January 28, 2013

മാതൃസ്നേഹം

കോഴിക്കോട്‌ സിനിമ കാണാന്‍ വന്ന കുടുംബം പ്രായമായ അമ്മയെ കാറില്‍ പൂട്ടിയിട്ടു. രണ്ടരമണിക്കൂറോളം പൊള്ളുന്ന ചൂടില്‍ ഒരിറ്റു വെള്ളം പോലും കിട്ടാതെ, പ്രാണ വായു ലഭിക്കാതെ ആ അമ്മ കാറില്‍ കിടന്നു. പ്രായമായ അമ്മയെ ഒറ്റയ്ക്ക് വീട്ടില്‍ ഇരുത്താന്‍ പറ്റാത്തത് കൊണ്ടാണ് ഒപ്പം കൊണ്ടുവന്നു കാറില്‍ പൂട്ടിയിട്ടതത്രേ. ശ്വാസം മുട്ടി ചാകാതിരിക്കാന്‍ ജനല്‍  ചില്ല് ലേശം താഴ്ത്തി വെച്ചിരുന്നു. (അധികം താഴ്ത്തിയാല്‍ കള്ളന്മാര്‍ കാറ് മോഷ്ടിച്ചാലോ?) 

 

ടി.വിയിലെ അസംഖ്യം 'കുടുംബ' സീരിയലുകളിലെ ഒരു ദൃശ്യമല്ല ഇത്. ഇന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ആണ്. ഇഷ്ടം പോലെ കറങ്ങി നടക്കാന്‍ പ്രായമായ അമ്മ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒക്കെ ഒരു 'തടസ്സം' തന്നെ, സംശയമില്ല. സ്വന്തം മകളെ ബലാല്‍സംഗം ചെയ്യുന്ന അച്ഛനും, മകളെ മറ്റുള്ളവര്‍ ബലാല്‍സംഗം ചെയ്യുന്നത് കണ്ടു സന്തോഷിക്കുന്ന അമ്മയും ഉള്ള ഈ നാട്ടില്‍ അമ്മയെ പൊള്ളുന്ന കാറില്‍ മണിക്കൂറുകളോളം പൂട്ടി ഇടുന്നത് ഒരു ഫാഷന്‍ ആയി തീരാന്‍ സാധ്യതയുണ്ട്. കലികാലത്തില്‍ ധര്‍മ്മം നശിക്കും എന്ന് പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്നത് സത്യമായിക്കൊണ്ടിരിക്കുന്നു. 

 

വരേണ്യ സമൂഹത്തില്‍ 'സ്റ്റാറ്റസ്' ഉണ്ടാക്കാന്‍ കിറ്റി പാര്‍ട്ടികളിലും, പഞ്ച നക്ഷത്ര ഹോട്ടലുകളിലെ വിരുന്നുകളിലും പങ്കെടുക്കാന്‍ അഹോരാത്രം ഓടി നടക്കുന്ന മക്കള്‍ക്കും, കെ.എഫ്.സിയിലും പബ്ബുകളിലും യുവത്വം ആഘോഷിക്കുന്ന പേരക്കുട്ടികള്‍ക്കും പ്രായമായ അമ്മയും അച്ഛനും ഒക്കെ "മിണ്ടാപ്രാണികള്‍" ആകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം.ഇവരുടെ ഒക്കെ വീട്ടിലെ പട്ടികള്‍ക്ക് ഇതിലും കൂടുതല്‍ സൌകര്യങ്ങള്‍ ഉണ്ടാകും എന്നതാണ് ഇതിലെ വൈരുധ്യം. എന്തിനും ഏതിനും സ്വാതന്ത്ര്യം വേണം എന്ന് മുറവിളി കൂട്ടുന്ന യുവത്വം സ്വന്തം മാതാപിതാക്കളുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയിരുന്നെങ്കില്‍ ഇതൊന്നും ഒരിക്കലും സംഭാവിക്കുകയില്ലായിരുന്നു. അവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്നാല്‍ കൂട്ടുകാരോടൊത്തുള്ള ഷോപ്പിംഗ്‌ മാളുകളിലെ കറക്കവും, സംസ്കാരം എന്നത് നിശാ ക്ലബ്ബുകളിലെ ത്രസിപ്പിക്കുന്ന സംഗീതവും,മദ്യവുമാണ്. 

 

അമ്മയെ കാറില്‍ പൂട്ടിയിട്ട ആ മകനോട്‌/മകളോട് ഒന്നുമാത്രമേ പറയാന്‍ ഉള്ളു: "ഇന്ന് ഞാന്‍, നാളെ നീ"


No comments: