January 22, 2018

ദ ബ്ലൈന്‍ഡ് വാച്ച്മേക്കര്‍

"പ്രകൃതി നിര്‍ദ്ധാരണം അന്ധനായ ഘടികാരനിര്‍മ്മാതാവിനെ പോലെയാണ്. അതൊരിക്കലും ഭാവിയെ കുറിച്ച് ചിന്തിക്കുകയോ ചെയ്തികളുടെ അനന്തരഫലങ്ങളെ നേരിടാന്‍ ആസൂത്രണം നടത്തുകയോ ചെയ്യുന്നില്ല എന്നുമാത്രമല്ല, അതിന്റെ ചെയ്തികളില്‍ ഒരു പ്രത്യേക ഉദ്ദേശവും ഇല്ല. എങ്കിലും പ്രുകൃതി നിര്‍ദ്ധാരണത്തിന്റെ ജീവനുള്ള ഫലങ്ങള്‍ അവയുടെ സങ്കീര്‍ണ്ണതകള്‍ കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തകയും, അവയുടെ ഉല്പത്തിക്കു പുറകില്‍ ഒരു വിദഗ്ധനായ ശില്പിയുടെ കരങ്ങള്‍ ഉണ്ടെന്നും തോന്നിപ്പിക്കുന്നു." - പുസ്തകത്തില്‍നിന്നും

റിച്ചാര്‍ഡ്‌ ഡോവ്കിന്‍സിന്റെ പ്രശസ്തമായ കൃതി "ദ ബ്ലൈന്‍ഡ് വാച്ച്മേക്കര്‍" ഇന്നലെ വായിച്ചവസാനിപ്പിച്ചു. സങ്കീര്‍ണ്ണമായ ജീവ ജാലങ്ങളും, അവയവ സവിശേഷതകളും എങ്ങനെയാണ് ഡാര്‍വിന്‍ മുന്നോട്ടു വെച്ച പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ പരിണമിച്ചു രൂപപ്പെടുന്നത് എന്നതിന് വ നിരവധി ഉദാഹരണങ്ങളിലൂടെ (കണ്ണുകള്‍, വവ്വാലുകള്‍ ഉപയോഗിക്കുന്ന 'റഡാര്‍' മുതലായവ)  വ്യക്തമായ  തെളിവുകള്‍ നിരത്തുകയാണ് ഗ്രന്ഥകാരന്‍. പ്രകൃതി നിര്‍ദ്ധാരണം എന്നത് കണ്ണു കാണാത്ത ശില്പിയെ പോലെ ആണെങ്കിലും യുഗങ്ങളുടെ കാലഗണന എടുക്കുമ്പോള്‍ ഈ അന്ധമായ നിര്‍ദ്ധാരണം ജീവ ജാലങ്ങളുടെ ക്രമമായ പരിണാമത്തില്‍ കലാശിക്കുന്നു. ഇത്തരം പരിണാമത്തിനെ  പ്രകൃതിയും, ചുറ്റുപാടുകളും, സഹ ജീവികളും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്.

വളരെ സങ്കീര്‍ണ്ണമായ ശാസ്ത്രനിയമങ്ങള്‍ ലളിതമായി പറയാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും വിഷയം ആവശ്യപ്പെടുന്ന സ്വാഭാവികമായ സങ്കീര്‍ണ്ണത വായനക്കാരെ കുറച്ചൊക്കെ ബുദ്ധിമുട്ടിക്കും. കൂടാതെ ചില ഭാഗങ്ങള്‍ (ബയോമോര്‍ഫ്, ടാക്സോണമി) ആവശ്യത്തിലധികം വിവരിക്കുക വഴി വിഷയത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുന്നതായും തോന്നി. പരിണാമത്തെ ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിലൂടെ വിവരിക്കുന്നത് കൃത്രിമ ബുദ്ധിയെ കുറിച്ചുള്ള പരീക്ഷണങ്ങള്‍ നടക്കുന്ന ഇക്കാലത്ത് പ്രാധാന്യം അര്‍ഹിക്കുന്ന വിഷയം ആണെങ്കിലും എഴുത്തുകാരന്റെ സ്വന്തം പ്രോജക്റ്റ് ആയതുകൊണ്ട് ആവശ്യത്തില്‍ കൂടുതല്‍ താളുകള്‍ അതിനുവേണ്ടി മാറ്റി വെച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രമിങ്ങുമായി വലിയ പരിചയം ഇല്ലാത്തവര്‍ക്ക് അതിന്റെ സങ്കീര്‍ണ്ണതയോ സാങ്കേതികമായ സൌന്ദര്യമോ മനസ്സിലാകില്ല എന്നതുകൊണ്ടാണ് അനാവശ്യമായ അച്ചടി എന്ന് പറയേണ്ടി വന്നത്. ടാക്സോണമിയെ  (ജീവ ജാലങ്ങളുടെ തരം തിരിവ്) കുറിച്ചും, അതിലെ ഉപവിഭാഗങ്ങളെ കുറിച്ചും ഉള്ള ചര്‍ച്ചയും ഇതുപോലെ മുഴച്ചു നില്‍ക്കുന്നു. ശാസ്ത്രാഭിരുചിയുള്ള വായനക്കാര്‍ക്ക് ഇതൊന്നും വലിയ ബുദ്ധിമുട്ടായി തോന്നുകയില്ല. ഒന്നോ രണ്ടോ അദ്ധ്യായങ്ങള്‍ ഒഴിച്ചാല്‍ ബാക്കി എല്ലാം തന്നെ ആസ്വദിക്കാന്‍ വക തരുന്നുണ്ട് എന്നതുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടു.

(ഇതുവായിച്ചു കഴിഞ്ഞു ടി.ഡി രാമകൃഷ്ണന്റെ "സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി" വായിക്കാന്‍ എടുത്തതെ ഓര്‍മ്മയുള്ളൂ. ഇന്ന് രാവിലെ തന്നെ അതും വായിച്ചു കഴിഞ്ഞു. സുഗന്ധിയെ കുറിച്ച് അടുത്ത ദിവസം എഴുതാം. ശേഷം  രഘുറാം രാജന്റെ "ഐ ഡു വാട്ട് ഐ ഡു" തുടങ്ങി. ഫിക്ഷനും നോണ്‍ ഫിക്ഷനും ഇടകലര്‍ത്തി വായിക്കുന്നതാണ് നല്ലത് എന്നാണു എന്റെ അഭിപ്രായം)

January 19, 2018

വരം

പണ്ട്, പണ്ട്, വളരെ പണ്ട് അങ്ങകലെ ഒന്നുമാല്ലാത്തിടത്ത് കേശു എന്നൊരാള്‍ താമസിച്ചിരുന്നു. എന്തെങ്കിലുമൊക്കെ ജോലി ചെയ്ത്, രാജാവിനു കല്പനപ്രകാരമുള്ള കപ്പം നല്‍കി ബാക്കിയുള്ള തുക കൊണ്ട് അല്ലലില്ലാതെ അങ്ങനെയൊക്കെ അയാള്‍ ജീവിച്ചു പോന്നു. ഒരിക്കലും അയാള്‍ ഒരു ധനികനായിരുന്നില്ല, ആവുകയുമില്ല. രാജ്യത്തെ ഭൂരിപക്ഷം പ്രജകളെയും പോലെ ജോലി ചെയ്യാനും കപ്പം നല്‍കാനും വേണ്ടി മാത്രം അവതരിച്ച, മുപ്പത്തിമുക്കോടി ദേവകളിലെ പേരില്ലാത്ത ഏതോ ഒരു ദേവന്‍റെ അംശാവതാരം മാത്രമാണ് അയാള്‍ എന്ന് കരുതി ജീവിച്ചുപോന്നു. നികുതിപ്പണം ശേഖരിക്കാനുള്ള ഓട്ടത്തിനിടക്കും കേശു വായനക്ക് സമയം കണ്ടെത്തിയിരുന്നു. വേദങ്ങളും, പുരാണങ്ങളും കേശു പലവുരു വായിച്ചു. ആ പുസ്തകങ്ങളില്‍ തപസ്സു ചെയ്ത് വരങ്ങള്‍ നേടി ശക്തരായവരുടെ കഥകള്‍ കേശുവിന്നെ ചിന്താമഗ്നനാക്കി. ശക്തി നേടണമെങ്കില്‍ തപസ്സു തന്നെ വഴി; കേശു തിരുമാനിച്ചു. അങ്ങനെയാണ് കേശു നാട് വിട്ടു കാടു കയറിയതും, വലിയ ആ മരച്ചുവട്ടില്‍ തപസ്സാരംഭിച്ചതും.

കാലം കടന്നുപോയി. ധ്യാനനിമഗ്നനായ കേശുവിന്നു ചുറ്റും കാടു വളര്‍ന്നു, ചിതല്‍പുറ്റു വളര്‍ന്നു. പതിയെ പതിയെ കേശുവും ഭൂതകാലത്തില്‍ മറഞ്ഞു. ശതാബ്ദങ്ങള്‍ക്ക് ശേഷം കാടിന് പകരം നാട് വളര്‍ന്നു തുടങ്ങി. പതുക്കെ, പതുക്കെ കേശുവിനു ചുറ്റുമുള്ള കാടും നശിച്ചു തുടങ്ങി. അതൊന്നും അറിയാതെ കേശു ഇനിയും പ്രസാദിക്കാത്ത ദൈവത്തില്‍ മനസ്സര്‍പ്പിച്ചു തപസ്സ് തുടര്‍ന്നു. അങ്ങനെ ഒരു നാള്‍ കാട് പിടിച്ചു നില്‍ക്കുന്ന ആ സ്ഥലം വെട്ടി വെളുപ്പിക്കാന്‍ വന്നവരുടെ അരിവാള്‍ ഒരു മണ്‍പുറ്റില്‍ അറിയാതെ കൊണ്ടപ്പോള്‍ അതില്‍ നിന്നും ചോര ഒഴുകാന്‍ തുടങ്ങി. ധ്യാനനിമഗ്നനായ കേശുവിനു ബാഹ്യമായ മുറിവുകള്‍ തെല്ലും ഭംഗം വരുത്തിയില്ല. പക്ഷെ അരിവാള്‍ പിടിച്ചവര്‍ പേടിച്ചരണ്ടു. തീര്‍ച്ചയായും ഇത് അഭൌമമായ ഒരു സംഗതി തന്നെ; അവര്‍ ഉറപ്പിച്ചു. അവര്‍ കേശുവിനു ചുറ്റും ആരാധനാലയനം തീരത്തു ആ മൂര്‍ത്തിയെ ആരാധിച്ചു തുടങ്ങി.കാലാന്തരത്തില്‍ ആ ആരാധനാലയം വളര്‍ന്നു വലുതായി, ചുറ്റുമുള്ള അവസാന പുല്‍നാമ്പും സിമന്‍റ് ടൈലുകള്‍ക്കടിയിലായപ്പോള്‍ വേനല്‍ക്കാലചൂടില്‍ ചുറ്റുപാടും ചൂടുകൊണ്ട് തപിച്ചുതുടങി, എന്തിനേറെ, ദേവലോകം പോലും ചൂടുകൊണ്ട് ദഹിച്ചു തുടങ്ങി. ഇനിയും കേശുവിനെ തപസ്സു തുടരാന്‍ അനുവദിച്ചാല്‍ ദേവലോകം തന്നെ അഗ്നിക്കിരയാകും എന്ന് മനസ്സിലാക്കിയ ദേവന്മാര്‍ ഒരു അടിയന്തിര യോഗം വിളിച്ചു കേശുവിന്റെ ആഗ്രഹങ്ങള്‍ അനുവദിക്കാന്‍ ഒരു പ്രതിനിധിയെ തിരഞ്ഞെടുത്തു. മൂന്നു വരങ്ങള്‍ വരെ അനുവടിക്കാനായിരുന്നു ടിയാന് യോഗം അനുമതി നല്‍കിയത്. യോഗ മിനിട്സ് രേഖപ്പെടുത്തി, ചെയര്‍മാന്‍ തുല്യം ചാര്‍ത്തിയതിനു പിന്നാലെ പ്രതിനിധി കേശു സമക്ഷത്തേക്ക് യാത്രയായി.

ധ്യാനനിമാഗ്നനായ കേശുവിന്റെ മനസ്സില്‍ ടിയാന്റെ ദിവ്യരൂപം തെളിഞ്ഞു. പുരാണങ്ങളില്‍ വായിച്ചരിഞ്ഞ തിരക്കഥ ആവര്‍ത്തിക്കപ്പെട്ടു. മൂന്നു വരങ്ങള്‍ കേശുവിനു മുമ്പില്‍ ചോദ്യചിഹ്നമായി നിന്നു. ആദ്യവരമായി കേശു ചോദിച്ചത് രാജാവിനെക്കാള്‍ ശക്തിയും, ജനങ്ങളുടെ ആരാധനയുമാണ്. രണ്ടാമത്തെ വരമായി ചോദിച്ചത്‌ ഭീഷ്മരെ പോലെ ആഗ്രഹം പോലുള്ള മരണമാണ്. മൂന്നാമത്തെ വരമായി ചോദിച്ചത് മോക്ഷപ്രാപ്തിയാണ്. മൂന്നു വരവും സ്പോട്ട് സാന്ക്ഷന്‍ ചെയ്ത് ടിയാന്‍ മറഞ്ഞു. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്സിനു വിരാമമിട്ടു കേശു ആ ചിതല്‍പുറ്റ് ഭേദിച്ച് പുറത്തുവന്നു. ശ്രീകോവിലില്‍ ഇരുന്ന പൂജാരി ഇറങ്ങിയോടി, പുറത്തു തൊഴുതു നിന്ന ജനങ്ങള്‍ അദ്ഭുതപരതന്ത്രരായി. ടിവി ചാനലുകളില്‍ ഫ്ലാഷ് ന്യൂസ്‌ ഓടി. ഇതാ ദൈവം അവതരിച്ചിര്‍ക്കുന്നു. കരുണാമയനായ ചിതല്‍ ദൈവം! മുതുകത്ത് വെട്ടുകൊണ്ട പാടുള്ള ചിതല്‍ ദൈവം! 

തെല്ലുനെരത്തെ ആശയക്കുഴപ്പത്തിനു ശേഷം ജനങ്ങള്‍ കേശുവിനു മുമ്പില്‍ നീണ്ടു നിവര്‍ന്നു കിടന്നു നമസ്കരിച്ചു. തന്നെ ആരാധിക്കുന്ന ജനങ്ങളെ കണ്ടു കേശു പുഞ്ചിരി തൂകി; പണ്ട് രാജാവ് ചിരിച്ചിരുന്ന പോലെ. കേശുവിനു മുമ്പില്‍ ചുവന്ന പരവതാനി നിവര്‍ത്തപ്പെട്ടു; ഒരു വലിയ സിംഹാസനത്തിലെക്ക് കേശു പ്രതിഷ്ടിക്കപ്പെട്ടു. വീണ്ടും വീണ്ടും ജനങ്ങള്‍ കേശുവിനു മുമ്പില്‍ വീഴാന്‍, ആ പാദങ്ങള്‍ തൊട്ടു തലയില്‍ വെക്കാന്‍ മത്സരിച്ചു. ഇതെല്ലാം കണ്ടു കേശു പുഞ്ചിരി തൂകി, കരുണാമയനായ് സിംഹാസനത്തില്‍ അമര്‍ന്നിരുന്നു. 

എന്നാല്‍ കേശുവിന്റെ ഈ അവതാരത്തില്‍ ഭ്രമിക്കാത്ത കുറച്ചു പേര്‍ ഉണ്ടായിരുന്നു. ഇന്നലെ വരെ ദൈവത്തിന്റെ പ്രതിപുരുഷരായി വിരാജിച്ചു ആരാധന ഏറ്റുവാങ്ങി സുഖിച്ചു ജീവിച്ചവര്‍. ഒറിജിനല്‍ ദൈവം വന്നപ്പോള്‍ ഈ ഫോട്ടോസ്റ്റാറ്റുകളെ ആര്‍ക്കും വേണ്ടാതായി. അതുമാത്രമോ? കേശുവിന്റെ പേരില്‍ അവര്‍ പറഞ്ഞുപരത്തിയ കഥകളും, വിശ്വാസങ്ങളും കേശു ആദ്യ ദിനം തന്നെ റദ്ദു ചെയ്തു. ഇന്നലെ വരെ താണ് വണങ്ങിയവര്‍ ഇപ്പോള്‍ ഇവരെ തിരിഞ്ഞു നോക്കാതായി. ഇവരുടെ മറ പറ്റി പല വിശ്വാസങ്ങള്‍ പറഞ്ഞു തമ്മിലടിപ്പിച്ചിരുന്ന അധികാരി വര്‍ഗ്ഗവും കേശുവിന്റെ വരവോടു കൂടി അശക്തരായി തീര്‍ന്നു. ജനങ്ങള്‍ ഇവര്‍ക്ക് ദക്ഷിണയും കൈക്കൂലിയും നല്‍കാതായി, കണ്ടാല്‍ ബഹുമാനിക്കാതെയായി, ഇവരുടെ ചിത്രം പൂജാമുറികളിലും പാര്‍ട്ടി ആപ്പീസുകളിലും വെച്ചു പൂജിക്കാതെയായി.  സ്വന്തം രമ്യഹര്‍മ്യങ്ങളിലിരുന്നു ഭൂമിയിലെ ജനങ്ങളുടെ ഭൂതം-ഭാവി-വര്‍ത്തമാനങ്ങള്‍ നിശ്ചയിച്ചിരുന്ന ഈ രണ്ടു കൂട്ടരും രഹസ്യമായി യോഗം ചേര്‍ന്നു കേശു ദൈവത്തെ ഇല്ലാതാക്കുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്തു. 

തനിക്കെതിരെയുള്ള നീക്കങ്ങള്‍ അറിയാതെ കേശു തന്റെ പുതിയ ആശ്രമത്തില്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിയവേ തന്റെ മുന്നില്‍ നമസ്കരിക്കുന്ന ജനങ്ങളെ കണ്ടു വരത്തിന്റെ ശക്തിയില്‍ സ്വയം മതിമറന്നിരുന്നു. നാടു ഭരിക്കുന്നവര്‍ ഇപ്പോള്‍ തന്‍റെ മുമ്പില്‍