കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യം മീഡിയ ബുജികളുടെ വാളുകളില്‍ നിറഞ്ഞു നിന്നിരുന്ന പെരുമാള്‍ മുരുഗന്റെ 'അര്‍ദ്ധനാരി' വായിച്ചു. ഇംഗ്ലീഷ് പരിഭാഷ. ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ള സേലം ജില്ലയിലെ തിരുച്ചെങ്ങോട് അര്‍ദ്ധനാരീ ക്ഷേത്രവും, ക്ഷേത്രത്തെ ചുറ്റി നിലകൊള്ളുന്ന കാര്‍ഷിക ഗ്രാമങ്ങളുമാണ് നോവലിന്റെ പാശ്ചാത്തലം.
വിവാഹം കഴിഞ്ഞു ഒരു വ്യാഴവട്ടമായെങ്കിലും സന്താനഭാഗ്യം ഇല്ലാതെ നാട്ടുകാരുടെ കുത്തുവാക്കുകള്‍ കേട്ട് ജീവിക്കുന്ന, ഗൌണ്ടര്‍ സമുദായക്കാരായ കാളി, പോന്ന ദമ്പതികളുടെ ജീവിത സംഘര്‍ഷങ്ങളാണ് അര്‍ദ്ധനാരിയിലൂടെ മുരുഗന്‍ നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. ഇരുവരുടേയും ഓര്‍മ്മകളിലൂടെയും മനോവിചാരങ്ങളിലൂടേയുമാണ് കഥ വികസിക്കുന്നത്. തമിഴ്നാടിന്റെ ഗ്രാമപ്രദേശങ്ങളില്‍ അക്കാലത്ത് നിലനിന്നിരുന്ന ജാതീയതയിലൂന്നിയ സാമൂഹ്യ വ്യവസ്ഥിതിയും, മണ്ണില്‍ പണിയെടുത്ത് ജീവിക്കുന്ന നിരക്ഷരരായ കര്‍ഷക സമൂഹത്തില്‍ നിലനിന്നിരുന്ന ആചാരങ്ങളും, അനാചാരങ്ങളും, വിശ്വാസങ്ങളും ഇവരിലൂടെ എഴുത്തുകാരന്‍ വരച്ചിടുന്നു. കുട്ടികള്‍ ഇല്ലാത്തവരോടു പൊതുജനം പെരുമാറുന്ന രീതിയും അതുമൂലം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്യുന്ന രണ്ടു ജന്മങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാന്‍ മുരുഗന് സാധിച്ചിട്ടുണ്ട് എന്നാണു എനിക്ക് തോന്നിയത്.
തിരുച്ചെങ്ങോട് ക്ഷേത്രത്തിലെ പതിന്നാലു ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക ഉത്സവമാണ് നോവലിലെ മൂന്നാമത്തെ പ്രധാന കഥാപാത്രം. ഉത്സവത്തിന്റെ പതിന്നാലാം ദിവസം, മലയിറങ്ങിയ ദൈവങ്ങള്‍ തിരികെ മല കയറുന്ന പതിന്നാലാം ദിവസം, ജാതി വ്യവസ്ഥയും തൊട്ടു കൂടായ്മയും സദാചാര ചങ്ങലകളും ഇല്ലാതാകുന്നു. അന്ന് രാത്രി പരസ്പരം സമ്മതത്തോടെ ഏതു സ്ത്രീക്കും ഏതു പുരുഷനുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാം. ഈ ബന്ധത്തിലൂടെ കുട്ടികള്‍ ഉണ്ടായാല്‍ ദൈവത്തിന്റെ വരദാനമായി കണക്കാക്കുന്നു.
ഇങ്ങനെ ഒരു ചടങ്ങ് നടന്നിരുന്നു എന്ന് വായ്മൊഴിയായി കിട്ടിയ അറിവിന്‍റെ വെളിച്ചത്തിലാണ് ഉള്‍പ്പെടുത്തിയത് എന്ന് മുരുഗന്‍ വിശദീകരിക്കുകയുണ്ടായി. ഉത്സവത്തെ കുറിച്ച് വിവരിക്കുന്ന ഈ ഭാഗങ്ങളാണ് ഒരു വിഭാഗം ജനങ്ങളുടെ എതിര്‍പ്പിനു കാരണമായി തീര്‍ന്നത് എന്ന് മനസ്സിലാക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടന്നിരുന്നാലും ഇല്ലെങ്കിലും സമൂഹത്തിന്റെ കുത്തുവാക്കുകളും കളിയാക്കലുകളും കേട്ട് സഹികെട്ട്, സ്വന്തം മാതാ പിതാക്കന്മാരുടെയും സഹോദരന്റെയും നുണകളില്‍ വഴി തെറ്റി , ഭര്‍ത്താവിന്റെ എതിര്‍പ്പ് അറിയാതെ പതിന്നാലാം ദിവസത്തെ ആള്‍ക്കൂട്ടത്തില്‍ ദൈവത്തിന്റെ പ്രതി പുരുഷനേയും അവനില്‍ നിന്നും ലഭിച്ചേക്കാവുന്ന സന്താനത്തിനും വേണ്ടി തിരുച്ചെങ്ങോട് എത്തുന്നു പോന്നയിലൂടെ എഴുത്തുകാരന്‍ അവതരിപ്പിക്കുന്ന മനോനില സൃഷ്ടിക്കുന്നതില്‍ സമൂഹത്തിനുള്ള പങ്ക് വളരെ വലുത് തന്നെ ആണ്. ഉത്സവം ഒരു മാര്‍ഗം മാത്രം! ജാതീയമായ തൊട്ടുകൂടായ്മ പോലെ എതിര്‍ക്കപ്പെടെണ്ട, വിധവകളും, സന്താനങ്ങളില്ലാത്തവരും അനുഭവിക്കുന്ന സാമൂഹ്യ തോട്ടുകൂടയ്മയുമാണ് അര്‍ദ്ധനാരിയിടുടെ കാതല്‍. ഈ രണ്ടു വിഷയങ്ങളില്‍ വര്‍ത്തമാനകാലത്തും വലിയ മാറ്റം വന്നിട്ടുണ്ടോ എന്നാണു പുസ്തകം കത്തിക്കുന്നവര്‍ ചിന്തിക്കേണ്ടത്.
റേറ്റിംഗ്: 3.50/5.00