്പോഴേക്കും മഴ ഒന്നുകൂടി ശക്തിപ്രാപിച്ചിരുന്നു. കൂട്ടിനു നല്ല ഇടിയും മിന്നലും. ഇറങ്ങി നേരെ സ്റ്റോപ്പിലെ ഷെല്‍ട്ടറിലേക്ക് ഓടിക്കയറി. സ്റ്റാന്‍ഡില്‍ ഒരോട്ടോ പോലുമില്ല; എല്ലാവരും മഴയോട്ടച്ചാകര കൊയ്യുന്നതിന്റെ തിരക്കിലാണ്. ഇനിയിപ്പോള്‍ മഴ കുറയുന്നവരെ കാക്കുക തന്നെ. കടകളുടെ വരാന്തകളില്‍ അക്ഷമ മനുഷ്യരുടെ രൂപത്തില്‍ കൂട്ടം കൂടി മഴയെ ശപിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിര്‍ന്നു. കവലയിലെ കപ്പലണ്ടി വില്‍പനക്കാരന്‍ ഇതെല്ലം അവഗണിച്ച് ഉന്തുവണ്ടിയിലെ പെട്രോമാക്സിന്റെ വെളിച്ചത്തില്‍, ടാര്‍പോളിന്റെ സുരക്ഷയില്‍ ഇടപാടുകാരെ പ്രതീക്ഷിച്ച് കപ്പലണ്ടി വറുക്കുന്ന ചീനച്ചട്ടിയില്‍ ഇടക്കിടക്ക് ചട്ടുകം കൊണ്ട് തട്ടി ണിം-ണിം ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. കിഴക്കന്‍ ആകാശത്ത് മിന്നല്‍പിണരുകള്‍ വെള്ളി ഞരമ്പുകള്‍ തീര്‍ക്കുകയും, ഇടി ഹുംകാരശബ്ദം മുഴക്കി മഴയ്ക്ക് വീര്യം പകരുകയും ചെയ്തു. അങ്ങനെ ദിക്കെങ്ങും മുഴങ്ങിയ ഒരു ഇടിയില്‍ കറണ്ടും പോയി; ഊരകം സിറ്റി ഇരുട്ടിലാണ്ടു. വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തില്‍ മഴത്തുള്ളികള്‍ ചിലന്തിവല നാരുകളെ പോലെ കാണപ്പെട്ടു. അതായിരുന്നു ഇരുട്ടിലെ മഴമാപിനി. മഴ കുറയുന്നതും നോക്കി ഞാനും ആ ഇരുട്ടില്‍ നിലയുറപ്പിച്ചു.

സമയം കടന്നുപോകുന്നതനുസരിച്ച് വരാന്തകളിലെ ജനത്തിരക്കും വര്‍ദ്ധിച്ചു: വൈകുന്നേരം ബാറില്‍ മിനുങ്ങാന്‍ പോയവരും, ഓഫീസില്‍ നിന്നും മടങ്ങുന്നവരും, സന്ധ്യക്ക് 'ഷോപ്പിങ്ങിനു' ഇറങ്ങിയവരുമൊക്കെ ആ കൂട്ടത്തില്‍ പെടും. അര മണിക്കൂര്‍ കഴിഞ്ഞിട്ടും മഴ കുറയുന്ന ലക്ഷണം ഒന്നും കാണാനുമില്ല. ക്ഷമ നശിച്ച ചിലര്‍ വരുന്നത് വരട്ടെ എന്ന മട്ടില്‍ വരാന്തയുടെ സുരക്ഷ വിട്ടു പുറത്തേക്ക് ഇറങ്ങി. രണ്ടും കല്പിച്ചു ഞാനും കുട നിവര്‍ത്തി ഇറങ്ങി: നനഞ്ഞ ഇരുട്ടിലേക്ക്, അളന്നു വെക്കുന്ന ചുവടുകളുമായി മൊബൈലിന്റെ ഫ്ലാഷ് വെളിച്ചത്തില്‍ മഴത്തുള്ളി നാരുകളുടെ ഇടയിലൂടെ വീട്ടിലേക്ക്..

April 12, 2014

ആറാട്ടുപുഴ പൂരം

പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് മേല്‍ കഴുകി ഒരു കട്ടന്‍ കാപ്പിയും കുടിച്ച് നേരെ അമ്പലത്തിലേക്ക് ഇറങ്ങി. അമ്മതിരുവടി എഴുന്നള്ളി പോകുന്നതിന്റെ പുറകെ ആറാട്ടുപുഴയിലേക്ക് വെച്ചു പിടിച്ചു. അവിടെ ചെറുപൂരങ്ങള്‍ കണ്ടു, ദേവി- ദേവന്മാരെ കണ്ടു, ജനസമുദ്രം കണ്ടു, തട്ടകക്കാരെ കണ്ടു, വഴി വാണിഭക്കാരെ കണ്ടു, ആനകളെ കണ്ടു, കൂട്ടി എഴുന്നള്ളിപ്പ് കണ്ടു.

കതിനകള്‍ പൊട്ടുന്ന ശബ്ദം കേട്ടു, ചേര്‍പ്പിന്‍റെ മേളം കേട്ടു, ഊരകത്തിന്‍റെ കലാശിക്കുന്നത് കേട്ടു, ദേവീ ദേവന്മാര്‍ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിനോട് ഓചാരം ചൊലുന്നത് കേട്ടു, തേവരെ യാത്ര അയക്കുന്ന വേളയില്‍ അടുത്ത വര്‍ഷത്തെ പൂരം മീനം പന്ത്രണ്ടിനെന്നു വിളംബരം ചെയ്യുന്നതും കേട്ടു.

തലയ്ക്കു മുകളില്‍ കത്തി നിക്കുന്ന സൂര്യനെ വക വെക്കാതെ കണ്ട കാഴ്ചകളും കേട്ട ശബ്ദങ്ങളും മനസ്സില്‍ സൂക്ഷിച്ച് വഴിയിലെ കടയില്‍ നിന്നും ഒരു സോഡയും വാങ്ങി കുടിച്ചു മീനം പന്ത്രണ്ടെന്നു ഉരുവിട്ട് തിരികെ വീട്ടിലേക്ക് നടന്നു.

ശേഷം സുഖമായി ഉറങ്ങി.

March 03, 2014

ഞായര്‍

വരനും വധുവിനും സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിച്ച് ഇറങ്ങിയപ്പോള്‍ സമയം മൂന്നു മണി കഴിഞ്ഞിരുന്നു. അപ്പോഴും വീട്ടിലെ തിരക്കൊഴിഞ്ഞിട്ടുണ്ടായിരുന്നിട്ടില്ല. അങ്ങനെ അവന്റെ കത്തിക്കലും കഴിഞ്ഞു; ജോഷി ഒരു ചെറു ചിരിയോടെ ആത്മഗതം പോലെ പറഞ്ഞു. കല്യാണ വീടിന്റെ അടുത്ത് തന്നെയാണ് പഴുവില്‍ പള്ളി. പുരാതനമായ ഒരു ആരാധനാലയം. "പള്ളിയില്‍ പോയാലോ?" പഴമയില്‍ എനിക്കുള്ള താല്പര്യം അറിയാവുന്ന ജോഷി ചോദിച്ചു. കാറിനെ പാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെ വിട്ടു ഞങ്ങള്‍ പള്ളി ലക്ഷ്യമാക്കി നടന്നു. ഒന്‍പതാം നൂറ്റാണ്ടില്‍ സ്ഥാപിതമായ പള്ളിയാണ് പഴുവിലെ സെന്റ്‌. അന്റണീസ് ദേവാലയം. പതിനാറാം നൂറ്റാണ്ടില്‍ ഗോത്തിക് ശൈലിയില്‍ പുതുക്കിപണിതു. അതിനു ശേഷവും പുതിയ എടുപ്പുകള്‍ പള്ളിയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പഴമയുടെ സൌന്ദര്യം ആ ദേവാലയത്തിന് ഒരു പ്രത്യേക സൌന്ദര്യം തന്നെ നല്‍കുന്നു.

ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ പള്ളിയില്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മനസ്സിനെ ശാന്തമാക്കുന്ന ഒരു നിശ്ശബ്ദത അവിടമാകെ തങ്ങി നിന്നു. ബൈബിളിലെ കഥാ സന്ദര്‍ഭങ്ങളുടെ കൊത്തുപണികളാല്‍ അലംകൃത്യമായ വലിയ ഒരു ദാരുശില്‍പം അള്‍ത്താരയെ പ്രൌഢമാക്കുന്നു. മധ്യത്തില്‍ മടക്കാവുന്ന രീതിയിലാണ് ഈ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആക്രമണം ഭയന്ന് ഇത് മടക്കി വെക്കുകയുണ്ടായത്രേ. അതിനു മുന്‍പോ, അതിനു ശേഷമോ ഒരിക്കല്‍ പോലും ഈ ശില്‍പം മടക്കി വെച്ചിട്ടില്ല എന്ന് ജോഷി പറഞ്ഞു. അള്‍ത്താരക്ക് അഭിമുഖമായി നില്‍ക്കുമ്പോള്‍ വലതു ഭാഗത്തായി ക്രൂശിതനായ യേശുവിന്റെ ഒരു ശില്‍പം സ്ഥിതി ചെയ്യുന്നു. ശിപത്തിനു നേരെ എതിരെ വൈദികന് പ്രസംഗിക്കാനായി 'പള്‍പിറ്റ്' എന്നറിയപ്പെടുന്ന പുരാതനമായ ഒരു പ്ലട്ഫോരം സ്ഥിതിചെയ്യുന്നു. അള്‍ത്താരയിലെ ദാരുശില്പങ്ങളെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികള്‍ ഇവിടെയും നമുക്ക് കാണാവുന്നതാണ്. ആനവാതിലിന്നു മുകളില്‍ കന്യാസ്ത്രീകള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന ബാല്‍ക്കണിയിലും ഇതേ മട്ടിലുള്ള ശില്പങ്ങള്‍ കാണാവുന്നതാണ്. ഇപ്പോള്‍ ഈ ബാല്‍ക്കണി ഒരു ചെറിയ മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്.

ഇപ്രകാരം പഴമയുടെ അടയാളങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്ന, യുഗങ്ങളുടെ പ്രാര്‍ത്ഥനകള്‍ അലയടിക്കുന്ന ആ അള്‍ത്താരയ്ക്കുമുമ്പില്‍ നിശ്ശബ്ദനായി കുറച്ചു നേരം ഞാന്‍ നിന്നു. സ്വന്തം ചെയ്തികളിലെ നന്മ-തിന്മകള്‍ കണ്ടെത്താനും, ശാന്തമായ മനസോടെ ചിന്തിക്കാനും ആ ഒരു അന്തരീക്ഷം നമ്മെ സഹായിക്കുന്നു. ഒരു പക്ഷെ ആരാധനാലയങ്ങളുടെ ഉദ്ദേശവും അത് തന്നെയാകണം.

പള്ളിയില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും സമയം നാലിനോടടുത്തുതുടങ്ങിയിരുന്നു. ജോഷിയുടെ വീട്ടില്‍ പോയി കുറച്ചു നേരം അവിടെ സംസാരിച്ചിരുന്നു. അഞ്ചുമണി കഴിഞ്ഞപ്പോള്‍ അവിടെ നിന്നും ഇറങ്ങി. തായംകുളങ്ങരയില്‍ ബസ്‌ ഇറങ്ങി പെരുവനം അമ്പലത്തെ ചുറ്റിയുള്ള വഴിയിലൂടെ വീട്ടിലേക്ക്‌ നടന്നു. 

അമ്പലത്തിന്റെ തെക്കേ നട തുറന്നു കിടന്നിരുന്നു. സായഹ്നത്തില്‍ അരയാലിലകളെ പോലും പ്രാര്‍ത്ഥനാ നിര്‍ഭരമാക്കുന്ന ഇളം കാറ്റുമാസ്വദിച്ച് അല്പസമയം നടയിലെ അരമതിലില്‍ വിശ്രമിച്ച് നടത്തം തുടര്‍ന്നു.

January 15, 2014

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

ചട്ട വിട്ടുപോയ ഒരു പഴയ ഫോണ്‍ ബുക്കില്‍ ചുവന്ന മഷികൊണ്ട് അച്ഛന്‍ വാര്യത്തെ ലൈബ്രറിയിലെ അന്തേവാസികളുടെ പേര് വിവരങ്ങള്‍ എഴുതി സൂക്ഷിച്ചു വെച്ചത് എന്റെ ജനനത്തിനും മുമ്പേ ആകണം. താളുകളുടെ ഒരു വശത്തില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ എഴുതിയ ഈ പുസ്തകം എനിക്കൊരു അദ്ഭുതമായിരുന്നു. പുതിയതായി വാങ്ങുന്ന ഓരോ പുസ്തകവും ക്രമമായി നമ്പര്‍ ചെയ്ത് പുസ്തകത്തില്‍ എഴുതി വെച്ചു പോന്നു. സൂചിക എഴുതപ്പെട്ടതിനു ശേഷം ചില പുസ്തകങ്ങള്‍ നഷ്ടപ്പെട്ടു പോയതിനാല്‍ വര്‍ഷത്തില്‍ ഒരു തവണ എങ്കിലും ഒരു 'ഇന്‍വെന്ററി വെരിഫിക്കേഷന്‍' ആ കാലങ്ങളില്‍ പതിവായിരുന്നു. ഞാനും ചേട്ടനും ഈ വെരിഫിക്കേഷനില്‍ അച്ഛനെ സഹായിച്ചു പോന്നു. എസ്.കെയുടെ തിരഞ്ഞെടുത്ത കഥകള്‍-രണ്ടാം വാല്യത്തിനോടൊപ്പം ഭൂതകാലത്തില്‍ എന്നോ നഷ്ടപ്പെട്ടുപോയ ഒരു പുസ്തകം എന്ന നിലയില്‍ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' ആദ്യമായി എന്റെ മനസ്സില്‍ പതിഞ്ഞത് ഇങ്ങനെ ഒരു വെരിഫിക്കേഷനിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം 'മയ്യഴി'യുടെ ഒരു പുതിയ കോപ്പി കയ്യില്‍ കിട്ടി. ഇനി അത് വായിക്കണം!

August 13, 2013

നുണ

നാലാം ക്ലാസിലെ വല്യ വെക്കേഷന്‍ മുതല്‍ എന്നെ ഹിന്ദി-സംസ്കൃത ഭാഷകള്‍ പഠിപ്പിക്കുന്ന ചുമതല മുത്തശ്ശന്‍ സ്വമേധയാ ഏറ്റെടുത്തതിനെ പറ്റി മുമ്പൊരുനാള്‍ ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന് മുതല്‍ SSLC പരീക്ഷ കഴിയുന്ന വരെ മുത്തശ്ശന്‍ തന്നെ ആയിരുന്നു ഈ വിഷയങ്ങളില്‍ എന്റെ പ്രധാന അദ്ധ്യാപകന്‍. ഈ വര്‍ഷങ്ങളില്‍ ഓരോ പരീക്ഷക്കും മുമ്പ്‌ ഒന്നോ രണ്ടോ ദിവസം മുത്തശ്ശന്റെ വക റിവിഷന്‍ ഉണ്ടാകും. ഹിന്ദി ഗ്രാമ്മറും, പദ്യം ചൊല്ലലും, വിവര്‍ത്തനവും, സംസ്കൃതം ശ്ലോകങ്ങളുടെ അന്വയവും അര്‍ഥവും, ഒക്കെ ആയി ആകെ മൊത്തം ജഗ പോഗ. ഹിന്ദി-സംസ്കൃതം പരീക്ഷകളില്‍ അമ്പതില്‍ അമ്പതല്ലാത്ത ഒരു മാര്‍ക്കും മുത്തശ്ശനു സ്വീകാര്യമായിരുന്നില്ല. ഇളയ കുട്ടി എന്ന പരിഗണന ഉള്ളതുകൊണ്ടോ അതോ ഓരോ വര്‍ഷം കഴിയുമ്പോഴും മുത്തശ്ശന്റെ കാര്‍ക്കശ്യത്തില്‍ വന്നിരുന്ന കുറവുകൊണ്ടോ, എന്താണെന്നറിയില്ല, എനിക്ക് ചേട്ടന് കിട്ടിയ പോലെ അടി-എത്തമിടല്‍ ശിക്ഷകള്‍ വളരെ വളരെ അപൂര്‍വമായെ ഈ കാലയളവില്‍ കിട്ടിയിട്ടുള്ളൂ. അതിനു പകരം ഇമ്പോസിഷന്‍ ആണ് എനിക്ക് വിധിച്ചിരുന്ന ശിക്ഷാമുറ. രാവിലെ പ്രാതലിന് ശേഷം തുടങ്ങുന്ന പഠനം വൈകുന്നേരം ആറു മണി വരെ തുടരും. ഇടയ്ക്കു ഉച്ച ഭക്ഷണത്തിനും വൈകുന്നേരം ഉള്ള ചായക്കും മാത്രമാണ് ഒരു ഇടവേള ലഭിക്കുക. ഊരകത്തെ വല്യമ്മാന്‍ രാവിലെ വന്നാല്‍ ഒരു എക്സ്ട്രാ അര മണിക്കൂര്‍ കൂടി കിട്ടും. എന്നാല്‍ ഏഴാം ക്ലാസ്സിലെ കാക്കൊല്ല പരീക്ഷക്ക്‌ മുമ്പ്‌ ഈ പതിവ് തെറ്റി; അത്തവണ മുത്തശ്ശന്റെ ഹിന്ദി-സംസ്കൃതം ശിക്ഷണം ഉണ്ടായില്ല. അതിന്റെ അനന്തരഭലങ്ങള്‍ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആകില്ല. 

എന്തുകൊണ്ടാണ് ഏഴാം ക്ലാസ്സിലെ കാക്കൊല്ല പരീക്ഷക്ക്‌ മുത്തശ്ശന്‍ എന്നെ പഠിപ്പിക്കാതിരുന്നത് എന്നതിന് ഒരു ഉത്തരം നല്‍കാന്‍ എനിക്ക് ഇപ്പോഴും സാധിക്കില്ല. അത്തവണ എന്തുകൊണ്ടോ ആ പതിവ് തെറ്റി. ഏതായാലും അവിചാരിതമായി കിട്ടിയ ആ സ്വാതന്ത്ര്യം ഞാന്‍ ആഘോഷിച്ചു. മുത്തശ്ശന്റെ സഹായമില്ലാതെ തന്നെ എനിക്ക് പഠിക്കാന്‍ പറ്റും എന്ന അഹങ്കാരവും എനിക്കുണ്ടായിരുന്നു. അങ്ങനെ ഞാന്‍ തന്നെ രണ്ടു വിഷയങ്ങളും പഠിച്ച് പരീക്ഷ എഴുതി.  

ഓണം/ക്രിസ്തുമസ് അവധികള്‍ക്ക് ശേഷം സ്കൂള്‍ തുറക്കുന്ന സമയത്തെ ആണ് സ്കൂള്‍ ജീവിതത്തില്‍ ഒരു വിദ്യാര്‍ത്ഥി ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് എന്ന് ഞാന്‍ ആ കാലഘട്ടത്തില്‍ നടത്തിയ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. അക്കൊല്ലത്തെ ഓണം അവധിക്ക് ശേഷം സ്കൂളില്‍ മടങ്ങി എത്തിയ ഞാനും മേല്പറഞ്ഞ ഭയത്തിനു അടിമയായിരുന്നു. ക്ലാസ്സ്‌ എടുക്കേണ്ട ടീച്ചര്‍മാര്‍ വരുമ്പോള്‍ അവരുടെ കൈകളില്‍ നടുവേ മടക്കിയ പേപ്പറുകളുടെ കേട്ട് ഉണ്ടോ എന്നാണ് എല്ലാവരും നോക്കുക; ഇല്ലെങ്കില്‍ ക്ലാസ്സില്‍ ഒരു കൂട്ട നിശ്വാസം ഉയരും (ഭാഗ്യം, ഇനി നാളെ നോക്കിയാല്‍ മതീലോ). ടീച്ചര്‍മാരും ഈ അവസരം നന്നായി മുതലാക്കുമായിരുന്നു. ചിലപ്പോള്‍ അവര്‍ വേറെ ക്ലാസ്സിന്റെ പേപ്പര്‍ കൊണ്ടുവരും. ഒരു പിരീഡ് മൊത്തം എല്ലാവരുടെയും കണ്ണുകള്‍ മേശപ്പുറത്തിരിക്കുന്ന ആ കെട്ടിലാകും. അവസാനം ബെല്ലടിക്കുമ്പോള്‍ ഡെമോക്ലീസിന്റെ വാളുമായി ടീച്ചര്‍ മടങ്ങും. ഇപ്രകാരമുള്ള സൈക്കോളോജിക്കള്‍ യുദ്ധ മുറകള്‍ ആ വര്‍ഷവും അരങ്ങേറിയിരുന്നു. 

സ്കൂള്‍ തുറന്നു ആദ്യ ദിവസങ്ങളില്‍ തന്നെ ഇംഗ്ലീഷ്, സയന്‍സ്, സാമൂഹ്യ പാഠം എന്നിങ്ങനെ ഓരോരോ വിഷയങ്ങളായി ഉത്തരക്കടലാസുകള്‍ കിട്ടി. എന്നാല്‍ ഹിന്ദിയും സംസ്കൃതവും അത്തവണ ഏറ്റവും അവസാനമായാണ് കിട്ടിയത്. രണ്ടു വിഷയത്തിനും 45നുമീതെ മാര്‍ക്ക്‌ പ്രതീക്ഷിച്ച എനിക്ക് കിട്ടിയ മാര്‍ക്ക്‌ 40ലും കുറവായിരുന്നു. നാല്പതില്‍ താഴെ എന്ന് വെച്ചാല്‍ മുത്തശ്ശനെ സംബന്ധിച്ചു തോല്‍ക്കുന്നതിനു സമമാണ്. വീട്ടില്‍ ചെന്നാല്‍ എല്ലാവരുടെയും വക ചീത്ത ഉറപ്പ്. അതുകൊണ്ട് അന്ന് ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഈ രണ്ടു ഉത്തരക്കടലാസുകള്‍ കിട്ടിയില്ല എന്ന് കള്ളം പറഞ്ഞു. തത്കാലത്തേക്ക് ചീത്തയില്‍ നിന്ന് രക്ഷപ്പെടാമല്ലോ എന്നായിരുന്നു എന്റെ ചിന്ത.  

ചേര്‍പ്പിലെ തെക്കുഭാഗത്തെ ഹാളിന്റെ ഒരു മൂലയായിരുനു അക്കാലത്ത് എന്റെ പഠന 'മുറി'. അവിടെ ഇരുന്നാല്‍ ഫ്രിഡ്ജും അടുക്കളയും എന്റെ കൈയ്യെത്തും ദൂരത്തായിരുന്നു. മേശയുടെ ഒരു ഭാഗത്ത്‌ എല്ലാ വിഷയങ്ങളുടെയും ടെക്സ്റ്റ്‌ ബുക്കുകള്‍ അടുക്കി വെച്ചിരിക്കും. ഹിന്ദി-സംസ്കൃതം ഉത്തരക്കടലാസുകള്‍ ഒളിപ്പിച്ചു വെക്കാന്‍ ഞാന്‍ കണ്ടെത്തിയ സ്ഥലം ഈ ടെക്സ്റ്റ്‌ ബുക്ക്‌ ഗോപുരം ആയിരുന്നു. താരതമ്യെന കനം കുറഞ്ഞ ഈ രണ്ടു ടെക്സ്റ്റുകള്‍ ഏറ്റവും താഴെ വെച്ച് അതിനുള്ളില്‍ ആണ് ഞാന്‍ ഉത്തരക്കടലാസുകള്‍ ഒളിപ്പിച്ചു വെച്ചത്. ആദ്യ മൂന്നു ദിവസങ്ങള്‍ വല്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ കടന്നു പോയി. എന്നാല്‍ നാലാം ദിവസം എല്ലാം മാറി മറിഞ്ഞു! 

ഞാന്‍ ഏഴാംതരത്തില്‍  എത്തിയപ്പോള്‍ ചേട്ടന്‍ തൃശ്ശൂരിലുള്ള സെന്റ്‌.തോമസ്‌ കോളേജില്‍ ചേര്‍ന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു. കിഴക്കേ മുറിയാണ് ചേട്ടന്റെ 'ആപ്പീസ്' എങ്കിലും വല്ലപോഴുമൊക്കെ ചേട്ടന്‍ എന്റെ മേശപ്പുറം പരിശോധിക്കുന്ന ഒരു ചടങ്ങ്‌ അക്കാലത്ത് ഉണ്ടായിരുന്നു. പരിശോധന എന്ന് പറഞ്ഞാല്‍ ചില സിനിമകളിലെ 'ഇന്‍കം ടാക്സ്‌' റേയ്ഡ് പോലെ ആണ്: ഒരിഞ്ചു സ്ഥലം പോലും വെറുതെ വിടില്ല.എന്റെ കഷ്ടകാലത്തിനു നാലാം ദിവസം വൈകുന്നേരം പതിവ് പരിശോധന നടത്താന്‍ ചേട്ടന്‍ തിരുമാനിച്ചു.  

പരിശോധന തുടങ്ങിയപ്പോള്‍ തന്നെ എല്ലാം കൈവിട്ടുപോയി എന്ന് ഉറപ്പായിരുന്നു. ഒളിപ്പിച്ചു വെച്ച പേപ്പറുകള്‍ ചേട്ടന്‍ എന്തായാലും കണ്ടുപിടിക്കും; എന്റെ കള്ളി വെളിച്ചത്താകും. പേടികൊണ്ട് എന്റെ ഹൃദയം വേഗത്തില്‍ മിടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ മുറ്റത്തേക്ക് വലിഞ്ഞു. ചേട്ടന്‍ ഉത്തരക്കടലാസുകള്‍ കണ്ടു പിടിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിലത്ത് നിന്നും ചെറിയ കല്ലുകള്‍ പെറുക്കി ഉമ്മറത്തെ തെങ്ങിന്മേല്‍ എറിഞ്ഞു കൊള്ളിച്ചു ഉന്നം പരീക്ഷിച്ചു നില്‍ക്കുന്ന സമയത്ത്‌ ഉയര്‍ന്നു കേട്ട ചേട്ടന്റെ ഉച്ചത്തിലുള്ള വിളി എന്റെ എല്ലാ പ്രതീക്ഷകളും ക്ഷണനേരത്തില്‍ ഇല്ലാതാക്കി. ഒരു കുറ്റവാളിയെ പോലെ താഴ്ത്തിയ മുഖവുമായി ശിക്ഷ ഏറ്റുവാങ്ങാന്‍ ഞാന്‍ പതുക്കെ ചെട്ടന്റെ അടുത്തേക്ക് നടന്നു. 

ഞാന്‍ എന്റെ 'മുറി'യില്‍ എത്തുമ്പോള്‍ ഒളിപ്പിച്ചു വെച്ച രണ്ടു ഉത്തരക്കടലാസുകള്‍ കയ്യില്‍ പിടിച്ച് ക്രോധം കൊണ്ട് ജ്വലിക്കുന്ന കണ്ണുകളുമായി ചേട്ടന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. 

"എന്താടാ ഇത്?"
"ആന്‍സര്‍ .... പേപ്പര്‍... ആണ്"
"ഏതിന്റെ?"
"ഹിന്ദീം സംസ്ക്രുതോം"
"ഇത് എന്ന് കിട്ടിയതാ?"
"നാലഞ്ചു ദിവസം ആയി"
"എന്നിട്ടെന്താ നീ പറയാഞ്ഞെ?
"മാര്‍ക്ക്‌ കുറവാ...പേടിച്ചിട്ടാ"

അപ്പോഴേക്കും അമ്മയും മുത്തശ്ശിയും അവിടെ എത്തി. കാര്യം അറിഞ്ഞപ്പോള്‍ കയ്യോടെ തന്നെ അമ്മേടെ കയ്യില്‍ നിന്നും ഒരെണ്ണം കിട്ടി. മാര്‍ക്ക്‌ കുറഞ്ഞതിനായിരുന്നില്ല ചീത്ത, നുണ പറഞ്ഞതിനായിരുന്നു. മുത്തശ്ശനാണ് എന്നെ കൂടുതല്‍ ശിക്ഷണ മുറകളില്‍ നിന്നും അന്ന് എന്നെ രക്ഷിച്ചത്. ഒച്ചയും ബഹളവും അടങ്ങിയപ്പോള്‍ വല്ലാത്ത ഒരു കുറ്റബോധവും, ലജ്ജയും എന്നെ കീഴടക്കിയിരുന്നു. അത് പൂര്‍ണ്ണമായും മാറാന്‍ ദിവസങ്ങള്‍ എടുത്തു.

അതിനു ശേഷം ഇതുവരെ ഉള്ള ജീവിതത്തില്‍ ഞാന്‍ നുണ പറഞ്ഞിട്ടേ  ഇല്ല എന്ന് പറയാന്‍ ഞാന്‍ ഹരിശ്ചന്ദ്രനോ, മഹാത്മ ഗാന്ധിയോ ഒന്നുമല്ല. നിര്‍ദോഷങ്ങളായ നുണകള്‍ പറയേണ്ടി വന്നിട്ടുണ്ട്. എങ്കിലും പല അവസരങ്ങളിലും സത്യം പറയാന്‍, അതിന്റെ പരിണിതഫലം എന്ത് തന്നെ ആയിരുന്നാലും, എനിക്ക് ശക്തി തരുന്നത് ഈ ഒരു സംഭവത്തിന്റെ ഓര്‍മ്മകള്‍ ആണ് എന്ന് നിസ്സംശ്ശയം എനിക്ക് പറയാം.


August 09, 2012

കൊളംബസ്

എങ്ങനെയാണ് കൊളംബസിനു ആ പേര് വന്നു ചേര്‍ന്നതെന്ന് എനിക്കോ ചേട്ടനോ അറിയില്ല. എങ്കിലും മുത്തശ്ശനെ പോലെ ഞങ്ങളും ആളെ അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. ഒരു കാലത്ത്‌ ചേര്‍പ്പിലെ സാമാന്യ ജനങ്ങളുടെ മുഖ്യ നിക്ഷേപ-സാമ്പത്തികോപോദേഷ്ടാവായിരുന്നു കൊളംബസ് എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന മിസ്റര്‍ നാരായണന്‍ നായര്‍ . യൂനിറ്റ്‌ ട്രസ്റ്റ്‌ ഓഫ് ഇന്ത്യയുടെ പുതിയ സ്കീമുകളെ പറ്റിയോ പോസ്റ്റ്‌ ഓഫീസ്‌ നിക്ഷേപങ്ങളുടെ മെച്ചങ്ങളെ പറ്റി വിശദീകരിക്കാനോ ഒക്കെ ആയി കൊളംബസ് വല്ലപ്പോഴും മുത്തശ്ശനെ കാണാന്‍ വരും. ആളെ കാണുമ്പോള്‍ തന്നെ രണ്ടു ചായക്ക്‌ ഓര്‍ഡര്‍ കൊടുത്ത് മുത്തശ്ശന്‍ മുറിയിലെ മരലമാരയില്‍ വെച്ചിരിക്കുന്ന, യു.ടി.ഐ യൂനിറ്റ്‌ സര്‍ട്ടിഫിക്കട്ടുകളും, അവയുടെ ഡിവിഡന്‍റ് വാരണ്ടുകളും പോസ്റ്റ്‌ ഓഫീസ്‌ കിസാന്‍ വികാസ്‌ പത്ര ഡിപോസിറ് രശീതികളും ഒക്കെ സൂക്ഷിച്ചിരിക്കുന്ന, മുത്തശ്ശന്റെ രണ്ടു ബാഗുകളില്‍ വലുപ്പം കൂടിയ, കറുത്ത ബാഗ്‌ എടുക്കും. ഞങ്ങളാകട്ടെ കൊളംബസിന്റെ കയ്യില്‍ ഉള്ള ബാഗിലേക്ക് കണ്ണും നട്ട് നടുവിലെ മുറിയുടെ ഇരുട്ടില്‍ ഇരിക്കുന്നുണ്ടാകും.  


കുശലാന്വേഷണങ്ങള്‍ ഒക്കെ കഴിയുമ്പോഴേക്കും മുത്തശ്ശിയുടെ കൈകളിലേറി രണ്ടു ഗ്ലാസ്‌ മധുരമില്ലാത്ത ചായ എത്തിയിട്ടുണ്ടാകും. ഈ സമയം ഞാനും ചേട്ടനും അടുക്കളയിലേക്ക് ഓടും: ബാക്കിയുള്ള ചായയുടെ പങ്ക് പഞ്ചാര ഇട്ടു കുടിക്കാന്‍. ചായ കുടിച്ചു സ്റ്റോര്‍ റൂമിലെ അരി പാത്രത്തിന് പിന്നില്‍ ഇരിക്കുന്ന ഹോര്‍ലിക്സ് കുപ്പിയില്‍ ഇട്ടു വെച്ചിരിക്കുന്ന ചക്ക വറുത്തത് ഒരു പിടി വാരി ഞങ്ങള്‍ വീണ്ടും നടുവിലെ മുറിയിലേക്ക്‌ ഓടും. മുത്തശ്ശനും കൊളംബസും ഈ സമയം പലിശ നിരക്കുകളേ കുറിച്ചും, യു.ടി.ഐ ബോണ്ടുകളുടെ വിലകളെ കുറിച്ചുമുള്ള ചര്‍ച്ചകളില്‍ ആകും. കാലാവധി കഴിയാറായ ബോണ്ടുകള്‍ വല്ലതുമുണ്ടെങ്കില്‍ അതിന്റെ കാശ് വാങ്ങാനായി കൊളംബസിന്റെ കയ്യില്‍ കൊടുക്കും. അങ്ങനെ കിഴക്കേ വാര്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന സുപ്രധാന തിരുമാനങ്ങള്‍ മുത്തശ്ശനും കൊളംബസും കൂടി എടുക്കുമ്പോഴും ഞങ്ങളുടെ കണ്ണുകള്‍ ആളുടെ കയ്യിലെ കറുത്ത ബാഗില്‍ (മുത്തശ്ശന്റെ കയ്യിലെ ബാഗു പോലെ തന്നെ ഒരെണ്ണം ആളുടെ കയ്യിലും ഉണ്ട്. മുത്തശ്ശന്റെ ബാഗ് കൊളംബസ് സമ്മാനമായി തന്നതാണെന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ മനസ്സിലാക്കി) ആയിരിക്കും.


അങ്ങനെ സാമ്പത്തിക ചര്‍ച്ചയും ഒക്കെ അവസാനിപ്പിച്ചു തിരിച്ചു പോകാന്‍ ആയി എഴുന്നെല്‍ക്കുന്നതിനു തൊട്ടുമുമ്പാണ് ഞങ്ങള്‍ കാത്തിരുന്ന ആ നിമിഷം: ബാഗ് തുറന്നു അതില്‍ നിന്നും ഒരു വലിയ 'പായ' ഒട്ടിപ്പോ നെയിം സ്ലിപ് (മൌഗ്ലിയുടെയും, ബഗീരയുടെയും ഒക്കെ പടങ്ങള്‍ ഉള്ള) എടുത്ത്‌ 'ഇത് കുട്ടികള്‍ക്ക്‌' എന്ന് പറഞ്ഞു മുത്തശ്ശന് കൊടുക്കും. മുത്തശ്ശന്‍ ഉടനെ തന്നെ ചേട്ടനെ വിളിക്കും. അത് കേള്‍ക്കേണ്ട താമസം ഞങ്ങള്‍ രണ്ടുപേരും നടുവിലെ മുറിയുടെ ഇരുട്ടില്‍ നിന്നും മുത്തശ്ശന്റെ മുമ്പില്‍ എത്തിയിട്ടുണ്ടാകും. ഇപ്പൊ എത്രാം ക്ലാസ്സിലാണ് എന്ന കൊളംബസിന്റെ പതിവു ചോദ്യത്തിനുത്തരം പറഞ്ഞുകൊണ്ട് മുത്തശ്ശന്റെ കയ്യില്‍ നിന്നും നെയിം സ്ലിപ് വാങ്ങി നേരെ അപ്പുറത്തെ തയ്യല്‍ മുറിയിലേക്ക്‌ ഓടും. ആ കാലത്ത്‌ അതായിരുന്നു  ഞങ്ങളുടെ രണ്ടു പേരുടെയും ഓഫീസ്‌. പിന്നെ നെയിം സ്ലിപ് പങ്കുവെക്കുന്നതിന്‍റെയും, പഴയ മാതൃഭൂമി ആഴ്ചപതിപ്പിന്റെ പുറം ചട്ട കൊണ്ട് പൊതിഞ്ഞ, പുതുമണം മാറാത്ത, നീല വരയിട്ട പേജുകള്‍ ഉള്ള 'കല്പക' നോട്ടുബുക്കുകളില്‍ നെയിം സ്ലിപ് ഒട്ടിച്ചു പേരും ക്ലാസും ഒക്കെ എഴുതുന്നതിന്റെയും തിരക്കായിരിക്കും. ബാക്കിയുള്ള നെയിം സ്ലിപ്പുകള്‍ ചേട്ടന്റെ കസ്റ്റഡിയില്‍ ഭാവിയിലേക്കായി കരുതി വെക്കും: ഞങ്ങളുടെ സ്വന്തം നെയിം സ്ലിപ് നിക്ഷേപം!


July 22, 2012

സ്കൂള്‍ ഓര്‍മ്മകള്‍ : JBS


(ചെര്‍പ്പിലെ ഞങ്ങളുടെ അയല്‍ക്കാരി ആയിരുന്ന ഭൂമി ദേവിയുടെ അമ്പലം)

ഒരു കാലത്ത്‌ പടിഞ്ഞാട്ടുമുറിയുടെ (ചേര്‍പ്പ്‌) വിദ്യാഭ്യാസരംഗത്തില്‍ തിളങ്ങി നിന്നിരുന്ന വിദ്യാലയമായിരുന്നു പള്ളി സ്കൂള്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ജൂനിയര്‍ ബേസിക് സ്കൂള്‍ (JBS). ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസുകള്‍ മാത്രം ഉണ്ടായിരുന്ന, ഓടിട്ട ഒരു പഴയ കെട്ടിടത്തില്‍ ഒതുങ്ങിയ, ഒരു ചെറിയ സര്‍ക്കാര്‍ സ്കൂള്‍. . ചേര്‍പ്പ്‌ ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ പുറത്തേക്കിറങ്ങി പുത്തന്‍കുളത്തിലേക്കുള്ള (ചേര്‍പ്പ്‌ ഭഗവതി ക്ഷേത്രത്തിന്റെ ഔദ്യോഗിക കുളം) വഴിയിലൂടെ ശങ്കരന്‍ നായരുടെ കടയും പിന്നിട്ടു ഒരു അഞ്ചു മിനിട്ട് നടന്നാല്‍ പാത രണ്ടായി പിരിയും. അവിടെ ഇടത്തോട്ട് തിരിഞ്ഞാല്‍ അല്പം മുമ്പിലായി സ്കൂളിന്റെ ഗേറ്റ് കാണാം. 1990 ജൂണ്‍ മാസം രണ്ടാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ മുത്തശ്ശി എന്നെ ആദ്യമായി പള്ളി സ്കൂളിലേക്ക് കൊണ്ടുപോയപ്പോള്‍ മഴക്കാലത്ത്‌ ചെറിയ വെള്ള ചാട്ടങ്ങളും, കുത്തിയൊലിക്കുന്ന 'ടോറന്റുകളാലും'പ്രക്ഷുബ്ധമാകുന്ന ഒരു  മണ്‍പാത ആയിരുന്നു ഈ അമ്പലം-അമ്പലക്കുളം ഹൈവേ. പിന്നീടുള്ള മൂന്നു വര്‍ഷത്തേക്ക് ഞാന്‍ സ്കൂളിലേക്ക് പോയിരുന്നത് ഈ വഴിയിലൂടെ ആയിരുന്നു. അമ്പലത്തിലൂടെ പോയാല്‍ അഞ്ചുമിനിട്ട് കൊണ്ട് സ്കൂളിലെത്താം, ഉച്ചക്ക്‌ ചോറുണ്ണാന്‍ വീട്ടിലേക്ക്‌ വരാം, രാവിലെ പോകുമ്പോള്‍ ഉച്ചക്ക്‌ ശേഷമുള്ള പിരീഡുകളുടെ പുസ്തകം എടുക്കേണ്ട  (ഉച്ചക്ക്‌ ഉണ്ണാന്‍ വരുമ്പോള്‍ എടുത്താല്‍ മതിയല്ലോ) എന്നതുകൊണ്ട് ബാഗിന് കനവും കുറയും: അങ്ങനെ സ്കൂള്‍ അടുത്തായത് കൊണ്ടുള്ള ഗുണങ്ങള്‍ ഏറെ ആയിരുന്നു. ഒന്നാം ക്ലാസ്സില്‍ ഒരുകിലോമീറ്ററിലധികം ദൂരെയുള്ള CNN സ്കൂളിലേക്ക് നടന്നു പോയിരുന്ന എനിക്ക് സത്യത്തില്‍ ഇതൊക്കെ ഒരു ലോട്ടറി അടിച്ചതിനു സമമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ സ്കൂള്‍ എനിക്ക് വളരെ വേഗം ഇഷ്ടപ്പെട്ടു.

ഉച്ചക്ക്‌ ഒരു മണിക്ക് ബെല്‍ അടിച്ചാല്‍ ഞാന്‍ ബാഗുമെടുത്ത് വീട്ടിലേക്ക്‌ ഓടും. പടിഞ്ഞാറേ ഗോപുരത്തിന്റെ വാതില്‍ ഉള്ളില്‍ നിന്ന് കുറ്റി ഇട്ടിട്ടുണ്ടാകുമെങ്കിലും വാതിലിന്റെ അഴികള്‍ക്കിടയിലൂടെ കൈ കടത്തി അനായാസം തുറക്കാന്‍ അന്നേ ഞങ്ങള്‍ പഠിച്ചിരുന്നു. അതുകൊണ്ട് പടിഞ്ഞാറേ ഗോപുര വാതില്‍ ഒരു പ്രശ്നമായിരുന്നില്ല. എന്നാല്‍ ചില ദിവസങ്ങളില്‍, അമ്പലത്തില്‍ പശുവിനെ കെട്ടിയിട്ടുണ്ടെങ്കില്‍, കിഴക്കേ നടയിലെ ഓറഞ്ച് വര്‍ണ്ണത്തിലുള്ള വലിയ ഇരുമ്പു വാതില്‍ പുറമേ നിന്ന് കുറ്റി ഇട്ടിട്ടുണ്ടാകും. പിന്നെ അത് തുറക്കാന്‍ ഉള്ള ഏക വഴി വാതിലില്‍ ശക്തിയായി അടിക്കുക എന്നതാണ്. ശബ്ദം കേട്ട് അമ്മയോ, മുത്തശ്ശിയോ അതോ തറവാട്ടില്‍ നിന്നും ചേച്ചിയമ്മയോ വന്നു വാതില്‍ തുറന്നു തരും. ഇങ്ങനെ ഞാന്‍  വീട്ടിലെത്തുമ്പോഴേക്കും മുത്തശ്ശന്റെ ഊണ് പകുതി ആയിട്ടുണ്ടാകും. പിന്നെ വേഗം ചോറുണ്ട് ഉച്ചക്ക്‌ ശേഷമുള്ള വിഷയങ്ങളുടെ പുസ്തകം എടുത്ത്‌ ബാഗിലാക്കി തിരികെ സ്കൂളിലേക്ക് പോകാന്‍ റെഡി ആയി നിക്കും. തിരിച്ച് പോകുമ്പോള്‍ മുത്തശ്ശനും എന്റെ ഒപ്പം വരും: പടിഞ്ഞാറേ നട വരെ. മുത്തശ്ശനു 'ടാറ്റാ' കൊടുത്ത്‌  ഞാന്‍ അമ്പലത്തില്‍ കേറാന്‍ സമയം ഊരി കയ്യില്‍ പിടിച്ച ചെരുപ്പ്‌ ഇട്ടു നേരെ സ്കൂളിലേക്ക് നടക്കും. ഞാന്‍ സ്കൂളിലേക്ക് ഉള്ള വളവു തിരിയുന്ന വരെ മുത്തശ്ശന്‍ പടിഞ്ഞാറേ നടയിലെ പച്ചനിറത്തിലുള്ള വാതിലിന്റെ വലിയ അഴികളില്‍ പിടിച്ച് എന്നെ തന്നെ നോക്കി നില്‍ക്കും. ചില ദിവസങ്ങളില്‍ വൈകുന്നേരം നാലുമണി ആകുമ്പോള്‍  ഞാന്‍ സ്കൂള്‍ വിട്ടു വരുന്നതും നോക്കി മുത്തശ്ശന്‍ ഇതുപോലെ അവിടെ വന്നു നില്‍ക്കുമായിരുന്നു. അന്നൊക്കെ മുത്തശ്ശന്‍ ഇങ്ങനെ എന്റെ ഒപ്പം വരുന്നത് എനിക്കിഷ്ടമായിരുന്നില്ല. വലിയ കുട്ടി ആയി എന്നാ ഭാവമായിരുന്നു അന്ന് എനിക്ക്. സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാനും, ഒറ്റയ്ക്ക് ഇന്ത്യ മൊത്തം സഞ്ചരിക്കാനും പ്രാപ്തി ആയപ്പോഴേക്കും  വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്നെ മാത്രം ശ്രദ്ധിച്ച് നിന്നിരുന്ന ആ കണ്ണുകള്‍ എന്നന്നേക്കുമായി അടഞ്ഞുപോയിരുന്നു. പിന്നീടുള്ള ഏകാന്ത യാത്രകളിലാണ് എനിക്ക് അന്ന് ലഭിച്ച ഭാഗ്യത്തെ കുറിച്ചും നഷ്ടമായ സ്നേഹത്തെ കുറിച്ചും ഞാന്‍ ശരിക്കും ബോധവാനായത്. 

ഞാന്‍ അമ്പലം-അമ്പലക്കുളം ഹൈവേയിലെ നിത്യ സഞ്ചാരിയായിരുന്ന കാലത്ത്‌ പടിഞ്ഞാട്ടുമുറിക്കാരുടെ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആയിരുന്നു ശങ്കരന്‍ നായരുടെ കട. റോഡില്‍ നിന്നും അല്പം ഉയരത്തിലായിരുന്നു കടയിലേക്ക് പ്രവേശിക്കാന്‍ മൂന്നു  പടികള്‍ കയറണം. നാരങ്ങ മിഠായിയും, പല്ലോട്ടിയും, സമചതുരത്തിലുള്ള കപ്പലണ്ടി മിഠായിയും ഒക്കെ നിറച്ച ചില്ലുകുപ്പികള്‍ വസിക്കുന്ന ഒരു ചെറിയ മേശയും, അതിനു ഇടത്തായി ഒരു ത്രാസും, നിലത്ത്‌ നിരത്തി വെച്ചിരിക്കുന്ന അത്യാവശ്യം പച്ചക്കറികളും പിന്നെ ശങ്കരന്‍ നായരും ആണ് ആ കടയിലെ അന്തേവാസികള്‍. അക്കാലത്ത്‌ പള്ളിസ്കൂളില്‍ കൊല്ലവര്‍ഷ പരീക്ഷക്ക്‌ നല്ല മാര്‍ക്ക്‌ വാങ്ങിയവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്തിരുന്നത് ആഗസ്റ്റ്‌ 15നു ആയിരുന്നു. മൂന്നാം ക്ലാസ്സില്‍ നല്ല മാര്‍ക്ക്‌ വാങ്ങിയതിനു എനിക്ക് കുട്ടിയ സമ്മാനങ്ങളായ 12 നിറങ്ങളും ഒരു ചെറിയ ബ്രഷും അടങ്ങിയ വാട്ടര്‍ കളര്‍ ബോക്സ്, ഒരു സ്റ്റീല്‍ ഗ്ലാസ്‌, രണ്ടു പുത്തന്‍ അഞ്ചുരൂപാ നോട്ടുകള്‍ അടങ്ങിയ മഞ്ഞ കവര്‍ എന്നിവ വാങ്ങി അസംബ്ലിയില്‍ വിതരണം ചെയ്ത മിഠായിയും തിന്നു തിരികെ വീട്ടിലേക്ക്‌ വരുന്ന വഴി കച്ചവടത്തില്‍ സ്വതവേ കര്‍ക്കശ്യക്കരനായ ശങ്കരന്‍ നായര്‍ എന്നെ കടയിലേക്ക് വിളിച്ചപ്പോള്‍ അസംബ്ലിയില്‍ ഹെഡ് മാഷുടെ കയ്യില്‍ നിന്ന് സമ്മാനം വാങ്ങുമ്പോള്‍ ഉണ്ടായ സന്തോഷം മൊത്തം ചോര്‍ന്നു പോയിരുന്നു എന്ന് ഇപ്പോള്‍ എനിക്ക് നിസ്സംശയം പറയാം. മടിച്ച് മടിച്ച് കടയിലേക്ക് കയറിയ എന്നെ എതിരേറ്റത് കയ്യില്‍ നാരങ്ങ മിഠായിയുമായി നില്‍ക്കുന്ന ശങ്കരനായരാണ്. ഞാന്‍ വേഗം തന്നെ അത് വാങ്ങി വീട്ടിലേക്ക്‌ ഓടി. സ്വാതന്ത്ര്യ ദിനത്തില്‍ ഉള്ള ഈ മിഠായി വിതരണം എല്ലാ വര്‍ഷവും ഉള്ള പതിവ് ആണെന്ന് പിന്നെ ആരോ പറഞ്ഞറിഞ്ഞു. ഇന്നിപ്പോള്‍ ശങ്കരന്‍നായരുടെ കട ഉടമസ്ഥനോടൊപ്പം കാലയവനികകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നു. വിദേശ ഭക്ഷ്യ വസ്തുക്കള്‍ മുതല്‍ നാടന്‍ ഉമിക്കരി വരെ ലഭിക്കുന്ന ശീതീകരിച്ച വമ്പന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അരങ്ങു വാഴുന്ന ഈ പുതിയ യുഗത്തില്‍ മനസ്സില്‍ ഇത്തിരി നന്മ കൊണ്ടുനടക്കുന്ന ശങ്കരന്‍ നായരെ പോലുള്ള ചെറിയ കച്ചവടക്കാര്‍ പോന്നുരുക്കുന്നിടത്തെ പൂച്ചയെപോലെ ആയിക്കഴിഞ്ഞിരിക്കുന്നു; അന്യമായികൊണ്ടിരിക്കുന്ന നാട്ടിന്‍പുറനന്മകളുടെ തട്ട് കുറച്ചു കൂടി താഴ്ന്നിരിക്കുന്നു.

June 29, 2012

പെരുമഴക്കാലം

കാര്‍മേഘാവൃതമായ ആകാശവും, ചാറ്റല്‍ മഴയും, കാറ്റത്തു പറക്കാന്‍ ആഗ്രഹിക്കുന്ന കുടകളും, പുതിയ ഡിസൈന്‍ അള്‍ട്ര മോഡേണ്‍ കുടകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന കുടക്കമ്പനിക്കാരും കോട്ടിട്ട് ബൈക്കില്‍ എവിടേക്കോ പറക്കുന്നവരും, മരച്ചില്ലകളില്‍ ഒളിച്ചിരിക്കുന്ന കിളികളും, റോഡിലെ വലിയ തടാകങ്ങളില്‍ കെട്ടി കിടക്കുന്ന ചെളി വെള്ളവും, കുഴി അടക്കാന്‍ ചെളി വെള്ളത്തില്‍ കുളിച്ചു സമരം ചെയ്യുന്നവരും, ആ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നടക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും, വെള്ളം തട്ടി തെറിപ്പിച്ചു സ്കൂളിലേക്ക് പോകുന്ന പിള്ളേരും, മഴ നനഞ്ഞു പനി പിടിച്ചു ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ നിരയായി ഇരിക്കുന്നവരും, സര്‍ക്കാര്‍ സ്കൂളുകളില്‍ തുറക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പുകളും, മഴ ഒരു പ്രശ്നമാക്കാതെ ഉല്ലാസവേളകള്‍ ആനന്തകരമാക്കാന്‍ ബിവറേജസിനു മുമ്പില്‍ ക്യു നില്‍ക്കുന്നവരും, ആടി മാസ കിഴിവുമായി കല്യാണം നടത്താന്‍ ഇരിക്കുന്ന തുണിക്കടക്കാരും, ഇതെല്ലാം കണ്ട് അന്തം വിട്ടു നടക്കുന്ന 'മണ്‍സൂണ്‍ ടൂറിസം' പാക്കേജ് സായിപ്പന്മാരും.... അതെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത് പെരുമഴക്കാലം.

June 05, 2012

രണ്ട് പരീക്ഷാഫലങ്ങള്‍


 (1)
വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജിലെ ഒരു സമര ദിനം. വംശനാശം സംഭവിച്ച പ്രീ ഡിഗ്രീ പിള്ളേരുടെ ഒരു സംഘം മുതലക്കുളത്തിന്റെ അടുത്തുള്ള വോളിബോള്‍ കൊര്‍ടിന്റെ പടവുകളില്‍ ഇരുന്ന് വരാന്‍ പോകുന്ന കോളേജ്‌ ദിനാഘോഷത്തിനെ കുറിച്ച് കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് നിലത്തുകിടക്കുന്നുണ്ടായിരുന്ന ഇലകളെ കാറ്റില്‍ പറത്തിക്കൊണ്ട് 'കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി' എന്ന ബോര്‍ഡ്‌ വെച്ച ഒരു വണ്ടി അതിവേഗത്തില്‍ അവരെ കടന്നു പോയി കോളേജിന്റെ പോര്‍ട്ടിക്കോയില്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു നിര്‍ത്തിയത്‌.  എന്തോ ദുസ്സൂചന മുന്നില്‍ കണ്ട് മുതലക്കുളത്തില്‍ വായ തുറന്നു കിടന്നിരുന്ന മുതല തിരികെ കുളത്തില്‍ ചാടി, ഗാര്‍ഡനിലെ കൂട്ടില്‍ കിടന്നിരുന്ന കുരങ്ങന്‍ നിലവിളിച്ചു, ലവ് ബേര്‍ഡ്സ് ഉച്ചത്തില്‍ ചിലച്ചു. കുട്ടപ്പേട്ടന്‍ ചായ അടിക്കുന്നത് നിര്‍ത്തി ചെവി കൂര്‍പ്പിച്ചു.

സുനാമി പോലെ വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ കോളേജ്‌ മൊത്തം പടര്‍ന്നു: ഒന്നാം വര്‍ഷ പ്രീ ഡിഗ്രീ പരീക്ഷ കഴിഞ്ഞു ഫലം വന്നിരിക്കുന്നു. പരീക്ഷ കഴിഞു ഏകദേശം പത്ത് മസ്സങ്ങള്‍ക്ക് ശേഷമാണെങ്കിലും അവസാനം വന്നിരിക്കുന്നു. ഓഫീസില്‍ ചെന്ന് ചോദിച്ചപ്പോള്‍ വൈകുന്നേരം മൂന്നുമണിക്കുശേഷം ചിലപ്പോള്‍ മാര്‍ക്ക്‌ ലിസ്റ്റ് കൊടുത്തു തുടങ്ങും എന്ന് അറിയിച്ചു. ഹൃദയമിടിപ്പിന് വേഗത കൂടിയ മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. ചെമ്പകചോട്ടിലും പോര്ട്ടിക്കൊയിലും ഒക്കെ ആയി തമ്പടിച്ചു നിന്ന പ്രീ ഡിഗ്രി പിള്ളേരുടെ പ്രധാന സംസാരവിഷയം റിസള്‍ട്ട്‌ ആയിരുന്നു. മൂന്നുമണി അടുക്കുംതോറും കൈപത്തികള്‍ക്ക് തണുപ്പ് കൂടി വന്നു. മൂന്നുമണിക്ക്‌ ഓഫീസില്‍ എത്തിയപ്പോഴേക്കും സാമാന്യം വലിയ ഒരു ക്യു രൂപപ്പെട്ടിരുന്നു. മാര്‍ക്ക്‌ ലിസ്റ്റ് കൊടുത്തു തുടങ്ങാന്‍ പിന്നെയും നേരം വൈകി.

ഏകദേശം അറുന്നൂറ് വിദ്യാര്‍ത്ഥികളെങ്കിലും ആ വര്‍ഷം ക്രൈസ്റ്റില്‍ പ്രീ-ഡിഗ്രി കോഴ്സ് ചെയ്യുന്നുവരായി ഉണ്ടായിരുന്നതുകൊണ്ട് റോള്‍ നമ്പര്‍ നോക്കി മാര്‍ക്ക്‌ ലിസ്റ്റ് തപ്പി എടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ക്യുവിന്റെ വളരെ പിന്നിലായിരുന്ന എന്റെ കാത്തിരിപ്പ്‌ പിന്നെയും നീണ്ടു. ഏകദേശം ഒരു മണിക്കൂറെടുത്തു എന്റെ നമ്പര്‍ വരാന്‍. വിറയ്ക്കുന്ന കൈകളോടെ മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങുമ്പോള്‍ അതുവരെ ഉച്ചത്തില്‍ മിടിചിരുന്ന ഹൃദയം ഒരു നിമിഷത്തേക്ക് നിന്നുപോയോ എന്നെനിക്ക് തോന്നി.

പാസ് ആയിട്ടുണ്ടെങ്കിലും റിസള്‍ട്ട്‌ ഒരിക്കലും സന്തോഷിക്കാവുന്ന ഒന്നായിരുന്നില്ല: 79%. എന്റെ ടാര്‍ഗറ്റ് 80% ആയിരുന്നു. ബിസിനസ്‌ സ്റ്റഡീസ് പേപ്പര്‍ 'ഇമ്പ്രൂവ്‌' ചെയ്യണം, ഞാന്‍ അപ്പോള്‍ തന്നെ തിരുമാനിച്ചു.

(2)
മെയ്‌ 12നു ആയിരുന്നു ഐ.സ്.എ പരീക്ഷ. റിസള്‍ട്ട്‌ 19നു വരും എന്നാണു അന്നൌന്‍സ് ചെയ്തിരുന്നത്. അന്ന് സൈറ്റ്‌ എടുത്തപ്പോള്‍ കണ്ടത്‌ റിസള്‍ട്ട്‌ 21നു വരും എന്നാണ്. 21നു ഇന്റര്‍നെറ്റ്‌ വളരെ സ്ലോ ആയിരുന്നു. അല്ലെങ്കിലും റിസള്‍ട്ട്‌ വരുന്ന ദിവസങ്ങളില്‍ അതൊരു പതിവാണ്. ഉച്ചക്ക്‌ രണ്ടു മണിക്ക് വരുമെന്ന് ആദ്യം പറഞ്ഞു. പിന്നെ അത് അഞ്ചുമണിയായി. അഞ്ച് പിന്നെ ഏഴായി. ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ റിസള്‍ട്ട്‌ അടുത്ത ദിവസമേ വരൂ എന്നായി. ഐ.സി.എ.ഐയും കാലിക്കറ്റ്‌യൂനിവേഴ്സിറ്റിക്ക് പഠിക്കുകയാണോ എന്ന് തോന്നിപ്പോകുന്ന സമയ ക്ളിപ്തത.

പിറ്റേന്ന് രാവിലെ എഴുന്നെറ്റ്‌ നോക്കിയപ്പോള്‍ റിസള്‍ട്ട്‌ വന്നിട്ടില്ല. പിന്നെ ഓഫീസിലേക്ക്‌ വരുന്ന വഴിയാണ് ഫോണ്‍ റിംഗ് ചെയ്തത്. ഒരു സഹപരീക്ഷാര്‍ത്ഥിയാണ്. റിസള്‍ട്ട്‌ വന്നിരിക്കുന്നു. എന്റെ റോള്‍ നമ്പര്‍ പറഞ്ഞുകൊടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടി വന്നു.

ഞാനും പാസ് ആയിരിക്കുന്നു.ഭാഗ്യം! ഇത് കടന്നു! ജൂണിലെ അടുത്ത പരീക്ഷക്ക്‌ കുറച്ചുകൂടി നന്നായി പഠിക്കണം, ഞാന്‍ അപ്പോള്‍ തന്നെ തിരുമാനിച്ചു!

May 31, 2012

റിട്ടയര്‍മെന്റ് പാര്‍ട്ടി

"മെയ്‌ മുപ്പതിനാണ് പരിപാടി, വരണം" രവി സര്‍ പറഞ്ഞു.

ഞാന്‍ ബാങ്കില്‍ ചേര്‍ന്നതിനു ശേഷം രണ്ടു കൊല്ലം എന്റെ ഗുരു ആയിരുന്നു രവി സര്‍. മെയ്‌ മുപ്പത്തൊന്നിന്നു അദ്ദേഹം വിരമിക്കുകയാണ്. അതിന്റെ പാര്‍ട്ടി ആണ് മുപ്പതിന്. പാലക്കാട്‌ വെച്ചാണ്. ഓഫീസില്‍ നിന്ന് കുറച്ചു പേര്‍ ഒരു വണ്ടി വിളിച്ചു പാലക്കാട്ടേക്ക് പോകാന്‍ തിരുമാനമായി. അങ്ങനെയാണ് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഞാനടക്കം എട്ടുപേര്‍ പാലക്കാട്ട് റോബിന്‍സണ്‍ റോഡിലെ ഹോട്ടലില്‍ എത്തിയത്. ഞങ്ങള്‍ എത്തുമ്പോള്‍ രവി സാറും പിന്നെ പാലക്കാട്‌ ഓഫീസിലെ ചുരുക്കം ചിലരും മാത്രമേ എത്തിയിട്ടുണ്ടായിരുന്നുള്ളൂ. മുഖത്ത് സ്വതസിദ്ധമായ ചിരിയുമായി രവി സര്‍ വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പതിയെ പതിയെ മറ്റു ബ്രാഞ്ചുകളില്‍ നിന്നും ആള്‍ക്കാര്‍ എത്തി തുടങ്ങിയപ്പോള്‍  ആ സായാഹ്നം ഹസ്തദാനങ്ങളുടെയും, പൊട്ടിച്ചിരികളുടെയും, ഗതകാലസ്മരണകളുടെ പങ്കുവെക്കലിന്റെതുമായി മാറുകയായിരുന്നു. പത്തോ ഇരുപതോ വര്‍ഷങ്ങളായി അറിയുന്നവര്‍, ഒരുമിച്ചു ജോലി ചെയ്തവര്‍, ഒരു മുറി പങ്കിട്ടവര്‍, ജോലിയും മറ്റു തിരക്കുകളുമായപ്പോള്‍ വഴി പിരിഞ്ഞു പോയവര്‍, ബാങ്കിംഗ് എന്നാല്‍ ഒരു കമ്പ്യൂട്ടര്‍ സ്ക്രീനോ, എ.ടി.എം മെഷീനോ, ഫോണിന്റെ അങ്ങേ അറ്റത്തെ കിളിമോഴിയോ ആയി മാറുന്നതിനു മുമ്പ് തടിച്ച ലെഡ്ജറുകളിലും രജിസ്റ്ററുകളിലും ഒരു ജനതയുടെ സമ്പാദ്യത്തിന്റെ കണക്കുകള്‍ ഒരു പൈസ പോലും വ്യത്യാസമില്ലാതെ എഴുതി സൂക്ഷിച്ചവര്‍ :അവര്‍ അവിടെ ഒത്തു കൂടി പഴയ തമാശകളും ഓര്‍മകളും പങ്കു വെച്ചപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ഇളയ അംഗം ആയ ഞാന്‍ മാത്രം കാണിയായി ഹോട്ടലിനു മുമ്പിലെ ജലധാരക്ക് മുമ്പില്‍ നിലയുറപ്പിച്ചു, ഒരു കാഴ്ചക്കാരനായി. ആ കാഴ്ചക്കും ഒരു സൌന്ദര്യമുണ്ടായിരുന്നു; സൌഹൃദത്തിന്റെ സൌന്ദര്യം. ആ സായഹ്നതിനു ഒരു സുഗന്ധമുണ്ടായിരുന്നു; സ്നേഹത്തിന്റെ സുഗന്ധം. ആ നിമിഷങ്ങള്‍ അമൂല്യങ്ങളായിരുന്നു; മനുഷ്യബന്ധങ്ങള്‍ പോലെ.

April 18, 2012

രാമേട്ടനും വേലി പടക്കവും

 

ചേര്‍പ്പിലെ നാല് രമേട്ടന്മാരില്‍ സീനിയര്‍ മോസ്റ്റ്‌ ആയ, മുത്തശ്ശന്റെ ബന്ധുവായ, രാമേട്ടന്‍ ഞങ്ങളുടെ ഒപ്പം ആയിരുന്നു താമസിച്ചിരുന്നത്. രാമേട്ടന്‍ ഒരു പ്രസ്ഥാനമായിരുന്നു. രാമേട്ടന്റെ ഒരു കാലില്‍ സ്റ്റീല്‍ കമ്പിയാണ് എന്നറിയുന്നതിന് മുമ്പ്‌ തന്നെ ഞങ്ങള്‍ക്ക്‌ രാമേട്ടന്‍ ഒരു പ്രസ്ഥാനമായി കഴിഞ്ഞിരുന്നു. നരച്ച തലമുടിയും കുടവയറുമൊക്കെയായി കണ്ടാല്‍ മുത്തശ്ശനെ പോലെ തന്നെയാണ് രാമേട്ടന്‍ എങ്കിലും മുത്തശ്ശന്റെ അത്ര കാര്‍ക്കശ്യം ഇല്ലായിരുന്നതുകൊണ്ടും ഒഴിവുസമയങ്ങളില്‍ തെങ്ങിന്റെ ഓല കൊണ്ട് പീപ്പിയും പന്തും കാറ്റാടിയുമൊക്കെ ഉണ്ടാക്കി തന്നിരുന്നതുകൊണ്ടുമാകാം എനിക്കും ചേട്ടനും രാമേട്ടന്‍ ഒരു പ്രസ്ഥാനമായി തീര്‍ന്നത്. രാമേട്ടന്റെ ഇഷ്ട വിശ്രമസ്ഥലം കാര്‍പോര്‍ച്ചില്‍ ഇട്ടിരുന്ന ബെഞ്ച്‌ ആയിരുന്നു. അതിനടുത്തായി ആളുടെ സന്തത സഹചാരിയായ പഴയ ഹെര്‍കുലീസ്‌ സൈക്കിളും ഉണ്ടാകും. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ കാര്പോര്‍ച്ചിലെ ബെഞ്ചില്‍ കിടന്നൊരുറക്കം പാസാക്കുക എന്നത് രാവിലെ എണീറ്റ് പല്ല് തേക്കുക എന്നപോലെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ശീലമായിരുന്നു രാമേട്ടന്. അടുക്കളിയിലെ പാത്രത്തില്‍ നിന്നും ഉപ്പെടുത്ത്‌ ഉറങ്ങുന്ന രാമേട്ടന്റെ വായില്‍ ഇടുക എന്നത് അക്കാലത്ത്‌ ഞങ്ങളുടെ ഒരു ഹോബി ആയിരുന്നു. പിന്നെ പിന്നെ രാമേട്ടനും അതൊരു ശീലമായി തീര്‍ന്നതുകൊണ്ട് ഉപ്പിന്റെ റിയാക്ഷന്‍ പതുക്കെ കുറഞ്ഞു വന്നു. അതുകൊണ്ട് രാമേട്ടനെ ശല്യപ്പെടുത്താന്‍ പുതിയ വഴികള്‍ ആലോചിക്കുമ്പോഴാണ് ഞങ്ങള്‍ക്ക്‌ ആ ഐഡിയ കത്തിയത്. ഇവിടെയും മുഖ്യ കാര്‍മികന്‍ ചേട്ടന്‍ തന്നെ ആയിരുന്നു എങ്കിലും കൂടുതല്‍ പ്രാവര്‍ത്തികമാക്കിയത് ഞാനായിരുന്നു.

ചേര്‍പ്പ്‌ അമ്പലത്തിനു പടിഞ്ഞാറായി, ശങ്കരന്‍ നായരുടെ കടയും കഴിഞ്ഞു നേരെ കുറച്ചു നടന്നാല്‍ റോഡ്‌ ഇടത്തോട്ടെക്ക് തിരിയും. ആ വളവില്‍ കുറച്ചു മുന്നിലേക്ക്‌ നടന്നാല്‍ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്ന ജെ.ബി.എസ് സ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചിരുന്നത്: രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം. സ്കൂള്‍ അടുത്തായിരുന്നതുകൊണ്ട് ഉച്ചക്ക്‌ ഉണ്ണാന്‍ വീട്ടിലെത്തിയാല്‍ പിന്നെ രണ്ടുമണിക്ക്‌ ക്ലാസ്സ്‌ തുടങ്ങാനുള്ള ബെല്‍ അടിക്കാന്‍ പത്തോ പതിനഞ്ചോ മിനിറ്റുള്ളപ്പോള്‍ ആണ് തിരിച്ചു പോകുക. ഈ സമയമാണ് രാമേട്ടന്‍ അറ്റാക്ക്‌ ടൈം. ഞാന്‍ സ്കൂളില്‍ നിന്നു വന്ന്‍ ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും രാമേട്ടന്‍ ബെഞ്ചില്‍ ഉറക്കം പിടിച്ചിട്ടുണ്ടാകും. ഈ സമയം ഞാന്‍ പുറകിലെ വാതിലില്‍ കൂടി ഇറങ്ങി കുളിമുറിയില്‍ നിന്നു നീല നിറത്തിലുള്ള പ്ലാസ്റ്റിക്‌ പാത്രം എടുത്ത് അതില്‍ വെള്ളം പിടിക്കും. കാര്‍പോര്‍ച്ചിനടുത്ത് നില്‍ക്കുന്ന മാങ്ങയൊന്നുപോലും ഉണ്ടാകാത്ത നീലന്‍ എന്ന് വിളിക്കുന്ന  മാവാണ് അടുത്ത ലക്‌ഷ്യം. മാവിന്റെ ചോട്ടില്‍ 'വേലി പടക്കം' എന്ന് വിളിക്കുന്ന ചെടി ധാരാളമായി വളര്‍ന്നിരുന്നു. ഇതിന്റെ ഇത്തിരി ഉണങ്ങിയ കായ്കള്‍ വെള്ളത്തില്‍ ഇട്ടാല്‍ പൊട്ടുമെന്ന്‍ ഞാനും ചേട്ടനും മനസ്സിലാക്കിയിരുന്നു. അങ്ങനെ ഒരു കയ്യില്‍ മൂന്നോ നാലോ വേലി പടക്കവും മറുകയ്യില്‍ ഒരു പാത്രം നിറയെ വെള്ളവുമായി ശബ്ദമുണ്ടാക്കാതെ രാമേട്ടന്റെ അടുത്തെത്തും. വേലിപടക്കങ്ങള്‍ പാത്രത്തിലെ വെള്ളത്തിലിട്ട് ഉറങ്ങുന്ന രാമേട്ടന്റെ ചെവിയോട് ചേര്‍ത്തങ്ങനെ പിടിക്കും. സെക്കന്റുകള്‍ക്കുള്ളില്‍ പാത്രത്തില്‍ ഒരു സ്ഫോടനം നടക്കുകയും രാമേട്ടന്‍ 'ആരാ അവിടെ' (ഞാന്‍ ആണ് ഉത്തരവാദി എന്നറിയാമെങ്കിലും) എന്ന് ചോദിച്ച് ഞെട്ടി എണീക്കുകയും ചെയ്യും. അപ്പോഴേക്കും ഞാന്‍ കാര്‍പോര്‍ച്ചിന്റെ ചുമരിനു പിന്നില്‍ ഒളിച്ചിട്ടുണ്ടാകും. 

രാമേട്ടന്‍ വീണ്ടും തന്റെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ ഞാന്‍ ഉച്ചക്ക് ശേഷമുള്ള വിഷയങ്ങളുടെ പുസ്തകങ്ങളും എടുത്ത്‌ തിരികെ ജെ.ബി.എസിലേക്ക്‌ പോകും. ഒരു നാള്‍ രാമേട്ടന്‍ തൃശ്ശൂരില്‍ താമസിക്കുന്ന മകളുടെ അടുത്തേക്ക്‌ പോയി. പിന്നെ ഒരിക്കലും രാമേട്ടന്‍  ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. ഞങ്ങള്‍ രാമെട്ടനെയും  കണ്ടില്ല.
a