ബംഗാളി നോവലുകള്‍ക്ക് കുട്ടിക്കാലത്ത് വായിച്ചിരുന്ന റഷ്യന്‍ നാടോടികഥകളുടെതു പോലെ ഒരു കാല്‍പനിക സൌന്ദര്യമുണ്ട് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വായനക്കാരന്റെ മനസ്സിനെ ബന്ധനസ്ഥമാക്കുന്ന ഒരു ശക്തി. 'ഇരുമ്പഴികള്‍' ബ്രിട്ടീഷ് ഭരണകാലത്തെ ഒരു ജയിലറുടെ ഓര്‍മകുറിപ്പുകള്‍ ആണെങ്കിലും, കഥാപാത്രങ്ങള്‍ പലരും അക്രമികളും, കൊലപാതകികളും ആണെങ്കിലും അവയെല്ലാം ഈ ഒരു സൌന്ദര്യത്തില്‍ മുങ്ങി നില്‍ക്കുന്നത്കൊണ്ട് വായന അസ്വാദ്യകരമാകുന്നു. കഥാപാത്രങ്ങളെ ഈ ഒരു 'റൊമാന്റിക്' പരിവേഷത്തില്‍ അവതരിപ്പിക്കുന്നത് ഒരു പക്ഷെ ഗൃഹാതുരതയില്‍ മൂടപ്പെട്ടുനില്‍ക്കുന്ന ഗ്രന്ഥകാരന്റെ പിഴവാണ് എന്ന് തോന്നാം എങ്കിലും ഇത്തരം അവതരണം മികച്ചതായാണ് എനിക്ക് തോന്നിയത്. ഇരുമ്പഴികള്‍ക്ക് പിന്നില്‍ അകപ്പെട്ടവരെല്ലാം നിയമത്തിന്റെയും, സമൂഹത്തിന്റെയും മുമ്പില്‍ കുറ്റവാളികള്‍ ആണെങ്കിലും അവരുടെ കഥ അറിയാന്‍ ആഗ്രഹിക്കുന്ന കുതുകിയായ മനുഷ്യനെ നമുക്ക് ഗ്രന്ധകാരനില്‍ കാണാം. അവരുടെ കഥകള്‍ അയാളെ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. പുറം ലോകം ഈ സത്യം അറിയണം എന്ന ത്വര ഓരോ വാക്കുകളിലും തെളിഞ്ഞു നില്‍ക്കുന്നു. പുറം ലോകം ഭയത്തോടെ മാത്രം നോക്കുന്ന ഇവരും മനുഷ്യരാണ് എന്നും, ഓരോ ചെയ്തികള്‍ക്കും, അവ എത്ര ഭീകരമാനെങ്കിലും, അതിനു പിന്നില്‍ നിയതമായ കാരണങ്ങള്‍ ഉണ്ട് എന്നും ഗ്രന്ഥകാരന്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും മനുഷ്യ ഭാവനയുടെ പരിധികള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം ചില ജന്മങ്ങളെ കുറിച്ചും ഗ്രന്ഥകാരന്‍ പറയുന്നുണ്ട്.
പുസ്തകത്തെ കുറിച്ച് ഒന്നും അറിയാതെയാണ് വായിക്കാന്‍ എടുത്ത്. 'ജരാസന്ധന്‍' എന്ന (തൂലികാ)നാമം പോലും ആദ്യമായാണ് കേള്‍ക്കുന്നത്. എങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ ആ തിരഞ്ഞെടുപ്പ് നന്നായി എന്ന് തോന്നി. ഒരു ശതാബ്ദത്തിനപ്പുറം നടന്ന സംഭവങ്ങള്‍ ആണെങ്കിലും മനുഷ്യ മനസ്സ് പ്രവര്‍ത്തിക്കുന്ന രീതികള്‍ ഏറെക്കുറെ സമമാണല്ലോ.
നക്ഷത്രങ്ങള്‍: അഞ്ചില്‍ നാലര
വാല്‍: ഈ പുസ്തകം ആരും എത്തിച്ചു തന്നതല്ല. കടയില്‍ പോയി വാങ്ങിയതാണ്; അച്ഛന്‍. ഇതിന്റെ ബംഗാളി ഒറിജിനല്‍ ആരെങ്കിലും എത്തിച്ചു തരുമോ? (ചുമ്മാ കിടക്കട്ടേന്ന്, ഒരു ജാടക്ക്)
No comments:
Post a Comment