November 05, 2013

ഐ.എസ്.ആര്‍.ഓ ചൊവ്വാദോഷം!

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്നും വിജയകരമായി വിക്ഷേപിക്കപ്പെട്ടു. പാവങ്ങളുടെ ഉന്നമനത്തിനു ജീവിതം ഉഴിഞ്ഞു വെച്ചു എന്ന് സ്വയം വിശ്വസിക്കുന്ന ചില സാമൂഹിക പ്രവര്‍ത്തകര്‍ (ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള) ഈ വാര്‍ത്ത വന്നതിനു പിന്നാലെ ഇന്ത്യയുടെ ചൊവ്വാ പര്യവേഷണത്തിനേയും ഐ.എസ്.ആര്‍.ഓ-യേയും അപലപിച്ചു രംഗത്ത് വരുകയുണ്ടായി. ഇന്ത്യ പോലെയുള്ള ദരിദ്ര രാജ്യത്തിനു ഇത് അധിക ചിലവാണ് എന്നാണു ഇവര്‍ പറയുന്നത്. അവരോടായി ഇത്രയും പറഞ്ഞു കൊള്ളുന്നു:

  • ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം (ഒരുപക്ഷെ ലോകത്തിലെ ഏക) ബഹിരാകാശ ഗവേഷണ കേന്ദ്രം ആണ് ഐ.എസ്.ആര്‍.ഒ. മറ്റു രാജ്യങ്ങളുടെ കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെയും, വാര്‍ത്താ വിതരണ കൃത്രിമ ഉപഗ്രഹങ്ങളുടെ സേവനത്തിലൂടെയും ആണ് ഐ.എസ്.ആര്‍.ഒ ലാഭം കണ്ടെത്തുന്നത്.
  • ഐ.എസ്.ആര്‍.ഒ നിര്‍മ്മിച്ച കൃത്രിമ ഉപഗ്രഹങ്ങള്‍ ആണ് വാര്‍ത്താ വിതരണത്തിനും, കാലാവാസ്ഥ പ്രവചനത്തിനും (ഈ അടുത്തുണ്ടായ ഫാലിന്‍ ചുഴലിക്കാറ്റ് കൃത്യമായി പ്രവചിച്ച് അപകടം ഇല്ലാതാക്കിയത് ഈ കൃത്രിമ ഉപഗ്രഹങ്ങള്‍ ആണ്), ടെലി-മെഡിസിന്‍, വിദ്യാഭ്യാസം മുതലായ പല മേഘലകളിലും ഉപയോഗിക്കുന്നത്.
  • ഇന്ത്യയുടെ വാര്‍ഷിക ബജറ്റിന്റെ ഒരു ശതമാനം പോലും ഐ.എസ്.ആര്‍.ഒക്ക് ലഭിക്കുന്നില്ല. 99% പണം കൊണ്ട് മാറ്റാന്‍ സാധിക്കാത്ത ദാരിദ്ര്യം ബാക്കി ഒരു ശതമാനം കൊണ്ട് എങ്ങനെ മാറ്റാനാണ്?
  • തദേശീയമായി സാങ്കേതിക വിദ്യ നിര്‍മ്മിക്കുക വഴി ഇന്ത്യയിലെ യുവത്വത്തിനു ഊര്‍ജം പകരാന്‍ ഇത്തരം മിഷനുകള്‍ സഹായിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാരതീയര്‍ സാങ്കേതികമായി നേടിയ പുരോഗതി വീണ്ടെടുക്കാനുള്ള ചെറിയ കാല്‍വെയ്പുകളായാണ് ഐ.എസ്.ആര്‍.ഒയുടെ ഓരോ പര്യവേഷണങ്ങളും.


ഇതെല്ലാം മറന്നു ഐ.എസ്.ആര്‍.ഒയെ പഴിക്കുന്നവരുടെ ലക്‌ഷ്യം പാവങ്ങളുടെ ഉന്നമനം ഒന്നുമല്ല മറിച്ചു ഇന്ത്യക്കാര്‍ ഇനിയുള്ള കാലവും ശിലായുഗത്തില്‍ തന്നെ കഴിയണം എന്നുറപ്പാക്കുകയാണ്. രാജ്യദ്രോഹികള്‍ എന്നലാതെ ഇവരെ വിളിക്കാന്‍ വേറെ ഒരു വാക്കും എന്റെ മുന്നില്‍ ഇല്ല.

November 01, 2013

കേരളപ്പിറവി ആശംസകള്‍

 

മറുനാടുകളിലെ വിയര്‍പ്പിന് പകരം ചോര പൊടിയുന്ന പണിശാലകളില്‍ ആരോഗ്യം ഹോമിച്ച് വെട്ടിപ്പിടിച്ച സ്വത്ത് സോളാര്‍  തട്ടിപ്പ്, ജോലി തട്ടിപ്പ്, വിസ തട്ടിപ്പ്, നൈജീരിയ തട്ടിപ്പ്, സീറ്റ് തട്ടിപ്പ് എന്നിങ്ങനെ പലവിധമായ തട്ടിപ്പുകളില്‍ കൊണ്ട് കൊടുത്ത് ആപ്പില്‍ ആയവരും, സ്ത്രീകളുടെ മാനം കവര്‍ന്നു അന്തരംഗം അഭിമാനപൂരിതമാക്കുന്ന പകല്‍ മാന്യന്മാരും, ബൂസ്റ്റ് കുടിച്ചു നടക്കേണ്ട പ്രായത്തില്‍ ബൂസിനും (മദ്യം) മയക്കുമരുന്നുകള്‍ക്കും പുറകെ ഓടുന്ന ന്യൂ ജനറേഷന്‍ ആണ്‍-പെണ്‍ പിള്ളാരും അവര്‍ക്ക് കൂട്ടായ്  കഞ്ചാവിന്റെ കദന കഥ സിനിമയാക്കി ആ സിനിമ വില്‍ക്കാന്‍ വിശ്വാസങ്ങളെ ഒറ്റികൊടുത്ത് ആവിഷ്കാര സ്വാതന്ത്ര്യം എന്ന പര്‍ദ്ദക്കുള്ളില്‍ ഒളിക്കുന്ന സിനിമാക്കാരും, ഖജനാവില്‍ കയ്യിട്ട് വാരുന്ന ഭരണാധികാരികളും, അത് കണ്ടസൂയപൂണ്ട് ഹാലിളകി നടക്കുന്ന പ്രതിപക്ഷവും, ഇതെല്ലാം കൂടി കലക്കി കുപ്പീലാക്കി സ്വന്തം പേരെഴുതി ഒട്ടിച്ച് വിക്കാന്‍ നടക്കുന്ന മാധ്യമ വിദൂഷകരും, ഈ കലക്ക വെള്ളത്തില്‍ കാശ് വാരുന്ന മറുനാടന്‍ തൊഴിലാളികളും ഒക്കെ അടങ്ങുന്ന എന്റെ സ്വന്തം കേരളത്തിനു പിറന്നാളാശംസകള്‍, ബ്രോ!