Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

May 24, 2019

തിരഞ്ഞെടുപ്പ് - 2019 (Election-2019)


എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന പതിനേഴാം ലോകസഭാ തിരഞ്ഞെടുപ്പു ഫലം ഇന്നലെ പുറത്തു വന്നപ്പോള്‍ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു എന്നു പറഞ്ഞാല്‍ ക്ലീഷേ ആയിപ്പോകും എങ്കിലും അങ്ങനെ അല്ലാതെ വേറെ ഒരു രീതിയിലും ഫലത്തെ അവതരിപ്പിക്കാന്‍ സാധ്യമല്ല. ഭരണ കക്ഷിയായ ബി.ജെ.പി നില മെച്ചപ്പെടുത്തി വീണ്ടും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്ഗ്രസും ചെറിയ രീതിയില്‍ നില മെച്ചപ്പെടുത്തി. കേരളത്തില്‍ കോണ്ഗ്രസ് മുന്നണി വന്‍ വിജയം കൈവരിച്ചപ്പോള്‍ ബി.ജെ.പി എവിടേയും ഒന്നാമത് എത്തിയില്ല. എവിടെയാണ് പ്രതീക്ഷകള്‍ തെറ്റിയത്?

ഒരുമയില്ലാത്ത, ലക്ഷ്യമില്ലാത്ത പ്രതിപക്ഷം

ബി.ജെ.പിയെ മെരുക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ (ദേശീയ/പ്രാദേശിക കക്ഷികള്‍) ഒരുമിക്കുന്നു എന്നാണ് കുറച്ചു കാലങ്ങള്‍ ആയി കേട്ടു വരുന്നത്. സ്വന്തം സംസ്ഥാനം പോട്ടെ, സ്വന്തം കുടുംബത്തിന് പുറത്തു ചിന്തിക്കാത്ത സ്വാര്‍ഥമതികളായ ഒരു പിടി നേതാക്കള്‍ ഒരുമിക്കുന്നു എന്നത് നടക്കാന്‍ പോകുന്ന കാര്യമല്ല എന്നു ഉറപ്പായിരുന്നെങ്കിലും ലക്ഷ്യം നേടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കാം എന്ന പാത പിന്‍തുടരുമെന്ന സംശയം നില നിന്നിരുന്നു. എന്നാല്‍ ഇത്തരം സംശയങ്ങളെ ഒക്കെ അടിമുടി ഇല്ലാതാക്കി ഇലക്ഷന്‍ ഫലം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെ സമയം ചിലവഴിച്ചതു അധികാരം കിട്ടിയാല്‍ എന്തൊക്കെ ചെയ്യും എന്നു പറയാനല്ല, മറിച്ച് മോഡിയെ താഴെ ഇറക്കും എന്നു പറയാനാണ്. അത് മാത്രമായി അവരുടെ ലക്ഷ്യം. സാധാരണ ജനങ്ങള്‍ക്ക് ലൂടെയന്‍സ് ഗ്യാംഗിന്റെ വമ്പന്‍ വര്‍ത്തമാനങ്ങളോ, ബുദ്ധിജീവികളുടെ താത്വിക ഗീര്‍വാണങ്ങളോ ദഹിക്കില്ല. അവരുടെ അനുഭവങ്ങളില്‍ ഊന്നി നിന്നുകൊണ്ടു അവര്‍ വോട്ട് ചെയ്തു.

'ന്‍റെ ഉപ്പൂപ്പാക്കൊരു ആനേണ്ടാര്‍ന്നു' മട്ടില്‍ വന്ന രാഹുല്‍/പ്രിയങ്ക ദ്വയങ്ങള്‍ സ്വന്തം കുടുംബ പാരംപര്യം മാത്രം ജനങ്ങളുടെ മുമ്പിലേക്ക് പ്രധാനമായി അവതരിച്ചപ്പോള്‍ (അപദാനകഥകള്‍ പാടാന്‍ ചില പത്രക്കാരും ഉണ്ടായിരുന്നു) ജനങ്ങള്‍ ഭൂതകാലം വിട്ടു വര്‍ത്തമാന കാലത്തേയും, ഭാവിയെയും കുറിച്ചു ചിന്തിച്ചു. 

സുനാമോ!

ബി.ജെ.പിയെ സംബന്ധിച്ചു ഇത് മോദിയുടെ വിജയമാണ്. മോദി യുഗം കഴിഞ്ഞാല്‍ പകരം വെക്കാന്‍ ഇതുപോലെ ശക്തനായ നേതാവ് ഇല്ലെങ്കില്‍ ഭരണം വീണ്ടും കൈ വിട്ടുപോകും എന്നത് ഏകദേശം ഉറപ്പാണ്. ഒരു പക്ഷേ ഹിന്ദി ഹൃദയഭൂമിയില്‍ ജനങ്ങള്‍ വോട്ട് ചെയ്തതും മോദി എന്ന നേതാവിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ അടുത്ത അങ്കത്തിന് കളം ഒരുങ്ങുംപോഴേക്കും മോദിക്ക് പകരം വെക്കാന്‍ ഒരു നേതാവിനെ പാര്‍ട്ടി കണ്ടെത്തേണ്ടത് ഭരണ തുടര്‍ച്ചക്ക് അത്യാവശ്യമാണ്. അതല്ലെങ്കില്‍ മുന്‍ നിര താരങ്ങള്‍ വിരമിക്കുമ്പോള്‍ നില തെറ്റുന്ന ക്രിക്കറ്റ് ടീമിന്‍റെ അവസ്ഥയാകും ബി.ജെ.പീക്ക് ഉണ്ടാകാന്‍ പോകുന്നത്. 

ചക്ക വീണു ചത്ത മുയല്‍

കേരളത്തിലെ യു.ഡി.എഫിന്‍റെ വിജയത്തെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വിശേഷണം ഇല്ലതന്നെ! ഇടതു പക്ഷം ഈ തിരഞ്ഞെടുപ്പില്‍ തകര്‍ന്നെങ്കിലും ഇപ്പോള്‍ ഒരു നിയമ സഭ തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ ഒരു പക്ഷേ ഇടതു പാര്‍ട്ടി തന്നെ അധികാരം പിടിക്കും (കുറഞ്ഞ പക്ഷം നല്ല പോരാട്ടം എങ്കിലും ഉണ്ടാകും). നേതാക്കളുടെ അഹങ്കാരവും, കേന്ദ്രത്തില്‍ ചെന്നാല്‍ ഇടതും, വലതും ഒന്നാണ് എന്ന തിരിച്ചറിവും, പിന്നെ ഏത് വിധേന എങ്കിലും ബി.ജെ.പി ജയിക്കരുത് എന്ന ചിന്തയും, മത നേതാക്കള്‍ നടത്തുന്ന ഇടപെടലുകളും ആണ് കോണ്‍ഗ്രസിന് മുതല്‍ കൂട്ടായത്. മറ്റുള്ളവരോട് ചാടി കടിക്കുമ്പോഴും,ചില ന്യൂന പക്ഷ മത നേതാക്കളുടെ അടുത്ത് ഡിപ്ലോമാറ്റിക് ആയി നിലകൊണ്ട പിണറായി ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇടതിനെ വിശ്വസിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടായത് കൊണ്ട് വോട്ടുകള്‍ കൈപ്പത്തിക്ക് തന്നെ കിട്ടി. കേരളത്തിലെ നാല്പതു ശതമാനത്തില്‍ അധികം വരുന്ന ന്യൂന പക്ഷ വോട്ടുകള്‍ (അത്ര ന്യൂനമല്ല) അങ്ങനെ കോണ്‍ഗ്രസിന് ഗുണം ചെയ്തു. നാഴികയ്ക്ക് നാല്പതു തവണ ന്യൂനപക്ഷം/ഭൂരിപക്ഷം എന്നൊക്കെ പറയുന്നവരാണ് മതേതരം പ്രസംഗിക്കുന്നത് എന്നതാണ് കേരളത്തിലെ വിരോധാഭാസം.

തേക്ക്-മാഞ്ചിയം, നൈജീരിയന്‍ നിധി, ഐസിസ് മുതല്‍, കൃപാസനം പത്രവും, ഇടതു പക്ഷവും വരെ സകല ഉഡായിപ്പും ചിലവാകുന്ന 'പ്രബുദ്ധ' കേരളം ആണ് കുഞ്ഞാലികുട്ടിയെയും, തരൂരിനെയും ഒക്കെ ജയിപ്പിക്കുന്നത്. രാഹുലിന്‍റെ 'പാരംപര്യ സ്വത്ത്' എന്നു പറയുന്ന അമേഥിയില്‍ അമ്പേ തോറ്റ രാഹുല്‍ വയനാടില്‍ ജയിച്ചത് പ്രവര്‍ത്തന മികവ് കൊണ്ടാണ് എന്നു പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല; പിന്നെ കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയെ പോലെ ചുമ്മാ ഇങ്ങനെ പറയാം. വര്‍ദ്ധിച്ചു വരുന്ന ഐസിസ് സാന്നിധ്യവും, ആല്‍ക്കഹോളിസവും, മയക്കു മരുന്നുപയോഗവും, ആത്മഹത്യകളും മറ്റും 'പ്രബുദ്ധ' കേരളത്തിന്‍റെ മാറ്റ് കൂട്ടുന്നു എന്നു പറയാനും ചിലര്‍ ഉണ്ടാകും. അതുകൊണ്ടു തന്നെ നമ്മള്‍ ഭയങ്കര ബുദ്ധിമാന്മാര്‍, ബാക്കി ഉള്ളവര്‍ മന്ദബുദ്ധികള്‍ എന്നു പറയുന്ന അഹങ്കാരം ഒരു തരത്തിലും മലയാളികള്‍ക്ക് ഭൂഷണമല്ല. 

അടുത്ത അഞ്ചു വര്‍ഷം എന്താകും എന്നു കാത്തിരുന്ന് കാണാം! 
[ ഇലക്ഷന്‍ ഉണ്ടായാല്‍! 🙂 ]

(ഇത്തവണ മോഡി ജയിച്ചാല്‍ ഇനി ഇലക്ഷന്‍ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞു ഓടി പോയി വോട്ട് ചെയ്തവര്‍ ഒക്കെ ഇപ്പൊഴും നമ്മുടെ നാട്ടില്‍ ഉണ്ട്; അവരെ വിഷമിപ്പിക്കാന്‍ പാടില്ലല്ലോ. പിന്നെ കേരളത്തില്‍ വോട്ടിംഗ് യന്ത്രം ഹാക് ചെയ്ത ബി.ജെ.പ്പിക്കാരോടു: പാര്‍ട്ടി ചിഹ്നം താമര ആണ്, കൈപത്തി അല്ല. ശ്രദ്ധിച്ചു ഹാക് ചെയ്യുക)

വന്ദേ മാതരം!  



September 30, 2018

കേരളത്തിലെ ചിന്താ പോലീസ്?


ജോര്‍ജ് ഓര്‍വെല്‍ എഴുതിയ 1984 സമയത്തിന് അതീതമായ ക്ളാസിക് ആയാണ് കണക്കാക്കപെടുന്നത്. ഏകാധിപത്യത്തില്‍ (ഒരു പാര്‍ട്ടിയുടെ) അധിഷ്ഠിതമായ ഒരു പാര്‍ട്ടി എങ്ങനെ ജനങ്ങളെ അടിച്ചമര്‍ത്തി അവരുടെ ചിന്തകളെ വരെ നിയന്ത്രിക്കുന്നു എന്ന് വളരെ ഭംഗിയായി ഓര്‍വല്‍ പറഞ്ഞു വെക്കുന്നു. തുടര്‍ച്ചയായ നിരീക്ഷണം ഈ അടിച്ചമര്‍ത്തലിന്‍റെ മര്‍മ്മപ്രധാനമായ ആയുധമാണ്. പാര്‍ട്ടി അംഗീകരിക്കാത്ത ചിന്തകളെ പോലും കണ്ടുപിടിച്ചു അത്തരക്കാരെ ശിക്ഷിക്കാന്‍ "തോട്ട്   പോലീസ്" എന്ന സേന വിഭാഗവും ഓര്‍വല്‍ വിഭാവനം ചെയ്യുന്നു. ഇന്ന് മാതൃഭൂമിയിലെ വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മവന്നത് ഓര്‍വലിന്‍റെ 1984 ലോകമാണ്.

കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങൾ നിരീക്ഷിച്ച് പാർട്ടിക്ക് റിപ്പോർട്ട് നൽകാൻ സി.പി.എം. നിയോഗിച്ച 1800 സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങി എന്നാണു വാര്‍ത്ത. 45-നു താഴെ പ്രായമുള്ള ഇവരിൽ മിക്കവരും ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരാണ്. ഒരു വർഷത്തേക്ക് നിയോഗിച്ച ഇവർക്ക് മാസം 7500 രൂപ പ്രതിഫലം നൽകും. രാഷ്ടീയ കാര്യങ്ങളിൽ നേരിട്ട് ഇടപെടില്ല എങ്കിലും പ്രദേശങ്ങളിലെ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യലാണ് സന്നദ്ധ പ്രവർത്തകരുടെ ചുമതല എന്നും വാര്‍ത്തയില്‍ പറയുന്നു. സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നുണ്ടോ എന്നും പരിശോധിക്കും എന്നുകൂടി പറഞ്ഞു വാര്‍ത്ത അവസാനിക്കുന്നു. കേരളത്തിലെ വ്യവസായ ശാലകള്‍ പൂട്ടിച്ചും, പുതിയത് തുടങ്ങാന്‍ വരുന്നവരെ ഓടിച്ചും, നല്ലൊരു ശതമാനം ആള്‍ക്കാരെ പ്രാവസികളും, ജോലി ഇല്ലാത്തവരും ആക്കി മാറ്റിയ പാര്‍ട്ടി 1800 പേര്‍ക്ക് ജോലി കൊടുത്തു എന്നത് നല്ലതല്ലേ? ഒറ്റ നോട്ടത്തില്‍ പലര്‍ക്കും നിര്‍ദോഷമെന്നു തോന്നാവുന്ന കാര്യം. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ ശാരീരികവും, സൈദ്ധാന്തികവും ആയ അടിച്ചമര്‍ത്തലില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടി (സംശയമുള്ളവര്‍ പാര്‍ട്ടി ഭരിച്ചിരുന്ന/ഭരിക്കുന്ന സ്ഥലങ്ങളിലേക്ക് നോക്കിയാല്‍ മതി) ജനങ്ങളെ നിരീക്ഷിക്കാന്‍ ഇറങ്ങി തിരിക്കുന്നതിനെ അത്ര ലാഘവത്തോടെ കാണാന്‍ സാധിക്കില്ല. 

എതിരഭിപ്രായങ്ങളെ ഉന്മൂലനം ചെയ്ത് പാര്‍ട്ടിയുടെ സര്‍വാധിപത്യമാണ്‌ ചൈനയിലും, ഉത്തര കൊറിയയിലും ക്യൂബയിലും ഒക്കെ ഇപ്പോഴും നടക്കുന്നത്. പാര്‍ട്ടിയെയോ, പാര്‍ട്ടിയുടെ ആരാധ്യ നേതാക്കളെയോ ബഹുമാനിക്കാത്തവര്‍, അല്ലെങ്കില്‍ പാര്‍ട്ടി നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ എന്നും ഉന്മൂലനം ചെയ്യപ്പെട്ടിട്ടെ ഉള്ളു. ആ ഒരു സംസ്കാരം കൊണ്ട് നടക്കുന്ന പാര്‍ട്ടി അഭ്യസ്ത വിദ്യരായ, പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്ത (വാര്‍ത്തയില്‍ നിന്നും ഇതൊരു മുഴുവന്‍ സമയ ജോലി ആയാണ് തോന്നുന്നത്), പുരുഷന്മാരെ മാരെ മാത്രം കണ്ടെത്തി ഇങ്ങനെ ഒരു സംഘം ഉണ്ടാക്കുമ്പോള്‍ 1984ലെ ചിന്താ പോലീസിന്റെ കേരള വേര്‍ഷന്‍ ആയാണ് ഞാന്‍ കാണുന്നത്. ലിംഗ സമത്വത്തില്‍ ഇത്രയേറെ വിശ്വസിക്കുന്ന പാര്‍ട്ടി എന്തുകൊണ്ടാണ് സ്ത്രീകളെ ഇതില്‍ ഉള്‍പെടുത്താത്തത് എന്നും ആലോചിക്കുക. ഒരു വര്‍ഷം ഈ പടക്ക് അലവന്‍സ് ആയി മാത്രം നല്‍കുന്നത് 16.20 കോടി രൂപയാണ്. താമസവും, ഭക്ഷണവും വേറെ. ജനങ്ങളില്‍ നിന്നും പിരിച്ച കാശാണ് ഇത് എന്നും, ഭാവിയില്‍ അംഗങ്ങളുടെ എണ്ണം കൂട്ടും എന്നും വാര്‍ത്തയില്‍ സൂചന ഉണ്ട്. മുണ്ട് മുറുക്കി ഉടുക്കണം എന്നും, പ്രളയാനന്തര ദുരിതത്തില്‍ നിന്നും കര കയറാന്‍ എല്ലാവരും സഹായിക്കണം എന്നും നാഴികക്ക് നാല്‍പതു തവണ പറയുന്ന നേതാക്കള്‍ ഇത്രയും വലിയ തുക "നിരീക്ഷ"ണത്തിനു വേണ്ടി മാറ്റി വെക്കുന്നതിന്‍റെ ഉദ്ദേശശുദ്ധി വാര്‍ത്തയില്‍ പറയുന്ന പോലെ നിഷ്കളങ്കമാണ് എന്ന് കരുതുക വയ്യ; പ്രത്യേകിച്ച് അടുത്ത് വരുന്ന തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കാണുമ്പോള്‍. 

ജോര്‍ജ് ഓര്‍വലിന്‍റെ 1984ല്‍ സര്‍വവ്യാപിയായ ഒരു പോസ്റ്റര്‍ ഉണ്ട്: കട്ടിമീശ (സ്ടാലിന്റെ ചിത്രം സ്മരിക്കുക)യുള്ള ഒരാളുടെ ചിത്രത്തിന് താഴെ "ബിഗ്‌ ബ്രദര്‍ ഈസ്‌ വാച്ചിംഗ് യു" എന്നാണു പോസ്റ്റര്‍. "സഖാവ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, സൂക്ഷിക്കുക" എന്ന രീതിയില്‍ പോസ്റ്ററുകള്‍ വരാന്‍ കേരളത്തിലും അധികം താമസിക്കില്ല എന്ന് തോന്നുന്നു. പിന്നെ ഒരു സമാധനാമുള്ളത്, കേരളം ഒരു സ്വതന്ത്ര രാജ്യമല്ല എന്നതും, അതുകൊണ്ട് തന്നെ ഭാരത രാജ്യത്തെ ജനാധിപത്യ നിയമങ്ങള്‍ (അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന തിരഞ്ഞെടുപ്പ്) പാലിക്കാന്‍ ബാധ്യസ്ഥരാണ് എന്നതുമാണ്‌. എങ്കിലും ഇത്തരത്തില്‍ ചിന്തകളെ വരെ നിരീക്ഷിക്കുന്ന ഒരു അവസ്ഥ വന്നാല്‍ ജനങ്ങള്‍ക്ക് പിന്നെ എന്ത് സ്വാതന്ത്ര്യമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടാകുക എന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു. 

August 26, 2018

തോമസ്‌ ഐസക്കിനോട് ഒരപേക്ഷ

പ്രളയദുരന്തത്തില്‍ നിന്നും കര കയറുവാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് മലയാളികളും, കേരള സര്‍ക്കാരും. ഈ ഒരു അവസ്ഥയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കേണ്ട പ്രധാന ചുമതലയാണ് സാമ്പത്തികകാര്യ മന്ത്രി തോമസ്‌ ഐസകില്‍ നിക്ഷിപ്തമായുള്ളത്. ഇപ്പോള്‍ തന്നെ കോടികളുടെ ധന കമ്മിയും, പെരുകുന്ന കടവും ആയി വലയുന്ന സംസ്ഥാന ഖജനാവില്‍ നിന്നും എങ്ങനെ ഈ പണം കണ്ടെത്തും എന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ദൌര്‍ഭാഗ്യമെന്നു പറയട്ടെ, കഴിഞ്ഞ ദിവസങ്ങളില്‍ പുള്ളി പ്രഖ്യാപിച്ച പല നയങ്ങളും എങ്ങനെ ഈ വിഷമസന്ധി തരണം ചെയ്യാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്.
തോമസ്‌ ഐസക്കിന്‍റെ പ്രഖ്യാപനങ്ങള്‍ പ്രധാനമായും നാലായി തിരിക്കാം:
  1. കുപ്പി
  2. ലോട്ടറി
  3. അധിക നികുതി
  4. കടം 
നമുക്ക് ഓരോന്നായി പരിശോധിക്കാം:

1. കുപ്പി 
പ്രതിശീര്‍ഷ മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ പ്രധാന സ്ഥാനം അലങ്കരിക്കുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. മദ്യപാനം എന്നത് ഒരു അടിസ്ഥാന അവകാശം പോലെ ആയിരിക്കുന്നു. കൂടാതെ സ്കൂള്‍ കുട്ടികള്‍ വരെ ഇപ്പോള്‍ മദ്യത്തിനു അടിമപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. വര്‍ഷാവര്‍ഷം സംസ്ഥാന ബജറ്റില്‍ മദ്യ നികുതി വര്‍ദ്ധിപ്പിക്കാരുണ്ട് എങ്കിലും മദ്യഉപഭോഗത്തില്‍ അതൊന്നും കാര്യമായ കുറവ് ഉണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല, മറിച്ച് വിപരീത ഫലം ആണ് ഉണ്ടാക്കിയിട്ടുള്ളത്. മദ്യ നികുതി വര്‍ദ്ധിപ്പിച്ചു അധിക വരുമാനം പ്രതീക്ഷിക്കുന്ന സര്‍ക്കാരും അത് തന്നെയാണ് പ്രതീക്ഷിക്കുന്നതും. ഒരു പരസ്യവും കൂടാതെ ചിലവാകുന്ന 'അവശ്യ' വസ്തുവായി മാറിയിരിക്കുന്നു മദ്യം. മദ്യപാനം വരുത്തി വെക്കുന്ന സാമ്പത്തിക-സാമൂഹ്യ ബാധ്യതകളെ കുറിച്ച് ഞാന്‍ പറയേണ്ട ആവശ്യമില്ല. ഇതുപോലെ ഒരു ദുരന്തം നടന്നപ്പോഴും എല്ലാം നഷ്ടപ്പെട്ടവര്‍ മദ്യകടകള്‍ക്ക് മുമ്പില്‍ വരി നില്‍ക്കുന്ന കാഴ്ച നമുക്ക് കാണാന്‍ സാധിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ മദ്യപിച്ചു വന്നു പ്രശ്നമുണ്ടാക്കുന്ന വാര്‍ത്തകളും ഈ ആഴ്ച കണ്ടിരിന്നു. ജനങ്ങളുടെ സാമ്പത്തിക-ശാരീരിക-മാനസിക ആരോഗ്യത്തിനു വില കല്‍പ്പിക്കേണ്ട സര്‍ക്കാര്‍ തന്നെ ഇങ്ങനെ പ്രത്യക്ഷമായും, പരോക്ഷമായും മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത്, വിശിഷ്യ ഈ ഒരു അവസരത്തില്‍ നല്ലതാണോ? ഉയര്‍ന്നു വരുന്ന മദ്യപാനം ദൂരവ്യാപകമായ വിപരീത  ഫലങ്ങലാകും സംസ്ഥാനത്തിനു സമ്മാനിക്കുന്നത്. ഇപ്പോള്‍ കിട്ടുന്ന അധിക വരുമാനത്തിന്‍റെ പലമടങ്ങ്‌ സാമ്പത്തിക ബാധ്യതയാകും സംസ്ഥാനത്തിന് ഉണ്ടാകുക. ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച അധിക നികുതി മദ്യ ഉപഭോഗത്തില്‍ കുറവൊന്നും ഉണ്ടാക്കില്ല എങ്കിലും, ജനങ്ങളുടെ കയ്യിലെ ബാക്കിയുള്ള സമ്പാദ്യം കൂടി സര്‍ക്കാര്‍ ഖജാനയില്‍ എത്തും എന്നാല്ലാതെ വേറെ ഒരു ഗുണവും ഉണ്ടാകില്ല.

2.ലോട്ടറി 
കേരള സര്‍ക്കാര്‍ ലോട്ടറി പ്രശസ്തമാണ്. കോടികളുടെ വരുമാനം സര്‍ക്കാരിന് ഇതിലൂടെ ലഭിക്കുന്നു. പ്രളയ കെടുതിയില്‍ നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ കണ്ടു പിടിച്ച മാര്‍ഗം പുതിയ ലോട്ടറിയാണ്. പൊതുവേ ലോട്ടറികൂടുതലായി വാങ്ങുന്നത് സാധാരണ ദിവസക്കൂലി പണിക്കാരും, മറ്റു നീല കോളര്‍ ജോലിക്കാരുമാണ്. ഈ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നതും ഇവര്‍ക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ സാധാരക്കാരുടെ കയ്യിലെ സമ്പാദ്യം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കുക എന്നല്ലാതെ വേറെ ഒരു ഗുണവും ഇതുകൊണ്ട് ഉണ്ടാകില്ല. കമ്മ്യൂണിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍ ഖജനാവില്‍ എത്തുകയും, വരേണ്യ-മധ്യ വര്‍ഗ ബൂര്‍ഷ്വാ ശക്തികളുടെ "ക്യാപിറ്റല്‍" (അവര്‍ ലോട്ടറി വാങ്ങുന്നത് തുലോം കുറവാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്) വര്‍ദ്ധിക്കുകയും ചെയ്യും. ലോട്ടറി കച്ചവടത്തിലൂടെ സര്‍ക്കാര്‍ ഉന്നം വെക്കുന്ന അധിക വരുമാനം ഇങ്ങനെ വിയര്‍പ്പൊഴുക്കുന്നവരുടെ ദിവസ വേതനത്തില്‍ നിന്നുമാകും വരുക.

3.അധിക നികുതി 
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന ജി.എസ്.ടിയിന്മേല്‍ പത്ത് ശതമാനം സെസ് എര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചത് (ജി.എസ്.ടി കൌണ്‍സില്‍ അനുവദിച്ചാല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ) . കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഉപഭോഗത്തിന്മേല്‍ നല്‍കേണ്ട നികുതിയാണ് ജി.എസ്.ടി എന്ന പരോക്ഷ നികുതി. ആത്യന്തികമായി ഈ നികുതി ബാധിക്കുന്നത് (മറ്റെല്ലാ പരോക്ഷ നികുതികളെയും പോലെ) ഉപഭോക്താവിന്‍റെ (ജനങ്ങള്‍) പോക്കറ്റിനെയാണ്. എല്ലാ സാധനങ്ങള്‍ക്കും സെസ് ഏര്‍പ്പെടുത്താനാണ് തിരുമാനം എങ്കില്‍, അത് നടപ്പില്‍ വന്നാല്‍, സാധനങ്ങളുടെ ജി.എസ്.ടി അഞ്ചു ശതമാനം വര്‍ദ്ധിക്കും. ഈ വര്‍ദ്ധിത നികുതി ആത്യന്തികമായി നല്‍കുന്നത് പ്രളയ ദുരന്തത്തില്‍ പെട്ടുപോയ ഈ സംസ്ഥാനത്തിലെ ജനങ്ങള്‍ തന്നെയാണ്. വര്‍ഷങ്ങളുടെ സമ്പാദ്യങ്ങളും, ആസ്തികളും നഷ്ടപ്പെട്ട ജനങ്ങളുടെ മേല്‍ അധിക നികുതി എന്തായാലും ഒരു വരമാകാന്‍ പോകുന്നില്ല. 

4.കടം 
സര്‍ക്കാരിന് മുമ്പില്‍ അവശേഷിക്കുന്ന അടുത്ത വഴി കടമാണ്. ഇപ്പോള്‍ തന്നെ രണ്ടു ലക്ഷം കൂടി രൂപയില്‍ കൂടുതല്‍ കടം നമ്മുടെ കൊച്ചു സംസ്ഥാനത്തിനുണ്ട്. ഇനിയും കടം എടുക്കണം എങ്കില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം വേണം എന്ന് എവിടെയോ വായിച്ചു. എങ്ങനെ നമ്മുടെ സംസ്ഥാനം ഇത്രയും വലിയ കട കെണിയില്‍ ആയി എന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. എങ്കിലും ഈ അവസ്ഥയില്‍ ജനങ്ങള്‍ക്ക് അധിക ബാധ്യത ഇല്ലാതെ പണം കണ്ടെത്താനുള്ള ഏക വഴി (സഹായം ചോദിക്കല്‍/വാങ്ങല്‍ അല്ലാതെ) ഇതുമാത്രമാണ്. മുകളില്‍ പറഞ്ഞ മൂന്നു മാര്‍ഗങ്ങളും പ്രത്യക്ഷമായി സാധാരണ ജനങ്ങളിലാണ് ബാധ്യത സൃഷ്ടിക്കുന്നത്. അതുകൊണ്ട് എങ്ങനെ കൂടുതല്‍ കടം എടുക്കാം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കും?

ഇപ്പോള്‍ നമ്മുടെ രാജ്യത്തിലും, സംസ്ഥാനത്തിലും നില നില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ച് സര്‍ക്കാരിന് എന്തൊക്കെ ചെയ്യാം? താഴെ പറയുന്ന ചില കാര്യങ്ങള്‍ക്ക് എങ്കിലും നിയമ സാധുത പരിശോധിക്കേണ്ടതുണ്ട്.

1. തോമസ് ഐസക്കിന്‍റെ വളര്‍ത്തു പുത്രന്‍ ആയ "കിഫ്ബി" വഴി "കേരള റി-കണ്‍സ്ട്രക്ഷന്‍" ദീര്‍ഖ കാല ബോണ്ടുകള്‍ ഇറക്കാന്‍ സാധിക്കുമോ? ഈ ഒരു അവസരത്തില്‍ ബാങ്ക് നിരക്കിനേക്കാള്‍ ഒരു ശതമാനം എങ്കിലും പലിശ കൂടുതല്‍ കിട്ടുമെങ്കില്‍ പ്രവാസികളും മറ്റും ഇതില്‍ നിക്ഷേപിക്കും. സഹായമായി ചോദിക്കുന്നതിനു പകരം സര്‍ക്കാര്‍ ഗ്യാരന്റിയോടെ ഇറക്കുന്ന ബോണ്ടുകള്‍ കൂടുതല്‍ നല്ലതാണ്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രസ്തുത ബോണ്ടിലെ നിക്ഷേപത്തിന് വരുമാന നികുതി സെക്ഷന്‍ 80C ഇളവോ, ഒരു പടി കൂടി കടന്നു ക്യാപിറ്റല്‍ ഗെയിന്‍ ഇളവോ നല്‍കിയാല്‍ കൂടുതല്‍ നല്ലത്. സര്‍ക്കാര്‍ ബോണ്ടുകളെ പോലെ മാര്‍ക്കറ്റില്‍ 'ട്രേഡ്' ചെയ്യാന്‍ സാധിക്കുന്ന ബോണ്ടുകള്‍ ആണെങ്കില്‍ കുറച്ചു കൂടി നന്നായി (3-5 വര്‍ഷത്തെ ലോക്ക് ഇന്നിന് ശേഷം). സര്‍ക്കാര്‍ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി കാര്യങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുക. ശ്രദ്ധിക്കുക, നികുതി ഇളവല്ല ഉദ്ദേശിക്കുന്നത്. പകരം നികുതിയുടെ പേരിലുള്ള 'ഹരാസ്മെന്റ്' എങ്കിലും ഒഴിവാക്കി കൊടുക്കുക. വിവിധ സര്‍ക്കാര്‍ ഇടപാടുകള്‍ക്കായി വ്യവസായ സ്ഥാപനങ്ങള്‍ നല്‍കേണ്ട 'ക്യാഷ്' ഗ്യാരന്റി ബാങ്കില്‍ നിന്നുമാക്കുന്നത്തിനു പകരം മുകളില്‍ പറഞ്ഞ ബോണ്ടുകളില്‍ ആക്കുക.    

2. സ്പോണ്‍സര്‍ഷിപ്‌: പുതുതായി നിര്‍മിക്കുന്ന പാലങ്ങള്‍, റോഡുകള്‍ മുതലായവക്ക് "കുത്തക-മുതലാളിത്ത" സ്ഥാപനങ്ങളില്‍ നിന്നും സ്പോന്‍സര്‍ഷിപ്‌ ലഭ്യമാക്കാന്‍ സാധിക്കില്ലേ? റോഡുകള്‍ക്കും, പാലങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ പേരോ/അവര്‍ പറയുന്ന പേരോ നല്‍കുക; അവിടെ അവരുടെ പരസ്യങ്ങള്‍ നല്‍കുക. സ്പോന്‍സര്‍ഷിപ്പ് ഒരു നിശ്ചിത കാലത്തേക്ക് ആക്കണം - 5 - 10  വര്‍ഷം. വന്‍കിട ബൂര്‍ഷ്വാ മുതലാളികള്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍ വരെ ഈ അവസരം വിനിയോഗിക്കും.

പ്രളയകെടുതിയില്‍ പെട്ടുപോയ സാധാരണ ജനങ്ങളുടെ മേല്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചു പണം കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ ഒരിക്കലും പ്രായോഗികമാകില്ല എന്ന് പറഞ്ഞു നിര്‍ത്തുന്നു.

x

August 20, 2018

ചില ദുരന്ത ഫണ്ട്‌ (അപ്രിയ) സത്യങ്ങള്‍!

സ്വലെയുടെ പന്ത്രണ്ടു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു 'അതിഥി പോസ്റ്റ്‌'. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ജിതിന്‍റെ ഒരു പോസ്റ്റ്‌: വിഷയം - ചില ദുരന്ത ഫണ്ട്‌ സത്യങ്ങള്‍!

കുറച്ചു ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ആകാം:-

ഇന്ത്യയിൽ ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് എപ്പോൾ? അതിനെക്കുറിച്ച് ഭരണഘടനയുടെ അല്ലെങ്കിൽ നിയമത്തിന്റെ ഏത് ഭാഗത്താണ് പറഞ്ഞിട്ടുള്ളത്?
ഇന്ത്യയിൽ ദുരന്തങ്ങളെ, അതിപ്പോൾ പ്രകൃതി ദുരന്തമായാലും, മനുഷ്യനിർമിതമായ ദുരന്തമായാലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല. കാരണം അങ്ങനെ ഒരു നിയമമോ കീഴ്വഴക്കമോ ഇന്ത്യയിലില്ല.
ചില രാജ്യങ്ങളൊക്കെ അവിടങ്ങളിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദേശീയദുരന്തമായി പ്രഖ്യാപിക്കാറുണ്ടല്ലോ. പിന്നെന്താ ഇന്ത്യയിൽ അങ്ങനെ ചെയ്യാത്തത്?
മിക്ക രാജ്യങ്ങളും പ്രകൃതി ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് വിദേശ സഹായം ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ്. വിദേശസഹായം പണമായും , സേവനമായും ഒക്കെയാകാം. ഇന്ത്യക്ക് ഏതുതരം ദുരന്തങ്ങളെയും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിവുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ സുനാമി വീശിയടിച്ചപ്പോൾ പോലും ആ ദുരന്തത്തെ ദേശീയ ദുരന്തമാക്കി പ്രഖ്യാപിച്ചില്ല.
മുമ്പൊക്കെ അങ്ങനെ ചെയ്തൂ എന്ന് അന്തംകമ്മിനേതാക്കൾ കവലപ്രസംഗം നടത്തുന്നുണ്ടല്ലോ?
ബോധമില്ലാത്ത അവർ വിവരമില്ലാതെ എന്തെങ്കിലും വിളിച്ചു പറഞ്ഞത് കാര്യമാക്കാതെ നിയമം ഇക്കാര്യത്തിൽ എന്തുപറയുന്നു എന്ന് നോക്കുക.
ഈ കഴിഞ്ഞ പാർലമെന്റ് മൺസൂൺ സമ്മേളനത്തിൽ ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞത് “The existing guidelines of State Disaster Response Fund (SDRF)/ National Disaster Response Fund (NDRF), do not contemplate declaring a disaster as a ‘National Calamity’ എന്നാണ്.
2011 ൽ അന്നത്തെ കൃഷിമന്ത്രി പാർലമെന്റിൽ പറഞ്ഞത് നോക്കുക Government had treated the 2001 Gujarat earthquake and the 1999 super cyclone in Odisha as “a calamity of unprecedented severity” അല്ലാതെ ദേശീയ ദുരന്തം എന്നല്ല.
ബോധമില്ലാത്ത അന്തം കമ്മികളുടെ കാര്യം പോട്ടെന്നു വെക്കാം. ഈ രാഹുൽ ഗാന്ധിയുടെ കാര്യമോ? കുറേനാളായി പാർലമെന്റിൽ ഇരിക്കുകയല്ലേ മൂപ്പർ!
ഇന്ത്യയിൽ ഏത് നിയമപ്രകാരമാണ് ദുരന്ത നിവാരണം നടത്തുന്നത്?
2005 ൽ പാസ്സാക്കിയ The Disaster Management Act പ്രകാരമാണ് ദുരന്തനിവാരണം ഇന്ത്യയിൽ ഏകോപിപ്പിക്കുന്നതും നടപ്പിലാക്കുന്നതും.
എന്തൊക്കെയാണ് ഈ ആക്ട്ന്റെ പ്രത്യേകതകൾ?
ഇതുപ്രകാരം ദേശീയ തലത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി National Disaster Management Authority (NDMA) ഉം , മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ State Disaster Management Authority (SDMA) യും , ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ District Disaster Management Authority (DDMA) ഉം രൂപീകരിച്ചു.
അപ്പോൾ ഈ National Disaster Response Force (NDRF) എന്താണ്?
The Disaster Management Act (DM) പ്രകാരം രൂപീകൃതമായ ദുരന്തനിവാരണ സേനയാണ് NDRF. ഈ സേനയിൽ ഉള്ളവരെല്ലാം വിവിധ പാരാമിലിറ്ററി സേനകളിൽ നിന്നും വരുന്ന സൈനികരാണ്.
ശരിക്കും ഇവരുടെ പണി എന്താണ്?
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് ഇടപെടുക, രക്ഷാപ്രവർത്തനം നടത്തുക, താൽക്കാലികമായി പുനരധിവസിപ്പിക്കുക.
അപ്പോൾ ഇതൊക്കെ കേന്ദ്രത്തിന്റെ പണിയാണല്ലേ?
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ State Disaster Management Authority (SDMA) യും , ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ District Disaster Management Authority (DDMA) ഉം ഉള്ളകാര്യം അറിയാമല്ലോ. ഇവരണ്ടും പരാജയപ്പെടുമ്പോൾ അല്ലെങ്കിൽ അവർക്ക് നേരിടാൻ കഴിയാത്ത സാഹചര്യം വരുമ്പോഴാണ് കേന്ദ്രത്തിന്റെ കീഴിൽവരുന്ന National Disaster Management Authority (NDMA) രംഗത്തുവരിക.
ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്ട് പ്രകാരം The state government is primarily responsible for undertaking rescue, relief and rehabilitation measures in the event of a natural disaster എന്നതാണ്. അവർക്ക് അതിന് കഴിയാതെ വരുമ്പോഴാണ് കേന്ദ്രത്തെ വിളിക്കേണ്ടിവരുന്നത്. അല്ലാതെ മനോരമ പറയുന്നതുപോലെ കേന്ദ്രത്തിന് നേരിട്ട് കയറി ഒന്നും ചെയ്യാനാകില്ല.
അതൊക്കെ പോട്ടെ, ഇതിന്റെ സാമ്പത്തീക വശങ്ങളൊക്കെ എങ്ങനെയാണ്?
National Disaster Response Fund (NDRF), State Disaster Response Fund (SDRF) അതിനുള്ളിൽ ഡിസ്ട്രിക്ട് Disaster Response Fund എന്നിവയുണ്ട് .
ഇതിനൊക്കെയുള്ള പൈസ ആരാണ് നൽകുന്നത്?
National Disaster Response Fund (NDRF) പൂർണമായും കേന്ദ്ര ഫണ്ട് ആണ്.
അപ്പോൾ State Disaster Response Fund (SDRF) നമ്മുടെ സംസ്ഥാനങ്ങളുടേതുതന്നെയാണല്ലേ?
തോക്കിൽ കയറി പൊട്ടിക്കാതെ Mr. അന്തം. പേരിൽ സ്റ്റേറ്റ് എന്നൊക്കെയുണ്ടെങ്കിലും State Disaster Response Fund (SDRF) ന്റെ 75% ഉം കേന്ദ്രഫണ്ട് തന്നെയാണ്. ബാക്കി 25% ആണ് സംസ്ഥാന വിഹിതം.
മുകളിൽ പറഞ്ഞ National Disaster Response Fund (NDRF), State Disaster Response Fund (SDRF) അതിനുള്ളിൽ വരുന്ന ഡിസ്ട്രിക്ട് Disaster Response Fund എന്നിവയിലേക്ക് പൊതുജനങ്ങൾക്ക് പണം അയക്കാനാകുമോ?
ഇല്ല. അത് പൂർണമായും ബജറ്റ് വഴി കൊടുക്കുന്നതാണ്.
കേരളാ സംസ്ഥാനത്തിന്റെ State Disaster Response Fund (SDRF) ഇപ്പോൾ എത്ര കായ് ഉണ്ട്?
മാർച്ച് 2018 ലെ കണക്കനുസരിച്ച് ഉള്ളത് Rs. 348.45 കോടി രൂപയാണ് ഉള്ളത്.
ഇപ്പോഴോ?
ഈവർഷത്തെ കേന്ദ്ര വിഹിതമായ 160.50 കോടി രൂപ കൊടുത്തുകഴിഞ്ഞു. അതിന്റെ 25 % സംസ്ഥാനം ഇടണം. അതെത്രയാ?
Mr. നിരക്ഷര അന്തം ഉഷ്‌ണിക്കേണ്ട. കണക്ക് പറഞ്ഞുതരാം. സംസ്ഥാനവിഹിതം Rs. 53 .50 കോടി രൂപ വരും. അപ്പോൾ ആകെ മൊത്തം ഉള്ളതെത്രയാ? 562.45 കോടി രൂപ ഇപ്പോൾ സംസ്ഥാനത്തിന്റെ ദുരിതാശ്വാസ ഫണ്ടിൽ (SDRF) ൽ കാണണം.

പ്രളയം ഉണ്ടായ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി 160 കോടി രൂപയും പ്രധാനമന്ത്രി 500 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ ആകെ SDRF ൽ എത്ര രൂപ ഉണ്ടാകണം? 1222 .45* കോടി രൂപ!
ഈ 1222.45 കോടിയുടെ 75% തന്നിരിക്കുന്നത് ആരാണ്? കേന്ദ്രസർക്കാർ. അതെത്രയുണ്ട്? Rs.917 കോടി രൂപ കേന്ദ്രം തന്നത് കയ്യിൽ ഉണ്ട്. എന്നാലും കേന്ദ്രം കേരളത്തെ അവഗണിച്ചു എന്നേ പറയൂ.
*1222.45 കോടി രൂപ എന്നത് ഹിന്ദുസ്ഥാൻ ടൈംസ് പത്ര വാർത്തയും പിന്നീടുള്ള പ്രഖ്യാപനങ്ങളും ചേർന്നിട്ടുള്ള തുകയാണ്. ആധികാരികത പൂർണമായും ഉറപ്പില്ല.
അതിന് ഞമ്മള് ചോദിച്ചത് 20000 കോടി രൂപയല്ലേ?
അത് കോയ , ഈ ഡിസാസ്റ്റർ ഫണ്ട് എന്ന് പറയുന്നത് അടിയന്തര സഹായം ആണ്. അത് നഷ്ടപരിഹാരമോ ഒന്നുമല്ല. രക്ഷാപ്രവർത്തനം നടത്താനും, താൽക്കാലിക ക്യാമ്പുകൾ തുറക്കാനും, ഭക്ഷണത്തിനും , മരുന്നിനും , വസ്ത്രത്തിനുമൊക്കെയാണ് ഈ തുക. നഷ്ടപരിഹാരവും ദുരന്ത നിവാരണ ഫണ്ടുമായി ഒത്തിരി വ്യത്യാസമുണ്ട്.
ശരിക്കും നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ കയ്യിലുള്ള ദുരന്തനിവാരണ ഫണ്ട് വിനിയോഗിച്ചതിന് ശേഷം മാത്രമേ കേന്ദ്ര ഫണ്ട് ഉപയോഗിക്കാനാകൂ എന്നതാണ്. ഇവിടെ 350 കോടി രൂപക്ക് മുകളിൽ അക്കൗണ്ടിൽ കിടന്നപ്പോഴാണ് കേന്ദ്രം വീണ്ടും അടിയന്തിര സഹായം അനുവദിച്ചത്.
സംസ്ഥാനത്തിന്റെ കയ്യിലുള്ള State Disaster Response Fund (SDRF) ഉപയോഗിക്കാൻ കേന്ദ്രത്തിന്റെ അനുവാദം വേണോ?
വേണം . 10% മാത്രമേ SDRF ഫണ്ടിൽ നിന്നും സംസ്ഥാങ്ങൾക്ക് കേന്ദ്രനുമതിയില്ലാതെ ഉപയോഗിക്കാനാകൂ എന്നാണ് നിയമം പറയുന്നത്.
പങ്കായം ദുരന്തം സോറി തെറ്റിപ്പോയി ഓഖി ദുരന്തം ഉണ്ടായപ്പോൾ കേരളം എത്രയാണ് കേന്ദ്രത്തോട് ചോദിച്ചത്?
കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി വന്നപ്പോൾ ചോദിച്ചത് - Rs. 1843 കോടി 
പ്രധാനമന്ത്രി വന്നപ്പോൾ ചോദിച്ചത് - Rs. 7380 കോടി 
ഔദ്യോഗികമായി ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്ട് പ്രകാരം ചോദിച്ചത് - Rs. 422 കോടി.

എല്ലാം ആനയും ആടും പോലെ വ്യത്യാസം അല്ലേ?
കേന്ദ്രസർക്കാർ ഓഖി ദുരിതാശ്വാസത്തിനായി അനുവദിച്ചത് Rs.379 കോടി രൂപ (കേന്ദ്രമന്ത്രി പാർലമെന്റിൽ ശശി തരൂർ എംപി ക്കു രേഖാമൂലം കൊടുത്ത മറുപടിയിൽ പറഞ്ഞതാണ്). അതിൽ ഇതുവരെ വിനിയോഗിച്ചത് എത്രയാണ്?
മെയ് 2018 വരെ ആകെ ചെലവഴിച്ചത് 25 കോടി രൂപയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർ ചെയ്തത്. ദുരന്തം കഴിഞ്ഞ് 5 മാസം പിന്നിട്ട ശേഷമുള്ള കണക്കാണത്. ചോദിച്ചത് Rs. 7380 കോടി. നിയമപ്രകാരം ചോദിച്ചത് Rs. 422 കോടി. കിട്ടിയത് Rs.379 കോടി. ചെലവഴിച്ചത് Rs. 25 കൊടിയും !
ഇപ്പോൾ ചോദിക്കുന്നത് 20000 കോടി രൂപ.
വായിൽതോന്നുന്നത് ചോദിക്കും. നിയമപ്രകാരം പോകുമ്പോൾ തുക വേറൊന്നായിരിക്കും. അവസാനം ചെലവഴിക്കുന്നതോ?
ഇപ്പോൾ 20000 കോടി രൂപ ചോദിച്ചല്ലോ , അതെന്തിനാണ്?
എന്ത് മനഃസാക്ഷിയില്ലാത്ത ചോദ്യമാണ് ഹേ. റോഡുകൾ തകർന്നു, പാലം തകർന്നു, വീടുകൾ തകർന്നു, കൃഷി തകർന്നു, തൊഴിൽ നഷ്ട്ടപെട്ടു, വീട്ടുപകരണങ്ങൾ നഷ്ടമായി, വൈദ്യുതി ലൈനുകൾ അടക്കം എല്ലാം നശിച്ചു. എല്ലാം കൂടി കണക്കാക്കുമ്പോൾ ഒരു 50000 കോടി ആകുമെങ്കിലും 20000 കോടി കിട്ടിയാൽ ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തോളാം.
അല്ല കോയ , പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ 660 കോടി രൂപ അടിയന്തിര ധനസഹായം നൽകി. ആർമി തകർന്ന പാലങ്ങൾ താൽക്കാലികമായി പുനഃസ്ഥാപിച്ചു. റോഡുകൾ എല്ലാം കേന്ദ്രത്തിന്റെ ചെലവിൽ നന്നാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാലങ്ങളും അതുപോലെതന്നെ.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെട്ടു. കൃഷി നശിച്ച കർഷകർക്ക് വീണ്ടും കൃഷി ആരംഭിക്കാൻ മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലൊപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ പ്രകാരം സഹായം നൽകും. ഫസൽ ഭീമ യോജന പ്രകാരം പ്രളയം മൂലം കൃഷിനാശം ഉണ്ടായവർക്ക് നഷ്ടപരിഹാരം ലഭിക്കും. വീട് നഷ്ട്ടമായവർക്ക് പ്രധാമന്ത്രി ആവാസ് യോജന പ്രകാരം വീട് നിർമിച്ചു നൽകും.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിൽനിന്നു നൽകും. മരുന്നുകൾ എത്തിച്ചു നൽകും. അഞ്ചരക്കോടി തൊഴില്‍ദിനങ്ങള്ളാണ് പ്രഖ്യാപിച്ചത്. ഇതുവഴി സാധാരണക്കാര്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാകും. അതും ഇടനിലക്കാരില്ലാതെ അക്കൗണ്ടുകളില്‍ എത്തിക്കാനാണ് പദ്ധതി.
ദേശീയപാത- റോഡ് അറ്റകുറ്റപ്പണികള്‍ വഴി അതത് പ്രദേശത്തെ ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കും.
ഇനി പറ , എന്തിനാണ് 20000 കോടി രൂപ? ഓഖി ദുരന്തത്തിന് കേന്ദ്രം തന്ന തുകയുടെ 10% എങ്കിലും ചെലവഴിച്ചിട്ട് പോരായിരുന്നോ ഇപ്പോഴത്തെ ഈ ഫണ്ട് ചോദിക്കൽ?
പ്രധാനമന്ത്രി റിലീഫ് ഫണ്ട് , ചീഫ് മിനിസ്റ്റർ റിലീഫ് ഫണ്ട് ഇവയും National Disaster Response Fund (NDRF), State Disaster Response Fund (SDRF) തമ്മിൽ എന്താണ് വ്യത്യാസം?
രണ്ടും രണ്ടാണ്.പ്രധാനമന്ത്രി റിലീഫ് ഫണ്ട് , ചീഫ് മിനിസ്റ്റർ റിലീഫ് ഫണ്ട് എന്നിവ ജനങ്ങളിൽ നിന്നുള്ള സംഭാവനകളാണ്. National Disaster Response Fund (NDRF), State Disaster Response Fund (SDRF) ഇവ ബജറ്റ് വഴി ലഭിക്കുന്ന കേന്ദ്ര സർക്കാർ ഫണ്ടാണ്.
ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന് കേട്ടില്ലേ? അതുപോലെ പ്രധാനമന്ത്രിക്കും ദുരിതാശ്വാസ ഫണ്ട് ഉണ്ട്.ഇവ രണ്ടും ജനങ്ങൾ നൽകുന്ന സംഭാവനകളാണ്. ഇവക്ക് രണ്ടിനും ആദായ നികുതി ഇളവുണ്ട്.
പ്രധാനമന്ത്രി റിലീഫ് ഫണ്ട് ന്റെ വെബ്സൈറ്റ് പരിശോദിച്ചാൽ ഓരോ വർഷത്തെ വരവ് ചെലവുകളും , അത് ഓഡിറ്റ് ചെയ്തതാണോ അല്ലയോ എന്നൊക്കെയുള്ള വിവരങ്ങളും ലഭ്യമാണ്. പക്ഷെ സംസ്ഥാന മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് വെബ്‌സൈറ്റിൽ ആവക കാര്യങ്ങളൊന്നും തന്നെയില്ല എങ്കിലും അതിൽ ലഭിക്കുന്ന സംഭവനകൾക്കും ഓഡിറ്റ് പരിശോധന ഉണ്ടെന്നാണ് മനസിലാക്കുന്നത്.
2004 ലെ കേന്ദ്ര നിയമ കമ്മീഷൻ ഇത്തരം അക്കൗണ്ടുകളും നിർബന്ധമായും ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം ആ കമ്മീഷൻ ശുപാർശകൾ പൂർണമായും നടപ്പിലാക്കിയിട്ടില്ല എന്നതിന്റെ ഉദ്ദാഹരണമാണ് ഇപ്പോഴും തുടരുന്ന അന്തംകമ്മി ബക്കറ്റ് പിരിവ്.
ബാക്കി ചോദ്യങ്ങളും ഉത്തരങ്ങളും പിന്നീട്.


x

June 15, 2018

മുഖ്യനൊരു സ്ഥലം മാറ്റം?


കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഇവിട ജനാധിപത്യം ആണെന്നും, അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ തിരുമാനിച്ചാല്‍ മാത്രമേ വീണ്ടും അധികാരത്തില്‍ വരൂ എന്നും മുഖ്യന്‍ മറന്നോ എന്നൊരു സംശയം. മുഖ്യന്റെ ചെയ്തികളില്‍ നിന്നും ചൈനയില്‍ പ്രസിഡന്റ്‌ ഷി ജിങ്ങിനെ ആജീവനാന്ത പ്രസിഡന്റ്‌ ആയി പാര്‍ട്ടി നിയമിച്ച പോലെ തന്നെയും ആജീവനാന്ത മുഖ്യന്‍ ആയി നിയമിച്ചുകഴിഞ്ഞു എന്നാണ് ടിയാന്‍ ധരിച്ചു വെച്ചിരിക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത്. വലതു സര്‍ക്കാരിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണം സഹിക്കാന്‍ വയ്യാതെയാണ് 'എല്ലാം ശരിയാക്കും' എന്ന വിശ്വാസത്തില്‍ ജനങ്ങള്‍ ഇടതു പക്ഷത്തെ ജയിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇടതു ഭരണത്തില്‍ ആനയെ മാത്രമല്ല, ആനപിണ്ടത്തെ കൂടി പേടിക്കണം എന്ന നിലയിലാണ് പോക്ക്. പാര്‍ട്ടിയും, പാര്‍ട്ടിയുടെ പോഷക-യുവജന സംഘങ്ങളും, നേതാക്കളും പഴയകാല ജന്മിമാരെ പോലെ പെരുമാറുമ്പോള്‍ ജനത്തെ രക്ഷിക്കേണ്ട ഭടന്മാര്‍ കിട്ടിയ താപ്പിനു അവര്‍ക്കാകുന്ന പോലെ ജനങ്ങളെ ദ്രോഹിക്കുകയും, ജന്മിമാര്‍ക്ക് മുമ്പില്‍ അടിയാന്മാരെ പോലെ നില്‍ക്കുകയും ചെയ്യുന്നു. ഇതെല്ലാം നടക്കുമ്പോഴും രാജാവ് സ്വപ്നലോകത്ത് വീണ വായിച്ചു കൊണ്ടിരിക്കുകയാണ്.

ഇടതുപക്ഷം തൊഴിലാളി പ്രസ്ഥാനം ആണ് എന്നാണു സ്വയം വിശേഷിപ്പിക്കുന്നത് എങ്കിലും തൊഴി പാര്‍ട്ടി എന്നാണു ശരിക്കും വിളിക്കേണ്ടത് എന്നാണു എനിക്ക് തോന്നുന്നത്. പാര്‍ട്ടി നേതാക്കള്‍ ജനങ്ങള്‍ക്ക്‌ നേരെ കുതിര കയറുന്നു, യുവജന സംഘടനകള്‍ കൊട്ടേഷന്‍-ഗുണ്ടാ സംഘങ്ങളെ പോലെ പെരുമാറുന്നു, എതിര്‍ക്കുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അകത്തിടുന്നു എന്നിങ്ങനെയുള്ള ലീലാ വിലാസങ്ങള്‍ ചെയ്യുന്നവരെ അങ്ങനെ തന്നെ അല്ലെ വിളിക്കേണ്ടത്? എന്തിനേറെ, സ്ഥലം എമ്മെല്ലേയോട് പരാതി പറഞ്ഞാല്‍ പോലും പിടിച്ചു അകത്തിടും. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതിനും പിടിച്ചകത്തിടും. മറ്റു സ്ഥലങ്ങളിലെ പൗരാവകാശത്തെയും, അസഹിഷ്ണുതെയും, അക്രമത്തേയും ഒക്കെ കുറിച്ച് വാചാലരാകുന്ന ഇവര്‍ സ്വന്തം നാട്ടില്‍ പാര്‍ട്ടി ശിങ്കിടികള്‍ നടത്തുന്ന അക്രമത്തിനു നേരെ കണ്ണടക്കും. ഒരുപക്ഷെ ഭാവിയില്‍ ഭരണം പിടിക്കാന്‍ ഇത്തരം ഗുണ്ടകളുടെ സേവനം ആവശ്യമായി വരും എന്ന് നേതാക്കള്‍ക്ക് തോന്നുന്നുണ്ടാകും. ഈ പോസ്റ്റ്‌ എഴുതിയതിനു നാളെ എനിക്കെതിരെയും കേസ് വന്നാല്‍ അദ്ഭുതപ്പെടാനില്ല. ഇവര്‍ ആരെയാണ് ഇങ്ങനെ ഭയപ്പെടുന്നത്? ജനങ്ങളെ? അതൊ സ്വന്തം കഴിവ് കേടുകളെയോ? 

സംസ്ഥാനത്ത് ഇപ്പോള്‍ ദിനം പ്രതി പുറത്ത് വരുന്ന പോലീസ് കുറ്റകൃത്യങ്ങളെ കുറിച്ച് പോലീസ് മന്ത്രി കൂടിയായ മുഖ്യനോട് ചോദിച്ചാല്‍ കുറ്റക്കാരെ സസ്പെന്ഡ് ചെയ്തു അല്ലെങ്കില്‍ സ്ഥലം മാറ്റി എന്നിങ്ങനെയുള്ള മറുപടികളാണ് കിട്ടുന്നത്. പണി ചെയ്യാന്‍ അറിയാത്തവരെ സ്ഥലം മാറ്റാന്‍ പറ്റുമെങ്കില്‍ മുഖ്യന്‍ സ്വയം സ്ഥലം മാറി വേറെ വല്ല സ്ഥലത്തേക്കും (കര്‍ണാടകം മാത്രമേ ഇപ്പോള്‍ ഓപ്ഷന്‍ ഉള്ളു) പോകുന്നതാണ് നല്ലത്. പണി അറിയാവുന്നവര്‍ ഭരിക്കട്ടെ. 

March 04, 2018

സ്വരാജിന് ഒരു മറുപടി

പ്രിയപ്പെട്ട സ്വരാജ്,

ത്രിപുരയില്‍ ഇടതുപക്ഷം തോറ്റതിനെ കാവ്യാത്മകമായി ന്യായീകരിച്ച്കൊണ്ട് താങ്കള്‍ എഴുതിയ കുറിപ്പുകണ്ടു. അതില്‍ എഴുതിയ ചിലകാര്യങ്ങള്‍ക്ക് മറുപടി എഴുതണം എന്ന് തോന്നി. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു എഴുത്ത്.

നിങ്ങളുടെ ലേഖനത്തിന്‍റെ തലവാചകം തന്നെ 'പരാജയപ്പെട്ടത് ത്രിപുരയാണ്' എന്നാണ്. അതായത് കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷം നിങ്ങള്‍ ഭരിച്ച ജനങ്ങള്‍ നിങ്ങളുടെ ഭരണം മടുത്ത് മാറി ചിന്തിച്ചതിന്റെ ഫലമായല്ല, മറിച്ചു ബി.ജെ.പി എന്തോ കള്ളക്കളി കളിച്ചാണ് ജയിച്ചതും, സത്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒപ്പം നില്‍ക്കുന്ന ജനങ്ങള്‍ കബളിക്കപ്പെട്ടതാണ് എന്നും സാരം. അങ്ങനെ അല്ലെ? ഇത്രയും കാലം നിങ്ങള്‍ ഭരിച്ചിട്ടും അവിടെ ബി.ജെ.പി ഇപ്രകാരം ഒരു മാസ് മാനിപുലേഷന്‍ നടത്തി എങ്കില്‍ അത് ആരുടെ പിടിപ്പുകേടാണ്? അല്ല, ചോദിച്ചു എന്ന് മാത്രം. നിങ്ങള്‍ക്ക് ജനങ്ങളെ സമ്പന്നരാക്കാന്‍ സാധിക്കില്ല, അതുകൊണ്ട് എല്ലാവരെയും ദരിദ്രരാക്കുക (സമ്പത്ത് നേതാക്കള്‍ക്ക്). അങ്ങനെ ദരിദ്രരെ അടിച്ചമര്‍ത്തി ഭരണം നിലനിര്‍ത്തുക. ഇതാണ് കമ്മ്യൂണിസ്റ്റ് രീതി. ഇന്നലെ ഒരു വാര്‍ത്ത ചര്‍ച്ചയില്‍ ശ്രീമാന്‍ എം.ബി രാജേഷ് പറയുകയുണ്ടായി ത്രിപുരയില്‍ വളര്‍ന്നുവരുന്ന മധ്യവര്‍ഗം ബി.ജി.പി അനുകൂല നിലപാട് എടുത്തു എന്ന്. അതെ, ശ്രീ സ്വരാജ്, മാണിക് സര്‍ക്കാര്‍ ദരിദ്രനാണ് എന്നതുകൊണ്ട് ജനങ്ങള്‍ ദരിദ്രരായി ജീവിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലലോ. അതുകൊണ്ട് കഴിഞ്ഞ കാല്‍ നൂട്ടാണ്ട് കാലത്തെഭരണമാണ് തോറ്റത്, അല്ലാതെ ത്രിപുര അല്ല.   

"അവിടെ സി പി ഐ (എം) പരാജയപ്പെട്ടു. കേവലം 3% വോട്ട് മാത്രമാണ് കുറഞ്ഞത് . തോറ്റപ്പോഴും തകർന്നു പോയില്ലെന്ന് സാരം"
2013 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന 2014 ലോക സഭാ തിരഞ്ഞെടുപ്പില്‍ 64% ആയിരുന്നു സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍. അതാണ്‌ ഇപ്പോള്‍ ഇടിഞ്ഞു കുത്തി 45% എത്തിയത്. അത് ഒരു കുറവ് തന്നെയല്ലേ? 2016ലെ കേരള നിയമസഭാ ഇലക്ഷനില്‍   യുഡി എഫും  ഇടതു സഖ്യവും തമ്മില്‍ നാലര ശതമാനത്തിന്‍റെ വിത്യാസമേ ഉള്ളു. അതുകൊണ്ട് നിങ്ങളുടെ നെഗളിപ്പിനു കുറവൊന്നും വന്നില്ലല്ലോ? 

അതിനു താഴെ നിങ്ങള്‍ മുസ്സോളിനിക്കും, ഹിറ്റ്ലര്‍ക്കും കിട്ടിയ വോട്ടു ശതമാനം ഒക്കെ പറയുന്നുണ്ട്. വിരോധാഭാസം എന്നുപരയട്ടെ വോട്ടു ശതമാനം നോക്കി അടിത്തറ ശക്തം എന്ന് അതിനു തൊട്ടുമുകളില്‍ നിങ്ങള്‍ തന്നെ പറഞ്ഞതിന്‍റെ നേര്‍ വിപരീതമല്ലേ ഈ ഒരു താരതമ്യം? വോട്ടുശതമാനം കൂടുന്നത് ഭീകരതയുടെ ലക്ഷണം ആണെങ്കില്‍ നിങ്ങള്‍ പത്തറുപത് വര്‍ഷം പുറകിലെ യൂരോപ്പിലോട്ടു നോക്കാതെ ഇപ്പോഴത്തെ ചൈനയിലെക്കോ, വടക്കന്‍ കൊരിയയിലെക്കോ ഒക്കെ നോക്കു. അവിടെ നൂറു ശതമാനം വോട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. അതുകൊണ്ട് തന്നെ അവിടത്തെ അവസ്ഥ എന്താണ് എന്ന് നമുക്ക് അറിയാവുന്നതുമാണ്.

"ഇറ്റലിയിൽ , മിലാനിലെ തെരുവുകളോട് ചോദിയ്ക്കുക .. ജർമനിയിലെ പ്രേതാലയങ്ങളായ തടങ്കൽ പാളയങ്ങളോട് ചോദിക്കുക .. പറഞ്ഞു തരും ജനാധിപത്യത്തിന്റെ വിധിയെഴുത്തിൽ ഒരു ജനതയ്ക്കു പറ്റിയ കൈത്തെറ്റ് കാലം തിരുത്തിയതെങ്ങനെയെന്ന്"

ചോദ്യം ചോദിക്കുമ്പോള്‍ അവിടെ മാത്രമല്ല, പഴയ യു.എസ്.എസ്.ആറിലെ പിഴുതെറിയപ്പെട്ട ലെനിന്‍-സ്റ്റാലിന്‍ പ്രതിമകലോടും, വടക്കന്‍ കൊറിയയിലെ തടങ്കല്‍ പാളയങ്ങലോടും, ചൈനയില്‍ വിചാരണ ഇല്ലാതെ തല അറുക്കപ്പെട്ടവരുടെ ആത്മാക്കലോടും, കംബോഡിയയിലെ തലയോട്ടികലോടും ഒക്കെ കൂടി ചോദിക്കണേ! സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത് അതെ ആക്രമത്തിലൂടെ അധികാരം നിലനിര്‍ത്തുന്ന രീതി ഇപ്പറഞ്ഞതില്‍ ചില സ്ഥലങ്ങളില്‍ എങ്കിലും ജനം തൂത്തെറിഞ്ഞിട്ടുണ്ട്. അങ്ങനെ പണ്ട് വിപ്ലവത്തിന് കൂടെ നിന്നു എന്ന തെറ്റിന് അവര്‍ പ്രായശ്ചിത്തം ചെയ്തിട്ടുമുണ്ട്. അപ്പോള്‍ പറയുമ്പോള്‍ ഈ രാജ്യങ്ങളെ കൂടി പറയുക.

"ത്രിപുര പിടിയ്ക്കാനായി ആർ എസ് എസ് നട്ടുവളർത്തുന്നത് വിഘടനവാദത്തെയാണ്. അധികാരം നേടാൻ വിഘടനവാദികളുമായി സഖ്യമുണ്ടാക്കുമ്പോൾ ഒറ്റുകൊടുക്കുന്നത് രാജ്യത്തെ തന്നെയാണ്"

കശ്മീര്‍ വിഘടന വാദികളുടെ വീട്ടുപടിക്കല്‍ ഭിക്ഷ ചോദിച്ചു ചെന്ന യെച്ചൂരി അടക്കമുള്ള സഖാക്കളുടെ ചിത്രവും, പാര്‍ട്ടി ആപ്പീസുകളിലേക്ക് സമ്മാനവുമായി പോകുന്ന ചൈനീസ് ഉദ്യോഗസ്ഥരുടെ ചിത്രവും, "ഹിന്ദുസ്ഥാന്‍ കി ബര്‍ബാദീ കരേംഗെ" എന്ന് മുദ്രാവാക്യം വിളിച്ചവരെ തലയില്‍ വെച്ച് നടന്ന ചിത്രവും വെറുതെ ഓര്‍മ്മ വന്നു. അതൊരു തെറ്റാണോ? പിന്നെ ഗോത്രവര്‍ഗക്കാര്‍ അവിടെ പുരോഗതിക്ക് വേണ്ടി പോരാടുന്നത്, അതും കാല്‍ നൂറ്റാണ്ട് നിങ്ങള്‍ ഭരിച്ച സ്ഥലത്ത്, എങ്ങനെ വിഘടന വാദം ആകും? അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ കഴിഞ്ഞ ആഴ്ച നമ്മള്‍ കണ്ടതാണ്. ഒരു ജനതയെ എല്ലാക്കാലവും അടിച്ചമര്‍ത്താം എന്നാ കമ്മ്യൂണിസ്റ്റ് മണ്ടത്തരം പോളിഞ്ഞതിന്റെ വിഷമം അങ്ങയുടെ വാക്കുകളില്‍ ഞാന്‍ കാണുന്നു.

"രാജ്യം തകർന്നാലും കമ്യൂണിസ്റ്റുകാരുടെ പരാജയം ആഘോഷിക്കണമെന്ന് ചിന്തിക്കുന്നവർ ഇന്ത്യയുടെ ,മനുഷ്യരുടെ മിത്രങ്ങളല്"
ഇന്ത്യയുടെ വിദേശ നയം ചൈനക്ക് ദോഷം ചെയ്യുന്നു എന്ന് പറഞ്ഞു വിലപിച്ചവരാണ് രാജ്യസ്നേഹം പറയുന്നത്. രാജ്യം എന്നാ സങ്കല്പം തന്നെ തെറ്റാണ് എന്നൊക്കെ ആയിരന്നു കുറച്ചു കാലം മുമ്പ് വരെ പാര്‍ട്ടി ബുജികള്‍ ഛര്‍ദിചിരുന്നത്.ഇപ്പോള്‍ മനം മാറ്റം ഉണ്ടായത് എന്നെ ഹ‌‍ഠാദാകര്‍ഷിക്കുന്നു.

"കാൽ നൂറ്റാണ്ടിന് മുമ്പ് ഇതേ ത്രിപുരയിൽ തോറ്റ പാർട്ടിയാണിത്. തുടർന്ന് നടമാടിയ ഭീകരവാഴ്ചയെ പ്രാണൻ കൊടുത്തു നേരിട്ട വിപ്ലവകാരികളുടെ മണ്ണാണ് ത്രിപുര"
പത്ത് നാല്‍പ്പത് വര്‍ഷങ്ങള്‍കൊണ്ട് ത്രിപുരയില്‍ മരിച്ച കൊണ്ഗ്രസ്സുകാരുടെ എണ്ണം പതിനായിരക്കണക്കാണ്. ഇനി ഭരണം പോയ സ്ഥിതിക്ക് മന്ത്രിമന്തിരങ്ങളുടെ പറമ്പുകള്‍ ഉഴുതുമറിക്കുമ്പോള്‍ അറിയാം ഉപ്പു നിറച്ച ചാക്കുകളില്‍ എത്ര മൃതദേഹങ്ങള്‍ ലഭിക്കും എന്ന്.

"ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അതിലഹങ്കരിച്ച് ഉത്തരവാദിത്വങ്ങൾ വിസ്മരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ "
മൂന്നു വാക്കുകള്‍: പിണറായി വിജയന്‍ സര്‍ക്കാര്‍. കൂടുതല്‍ പറയേണ്ട ആവശ്യമുണ്ടോ, അഹങ്കാരത്തെ കുറിച്ചും, ഉത്തരവാദിത്തത്തെ കുറിച്ചും?

"ഉദിക്കുവാനായല്ലാതെ ഇന്നോളം സൂര്യനസ്തമിച്ചിട്ടില്ലെന്ന് ഓർക്കുക"
സഖാവ് പി.വിജയനോടും ഇതൊന്നു പോയി പറയണേ; പുള്ളി ചെന്നൈ  അപ്പോളോ ആശുപത്രിയില്‍ നിന്നും ചെക്കപ് കഴിഞ്ഞു വരുമ്പോള്‍.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ.
നിര്‍ത്തുന്നു.

February 26, 2018

ചൈനയിലെ രാജാവ്

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ മാതൃരാജ്യമായ ചൈനയില്‍ വളരെ സുപ്രധാനമായ ഭരണഘടനാ ഭേദഗതി വരുത്താന്‍ പാര്‍ട്ടി (ജനങ്ങളല്ല) തിരുമാനിച്ചത്രെ. ഒരു വ്യക്തി തുടര്‍ച്ചയായി രണ്ടു തവണയില്‍ (മൊത്തം പത്ത് വര്‍ഷം) കൂടുതല്‍ പ്രസിഡന്റ്/ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കരുത് എന്ന വ്യവസ്ഥയാണ്‌ പാര്‍ട്ടി പ്ലീനം കൂടി ഒഴിവാക്കാന്‍ തിരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന് അധികാരത്തില്‍ തുടരാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു ഭേദഗതി വരുത്തുന്നത്രേ. ഇതോടെ 2023ല്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഷി ചിന്‍ അതുകഴിഞ്ഞാലും പ്രസിഡന്റ് പദവിയില്‍ "പരമോന്നത നേതാവ്" ആയി തുടരും എന്ന് ഏകദേശം ഉറപ്പായി. 

ഏക ദൈവ വിശ്വാസം എന്ന പോലെ 'ഏക നേതാവില്‍ വിശ്വാസം' എന്നത് കമ്മ്യൂണിസ്റ്റുകളുടെ അടിസ്ഥാന സ്വഭാവമാണ്. കാലാകാലങ്ങളില്‍, പൌരസ്ത്യ-പാശ്ചാത്യ ദേശങ്ങളില്‍ എവിടെയൊക്കെ കമ്മ്യൂണിസം ഭരണം പിടിച്ചെടുത്തിട്ടുണ്ടോ, അവിടെ ഒക്കെ ഇതുപോലുള്ള "പരമോന്നത നേതാവ്" അവതാരം എടുത്തിട്ടുണ്ട്. രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനാണ് എന്ന് വിശ്വസിപ്പിച്ചിരുന്ന പുരാതന രാജവംശങ്ങളെ പോലെ ഇവിടങ്ങളില്‍ ഒക്കെ ഈ നേതാവിന്റെ അധികാരം അനിഷേധ്യമായി തുടരുന്നു. ചില സ്ഥലങ്ങളില്‍ ഇതുപിന്നെ കുടുംബ വാഴ്ചയിലേക്ക് പരിണമിക്കുന്നു. ഇത്തരം ചുവപ്പ് മേലങ്കിയണിഞ്ഞ ദൈവങ്ങള്‍ എന്ത് വൃത്തികേടുകള്‍ ചെയ്താലും അതൊക്കെ അപദാനങ്ങളായി വാഴ്ത്തിപാടി നടക്കാന്‍ പാവം അണികള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇതാണ് നാട്ടുനടപ്പ്. മാവോ ഭീകരതയ്ക്ക് ശേഷം ചൈനയിലെ പുതിയ അവതാരമാകാന്‍ ശ്രമിക്കുകയാണ് ഷി ചിന്‍.

ഇന്ത്യയെ സംബന്ധിച്ചു ചൈനയിലെ രാഷ്ട്രീയചലനങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പാകിസ്ഥാനേക്കാള്‍ ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണി ചൈനയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും, ഏകാധിപത്യ സ്വഭാവമുള്ള ഭരണ സംവിധാനവും ചൈനയെ അക്ഷരാര്‍ധത്തില്‍ ഇന്ത്യയുടെ തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്ന ഡെമോക്ലീസിന്റെ വാളാക്കി മാറ്റിയിരിക്കുന്നു. ഇപ്പോള്‍ ഒരു പുതിയ 'ഏകാധിപതി'യുടെ ഉദയം ഒരിക്കലും നമ്മുടെ സുരക്ഷക്ക് ഗുണം ചെയ്യില്ല. ഇന്ത്യയെ പൂട്ടാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നെയ്യുന്ന വല കൂടുതല്‍ മുറുകും എന്നത് സംശയമില്ലാത്ത കാര്യമാണ്.

മറ്റു രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍, പണം കൊണ്ടും, ആയുധ ബലം കൊണ്ടും, നിര്‍ത്തുന്ന അതെ തന്ത്രം തന്നെയാണ് ചൈന ഇന്ത്യന്‍ കമ്മ്യൂനിസ്റ്റുകളോടും ചെയ്യുന്നത്. അവരുടെ പാര്‍ട്ടി ആപ്പീസുകളില്‍ സമ്മാനവുമായി ചൈനീസ് ഉദ്യോഗസ്ഥര്‍ ചെന്നിട്ടു അധികകാലമായിട്ടില്ല. അതിന്റെ നന്ദി എന്നവണ്ണം പല നേതാക്കളും ചൈന പ്രേമം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചൈനക്ക് എന്നും സ്വന്തം കാര്യം മാത്രമേ പ്രധാനമായുള്ളൂ എന്ന് ഈ മണ്ടന്മാര്‍ എന്ന് മനസ്സിലാക്കുമെന്തോ! ചൈനയുടെ വളര്‍ന്നുവരുന്ന സാമ്പത്തിക-സൈനിക ശക്തിക്ക് എതിര് നില്‍ക്കുന്ന ഇന്ത്യയെ ഏതുവിധേനയും തകര്‍ക്കുക എന്നത് മാത്രമാണ് അവരുടെ ചിന്ത. അതുകൊണ്ട് തന്നെ ഒരു കൈ ആയുധത്തില്‍ വെച്ച് മാത്രമേ ഇവരുമായി കൈകൊടുക്കാന്‍ സാധിക്കു. ഇന്ത്യയുടെ വിദേശകാര്യ നയങ്ങളും ഈ ഒരു ചിന്തയില്‍ നിന്നും ഉരുതിരുഞ്ഞു വന്നതായാണ് എനിക്ക് തോന്നുന്നത്. അതില്‍ വെരളി പൂണ്ടു കുരക്കുന്ന ചൈനയുടെ വളര്ത്തുപട്ടികള്‍ അവര്‍ക്ക് കിട്ടുന്ന എല്ലിന്‍ കഷ്ണങ്ങളെ കുറിച്ച് മാത്രമേ ചിന്തയുള്ളു.


ഏതായാലും ചൈനയുടെ പുതിയ 'രാജാവ്' എത്രകാലം ഭരണത്തില്‍ ഉണ്ടാകും എന്ന് കാത്തിരുന്നു കാണാം!     

February 11, 2018

ആനക്കടം

പെൻഷൻ പറ്റിയ പന്ത്രണ്ടുപേർ ആത്മഹത്യ ചെയ്തു കഴിഞ്ഞതിനു ശേഷം, കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക ഒരാഴ്ചക്കുള്ളിൽ (അടുത്ത ബുധൻ) കൊടുത്തു തീർക്കും എന്ന് മുഖ്യൻ ഉറപ്പു നൽകിയത്. ഓരോ ജില്ലകളിലേയും കോ-ഓപ് ബാങ്കുകളുടെ കൂട്ടായ്മ (കണ്സോർഷ്യം) അതാത് ജില്ലകളിലെ ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക തീർക്കാനുള്ള തുക ലോൺ ആയി നൽകും. പത്ത് ശതമാനം പലിശ എന്നോ മറ്റോ എവിടെയോ വായിച്ചതായി ഓർക്കുന്നു. ജൂലൈ മാസം വരെ പെൻഷൻ നല്കേണ്ട തുക ഇങ്ങനെ കണ്ടെത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അങ്ങനെ തൽക്കാലത്തേക്ക് ഈ ഒരു പ്രശ്നത്തിനു വിരാമമായി. എന്നാല് കടം എടുത്ത് പെൻഷനും, മറ്റും നല്കുന്നത് ഒരു നല്ല പ്രവണത ആണോ? കെ.എസ്.ഇ.ബിയും കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ എന്ന് ഇന്നലെ ഒരു വാർത്ത കണ്ടു. അതിനും പ്രതിവിധി കടം എടുക്കുക എന്ന് തന്നെയാണോ?

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ തന്നെ വ്യാപകമായി കടമെടുത്ത് ചിലവുകൾ നടത്താനുള്ള പദ്ധതി ഐസക് അവതരിപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി പെൻഷൻകുടിശ്ശികയും, ജൂലൈ വരെയുള്ള പെൻഷനും കൊടുത്തു തീർക്കാൻ ഏറ്റവും ചുരുങ്ങിയതു 600 കോടി രൂപാ വേണ്ടി വരും. അതായത് ജൂലൈ മാസം കഴിഞ്ഞാൽ പ്രതിമാസം അഞ്ചുകോടി രൂപ പലിശ (10% നിരക്കിൽ) ഇനത്തിൽ മാത്രം കണ്ടത്തേണ്ടി വരും.മുതലിലേക്കുള്ള തിരിച്ചടവും, അതാത് മാസങ്ങളിലെ പെൻഷൻ ശമ്പള-തുകകൾ വേറെ. ഇപ്പോൾ തന്നെ പെൻഷൻ നൽകാതെ വലയുന്ന കോർപ്പറേഷൻ എങ്ങനെ ഈ ബാധ്യതകൾ കൊടുത്തു തീർക്കും? കോർപ്പറേഷന്റെ പ്രവർത്തനം ശാസ്ത്രീയമായി പരിഷ്കരിച്ച് ലാഭത്തിലാക്കും എന്നാണ് ഐസക് ഈ വർഷം ബജറ്റിൽ പറഞ്ഞത്. പുള്ളി ഇതേ കാര്യം കഴിഞ്ഞ ബജറ്റിലും പറഞ്ഞിരുന്നു. അതു കൊണ്ട് തന്നെനെ ഇനിയുള്ള ആറോ ഏഴോ മാസം കൊണ്ട് കോർപ്പറേഷന്റെ നില മെച്ചപ്പെടുത്തും എന്നൊക്കെ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?

ഇനി കൊ-ഓപ് ബാങ്കുകളുടെ കാര്യം. ഇപ്പോൾ തന്നെ 40% കിട്ടാക്കടത്തിൽ ഓടുന്ന ബാങ്കുകളിൽ അധികവും നിയന്ത്രിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടി ആയതു കൊണ്ട് അവരെ കൊണ്ട് ലോൺ പാസാക്കി എടുക്കാൻ സർക്കാരിനു സാധിച്ചേക്കും. ജൂലൈ കഴിഞ്ഞു തിരിച്ചടവ് മുടങ്ങുമ്പോൾ ഈ ബാങ്കുകളുടെ അവസ്ഥ എന്താകും?ലോണിന് സർക്കാർ ഗ്യാരൻറിയുണ്ട് എന്നതാണ് ബാങ്കുകൾക്ക് ആശ്വാസം എങ്കിലും രണ്ടു കാലിൽ നിൽക്കാൻ കാലുകൾ കടം വാങ്ങുന്ന സർക്കാരിന്റെ ഗ്യാരൻറിക്ക് എന്തു വിലയാണുള്ളത്?

ഒരു ബാധ്യത തീർക്കാൻ പുതിയ ഒരു ലോൺ, അതു തീർക്കാർ പിന്നെ വേറെ ലോൺ. ഇടക്ക് ചിട്ടിയും, ലോട്ടറിയും. സത്യം പറഞ്ഞാൽ ഇത്യയിലെ തന്നെ ഏറ്റവും വലിയ ലോൺ തട്ടിപ്പു പ്രസ്ഥാനമായി മാറുകയാണ് കേരള സർക്കാർ. ഒന്നര ലക്ഷം കോടിയിലധികമാണ് കേരളത്തിന്റെ ഇപ്പോഴത്തെെ പൊതുകടം. കടത്തിനെ കടം കൊണ്ട് വീട്ടാതെ എങ്ങനെ സർക്കാരിന്റെ വരുമാനം കൂട്ടാം, ചിലവുകൾ കുറക്കാം എന്നാലോചിക്കുകയാണ് വേണ്ടത്. ഗൾഫ് ഒന്നും പഴയപോലെ ഗുമ്മില്ല. അതു കൊണ്ട് അറുപതുകൾക്കു ശേഷം വിഖ്യാതമായ കേരള മോഡൽ വികസത്തിനു പ്രധാന ചാലകമായി വർത്തിച്ച പ്രവാസികളുടെ പണം ഇത്തവണ രക്ഷക്കെത്തും എന്ന് സ്വപ്നം കാണാനുംം സാധിക്കില്ല (കിഫ്ബി). മാത്രവുമല്ല അന്യസംസ്ഥാാന തൊഴിലാളികൾ ഒരു മണി ഡ്രെയിൻ ആണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ ചിലവഴിക്കാതെെ അവരുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും അവർ വീട്ടിലേക്ക് അയക്കുന്നു. വിദ്യാഭ്യാസം, ഹെൽത്ത് മുതലായ, പ്രത്യേകമായ അറിവ് വേണ്ടുന്ന, സർവീസ് സംരംഭങ്ങൾ മാത്രമാണ് ഇവിടെ ലാഭത്തിൽ പോകുന്നത്. സാധാരണക്കാർക്ക് വൻതോതിൽ ജോലി ലഭിക്കുന്ന സ്ഥാപനങ്ങൾ ഒന്നും ഇവിടില്ല. പ്രതിവിധി ഇവിടെ സംരംഭകരെ ആകർഷിച്ചു പുതിയ സംരംഭങ്ങൾ തുടങ്ങുക എന്നതാണ്. എന്നാൽ അതിനിവിടത്തെ തൊഴിലാളി പ്രസ്ഥാനങ്ങളും, രാഷ്ട്രീയ നേതൃത്വവും മാനസികമായി വളർന്നിട്ടില്ല എന്നതാണ് സത്യം. ഒരു നാൾകടത്തിൽ കെട്ടിപ്പൊക്കിയത് എല്ലാം താഴെ വീഴുമ്പോൾ അപ്പോഴും പറയും ഇവർ എല്ലാം മുതലാളിത്ത ബൂർഷ്വാസികളുടെ സൃഷ്ടിയാണെന്ന്. പാവം ജനങ്ങൾ അപ്പോഴേക്കും അന്ത്യശ്വാസംം വലിച്ചിരിക്കും.

February 03, 2018

ഐസക്കിന്‍റെ ദിവാസ്വപ്ന ബഡ്ജെറ്റ്

ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന ബഡ്ജെറ്റിനെ "സ്വപ്ന ബഡ്ജെറ്റ്" എന്ന് വിശേഷിപ്പിക്കാം എങ്കില്‍, കെ.എസ്.ആര്‍.ടി.സി ബസിലെ വിന്‍ഡോ സീറ്റില്‍ ഇരുന്നു ഐസക് സാര്‍ കണ്ട ദിവാസ്വപ്നത്തെ എന്ത് പേരിട്ടു വിളിക്കാം? കഴിഞ്ഞ വര്‍ഷം കണ്ട സ്വപ്നവുമായി വല്യ വിത്യാസം ഇല്ലാത്തത് കൊണ്ട് അതില്‍ നിന്നും കോപ്പി പേസ്റ്റും ചെയ്തിട്ടുണ്ട് സഖാവ്. സംശയമുണ്ടെങ്കില്‍ ഫോട്ടോ നോക്കുക. ധനകാര്യ മന്ത്രി എന്ന നിലയില്‍ വലിയ പണി ഇല്ലാത്തത് കൊണ്ട് (പുള്ളിക്ക് പുസ്തകങ്ങള്‍ വായിക്കാനും, എഴുതാനും ഒക്കെ അല്ലെ കൂടുതല്‍ ത്വര - ഇതൊക്കെ നല്ല കാര്യം തന്നെ, പക്ഷെ പുര കത്തുമ്പോള്‍ വീണ വിദ്വാന്‍ ആണെങ്കിലും വീണ വായിച്ചു രസിക്കുക അല്ലാലോ വേണ്ടത്) വായിച്ച പുസ്തകങ്ങളിലെ വരികളും ആവോളം ഈ ബഡ്ജെറ്റിലും ഉണ്ട്.

സംസ്ഥാനത്തിന്‍റെ ധനസ്ഥിതി ആകെ മോശമാണ് എന്ന് ഐസക് തന്നെ സമ്മതിക്കുന്നു. വരുമാനത്തില്‍ ഉള്ള വര്‍ദ്ധനയേക്കാള്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നുണ്ട് എല്ലാ വര്‍ഷവും എന്നും ഐസക് പറയുന്നു. ഇതിനുള്ള പ്രതിവിധി ഐസക്കിന്റെ കണക്കില്‍ വായ്പ എടുക്കലാണ്. അതിപ്പോള്‍ കിഫ്ബി ആകട്ടെ, ബോണ്ടുകള്‍ ആകട്ടെ, കേന്ദ്ര സര്‍ക്കാര്‍ ആകട്ടെ, പ്രവാസി ചിട്ടികള്‍ ആകട്ടെ, കോ-ഓപറെട്ടീവ് ബാങ്കുകള്‍ ആകട്ടെ. ഓടിച്ചതിനാല്‍ നാട്ടാര്‍ ഭൂരിഭാഗവും പ്രവാസികള്‍ ആയതുകൊണ്ട് അവരില്‍ നിന്നും കടം വാങ്ങാനും ഉദ്ദേശിക്കുന്നു: ഇവിടെ സംരഭങ്ങള്‍ തുടങ്ങാനും, നിക്ഷേപം ആകര്‍ഷിക്കാനും! ഇത് വിരോധാഭാസം അല്ലെങ്കില്‍ എന്താണ്?

എല്ലാം കടമാണ്. തിരിച്ചടക്കേണ്ട കടം. സംസ്ഥാന ചിലവിന്റെ 45%നു മുകളില്‍ ശമ്പള-പെന്‍ഷന്‍ ബാധ്യതയാണ്. 14%ത്തോളം പലിശ ബാധ്യത ഉണ്ട് എന്നും വായിച്ചറിയാന്‍ സാധിച്ചു. അങ്ങനെ അറുപതു ശതമാനത്തിനടുത്ത് ശമ്പളവും പലിശയുമായി പോയി. ബാക്കി ഉള്ള നാല്പതു ശതമാനവും, കേന്ദ്ര സഹായവും കൂട്ടി വെച്ചാണ്  ചിലവുകളും, നിക്ഷേപങ്ങളും, കടത്തിന്റെ തിരിച്ചടവും നടത്തേണ്ടത്.

സര്‍ക്കാര്‍ ഗാരണ്ടീ (സോവറിന്‍ ഗാരണ്ടീ) നിന്ന് ബോണ്ടുകള്‍ ഇറക്കാനും ഉദ്ദേശമുണ്ടെന്നു പറഞ്ഞല്ലോ. ഇവ്വിധം കടക്കെണിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ ഇറക്കുന്ന ബോണ്ടിന് എന്ത് സുരക്ഷയാണ് ഉള്ളത്? വര്‍ഷം പത്ത് കഴിയുമ്പോള്‍ ഐസക് സാര്‍ ഒരുപക്ഷെ  ജീവിച്ചിരിക്കാന്‍ സാധ്യത് ഉണ്ടാകില്ല എങ്കിലും, കാശ് നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചു സര്‍ക്കാര്‍ നല്‍കേണ്ടി വരും. അതിനുള്ള പണം എവിടെ നിന്നും കണ്ടെത്തും? കിഫ്ബിക്ക് മാത്രം ഒരുലക്ഷം കോടി രൂപയോളം പത്ത് വര്‍ഷത്തിനു ശേഷം നല്‍കണം. മോട്ടോര്‍ വാഹന നികുതിയും, പെട്രോള്‍ സെസ്സും വെച്ച് മാത്രം ഇതൊക്കെ സാധിക്കുമോ? വര്‍ഷാ വര്‍ഷം എടുത്തു കൂട്ടുന്ന വായ്പകള്‍ ഒരു രീതിയില്‍ അമേരിക്കന്‍ രീതി ആണ്. വരവിനേക്കാള്‍ കൂടുതല്‍ വായ്പകള്‍ എടുത്തതുകൊണ്ടാണ് അമേരിക്കയില്‍ സബ്-പ്രൈം ക്രൈസിസ് ഉണ്ടായതു തന്നെ. കേരള സര്‍ക്കാരും ആ വഴിക്കാണ് നീങ്ങുന്നത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ കിഫ്ബി റീ-ഫിനാന്‍സ് ബോണ്ടുകള്‍ ഇറക്കി ഈ നൂറുകോടി സ്വരൂപിക്കാന്‍ നിരീച്ചാല്‍ അതില്‍ നിക്ഷേപിക്കാന്‍ ആരും ഉണ്ടാകില്ല എന്നോര്‍ക്കുക!

കെ.എസ്.ആര്‍.ടി.സി യെ തുടക്കത്തില്‍ പറഞ്ഞതുകൊണ്ട് (ഫോട്ടോ) അതിനെ കുറിച്ച് കൂടി പറയട്ടെ. കഴിഞ്ഞ ബഡ്ജെട്ടിന് ശേഷം വന്ന 12 മാസങ്ങളില്‍ ഏഴു മാസത്തെ പെന്‍ഷന്‍ ആണ് കൊടുത്തു തീര്‍ത്തത്. ഈ മാര്‍ച്ചിനു മുമ്പ് എല്ലാ കുടിശ്ശികകളും തീര്‍ക്കണം എങ്കില്‍ ആകെ മൊത്തം ഏഴുമാസത്തെ പെന്‍ഷന്‍ മാര്‍ച്ചിനു മുമ്പ് കൊടുത്തു തീര്‍ക്കേണ്ടി വരും.ചുരുക്കത്തില്‍ കഴിഞ്ഞ ഒരു വര്ഷം കൊണ്ട് നല്‍കിയ പെന്‍ഷന്‍ തുകയുടെ അത്രയും തന്നെ ഇനിയുള്ള 55 ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കണം എന്ന് സാരം. ഈ ഒരു മാജികിന് ഐസക് സാറിന് എല്ലാ വിധ ഭാവുകങ്ങളും ഞാന്‍ നേരുന്നു!

ഐസക് സാര്‍, സ്വപ്നം കാണുന്നത് നല്ലത് തന്നെ, പക്ഷെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ആകരുത് എന്ന് മാത്രം. വരും വര്‍ഷങ്ങളിലും നോട്ടു നിരോധനവും, ജി.എസ്.ടിയും, ഒഖിയും ഒക്കെ പറഞ്ഞു ഇരിക്കാന്‍ കേരളത്തില്‍ മാത്രമല്ല ഇതൊന്നും നടന്നത് എന്ന് കൂടി ഓര്‍മിക്കുക.  


November 29, 2017

തരാതരത്വം

"ഹലോ, എന്‍റെ പേര് വിഷ്ണു"
"നല്ല പേര്. ഏതാ സഖാവിന്‍റെ പാര്‍ട്ടി?"

"ഞാന്‍ ബി.ബി.വി.പി ആണ്"
"ഹയ് കൊശവന്‍, അങ്ങട്ട് മാറി നിക്കടോ. അറിയാതെ കയ്യും കൊടുത്തല്ലോ ന്‍റെ മാര്‍ക്സേ"

"എന്തേ എനിക്ക് കയ്യ് തന്നാല്‍"
"ഞാന്‍ ശുദ്ധ ടി.എഫ്.ഐ ആടോ. തന്നെപോലുള്ള വിവരംകെട്ട ബി.ബി.വി.പിക്കാരോടൊന്നും ഞങ്ങള്‍, അതും എന്നെ പോലുള്ള ഇന്റെലെക്ച്ച്വല്‍സ് മിണ്ടും കൂടിയില്ല"

"അതെന്താ?"
"നിങ്ങടെ വിശ്വാസം ഒക്കെ പൊട്ട തെറ്റല്ലേ!"

"അപ്പൊ നിങ്ങടെ മാത്രമാണോ ശരി?"
"എന്താ സംശയം. ഞങ്ങടെ മാത്രമാണ് ശരി. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ഞങ്ങള്‍ ശരിയാക്കും"

"ചൈനയിലെ പോലെ എല്ലാ വീട്ടിലും പ്രസിഡന്റിന്റെ പോട്ടം വെച്ചിട്ടാണോ?"
"വേണമെങ്കില്‍ അതും ചെയ്യും"

"ചുമ്മാതല്ല നിങ്ങള്‍ ക്ലച് പിടിക്കാത്തെ"
"അയ്യോ സമയം അഞ്ചു കഴിഞ്ഞല്ലോ. ഈ യൂസ്ലെസ്സിനോട്‌ സംസാരിച്ചു സമയം പോയി."

"എന്തു പറ്റി? എവിടെ എങ്കിലും എത്താന്‍ ഉണ്ടോ?"
"പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഫാസിസ്റ്റ് ഭീകരതക്കെതിരെ ഒരു സെമിനാരുണ്ട്, ടൌണ്‍ ഹാളില്‍. ഞാനാണ് പ്രധാന ഭാഷകന്‍"

"ആണോ.. എന്നാ വണ്ടീലോട്ട് കേറിക്കോ, ഞാന്‍ ആ വഴിക്കാ. അവിടെ ഇറക്കാം. ഇരിക്കുമ്പോള്‍ എന്‍റെ ദേഹത്ത് തൊടാതെ സൂക്ഷിച്ചോളോ ട്ടാ. ഇനി എന്നെ തൊട്ടു നിങ്ങടെ 'ഇസം' പോകണ്ട"         

August 15, 2017

സ്വേഛാധിപത്യം വിപ്ലവത്തിലൂടെ

ഈ ഭൂമിയില്‍ ഇതുവരെ വിപ്ലവങ്ങള്‍ നടന്നിട്ടുള്ളത് ജനങ്ങളുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ മാത്രമാണ്. അധികാരഭ്രമം പിടിപെട്ട 'വിപ്ലവനേതാക്കള്‍' സമത്വസുന്ദര ലോകമെന്ന പഞ്ചസാര പുരട്ടി, കൊള്ളയും കൊലയും നടത്തി, അധികാരത്തില്‍ സര്‍വസുഖങ്ങളോടെയും ജീവിക്കുന്നു. ആരെ അസമത്വത്തില്‍ നിന്നും മോചിപ്പിക്കാനാണോ അവര്‍ 'വിപ്ലവം' നടത്തിയത്, അവര്‍ പുതിയ 'മുതലാളി' നേതാക്കളുടെ കീഴില്‍ പഴയതിന് സമാനാമായതോ അല്ലെങ്കില്‍ അതിലും മോശമോ ആയ ജീവിതം നയിക്കേണ്ടി വരുന്നു. എങ്കിലും കൃത്യമായ ഇടവേളകളില്‍ പഴയ സമത്വസുന്ദര ലോകമെന്ന ആശയം, ഈ ജനലക്ഷങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതിനു വേണ്ടി, വിപ്ലവ നേതാക്കള്‍ മുന്നോട്ടു വെക്കും. ഞാന്‍ പറയുന്നത് വിശ്വാസമില്ലെങ്കില്‍ ഇതുവരെ 'വിപ്ലവം' നടന്ന രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥ നോക്കിയാല്‍ മതി. എന്ത് ചിന്തിക്കണം, എന്ത് പ്രവര്‍ത്തിക്കണം എന്നെല്ലാം ഭരണകൂടം നിശ്ചയിക്കുന്നു. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നു. ഇങ്ങനെയുള്ള അടിച്ചമര്‍ത്തലിന്റെ വിപ്ലവമാണ് ഇപ്പോള്‍ എല്ലാ തരക്കാരും മുന്നോട്ടു വെക്കുന്നത്; പ്രത്യേകിച്ചു വിപ്ലവം മാത്രം ജപിച്ചു നടക്കുന്നവര്‍.

സ്വേഛാധിപത്യമെന്നത് ശാരീരികവും മാനസികവുമായ ആധിപത്യമാണ്‌. ഇതില്‍ തന്നെ മാനസികമായ ആധിപത്യമാണ്‌ ഏറ്റവും ഭീകരം. സ്വന്തമായി ചിന്തിക്കാനുള്ള കഴിവ് ഇല്ലാതാക്കുക, കലക്ടീവ് ആയുള്ള ഒരു ചിന്തക്ക് എല്ലാവരെയും അടിമകലാക്കുക എന്നതാണ് വിപ്ലവകാരികളുടെ ഉദ്ദേശം. ഇപ്രകാരമുള്ള മനുഷ്യ മനസ്സിന്റെ നിയന്ത്രണമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ അവര്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക്, പാര്‍ട്ടി പറയുന്ന എന്തും അങ്ങനെ തന്നെ വിഴുങ്ങുന്ന തലത്തിലേക്ക്, മനുഷ്യനെ മാറ്റി എടുക്കാന്‍ സാധിക്കു. ഇവിടെ ഒരാള്‍ക്ക് ഒറ്റക്ക് ഒരു നിലനില്പ് ഉണ്ടാകാന്‍ പാടില്ല. ഐക്യമത്യം മഹാബലം എന്നൊക്കെ പറയാം എങ്കിലും ഓരോരുത്തരുടേയും സ്വകാര്യതയും സ്വത്വവും ഇല്ലാതാകുമ്പോള്‍ സ്വന്തമായി ചിന്തിക്കാന്‍ സാധിക്കാത്ത ഒരു പറ്റം മരപ്പാവകള്‍, പാര്‍ട്ടി പറയുമ്പോള്‍ ഇടം-വലം തിരിയാനും, ആയുധമെടുക്കാനും, രമിക്കാനും മാത്രം അറിയുന്ന മരപ്പാവകള്‍, മാത്രമാകും അവശേഷിക്കുക. ഇങ്ങനെ ഒരു ലോകമാണോ നമുക്ക് വേണ്ടത്?

മനുഷ്യരെ ഒരേ അച്ചില്‍ വാര്‍ത്തെടുക്കാന്‍ പാര്‍ട്ടികള്‍ മാത്രമല്ല ശ്രമിക്കുന്നത്; മതങ്ങളും അതില്‍ പങ്കാളികളാണ്. ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാന്‍ തുനിഞ്ഞിറങ്ങുന്ന ഈ രണ്ടുകൂട്ടര്‍ക്കും ആത്യന്തികമായ ലക്‌ഷ്യം ഭരണം, ജനങ്ങളുടെ മേലുള്ള അധികാരം, മാത്രമാണ്. ആ ഭരണത്തിലെക്കുള്ള വഴി മാത്രമാണ് 'സമത്വ സുന്ദര'ലോകമെന്ന ആശയം.

ഭാരതത്തിന്റെ ഈ സ്വാതന്ത്ര്യ ദിനത്തില്‍ നമ്മള്‍ ഓരോരുത്തരം സ്വാതന്ത്ര്യം നേടേണ്ടത് ഇപ്രകാരമുള്ള 'വിപ്ലവ'കാരികളില്‍ നിന്നാണ്. സ്വന്തമായി ചിന്തിക്കാനും, പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്യം മാത്രമാണ് യഥാര്‍ത്ത സമത്വത്തിലേക്ക് നയിക്കു. അതല്ലാതെ ആരെങ്കിലും എന്തൊക്കെ മുന്നോട്ടു വെച്ചാലും അതെലാം കേവലം സ്വാര്‍ത്ഥതാല്പര്യത്തിനു വേണ്ടിയുള്ള പഞ്ചസാരമുട്ടായികള്‍ മാത്രമാണ്.


വന്ദേ മാതരം.

May 17, 2017

സമാധാന ചുവന്നരിപ്രാക്കള്‍



ഇന്ന് ഫേസ്ബുക്കില്‍ ഒരു ഇടതു ബുജി ബിജെപിയെ നാസികളുമായി ഉപമിക്കുന്ന ഒരു പോസ്റ്റ്‌ കണ്ടു. വെറുതെ ഒന്ന് ഗൂഗിള്‍ ചെയ്തപ്പോള്‍ കിട്ടിയ കണക്കാണ് ഇത്: ലോകത്ത് ഇതുവരെ കമ്മ്യൂണിസ്ടുകളും, നാസികളും കൊന്നടുക്കിയവരുടെ ഏകദേശ എണ്ണം: നാസികള്‍ 25മില്ല്യന്‍ ആള്‍ക്കാരെ ഇല്ലാതാക്കിയപ്പോള്‍ സമാധാന ചുവന്നരിപ്രാക്കള്‍ കൊന്നു തള്ളിയത് അതിന്‍റെ ഏകദേശം നാലു മടങ്ങ്‌ ആള്‍ക്കാരെ! ലോകത്ത് എവിടെയൊക്കെ അധികാരത്തില്‍ കയറിയോ (അധികവും പിടിച്ചെടുത്താണ് ശീലം) അവിടെയൊക്കെ അടിച്ചമര്‍ത്താല്‍ ഭരണം നടത്തുന്ന ഇവരാണ് ഇപ്പോള്‍ ആട്ടിന്‍തോലിട്ട ചെന്നായ കണക്കെ സമാധാനം പറഞ്ഞു വരുന്നത്. ഏതെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ തൊഴിലാളികള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നുണ്ടോ? നേതാവ് പറയുന്ന പോലെ തലമുടി വെട്ടി, നേതാവ് മഴവില്ലിലൂടെ നടന്ന കഥ പഠിച്ച് (ഉത്തര കോറിയ), ജീവിതാന്ത്യം വരെ പണിയെടുത്ത് മരിക്കുന്നതാണ് ഈ പറയുന്ന കമ്മ്യൂണിസ്റ്റ് സ്വാതന്ത്ര്യം! പ്രോപ്പഗാണ്ട എങ്ങനെ ചെയ്യണം എന്ന് ഇവരെ കണ്ടു പഠിക്കണം, കാരണം എന്നിട്ടും ഇവന്മാര്‍ അവതരിക്കുന്നത് സമാധാന മാലാഖകള്‍ ആയിട്ടാണ്! 

സോര്‍സ്: വികിപീടിയ
https://en.wikipedia.org/wiki/The_Black_Book_of_Communism
https://en.wikipedia.org/wiki/Mass_killings_under_Communist_regimes

January 31, 2017

സമരത്തിന്റെ കേരള മോഡല്‍

"കുട്ടു സഖാവേ (കുട്ടുസ), ലോ ലാ അക്കാദമിയില്‍ പിള്ളേരെ പീഡിപ്പിക്കുന്നു, നിങ്ങടെ ചാനലിലെ കുശിനി കം അക്കാദമി പ്രിന്സിവാള്‍"
"ഏ? അതിനു അക്കേടെ ഡമ്മി അക്കാദമി തിരോന്തരത്തല്ലേ, അല്ലാതെ ഹൈദരാബാദ്/ദില്ലി/യുപി ഒന്നുമല്ലലോ?"

"അവിടോന്നുമല്ല, പത്മനാഭ ദേശത്ത് തന്നെ"
"അപ്പൊ പിന്നെ അതില്‍ രാഷ്ട്രീയം ഒന്നുമില്ല. അതൊരു കോളേജ് പ്രശ്നം മാത്രം"

"ദേശം വടക്ക് ആയിരുന്നെങ്കിലോ?"
"സംശല്യ, വെടക്കായേനെ. ഞങ്ങടെ ചെക്കനെ കൊണ്ട് 'അക്കാദമി മാന്‍ഗെ മൂവാണ്ടന്‍ മാന്‍ഗ, പീഡനം സെ' എന്ന് മുദ്രാവാക്യം വിളിപ്പിച്ചു, അടിപിടി കലാപം ഉണ്ടാക്കി, രണ്ടു മൂന്നു ബുജികളെ കൊണ്ട് അവാര്‍ഡ് തിരുപ്പി അനത്തിവിട്ടു ഞങ്ങള്‍ അര്‍മാദിച്ചെനെ"

"രാജ്യം കുട്ടിച്ചോരാക്കാന്‍ എന്താ രസം അല്ലെ?"
"യ യ, സോറി, അതല്ല. അവിടെ ഫാസിസം ആണല്ലോ, ഇവിടെ കമ്മിഊണിസം (നാട്ടാര്‍ക്ക്) ആണല്ലോ. അല്ലെ?.. ബാക്കി ബേബി അല്ലേല്‍ ന്യൂട്ടന്‍ സഖാക്കളോട് ചോദിക്കണം" 

"ഫ, അവന്റെ ഒക്കെ ഒരു സമരം!"   
"തോറ്റിട്ടില്ല,  തോറ്റിട്ടില്ല നായര്‍സാബ് തോറ്റ ചരിത്രം കേട്ടിട്ടില്ല"


"ഒന്ന് പോടാപ്പ"

November 21, 2016

വൈ.ഭൌ.വാ

"സഘാവേ, എന്താണീ വൈരുദ്ധ്യാത്മക ഭൌതിക വാദം?"
"അതായത് നമ്മള്‍ ഇപ്പോള്‍ ബി.ജെ.പി അടക്കമുള്ള സംഘ പരിവാര്‍ സവര്‍ണ്ണ ഹൈന്ദവ ഭീകരതക്കെതിരെയും, അവകാശ നിഷേധങ്ങള്‍ക്കെതിരെയും, എതിര്‍പ്പിന്റെ സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരേയും പടപൊരുതുകയാണല്ലോ"
"അതെ"
"ഈ അവസരത്തില്‍ ആരെങ്കിലും ഒരാള്‍ നമ്മളെ വിമര്‍ശിച്ചാല്‍ അല്ലെങ്കില്‍ നമ്മുടെ ശത്രുക്കളെ പിന്തുണച്ചാല്‍ അവര്‍ക്കെതിരെ നമ്മള്‍ പോരാടണം. പറ്റുമെങ്കില്‍ അയാളെ മ്മടെ മണിയാശാന്റെ ലിസ്റ്റില്‍ കേറ്റണം. ഇതാണ് വൈ.ഭൌ.വാ."
"ഇപ്പൊ മനസ്സിലായി. ഇനി ഹൈപ്പോതെട്ടിക്കല്‍ ആയി ഒരു സംശയം കൂടി ഉണ്ട് സഘാവേ. നമ്മുടെ നിലപാട് തെറ്റായിരുന്നു എന്ന് വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും?"
"ഇതിലെന്താ ഇത്ര ഹൈപ്പോതെറ്റിക്കല്‍? ഒരു പത്തോ പന്ത്രണ്ടോ വര്‍ഷം കഴിഞ്ഞു നാം നമ്മുടെ തെറ്റ് തിരുത്തും. നമ്മളെ പോലെ പക്വതയുള്ള പാര്‍ട്ടി വേറെ ഉണ്ടോ?"
"ഇല്ല സഘാവേ ഇല്ല. സിംഗിള്‍ പീസ്‌ ഐറ്റം അല്ലെ!"

September 26, 2016

ടാക്സ് ഫ്രീ ടെററിസം


തീവ്രവാദത്തിനു ഇറക്കുമതി ചുങ്കം (കസ്റ്റംസ് ഡ്യൂട്ടി) ഏര്‍പ്പെടുത്തകയും, മേക്-ഇന്‍-ഇന്ത്യയുടെ ഭാഗമായി ലോക്കല്‍ തീവ്രവാദികള്‍ക്കും, അവരുടെ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ക്കും പരോക്ഷ-പ്രത്യക്ഷ നികുതികളില്‍ ഇളവും നല്‍കിയാല്‍ പാകിസ്ഥാനില്‍നിന്നുമുള്ള നുഴഞ്ഞുകയറ്റം ഇല്ലാതാക്കാം എന്നാണു എനിക്ക് തോന്നുന്നത്. ഇവിടെ ചോദ്യം അരുണ്‍ ജെയ്റ്റ്ലീ ബീജെപിയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ വെടിഞ്ഞു ഇത്തരം തിരുമാനങ്ങള്‍ എടുക്കാനുള്ള ആര്‍ജവം കാണിക്കുമോ എന്നാണ്!

#ISupportTaxFreeTerrorism

August 28, 2016

ന്യൂനപക്ഷ നിയമങ്ങള്‍

1. അളവില്‍ കൂടുതല്‍ ഉള്ള ചില ന്യൂനപക്ഷങ്ങള്‍ അളവില്‍ കുറവുള്ള മറ്റു ന്യൂനപക്ഷങ്ങളെക്കാള്‍ ഒരു പടി കൂടുതല്‍ ന്യൂനപക്ഷങ്ങളാണ്.
2. ഇത്തരം അതിന്യൂനപക്ഷങ്ങളോഴിച്ച് ബാക്കി ന്യൂനപക്ഷങ്ങളെ (വിശിഷ്യ അതി-ന്യൂനപക്ഷങ്ങള്‍ക്ക്) ആര്‍ക്കും എന്തും പറയാം.
3. ഇത്തരം അധിക്ഷേപങ്ങള്‍ ഭൂരിപക്ഷ ഫാസിസമായി കണക്കാക്കില്ല.

June 06, 2016

ഒരു വിശദീകരണക്കുറിമാനം

"എന്നാലും നാണക്കേടായി അല്ലെ ബേബി സഖാവേ? ഫേസ്ബുക്കിലോന്നും കയറാന്‍ പറ്റുന്നില്ല!"

"എന്തു നാണക്കേട്? സഖാവ് ജയരാജന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. കാല്പനികമായ പ്രസ്താവന മനസ്സിലാക്കാനുള്ള ബുദ്ധി നമ്മുടെ നാട്ടുകാര്‍ക്ക് ഇല്ലാതെ പോയി"

"സഖാവ് എന്താ ഉദ്ദേശിച്ചേ?"

"ജയരാജന്‍ സഖാവ് (ജരാസ) പറഞ്ഞത് എന്താണ്? മുഹമ്മദ്‌ അലി അമേരിക്കയില്‍ വെച്ച് മരണപ്പെട്ട വിവരം ഇപ്പോള്‍ അറിഞ്ഞു എന്നും അദ്ദേഹം കേരളത്തിനു വേണ്ടി മെഡലുകള്‍ നേടിയിട്ടുള്ള മഹാന്‍ ആയിരുന്നു എന്നുമല്ലേ?"

"അതെ"

"ഇനി ശ്രദ്ധിക്കു ബുദ്ധി കുറഞ്ഞ ജൂനിയര്‍ സഖാവെ. മുഹമ്മദ്‌ അലി ചെറുപ്പത്തില്‍ ഒളിമ്പിക്സ് സ്വര്‍ണം നേടിയതിനു ശേഷവും കൂടി അമേരിക്കയില്‍ വര്‍ണ്ണവെറിക്ക് ഇരയായിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ശരീരം മാത്രമെ അമേരിക്കയില്‍ ഉണ്ടായിരുന്നുള്ളൂ എന്നും, മനസ്സ് എല്ലായ്പ്പോഴും അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെ ആയിരുന്നു. വര്‍ണ്ണ വിദ്വേഷത്തില്‍ അരിശം പൂണ്ടിട്ടാണ്  സഖാവ്  മതം മാറുന്നത് തന്നെ. ഇതില്‍ നിന്നും അദ്ദേഹം മുതലാളിത്തത്തില്‍ അധിഷ്ഠിതമായ ആര്യന്‍ മേല്‍ക്കോയ്മ സിദ്ധാന്തത്തിനും, പൌരോഹിത്യ ജീര്‍ണ്ണതകള്‍ക്കുമെതിരെ പട പൊരുതിയ   ഇടതുക്ഷ സഹയാത്രികന്‍ ആയിരുന്നു എന്ന് മനസ്സിലാക്കാം. കൂടാതെ കേരളത്തിന്റെ എച്.ഡി.ഐ യും അമേരിക്കയുടെ എച്.ഡി.ഐ യും ഏകദേശം ഒരേ പോലെ ആയതുകൊണ്ട് അമേരിക്ക തന്നെ കേരളം; കേരളം തന്നെ അമേരിക്ക എന്നദ്ദേഹം വിവക്ഷിച്ചിരിക്കുന്നു. സംസ്കൃത കവിയായിരുന്ന കാളിദാസന് ശേഷം ഇത്ര കാല്പനികമായ ഉപമാ പ്രയോഗങ്ങള്‍ വേറെ ആരും നടത്തിയിട്ടില്ല"

"അപ്പൊ മെടല്‍?"

"തോക്കില്‍ കേറി വെടി വെക്കല്ലേ. പറയട്ടെ. അദ്ദേഹം ഇടതുപക്ഷ സഹയാത്രികന്‍ ആയിരുന്നു എന്ന് ആദ്യമേ പറഞ്ഞല്ലോ. അദ്ദേഹത്തിന്റെ ഇടികളില്‍ ആവേശം കൊണ്ട കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അതുവരെ ഒരു നാടന്‍ കലാരൂപമായ നാടന്‍ തല്ലിന് ശാസ്ത്രീയമായ ചിട്ട വട്ടങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ ഭലമാണ് ഇന്നു കണ്ണൂരിലും മറ്റു പാര്‍ട്ടി ഗ്രാമങ്ങളിലും കാണുന്നത്. അതിനു ശേഷം എത്ര പേരെ നമ്മള്‍ ഇടതു തത്വചിന്തകള്‍ അടിച്ചു പഠിപ്പിചിരിക്കുന്നു!!  അതൊന്നും മെടല്‍ അല്ലെ? ഇനി കുറച്ചു കൂടി ഉപരിപ്ലവമായി ചിന്തിച്ചാല്‍ അദ്ദേഹത്തിന്റെ ഇടികളില്‍ ആകൃഷ്ടരായ യുവജനങ്ങള്‍ ഇപ്പോഴും ബോക്സിംഗ് എന്ന കല അഭ്യസിക്കാന്‍ കൂട്ടത്തോടെ ജിമ്ഘാനകളില്‍ ചേരുന്നു. ഈയടുത്ത് തൃശ്ശൂരില്‍ പോയപോള്‍ അവടെ ഞാന്‍ കണ്ടതാണ് പിള്ളേര്‍ ബോക്സിംഗ് പരിശീലിക്കുന്നത്. സംഗതി ഒളിമ്പിക്സ് പോലുള്ള കായിക മാമാങ്കങ്ങള്‍ കുത്തക മുതലാളിത്തത്തിന്റെ വേറൊരു മുഖമാനെങ്കിലും, ഇപോഴത്തെ കാലത്ത് ബൂര്‍ഷ്വായെ തോല്‍പ്പിക്കാന്‍ അവനെക്കാള്‍ വലിയ ബൂര്‍ഷ്വാ ആകാതെ തരമില്ലലോ!"

"ഓ, അങ്ങനെ!"

"അതുകൊണ്ട് തന്നെ ജരാസ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. കുത്തക മുതലാളിത്ത മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒളിഞ്ഞിരുന്ന സത്യത്തെ  കാണാനുള്ള ബോധം ഉണ്ടായില്ല എന്നത് ജരാസയുടെ കുഴപ്പമല്ല. ശക്തനായ അദ്ദേഹത്തെ വിലകുറച്ച് ചിത്രീകരിക്കെണ്ടാത് അവരുടെ ആവശ്യമായിരുന്നു. നമ്മള്‍ ഇവരുടെ കുത്സിത തന്ത്രങ്ങളില്‍ വീണുപോകരുത്. ജരാസ ഒരിക്കലും അത്തരം ഒരു നേതാവേ അല്ല!"

"സഖാവിന്റെ കണ്ണ് തുറപ്പിച്ചു!"




March 05, 2016

വിദ്യാര്‍ത്ഥി നേതാവ്

"അച്ചുമ്മാന്‍ എങ്ങോട്ടാ ബാഗും വാട്ടര്‍ ബോട്ടിലും ഒക്കെ ആയി?
"ഞാന്‍ കോളേജില്‍ ചേരാന്‍ പോകാ... മ്മടെ ജെ.എന്‍.യുവിലെ"
"ആഹാ, എന്താ അവിടെ പഠിക്കുന്നെ?"
"ബംഗാളിന്റെ സാമ്പത്തിക വികസനത്തില്‍ കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് എന്നാ വിഷയത്തില്‍ പി.എച്.ഡി എടുക്കാനാ പ്ലാന്‍"
"ഈ പ്രായത്തിലോ? കൊള്ളാം.. സാറിന്റെ പഠിക്കാനുള്ള ആവേശം കൊള്ളാം"
"ഒലക്ക. ഇവിടെ നിന്നാല്‍ അവര്‍ അടുത്ത ഇലക്ഷനില്‍ സീറ്റ് തരുമോ എന്നാ കാര്യത്തില്‍ ഒരു ഉറപ്പുമില്ല. അവിടെ ആണേല്‍ എസ്.എഫ്.ഐയില്‍ ഒന്ന് കൂടി പയറ്റാം. അടുത്ത യൂണിയന്‍ ചെയര്‍മാന്‍ ഞാനാകും!"
"ലാല്‍ സലാം സഖാവേ"
"ലാല്‍ അല്ല ഓന്‍ ഇപ്പൊ സംഘി അല്ലെ, ക്യാഷിക് അബു സലാം, അങ്ങനെ പറയെടോ!"

"അപ്പൊ ക്യാഷിക് സലാം!" 

March 04, 2016

നമുക്ക് വേണം സ്വാതന്ത്ര്യം

നമുക്ക് വേണം സ്വാതന്ത്ര്യം
എതിരാളികളെ ഉപ്പും ചാക്കില്‍ കുഴിച്ചിടുന്നവരില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്യം
രാജ്യദ്രോഹികളുടെ ചെരുപ്പു നക്കികളില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്ര്യം
കുടുംബ വാഴ്ചയില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്ര്യം
കപട മതേതരത്വത്ത്തില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്ര്യം
നുണ വിളമ്പുന്ന പത്ര മാധ്യമങ്ങളില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്ര്യം
ജോലിക്കായ് പ്രവാസികള്‍ ആക്കിയവരില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്ര്യം
പാര്ളമെന്റ് സ്തംഭനങ്ങളില്‍ നിന്നും   
നമുക്ക് വേണം സ്വാതന്ത്ര്യം
കമ്മ്യൂണിസത്തില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്യം
ഗാന്ധി കുടുബ കൊണ്ഗ്രസില്‍ നിന്നും

നമുക്ക് വേണം സ്വാതന്ത്ര്യം

December 10, 2015

നാഷണല്‍ ഹെറാള്‍ഡ് ചുരുളഴിയുമ്പോള്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ച് ഉലച്ചുകൊണ്ടിരിക്കുന്ന ഒരു വിവാദമാണല്ലോ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസ്. മീഡിയയില്‍ വരുന്ന വിവരങ്ങള്‍ മുഴുവന്‍ വിശ്വസിക്കാന്‍ പ്രയാസമുല്ലതുകൊണ്ടും, കേസിലെ പ്രമുഖ രണ്ടു കക്ഷികള്‍ ലിമിടഡ് കമ്പനികള്‍ ആയതുകൊണ്ടും ഒരു ചെറിയ അന്വേഷണം നടത്താന്‍ ഞാന്‍ തിരുമാനിച്ചു, എന്റെ അന്വേഷണത്തില്‍ കണ്ട വസ്തുതകള്‍ താഴെ കൊടുക്കുന്നു.

1. ദി അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്
1937ല്‍ സ്ഥാപിതമായ ഒരു ലിമിറ്റഡ് കമ്പനി (അനെക്സ് 1) ലെറ്റര്‍ ഹെഡ് പ്രകാരം നാഷണല്‍ ഹെറാള്‍ഡ് എന്ന ഇംഗ്ലീഷ് ദിന പത്രവും, ഖ്വാമി ആവാസ് എന്ന ഉറുദു ദിനപത്രവും അവര്‍ പബ്ലിഷ് ചെയ്യുന്നുണ്ട്. (അനെക്സ് 6). ഇന്നത്തെ (10-12-15) നില പ്രകാരം ശ്രീ.മോത്തിലാല്‍ വോറ ആണ് കമ്പനിയുടെ എം.ഡി. കമ്പനിയുടെ ഡയരക്ടര്‍മാരുടെ ലിസ്റ്റ് അനെക്സ് 2 ആയി കൊടുത്തിരിക്കുന്നു.

2. യങ്ങ് ഇന്ത്യന്‍
2010 നവമ്പര്‍ മാസം സ്ഥാപിതമായ ഒരു 'സെക്ഷന്‍ 25' ലിമിറ്റഡ് ബൈ ഗാരന്ടീ കമ്പനി (അനക്സ് 3). ലാഭെഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങലാണ് കമ്പനി നിയമത്തിലെ സെക്ഷന്‍ 25 പ്രകാരം സ്ഥാപിക്കുന്നത്. കമ്പനിയുടെ പ്രഥമ ലക്‌ഷ്യം ഇന്ത്യയിലെ യുവ ജനങ്ങളുടെ മനസ്സില്‍ ജനാധിപത്യ/മതേതര ചിന്തകള്‍ വളര്‍ത്തുക എന്നതാണ് (അനക്സ് 4). ശ്രീ സുമന്‍ ദുബെ, ശ്രീ സാം പിട്രോട എന്നിവരാണ് കമ്പനിയുടെ സ്ഥാപകര്‍. സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും (യഥാക്രമ 2011ഉം, 2010ഉം മുതല്‍)  ഈ കമ്പനിയുടെ ആറു ഡയരക്ടര്‍മാരില്‍ രണ്ടു പേര്‍ ആണ് (അനക്സ് 5). കമ്പനിയുടെ ബാക്കിയുള്ള നാല് ഡയരക്ടര്‍മാര്‍ ദി അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിലും ഡയരക്ടര്‍മാര്‍ ആണ്.

3. കേസിനാസ്പദമായ സംഭവം 
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  ദി അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്കു 90കോടിയോളം രൂപ ലോണ്‍ കൊടുത്തിരുന്നു. പ്രസ്തുത ലോനിന്മേല്‍ ഉള്ള അവകാശം  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്ടീയ പാര്‍ട്ടി 'യങ്ങ് ഇന്ത്യന്‍' എന്ന കമ്പനിക്ക് എഴുതി നല്‍കുന്നു. അങ്ങനെ 'യങ്ങ് ഇന്ത്യന്' അസോ.ജേര്‍ണല്‍സ് കൊടുക്കേണ്ട സംഖ്യ (Rs 902168980/-) പണമായി നല്‍കുന്നതിനു പകരം കമ്പനിയുടെ  പത്ത് രൂപ മുഖവിലയുള്ള  90216898 ഷെയറുകള്‍ ആയി നല്‍കുന്നു (അനക്സ്  6). യങ്ങ് ഇന്ത്യയുടെ 2012 മാര്‍ച്ച് മാസം 31നു അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ബാലന്‍സ് ഷീറ്റും, അനുബന്ധ അക്കൌണ്ടിംഗ് പോളിസികളും പരിശോധിച്ചത്തില്‍ നിന്നും പ്രസ്തുത അവകാശം ലഭിക്കാന്‍ അമ്പത് ലക്ഷമാണ് നല്‍കിയത് എന്ന് വ്യകതമായി (അക്കൌണ്ടിങ്ങ് പോളിസി - അനക്സ് 7). അസോ.ജേര്‍ണലിന്റെ ഫിക്സഡ് അസറ്റുകളുടെ (ഇതില്‍ അധികവും 'നിലം' ആണ്) മുഖവില (31/03/2014നു) ഏകദേശം 65 കോടി രൂപയോളം  വരും. അസോ.ജേര്‍ണലിന്റെ ഉടമസ്ഥതയില്‍ ഉള്ള ഈ വസ്തു വാഹകള്‍ക്ക് ഉദ്ദേശം 2000 കോടി രൂപയോളം വില കംപോളത്തില്‍ ലഭിക്കും എന്നാണു ശ്രീ സുബ്രമണ്യന്‍ സ്വാമി പറയുന്നത്. അങ്ങനെ ആയിരക്കണക്കിന് കോടി രൂപ വിലയുള്ള വഹകള്‍ കേവലം അമ്പത് ലക്ഷത്തിനു ഗാന്ധി കുടുമ്പം അടിച്ചു മാറ്റി എന്നും അദ്ദേഹം പറയുന്നു.

4. ഗാന്ധികുടുംബവുമായുള്ള ബന്ധം
ഇപ്പോള്‍ അസോ.ജേര്‍ണലിന്റെ 98.98% ഓഹരികള്‍ കൈവശമുള്ള യങ്ങ് ഇന്ത്യ എന്ന കമ്പനിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കൂടി 76% ഓഹരികള്‍ ഉണ്ട് (അനക്സ് 8). അതായത് അസോ.ജേര്‍ണലിന്റെ നിയന്ത്രണം പരോക്ഷമായി ഗാന്ധി കുടുംബത്തിനാണ്‌ എന്ന് വ്യക്തം. ഇതുകൂടാതെ രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ട്രസ്റ്റികള്‍ ആയിട്ടുള്ള രണ്ടു ട്രസ്റ്റുകളും കൂടി അസോ.ജേര്‍ണലിന്റെ 0.34% ഓഹരികള്‍ കൈവശം വെക്കുന്നുണ്ട്. അതായത് അസോ. ജേര്‍ണലിന്റെ 99.32% ശതമാനം ഓഹരികളും നിയന്ത്രിക്കുന്നത് ഗാന്ധി കുടുംബം ആണ്.

5. സംശയങ്ങള്‍ 
(എ) 2010 നവമ്പര്‍ മാസം ഇന്ത്യയിലെ യുവ ജനങ്ങളുടെ മനസ്സില്‍ ജനാധിപത്യ/മതേതര ചിന്തകള്‍ വളര്‍ത്തുക എന്ന ലക്ഷ്യവുമായി സ്ഥാപിതമായ യങ്ങ് ഇന്ത്യ എന്ന കമ്പനി മൂന്നുമാസങ്ങള്‍ക്കുള്ളില്‍ അസോ.ജേര്‍ണല്‍ എന്ന നഷ്ടത്തില്‍ ഓടുന്ന പത്രക്കമ്പനിയെ വിഴുങ്ങുന്നു. എന്തിന്? പത്രം വീണ്ടും തുടങ്ങാന്‍ ആണെങ്കില്‍ ഇത്രയും കാലമായി അതിനു വേണ്ട എന്തെങ്കിലും പ്രവര്‍ത്തികള്‍ അവര്‍ ചെയ്തോ?
(ബി) സ്ഥാപിതമായി നാല്പത് ദിവസത്തിനുള്ളില്‍ സോണിയയും രാഹുലും യങ്ങ് ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങി ഡയരക്ടര്‍മാരായി നിയമിക്കപ്പെടുന്നു. എന്തിനു?
(സി) കോണ്ഗ്രസ് പാര്‍ട്ടി അതിനു കിട്ടാനുള്ള 90 കോടി രൂപ കേവലം 50 ലക്ഷത്തിനു പാര്‍ട്ടി പ്രസിഡന്ടും മകനും നിയന്ത്രിക്കുന്ന കമ്പനിക്ക് എന്തിനു നല്‍കി?
(ഡി) ഈ തിരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിരുന്നോ? ജനങ്ങളില്‍ നിന്നും പിരിക്കുന്ന ഫണ്ട് ആണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്നത്. അങ്ങനെ പൊതു ജനങ്ങളുടെ പണം ലോണ്‍ ആയി ഒരു സ്വകാര്യ ബിസിനസ് സ്ഥാപനത്തിനു നല്‍കാമോ? അഥവാ നല്‍കിയാല്‍ തന്നെ ഇത്ര ബാലിശമായി അതിനെ കൈകാര്യം ചെയ്യാമോ?

ഇത്രയും കേട്ടതില്‍ നിന്നും കേസില്‍ ദുരൂഹത ഉണ്ടെന്ന കോടതിയുടെ നിരീക്ഷണം ശരിയാണോ എന്ന് നിങ്ങള്‍ തന്നെ ആലോചിക്കു.

(ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ വിവരങ്ങളും കമ്പനി മന്ത്രാലയത്തിന്റെ സൈറ്റില്‍ നിന്നും എടുത്തിട്ടുള്ളതാണ്  (http://www.mca.gov.in/). സൈറ്റില്‍ ലോഗിന്‍ ചെയ്‌താല്‍ ആര്‍ക്കും ഈ രേഖകള്‍ ലഭിക്കുന്നതാണ്)