ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ മാതൃരാജ്യമായ ചൈനയില്‍ വളരെ സുപ്രധാനമായ ഭരണഘടനാ ഭേദഗതി വരുത്താന്‍ പാര്‍ട്ടി (ജനങ്ങളല്ല) തിരുമാനിച്ചത്രെ. ഒരു വ്യക്തി തുടര്‍ച്ചയായി രണ്ടു തവണയില്‍ (മൊത്തം പത്ത് വര്‍ഷം) കൂടുതല്‍ പ്രസിഡന്റ്/ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കരുത് എന്ന വ്യവസ്ഥയാണ് പാര്‍ട്ടി പ്ലീനം കൂടി ഒഴിവാക്കാന്‍ തിരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന് അധികാരത്തില്‍ തുടരാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു ഭേദഗതി വരുത്തുന്നത്രേ. ഇതോടെ 2023ല്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഷി ചിന്‍ അതുകഴിഞ്ഞാലും പ്രസിഡന്റ് പദവിയില്‍ "പരമോന്നത നേതാവ്" ആയി തുടരും എന്ന് ഏകദേശം ഉറപ്പായി.
ഏക ദൈവ വിശ്വാസം എന്ന പോലെ 'ഏക നേതാവില്‍ വിശ്വാസം' എന്നത് കമ്മ്യൂണിസ്റ്റുകളുടെ അടിസ്ഥാന സ്വഭാവമാണ്. കാലാകാലങ്ങളില്‍, പൌരസ്ത്യ-പാശ്ചാത്യ ദേശങ്ങളില്‍ എവിടെയൊക്കെ കമ്മ്യൂണിസം ഭരണം പിടിച്ചെടുത്തിട്ടുണ്ടോ, അവിടെ ഒക്കെ ഇതുപോലുള്ള "പരമോന്നത നേതാവ്" അവതാരം എടുത്തിട്ടുണ്ട്. രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനാണ് എന്ന് വിശ്വസിപ്പിച്ചിരുന്ന പുരാതന രാജവംശങ്ങളെ പോലെ ഇവിടങ്ങളില്‍ ഒക്കെ ഈ നേതാവിന്റെ അധികാരം അനിഷേധ്യമായി തുടരുന്നു. ചില സ്ഥലങ്ങളില്‍ ഇതുപിന്നെ കുടുംബ വാഴ്ചയിലേക്ക് പരിണമിക്കുന്നു. ഇത്തരം ചുവപ്പ് മേലങ്കിയണിഞ്ഞ ദൈവങ്ങള്‍ എന്ത് വൃത്തികേടുകള്‍ ചെയ്താലും അതൊക്കെ അപദാനങ്ങളായി വാഴ്ത്തിപാടി നടക്കാന്‍ പാവം അണികള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇതാണ് നാട്ടുനടപ്പ്. മാവോ ഭീകരതയ്ക്ക് ശേഷം ചൈനയിലെ പുതിയ അവതാരമാകാന്‍ ശ്രമിക്കുകയാണ് ഷി ചിന്‍.
ഇന്ത്യയെ സംബന്ധിച്ചു ചൈനയിലെ രാഷ്ട്രീയചലനങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പാകിസ്ഥാനേക്കാള്‍ ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണി ചൈനയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും, ഏകാധിപത്യ സ്വഭാവമുള്ള ഭരണ സംവിധാനവും ചൈനയെ അക്ഷരാര്‍ധത്തില്‍ ഇന്ത്യയുടെ തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്ന ഡെമോക്ലീസിന്റെ വാളാക്കി മാറ്റിയിരിക്കുന്നു. ഇപ്പോള്‍ ഒരു പുതിയ 'ഏകാധിപതി'യുടെ ഉദയം ഒരിക്കലും നമ്മുടെ സുരക്ഷക്ക് ഗുണം ചെയ്യില്ല. ഇന്ത്യയെ പൂട്ടാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നെയ്യുന്ന വല കൂടുതല്‍ മുറുകും എന്നത് സംശയമില്ലാത്ത കാര്യമാണ്.
മറ്റു രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍, പണം കൊണ്ടും, ആയുധ ബലം കൊണ്ടും, നിര്‍ത്തുന്ന അതെ തന്ത്രം തന്നെയാണ് ചൈന ഇന്ത്യന്‍ കമ്മ്യൂനിസ്റ്റുകളോടും ചെയ്യുന്നത്. അവരുടെ പാര്‍ട്ടി ആപ്പീസുകളില്‍ സമ്മാനവുമായി ചൈനീസ് ഉദ്യോഗസ്ഥര്‍ ചെന്നിട്ടു അധികകാലമായിട്ടില്ല. അതിന്റെ നന്ദി എന്നവണ്ണം പല നേതാക്കളും ചൈന പ്രേമം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചൈനക്ക് എന്നും സ്വന്തം കാര്യം മാത്രമേ പ്രധാനമായുള്ളൂ എന്ന് ഈ മണ്ടന്മാര്‍ എന്ന് മനസ്സിലാക്കുമെന്തോ! ചൈനയുടെ വളര്‍ന്നുവരുന്ന സാമ്പത്തിക-സൈനിക ശക്തിക്ക് എതിര് നില്‍ക്കുന്ന ഇന്ത്യയെ ഏതുവിധേനയും തകര്‍ക്കുക എന്നത് മാത്രമാണ് അവരുടെ ചിന്ത. അതുകൊണ്ട് തന്നെ ഒരു കൈ ആയുധത്തില്‍ വെച്ച് മാത്രമേ ഇവരുമായി കൈകൊടുക്കാന്‍ സാധിക്കു. ഇന്ത്യയുടെ വിദേശകാര്യ നയങ്ങളും ഈ ഒരു ചിന്തയില്‍ നിന്നും ഉരുതിരുഞ്ഞു വന്നതായാണ് എനിക്ക് തോന്നുന്നത്. അതില്‍ വെരളി പൂണ്ടു കുരക്കുന്ന ചൈനയുടെ വളര്ത്തുപട്ടികള്‍ അവര്‍ക്ക് കിട്ടുന്ന എല്ലിന്‍ കഷ്ണങ്ങളെ കുറിച്ച് മാത്രമേ ചിന്തയുള്ളു.
ഏതായാലും ചൈനയുടെ പുതിയ 'രാജാവ്' എത്രകാലം ഭരണത്തില്‍ ഉണ്ടാകും എന്ന് കാത്തിരുന്നു കാണാം!