കഥകളില്‍ കേട്ട പോലെ ആ രാത്രി മഞ്ഞു പെയ്യുന്നുന്ടായിരുന്നില്ല. അവനു ലക്‌ഷ്യം തെറ്റിയപ്പോള്‍ നേര്‍ വഴി കാണിക്കാന്‍ ഒരു നക്ഷത്രവും അന്ന് രാത്രി ഉദിച്ചില്ല. സന്തോഷവും സമാധാനവും അവന്റെ മനസ്സില്‍ നിറഞ്ഞില്ല. പാതിരാ കുര്‍ബാനക്ക് പള്ളിയില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന മകളുടെ അടുത്ത് എത്താനുള്ള ആകാംക്ഷ മാത്രമായിരുന്നു അവന്റെ മനസ്സില്‍. അവളുടെ അടുത്തെത്താന്‍, അവള്‍ ഉറങ്ങുന്ന മണ്ണില്‍ ഒരു പിടി റോസാ ദളങ്ങള്‍ വിതറാന്‍, ഒരു തവണ കൂടി 'ഹാപ്പി ക്രിസ്മസ്' പറയാന്‍..ജീവിതത്തിന്റെ തിരക്കുകളില്‍ അയാളുടെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന സുഖമുള്ളൊരുപിടി ഓര്‍മ്മകള്‍ നല്‍കി, നിശബ്ദമായ് കടന്നു പോയ സ്വന്തം മകളുടെ അടുത്തെത്താന്‍..
തണുപ്പിന്റെ ആലിംഗനങ്ങളെ അവൻ സ്നേഹിച്ചു തുടങ്ങിയിരുന്നു. പുലർകാലത്തെ കോടമഞ്ഞിന്റെ തലോടലേല്ക്കാൻ അവന്റെ മനസ്സു കൊതിച്ചു. എന്താണിങ്ങനെ? അവന്റെ ജീവനിശ്വാസങ്ങളിൽ തണുപ്പുനിറഞ്ഞതെന്നുമുതലാണ്? ഉത്തരം കിട്ടാത്ത ആ ചോദ്യത്തിനൊരുത്തരം സ്വപ്നം കണ്ട് ആ ശിശിരകാല രാത്രിയിൽ അവൻ ശാന്തമായി ഉറങ്ങി. ഒരുപക്ഷേ രാവിലെ 6 മണിക്ക് അടിക്കാൻ പോകുന്ന അലാറത്തിന്റെ അലറലുകൾക്കുപോലും ഉണർത്താൻ പറ്റാത്തത്ര അഗാധമായ ഉറക്കം.