May 28, 2015

ഗുര്‍ണാല്‍



ഗുര്‍ണാല്‍ എന്നാണ് വാര്യത്ത് എത്തിയത് എന്ന് ചോദിച്ചാല്‍ ആര്‍ക്കും കൃത്യമായി ഓര്‍മ്മയില്ല. ഒരു ദിവസം വന്നു, അത്രമാത്രം ഓര്‍മയുണ്ട്. പിന്നെ അങ്ങനെ നാളും മുഹൂര്‍ത്തവും ഓര്‍ത്തു വെക്കാന്‍ അവനൊരു ഇരുകാലിയായിരുന്നില്ല. ഒരു വരയന്‍ പൂച്ച. ദേഹം മുഴുവന്‍ ചാര നിറത്തിലുള്ള വരകളുള്ള ഒരു പാവം പൂച്ച. ഒരു പക്ഷെ വാര്യത്തെ ആദ്യത്തെ 'പെറ്റ്' എന്ന നിലയില്‍ വരുംകാലങ്ങളിലെ ചരിത്രത്താളുകളില്‍ ചടഞ്ഞു കിടക്കാന്‍ സ്വന്തമായൊരു സ്ഥലം കയ്യടിക്കിയ, ഉഗ്രപ്രതാപി സര്‍.ടീപിയെസ്ഡബ്ല്യുവിനെ പോലും കീഴടക്കിയ ഒരു വീരന്‍ പൂച്ച.

ഒരു വൈകുന്നേരമാണ് അവന്‍ എത്തിയത്. പ്രായാധിക്യം കാരണമാകണം, ഇര പിടിക്കാന്‍ വയ്യാതെ എല്ലുന്തിയ ദേഹവുമായി വന്ന അവന്‍, എന്റെ കാല്‍ക്കല്‍, ചേര്‍പ്പിലെ തെക്കേ മുറ്റത്ത് സിമന്റ് തറയില്‍, കിടന്നുരുണ്ടത് (അവന്റെ ദൈന്യത നിറഞ്ഞ കരച്ചിലില്‍ നിന്നാണ്  ഗുര്‍ണാല്‍ എന്ന പേര് കണ്ടെത്തിയത്) സ്നേഹത്തെക്കാള്‍ കൂടുതല്‍ ഭക്ഷണത്തിനു വേണ്ടി ആകണം. എന്തായാലും ഞാന്‍ കൊടുത്ത ഒരു കഷ്ണം ദോശ ആര്‍ത്തിയോടെ തിന്നു തീര്‍ത്ത് ഒരു മ്യാവൂവില്‍ നന്ദിഅറിയിച്ച് അവന്‍ അംഗത്വം ഉറപ്പിച്ചു. പിന്നീടങ്ങോട്ട് കുറച്ചു ദിവസങ്ങള്‍ അവന്‍ ആ തെക്കേ മുറ്റത്ത് ദിവസവും മൂന്നു നേരം പ്രത്യക്ഷപ്പെടും; കിട്ടേണ്ടത് കഴിച്ച് പറമ്പില്‍ അപ്രത്യക്ഷനാകും.

അക്കാലത്ത് വൈകുന്നേരങ്ങളില്‍ മുത്തശ്ശനു എണ്ണ തേച്ചു കുളിക്കുന്ന പതിവുണ്ടായിരുന്നു. തെക്കേ മുറ്റത്തെ വരാന്തയില്‍ എണ്ണയൊക്കെ തേച്ചങ്ങനെ ഇരിക്കുമ്പോള്‍ ഗുര്‍ണാല്‍ മുത്തശ്ശന്റെ കാല്‍ക്കല്‍ കിടന്നുരുളും. ഞങ്ങള്‍ അവിടെ ഉണ്ടെങ്കില്‍ കാലില്‍ തലകൊണ്ട് ഉരസി സ്നേഹം പ്രകടിപ്പിക്കും. കാര്യം ആദ്യത്തെ പെറ്റ് ആയിരുന്നു എങ്കിലും അവനെ വീട്ടില്‍ കയറ്റിയിരുന്നില്ല (സര്‍ ടിപി അതിനു മാത്രം സമ്മതിച്ചിരുന്നില്ല, ഞങ്ങള്‍ക്കും അങ്ങനെ തന്നെ). ഞങ്ങളുടെ മനസ്സ് മനസ്സിലാക്കിയെന്നോണം അവന്‍ ഒരിക്കലും വീട്ടിനുള്ളില്‍ കയറാറുമില്ലായിരുന്നു. ഏറിയാല്‍ ചവിട്ട്‌ പടി വരെ വരും; ഭക്ഷണത്തിനു വേണ്ടി കരയും.

അങ്ങനെ നാളുകള്‍ കടന്നു പോകെ കുറച്ചു ദിവസത്തേക്ക് ഗുര്‍ണാല്‍ അപ്രത്യക്ഷനായി. പ്രായം അവനെ കവര്‍ന്നെടുത്തിട്ടുണ്ടാകുമെന്നാണ് ഞങ്ങള്‍ വിചാരിച്ചത്. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒപ്പം ഒരു ചെറിയ പൂച്ചക്കുട്ടിയും. ഒരു വെളുത്ത പൂച്ചക്കുട്ടി.അവന്റെ പങ്കില്‍ നിന്നും പൂച്ചക്കുട്ടിക്കും കൊടുക്കും. കുട്ടിയെ വാര്യത്താക്കി   അധികം താമസിയാതെ അവന്‍ വീണ്ടും അപ്രത്യക്ഷനായി. ഇത്തവണ അവന്‍ തിരിച്ചു വന്നില്ല. പിന്നെ അവനെ ഞങ്ങള്‍ കണ്ടിട്ടുമില്ല. കുറച്ചാരോഗ്യമായപ്പോള്‍ പൂച്ചക്കുട്ടിയും ഗുര്‍ണാലിന്റെ വഴിയെ എങ്ങോട്ടോ പോയി.




May 17, 2015

പപ്പൂന്റെ പ്രതിഷേധം

"നിങ്ങളിൽ ആരെങ്കിലും 10 ലക്ഷത്തിന്റെ സ്യൂട്ട് ധരിക്കാറുണ്ടോ? ഞാൻ ചോദിക്കുകയാണ് "
"ഇല്ല രാജാവേ, അതുപോലെ തോറ്റു തൊപ്പിയിട്ടിരിക്കുമ്പോൾ ഞങ്ങൾ 2 മാസം ലീവെടുത്ത് കറങ്ങാനും പോകാറില്ല"
"നിങ്ങൾക്ക് 500 രൂപേം ബിരിയാണീം തന്ന് ഇവിടെ കൊണ്ടിരിത്തിയിരിക്കുന്നത് ഞാൻ പറയുന്നത് കേട്ട് കയ്യടിക്കാനാ, അല്ലാതെ എന്നോട് കൗണ്ടർ അടിക്കാനല്ല, മനസ്സിലായാ?"
"ശരി, രാജാവേ"
"അപ്പോള്‍ പറഞ്ഞു വന്നത് മോഡി ഭരിക്കുന്നത് കോര്‍പ്പരേറ്റുകള്‍ക്ക് വേണ്ടിയാണ്"
"നിങ്ങ ഭരിച്ചിരുന്നത് അളിയനു വേണ്ടി ആയിരുന്നല്ലോ"
"മമ്മീ...... ഇങ്ങനെ ആണെങ്കില്‍ ഞാന്‍ ഈ കളിക്കില്ല"  

May 15, 2015

അഴിമതി

"എല്ലാ മേഘലകളിലും സംസ്ഥാനത്ത് അഴിമതി കൂടുന്നു"
"അയ്യോ ആന്റണി സാറേ, അതിനു സംസ്ഥാനം ഭരിക്കുന്നത് നമ്മളാ"
"തന്നെ? അപ്പൊ എല്‍ ഡി എഫ്ഫല്ലേ?"
"ഏയ്‌, കൊല്ലം നാലായി, അവര്‍ പോയിട്ട്"
"ഓ, ഞാന്‍ ഈയിടെ ആയി പത്രം ഒന്നും വായിക്കാറില്ല"
"തോന്നി"
"ക്ഷമിക്കണം, സംസ്ഥാനം എന്നത് കേന്ദ്രം എന്ന് മാറി കേള്‍ക്കാന്‍ അപേക്ഷ"

May 11, 2015

നീതിയുടെ കണ്‍കെട്ട്

നീതി ദേവത കണ്ണുകള്‍ കെട്ടി നില്‍ക്കുന്നത് മുഖം നോക്കാതെ നിയമം നടപ്പാക്കണം എന്നതുകൊണ്ടല്ല, ജനങ്ങളുടെ മുഖത്ത് നോക്കാന്‍ മടിയായത് കൊണ്ടാണ് എന്ന് തെളിയിക്കുന്ന കോടതി വിധികളും കാഴ്ച്ചകളുമാണ് കഴിഞ്ഞ ഒരാഴ്ചയില്‍ നാം കണ്ടത്.

അങ്ങ് ബോംബേയില്‍, പതിമ്മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന വിധിയില്‍ രണ്ടു മണിക്കൂറില്‍ ജാമ്യം, അതും സാക്ഷാല്‍ ഹൈക്കോടതി വഹ!

ഇവിടെ നമ്മുടെ സ്വന്തം കേരളത്തില്‍ കോടതി വരാന്തയില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ പരിഹാസച്ചിരി,

തൊട്ടപ്പുറത്ത് ബാംഗ്ലൂരില്‍ വിളവു തിന്ന വേലിയേ വെറുതെ വിട്ടുകൊണ്ട് ഒറ്റ വാക്യത്തില്‍ വിധിപ്രസ്താവം!

നീതി ദേവത പിന്നെ എങ്ങനെ മുഖത്ത് നോക്കും? കണ്‍കെട്ടു തന്നെ നല്ലത്!


May 10, 2015

മദേഴ്സ് ഡേ

"എങ്ങോട്ടാ ഞായറാഴ്ച രാവിലെ തന്നെ?"
"ടൗണിലെ വൃദ്ധസദനത്തിലേക്കാ"
"എന്തേ?"
"ഇന്നു മദേഴ്സ് ഡേ അല്ലേ, അമ്മയെ ഒന്നു വിഷ് ചെയ്യണം എന്നവൾക്ക് ഒരേ നിർബന്ധം "
"അതിനു ഇപ്പൊ അങ്ങോട്ട് പോണോ? വാട്ട്സാപ്പ് പോരേ?"
"അതിന്നാത്തള്ളക്ക് ഫോണൊന്നും ഉപയോഗിക്കാന്‍ അറിയില്ല ന്നേ"
"ഓ, അപ്പൊ പിന്നെ കഷ്ടമാ"