August 26, 2018

തോമസ്‌ ഐസക്കിനോട് ഒരപേക്ഷ

പ്രളയദുരന്തത്തില്‍ നിന്നും കര കയറുവാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് മലയാളികളും, കേരള സര്‍ക്കാരും. ഈ ഒരു അവസ്ഥയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കേണ്ട പ്രധാന ചുമതലയാണ് സാമ്പത്തികകാര്യ മന്ത്രി തോമസ്‌ ഐസകില്‍ നിക്ഷിപ്തമായുള്ളത്. ഇപ്പോള്‍ തന്നെ കോടികളുടെ ധന കമ്മിയും, പെരുകുന്ന കടവും ആയി വലയുന്ന സംസ്ഥാന ഖജനാവില്‍ നിന്നും എങ്ങനെ ഈ പണം കണ്ടെത്തും എന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ദൌര്‍ഭാഗ്യമെന്നു പറയട്ടെ, കഴിഞ്ഞ ദിവസങ്ങളില്‍ പുള്ളി പ്രഖ്യാപിച്ച പല നയങ്ങളും എങ്ങനെ ഈ വിഷമസന്ധി തരണം ചെയ്യാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്.
തോമസ്‌ ഐസക്കിന്‍റെ പ്രഖ്യാപനങ്ങള്‍ പ്രധാനമായും നാലായി തിരിക്കാം:
  1. കുപ്പി
  2. ലോട്ടറി
  3. അധിക നികുതി
  4. കടം 
നമുക്ക് ഓരോന്നായി പരിശോധിക്കാം:

1. കുപ്പി 
പ്രതിശീര്‍ഷ മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ പ്രധാന സ്ഥാനം അലങ്കരിക്കുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. മദ്യപാനം എന്നത് ഒരു അടിസ്ഥാന അവകാശം പോലെ ആയിരിക്കുന്നു. കൂടാതെ സ്കൂള്‍ കുട്ടികള്‍ വരെ ഇപ്പോള്‍ മദ്യത്തിനു അടിമപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. വര്‍ഷാവര്‍ഷം സംസ്ഥാന ബജറ്റില്‍ മദ്യ നികുതി വര്‍ദ്ധിപ്പിക്കാരുണ്ട് എങ്കിലും മദ്യഉപഭോഗത്തില്‍ അതൊന്നും കാര്യമായ കുറവ് ഉണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല, മറിച്ച് വിപരീത ഫലം ആണ് ഉണ്ടാക്കിയിട്ടുള്ളത്. മദ്യ നികുതി വര്‍ദ്ധിപ്പിച്ചു അധിക വരുമാനം പ്രതീക്ഷിക്കുന്ന സര്‍ക്കാരും അത് തന്നെയാണ് പ്രതീക്ഷിക്കുന്നതും. ഒരു പരസ്യവും കൂടാതെ ചിലവാകുന്ന 'അവശ്യ' വസ്തുവായി മാറിയിരിക്കുന്നു മദ്യം. മദ്യപാനം വരുത്തി വെക്കുന്ന സാമ്പത്തിക-സാമൂഹ്യ ബാധ്യതകളെ കുറിച്ച് ഞാന്‍ പറയേണ്ട ആവശ്യമില്ല. ഇതുപോലെ ഒരു ദുരന്തം നടന്നപ്പോഴും എല്ലാം നഷ്ടപ്പെട്ടവര്‍ മദ്യകടകള്‍ക്ക് മുമ്പില്‍ വരി നില്‍ക്കുന്ന കാഴ്ച നമുക്ക് കാണാന്‍ സാധിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ മദ്യപിച്ചു വന്നു പ്രശ്നമുണ്ടാക്കുന്ന വാര്‍ത്തകളും ഈ ആഴ്ച കണ്ടിരിന്നു. ജനങ്ങളുടെ സാമ്പത്തിക-ശാരീരിക-മാനസിക ആരോഗ്യത്തിനു വില കല്‍പ്പിക്കേണ്ട സര്‍ക്കാര്‍ തന്നെ ഇങ്ങനെ പ്രത്യക്ഷമായും, പരോക്ഷമായും മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത്, വിശിഷ്യ ഈ ഒരു അവസരത്തില്‍ നല്ലതാണോ? ഉയര്‍ന്നു വരുന്ന മദ്യപാനം ദൂരവ്യാപകമായ വിപരീത  ഫലങ്ങലാകും സംസ്ഥാനത്തിനു സമ്മാനിക്കുന്നത്. ഇപ്പോള്‍ കിട്ടുന്ന അധിക വരുമാനത്തിന്‍റെ പലമടങ്ങ്‌ സാമ്പത്തിക ബാധ്യതയാകും സംസ്ഥാനത്തിന് ഉണ്ടാകുക. ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച അധിക നികുതി മദ്യ ഉപഭോഗത്തില്‍ കുറവൊന്നും ഉണ്ടാക്കില്ല എങ്കിലും, ജനങ്ങളുടെ കയ്യിലെ ബാക്കിയുള്ള സമ്പാദ്യം കൂടി സര്‍ക്കാര്‍ ഖജാനയില്‍ എത്തും എന്നാല്ലാതെ വേറെ ഒരു ഗുണവും ഉണ്ടാകില്ല.

2.ലോട്ടറി 
കേരള സര്‍ക്കാര്‍ ലോട്ടറി പ്രശസ്തമാണ്. കോടികളുടെ വരുമാനം സര്‍ക്കാരിന് ഇതിലൂടെ ലഭിക്കുന്നു. പ്രളയ കെടുതിയില്‍ നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ കണ്ടു പിടിച്ച മാര്‍ഗം പുതിയ ലോട്ടറിയാണ്. പൊതുവേ ലോട്ടറികൂടുതലായി വാങ്ങുന്നത് സാധാരണ ദിവസക്കൂലി പണിക്കാരും, മറ്റു നീല കോളര്‍ ജോലിക്കാരുമാണ്. ഈ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നതും ഇവര്‍ക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ സാധാരക്കാരുടെ കയ്യിലെ സമ്പാദ്യം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കുക എന്നല്ലാതെ വേറെ ഒരു ഗുണവും ഇതുകൊണ്ട് ഉണ്ടാകില്ല. കമ്മ്യൂണിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍ ഖജനാവില്‍ എത്തുകയും, വരേണ്യ-മധ്യ വര്‍ഗ ബൂര്‍ഷ്വാ ശക്തികളുടെ "ക്യാപിറ്റല്‍" (അവര്‍ ലോട്ടറി വാങ്ങുന്നത് തുലോം കുറവാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്) വര്‍ദ്ധിക്കുകയും ചെയ്യും. ലോട്ടറി കച്ചവടത്തിലൂടെ സര്‍ക്കാര്‍ ഉന്നം വെക്കുന്ന അധിക വരുമാനം ഇങ്ങനെ വിയര്‍പ്പൊഴുക്കുന്നവരുടെ ദിവസ വേതനത്തില്‍ നിന്നുമാകും വരുക.

3.അധിക നികുതി 
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന ജി.എസ്.ടിയിന്മേല്‍ പത്ത് ശതമാനം സെസ് എര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചത് (ജി.എസ്.ടി കൌണ്‍സില്‍ അനുവദിച്ചാല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ) . കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഉപഭോഗത്തിന്മേല്‍ നല്‍കേണ്ട നികുതിയാണ് ജി.എസ്.ടി എന്ന പരോക്ഷ നികുതി. ആത്യന്തികമായി ഈ നികുതി ബാധിക്കുന്നത് (മറ്റെല്ലാ പരോക്ഷ നികുതികളെയും പോലെ) ഉപഭോക്താവിന്‍റെ (ജനങ്ങള്‍) പോക്കറ്റിനെയാണ്. എല്ലാ സാധനങ്ങള്‍ക്കും സെസ് ഏര്‍പ്പെടുത്താനാണ് തിരുമാനം എങ്കില്‍, അത് നടപ്പില്‍ വന്നാല്‍, സാധനങ്ങളുടെ ജി.എസ്.ടി അഞ്ചു ശതമാനം വര്‍ദ്ധിക്കും. ഈ വര്‍ദ്ധിത നികുതി ആത്യന്തികമായി നല്‍കുന്നത് പ്രളയ ദുരന്തത്തില്‍ പെട്ടുപോയ ഈ സംസ്ഥാനത്തിലെ ജനങ്ങള്‍ തന്നെയാണ്. വര്‍ഷങ്ങളുടെ സമ്പാദ്യങ്ങളും, ആസ്തികളും നഷ്ടപ്പെട്ട ജനങ്ങളുടെ മേല്‍ അധിക നികുതി എന്തായാലും ഒരു വരമാകാന്‍ പോകുന്നില്ല. 

4.കടം 
സര്‍ക്കാരിന് മുമ്പില്‍ അവശേഷിക്കുന്ന അടുത്ത വഴി കടമാണ്. ഇപ്പോള്‍ തന്നെ രണ്ടു ലക്ഷം കൂടി രൂപയില്‍ കൂടുതല്‍ കടം നമ്മുടെ കൊച്ചു സംസ്ഥാനത്തിനുണ്ട്. ഇനിയും കടം എടുക്കണം എങ്കില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം വേണം എന്ന് എവിടെയോ വായിച്ചു. എങ്ങനെ നമ്മുടെ സംസ്ഥാനം ഇത്രയും വലിയ കട കെണിയില്‍ ആയി എന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. എങ്കിലും ഈ അവസ്ഥയില്‍ ജനങ്ങള്‍ക്ക് അധിക ബാധ്യത ഇല്ലാതെ പണം കണ്ടെത്താനുള്ള ഏക വഴി (സഹായം ചോദിക്കല്‍/വാങ്ങല്‍ അല്ലാതെ) ഇതുമാത്രമാണ്. മുകളില്‍ പറഞ്ഞ മൂന്നു മാര്‍ഗങ്ങളും പ്രത്യക്ഷമായി സാധാരണ ജനങ്ങളിലാണ് ബാധ്യത സൃഷ്ടിക്കുന്നത്. അതുകൊണ്ട് എങ്ങനെ കൂടുതല്‍ കടം എടുക്കാം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കും?

ഇപ്പോള്‍ നമ്മുടെ രാജ്യത്തിലും, സംസ്ഥാനത്തിലും നില നില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ച് സര്‍ക്കാരിന് എന്തൊക്കെ ചെയ്യാം? താഴെ പറയുന്ന ചില കാര്യങ്ങള്‍ക്ക് എങ്കിലും നിയമ സാധുത പരിശോധിക്കേണ്ടതുണ്ട്.

1. തോമസ് ഐസക്കിന്‍റെ വളര്‍ത്തു പുത്രന്‍ ആയ "കിഫ്ബി" വഴി "കേരള റി-കണ്‍സ്ട്രക്ഷന്‍" ദീര്‍ഖ കാല ബോണ്ടുകള്‍ ഇറക്കാന്‍ സാധിക്കുമോ? ഈ ഒരു അവസരത്തില്‍ ബാങ്ക് നിരക്കിനേക്കാള്‍ ഒരു ശതമാനം എങ്കിലും പലിശ കൂടുതല്‍ കിട്ടുമെങ്കില്‍ പ്രവാസികളും മറ്റും ഇതില്‍ നിക്ഷേപിക്കും. സഹായമായി ചോദിക്കുന്നതിനു പകരം സര്‍ക്കാര്‍ ഗ്യാരന്റിയോടെ ഇറക്കുന്ന ബോണ്ടുകള്‍ കൂടുതല്‍ നല്ലതാണ്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രസ്തുത ബോണ്ടിലെ നിക്ഷേപത്തിന് വരുമാന നികുതി സെക്ഷന്‍ 80C ഇളവോ, ഒരു പടി കൂടി കടന്നു ക്യാപിറ്റല്‍ ഗെയിന്‍ ഇളവോ നല്‍കിയാല്‍ കൂടുതല്‍ നല്ലത്. സര്‍ക്കാര്‍ ബോണ്ടുകളെ പോലെ മാര്‍ക്കറ്റില്‍ 'ട്രേഡ്' ചെയ്യാന്‍ സാധിക്കുന്ന ബോണ്ടുകള്‍ ആണെങ്കില്‍ കുറച്ചു കൂടി നന്നായി (3-5 വര്‍ഷത്തെ ലോക്ക് ഇന്നിന് ശേഷം). സര്‍ക്കാര്‍ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി കാര്യങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുക. ശ്രദ്ധിക്കുക, നികുതി ഇളവല്ല ഉദ്ദേശിക്കുന്നത്. പകരം നികുതിയുടെ പേരിലുള്ള 'ഹരാസ്മെന്റ്' എങ്കിലും ഒഴിവാക്കി കൊടുക്കുക. വിവിധ സര്‍ക്കാര്‍ ഇടപാടുകള്‍ക്കായി വ്യവസായ സ്ഥാപനങ്ങള്‍ നല്‍കേണ്ട 'ക്യാഷ്' ഗ്യാരന്റി ബാങ്കില്‍ നിന്നുമാക്കുന്നത്തിനു പകരം മുകളില്‍ പറഞ്ഞ ബോണ്ടുകളില്‍ ആക്കുക.    

2. സ്പോണ്‍സര്‍ഷിപ്‌: പുതുതായി നിര്‍മിക്കുന്ന പാലങ്ങള്‍, റോഡുകള്‍ മുതലായവക്ക് "കുത്തക-മുതലാളിത്ത" സ്ഥാപനങ്ങളില്‍ നിന്നും സ്പോന്‍സര്‍ഷിപ്‌ ലഭ്യമാക്കാന്‍ സാധിക്കില്ലേ? റോഡുകള്‍ക്കും, പാലങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ പേരോ/അവര്‍ പറയുന്ന പേരോ നല്‍കുക; അവിടെ അവരുടെ പരസ്യങ്ങള്‍ നല്‍കുക. സ്പോന്‍സര്‍ഷിപ്പ് ഒരു നിശ്ചിത കാലത്തേക്ക് ആക്കണം - 5 - 10  വര്‍ഷം. വന്‍കിട ബൂര്‍ഷ്വാ മുതലാളികള്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍ വരെ ഈ അവസരം വിനിയോഗിക്കും.

പ്രളയകെടുതിയില്‍ പെട്ടുപോയ സാധാരണ ജനങ്ങളുടെ മേല്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചു പണം കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ ഒരിക്കലും പ്രായോഗികമാകില്ല എന്ന് പറഞ്ഞു നിര്‍ത്തുന്നു.

x

No comments: