May 28, 2015

ഗുര്‍ണാല്‍



ഗുര്‍ണാല്‍ എന്നാണ് വാര്യത്ത് എത്തിയത് എന്ന് ചോദിച്ചാല്‍ ആര്‍ക്കും കൃത്യമായി ഓര്‍മ്മയില്ല. ഒരു ദിവസം വന്നു, അത്രമാത്രം ഓര്‍മയുണ്ട്. പിന്നെ അങ്ങനെ നാളും മുഹൂര്‍ത്തവും ഓര്‍ത്തു വെക്കാന്‍ അവനൊരു ഇരുകാലിയായിരുന്നില്ല. ഒരു വരയന്‍ പൂച്ച. ദേഹം മുഴുവന്‍ ചാര നിറത്തിലുള്ള വരകളുള്ള ഒരു പാവം പൂച്ച. ഒരു പക്ഷെ വാര്യത്തെ ആദ്യത്തെ 'പെറ്റ്' എന്ന നിലയില്‍ വരുംകാലങ്ങളിലെ ചരിത്രത്താളുകളില്‍ ചടഞ്ഞു കിടക്കാന്‍ സ്വന്തമായൊരു സ്ഥലം കയ്യടിക്കിയ, ഉഗ്രപ്രതാപി സര്‍.ടീപിയെസ്ഡബ്ല്യുവിനെ പോലും കീഴടക്കിയ ഒരു വീരന്‍ പൂച്ച.

ഒരു വൈകുന്നേരമാണ് അവന്‍ എത്തിയത്. പ്രായാധിക്യം കാരണമാകണം, ഇര പിടിക്കാന്‍ വയ്യാതെ എല്ലുന്തിയ ദേഹവുമായി വന്ന അവന്‍, എന്റെ കാല്‍ക്കല്‍, ചേര്‍പ്പിലെ തെക്കേ മുറ്റത്ത് സിമന്റ് തറയില്‍, കിടന്നുരുണ്ടത് (അവന്റെ ദൈന്യത നിറഞ്ഞ കരച്ചിലില്‍ നിന്നാണ്  ഗുര്‍ണാല്‍ എന്ന പേര് കണ്ടെത്തിയത്) സ്നേഹത്തെക്കാള്‍ കൂടുതല്‍ ഭക്ഷണത്തിനു വേണ്ടി ആകണം. എന്തായാലും ഞാന്‍ കൊടുത്ത ഒരു കഷ്ണം ദോശ ആര്‍ത്തിയോടെ തിന്നു തീര്‍ത്ത് ഒരു മ്യാവൂവില്‍ നന്ദിഅറിയിച്ച് അവന്‍ അംഗത്വം ഉറപ്പിച്ചു. പിന്നീടങ്ങോട്ട് കുറച്ചു ദിവസങ്ങള്‍ അവന്‍ ആ തെക്കേ മുറ്റത്ത് ദിവസവും മൂന്നു നേരം പ്രത്യക്ഷപ്പെടും; കിട്ടേണ്ടത് കഴിച്ച് പറമ്പില്‍ അപ്രത്യക്ഷനാകും.

അക്കാലത്ത് വൈകുന്നേരങ്ങളില്‍ മുത്തശ്ശനു എണ്ണ തേച്ചു കുളിക്കുന്ന പതിവുണ്ടായിരുന്നു. തെക്കേ മുറ്റത്തെ വരാന്തയില്‍ എണ്ണയൊക്കെ തേച്ചങ്ങനെ ഇരിക്കുമ്പോള്‍ ഗുര്‍ണാല്‍ മുത്തശ്ശന്റെ കാല്‍ക്കല്‍ കിടന്നുരുളും. ഞങ്ങള്‍ അവിടെ ഉണ്ടെങ്കില്‍ കാലില്‍ തലകൊണ്ട് ഉരസി സ്നേഹം പ്രകടിപ്പിക്കും. കാര്യം ആദ്യത്തെ പെറ്റ് ആയിരുന്നു എങ്കിലും അവനെ വീട്ടില്‍ കയറ്റിയിരുന്നില്ല (സര്‍ ടിപി അതിനു മാത്രം സമ്മതിച്ചിരുന്നില്ല, ഞങ്ങള്‍ക്കും അങ്ങനെ തന്നെ). ഞങ്ങളുടെ മനസ്സ് മനസ്സിലാക്കിയെന്നോണം അവന്‍ ഒരിക്കലും വീട്ടിനുള്ളില്‍ കയറാറുമില്ലായിരുന്നു. ഏറിയാല്‍ ചവിട്ട്‌ പടി വരെ വരും; ഭക്ഷണത്തിനു വേണ്ടി കരയും.

അങ്ങനെ നാളുകള്‍ കടന്നു പോകെ കുറച്ചു ദിവസത്തേക്ക് ഗുര്‍ണാല്‍ അപ്രത്യക്ഷനായി. പ്രായം അവനെ കവര്‍ന്നെടുത്തിട്ടുണ്ടാകുമെന്നാണ് ഞങ്ങള്‍ വിചാരിച്ചത്. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒപ്പം ഒരു ചെറിയ പൂച്ചക്കുട്ടിയും. ഒരു വെളുത്ത പൂച്ചക്കുട്ടി.അവന്റെ പങ്കില്‍ നിന്നും പൂച്ചക്കുട്ടിക്കും കൊടുക്കും. കുട്ടിയെ വാര്യത്താക്കി   അധികം താമസിയാതെ അവന്‍ വീണ്ടും അപ്രത്യക്ഷനായി. ഇത്തവണ അവന്‍ തിരിച്ചു വന്നില്ല. പിന്നെ അവനെ ഞങ്ങള്‍ കണ്ടിട്ടുമില്ല. കുറച്ചാരോഗ്യമായപ്പോള്‍ പൂച്ചക്കുട്ടിയും ഗുര്‍ണാലിന്റെ വഴിയെ എങ്ങോട്ടോ പോയി.




No comments: