July 09, 2006

വാര്‍ണിംഗ്‌!!!!

സൂക്ഷിക്കുക!!!!!!!

സ്വ:ലേ ബെംഗലൂരില്‍:

ഒരു കണക്കുനോക്കല്‍ പരിപാടിയുടെ ഭാഗമായി സ്വ:ലേ ബെംഗലൂരില്‍ ഈ മാസം 10-നു എത്തിച്ചേരുന്നതാണ്‌. ചുരുങ്ങിയത്‌ 2 ആഴ്ചയെങ്കിലും പ്രസ്തുത ബുലോഗന്‍ അവിടെ ഉണ്ടാകുന്നതാണ്‌....

എന്ന്

സ്വ:ലേ

വാല്‍ത്തുമ്പ്‌:

നിങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുന്ന"ആഡിറ്റേര്‍സ്‌ ഫ്രം കേരള-ഭാഗം 3" എന്റെ രണ്ടാം ബെംഗലൂര്‍ യാത്രക്കു ശേഷം..

ഉടന്‍ വരുന്നൂ..

"ആഡിറ്റേര്‍സ്‌ ഫ്രം കേരള-മദിരാശി ദര്‍ശനം"

"ആഡിറ്റേര്‍സ്‌ ഫ്രം കേരള-ബെംഗലൂര്‍ (രണ്ടാം)യാത്രാനുഭവങ്ങള്‍"

July 03, 2006

"കളി"ജ്വരം

പണ്ടൊക്കെ, അതായത്‌ "ടി.വി." യുടെ കണ്ടുപിടുത്തത്തിന്‌ മുന്‍പ്‌ നാട്ടാര്‍ക്ക്‌ എന്റര്‍ടെയിന്‍മന്റ്‌ എന്നാല്‍ പൂരവും,കഥകളിയും തുള്ളലും മറ്റുമായിരുന്നു. അന്നൊക്കെ "കളി" എന്നാല്‍ കഥകളിയായിരുന്നു. അസാരം "കളി" ഭ്രാന്ത്‌ ഉള്ളവര്‍ ഇഷ്ടം പോലെ ഉണ്ടായിരുന്നു..പ്രത്യെകിച്ച്‌ നമ്പൂരിമാരുടെ ഇടയില്‍.

നാടെങ്ങും (കഥ)"കളി" ജ്വരം...

കാലം മാറി, കോലം മാറി. ഇപ്പോള്‍ ടി വി ആയി, ഇന്റര്‍നെറ്റ്‌ ആയി, മൊബെയില്‍ ആയി. കഥകളി എന്നാല്‍ "കേരള- ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി" പരസ്യത്തിലെ ഒരു ഇനമായി. ഇപ്പ്പ്പോള്‍ "കളി" എന്നാല്‍ ക്രിക്കെറ്റ്‌ ആയി.ഇന്ത്യക്കാര്‍ തമ്മില്‍ ഭേദമായി കളിക്കുന്ന ഐറ്റം എന്ന നിലയില്‍, കാശൊഴുകുന്ന ഐറ്റമെന്നനിലയില്‍, പരസ്യമിടാന്‍ ഏറ്റവും സ്കോപ്‌ ഉള്ള ഐറ്റമെന്നനിലയില്‍,കളിഭ്രാന്തന്മാരുടേയും,കളിക്കാരുടേയും, കളി പഠിപ്പിക്കുന്നവരുടേയും,കളി എലികാസ്റ്റ്‌ ചെയ്യുന്നവരുടേയും, പാവം പിടിച്ച കുറെ അന്താരാഷ്ട്ര കമ്പനികള്‍ക്കും, കേളന്‍ മുതല്‍ കോരന്‍ വരെ ഈ ഇന്ത്യാ മഹാരാജ്യത്തെ അബാലവൃദ്ധം ജനങ്ങളും ഉറക്കമൊഴിച്ച്‌, ജോലിയും കൂലിയും പഠിപ്പും കളഞ്ഞുകാണുന്ന മറ്റൊരു "ഐറ്റ"മായി.

നാടെങ്ങും (ക്രിക്കെറ്റ്‌) "കളി" ജ്വരം...

എന്തൊക്കെയായിരുന്നു.. പകിസ്ഥാനെ, ഇംഗ്ലണ്ടിനെ,ലങ്കയെ..അങ്ങിനെ കൊമ്പന്മാരെ കെട്ട്‌ കെട്ടിച്ച ഇന്ത്യന്‍ റ്റീം വെസ്റ്റ്‌ ഇന്‍ഡീസില്‍ ചെന്നു മലമറിക്കും എന്നായിരുന്നു പ്രവചനം.

ഒക്കെ പോയി..

അതിനിടയിലാണ്‌ അതു തുടങ്ങിയത്‌. നാടെങ്ങും "ഫ്ലക്സു"കള്‍ പൊങ്ങിയത്‌.

"മുട്ടണ്ടാ മോനേ മുട്ടണ്ടാ- ബ്രസീല്‍ ഫാന്‍സ്‌ അസ്സോ:"

നാടെങ്ങും കുറെ തലമുടി ഉള്ളവരുടേയും ഇല്ലാത്തവരുടെയും മറ്റുമായി പോസ്റ്ററുകള്‍ ഇറങ്ങി. എന്തിനധികം നമ്മുടെ CBI മമ്മൂട്ടി വരെ വായില്‍കൊള്ളാത്ത പേരുള്ള ഇതു വരെ കേക്കാത്ത രാജ്യങ്ങളുടെ കുപ്പായമിട്ട്‌ നടക്കാന്‍ തുടങ്ങി..പത്രങ്ങളില്‍ ദിവസേന 4 പേജ്‌ സപ്പ്ലിമെന്റുകള്‍,എന്തിനും ഏതിനും മൈക്കുമായി നടന്ന് അഭിപ്രായ സര്‍വേ നടത്തുന്ന ചാനലുകളില്‍ ദിവസേന 5 മെംബര്‍ പാനല്‍ ചര്‍ച്ച..അങ്ങിനെ അങ്ങിനെ..

അതെ,നാടെങ്ങും (ഫുട്ബോള്‍) "കളി" ജ്വരം...

ഉറക്കം തൂങ്ങി കിടന്നിരുന്ന നാട്ടിന്‍പുറങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍- "ആരെടുക്കും?" ബ്രസീല്‍,അര്‍ജെന്റീന,ബ്രിട്ടണ്‍...

എന്തൊക്കെപുകിലായിരുന്നു,റൊണാള്‍ഡീഞ്ഞൊ,തിരിഞ്ഞൊ,മറിഞ്ഞൊ,
റൊണാള്‍ഡൊ,വാഡൊ,പോഡൊ,കാക്ക,കൊക്ക്‌,മൈന,കഫു,ബുഫെ,കുങ്ങ്ഫു...പോയില്ലേ..എല്ലാം പോയില്ലേ...ബ്രസീല്‍ പോയി,അര്‍ജെന്റിന പോയി..ഇനി എന്തോന്ന്? ഇന്ത്യ ആണെങ്കില്‍ ആ ഏരിയയില്‍ തന്നെ ഇല്ല.ഫിഫ ക്ക്‌ വരെ ഇന്ത്യ-യുടെ റാങ്ക്‌ കണ്ടെത്താന്‍ പറ്റിയിട്ടില്ല.കണ്ട്‌ പിറ്റിച്ച്‌ കൊടുക്കുന്നവര്‍ക്ക്‌ 100 രൂഫാ ഇനാം പ്രഖ്യാപിചിട്ടുണ്ട്‌. സൊ ഫുട്ബാള്‍ കണ്ട്‌ സമയം കളഞ്ഞവര്‍ ഒന്ന് ഉത്സാഹിക്കുക..കൂട്ടിന്‌ ബൂട്ടിയയേയും കൂട്ടാം.

അപ്പോളാണ്‌ ഞെട്ടിപ്പിക്കുന്ന ആ സംഭവമുണ്ടായത്‌.. ഇന്ത്യ ജയിച്ചിരിക്കുന്നു..അവസാന ടെസ്റ്റില്‍ നാം വെസ്റ്റ്‌ ഇന്‍ഡീസിനെ 49 റണ്‍സിന്‍ തോല്‍പ്പിച്ചിരിക്കുന്നു...

വീണ്ടും നാടെങ്ങും (ക്രിക്കെറ്റ്‌) "കളി" ജ്വരം പടരുന്നു....

July 02, 2006

ഓഡിറ്റേര്‍സ്‌ ഫ്രം കേരള- ഭാഗം രണ്ട്‌

....അങ്ങിനെ ബസ്സില്‍ കയറി. അവിടെയാണ്‌ മുന്‍പ്‌ നിറുത്തിയത്‌.ബസ്സില്‍ കയറിയ ഉടനെ തന്നെ ബെംഗലൂരിലെ ഞങ്ങളുടെ കോണ്‍ടാക്ട്‌ പേര്‍സണ്‍ ആയ 'നിലേഷ്‌' നു ഞങ്ങള്‍ വരുന്ന ബസിന്റെ പേരും നമ്പറും മെസേജ്‌ അയച്ചു. 'കലാശിപ്പാളയ' ത്ത്‌ ഇറങ്ങാനായിരുന്നു നിര്‍ദേശം. ആദ്യമായി കന്നഡ ദേശത്തെക്കു പോകുന്ന ഞങ്ങളെ സംബന്ധിച്ച്‌ എന്ത്‌ കലാശം, എന്ത്‌ പാളയം...

നേരം പുലര്‍ന്നു. ബെംഗലൂര്‍ എത്താറായ്‌. അപ്പൊഴാണ്‌ ഞങ്ങളുടെ പ്ലാന്‍സ്‌ എല്ലാം തകര്‍ത്തുകൊണ്ട്‌ ബസ്സുകാര്‍ ഒരു കടുംകൈ ചെയ്ത്തത്‌..ബെംഗലൂര്‍ എത്തുന്നതിന്‌ മുന്‍പ്‌ അവര്‍ ഞങ്ങള്‍ ഉള്‍പ്പെടുന്ന യാത്രാസംഖത്തെ ഒരു ലൊകല്‍, പാണ്ടി സ്റ്റൈല്‍ ബസിലേക്ക്‌ മാറ്റി. രാവിലെ തന്നെ "ഗില്ലി" യിലെ പാട്ടും വെച്ച്‌ ബസ്സ്‌ തകര്‍ത്ത്‌ ഗമനം തുടങ്ങി...

അവര്‍ ഞങ്ങളെ കലാശിപാളയം പ്രൈവറ്റ്‌ ബസ്സ്‌ സ്റ്റാന്‍ഡില്‍ ഇറക്കി. ഒരു ബ്ലാക്ക്‌ ഇന്‍ഡിഗൊ കാര്‍ നോക്കാന്‍ നിലേഷ്‌ നിര്‍ദേശം തന്നിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ അവിടെ കാറിന്റെ പൊടി പൊലും കണ്ടില്ല. എടുത്തൂ മൊഫൈല്‍, വിളിച്ചൂ നിലേഷിനെ. അയാള്‍ കാര്‍ ഡ്രൈവറുടെ മൊഫൈല്‍ നമ്പര്‍ തന്നു. ഉടനെ തന്നെ അയാളെ വിളിച്ചു. ഡ്രൈവര്‍ അകട്ടെ ഇംഗ്ലീഷില്‍ തുടങ്ങി കന്നഡ തൊട്ടുകൂട്ടി ഹിന്ദിയില്‍ കൊട്ടിക്കലാശിച്ചു. ഒരു മിനി ഇലഞ്ഞിത്തറ മേളം. കലാപമടങ്ങിയപ്പ്പ്പൊള്‍ അയാള്‍ "ശര്‍മ" ട്രാവല്‍സിന്റെ മുമ്പില്‍ നില്‍ക്കുന്നുണ്ടെന്ന് മനസ്സിലായി. ഉടനെ തന്നെ അടുത്തുനില്‍ക്കുന്നുണ്ടായിരുന്ന ഒരു ക്രമസമാധാനപരിരക്ഷകന്റെ(പോലീസ്‌) അടുത്ത്‌ "ശര്‍മ" ട്രവെല്‍സിന്റെ ഓഫീസ്‌ എവിടെ അണെന്നു ചോദിക്കവെ അവരുടെ ഒരു ബസ്സ്‌ ആ വഴിക്കു പൊയി. ഉടനെ തന്നെ അതിന്റെ പിന്നാലെ 100-100 ല്‍ വിട്ടു.

അവസാനം "ശര്‍മ" യുടെ മുന്‍പില്‍ കിടക്കുന്ന ഞങ്ങളുടെ വാഹനത്തേയും അതിന്റെ ഗോസായി സാരഥിയേയും കണ്ടുപിടിച്ചു. അതില്‍ കയറി ഹോട്ടലിലേക്ക്‌ തിരിച്ചു. "മജെസ്റ്റിക്‌" സ്റ്റാന്‍ഡിനടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു താമസം അറേഞ്ച്‌ ചെയ്തിരുന്നത്‌. ലൊ ലൊ കമ്പനി "ആഡിറ്റേര്‍സ്‌" നു 2 മുറി ബുക്ക്‌ ചെയ്തുവെച്ചിട്ടുണ്ടായിരുന്നു.

ഹോട്ടലിന്റെ റിസപ്ഷനില്‍ ചെന്ന് അവിടെ ഉണ്ടായിരുന്ന കണ്ഠകോണക ധാരിയൊട്‌ "അക്കരെ അക്കര"യെ മനസ്സില്‍ ധ്യാനിച്ച്‌ ഞങ്ങള്‍ വെച്ച്‌ കാച്ചി:

"വി ആര്‍ ആഡിറ്റേര്‍സ്‌ ഫ്രം കേരള"


ഈ കത്തി തുടരുന്നതാണ്‌...