December 31, 2012
പുതുവത്സരാശംസകള്‍
നിമിഷങ്ങളില്‍ നിന്ന് നിമിഷങ്ങളിലേക്കുള്ള നിലക്കാത്ത പാച്ചിലിനിടയില്‍ സൂര്യന്‍ ഉദിച്ചപ്പോള്‍ അനന്തമായ കാലത്തിനെ അളക്കാന്‍ മനുഷ്യന്‍ നിര്‍മിച്ച കണക്കുപുസ്തകത്തില്‍ ഒരു പുതിയ വര്‍ഷവും ഒപ്പം പിറവിയെടുത്തിരിക്കുന്നു. സന്തോഷവും സങ്കടവും കണ്ണുനീരും ചിരികളും ഒക്കെ ആയി കഴിഞ്ഞുപോയ ദിനങ്ങളെ വീണ്ടും പകര്‍ത്തി എഴുതാന്‍ വെള്ള പേജില്‍ നീല വരയിട്ട , പുതുമയുടെ നറുമണം മാറാത്ത ഒരു പുതിയ കണക്ക് പുസ്തകം. എഴുതുവാന്‍ ഏറെ ഉണ്ടാകും; ഉണ്ടാകണം. പിന്നീട് ഒരുകാലത്ത് മറിച്ചു നോക്കുമ്പോള്‍ മുഖത്തൊരു ചിരി വിടര്‍ത്തുന്ന, സന്തോഷത്തിന്റെ മഷിരേഖകള്‍ പതിഞ്ഞ താളുകള്‍ ആവണം അതില്‍..അല്ലാത്തവ ഒഴുകിയിറങ്ങിയ കണ്ണുനീര്‍ ചാലുകളില്‍ കടലാസു വഞ്ചികളായി ഒഴുകി നടക്കട്ടെ.
December 15, 2012
November 25, 2012
ഡെറാഡൂണ്‍ യാത്ര: ഒന്നാം ഖണ്ഡം - നഗരം
രണ്ടു പ്രൊപ്പെല്ലറുകള്‍ ഉള്ള എയര്‍ ഇന്ത്യയുടെ ചെറു വിമാനം ജോളിഗ്രാന്‍റ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ സമയം വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു. രാവിലെ 5 മണിക്ക് തുടങ്ങിയ യാത്രയാണ്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ദേവഭൂമിയിലേക്ക്. വനത്തിന്റെ നടുക്ക് കുന്നുകള്‍ക്കിടയില്‍ ഒരു വിമാനത്താവളം: അതാണ് ഡെറാഡൂണിലെ ജോളിഗ്രാന്‍റ്. കേവലം ഒരു ചെറിയ കെട്ടിടം മാത്രമുള്ള, ഈ അടുത്തകാലത്ത് പുതുക്കി പണിത ഒരു ചെറിയ എയര്‍പോര്‍ട്ട്. അവിടെ നിന്നും ഡെറാഡൂണിലേക്ക് ഏകദേശം 30 കിലോമീറ്റര്‍ റോഡുമാര്‍ഗ്ഗം സഞ്ചരിക്കണം.ഡെറാഡൂണ്‍ വിമാനത്താവളം എന്നാണു ഔദ്യോഗികമായി അറിയപ്പെടുന്നതെങ്കിലും ഋഷികേഷ് ആണ് വിമാനത്താവളത്തിനു കൂടുതല്‍ അടുത്ത് കിടക്കുന്ന നഗരം. ജോളിഗ്രാന്റില്‍ നിന്നും ഡെറാഡൂണ്‍ വരെയുള്ള 30 കിലോമീറ്റര്‍ പാതയാണ് ആദ്യമായി കേരളത്തെ ഓര്‍മിപ്പിച്ചത്: കുണ്ടും കുഴിയും നിറഞ്ഞ, വൃത്തിയൊട്ടും തന്നെ ഇല്ലാത്ത ചെറു ഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന വീതി കുറഞ്ഞ ഒരു പാത. വനത്തിനുള്ളില്‍ കൂടി കടന്നു പോകുന്ന ഭാഗങ്ങളില്‍ പാതയുടെ ഇരു വശവുമായി കുരങ്ങന്മാരുടെ സംഘങ്ങള്‍ കറങ്ങി നടക്കുന്നത് കാണാം.വിമാനത്തിനുള്ളില്‍ന്നും നോക്കിയപ്പോള്‍ പച്ച പുതച്ച കൃഷിയിടങ്ങള്‍ പോലെ തോന്നിയ ഭൂപ്രദേശങ്ങള്‍ കുറ്റിച്ചെടികള്‍ മാത്രം വളരുന്ന തരിശുനിലങ്ങളായി രൂപാന്തരപ്പെട്ടു. ചതുരക്കട്ടകള്‍പോലെയുള്ള ഒന്നോ-രണ്ടോ നിലകളുള്ള നിര്‍മ്മിതികള്‍ അവിടെ ഇവിടെയായി ചിതറി കിടക്കുന്നു. 30 കി.മി ദൂരം താണ്ടാന്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന പഴയ അമ്പാസഡര്‍ കാര്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുത്തു. ജോലിസ്ഥലത്തിന്റെ അടുത്ത് തന്നെയുള്ള ഒരു ചെറു ഹോട്ടലില്‍ മുറി എടുത്ത് ഞങ്ങള്‍ ഡെറാഡൂണ്‍ വാസം തുടങ്ങി...
സ്വര്‍ണ്ണ നിറമുള്ള ഭാരമേറിയ കീചെയിനില്‍ തൂങ്ങി കിടക്കുന്ന താക്കോല്‍ റിസപ്ഷന്‍ ഡിസ്കില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന ചൌഹാനെ ഏല്‍പ്പിച്ചു ഇന്ദ്രലോകത്തില്‍ നിന്നും ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞു ഉത്തരാഖണ്ട സംസ്ഥാനത്തിന്റെ സെക്രട്ടെറിയേട്ടിന് മുന്‍പില്‍കൂടി ഏകദേശം ഒരു കിലോമീറ്റര്‍ നടന്നാല്‍ എത്തിച്ചേരുന്ന ജന്‍ക്ഷനും കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു നടന്നാല്‍ ആണ് എന്റെ താത്കാലിക ജോലി സ്ഥലം. ഒരു രാജപാതയുടെ ഗമ ഒട്ടും തന്നെ ഇല്ലാത്ത ഈ രാജ്‌പുര്‍ റോഡിന്റെ ഇരു വശവും അന്താരാഷ്ട്ര വസ്ത്ര കച്ചവടക്കാരുടെയും, ഫാസ്റ്റ് ഫുഡ് കമ്പനിക്കാരുടെയും കച്ചവടസ്ഥാപനങ്ങള്‍ ആണ്. ഡെറാഡൂണ്‍ ഇത്രമാത്രം 'പുരോഗമിച്ചിട്ട്' ഏകദേശം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മാത്രമേ (കൃത്യമായി പറഞ്ഞാല്‍
ഉത്തരാഖണ്ട സംസ്ഥാനം രൂപീകൃതമായതിന് ശേഷം) ആയിട്ടുള്ളൂ എന്ന് വിനീത് പറഞ്ഞത് ഓര്‍ത്തു. അതിനു മുമ്പ് യു.പി.യിലെ ഒരു ചെറിയ പട്ടണം മാത്രമായിരുന്നത്രേ ഡെറാഡൂണ്‍ . പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം ആയപ്പോള്‍ വസ്തു കച്ചവടത്തിലൂടെ കോടികള്‍ കൊയ്തവരും, രാഷ്ട്രീയ സ്വാധീനമുള്ള കച്ചവട രാജാക്കന്മാരും, ഇവിടെ തമ്പടിച്ചത്തിന്റെ ഭലമായാണ് ഡെറാഡൂണിനു ഇങ്ങനെ ഒരു മാറ്റം സംഭാവിച്ചത്രേ. ലക്ഷങ്ങള്‍ ഫീ വാങ്ങുന്ന ബോര്‍ഡിംഗ് സ്കൂലുകളിലം കോളേജുകളിലും ഉത്തരേന്ത്യയിലെ വരേണ്യ വിഭാഗത്തിന്റെ പുതു തലമുറ വിദ്യാഭ്യാസം നേടാന്‍ വന്‍തോതില്‍ എത്തി ചേരുന്നതും ഇപ്രകാരം ഒരു മാറ്റത്തിന് കാരണം ആയിട്ടുണ്ടാകും. പുറമേ കാണുന്ന ഈ 'പുരോഗതി'യില്‍ കണ്ണ് മഞ്ഞളിച്ചില്ലെങ്കില്‍ റോഡില്‍ ചായയും, ചോളവും, ആപ്പിളും ഒക്കെ വിറ്റ് നിത്യവൃത്തി കഴിക്കുന്ന, അന്നും ഇന്നും ദാരിദ്ര്യത്തില്‍ മാത്രം കഴിയുന്ന തദ്ദേശവാസികളെ നമുക്ക് കാണാം; വിദ്യാഭ്യാസത്തിനു പേര് കേട്ട ഡെറാഡൂണില്‍ അന്നത്തെ അന്നത്തിനു വേണ്ടി അധ്വാനിക്കുന്ന അനവധി ബാല്യങ്ങളെ കാണാം; ഭാരതത്തെ കാണാം.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും ഏറെ പുരോഗതി പ്രാപിച്ച പട്ടണം ആണ് ഡെറാഡൂണ്‍ എങ്കിലും അലക്ഷ്യമായി വണ്ടി ഓടിക്കുന്ന കാര്യത്തില്‍ പട്ടണ നിവാസികള്‍ കേരളത്തിലെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷക്കാരെയും കടത്തി വെട്ടും. വണ്‍ വേ തെറ്റിച്ച് റോങ്ങ് സൈഡില്‍ കൂടി വണ്ടി ഓടിക്കുന്നത് ജാതി-മത-ലിംഗ-പ്രായ ഭേദമന്യേ ഇവിടത്തുകാരുടെ ഒരു ഇഷ്ട വിനോദമാണ്. വാഹനം ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടുക എന്നത് അഭിമാനപ്രശ്നമായാണ് ഇവര്‍ കണക്കാക്കുന്നത്. ഒതുക്കി ഇടാന്‍ സ്ഥലം ഉണ്ടെങ്കിലും വണ്ടി റോഡില്‍ തന്നെ പാര്‍ക്ക് ചെയ്യണം എന്നതും ഇവര്‍ക്ക് നിര്‍ബന്ധമാണ്. വണ്ടി ഓടിക്കുമ്പോള്‍ SMS അയക്കുന്നവരും, ഫോണില്‍ സംസാരിക്കുന്നതും ഒരു പ്രശ്നമേയല്ല. അതുകൊണ്ട് തന്നെ ഹോട്ടലില്‍ നിന്നും ജോലിസ്ഥലം വരെയുള്ള ഏകദേശം ഒരു കി.മി ദൂരം അപകടം ഒന്നും വരാതെ നടന്നു തീര്‍ക്കുക എന്നത് അല്പം സാഹസികമായ ഒരു ഉദ്യമം ആണെന്ന് ഇവിടെ എത്തി ഒരാഴ്ച കഴിയുമ്പോഴേക്കും ഞങ്ങള്‍ തിരിച്ചറിഞ്ഞു.
കുന്നുകളാലും മലകളാലും ചുറ്റപ്പെട്ട ഒരു നഗരമാണ് ഡെറാഡൂണ്‍ എന്നതുകൊണ്ട് തന്നെ താരതമ്യേനെ കേരളത്തെ അനുസ്മരിക്കുന്ന പ്രകൃതിയും കാലാവസ്ഥയുമാണ് ഇവിടെ. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സംഭാവനയായ കാലാവസ്ഥാവ്യതിയാനങ്ങള്‍ ഇവിടത്തെ പ്രകൃതിയേയും ബാധിച്ചിട്ടുണ്ട് എന്ന് വിമാനത്തില്‍ നിന്നും ദൃശ്യമായ ഉണങ്ങി വരണ്ടു കിടക്കുന്ന നദീതടങ്ങള്‍ സൂചിപ്പിക്കുന്നു. മണ്‍സൂണിന്റെ അന്ത്യ പാദം ആയിട്ടുകൂടി പല നീര്‍ച്ചാലുകളും ഉണങ്ങി വരണ്ടു തന്നെ കിടക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഗംഗാ നദി പുരാണങ്ങളിലെ സരസ്വതി നദിയെ പോലെ ഒരു യുഗത്തിന്റെ ഓര്‍മ്മയായി മാറാനും, ഹരിദ്വാരിലെക്കുള്ള യാത്രയില്‍ കണ്ട ഹരിതാഭമായ വനഭൂമി ഒരു മരുഭൂമിയാകാനും അധികം കാലം എടുക്കില്ല.
November 16, 2012
കശാപ്പ്
രണ്ടു ദിവസം മുമ്പ് തന്നെ ഒരു ഓട്ടോറിക്ഷയില്‍ അവരെ വീട്ടിലേക്ക് കൊണ്ട് വന്നു. സാധാരണ ഓട്ടോക്കാരനുമായി തമ്മില്‍ തല്ലിയിരുന്ന അയാള്‍ അന്ന് പതിവ് തെറ്റിച്ചു ഒരക്ഷരം പോലും എതിര്‍ത്ത് പറയാതെ ഓട്ടോക്കാരന്‍ പറഞ്ഞ ചാര്‍ജ് കൊടുത്തു. അയാളുടെ വീടിന്റെ മുമ്പില്‍ തന്നെ രണ്ടു പേരെയും കെട്ടി. വിശക്കുമ്പോള്‍ കഴിക്കുവാനായി ഒരു വലിയ കെട്ടു പുല്ല് ഇട്ടുകൊടുത്തിരുന്നു എങ്കിലും അവര്‍ കരഞ്ഞുകൊണ്ടേ ഇരുന്നു. നഗരത്തിന്റെ തിരക്കില്‍ അവരുടെ ദുര്‍ബലമായ കരച്ചിലുകള്‍ അലിഞ്ഞില്ലാതായി. തൊട്ടപ്പുറത്ത് നിന്നും ഉയര്‍ന്നിരുന്ന അട്ടഹാസങ്ങള്‍ പണ്ട് രാത്രികാലങ്ങളില്‍ നാട്ടുവഴികളിലെ മരങ്ങളിരുന്നു ആസന്നമായ മരണത്തെ അറിയിച്ചുകൊണ്ട് "പൂവാ, പൂവാ" എന്ന് കരഞ്ഞിരുന്ന കാലന്‍ കോഴിയുടെ കരച്ചിലിനെ ഓര്‍മിപ്പിച്ചു. ഓരോ നിമിഷത്തിലും അടുത്തടുത്ത് വരുന്ന മരണത്തിന്റെ ആ അട്ടഹാസങ്ങള്‍ അവരെ പോലെ എന്റെ മനസ്സിനെയും അസ്വസ്ഥമാക്കുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. എങ്കിലും രണ്ടു ദിവസങ്ങള്‍ക്കപ്പുറം അവര്‍ക്കായി വിധിക്കപ്പെട്ടുകഴിഞ്ഞ ഭാവി തിരുത്താന്‍ മാത്രം ശക്തി എന്റെ കരങ്ങള്‍ക്കില്ലായിരുന്നു.
ഒന്നാം ദിവസം
ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്കുള്ള വൈകുന്നേരത്തെ പതിവ് നടത്തത്തിനിടെ താടിയുടെ കടയില്‍ നിന്നും ചില്ലറ പച്ചക്കറികള്‍ വാങ്ങി തൊട്ടടുത്തുള്ള കുമാര്‍ജിയുടെ കടയില്‍ ചായ കുടിച്ചങ്ങനെ നിക്കുമ്പോഴാണ് ഞാന്‍ പിന്നെ അയാളെ കാണുന്നത്. ഒരു സിഗരറ്റും വലിച്ചുകൊണ്ട് അയാള്‍ കൂട്ടുകാരുമായി സംസാരിക്കുകയാണ്."ഒരെണ്ണം ചെറുതാണ്. എന്നാല്‍ മറ്റേതു വലിയതാണ്. ലാഭത്തിനു കിട്ടി. അതുകൊണ്ട് രണ്ടിനേം വാങ്ങിച്ചു. ഇത്തവണ തകര്‍ക്കും". അയാള്‍ വലിയ ശബ്ദത്തില്‍ ഒരിയിട്ടുകൊണ്ടിരുന്നു. കയ്യിലിരുന്ന ചായഗ്ലാസ് തൊട്ടടുത്ത് വെച്ചിരുന്ന വീപ്പയിലെക്ക് വലിച്ചെറിഞ്ഞു ഞാന്‍ വീട്ടിലേക്ക് നടന്നു.
രണ്ടാം ദിവസം
അവധി ദിവസം. പതിവില്‍ കൂടുതല്‍ ചൂട് തോന്നിച്ച ആ പകലിന്റെ ഏതോ ഒരു നിമിഷത്തില്‍ അവരുടെ കരച്ചില്‍ നിന്നു. ആ നിശ്ശബ്ദത എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങി. കുമാര്‍ജിയുടെ കടയില്‍ പോയി ഒരു ചായ കുടിക്കാം: ഞാന്‍ തിരുമാനിച്ചു. ഒരു ചെറിയ കറക്കത്തിനു ശേഷം ചായയും കുടിച്ചു വീട്ടിലേക്ക് നടക്കുമ്പോള്‍ അയാള്‍ കയ്യില്‍ രണ്ടു വലിയ കവറുകളുമായി റോഡിനപ്പുറത്തെ വീട്ടിലേക്ക് കയറുന്നത് കണ്ടു. "ഇതാ...ആശംസകള്‍, ഉഗ്രന്‍ സാധനമാ. ഈ വര്‍ഷം രണ്ടെണ്ണം ഉണ്ടായിരുന്നു" അഹങ്കാരത്തോടെ അയാള്‍ പറയുന്നത് കേട്ടു. വീട്ടിലേക്ക് കയറുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി ഞാന്‍ അവരെ കെട്ടിയിരുന്ന സ്ഥലത്തേക്ക് നോക്കി. ടെറസ്സില്‍ നിന്നും വീഴുന്ന ഇളം ചുവപ്പ് നിറമുള്ള വെള്ളം ആ മുറ്റത്ത് ഒരായിരം കൈവഴികളായി അപ്പോള്‍ പടരുകയായിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്പ് ഒരായിരം പ്രതീക്ഷകളുമായി മിടിച്ചിരുന്ന രണ്ടു ഹൃദയങ്ങളുടെ ഊര്‍ജ്ജം നഗരത്തിലെ ആ വൃത്തികെട്ട ഓടയിലേക്ക് പതുക്കെ ഒഴുകി ഇറങ്ങുമ്പോള്‍ റോഡിനപ്പുറത്തെ വീട്ടുകാരും അയാളുടെ അട്ടഹാസത്തില്‍ പങ്കു ചേര്‍ന്ന് അയാള്‍ക്ക് ആശംസകള്‍ നേരുന്ന തിരക്കിലായിരുന്നു.
November 01, 2012
കേരളപ്പിറവി ആശംസകള്‍
പരശുരാമന്‍ എന്ന മഹാനായ എഞ്ചിനീയര്‍ DMRCയും, കൊച്ചി മെട്രോയും വാര്‍ത്തകളില്‍ നിറയുന്നതിനും വളരെ മുമ്പ്, സ്വമേധയാ ഏറ്റെടുത്തു നടത്തിയ മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ലാന്‍ഡ് റീക്ലമേഷന്‍ പ്രോജെക്ടിന്റെ ഭാഗമായി പിറവിയെടുത്തത്തിനു ശേഷം മഹാബലി മുതലായ മഹാന്മാരായ രാജാക്കന്മാര്‍ ഭരിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നതും, കാലാന്തരത്തില്‍ പല നാട്ടുരാജ്യങ്ങളായി ചിതറിപ്പോയതും, ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ശ്രമഭലമായി നടന്ന മേര്‍ജേഴ്സ് ആന്‍ഡ് അക്യുസിഷനുകളുടെ അനന്തരഭലമായി കൂട്ടിയോജിക്കപ്പെടുകയും വഴി സര്‍ക്കാര്‍ രേഖകളില്‍ നവംബര്‍ ഒന്നിനു ഔദ്യോഗികമായി രണ്ടാം പിറവിയെടുക്കുകയും ചെയ്ത കേരളം എന്ന് വിളിക്കുന്ന മലകളും, പുഴകളും രാഷ്ട്രീയ കള്ളന്മാരും, കള്ളുകുടിയന്മാരും നിറഞ്ഞ നമ്മുടെ ഈ കൊച്ചു ഭൂപ്രദേശത്തിന് എന്റെ പിറന്നാളാശംസകള്‍ !!
October 02, 2012
September 28, 2012
രണ്ടു രൂപ
ജോലിയാവശ്യത്തിനു ചെന്നൈയില്‍ പോകുമ്പോള്‍ നുംഗംബാക്കത്തെ സ്റ്റെര്‍ലിംഗ് റോഡിലുള്ള ഒരു ഹോട്ടലിലാണ് ഞാന്‍ താമസിക്കുക പതിവ്. അവിടെ നിന്നും എനിക്ക് പോകേണ്ട ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന അണ്ണാ ശാലയിലെക്കോ, ജി.ടി യിലെക്കോ അല്ലെങ്കില്‍ വടപളനിയിലെക്കോ താരതമ്യേനെ എളുപ്പത്തില്‍ എത്താം എന്ന വിശ്വാസം കൊണ്ടാണ് അവിടെ തന്നെ സ്ഥിരമായി താമസിക്കാന്‍ ഞാന്‍ തിരുമാനിച്ചത്.
ഹോട്ടലില്‍ നിന്ന് ഇറങ്ങി തിരിഞ്ഞ് നടന്നാല്‍ എത്തുന്ന ജങ്ക്ഷനില്‍ വീണ്ടും ഇടത്തോട്ട് തിരിഞ്ഞു കുറച്ചു കൂടി പോയാല്‍ ESI ഓഫീസ് എത്തും. അതിന്റെ മുമ്പിലാണ് അണ്ണാ ശാലയിലേക്ക് പോകുന്ന, LIC എന്ന ബോര്‍ഡ് വെച്ച ഷെയര്‍ ഓട്ടോകള്‍ നിര്‍ത്തുക. ചെന്നൈയില്‍ അധികം കാശ് ചിലവില്ലാതെ സഞ്ചരിക്കാനുള്ള ഏക മാര്‍ഗം ഷെയര്‍ ഓട്ടോ ആണ്. ഇഷ്ടം പോലെ ബസുകള്‍ ഉണ്ടെങ്കിലും അതിലെ തിരക്കിലേക്ക് ഇടിച്ചു കയറണമെങ്കില്‍ അത്യാവശ്യം സര്‍ക്കസ് അഭ്യാസമൊക്കെ അറിഞ്ഞിരിക്കണമെന്നതിനാല്‍ അതിനു ഞാന്‍ മെനക്കെടാറില്ല. അതുകൊണ്ട് അണ്ണാ ശാലയിലേക്ക് പോകുന്നതിനു ഞാന്‍ ഷെയര്‍ ഓട്ടോകളെ തന്നെയാണ് പതിവായി ആശ്രയിക്കാറ്. ചെന്നൈ നഗരത്തിലെ ബസുകളെ പോലെ തന്നെ ഷെയര്‍ ഓടോകളുടെ മുന്‍പിലുള്ള സൂചക ബോര്‍ഡുകള്‍ തമിഴില്‍ ആണ് എഴുതുക എങ്കിലും "LIC" എന്നാ മൂന്നക്ഷരങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിച്ച് തന്നെ എഴുതുന്നത് കൊണ്ട് എനിക്ക് പോകേണ്ട ഷെയര്‍ ഓട്ടോകള്‍ കണ്ടു പിടിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. പൊതുവേ ഭാഷാ ഭ്രാന്തന്മാരായ തദ്ദേശവാസികളുടെ ഇടയില്‍ ആരോഗ്യ രക്ഷ പരിഗണിച്ചു എന്റെ മുറി-തമിഴ് പുറത്തെടുക്കാന്‍ എനിക്ക് മടിയായത് കൊണ്ട് ഈ ഇംഗ്ലീഷ് പ്രയോഗം എനിക്ക് ഒരു അനുഗ്രഹമായിരുന്നു. അങ്ങനെ ഒരു ഷെയര്‍ ഓട്ടോ കയറി "LIC"യുടെ അവിടെ ഇറങ്ങി റോഡ് മുറിച്ചു കടക്കാന്‍ സബ്‌വേയിലൂടെ നടക്കുമ്പോഴാണ് ഞാന്‍ അവരെ ആദ്യമായി കണ്ടത്.
എഴുപതിന് മുകളില്‍ പ്രായം ഉണ്ടാകും. കാലുകള്‍ പൊട്ടിപ്പോയതിനാല്‍ ഒരു തുണി ഉപയോഗിച്ച് മുഖത്ത് കെട്ടി വെച്ചിരിക്കുന്ന, പഴയ കണ്ണടക്ക് പിന്നില്‍ തിമിരം ബാധിച്ച കണ്ണുകള്‍ അവ്യക്തമായി കാണാം. കാലപഴക്കത്താല്‍ ആ കണ്ണട ചില്ലുകള്‍ക്കും തിമിരം ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഒരു കീറ കടലാസ് വിരിച്ചു അതിലാണ് ഇരിക്കുന്നത്. മുമ്പിലായി ഒരു പാത്രം വെച്ചിരിക്കുന്നു. ആരൊക്കെയോ എറിഞ്ഞു കൊടുത്ത നാണയ തുട്ടുകള്‍ അതില്‍ കിടക്കുന്നുണ്ട്. ആരെങ്കിലും അടുത്തു കൂടി നടന്നു പോകുമ്പോള്‍ പ്രതീക്ഷയോടെ അവര്‍ കൈ നീട്ടും. എങ്ങോട്ടൊക്കെയോ എത്തി ചേരാന്‍ ധൃതി പിടിച്ചു ഓടുന്ന നഗരവാസികള്‍ക്ക് ഇരുള്‍ വീണ ആ സബ്‌വേയുടെ ഒരു മൂലക്കിരിക്കുന്ന അവരെ ശ്രദ്ധിക്കാനാണോ സമയം; ചെന്നൈ നഗരത്തിലെ അസംഖ്യം ഭിക്ഷാടകരുടെ കൂട്ടത്തില്‍ ഒരാള്‍ ! എന്നാല്‍ എനിക്കങ്ങനെ ആയിരുന്നില്ല.
അവരുടെ മുഖത്ത് മനസ്സിനെ ഉലയ്ക്കുന്ന എന്തോ ഉണ്ടായിരുന്നു. പിന്നീടുള്ള പല നാളുകളിലും, ഇതെഴുതുംപോള്‍ പോലും എനിക്ക് തിരിച്ചറിയാന്‍ പറ്റാത്ത എന്തോ ഒന്ന്. ഒരു പക്ഷെ അതാകും പാന്റിന്റെ പോക്കറ്റില്‍ കിടക്കുന്ന, ഷെയര്‍ ഓട്ടോക്കാരന്‍ ബാക്കി തന്ന, രണ്ടു രൂപയുടെ നാണയം എടുക്കാന്‍ എന്റെ കയ്യുകളെ പ്രേരിപ്പിച്ചത്. ആ വികാരം തന്നെയാകും പിന്നീടുള്ള ഓരോ പ്രഭാതത്തിലും അവര്‍ക്ക് നല്‍കാനായി രണ്ടു രൂപയുടെ ഒരു നാണയം പോക്കറ്റില്‍ എടുത്തിടാന്‍ എന്നെ ഓര്‍മിപ്പിച്ചത്.
LICക്ക് സമീപമുള്ള ഓഫീസില്‍ പോകേണ്ടിവരുമ്പോഴൊക്കെ സബ് വെയില്‍ ഞാന്‍ അവരെ കണ്ടിട്ടുണ്ട്. പ്രതീക്ഷയോടെ നീട്ടുന്ന അവരുടെ ശോഷിച്ച കയ്യുകളില്‍ അവര്‍ക്ക് കൊടുക്കാനായി പോക്കറ്റില്‍ എടുത്തിട്ട രണ്ടു രൂപ നാണയം വെച്ചുകൊടുക്കും. കയ്യുകൊണ്ട് ഒന്ന് വണങ്ങി അവര്‍ അത് മുമ്പിലുള്ള പാത്രത്തില്‍ ഇടും. അവരുടെ കഷ്ടപ്പാടുകള്‍ മാറ്റാന്‍ ആ രണ്ടു രൂപയ്ക്കു സാധിക്കില്ലേങ്കിലും ഏതെങ്കിലും ആരാധനാലയത്തിന്റെ ഭണ്ടാരപ്പെട്ടിയില്‍ ശയിക്കുന്നതിനെക്കാള്‍ സേവനം അവരുടെ കയ്യില്‍ ഇരിക്കുമ്പോള്‍ ആ നാണയത്തിന് ചെയ്യാന്‍ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
August 09, 2012
കൊളംബസ്
എങ്ങനെയാണ് കൊളംബസിനു ആ പേര് വന്നു ചേര്‍ന്നതെന്ന് എനിക്കോ ചേട്ടനോ അറിയില്ല. എങ്കിലും മുത്തശ്ശനെ പോലെ ഞങ്ങളും ആളെ അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. ഒരു കാലത്ത് ചേര്‍പ്പിലെ സാമാന്യ ജനങ്ങളുടെ മുഖ്യ നിക്ഷേപ-സാമ്പത്തികോപോദേഷ്ടാവായിരുന്നു കൊളംബസ് എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന മിസ്റര്‍ നാരായണന്‍ നായര്‍ . യൂനിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുതിയ സ്കീമുകളെ പറ്റിയോ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മെച്ചങ്ങളെ പറ്റി വിശദീകരിക്കാനോ ഒക്കെ ആയി കൊളംബസ് വല്ലപ്പോഴും മുത്തശ്ശനെ കാണാന്‍ വരും. ആളെ കാണുമ്പോള്‍ തന്നെ രണ്ടു ചായക്ക് ഓര്‍ഡര്‍ കൊടുത്ത് മുത്തശ്ശന്‍ മുറിയിലെ മരലമാരയില്‍ വെച്ചിരിക്കുന്ന, യു.ടി.ഐ യൂനിറ്റ് സര്‍ട്ടിഫിക്കട്ടുകളും, അവയുടെ ഡിവിഡന്‍റ് വാരണ്ടുകളും പോസ്റ്റ് ഓഫീസ് കിസാന്‍ വികാസ് പത്ര ഡിപോസിറ് രശീതികളും ഒക്കെ സൂക്ഷിച്ചിരിക്കുന്ന, മുത്തശ്ശന്റെ രണ്ടു ബാഗുകളില്‍ വലുപ്പം കൂടിയ, കറുത്ത ബാഗ് എടുക്കും. ഞങ്ങളാകട്ടെ കൊളംബസിന്റെ കയ്യില്‍ ഉള്ള ബാഗിലേക്ക് കണ്ണും നട്ട് നടുവിലെ മുറിയുടെ ഇരുട്ടില്‍ ഇരിക്കുന്നുണ്ടാകും.
കുശലാന്വേഷണങ്ങള്‍ ഒക്കെ കഴിയുമ്പോഴേക്കും മുത്തശ്ശിയുടെ കൈകളിലേറി രണ്ടു ഗ്ലാസ് മധുരമില്ലാത്ത ചായ എത്തിയിട്ടുണ്ടാകും. ഈ സമയം ഞാനും ചേട്ടനും അടുക്കളയിലേക്ക് ഓടും: ബാക്കിയുള്ള ചായയുടെ പങ്ക് പഞ്ചാര ഇട്ടു കുടിക്കാന്‍. ചായ കുടിച്ചു സ്റ്റോര്‍ റൂമിലെ അരി പാത്രത്തിന് പിന്നില്‍ ഇരിക്കുന്ന ഹോര്‍ലിക്സ് കുപ്പിയില്‍ ഇട്ടു വെച്ചിരിക്കുന്ന ചക്ക വറുത്തത് ഒരു പിടി വാരി ഞങ്ങള്‍ വീണ്ടും നടുവിലെ മുറിയിലേക്ക് ഓടും. മുത്തശ്ശനും കൊളംബസും ഈ സമയം പലിശ നിരക്കുകളേ കുറിച്ചും, യു.ടി.ഐ ബോണ്ടുകളുടെ വിലകളെ കുറിച്ചുമുള്ള ചര്‍ച്ചകളില്‍ ആകും. കാലാവധി കഴിയാറായ ബോണ്ടുകള്‍ വല്ലതുമുണ്ടെങ്കില്‍ അതിന്റെ കാശ് വാങ്ങാനായി കൊളംബസിന്റെ കയ്യില്‍ കൊടുക്കും. അങ്ങനെ കിഴക്കേ വാര്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന സുപ്രധാന തിരുമാനങ്ങള്‍ മുത്തശ്ശനും കൊളംബസും കൂടി എടുക്കുമ്പോഴും ഞങ്ങളുടെ കണ്ണുകള്‍ ആളുടെ കയ്യിലെ കറുത്ത ബാഗില്‍ (മുത്തശ്ശന്റെ കയ്യിലെ ബാഗു പോലെ തന്നെ ഒരെണ്ണം ആളുടെ കയ്യിലും ഉണ്ട്. മുത്തശ്ശന്റെ ബാഗ് കൊളംബസ് സമ്മാനമായി തന്നതാണെന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ മനസ്സിലാക്കി) ആയിരിക്കും.
അങ്ങനെ സാമ്പത്തിക ചര്‍ച്ചയും ഒക്കെ അവസാനിപ്പിച്ചു തിരിച്ചു പോകാന്‍ ആയി എഴുന്നെല്‍ക്കുന്നതിനു തൊട്ടുമുമ്പാണ് ഞങ്ങള്‍ കാത്തിരുന്ന ആ നിമിഷം: ബാഗ് തുറന്നു അതില്‍ നിന്നും ഒരു വലിയ 'പായ' ഒട്ടിപ്പോ നെയിം സ്ലിപ് (മൌഗ്ലിയുടെയും, ബഗീരയുടെയും ഒക്കെ പടങ്ങള്‍ ഉള്ള) എടുത്ത് 'ഇത് കുട്ടികള്‍ക്ക്' എന്ന് പറഞ്ഞു മുത്തശ്ശന് കൊടുക്കും. മുത്തശ്ശന്‍ ഉടനെ തന്നെ ചേട്ടനെ വിളിക്കും. അത് കേള്‍ക്കേണ്ട താമസം ഞങ്ങള്‍ രണ്ടുപേരും നടുവിലെ മുറിയുടെ ഇരുട്ടില്‍ നിന്നും മുത്തശ്ശന്റെ മുമ്പില്‍ എത്തിയിട്ടുണ്ടാകും. ഇപ്പൊ എത്രാം ക്ലാസ്സിലാണ് എന്ന കൊളംബസിന്റെ പതിവു ചോദ്യത്തിനുത്തരം പറഞ്ഞുകൊണ്ട് മുത്തശ്ശന്റെ കയ്യില്‍ നിന്നും നെയിം സ്ലിപ് വാങ്ങി നേരെ അപ്പുറത്തെ തയ്യല്‍ മുറിയിലേക്ക് ഓടും. ആ കാലത്ത് അതായിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും ഓഫീസ്. പിന്നെ നെയിം സ്ലിപ് പങ്കുവെക്കുന്നതിന്‍റെയും, പഴയ മാതൃഭൂമി ആഴ്ചപതിപ്പിന്റെ പുറം ചട്ട കൊണ്ട് പൊതിഞ്ഞ, പുതുമണം മാറാത്ത, നീല വരയിട്ട പേജുകള്‍ ഉള്ള 'കല്പക' നോട്ടുബുക്കുകളില്‍ നെയിം സ്ലിപ് ഒട്ടിച്ചു പേരും ക്ലാസും ഒക്കെ എഴുതുന്നതിന്റെയും തിരക്കായിരിക്കും. ബാക്കിയുള്ള നെയിം സ്ലിപ്പുകള്‍ ചേട്ടന്റെ കസ്റ്റഡിയില്‍ ഭാവിയിലേക്കായി കരുതി വെക്കും: ഞങ്ങളുടെ സ്വന്തം നെയിം സ്ലിപ് നിക്ഷേപം!
July 26, 2012
ആശ്വത്ഥാമാ!
കുലദേവനായ പരമശിവനെ ധ്യാനിച്ചുകൊണ്ട് നമശ്ശിവായ മന്ത്രം ജപിച്ച് ഗംഗയുടെ ഓളങ്ങള്‍ക്ക് സ്വദേഹം സമര്‍പ്പിച്ചപ്പോള്‍ അയാള്‍ പ്രാര്‍ത്ഥിച്ചത് വാരാണസിയിലെത്തുന്ന ജനലക്ഷങ്ങളെ പോലെ മോക്ഷപ്രാപ്തിക്കുവേണ്ടിയായിരുന്നില്ല, മറിച്ച് മറക്കാന്‍ ആഗ്രഹിക്കുന്ന ഭൂതകാലത്തെ സ്വന്തം മനസ്സില്‍ ഒരു ചിതയൊരുക്കി വര്‍ഷങ്ങള്‍ക്കു മുമ്പേ ദഹിപ്പിച്ചിട്ടും ഇപ്പോഴും അണയാതെ മനസ്സില്‍ പുകയുന്ന പകയുടെ അന്ത്യത്തിന് വേണ്ടിയായിരുന്നു. ഗംഗയില്‍ മൂന്നു തവണ മുങ്ങി നിവര്‍ന്ന് അഹോരാത്രം ചിതകള്‍ പുകയുന്ന മണികര്‍ണ്ണികയിലെ പടവുകളില്‍ ആ സന്ധ്യാനേരത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സ് അല്‍പമകലെ യുഗങ്ങളുടെ പാപഭാരങ്ങള്‍ പേറി ഒഴുകുന്ന മോക്ഷദായിനി ഗംഗാ നദി പോലെ ശാന്തമായി കഴിഞ്ഞിരുന്നു. ഇനി കീഴടങ്ങാം, അയാള്‍ തിരുമാനിച്ചു. ഈ ഭൂമിയില്‍ അയാള്‍ ഇല്ലാതാക്കിയ മൂന്നു ശരീരങ്ങള്‍ക്ക് പകരമായി നിയമം തരുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍, തനിക്കുവേണ്ടി ഒരുങ്ങിയിരിക്കുന്ന ചിതയില്‍ ഉറങ്ങാന്‍.
നാലുവര്‍ഷം.നാല് യുഗങ്ങള്‍. ലക്ഷ്യപ്രാപ്തി. നാമം ജപിച്ചു വളര്‍ന്ന കാലത്ത് ഗുരുനാഥന്‍ ഏറ്റവും ഹീനം എന്നുപദേശിച്ചു വിലക്കിയ കര്‍മ്മം തന്നെ പിന്നീട് ജീവിത ലക്ഷ്യമായി തീരും എന്നയാള്‍ ദുസ്വപ്നങ്ങളില്‍ പോലും ചിന്തിച്ചിരുന്നില്ല. ആദ്യമായി ഒരു ഹൃദയത്തില്‍ കഠാര ആഴ്ന്നിറങ്ങിയപ്പോള്‍ അയാളുടെ കൈകള്‍ വിറച്ചിരുന്നു. താന്‍ ഇല്ലാതാക്കിയ ശരീരത്തിലെ ആത്മാവിന്റെ കൈലാസപ്രാപ്തിക്കായി സ്വഗോത്രാധിപനുമുമ്പില്‍ കണ്ണുകളടച്ചു പ്രാര്‍ത്ഥിക്കുമ്പോഴും അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ബാല്യത്തില്‍ നീലകൺഠസ്തുതികള്‍ പഠിപ്പിച്ചു തന്ന ഗുരുനാഥന്‍ തന്നെ പിന്നീട് ആയുധവിദ്യയും ഉപദേശിച്ചു തന്നു എന്നത് ഒട്ടും വിചിത്രമായി അയാള്‍ക്ക് തോന്നിയില്ല. എല്ലാം ഒരു നിയോഗം, ഗുരുനാഥന്റെ വാക്കുകള്‍ ഓര്‍മ്മ വന്നു. രണ്ടാം ഹൃദയത്തില്‍ കഠാര ആഴ്ത്തുംപോള്‍ അയാളുടെ കൈകള്‍ വിറച്ചില്ല. അയാളുടെ മനസ്സും കൈകളും ദൃഢമായിതീര്‍ന്നിരുന്നു. മൂന്നാം ഹൃദയത്തില്‍ കഠാര ആഴ്ത്തുംപോള്‍ അയാള്‍ ചിരിക്കുകയായിരുന്നു. ഭ്രാന്തമായ ചിരി. 'നമശിവായ' അയാള്‍ മന്ത്രിച്ചു.
ആശ്വത്ഥാമാ!!
ഉള്ളിലെ പക ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മറ്റൊരു ആശ്വത്ഥാമാവായി സ്വയം മാറുകയായിരുന്നു. സ്വന്തം പിതാവിനെയും പിന്നെ സഹോദരതുല്യനാം ആത്മസുഹൃതിനെയും ചതിയിലൂടെ കൊലപ്പെടുത്തിയിട്ടും ധര്‍മ്മരക്ഷകരെന്നു പ്രജകള്‍ വാഴ്ത്തിയ പാണ്ഡവരുടെ കുലം ഇല്ലാതാക്കാന്‍ യുദ്ധനിയമങ്ങളും നീതിയും ഉപേക്ഷിച്ചു ഗര്‍ഭസ്ഥശിശുവിനെ ലകഷ്യമാക്കി പ്രപഞ്ചം തന്നെ ഭസ്മമാക്കാന്‍ ശക്തിയുള്ള ബ്രഹ്മാസ്ത്രം തൊടുത്ത അധര്‍മ്മിയായ് പുരാണങ്ങള്‍ എഴുതി തള്ളിയ, വസുദേവസുതന്റെ ശാപം ഏറ്റുവാങ്ങി ലോകാവസാനം വരെ ഭ്രാന്തനായ് അലയാന്‍ വിധിക്കപ്പെട്ട ചിരന്ജീവിയാം മഹാരഥന്‍! പക അയാളെ മറ്റൊരു ആശ്വത്ഥാമാവാക്കി മാറ്റുകയായിരുന്നു.
z
z
July 22, 2012
സ്കൂള്‍ ഓര്‍മ്മകള്‍ : JBS
(ചെര്‍പ്പിലെ ഞങ്ങളുടെ അയല്‍ക്കാരി ആയിരുന്ന ഭൂമി ദേവിയുടെ അമ്പലം)
ഒരു കാലത്ത് പടിഞ്ഞാട്ടുമുറിയുടെ (ചേര്‍പ്പ്) വിദ്യാഭ്യാസരംഗത്തില്‍ തിളങ്ങി നിന്നിരുന്ന വിദ്യാലയമായിരുന്നു പള്ളി സ്കൂള്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ജൂനിയര്‍ ബേസിക് സ്കൂള്‍ (JBS). ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസുകള്‍ മാത്രം ഉണ്ടായിരുന്ന, ഓടിട്ട ഒരു പഴയ കെട്ടിടത്തില്‍ ഒതുങ്ങിയ, ഒരു ചെറിയ സര്‍ക്കാര്‍ സ്കൂള്‍. . ചേര്‍പ്പ് ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ പുറത്തേക്കിറങ്ങി പുത്തന്‍കുളത്തിലേക്കുള്ള (ചേര്‍പ്പ് ഭഗവതി ക്ഷേത്രത്തിന്റെ ഔദ്യോഗിക കുളം) വഴിയിലൂടെ ശങ്കരന്‍ നായരുടെ കടയും പിന്നിട്ടു ഒരു അഞ്ചു മിനിട്ട് നടന്നാല്‍ പാത രണ്ടായി പിരിയും. അവിടെ ഇടത്തോട്ട് തിരിഞ്ഞാല്‍ അല്പം മുമ്പിലായി സ്കൂളിന്റെ ഗേറ്റ് കാണാം. 1990 ജൂണ്‍ മാസം രണ്ടാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ മുത്തശ്ശി എന്നെ ആദ്യമായി പള്ളി സ്കൂളിലേക്ക് കൊണ്ടുപോയപ്പോള്‍ മഴക്കാലത്ത് ചെറിയ വെള്ള ചാട്ടങ്ങളും, കുത്തിയൊലിക്കുന്ന 'ടോറന്റുകളാലും'പ്രക്ഷുബ്ധമാകുന്ന ഒരു മണ്‍പാത ആയിരുന്നു ഈ അമ്പലം-അമ്പലക്കുളം ഹൈവേ. പിന്നീടുള്ള മൂന്നു വര്‍ഷത്തേക്ക് ഞാന്‍ സ്കൂളിലേക്ക് പോയിരുന്നത് ഈ വഴിയിലൂടെ ആയിരുന്നു. അമ്പലത്തിലൂടെ പോയാല്‍ അഞ്ചുമിനിട്ട് കൊണ്ട് സ്കൂളിലെത്താം, ഉച്ചക്ക് ചോറുണ്ണാന്‍ വീട്ടിലേക്ക് വരാം, രാവിലെ പോകുമ്പോള്‍ ഉച്ചക്ക് ശേഷമുള്ള പിരീഡുകളുടെ പുസ്തകം എടുക്കേണ്ട (ഉച്ചക്ക് ഉണ്ണാന്‍ വരുമ്പോള്‍ എടുത്താല്‍ മതിയല്ലോ) എന്നതുകൊണ്ട് ബാഗിന് കനവും കുറയും: അങ്ങനെ സ്കൂള്‍ അടുത്തായത് കൊണ്ടുള്ള ഗുണങ്ങള്‍ ഏറെ ആയിരുന്നു. ഒന്നാം ക്ലാസ്സില്‍ ഒരുകിലോമീറ്ററിലധികം ദൂരെയുള്ള CNN സ്കൂളിലേക്ക് നടന്നു പോയിരുന്ന എനിക്ക് സത്യത്തില്‍ ഇതൊക്കെ ഒരു ലോട്ടറി അടിച്ചതിനു സമമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ സ്കൂള്‍ എനിക്ക് വളരെ വേഗം ഇഷ്ടപ്പെട്ടു.
ഉച്ചക്ക് ഒരു മണിക്ക് ബെല്‍ അടിച്ചാല്‍ ഞാന്‍ ബാഗുമെടുത്ത് വീട്ടിലേക്ക് ഓടും. പടിഞ്ഞാറേ ഗോപുരത്തിന്റെ വാതില്‍ ഉള്ളില്‍ നിന്ന് കുറ്റി ഇട്ടിട്ടുണ്ടാകുമെങ്കിലും വാതിലിന്റെ അഴികള്‍ക്കിടയിലൂടെ കൈ കടത്തി അനായാസം തുറക്കാന്‍ അന്നേ ഞങ്ങള്‍ പഠിച്ചിരുന്നു. അതുകൊണ്ട് പടിഞ്ഞാറേ ഗോപുര വാതില്‍ ഒരു പ്രശ്നമായിരുന്നില്ല. എന്നാല്‍ ചില ദിവസങ്ങളില്‍, അമ്പലത്തില്‍ പശുവിനെ കെട്ടിയിട്ടുണ്ടെങ്കില്‍, കിഴക്കേ നടയിലെ ഓറഞ്ച് വര്‍ണ്ണത്തിലുള്ള വലിയ ഇരുമ്പു വാതില്‍ പുറമേ നിന്ന് കുറ്റി ഇട്ടിട്ടുണ്ടാകും. പിന്നെ അത് തുറക്കാന്‍ ഉള്ള ഏക വഴി വാതിലില്‍ ശക്തിയായി അടിക്കുക എന്നതാണ്. ശബ്ദം കേട്ട് അമ്മയോ, മുത്തശ്ശിയോ അതോ തറവാട്ടില്‍ നിന്നും ചേച്ചിയമ്മയോ വന്നു വാതില്‍ തുറന്നു തരും. ഇങ്ങനെ ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും മുത്തശ്ശന്റെ ഊണ് പകുതി ആയിട്ടുണ്ടാകും. പിന്നെ വേഗം ചോറുണ്ട് ഉച്ചക്ക് ശേഷമുള്ള വിഷയങ്ങളുടെ പുസ്തകം എടുത്ത് ബാഗിലാക്കി തിരികെ സ്കൂളിലേക്ക് പോകാന്‍ റെഡി ആയി നിക്കും. തിരിച്ച് പോകുമ്പോള്‍ മുത്തശ്ശനും എന്റെ ഒപ്പം വരും: പടിഞ്ഞാറേ നട വരെ. മുത്തശ്ശനു 'ടാറ്റാ' കൊടുത്ത് ഞാന്‍ അമ്പലത്തില്‍ കേറാന്‍ സമയം ഊരി കയ്യില്‍ പിടിച്ച ചെരുപ്പ് ഇട്ടു നേരെ സ്കൂളിലേക്ക് നടക്കും. ഞാന്‍ സ്കൂളിലേക്ക് ഉള്ള വളവു തിരിയുന്ന വരെ മുത്തശ്ശന്‍ പടിഞ്ഞാറേ നടയിലെ പച്ചനിറത്തിലുള്ള വാതിലിന്റെ വലിയ അഴികളില്‍ പിടിച്ച് എന്നെ തന്നെ നോക്കി നില്‍ക്കും. ചില ദിവസങ്ങളില്‍ വൈകുന്നേരം നാലുമണി ആകുമ്പോള്‍ ഞാന്‍ സ്കൂള്‍ വിട്ടു വരുന്നതും നോക്കി മുത്തശ്ശന്‍ ഇതുപോലെ അവിടെ വന്നു നില്‍ക്കുമായിരുന്നു. അന്നൊക്കെ മുത്തശ്ശന്‍ ഇങ്ങനെ എന്റെ ഒപ്പം വരുന്നത് എനിക്കിഷ്ടമായിരുന്നില്ല. വലിയ കുട്ടി ആയി എന്നാ ഭാവമായിരുന്നു അന്ന് എനിക്ക്. സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാനും, ഒറ്റയ്ക്ക് ഇന്ത്യ മൊത്തം സഞ്ചരിക്കാനും പ്രാപ്തി ആയപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു മുമ്പ് എന്നെ മാത്രം ശ്രദ്ധിച്ച് നിന്നിരുന്ന ആ കണ്ണുകള്‍ എന്നന്നേക്കുമായി അടഞ്ഞുപോയിരുന്നു. പിന്നീടുള്ള ഏകാന്ത യാത്രകളിലാണ് എനിക്ക് അന്ന് ലഭിച്ച ഭാഗ്യത്തെ കുറിച്ചും നഷ്ടമായ സ്നേഹത്തെ കുറിച്ചും ഞാന്‍ ശരിക്കും ബോധവാനായത്.
ഞാന്‍ അമ്പലം-അമ്പലക്കുളം ഹൈവേയിലെ നിത്യ സഞ്ചാരിയായിരുന്ന കാലത്ത് പടിഞ്ഞാട്ടുമുറിക്കാരുടെ സൂപ്പര്‍ മാര്‍ക്കറ്റ് ആയിരുന്നു ശങ്കരന്‍ നായരുടെ കട. റോഡില്‍ നിന്നും അല്പം ഉയരത്തിലായിരുന്നു കടയിലേക്ക് പ്രവേശിക്കാന്‍ മൂന്നു പടികള്‍ കയറണം. നാരങ്ങ മിഠായിയും, പല്ലോട്ടിയും, സമചതുരത്തിലുള്ള കപ്പലണ്ടി മിഠായിയും ഒക്കെ നിറച്ച ചില്ലുകുപ്പികള്‍ വസിക്കുന്ന ഒരു ചെറിയ മേശയും, അതിനു ഇടത്തായി ഒരു ത്രാസും, നിലത്ത് നിരത്തി വെച്ചിരിക്കുന്ന അത്യാവശ്യം പച്ചക്കറികളും പിന്നെ ശങ്കരന്‍ നായരും ആണ് ആ കടയിലെ അന്തേവാസികള്‍. അക്കാലത്ത് പള്ളിസ്കൂളില്‍ കൊല്ലവര്‍ഷ പരീക്ഷക്ക് നല്ല മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്തിരുന്നത് ആഗസ്റ്റ് 15നു ആയിരുന്നു. മൂന്നാം ക്ലാസ്സില്‍ നല്ല മാര്‍ക്ക് വാങ്ങിയതിനു എനിക്ക് കുട്ടിയ സമ്മാനങ്ങളായ 12 നിറങ്ങളും ഒരു ചെറിയ ബ്രഷും അടങ്ങിയ വാട്ടര്‍ കളര്‍ ബോക്സ്, ഒരു സ്റ്റീല്‍ ഗ്ലാസ്, രണ്ടു പുത്തന്‍ അഞ്ചുരൂപാ നോട്ടുകള്‍ അടങ്ങിയ മഞ്ഞ കവര്‍ എന്നിവ വാങ്ങി അസംബ്ലിയില്‍ വിതരണം ചെയ്ത മിഠായിയും തിന്നു തിരികെ വീട്ടിലേക്ക് വരുന്ന വഴി കച്ചവടത്തില്‍ സ്വതവേ കര്‍ക്കശ്യക്കരനായ ശങ്കരന്‍ നായര്‍ എന്നെ കടയിലേക്ക് വിളിച്ചപ്പോള്‍ അസംബ്ലിയില്‍ ഹെഡ് മാഷുടെ കയ്യില്‍ നിന്ന് സമ്മാനം വാങ്ങുമ്പോള്‍ ഉണ്ടായ സന്തോഷം മൊത്തം ചോര്‍ന്നു പോയിരുന്നു എന്ന് ഇപ്പോള്‍ എനിക്ക് നിസ്സംശയം പറയാം. മടിച്ച് മടിച്ച് കടയിലേക്ക് കയറിയ എന്നെ എതിരേറ്റത് കയ്യില്‍ നാരങ്ങ മിഠായിയുമായി നില്‍ക്കുന്ന ശങ്കരനായരാണ്. ഞാന്‍ വേഗം തന്നെ അത് വാങ്ങി വീട്ടിലേക്ക് ഓടി. സ്വാതന്ത്ര്യ ദിനത്തില്‍ ഉള്ള ഈ മിഠായി വിതരണം എല്ലാ വര്‍ഷവും ഉള്ള പതിവ് ആണെന്ന് പിന്നെ ആരോ പറഞ്ഞറിഞ്ഞു. ഇന്നിപ്പോള്‍ ശങ്കരന്‍നായരുടെ കട ഉടമസ്ഥനോടൊപ്പം കാലയവനികകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നു. വിദേശ ഭക്ഷ്യ വസ്തുക്കള്‍ മുതല്‍ നാടന്‍ ഉമിക്കരി വരെ ലഭിക്കുന്ന ശീതീകരിച്ച വമ്പന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അരങ്ങു വാഴുന്ന ഈ പുതിയ യുഗത്തില്‍ മനസ്സില്‍ ഇത്തിരി നന്മ കൊണ്ടുനടക്കുന്ന ശങ്കരന്‍ നായരെ പോലുള്ള ചെറിയ കച്ചവടക്കാര്‍ പോന്നുരുക്കുന്നിടത്തെ പൂച്ചയെപോലെ ആയിക്കഴിഞ്ഞിരിക്കുന്നു; അന്യമായികൊണ്ടിരിക്കുന്ന നാട്ടിന്‍പുറനന്മകളുടെ തട്ട് കുറച്ചു കൂടി താഴ്ന്നിരിക്കുന്നു.
July 03, 2012
ചതുശ്ശതം
രണ്ടു ദിവസം മുമ്പായിരുന്നു ചേര്‍പ്പിലെ അമ്പലത്തില്‍ പ്രതിഷ്ഠാ ദിനം. എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും ഉച്ചക്ക് പ്രസാദ ഊട്ടുസദ്യ ഉണ്ടായിരുന്നു. സദ്യക്ക് ഉണ്ണാന്‍ എന്റെ എതിരെ ഉള്ള കസേരയില്‍ ആയിരുന്നു അവര്‍ ഇരുന്നത്. നല്ല പ്രായമുണ്ട്. എണ്‍പതില്‍ കൂടുതല്‍ ഉണ്ടാകും, ഞാന്‍ ചിന്തിച്ചു. പോരാത്തതിന്നു കയ്യില്‍ ഒരു ചെറിയ പാത്രവുമായാണ് വന്നിരിക്കുന്നത്. ഇത്രയും പ്രായമായിട്ടെന്തിനാ ഈ തിരക്കില്‍ വന്നു ഉണ്ണുന്നത് എന്ന് മനസ്സില്‍ വിചാരിച്ചു. വിളമ്പുകാരന്‍ കൊണ്ട് തട്ടിയ ചോറ് എന്റെ ശ്രദ്ധ അവരില്‍ നിന്നും ഇലയിലേക്ക് തിരിച്ചു. തീര്‍ക്കാന്‍ ഒരു മല പോലെ ചോറ് ഇലയില്‍ കിടക്കുമ്പോള്‍ ഇന്നോ നാളെയോ എന്നമട്ടില്‍ നടക്കുന്ന ആ കിഴവിയെ നോക്കാനല്ലേ സമയം. ഒരു അറ്റത്ത് നിന്ന് തുടങ്ങി. വട്ടങ്ങള്‍ എല്ലാം ഗംഭീരം. ഇനി പായസം കൂടി നന്നായാല്‍ മതിയായിരുന്നു; ദേഹണ്ണം ആരാണാവോ, ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
പായസം വിളമ്പുന്നയാള്‍ അവരുടെ മുമ്പില്‍ വെച്ചിരുന്ന പേപ്പര്‍ ഗ്ലാസ്സില്‍ ഒഴിച്ച ഒരു തവി ചതുശ്ശതം (പ്രസാദം - ഇടിച്ചു പിഴിഞ്ഞ പായസം) അവര്‍ കയ്യിലെ പാത്രത്തിലേക്ക് ഒഴിക്കുന്നത് കണ്ടപ്പോളാണ് ഞാന്‍ അവരെ വീണ്ടും ശ്രദ്ധിച്ചത്. വിളമ്പുകാരന്‍ രണ്ടാമത് വന്നപ്പോള്‍ അവര്‍ വീണ്ടും പായസം വാങ്ങി അതും പാത്രത്തിലേക്ക് തന്നെ ഒഴിച്ചു. ഇതെല്ലാം നോക്കി കണ്ടുകൊണ്ട് 'ഈ പ്രായത്തിലും പായസം ഇസ്കാന്‍ ഒരു മടിയുമില്ലല്ലോ' എന്ന ചോദ്യം കണ്ണില്‍ നിറച്ചുംകൊണ്ട് അവരെ തന്നെ നോക്കി ഇരുന്നിരുന്ന സ്ത്രീയോട് അവര്‍ ആത്മഗതം പോലെ പറയുന്നതു കേട്ടു:
"വീട്ടില്‍ ഒരാളുണ്ടേ...കഴിഞ്ഞ കൊല്ലം വന്നിരുന്നു, ഇപ്പൊ നടക്കാന്‍ വയ്യ. ആള്‍ അങ്ങനെ അവിടെ ഇരിക്കുമ്പോ ഇവിടേരുന്നു പായസം കുടിക്കാന്‍ എനിക്കെങ്ങനെ പറ്റും?"
ഒരു കയ്യില്‍ വീട്ടിലിരിക്കുന്ന 'ആള്‍ക്ക്' വേണ്ടിയുള്ള പായസപാത്രവും മുറുക്കെപിടിച്ച്, ജീവിച്ചു തീര്‍ന്ന വര്‍ഷങ്ങളുടെ ഭാരം താങ്ങാനാവാതെ ഇടറുന്ന കാല്‍വെയ്പുകളുമായി അവര്‍ കയ്യുകഴുകാനായി പൈപ്പിന്റെ അടുത്തേക്ക് പോയി.
സ്കൂളിലെ സഹപ്രവര്‍ത്തകരുടെ സെന്റ് ഓഫ് പാര്‍ട്ടിക്ക് കിട്ടുന്ന ലഡുവും ജിലേബിയും കഴിക്കാതെ എനിക്കും ചേട്ടനും തരാന്‍ വേണ്ടി കടലാസ്സില്‍ പൊതിഞ്ഞെടുത്തിരുന്ന മുത്തശ്ശിയുടെ ഛായ അവര്‍ക്ക് ഉണ്ടായിരുന്നോ? ഞാന്‍ വെറുതെ ആലോചിച്ചു.
സ്കൂളിലെ സഹപ്രവര്‍ത്തകരുടെ സെന്റ് ഓഫ് പാര്‍ട്ടിക്ക് കിട്ടുന്ന ലഡുവും ജിലേബിയും കഴിക്കാതെ എനിക്കും ചേട്ടനും തരാന്‍ വേണ്ടി കടലാസ്സില്‍ പൊതിഞ്ഞെടുത്തിരുന്ന മുത്തശ്ശിയുടെ ഛായ അവര്‍ക്ക് ഉണ്ടായിരുന്നോ? ഞാന്‍ വെറുതെ ആലോചിച്ചു.
June 29, 2012
പെരുമഴക്കാലം
കാര്‍മേഘാവൃതമായ ആകാശവും, ചാറ്റല്‍ മഴയും, കാറ്റത്തു പറക്കാന്‍ ആഗ്രഹിക്കുന്ന കുടകളും, പുതിയ ഡിസൈന്‍ അള്‍ട്ര മോഡേണ്‍ കുടകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന കുടക്കമ്പനിക്കാരും കോട്ടിട്ട് ബൈക്കില്‍ എവിടേക്കോ പറക്കുന്നവരും, മരച്ചില്ലകളില്‍ ഒളിച്ചിരിക്കുന്ന കിളികളും, റോഡിലെ വലിയ തടാകങ്ങളില്‍ കെട്ടി കിടക്കുന്ന ചെളി വെള്ളവും, കുഴി അടക്കാന്‍ ചെളി വെള്ളത്തില്‍ കുളിച്ചു സമരം ചെയ്യുന്നവരും, ആ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നടക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും, വെള്ളം തട്ടി തെറിപ്പിച്ചു സ്കൂളിലേക്ക് പോകുന്ന പിള്ളേരും, മഴ നനഞ്ഞു പനി പിടിച്ചു ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ നിരയായി ഇരിക്കുന്നവരും, സര്‍ക്കാര്‍ സ്കൂളുകളില്‍ തുറക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പുകളും, മഴ ഒരു പ്രശ്നമാക്കാതെ ഉല്ലാസവേളകള്‍ ആനന്തകരമാക്കാന്‍ ബിവറേജസിനു മുമ്പില്‍ ക്യു നില്‍ക്കുന്നവരും, ആടി മാസ കിഴിവുമായി കല്യാണം നടത്താന്‍ ഇരിക്കുന്ന തുണിക്കടക്കാരും, ഇതെല്ലാം കണ്ട് അന്തം വിട്ടു നടക്കുന്ന 'മണ്‍സൂണ്‍ ടൂറിസം' പാക്കേജ് സായിപ്പന്മാരും.... അതെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത് പെരുമഴക്കാലം.
June 24, 2012
ടാറ്റാ, ഡോകോമോ!
ടാറ്റാ ഡോകൊമോയുടെ ചില അക്രമങ്ങള്‍ : കൂടുതല്‍ വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നോക്കുക.
എ
June 21, 2012
കോടീശ്വരന്‍ - I
"കൊമളാക്ഷി, എന്ത് തോന്നുന്നു ഇവിടെ ഇരിക്കുമ്പോള്‍ ?"
"സന്തോഷം തോന്നുന്നു. ഒരിക്കലും ഇവിടെ എത്തും എന്ന് വിചാരിച്ചിരുന്നില്ല"
"ആരൊക്കെ ഉണ്ട് വീട്ടില്‍ ?"
"അമ്മ, ഭര്‍ത്താവ്"
"അളിയന്‍ എന്ത് ചെയ്യുന്നു?"
"കൂലിപ്പണി"
"ആരുടെ അളിയന്‍?"
"അല്ല സര്‍ എന്റെ ചേട്ടന്‍ ആണല്ലോ. അപ്പൊ ഞാന്‍ അനിയത്തി ആണല്ലോ. അപ്പൊ എന്റെ ചേട്ടന്‍ സാറിന്റെ അളിയന്‍ ആകില്ലേ?"
"ഹഹഹഹഹ"
"ഇങ്ങനെ ചിരിക്കല്ലേ സാറേ, പേടി ആകുന്നു"
"എനിക്കും അത് തന്നെ ആണ് പറയാന്‍ ഉള്ളത്"
"ഒന്ന് പോ സാറെ"
"അപ്പൊ അളിയന് എന്റെ വക ഒരു ഇന്നോവ കാര്‍ സമ്മാനം. സ്ത്രീ ധനം ആയി"
"വേണ്ട സര്‍ "
"അതെന്താ"
"സ്ത്രീധന നിരോധന നിയമം സെക്ഷന്‍ മൂന്ന്‍ സബ് സെക്ഷന്‍ ഒന്ന് പ്രകാരം സ്ത്രീധനം കൊടുക്കുന്നത് ശിക്ഷാര്‍ഹമാണ്. സര്‍ അഞ്ചു കൊല്ലം ഗോതമ്പുണ്ട തിന്നു വിയ്യൂരില്‍ കിടക്കും"
"അപ്പൊ താന്‍ കാണുന്ന പോലെ അല്ല അല്ലെ. പോലീസില്‍ ചേരാന്‍ നിയമം ഒക്കെ പഠിച്ചിട്ടുണ്ട്, കള്ളീ"
"അതെ സാര്‍ കാണാന്‍ ലേശം ഗ്ലാമര്‍ കുറവാണെങ്കിലും ഒടുക്കത്തെ ബുദ്ധിയാ"
-- കോടീശ്വരന്‍ ഒക്കെ കൊള്ളാം. സ്ത്രീധനം കൊടുക്കുന്നത് 'പ്രസ്റ്റീജ്' ആയി വിചാരിക്കുന്ന മണകോണയന്മാര്‍ ഉള്ള ഈ കാലത്ത് താങ്കളും ഇങ്ങനെ ഓപ്പണ്‍ ആയി സ്ത്രീധനം കൊടുക്കുന്നത് പ്രൊമോട്ട് ചെയ്യല്ലേ!
June 15, 2012
നെയ്യാറ്റിന്‍കര ഇലക്ഷന്‍: ഇടതു നോട്ടം
ശെല്‍വരാജിന്റെ ജനപിന്തുണ കുറഞ്ഞു!
2011ല്‍ 54711 വോട്ടുകള്‍ ലഭിച്ച ശെല്‍വരാജിന് ഇത്തവണ ലഭിച്ചത് കേവലം 52528 വോട്ടുകള്‍ മാത്രം. 2183ന്റെ വമ്പന്‍ ഇടിവ്. ഭൂരിപക്ഷത്തിലും ഇതുപോലെ 369 വോട്ടുകളുടെ വമ്പന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
UDFനു 2011നെ അപേക്ഷിച്ചു 4520 വോട്ടുകള്‍ കൂടുതല്‍ കിട്ടിയപ്പോള്‍ കേവലം 8517 വോട്ടുകളുടെ കുറവ് മാത്രമേ LDFനു ഉണ്ടായിട്ടുള്ളൂ എന്നത് LDFന്റെ വര്‍ധിച്ചു വരുന്ന ജനപിന്തുണയുടെ തെളിവാണ്. ഈ ജന വിധി മനസ്സിലാക്കി ശെല്‍വരാജ് ഉടന്നെ തന്നെ MLA സ്ഥാനം LDFനു അടിയറ വെച്ചില്ലെങ്കില്‍ തെരുവില്‍ ഇറങ്ങും എന്ന് സ: പനങ്ങരായ് വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഇലെക്ഷന്‍ സര്‍ക്കാര്‍ നയങ്ങളുടെ വിധിയെഴുത്താകും എന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചോടിച്ചുമടക്കിയാതാണെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ശെല്‍വരാജിനെ പോലുള്ള വിഘടന വാദികള്‍ പ്രത്യക്ഷത്തില്‍ പാട്ടിയോടൊപ്പം ആയിരുന്നെങ്കിലും ഇടുക്കിയിലെയും കണ്ണൂരിലെയും പ്രതിക്രിയാവാദികളോടൊപ്പം നിന്ന് കുത്തക മുതലാളിത്ത സാമുദായിക സംഘങ്ങളുമായും മാദ്ധ്യമ സിണ്ടിക്കേട്ടുമായും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടത്തിന്റെ ഭലമായി നെയ്യാറ്റിന്‍കരയിലെ സമാന്യ ജനങ്ങളുടെ താത്വികമായ ചിന്താധാരയില്‍ വന്ന പ്രകടമായ വലതുപക്ഷ ചായ്‌വ് ഒരിക്കലും റാടിക്കല്‍ ആയ ഒരു മാറ്റം അല്ലെങ്കിലും വോട്ടിങ്ങില്‍ അത് പ്രതിഭലിച്ചത്തിന്റെ ഭലമായി ഉണ്ടായ ഈ തിരഞ്ഞെടുപ്പ് ഭലം കേവലം നിയമപരമായ ജയം ആയതുകൊണ്ടും കേരളത്തിലെ ബഹുഭൂരിപക്ഷം ഗുണ്ടകളുടെ പിന്തുണ ഇപ്പോഴും പാര്‍ട്ടിക്കുള്ളതുകൊണ്ടും നെയ്യാറ്റിന്‍കര ഭലത്തെ കുറിച്ച് ഒരു അന്വേഷണം വേണ്ട എന്നാണു പാര്‍ട്ടി തിരുമാനം എന്നും അദ്ദേഹം വ്യകതമാക്കി.
June 07, 2012
മുതല
ചിരിക്കുന്ന മുഖവുമായി ക്യാബിനിലേക്ക് കടന്നുവന്ന അയാളെ കണ്ടാല്‍ കള്ളനാണ് എന്ന് ഒരിക്കലും തോന്നില്ല. എല്ലാവര്ക്കും അയാളെ കുറിച്ച് നല്ലത് മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. വളരെ സ്പീഡില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയാവുന്ന, ഏതു സംശയവും പരിഹരിക്കുന്ന, അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യുന്ന അയാളെ മാത്രമേ അവര്‍ക്കറിയൂ. അതുകൊണ്ട് അയാള്‍ കള്ളനാണെന്ന് പറഞ്ഞപ്പോള്‍ പലരും വിശ്വസിക്കാന്‍ തയ്യാറായില്ല. അല്ലെങ്കിലും ചിലര്‍ അങ്ങനെ ആണ്. പെരുമാറ്റത്തില്‍ പഞ്ചപാവം ആണെന്ന് തോന്നും. എന്നിട്ട് പിന്നില്‍ നിന്ന് കുത്തും. ഇത്രവലിയ ഒരു തുക ഒപ്പം ജോലി ചെയ്യുന്നവരെ ചതിച്ചുകൊണ്ട് വെട്ടിച്ചിട്ടും അയാളുടെ മുഖത്ത് ഒരു തരി പോലും കുറ്റബോധം ഇല്ലായിരുന്നു. കുറ്റസമ്മതം നടത്തുമ്പോഴും അയാളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.അയാളുടെ ശബ്ദം ഇടറിയില്ല. എല്ലാം സമ്മതിച്ച് അയാള്‍ മടങ്ങുമ്പോള്‍ ചിരിച്ചുകൊണ്ട് ഒരു നല്ല സായാഹ്നം ആശംസിക്കാനും അയാള്‍ മറന്നില്ല. ചിരിച്ചുകൊണ്ട് തോളില്‍ കയ്യിട്ടു നടന്ന് കിട്ടാവുന്ന സഹായങ്ങള്‍ ഊറ്റി എടുത്ത് അവസരം കിട്ടുമ്പോള്‍ പിന്നില്‍ നിന്ന് കുത്തുന്ന, കുറ്റബോധം ഒട്ടും അലട്ടാത്ത ഊര്‍ജ്വസ്വലമായ മനസ്സുമായി അടുത്ത ഇരയെ വിഴുങ്ങാന്‍ വായ തുറന്നിരിക്കുന്ന മുതല:അതാണ് അയാള്‍.
June 05, 2012
രണ്ട് പരീക്ഷാഫലങ്ങള്‍
(1)
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജിലെ ഒരു സമര ദിനം. വംശനാശം സംഭവിച്ച പ്രീ ഡിഗ്രീ പിള്ളേരുടെ ഒരു സംഘം മുതലക്കുളത്തിന്റെ അടുത്തുള്ള വോളിബോള്‍ കൊര്‍ടിന്റെ പടവുകളില്‍ ഇരുന്ന് വരാന്‍ പോകുന്ന കോളേജ് ദിനാഘോഷത്തിനെ കുറിച്ച് കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് നിലത്തുകിടക്കുന്നുണ്ടായിരുന്ന ഇലകളെ കാറ്റില്‍ പറത്തിക്കൊണ്ട് 'കാലിക്കറ്റ് യൂനിവേഴ്സിറ്റി' എന്ന ബോര്‍ഡ് വെച്ച ഒരു വണ്ടി അതിവേഗത്തില്‍ അവരെ കടന്നു പോയി കോളേജിന്റെ പോര്‍ട്ടിക്കോയില്‍ സഡന്‍ ബ്രേക്ക് ഇട്ടു നിര്‍ത്തിയത്. എന്തോ ദുസ്സൂചന മുന്നില്‍ കണ്ട് മുതലക്കുളത്തില്‍ വായ തുറന്നു കിടന്നിരുന്ന മുതല തിരികെ കുളത്തില്‍ ചാടി, ഗാര്‍ഡനിലെ കൂട്ടില്‍ കിടന്നിരുന്ന കുരങ്ങന്‍ നിലവിളിച്ചു, ലവ് ബേര്‍ഡ്സ് ഉച്ചത്തില്‍ ചിലച്ചു. കുട്ടപ്പേട്ടന്‍ ചായ അടിക്കുന്നത് നിര്‍ത്തി ചെവി കൂര്‍പ്പിച്ചു.
സുനാമി പോലെ വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ കോളേജ് മൊത്തം പടര്‍ന്നു: ഒന്നാം വര്‍ഷ പ്രീ ഡിഗ്രീ പരീക്ഷ കഴിഞ്ഞു ഫലം വന്നിരിക്കുന്നു. പരീക്ഷ കഴിഞു ഏകദേശം പത്ത് മസ്സങ്ങള്‍ക്ക് ശേഷമാണെങ്കിലും അവസാനം വന്നിരിക്കുന്നു. ഓഫീസില്‍ ചെന്ന് ചോദിച്ചപ്പോള്‍ വൈകുന്നേരം മൂന്നുമണിക്കുശേഷം ചിലപ്പോള്‍ മാര്‍ക്ക് ലിസ്റ്റ് കൊടുത്തു തുടങ്ങും എന്ന് അറിയിച്ചു. ഹൃദയമിടിപ്പിന് വേഗത കൂടിയ മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. ചെമ്പകചോട്ടിലും പോര്ട്ടിക്കൊയിലും ഒക്കെ ആയി തമ്പടിച്ചു നിന്ന പ്രീ ഡിഗ്രി പിള്ളേരുടെ പ്രധാന സംസാരവിഷയം റിസള്‍ട്ട് ആയിരുന്നു. മൂന്നുമണി അടുക്കുംതോറും കൈപത്തികള്‍ക്ക് തണുപ്പ് കൂടി വന്നു. മൂന്നുമണിക്ക് ഓഫീസില്‍ എത്തിയപ്പോഴേക്കും സാമാന്യം വലിയ ഒരു ക്യു രൂപപ്പെട്ടിരുന്നു. മാര്‍ക്ക് ലിസ്റ്റ് കൊടുത്തു തുടങ്ങാന്‍ പിന്നെയും നേരം വൈകി.
ഏകദേശം അറുന്നൂറ് വിദ്യാര്‍ത്ഥികളെങ്കിലും ആ വര്‍ഷം ക്രൈസ്റ്റില്‍ പ്രീ-ഡിഗ്രി കോഴ്സ് ചെയ്യുന്നുവരായി ഉണ്ടായിരുന്നതുകൊണ്ട് റോള്‍ നമ്പര്‍ നോക്കി മാര്‍ക്ക് ലിസ്റ്റ് തപ്പി എടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ക്യുവിന്റെ വളരെ പിന്നിലായിരുന്ന എന്റെ കാത്തിരിപ്പ് പിന്നെയും നീണ്ടു. ഏകദേശം ഒരു മണിക്കൂറെടുത്തു എന്റെ നമ്പര്‍ വരാന്‍. വിറയ്ക്കുന്ന കൈകളോടെ മാര്‍ക്ക് ലിസ്റ്റ് വാങ്ങുമ്പോള്‍ അതുവരെ ഉച്ചത്തില്‍ മിടിചിരുന്ന ഹൃദയം ഒരു നിമിഷത്തേക്ക് നിന്നുപോയോ എന്നെനിക്ക് തോന്നി.
പാസ് ആയിട്ടുണ്ടെങ്കിലും റിസള്‍ട്ട് ഒരിക്കലും സന്തോഷിക്കാവുന്ന ഒന്നായിരുന്നില്ല: 79%. എന്റെ ടാര്‍ഗറ്റ് 80% ആയിരുന്നു. ബിസിനസ് സ്റ്റഡീസ് പേപ്പര്‍ 'ഇമ്പ്രൂവ്' ചെയ്യണം, ഞാന്‍ അപ്പോള്‍ തന്നെ തിരുമാനിച്ചു.
(2)
മെയ് 12നു ആയിരുന്നു ഐ.സ്.എ പരീക്ഷ. റിസള്‍ട്ട് 19നു വരും എന്നാണു അന്നൌന്‍സ് ചെയ്തിരുന്നത്. അന്ന് സൈറ്റ് എടുത്തപ്പോള്‍ കണ്ടത് റിസള്‍ട്ട് 21നു വരും എന്നാണ്. 21നു ഇന്റര്‍നെറ്റ് വളരെ സ്ലോ ആയിരുന്നു. അല്ലെങ്കിലും റിസള്‍ട്ട് വരുന്ന ദിവസങ്ങളില്‍ അതൊരു പതിവാണ്. ഉച്ചക്ക് രണ്ടു മണിക്ക് വരുമെന്ന് ആദ്യം പറഞ്ഞു. പിന്നെ അത് അഞ്ചുമണിയായി. അഞ്ച് പിന്നെ ഏഴായി. ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ റിസള്‍ട്ട് അടുത്ത ദിവസമേ വരൂ എന്നായി. ഐ.സി.എ.ഐയും കാലിക്കറ്റ്‌യൂനിവേഴ്സിറ്റിക്ക് പഠിക്കുകയാണോ എന്ന് തോന്നിപ്പോകുന്ന സമയ ക്ളിപ്തത.
പിറ്റേന്ന് രാവിലെ എഴുന്നെറ്റ് നോക്കിയപ്പോള്‍ റിസള്‍ട്ട് വന്നിട്ടില്ല. പിന്നെ ഓഫീസിലേക്ക് വരുന്ന വഴിയാണ് ഫോണ്‍ റിംഗ് ചെയ്തത്. ഒരു സഹപരീക്ഷാര്‍ത്ഥിയാണ്. റിസള്‍ട്ട് വന്നിരിക്കുന്നു. എന്റെ റോള്‍ നമ്പര്‍ പറഞ്ഞുകൊടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടി വന്നു.
ഞാനും പാസ് ആയിരിക്കുന്നു.ഭാഗ്യം! ഇത് കടന്നു! ജൂണിലെ അടുത്ത പരീക്ഷക്ക് കുറച്ചുകൂടി നന്നായി പഠിക്കണം, ഞാന്‍ അപ്പോള്‍ തന്നെ തിരുമാനിച്ചു!
June 02, 2012
പരസ്യങ്ങള്‍ പഠിപ്പിച്ചത്
ടിവിയില്‍ കഴിഞ്ഞ നാളുകളില്‍ മിന്നി മറഞ്ഞു പോയ ചില പരസ്യങ്ങള്‍ പഠിപ്പിച്ച ഒരു ഡസന്‍ കാര്യങ്ങള്‍ :
- അലക്കി തേച്ചു വടിപോലെ ഉള്ള ഷര്‍ട്ട് ഇട്ടു പോയാല്‍ കുട്ടിക്ക് അപാര ആത്മവിശ്വാസം കിട്ടും. ഡ്രസിലാണ് ആത്മവിശ്വാസം സ്ഥിതി ചെയ്യുന്നത്.
- സ്ത്രീകള്‍ ടെന്നീസ് കളിക്കുമ്പോള്‍ ഡ്രസ്സ് കവര്‍ ചെയ്യാത്ത ഭാഗങ്ങള്‍ കറുത്തിരുന്നാല്‍ അമ്പയര്‍ കളിക്കാന്‍ സമ്മതിക്കില്ല. സെറീന വില്യംസ് ഒക്കെ കൈക്കൂലി കൊടുത്താണ് സമ്മതം ഒപ്പിച്ചെടുത്തത്.
- തലമുടിയുടെ നീളവും ഉള്‍ക്കരുത്തും ഡയറക്ടലി പ്രോപ്പോര്‍ഷണല്‍ ആണ്. മോട്ട/കഷണ്ടി തലയന്മാര്‍ക്ക് ആ പറയുന്ന സാധനം ഇല്ല.
- ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ ചികിത്സിചില്ലെങ്കിലും, കരള്‍ സുരക്ഷിതമല്ലെങ്കില്‍ പിന്നെ ഒന്നും സുരക്ഷിതമല്ല. കരളാണ് താരം.
- സ്ത്രീകള്‍ മാത്രമല്ല പല്ലുകളും സെന്‍സിറ്റീവ് ആണ്.
- കമ്പ്ലാന്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് മക്കള്‍ക്ക് പൊക്കം കൂടാന്‍ അമ്മമാര്‍ കൊളുത്തില്‍ തൂക്കിയിടുമായിരുന്നു. എന്റമ്മോ!
- ഒരു ഇരുന്നൂറു പവന്‍ സ്വര്‍ണ്ണം ദേഹത്തിട്ടാലെ സ്ത്രീകള്‍ക്ക് സൌന്ദര്യം വരൂ. സ്ഥലമുണ്ടെങ്കില്‍ വജ്രവും പ്ലാറ്റിനവും കൂടി ആകാം.
- ഉപ്പുള്ള പേസ്റ്റ് ഉപയോഗിച്ചാല്‍ പുഴുപ്പല്ല് വരില്ല. മധുരമുള്ള ചോക്ലേറ്റ് കഴിച്ചാല്‍ പുഴുപ്പല്ല് വരുമെങ്കില്‍ ഉപ്പുള്ള പേസ്റ്റ് തേച്ചാല്‍ പുഴുപ്പല്ല് പോകൂലോ.തിയറി കറക്റ്റ് ആണ്.
- ചോക്ലേറ്റ് തിന്നുമ്പോള്‍ മുഖത്ത് മുഴുവന്‍ തേച്ചു കുളമാക്കി കഴിക്കണം. അതാണ്ട സ്റ്റൈല്‍ !
- ചിലര്‍ വരുമ്പോള്‍ കാലത്തിന്റെ ഒപ്പം പണവും വഴിമാറും.
- കല്യാണ സാരി നന്നായില്ലെങ്കില്‍ കല്യാണം മൊത്തത്തില്‍ അലമ്പാകും. കാരണം ഓരോ മംഗല്യ പട്ടും ഓരോ പ്രാര്‍ത്ഥന ആണ്.
- എല്ലാരുടെ ദേഹത്തും ആകെ മൊത്തം കീടാണു ആയതുകൊണ്ട് എപ്പോഴും സോപ്പ് ഇട്ടു കൈ കഴുകി കൊണ്ടേ ഇരിക്കണം. ഒരു ഷേക്ക് ഹാന്‍ഡ് പോലും നിങ്ങളെ മാരക രോഗത്തിന് അടിമയാക്കും
May 31, 2012
റിട്ടയര്‍മെന്റ് പാര്‍ട്ടി
"മെയ് മുപ്പതിനാണ് പരിപാടി, വരണം" രവി സര്‍ പറഞ്ഞു.
ഞാന്‍ ബാങ്കില്‍ ചേര്‍ന്നതിനു ശേഷം രണ്ടു കൊല്ലം എന്റെ ഗുരു ആയിരുന്നു രവി സര്‍. മെയ് മുപ്പത്തൊന്നിന്നു അദ്ദേഹം വിരമിക്കുകയാണ്. അതിന്റെ പാര്‍ട്ടി ആണ് മുപ്പതിന്. പാലക്കാട് വെച്ചാണ്. ഓഫീസില്‍ നിന്ന് കുറച്ചു പേര്‍ ഒരു വണ്ടി വിളിച്ചു പാലക്കാട്ടേക്ക് പോകാന്‍ തിരുമാനമായി. അങ്ങനെയാണ് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഞാനടക്കം എട്ടുപേര്‍ പാലക്കാട്ട് റോബിന്‍സണ്‍ റോഡിലെ ഹോട്ടലില്‍ എത്തിയത്. ഞങ്ങള്‍ എത്തുമ്പോള്‍ രവി സാറും പിന്നെ പാലക്കാട് ഓഫീസിലെ ചുരുക്കം ചിലരും മാത്രമേ എത്തിയിട്ടുണ്ടായിരുന്നുള്ളൂ. മുഖത്ത് സ്വതസിദ്ധമായ ചിരിയുമായി രവി സര്‍ വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പതിയെ പതിയെ മറ്റു ബ്രാഞ്ചുകളില്‍ നിന്നും ആള്‍ക്കാര്‍ എത്തി തുടങ്ങിയപ്പോള്‍ ആ സായാഹ്നം ഹസ്തദാനങ്ങളുടെയും, പൊട്ടിച്ചിരികളുടെയും, ഗതകാലസ്മരണകളുടെ പങ്കുവെക്കലിന്റെതുമായി മാറുകയായിരുന്നു. പത്തോ ഇരുപതോ വര്‍ഷങ്ങളായി അറിയുന്നവര്‍, ഒരുമിച്ചു ജോലി ചെയ്തവര്‍, ഒരു മുറി പങ്കിട്ടവര്‍, ജോലിയും മറ്റു തിരക്കുകളുമായപ്പോള്‍ വഴി പിരിഞ്ഞു പോയവര്‍, ബാങ്കിംഗ് എന്നാല്‍ ഒരു കമ്പ്യൂട്ടര്‍ സ്ക്രീനോ, എ.ടി.എം മെഷീനോ, ഫോണിന്റെ അങ്ങേ അറ്റത്തെ കിളിമോഴിയോ ആയി മാറുന്നതിനു മുമ്പ് തടിച്ച ലെഡ്ജറുകളിലും രജിസ്റ്ററുകളിലും ഒരു ജനതയുടെ സമ്പാദ്യത്തിന്റെ കണക്കുകള്‍ ഒരു പൈസ പോലും വ്യത്യാസമില്ലാതെ എഴുതി സൂക്ഷിച്ചവര്‍ :അവര്‍ അവിടെ ഒത്തു കൂടി പഴയ തമാശകളും ഓര്‍മകളും പങ്കു വെച്ചപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ഇളയ അംഗം ആയ ഞാന്‍ മാത്രം കാണിയായി ഹോട്ടലിനു മുമ്പിലെ ജലധാരക്ക് മുമ്പില്‍ നിലയുറപ്പിച്ചു, ഒരു കാഴ്ചക്കാരനായി. ആ കാഴ്ചക്കും ഒരു സൌന്ദര്യമുണ്ടായിരുന്നു; സൌഹൃദത്തിന്റെ സൌന്ദര്യം. ആ സായഹ്നതിനു ഒരു സുഗന്ധമുണ്ടായിരുന്നു; സ്നേഹത്തിന്റെ സുഗന്ധം. ആ നിമിഷങ്ങള്‍ അമൂല്യങ്ങളായിരുന്നു; മനുഷ്യബന്ധങ്ങള്‍ പോലെ.
May 27, 2012
വിക്രമാദിത്യന്‍
ശ്മശാനം: മനുഷ്യര്‍ പാപങ്ങള്‍ ചാരമാക്കാന്‍ വരുന്ന സ്ഥലം. അങ്ങോട്ടാണ് പോകേണ്ടത്, വിക്രമാദിത്യന്‍ സ്വയം ഓര്‍മിപ്പിച്ചു. അര്‍ദ്ധരാത്രിയുടെ നിശബ്ദതയില്‍ ഇടയ്ക്കു കേട്ടിരുന്ന നായ്ക്കളുടെ ഒരിയിടലുകളോ, കാറ്റിലെ ഇലയനക്കങ്ങളോ വീരനായ ആ രാജാവിനെ ഭയപ്പെടുത്തിയില്ല. ശ്മശാനത്തില്‍ താവളം ഉറപ്പിച്ച ഒരു വേതാളത്തെ പറ്റി പ്രജകള്‍ പരാതി പറഞ്ഞപ്പോള്‍ തന്റെ ധീരനായ സൈന്യാധിപന്‍ പോലും ഭയപ്പെട്ടു പിന്മാറിയ ആ നിമിഷം അതിനെ ഇല്ലാതാക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്തിട്ട് അന്നേക്ക് 30 ദിവസമായിരിക്കുന്നു. ഇതുവരെ സൂത്രശാലിയായ ആ വേതാളം രക്ഷപ്പെട്ടു. ഇന്ന് എന്തായാലും അതുണ്ടാകില്ല. വിക്രമാദിത്യന്‍ മനസ്സില്‍ ഉറപ്പിച്ചു. മുന്നോട്ട് നടന്നു.
അന്നും രാജനെ കണ്ട മാത്രയില്‍ വേതാളം കീഴടങ്ങി. അതിനെ തോളത്തിട്ട് വിക്രമാദിത്യന്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. അന്നും പതിവുപോലെ വേതാളം കഥ പറയാന്‍ തുടങ്ങി....
.....അവള്‍ കത്തി ചാമ്പലാക്കിയ പ്രേമത്തിന്റെ അരൂപിയായ പ്രേതത്തെ മനസ്സില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഇല്ലാതാക്കാന്‍ സ്വയം തലയില്‍ ആണി അടിച്ചിറക്കിയ ഭ്രാന്തനെ കല്ലെറിഞ്ഞു കൊല്ലാന്‍ ചില്ലുമേടകളിലും രാജകൊട്ടാരങ്ങളിലും മൂഢത്വത്തിന്റെ സിംഹാസനങ്ങള്‍ അലങ്കരിക്കുന്ന പ്രഭുക്കള്‍ ഉത്തരവിട്ടപ്പോള്‍ ഇല്ലാതായത് ജ്ഞാനമോ, പ്രണയമോ അതോ നീതിയോ? വേതാളം വിക്രമാദിത്യനോട് ചോദിച്ചു. ഉത്തരം പറഞ്ഞില്ലെങ്കില്‍ വേതാളം തന്നെ വധിക്കും. എന്നാല്‍ മൌനം ഭാന്ജിച്ചാല്‍ വേതാളം ബന്ധനത്തില്‍ നിന്ന് മോചിതനാകും. രാജന്‍ ഓര്‍ത്തു. ഉത്തരം പറയാതെ പറ്റില്ല. ചിന്തകളെ മാറ്റി നിര്‍ത്തി 'മനുഷ്യത്വം' എന്ന് വിക്രമാദിത്യന്‍ പറയുമ്പോഴേക്കും ഭൂതകാലമാകുന്ന വേതാളം അങ്ങകലെ ശ്മശാനത്തിലെ മരങ്ങള്‍ക്കിടയിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു. രാവിന്റെ നിശ്ശബ്ദ യാമത്തില്‍ അതിന്റെ അട്ടഹാസത്തിന്റെ പ്രതിധ്വനികള്‍ അവിടമെങ്ങും അലയടിച്ചലിഞ്ഞില്ലാതായി.
ക്ഷീണിച്ച ശരീരവും, തളര്‍ന്ന മനസും, തോല്‍വിയുടെ ഭാരം കൊണ്ട് താഴ്ന്ന മുഖവുമായി വിക്രമാദിത്യന്‍ തിരികെ കൊട്ടാരത്തിലേക്ക് യാത്രയായി. കഴിഞ്ഞ 30 രാവുകളായി വേതാളത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഇന്നത്തെ പോലെ എല്ലാ തവണയും അവസാന നിമിഷം വീരനായ തന്നെ പരാജയപ്പെടുത്തി രക്ഷപ്പെടാന്‍ എങ്ങനെ അതിനു സാധിക്കുന്നു? 30 രാവുകളില്‍ ഒരിക്കല്‍ പോലും തന്റെ ജീവന് ഭീഷണി ഉണ്ടായിട്ടില്ല. വിക്രമാദിത്യന്റെ സാന്നിധ്യം അറിയുന്ന മാത്രയില്‍ തന്നെ വേതാളം കീഴടങ്ങിയിരുന്നു. പിന്നെ എന്തുകൊണ്ടാണ് ജനങ്ങള്‍ വേതാളത്തെ ഭയപ്പെടുന്നത്? ഒരിക്കലും പിടി തരാതെ മനസ്സിന്റെ ഇരുള്‍ വീണ കോണുകളില്‍ ഇരുന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന ഭൂതകാലമാകുന്ന വേതാളത്തെ വിക്രമാദിത്യനെ പോലെയുള്ള സജ്ജനങ്ങള്‍ക്ക് മാത്രമേ ഭയമില്ലാതിരിക്കു എന്ന് മനസ്സിലാക്കാന്‍ ആ മഹാനായ രാജാവിന് സാധിച്ചില്ല. സ്വയം ആ തിരിച്ചറിവ് വരുന്ന വരെ വിക്രാമാദിത്യന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഒരുപക്ഷെ അതായിരിക്കും വിക്രമാദിത്യന്റെ ജന്‍മോദ്ദേശം.
May 22, 2012
അഹമ്മദാബാദ് യാത്രയും ഒരു അസ്തമനവും
അങ്ങോട്ട്
ഈ കഴിഞ്ഞു പോയത് വീകെണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഒരു സൂപ്പര്‍ വീകെണ്ട് ആയിരുന്നു. ശനിയാഴ്ച ഐ.എസ്.എ പരീക്ഷ ആയിരുന്നെങ്കില്‍ ഞായറാഴ്ച (ഇന്നലെ) ഐ.ഐ.ബി.എഫ് നടത്തുന്ന ജെ.എ.ബി കോഴ്സിന്റെ ആദ്യ പരീക്ഷ ആയിരുന്നു. ഇന്നലെ തന്നെയാണ് ഞാന്‍ അഹമ്മദാബാദിലേക്ക് പോന്നതും.വിചാരിച്ചതില്‍ കൂടുതല്‍ തിരക്കായിരുന്നു നെടുംബാശ്ശേരിയിലെ ബോര്‍ഡിംഗ് ഏരിയയില്‍. ഒരു ഇരിപ്പടം കിട്ടാന്‍ ഒന്ന് കറങ്ങേണ്ടി വന്നു. ആള്‍കൂട്ടത്തില്‍ അവിടെ ഇവിടെ ആയി കയ്യിലിരിക്കുന്ന ടാബ്ലെറ്റും തലോടി ചിലര്‍ ഇരിക്കുന്നു. നിക്കര്‍ ഇട്ടു നടക്കുന്ന സായിപ്പന്മാര്‍ പതിവുപോലെ കുറച്ചുണ്ട്. വന്നിറങ്ങിയ വിമാനങ്ങള്‍ തൃശ്ശൂര്‍ സ്വരാജ് റൌണ്ടില്‍ പാര്‍ക്കിങ്ങിനു സ്ഥലം കിട്ടാന്‍ കാറുകാര്‍ കിടന്നു കറങ്ങുന്ന പോലെ പുറത്തു കിടന്നു കറങ്ങുന്നു. എന്തായാലും എനിക്ക് പോകേണ്ട വിമാനം കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു. രാത്രിയാത്ര ആദ്യമായല്ലെന്കിലും രാത്രികാഴ്ച എനിക്കെന്നും പുതുമയായിരുന്നതുകൊണ്ട് വിന്‍ഡോ സീറ്റില്‍ ഒന്ന് അമര്‍ന്നിരുന്ന് ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി പാട്ടില്‍ മയങ്ങി ജനലിന്റെ ചതുരത്തിലൂടെ പുറം കാഴ്ചകള്‍ നോക്കി ഇരുപ്പുറപ്പിച്ചു. ഉയരങ്ങളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ മിന്നാമിന്നികളെ പോലെ മിന്നുന്ന ഗ്രാമങ്ങളും നഗരങ്ങളും കാണാന്‍ ഒരു പ്രത്യേക രസമാണ്. ലാന്‍ഡ് ചെയ്യാന്‍ താഴ്ന്നു പറക്കുമ്പോള്‍ ബഹുനില മന്ദിരങ്ങള്‍ തീപ്പെട്ടി കൂടുകള്‍ പോലെ നിരത്തി വെച്ചിരിക്കുന്നത് കാണാം. ഉറുമ്പുകളെ പോലെ പോകുന്ന വണ്ടികള്‍ കാണാം. ഹെഡ് ലൈറ്റ് കത്തിച്ചു പോകുന്ന വണ്ടികള്‍ കണ്ടാല്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ള വാല്‍നക്ഷത്രങ്ങള്‍ റിവേഴ്സില്‍ പോകുന്ന പോലെ തോന്നും. കുറച്ചുകൂടി താഴ്ന്നു പറന്നു തുടങ്ങുമ്പോള്‍ നൂറുകൂട്ടം ചിന്തകളുമായി വീടണയാന്‍ ഓടുന്ന മനുഷ്യരെ കാണാം. ഇതൊക്കെ കണ്ടുകൊണ്ടുയരങ്ങളില്‍ ഇരിക്കുമ്പോള്‍ ഒരു നിമിഷ നേരത്തേക്ക് ഞാനും ദൈവം ആയെന്നു തോന്നും. ഉയരങ്ങളില്‍ ഇരുന്നു ഉറുമ്പുകളായ മനുഷ്യരുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും നിശ്ചയിക്കുന്ന ദൈവം. വേണമെങ്കില്‍ കയ്യിലെ ലെന്‍സ് കൊണ്ട് ഭാസ്മമാക്കം, അല്ലെങ്കില്‍ പോക്കറ്റില്‍ നിന്ന് ജീരക മിഠായി എടുത്തെറിഞ്ഞു തരാം. അതെ, ഞാനും ദൈവം. നിമിഷാര്‍ദ്ധ ദൈവം.
എന്തായാലും കൂടുതല്‍ ചിന്തിച്ചു കാട് കയറി വേറെ ഒരു മാത്തുക്കുട്ടി അച്ചായനാകുന്നതിന് മുമ്പ് വിമാനം അഹമ്മദാബാദിലെത്തുകയും താവളത്തില്‍ ഞങ്ങളെ കാത്തു കിടന്നിരുന്ന ഹോട്ടലുകാര്‍ അയച്ച വണ്ടിയില്‍ കയറി നവരംഗ്പുരയിലെ ഹോട്ടലില്‍ എത്തുകയും പാതി രാത്രി കഴിഞ്ഞതിനാല്‍ ചെക്ക് ഇന്‍ പരിപാടികള്‍ കഴിഞ്ഞു റൂമില്‍ എത്തിയ ഉടനെ തന്നെ കേറി കിടന്നുറങ്ങുകയും ചെയ്തു.
ചെന്നൈ എത്താറായപ്പോഴാണ് കണ്ണു തുറന്നത്. അഹമ്മദാബാദില്‍ നിന്നും പറന്നു പോന്തിയപ്പോള്‍ ഇയര്‍ ഫോണ്‍ തിരുകി പാട്ട് വെച്ചത് ഓര്‍മയുണ്ട്. സുഖമായി ഉറങ്ങി. "നിങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന (ഇലക്ട്രോണിക്) ഉപകരണങ്ങള്‍ ഓഫ് ചെയ്യുക" എന്ന എയര്‍ ഹോസ്റ്റെസിന്റെ അന്നൌണ്‍സ്മെന്ട് (ഈ ഡയലോഗ് വേറെ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് എനിക്കും തോന്നി; ഇംഗ്ലീഷില്‍ പറഞ്ഞാല്‍ 'ഡേജാ വൂ') ആണ് ഉറക്കത്തില്‍ നിന്നെഴുന്നെല്‍പ്പിച്ചത്. അര മണിക്കൂറിനുള്ളില്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യും എന്നും, കാര്‍മേഘങ്ങള്‍ ഉള്ളതിനാല്‍ 'ടര്‍ബ്യുലന്‍സ്' ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടെന്നും ഉള്ള പൈലറ്റിന്റെ അന്നൌണ്‍സ്മെന്ട് പുറകെ വന്നു. ചെന്നൈ അടുത്തുതുടങ്ങിയപ്പോള്‍ പൈലറ്റ് പറഞ്ഞ കാര്‍മേഘങ്ങള്‍ വിമാനത്തിന് മുകളിലായി കണ്ടുതുടങ്ങി. സന്ധ്യാസമയം ആയിരുന്നതിനാല്‍ കാര്‍മേഘങ്ങള്‍ അസ്തമന സൂര്യന്റെ പ്രകാശത്തില്‍ അഗ്നിയില്‍ ജ്വലിക്കുന്നപോലെ കാണപ്പെട്ടു. ഇളം നീലയും ചുവപ്പും മഞ്ഞയും ചക്രവാളത്തിന് ഒരു പിക്കാസോ ചിത്രത്തിന്റെ ഭംഗി നല്‍കി. എന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയ എയര്‍ ഹോസ്റ്റെസ്സിനെ മനസ്സാ നന്ദി പറഞ്ഞതുകൊണ്ട് ഞാന്‍ ക്യാമറ പുറത്തേക്ക് തിരിച്ചുംകൊണ്ട് ആ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. എന്നാല്‍ പ്രകൃതി ഒരുക്കിയ ആ ദൃശ്യവിരുന്നിലെ നിറങ്ങള്‍ ഒപ്പിയെടുക്കാന്‍ എന്റെ മൊബൈല്‍ ക്യാമറയുടെ പരിമിതികള്‍ എന്നെ അനുവദിച്ചില്ല. പൊടി അടിഞ്ഞുകൂടിയ ജനല്‍ ചില്ലുകളും എന്റെ ഉദ്യമത്തിന് തടസ്സം നിന്നു. പതിയെ പതിയെ വിമാനത്തെ പൊതിഞ്ഞ മേഘങ്ങള്‍ ആ ദൃശ്യങ്ങള്‍ എന്നില്‍ നിന്നു മറച്ചു. പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും കാണാന്‍ സാധിച്ചില്ല.
മേഘത്തില്‍ നിന്നു പുറത്തുകടന്നപ്പോഴേക്കും കുറച്ചകലെ ആയി ബംഗാള്‍ ഉള്‍ക്കടലും പുറങ്കടലില്‍ നന്കൂരമിട്ടു കിടക്കുന്ന വമ്പന്‍ ചരക്കു കപ്പലുകളും കണ്ടുതുടങ്ങി. വിമാനം ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ ആയിരുന്നു പറക്കുന്നുണ്ടായിരുന്നത്. കപ്പലുകള്‍ കുറച്ചുകൂടി വ്യക്തമായി കാണാം. അസ്തമന സൂര്യന്‍ ഒരു തീഗോളം കണക്കെ ചക്രവാളത്തില്‍ തിളങ്ങി നിന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് വേണ്ടി പതിയെ താഴ്ന്നു തുടങ്ങി. ബംഗാള്‍ ഉള്‍ക്കടലിന്റെ നീലിമ പിന്നിലാക്കി ചെന്നൈ എന്ന മഹാനഗരത്തിലേക്ക് കടന്നു. പണി പുരോഗമിക്കുന്ന പുതിയ മെട്രോ ലൈനും, വാഹന തിരക്കേറിയ രാജപാതകളും, ബഹുനില മന്ദിരങ്ങളും, പച്ച പുതപ്പ് പോലെ മരത്തലപ്പുകളും നിറഞ്ഞ ചെന്നൈ നഗരം. അഹമ്മാദാബാദിന്റെ ആകാശകാഴ്ചയില്‍ ഹരിതവര്‍ണ്ണം ഇല്ലായിരുന്നു എന്ന് അപ്പോഴാണെനിക്ക് ഓര്‍മ്മ വന്നത്. ആറുമണിക്ക് ഞങ്ങളുടെ വിമാനം ചെന്നൈ തൊട്ടു.
ഞങ്ങള്‍ വീണ്ടും മേഘങ്ങളുടെ ഇടയിലേക്ക് എത്തിയപ്പോഴേക്കും നിര്‍ദിഷ്ട സമയത്തേക്കാള്‍ അര മണിക്കൂര്‍ പിന്നിലായിരുന്നു. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരുന്നു. പുറത്തെ കാഴ്ചകള്‍ ഇരുട്ടില്‍ മറഞ്ഞിരുന്നു. മിന്നാമിന്നികളെ പ്രതീക്ഷിച്ചുകൊണ്ട് ചെവിയില്‍ മുഴങ്ങിയിരുന്ന ബീറ്റില്‍സ് സംഗീതവും ശ്രവിച്ച് ഞാന്‍ പുറത്തേക്കു തന്നെ നോക്കിയിരുന്നു. പുറത്തെ ഇരുട്ടിന് അകത്തെ കൃതിമ വെളിച്ചത്തേക്കാള്‍ ഭംഗി ഉണ്ടായിരുന്നു.
നെടുമ്പാശ്ശേരിയില്‍ പതിവിലും വിപരീതമായി എയര്‍ ട്രാഫിക് കൂടുതലായതുകൊണ്ട് ലാന്‍ഡിംഗ് അനുമതി കിട്ടാന്‍ അരമണിക്കൂര്‍ ആകാശത്ത് കിടന്നുകറങ്ങി. താഴെ മിന്നാമിന്നി ഗ്രാമങ്ങള്‍ ഇരുട്ടില്‍ തിളങ്ങി നിന്നു: മേഘങ്ങള്‍ ഒഴിഞ്ഞ രാത്രിയിലെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം പോലെ. വിദൂരതയില്‍ ഒരു പള്ളിയും, പള്ളിയുടെ ഏറ്റവും മുകളിലായി ചുവന്ന നിയോണ്‍ വെളിച്ചത്തില്‍ തിളങ്ങുന്ന കുരിശും ഇടക്കെപ്പോഴോ കണ്ടു. ഞങ്ങളുടെ വിമാനത്തിന് മുകളിലായി ലാന്‍ഡിംഗ് അനുമതി കാത്ത് വേറെ ഒരു വിമാനവും വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. എട്ടുമണിക്ക് ഞങ്ങളുടെ വിമാനം ലാന്‍ഡ് ചെയ്തു. താവളത്തില്‍ നിന്നൊരു ടാക്സി വിളിച്ച് വീട്ടിലെത്തിയപ്പോഴേക്കും സമയം ഒന്‍പതു കഴിഞ്ഞു.. പിന്നെ അമ്മ ഉണ്ടാക്കിയ ദോശ മാങ്ങാക്കറിയും കൂട്ടി ആറേഴണ്ണം അകത്താക്കി. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്, ഇതാണ് ഇതാണ് എന്ന് ആരോ എന്റെ മനസ്സില്‍ മന്ത്രിച്ചില്ലേ എന്ന് എനിക്കപ്പോള്‍ തോന്നാതിരുന്നില്ല.
a
April 18, 2012
രാമേട്ടനും വേലി പടക്കവും
ചേര്‍പ്പിലെ നാല് രമേട്ടന്മാരില്‍ സീനിയര്‍ മോസ്റ്റ് ആയ, മുത്തശ്ശന്റെ ബന്ധുവായ, രാമേട്ടന്‍ ഞങ്ങളുടെ ഒപ്പം ആയിരുന്നു താമസിച്ചിരുന്നത്. രാമേട്ടന്‍ ഒരു പ്രസ്ഥാനമായിരുന്നു. രാമേട്ടന്റെ ഒരു കാലില്‍ സ്റ്റീല്‍ കമ്പിയാണ് എന്നറിയുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ക്ക് രാമേട്ടന്‍ ഒരു പ്രസ്ഥാനമായി കഴിഞ്ഞിരുന്നു. നരച്ച തലമുടിയും കുടവയറുമൊക്കെയായി കണ്ടാല്‍ മുത്തശ്ശനെ പോലെ തന്നെയാണ് രാമേട്ടന്‍ എങ്കിലും മുത്തശ്ശന്റെ അത്ര കാര്‍ക്കശ്യം ഇല്ലായിരുന്നതുകൊണ്ടും ഒഴിവുസമയങ്ങളില്‍ തെങ്ങിന്റെ ഓല കൊണ്ട് പീപ്പിയും പന്തും കാറ്റാടിയുമൊക്കെ ഉണ്ടാക്കി തന്നിരുന്നതുകൊണ്ടുമാകാം എനിക്കും ചേട്ടനും രാമേട്ടന്‍ ഒരു പ്രസ്ഥാനമായി തീര്‍ന്നത്. രാമേട്ടന്റെ ഇഷ്ട വിശ്രമസ്ഥലം കാര്‍പോര്‍ച്ചില്‍ ഇട്ടിരുന്ന ബെഞ്ച് ആയിരുന്നു. അതിനടുത്തായി ആളുടെ സന്തത സഹചാരിയായ പഴയ ഹെര്‍കുലീസ് സൈക്കിളും ഉണ്ടാകും. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ കാര്പോര്‍ച്ചിലെ ബെഞ്ചില്‍ കിടന്നൊരുറക്കം പാസാക്കുക എന്നത് രാവിലെ എണീറ്റ് പല്ല് തേക്കുക എന്നപോലെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ശീലമായിരുന്നു രാമേട്ടന്. അടുക്കളിയിലെ പാത്രത്തില്‍ നിന്നും ഉപ്പെടുത്ത് ഉറങ്ങുന്ന രാമേട്ടന്റെ വായില്‍ ഇടുക എന്നത് അക്കാലത്ത് ഞങ്ങളുടെ ഒരു ഹോബി ആയിരുന്നു. പിന്നെ പിന്നെ രാമേട്ടനും അതൊരു ശീലമായി തീര്‍ന്നതുകൊണ്ട് ഉപ്പിന്റെ റിയാക്ഷന്‍ പതുക്കെ കുറഞ്ഞു വന്നു. അതുകൊണ്ട് രാമേട്ടനെ ശല്യപ്പെടുത്താന്‍ പുതിയ വഴികള്‍ ആലോചിക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ആ ഐഡിയ കത്തിയത്. ഇവിടെയും മുഖ്യ കാര്‍മികന്‍ ചേട്ടന്‍ തന്നെ ആയിരുന്നു എങ്കിലും കൂടുതല്‍ പ്രാവര്‍ത്തികമാക്കിയത് ഞാനായിരുന്നു.
ചേര്‍പ്പ് അമ്പലത്തിനു പടിഞ്ഞാറായി, ശങ്കരന്‍ നായരുടെ കടയും കഴിഞ്ഞു നേരെ കുറച്ചു നടന്നാല്‍ റോഡ് ഇടത്തോട്ടെക്ക് തിരിയും. ആ വളവില്‍ കുറച്ചു മുന്നിലേക്ക് നടന്നാല്‍ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്ന ജെ.ബി.എസ് സ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചിരുന്നത്: രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം. സ്കൂള്‍ അടുത്തായിരുന്നതുകൊണ്ട് ഉച്ചക്ക് ഉണ്ണാന്‍ വീട്ടിലെത്തിയാല്‍ പിന്നെ രണ്ടുമണിക്ക് ക്ലാസ്സ് തുടങ്ങാനുള്ള ബെല്‍ അടിക്കാന്‍ പത്തോ പതിനഞ്ചോ മിനിറ്റുള്ളപ്പോള്‍ ആണ് തിരിച്ചു പോകുക. ഈ സമയമാണ് രാമേട്ടന്‍ അറ്റാക്ക് ടൈം. ഞാന്‍ സ്കൂളില്‍ നിന്നു വന്ന്‍ ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും രാമേട്ടന്‍ ബെഞ്ചില്‍ ഉറക്കം പിടിച്ചിട്ടുണ്ടാകും. ഈ സമയം ഞാന്‍ പുറകിലെ വാതിലില്‍ കൂടി ഇറങ്ങി കുളിമുറിയില്‍ നിന്നു നീല നിറത്തിലുള്ള പ്ലാസ്റ്റിക് പാത്രം എടുത്ത് അതില്‍ വെള്ളം പിടിക്കും. കാര്‍പോര്‍ച്ചിനടുത്ത് നില്‍ക്കുന്ന മാങ്ങയൊന്നുപോലും ഉണ്ടാകാത്ത നീലന്‍ എന്ന് വിളിക്കുന്ന മാവാണ് അടുത്ത ലക്‌ഷ്യം. മാവിന്റെ ചോട്ടില്‍ 'വേലി പടക്കം' എന്ന് വിളിക്കുന്ന ചെടി ധാരാളമായി വളര്‍ന്നിരുന്നു. ഇതിന്റെ ഇത്തിരി ഉണങ്ങിയ കായ്കള്‍ വെള്ളത്തില്‍ ഇട്ടാല്‍ പൊട്ടുമെന്ന്‍ ഞാനും ചേട്ടനും മനസ്സിലാക്കിയിരുന്നു. അങ്ങനെ ഒരു കയ്യില്‍ മൂന്നോ നാലോ വേലി പടക്കവും മറുകയ്യില്‍ ഒരു പാത്രം നിറയെ വെള്ളവുമായി ശബ്ദമുണ്ടാക്കാതെ രാമേട്ടന്റെ അടുത്തെത്തും. വേലിപടക്കങ്ങള്‍ പാത്രത്തിലെ വെള്ളത്തിലിട്ട് ഉറങ്ങുന്ന രാമേട്ടന്റെ ചെവിയോട് ചേര്‍ത്തങ്ങനെ പിടിക്കും. സെക്കന്റുകള്‍ക്കുള്ളില്‍ പാത്രത്തില്‍ ഒരു സ്ഫോടനം നടക്കുകയും രാമേട്ടന്‍ 'ആരാ അവിടെ' (ഞാന്‍ ആണ് ഉത്തരവാദി എന്നറിയാമെങ്കിലും) എന്ന് ചോദിച്ച് ഞെട്ടി എണീക്കുകയും ചെയ്യും. അപ്പോഴേക്കും ഞാന്‍ കാര്‍പോര്‍ച്ചിന്റെ ചുമരിനു പിന്നില്‍ ഒളിച്ചിട്ടുണ്ടാകും.
രാമേട്ടന്‍ വീണ്ടും തന്റെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ ഞാന്‍ ഉച്ചക്ക് ശേഷമുള്ള വിഷയങ്ങളുടെ പുസ്തകങ്ങളും എടുത്ത് തിരികെ ജെ.ബി.എസിലേക്ക് പോകും. ഒരു നാള്‍ രാമേട്ടന്‍ തൃശ്ശൂരില്‍ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോയി. പിന്നെ ഒരിക്കലും രാമേട്ടന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. ഞങ്ങള്‍ രാമെട്ടനെയും കണ്ടില്ല.
a
April 08, 2012
ലാ ബോല്‍ ഭൂലിന്റെ ഒപ്പം ലടും ലുങ്ങും
മുത്തശ്ശന്റെ അഭിപ്രായത്തില്‍ വല്യ വെക്കേഷന്‍ കളിച്ചു നടന്നു വേസ്റ്റ് ആക്കി കളയാനുള്ളതായിരുന്നില്ല, മറിച്ച് പഠിക്കാന്‍ കൂടിയുള്ള സമയമായിരുന്നു. അതുകൊണ്ട് മെയ് മാസം മുത്തശ്ശന്റെ മാസമായി പ്രഖ്യാപിക്കപ്പെട്ടു. ഏപ്രില്‍ മാസം ഇഷ്ടം പോലെ കളിച്ചുനടക്കുന്നതിനു പകരം മെയ് മാസം മുഴുവന്‍ മുത്തശ്ശന്റെ കീഴില്‍ ഹിന്ദി-സംസ്കൃതാദ്ധ്യായനം എന്ന ഉടമ്പടി ഒപ്പുവെക്കപ്പെട്ടു. അഞ്ചാം തരം മുതല്‍ക്കാണ് ഹിന്ദിയും സംസ്കൃതവും സ്കൂളില്‍ പഠിപ്പിച്ചു തുടങ്ങുന്നത് എന്നതിനാല്‍ നാലാം തരം കഴിയുന്ന വരെ ഈ ഉടമ്പടി എന്നെ ബാധിച്ചിരുന്നില്ല. എന്നാല്‍ നാലിലെ വല്യ വെക്കേഷന്‍ മുതല്‍ എന്റെ വേനലവധി പ്ലാനുകള്‍ ആകെ മൊത്തം മാറി മറിഞ്ഞു.
തുടക്കം അക്ഷരമാലയില്‍ നിന്നായിരുന്നു. എല്ലാ ഭാഷകളും തുടങ്ങുന്നത് അവിടെ ആണല്ലോ. വലിയ ബുദ്ധിമുട്ടില്ലാതെ അത് കഴിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷവാനായിരുന്നു. എന്നാല്‍ പിന്നീടാണ് മനസ്സിലായത് 'ഗ്രാമ്മര്‍' എന്ന് പറയുന്ന സംഭവം മഴക്കാലത്ത് സ്കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബാള്‍ പോസ്റ്റിന്റെ അടുത്തു കെട്ടി കിടക്കുന്ന ചെളി വെള്ളത്തില്‍ 'ഡാം' കെട്ടി ഗ്രൌണ്ടിന്റെ പലഭാഗങ്ങളിലേക്ക് 'കനാലുകളി'ലൂടെ തിരിച്ചു വിടുന്ന പോലെ എളുപ്പമുള്ള പണി അല്ല എന്ന് മനസ്സിലായത്. മുത്തശ്ശന്റെ സിദ്ധാന്തമനുസരിച്ച് സംസ്കൃതം പഠിക്കാന്‍ അക്ഷരമാല കഴിഞ്ഞാല്‍ അടുത്തതായി പഠിക്കേണ്ടത് 'സിദ്ധരൂപം' ആണ്. അതുകൊണ്ട് നാലിലെ ആ വേനലവധിക്കാലത്ത് തന്നെ തന്നെ 'ബാല:, ബാലൌ , ബാലാ:' യില്‍ തുടങ്ങിയ പുല്ലിംഗ-സ്ത്രീലിംഗ നാമങ്ങളും 'ഭവതി ഭവത: ഭവന്തി' മുതലായ ക്രിയാ പദങ്ങളും ചൊല്ലി പഠിച്ചു തുടങ്ങി (ഇപ്പോള്‍ എല്ലാം മറന്നു എന്നത് വാല്ക്കഷണമായി ചേര്‍ക്കുന്നു). ഹിന്ദിയും ഒട്ടും മോശമായിരുന്നില്ല. ഹിന്ദിയില്‍ മുത്തശ്ശന്റെ മാസ്റ്റര്‍ പീസ് ഐറ്റം വിവര്‍ത്തനം ആണ്. ചങ്ങനാശ്ശേരിയില്‍ നിന്ന് അച്ഛന്‍ കൊണ്ട് വന്ന ചാര നിറത്തില്‍ വരയിടാത്ത പേജുകളും മഞ്ഞ ചട്ടയുള്ള നോട്ട് ബുക്കുകള്‍ ഞങ്ങള്‍ ചങ്ങനാശ്ശേരിയില്‍ നിന്നും താമസം മാറ്റിയിട്ടും (അഞ്ചാം തരം കഴിഞ്ഞുള്ള വേനലവധിക്കാലത്ത്) പത്താം തരം വരെ എന്റെ പഠനത്തില്‍ വളരെ അധികം സ്വാധീനം ചെലുത്തുകയുണ്ടായി. അത്തരം ഒരു പുസ്തകത്തില്‍ മുത്തശ്ശന്‍ ഓരോ ദിവസവും രാവിലെ അമ്പത് വാചകങ്ങള്‍ മലയാളത്തില്‍ എഴുതും. വൈകുന്നേരം ആകുമ്പോഴേക്കും അതെല്ലാം ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് എഴുതി മുത്തശ്ശന് കൊടുക്കുക എന്നതാണ് വിദ്യാര്‍ഥി എന്നാ നിലയില്‍ എന്റെ ചുമതല. മുത്തശ്ശന്റെ പരിശോധന കഴിഞ്ഞാല്‍ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും തിരുത്തുന്നതിനായി ഇമ്പോസിഷന്‍ എഴുതി കഴിഞ്ഞാലെ ആ നാളുകളില്‍ എന്റെ വേനലവധിക്കാലത്തെ ഒരു മെയ് മാസ ദിനം കഴിയുകയുണ്ടായിരുന്നുള്ളൂ.
ഹിന്ദിയെ പറ്റി പറയുമ്പോള്‍ ഒഴിവാക്കാനാവത്ത രണ്ട് സംഗതികളാണ് 'ലാ ബോല്‍ ഭൂലും', 'പാനീ ദഹീ ഘീ മോതി ജീയും'. ഹിന്ദി വ്യാകരണത്തിലെ സാമാന്യ നിയമങ്ങളുടെ എക്സ്സെപ്ഷനുകളാണ് ഇവ. ലാ, ബോല്‍, ഭൂല്‍ ഇന്നിവ സകര്‍മ്മക ക്രിയാപദങ്ങള്‍ ആണെങ്കിലും ഭൂത കാലത്തില്‍ പ്രയോഗിക്കുമ്പോള്‍ കര്‍ത്താവിന്റെ ഒപ്പം 'നെ' പ്രത്യയം ചേര്‍ക്കണ്ട.അത് പോലെ 'ഈ'കാരത്തില്‍ അവസാനിക്കുന്ന നാമങ്ങള്‍ സ്ത്രീലിംഗ പദങ്ങള്‍ ആണെങ്കിലും പാനീ, ദഹീ, ഘീ, മോതി, ജീ എന്നിവ സ്ത്രീലിംഗ പദങ്ങള്‍ അല്ല. മലയാള വാചകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ തരുമ്പോള്‍ ഈ വാക്കുകള്‍ ധാരാളമായി വരുന്ന വാചകങ്ങള്‍ തരാന്‍ മുത്തശ്ശന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.
സംസ്ക്രിതാദ്ധ്യായനത്തില്‍ മറക്കാന്‍ പറ്റാത്ത ഓര്‍മ ലടും ലോങ്ങും ലോടും ലുങ്ങും ഒക്കെ ആണ്. ക്രിയാ പദങ്ങളുടെ കാലത്തിനനുസരിച്ചുള്ള ഭവ ഭേദങ്ങള്‍ ആണിവ. ഇപ്രകാരം ഓരോ ക്രിയാ പദത്തിനും പത്തു ലകാരങ്ങള്‍ വീതം ഉണ്ട്. എന്റെ മെയ് മാസ ദിനങ്ങളില്‍ പിന്നെ നിറഞ്ഞു നിന്നിരുന്നത് 'ശ്രീ രാമോദന്തം' ആണ്. രാമായണ കഥ മുഴുവന്‍ വളരെ ചുരുക്കി പറഞ്ഞിരിക്കുന്ന ഒരു ചെറിയ കാവ്യമാണ് ശ്രീ രാമോദന്തം. ഒരു കാലത്ത് എനിക്ക് ഇത് കാണാപാഠമായിരുന്നു (ഇപ്പോള്‍ ആദ്യത്തെ 2 -3 ശ്ലോകങ്ങള്‍ മാത്രം ഓര്‍മ ഉണ്ട്).
മുത്തശ്ശന്റെ ഹിന്ദി-സംസ്കൃത ക്ലാസ്സുകളെ പറ്റി പറയുമ്പോള്‍ മുത്തശ്ശന്റെ സ്വന്തം കസേരയെ പറ്റിയും,ദിവസേന 10 മണിക്കുള്ള വല്യമ്മാന്റെ സന്ദര്‍ശനത്തെ പറ്റിയും പറയാതെ പറ്റില്ല. അത് വേറെ ഒരു ക്ലാസ്സില്‍ ആകാം. തല്‍ക്കാലം ഇന്നത്തെ ക്ലാസ്സ് ഇവിടെ നിര്‍ത്താം!
April 04, 2012
കൊടികുത്ത് പൂരം
മീന
മാസത്തിലാണ് ചേര്‍പ്പ് അമ്പലത്തിലെ പൂരം. ചേര്‍പ്പിലെ പൂരം എന്നാല്‍
ആറാട്ടുപുഴ-പെരുവനം പൂരങ്ങള്‍ ആണ്. മിക്കവാറും വര്‍ഷങ്ങളില്‍
കൊല്ലവര്‍ഷപരീക്ഷ കഴിഞ്ഞായിരിക്കും പൂരം തുടങ്ങുക. എന്നാല്‍
കുട്ടിക്കാലത്ത് ഞാന്‍ ഏറ്റവും അധികം കാണുവാന്‍ ആഗ്രഹിച്ചിരുന്നത് പെരുവനം
പൂരമോ ആറാട്ടുപുഴ കൂട്ടി എഴുന്നെള്ളിപ്പോ അല്ലായിരുന്നു. 'കൊടികുത്ത്
പൂര'മാണ് എന്നെ സംബന്ധിച്ച് പൂരത്തിന്റെ ഹൈലൈറ്റ്.
കൊടികുത്ത്
പൂരത്തെ പറ്റി പറയുമ്പോള്‍ കൊടിമരത്തെ പറ്റി പറയാതെ പറ്റില്ല.
പൂരക്കലമാകുമ്പോള്‍ ദേശത്തെ ഏറ്റവും പൊക്കം കൂടിയ കമുക് കണ്ടുപിടിച്ച്
അതിനെ കൊടിമരമായി തിരഞ്ഞെടുത്ത് അമ്പലത്തില്‍ വലിയ ബലിക്കല്ലിനു സമീപം
നാട്ടി കൊടി ഉയര്‍ത്തും. പിന്നെ ആറാട്ടുപുഴ പൂരം കഴിഞ്ഞു മൂന്നാം നാള്‍ ആ
വര്‍ഷത്തെ പൂരത്തിന് സമാപ്തി കുറിച്ചുകൊണ്ട് കൊടി താഴ്തുന്നവരെ അതിനങ്ങനെ
തല ഉയര്ത്തിപിടിച്ചു നില്‍ക്കാം: ആന വന്നു കുത്തി മറിക്കുന്ന വരെ! ആന
കൊടിമരം ഇങ്ങനെ കുത്തി മറിക്കുന്നതുകൊണ്ടാണ് ഈ പൂരത്തിന് 'കൊടി കുത്ത്
പൂരം' എന്ന പേര്‍ സിദ്ധിച്ചത്.
ചേര്‍പ്പിലെ
ഞങ്ങളുടെ വീട് ഭഗവതി ക്ഷേത്രത്തിന്റെ തൊട്ടടുത്തായിരുന്നു എങ്കിലും ആന
കൊടിമരം കുത്തുന്നത് അമ്പലത്തില്‍ പോയി കാണാന്‍ മുത്തശ്ശന്‍
അനുവദിച്ചിരുന്നില്ല. വീടിന്റെ ടെറസ്സില്‍ കയറി നിന്നാല്‍ കാണുന്നത് കണ്ടാല്‍ മതിയെന്നാണ് മുത്തശ്ശന്റെ കല്പന. അതുകൊണ്ട് കൊടികുത്ത് പൂരത്തിന്റെ അന്ന് രാത്രി (കൊടിമരം കുത്തുമ്പോള്‍ ഏകദേശം 11-12 മണിയാകും) എഴുന്നള്ളിപ്പ്
മതില്ക്കകത്തു കയറി പ്രദക്ഷിണം വെച്ച് തറവാട്ടിലെ പറ എടുത്ത്
പോയിക്കഴിഞ്ഞാല്‍ ഉടനെ ഞങ്ങള്‍ എല്ലാരും (മുത്തശ്ശനടക്കം) കോണി കയറി
പടിഞ്ഞാറ് ഭാഗത്തെ വീതി കുറഞ്ഞ 'സണ്‍ ഷേഡി'ല്‍ കൂടി നടന്നു ടെറസ്സില്‍
ഇരുപ്പുറപ്പിക്കും. പിന്നെ ഹൃദയമിടിപ്പിന് വേഗം കൂടുന്ന കാത്തിരിപ്പാണ്.
ഒറ്റക്കുത്തിന് ആന കൊടിമരം മറിക്കുമോ? ആന വല്ല 'പ്രശ്നവും' ഉണ്ടാക്കുമോ?
ഇപ്രകാരമുള്ള കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, അമ്മ ഉണ്ടാക്കിയ സ്വര്‍ണ
നിറത്തില്‍, കനം കുറഞ്ഞ ചക്ക വറുത്തതും തിന്നുകൊണ്ട്, അമ്പലത്തിലേക്ക് കൊടി
മരം കുത്തുന്നത് കാണാന്‍ വ്യഗ്രതയോടെ ഓടുന്ന പിള്ളേരെ തെല്ലസൂയയോടെ
നോക്കി കൊണ്ട് ഞാനും ചേട്ടനും ടെറസ്സില്‍ നിമിഷങ്ങളെണ്ണി ഇരിക്കും.
തറവാട്ടിലെ
പറ എടുത്തു പോയാല്‍ പിന്നെ 12 പ്രദക്ഷിണം വെക്കണം. ഇതില്‍ ആദ്യത്തെ ആറു
പ്രദക്ഷിണങ്ങള്‍ കഴിഞ്ഞാല്‍ ദേവിയുടെ തിടംബ് താഴെ ഇറക്കി ശ്രീ
കോവിലിലേക്ക് കൊണ്ട് പോകും. മൂന്നുപ്രദക്ഷിണങ്ങളിലാണ്
കുറുക്കന്മാരും ചിരട്ട പാട്ടുകാരും രംഗത്ത് വരുന്നത്. ആനക്ക് വീര്യം
പകരാന്‍ ഇവര്‍ ഉച്ചത്തില്‍ ശബ്ദങ്ങള്‍ ഉണ്ടാക്കും, ചിരട്ട കൊണ്ട്
അരമതിലില്‍ ഉരച്ച് ആനയെ സൈക്കൊസിസിന്റെ അപാര തലങ്ങളിലേക്ക് കൊണ്ട്
പോകാന്‍ ശ്രമിക്കും. ഈ അവസാന മൂന്നുപ്രദക്ഷിണങ്ങള്‍
ആന പലപ്പോഴും ഓടിയാണ് തീര്‍ക്കുന്നത് (നൂറുമീറ്റര്‍ സ്പ്രിന്റ് അല്ല,
ജോഗ്ഗിംഗ്). അമ്പലത്തില്‍ ഇതൊക്കെ നടക്കുമ്പോള്‍ ഞങ്ങള്‍ ടെറസ്സില്‍ ഓരോ
പ്രദക്ഷിണവും എണ്ണി അക്ഷമയോടെ ഇരിക്കുന്നുണ്ടാകും. ആനയുടെ പുറകെ
ഒടുന്നവരില്‍ പരിചയമുള്ള മുഖങ്ങളോ സഹപാഠികളോ ഉണ്ടെന്നു നോക്കും. ഇങ്ങനെ
പന്ത്രണ്ടാമത്തെ പ്രദക്ഷിണം കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ നോട്ടം കൊടിമരത്തിലെക്ക് മാറും.
ഞങ്ങളുടെ വീട് അമ്പലത്തിന്റെ കിഴക്കേ നടയിലും, കൊടിമരം നാട്ടുന്നത് പടിഞ്ഞാറെ നടയിലുമാണ്. അതുകൊണ്ട് ടെറസ്സില്‍
നിന്നും നോക്കുമ്പോള്‍ അമ്പലത്തിന്റെ മേല്‍ക്കൂരയ്ക്കു മുകളിലുള്ള കൊടി
മരത്തിന്റെ ഭാഗമേ കാണാന്‍ സാധിക്കൂ. പോരത്തതിന് ഒട്ടുമാവിന്റെയും അമ്പല
മതിലിനോടു ചേര്‍ന്ന് നില്‍ക്കുന്ന മൂവാന്ടന്‍ മാവ്, മുരിങ്ങ മരം, മാതള മരം
മുതലായവയുടെ ഇലകളും ചില്ലകളും ഞങ്ങളുടെ കാഴ്ചയെ ഒന്ന് കൂടി
തടസ്സപ്പെടുത്തുമായിരുന്നു. അതുകൊണ്ട് ആളുകളുടെ ആരവത്തിന്റെ ശക്തിയില്‍
നിന്നാണ് കൊടിമരം കുത്താറായോ എന്ന് ഞങ്ങള്‍ ഊഹിച്ചിരുന്നത്.
ആന
കുത്തി മറിക്കുന്നതിന് മുമ്പ് കോടി താഴ്ത്തി ഭഗവതി ട്രസ്റ്റ്
ഓഫിസിലേക്ക് കൊണ്ട് പോകും; അടുത്ത വര്‍ഷത്തെ പൂരത്തിന് വീണ്ടും എടുക്കാന്‍.
കൊടി താഴ്ത്തല്‍ ചടങ്ങ് കഴിഞ്ഞാല്‍ പിന്നെ എപ്പോ വേണമെങ്കിലും കൊടിമരം
കുത്താം. അങ്ങനെ ആകാംക്ഷയോടെ ഞങ്ങള്‍ കണ്ണും നാട്ടിരിക്കുംപോള്‍ കൊടിമരം
ചെരിഞ്ഞു തുടങ്ങും. നല്ലയാനയാണെങ്കില്‍ ഒറ്റക്കുത്തിനു സംഗതി ഫിനിഷ്
ചെയ്യും. സാധാരണ മൂന്നോ നാലോ പ്രാവശ്യം ശ്രമിച്ചാലാണ് കോടി മരം ഒടിഞ്ഞു
മറിഞ്ഞു വീഴുക. പിന്നെ നിലത്ത് കിടക്കുന്ന കൊടിമരം ആന വലിച്ച്
അമ്പലത്തിന്റെ പടിഞ്ഞാറെ മതിലിന്റെ അടുത്ത് കൊണ്ട് വന്നിടും. അതോടെ ആ
വര്‍ഷത്തെ ചേര്‍പ്പിലമ്മയുടെ പൂരഘോഷങ്ങള്‍ക്ക് സമാപ്തിയാകും. ഞങ്ങള്‍
പതുക്കെ സ്വസ്ഥാനങ്ങളില്‍ നിന്നെഴുന്നേറ്റ് ഉറങ്ങാനും പോകും.
വര്‍ഷങ്ങള്‍ക്ക്
ശേഷം ഒരു കൊടികുത്ത് പൂരനാളില്‍ ഞങ്ങള്‍ വീണ്ടും ചേര്‍പ്പില്‍ എത്തി.
എന്നാല്‍ അന്ന് ഞങ്ങള്‍ അവിടെ വന്നത് തികച്ചും അപ്രതീക്ഷിതമായ ചില
കാരണങ്ങള്‍ കൊണ്ടായിരുന്നു. അന്ന് ഞങ്ങള്‍ ടെറസ്സില്‍
കയറി ക്ഷമയോടെ കാത്തിരുന്നില്ല, പൂരത്തിന്റെ ജനതിരക്കില്‍ പരിചിത
മുഖങ്ങള്‍ ഉണ്ടോ എന്നും നോക്കിയില്ല. അതെല്ലാം വര്‍ഷങ്ങള്‍ക്കു ശേഷമുള്ള
സംഭവങ്ങള്‍. അതുകൊണ്ട് വേറെ ഒരു അവസരത്തില്‍ പറയാം.
വാല്‍ക്കഷ്ണം:
ശ്രീമതി മേനക ഗാന്ധി കേന്ദ്രത്തില്‍ 'മൃഗ'മന്ത്രിയായപ്പോള്‍ ഇവ്വിധം
ശബ്ദങ്ങള്‍ ഉണ്ടാക്കുന്നത് (ആനയെ പീഡിപ്പിക്കുന്നതിന് സമമായതു കൊണ്ട്)
കുറ്റകരമാണെന്ന് പ്രഖ്യാപിക്കുകയും, ഇപ്രകാരമുള്ള പീഡനങ്ങള്‍ നടക്കുന്നില്ല
എന്നതുറപ്പാക്കാന്‍ പോലീസുകാരെ ഡ്യൂട്ടിക്കിടുകയും ചെയ്തതിനാല്‍ ആ
വര്‍ഷങ്ങളില്‍ അവസാന മൂന്നു പ്രദക്ഷിണങ്ങള്‍ ആന നടന്നു തന്നെ തീര്‍ക്കുകയും, പിള്ളേര് സെറ്റ് മിണ്ടാതെ ഉരിയാടാതെ ആനക്ക് പിന്നാലെ മാര്‍ച്ച് ചെയ്യുകയും ചെയ്തിരുന്നു.
Subscribe to:
Posts (Atom)