July 27, 2015

ക്ഷണം

കേശു തന്റെ ബഹിരാകാശ യാത്ര തുടങ്ങുന്നതിനും മുമ്പാണ് ഈ കഥ നടക്കുന്നത്. ഭൂമിയില്‍ നിന്നും വളരെ, വളരെ അകലെ, ആകാശ ഗംഗയുടെ നക്ഷത്രങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഒരു ഖണ്ഡത്തിലെ ഒരു വലിയ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഏക ഗ്രഹമായ വാതക ഭീമന്‍റെ ഏക ഉപഗ്രഹമാണ്‌ അഭൌമ. അഭൌമരുടെ പിന്‍ഗാമികളാണ് ആയിരക്കണക്കിന് സംവത്സരങ്ങള്‍ മുമ്പ് ഭൂമിയില്‍ മനുഷ്യ സംസ്കാരത്തിന് തുടക്കം കുറിച്ചത്. ഭൂമിയിലെ മനുഷ്യരേക്കാള്‍ വളരെ വികസിതമായ ഒരു സംസ്കാരത്തിന്‍റെ ഉടമകളാണ് അഭൌമര്‍. നക്ഷത്രങ്ങള്‍ക്കിടയിലെ അവരുടെ കൂട്ടിലിരുന്നു ഭൂമിയെ അവര്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവര്‍ക്ക് ഭൂമി കൌതുകകരമായ  ഒരു പരീക്ഷണമായിരുന്നു.

ഭൂമിയിലെ മനുഷ്യര്‍ കാലാന്തരത്തില്‍ അഗ്നി ജ്വലിപ്പിക്കാനും, ചക്രമുണ്ടാക്കാനും, ആയുധങ്ങള്‍ ഉണ്ടാക്കാനും, തമ്മില്‍ തല്ലാനും തുടങ്ങുന്നതൊക്കെ അവര്‍ നിരീക്ഷിച്ചു. മനുഷ്യരുടെ യുദ്ധക്കൊതി കണ്ടു മനസ്സ് മടുത്ത അഭൌമാര്‍ ഭൂമിയെ എഴുതി തള്ളി പുതിയ ഒരു ഗ്രഹം തേടി പോയി. ഭൂമിയുടെ പുരോഗതി വളരെ പതുക്കെ ആയിരുന്നു. എങ്കിലും യുഗങ്ങള്‍ക്ക് ശേഷം മനുഷ്യരും അതുവരെ ആരാധിച്ചിരുന്ന ബഹിരാകാശ ഗോളങ്ങളെ, സ്വന്തം സൌരയൂഥത്തിലെ എങ്കിലും, കീഴടക്കാന്‍ സാധിക്കുന്ന പേടകങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിവു നേടി. അതുകൊണ്ട് തന്നെ ഒരു ദിവസം ഭൂമിയില്‍ നിന്നും വന്ന ആ സിഗ്നല്‍ അവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയും, അതേസമയം സന്തോഷിപ്പിക്കുകയും ചെയ്തു.

അഭൌമരുടെ ഡീപ് സ്പേസ് കമ്മ്യൂണിക്കെഷന്‍ സാങ്കേതികത ഭൂമിയെക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതാണ്. ലക്ഷക്കണക്കിന്‌ പ്രകാശവര്‍ഷങ്ങള്‍ക്കും അകലെ നിന്നുള്ള സിഗ്നലുകളെ പിടിച്ചെടുക്കാന്‍ അവക്ക് കഴിയും. അങ്ങനെ ഉള്ള ഒരു കമ്മ്യുണിക്കേഷന്‍ അന്റിനയാണ്‌ ഭൂമിയില്‍ നിന്നുമുള്ള ആ സിഗ്നല്‍ പിടിച്ചെടുത്തത്. ഭൂമിയില്‍ നിന്നുമുള്ള ഈ സിഗ്നല്‍ അവര്‍ ഭൂമിയിലേക്കുള്ള  ക്ഷണം (അക്ഷരാര്‍ത്ഥത്തില്‍ ഒരു ക്ഷണം തന്നെ ആയിരുന്നു)  ആയി അവര്‍ കരുതി. സിഗ്നലിനെ ട്രാക്ക് ചെയ്ത അവര്‍ ഭൂമിയില്‍ എത്തി.

തീക്ഷ്ണമേറിയ വെളിച്ചവും, ക്രമമായ താളത്തില്‍ ഉള്ള ശബ്ദവും കേശുവിനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി. ജനലിലൂടെ പുറത്തേക്ക് നോക്കിയ കേശു ബോധം കേട്ട് വീഴാതെ ഇരുന്നത് ശരീരത്തില്‍ അധികം അളവില്‍ ഉണ്ടായിരുന്ന അഡ്രിനാലിന്‍ കാരണമാണ് എന്ന് പിന്നീട് കേശുവിനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.വീടിനു അല്പം മുകളിലായി വട്ടമിട്ടു പറക്കുന്ന ഒരു വിചിത്രവാഹനവും വാതില്‍ക്കല്‍ നില്‍ക്കുന്ന മനുഷ്യരൂപമുള്ള ജീവിയേയും കണ്ടാല്‍  ആരായാലും ഒന്ന് ബോധം കെടേണ്ടതാണ്. വാതില്‍ തുറന്ന കേശുവിനു മുമ്പില്‍ അഭൌമാര്‍ തൊഴുകയ്യോടെ നിന്നു. 

അവരുടെ മാതൃ പേടകത്തിലെ അസംഖ്യം കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ ഒന്നില്‍ ഭൂമിയില്‍ നിന്നുമുള്ള സിഗ്നല്‍ അപ്പോഴും തെളിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.


"കേശു ഇന്‍വൈറ്റ് യു ടു പ്ലേ കാണ്ടി ക്രഷ് സാഗ" 

No comments: