April 30, 2014

പുറം കരാര്‍

"അപ്പൊ എനിക്ക് ബാങ്കിംഗ് ലൈസന്‍സ് ഇല്ലേ? കണ്ട അണ്ടനും അടകോടനും കൊടുക്കാന്‍ ലൈസന്‍സ് ഉണ്ട്.എനിക്ക് തരാന്‍ ഇല്ല. നിങ്ങള്‍ക്ക് കൈക്കൂലി തരുന്നത് ഞാനോ അതോ അവരോ? ഇപ്പൊ പറയണം"
"കരയല്ലേ, മോന് തന്നാല്‍ ആ പത്രക്കാരും മോദീം വെറുതെ ഇരിക്കില്ല. പോരാത്തതിന് ഇലക്ഷനും"
"അതൊന്നും എനിക്ക് കേള്‍ക്കണ്ട. അവര്‍ക്ക് കൊടുത്തതില്‍ കൂടുതല്‍ എനിക്ക് കിട്ടണം"
"ശരി. തരാം. ഒന്നടങ്ങെന്‍റെ കരളേ!"
"എന്തു തരും?"
"എസ്.ബി.ഐ മതിയോ?"
"!!!!!"
"കള്ളന്‍, സന്തോഷം കണ്ടോ! ആ വായ ഒന്ന് അടച്ചു വെക്ക്, ഈച്ച കേറും"
"പക്ഷെ അതെങ്ങനെ?"
"അതൊക്കെ ഉണ്ട്. അപ്പം തിന്നാ പോരെ, കുഴി എണ്ണണോ?"
"വേണ്ട, അയാം നോട്ട് കൌണ്ടിന്‍ഗ് ദി കുഴീസ്. എന്നാലും..."
"അതിനല്ലേ പുറം കരാര്‍ "
"ഹോ, പാജി രാവണന്‍ തന്നെ. പത്തു തലയല്ലേ!"
"കാണാന്‍ ഒരു ഗ്ലാമര്‍ ഇല്ലാന്നേ ഉള്ളു, തല മൊത്തം (കു)ബുദ്ധ്യാ!"


അടുത്ത ദിവസത്തെ പത്രവാര്‍ത്ത: റിലയന്‍സ് മണി ഇന്‍ഫ്രയെ ബാങ്കിംഗ് ജോലികള്‍ ചെയ്യുന്നതിന് എസ്.ബി.ഐ  ബിസിനസ് കറസ്പോണ്ടെന്റ് ആയി നിയമിച്ചു.


April 24, 2014

അല്പനു അര്‍ത്ഥം കിട്ട്യാല്‍!

ബസ് ഷെൽറ്റർ മുതൽ ആശുപത്രി കെട്ടിടം വരെ സ്വന്തം കുടുംബത്തീന്നു കൊണ്ടുവന്ന കാശോണ്ടാ പണിതെ എന്ന മട്ടിൽ ഫലകം സ്ഥാപിക്കുന്ന ജനപ്രതിനിധികളുടെ നെറ്റിയിൽ മത്തങ്ങാ അക്ഷരത്തിൽ ഇങ്ങനെ എഴുതി വെക്കണം: "ജനങ്ങളുടെ നികുതിപ്പണം തിന്നുണ്ടായ തടി"

സ്വന്തം കാശോണ്ടാ കുട വാങ്ങുന്നതെങ്കിൽ അല്പനു അർദ്ധരാത്രിയിലും കുടപിടിക്കാം. അല്ലാതെ നാട്ടുകാരുടെ കാശോണ്ട് ഈ വക കോപ്രായം ചെയ്താൽ അതിനെ വിശേഷിപ്പിക്കാൻ 'അല്പത്തരം' എന്ന വാക്കു പോരാതെ വരും.

April 18, 2014

സ്വർഗ്ഗം

സദാ ചലിച്ചിട്ടും എങ്ങുമെത്താൻ പറ്റാതെ പഴയ ഘടികാരത്തിന്റെ മരക്കൂടിനുള്ളിൽ ഒരു കാഴ്ചവസ്തുവായ് തടവിലാക്കപ്പെട്ട പെൻഡുലം പോലെ അശക്തനാകുക എന്നതിൽ കവിഞ്ഞൊരു ദുരവസ്ഥയില്ല, ഈ ഭൂമിയിൽ.

ഒഴിവുദിവസം വീട്ടിൽനിന്നും കിലോമീറ്ററുകൾ അകലെ ഇരുട്ടുമൂടിയ ഹോട്ടൽമുറിയിൽ പുറത്തു വഴിയിലൂടെ പോകുന്ന വണ്ടികളുടെ ശബ്ദവും കേട്ട് തനിച്ചിരിക്കുക എന്നതിൽ കവിഞ്ഞൊരു ശിക്ഷയില്ല, ഈ ഭൂമിയിൽ.

ആ വാഹനങ്ങൾ യാത്രയിലാണ്. ലക്ഷ്യം ഏതാണ് എന്നറിയില്ലെങ്കിലും അവരൊക്കെ സ്വന്തം വീടിന്റെ സുരക്ഷയിലേക്കും സ്നേഹച്ചൂടിലേക്കുമാണ് തിരക്കിട്ടുപോകുന്നതെന്ന് ചിന്തിക്കാനാണെന്റെ മനസ്സു സ്വകാര്യം പറയുന്നത്. ശബ്ദങ്ങളുടെ നിശ്ശബ്ദമായ ഇടവേളകളിൽ ഈ ചിന്ത എന്നിൽ അസൂയ നിറക്കുന്നു. എന്നാണ് എന്നെ വീട്ടിൽ കൊണ്ടുപോകാൻ മുഴങ്ങുന്ന ശബ്ദത്തിന്റെ അകമ്പടിയോടെ സന്തോഷത്തിന്റെ ഏഴുകുതിരകളെ പൂട്ടിയ രഥം വരുക? ഈ ഒരു അനിശ്ചിതത്വത്തേക്കാൾ വലിയ വിഷമവുമില്ല, ഈ ഭൂമിയിൽ.

ഏതു വലിയ കോട്ട സ്വന്തമായാലും, എത്ര സമ്പന്നമായ കൊട്ടാരം പ്രാപ്യമായാലും,ഞാൻ മടങ്ങും; 
എന്റെ വീട്ടിലേക്ക്,എന്റെ സ്വർഗത്തിലേക്ക്.
തിരികെ ചെല്ലുമ്പോൾ അമ്മയുടെ കണ്ണിൽ സന്തോഷം ഒരു തുള്ളിയായ് നിറയുന്നതും, 
അഛന്റെ മുഖത്ത് അടക്കിപിടിച്ച ഒരു കുഞ്ഞില വിരിയുന്നതും, 
മുത്തഛന്റെ ആ വലിയ ചിരിയും, 
യാത്രയുടെ വിവരം അറിയിക്കാത്തതിനു ചേട്ടന്റെ വക കിട്ടുന്ന ശകാരത്തിന്റെ തഴുകലുകളും അല്ലാതെ ഒരു സ്വർഗവും ഇല്ല, ഈ ഭൂമിയിൽ.

April 15, 2014

പപ്പുവിന്‍റെ വിഷു

"രാഹു ജി,വിഷു ആശംസകൾ"
"താങ്ക്യു. എല്ലാർക്കും എന്റെ വിഷാശംസകൾ"
"(!!!!! എന്തോന്ന്?) താങ്കളുടെ വിഷു ഓർമ്മകൾ പ്രേക്ഷകരുമായി പങ്കിടാമൊ?"
"അതൊക്കെ ഞങ്ങടെ കുട്ടിക്കാലത്തെ വിഷു. വിഷൂന്റെ അന്നു രാവിലെ ഞാനും ബിയാങ്കയും തൊടിയിലേക്ക് ഇറങ്ങും. തുമ്പയും മുക്കുറ്റീം ചെമ്പരത്തീം എന്നു വെണ്ട പൂവായ പൂവൊക്കെ പറിക്കും. പിന്നെ പൂക്കളം ഇടും...."
"അയ്യൊ സർ കടലാസ് മാറിപ്പോയെന്നു തോന്നുന്നു, പൂക്കളം ഓണത്തിനല്ലെ? ഇതു വിഷു; കണി,കൈനീട്ടം ഒക്കെ ഉള്ള"
"സൊ വാട്ട്? ഞങ്ങൾ വിവരാവകാശനിയമം കൊണ്ടുവന്നില്ലെ? പിന്നെ സ്ത്രീകളൂടെ ശാക്തീകരണം, യുവജനങ്ങളൂടെ...."
"സാർ, അതല്ല സർ, വിഷു അതല്ല സാർ"
"മമ്മീീീീ, ഇയാൾ എന്നെ സംസാരിക്കാൻ സമ്മതിക്ക്ണില്ലാ"
"അയ്യൊ വേണ്ട, മോൻ സംസാരിച്ചൊ. അപ്പൊ വിഷുവിനാണ് മോന്റെ അഛൻ രാജാവും മുത്തശ്ശി മഹാറാണീം നാടുകാണാൻ വരുന്നത്, അല്ലെ?"
"കറക്റ്റ്. ഞാൻ വിചാരിച്ച അത്രേം മൂത്തട്ടില്ല. ഇനീം രക്ഷപ്പെടാൻ ചാൻസ് ഉണ്ട്"
"താങ്ക്യു മ്പ്രാ"
"അപ്പൊ പറഞ്ഞുവന്നത് അങ്ങനെ ഞങ്ങൾ അന്നു പല നിറങ്ങൾ കലക്കിയ വെള്ളം എല്ലാർടേം ദേഹത്തൊഴിക്കും"
"ഹൊ മ്പ്രാനെ സമ്മതിക്കണം"
"പിന്നല്ല!!!"
---
"ഇന്റെർവ്യു തന്നതിനു നന്ദി സർ. ഞാൻ ഇറങ്ങട്ടെ"
"അല്ല അപ്പൊ കൈനീട്ടം ഇല്ലെ?"
"അതു പെട്ടീലിട്ട്ണ്ട്. ഒരു മാസം കഴിയുമ്പൊ അങ്ങുന്നിനു കിട്ടും. കൈ നീട്ടി തന്നെ കിട്ടും"
"അതു മതി. കിട്ട്യാ മതി"
"കിട്ടും ന്നെ. ഉറപ്പ്"
"എന്നാ വേഗം സ്കൂട്ടായെ. നിക്ക് അമൃതേത്തിനു സമയം ആയി"

*രാഹു എന്നൊരു ഗ്രഹം ഉണ്ടെന്നു ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷെ ഇപ്പൊ വിശ്വാസമായി!

April 12, 2014

ആറാട്ടുപുഴ പൂരം

പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് മേല്‍ കഴുകി ഒരു കട്ടന്‍ കാപ്പിയും കുടിച്ച് നേരെ അമ്പലത്തിലേക്ക് ഇറങ്ങി. അമ്മതിരുവടി എഴുന്നള്ളി പോകുന്നതിന്റെ പുറകെ ആറാട്ടുപുഴയിലേക്ക് വെച്ചു പിടിച്ചു. അവിടെ ചെറുപൂരങ്ങള്‍ കണ്ടു, ദേവി- ദേവന്മാരെ കണ്ടു, ജനസമുദ്രം കണ്ടു, തട്ടകക്കാരെ കണ്ടു, വഴി വാണിഭക്കാരെ കണ്ടു, ആനകളെ കണ്ടു, കൂട്ടി എഴുന്നള്ളിപ്പ് കണ്ടു.

കതിനകള്‍ പൊട്ടുന്ന ശബ്ദം കേട്ടു, ചേര്‍പ്പിന്‍റെ മേളം കേട്ടു, ഊരകത്തിന്‍റെ കലാശിക്കുന്നത് കേട്ടു, ദേവീ ദേവന്മാര്‍ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിനോട് ഓചാരം ചൊലുന്നത് കേട്ടു, തേവരെ യാത്ര അയക്കുന്ന വേളയില്‍ അടുത്ത വര്‍ഷത്തെ പൂരം മീനം പന്ത്രണ്ടിനെന്നു വിളംബരം ചെയ്യുന്നതും കേട്ടു.

തലയ്ക്കു മുകളില്‍ കത്തി നിക്കുന്ന സൂര്യനെ വക വെക്കാതെ കണ്ട കാഴ്ചകളും കേട്ട ശബ്ദങ്ങളും മനസ്സില്‍ സൂക്ഷിച്ച് വഴിയിലെ കടയില്‍ നിന്നും ഒരു സോഡയും വാങ്ങി കുടിച്ചു മീനം പന്ത്രണ്ടെന്നു ഉരുവിട്ട് തിരികെ വീട്ടിലേക്ക് നടന്നു.

ശേഷം സുഖമായി ഉറങ്ങി.