May 24, 2019

തിരഞ്ഞെടുപ്പ് - 2019 (Election-2019)


എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന പതിനേഴാം ലോകസഭാ തിരഞ്ഞെടുപ്പു ഫലം ഇന്നലെ പുറത്തു വന്നപ്പോള്‍ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു എന്നു പറഞ്ഞാല്‍ ക്ലീഷേ ആയിപ്പോകും എങ്കിലും അങ്ങനെ അല്ലാതെ വേറെ ഒരു രീതിയിലും ഫലത്തെ അവതരിപ്പിക്കാന്‍ സാധ്യമല്ല. ഭരണ കക്ഷിയായ ബി.ജെ.പി നില മെച്ചപ്പെടുത്തി വീണ്ടും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്ഗ്രസും ചെറിയ രീതിയില്‍ നില മെച്ചപ്പെടുത്തി. കേരളത്തില്‍ കോണ്ഗ്രസ് മുന്നണി വന്‍ വിജയം കൈവരിച്ചപ്പോള്‍ ബി.ജെ.പി എവിടേയും ഒന്നാമത് എത്തിയില്ല. എവിടെയാണ് പ്രതീക്ഷകള്‍ തെറ്റിയത്?

ഒരുമയില്ലാത്ത, ലക്ഷ്യമില്ലാത്ത പ്രതിപക്ഷം

ബി.ജെ.പിയെ മെരുക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ (ദേശീയ/പ്രാദേശിക കക്ഷികള്‍) ഒരുമിക്കുന്നു എന്നാണ് കുറച്ചു കാലങ്ങള്‍ ആയി കേട്ടു വരുന്നത്. സ്വന്തം സംസ്ഥാനം പോട്ടെ, സ്വന്തം കുടുംബത്തിന് പുറത്തു ചിന്തിക്കാത്ത സ്വാര്‍ഥമതികളായ ഒരു പിടി നേതാക്കള്‍ ഒരുമിക്കുന്നു എന്നത് നടക്കാന്‍ പോകുന്ന കാര്യമല്ല എന്നു ഉറപ്പായിരുന്നെങ്കിലും ലക്ഷ്യം നേടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കാം എന്ന പാത പിന്‍തുടരുമെന്ന സംശയം നില നിന്നിരുന്നു. എന്നാല്‍ ഇത്തരം സംശയങ്ങളെ ഒക്കെ അടിമുടി ഇല്ലാതാക്കി ഇലക്ഷന്‍ ഫലം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെ സമയം ചിലവഴിച്ചതു അധികാരം കിട്ടിയാല്‍ എന്തൊക്കെ ചെയ്യും എന്നു പറയാനല്ല, മറിച്ച് മോഡിയെ താഴെ ഇറക്കും എന്നു പറയാനാണ്. അത് മാത്രമായി അവരുടെ ലക്ഷ്യം. സാധാരണ ജനങ്ങള്‍ക്ക് ലൂടെയന്‍സ് ഗ്യാംഗിന്റെ വമ്പന്‍ വര്‍ത്തമാനങ്ങളോ, ബുദ്ധിജീവികളുടെ താത്വിക ഗീര്‍വാണങ്ങളോ ദഹിക്കില്ല. അവരുടെ അനുഭവങ്ങളില്‍ ഊന്നി നിന്നുകൊണ്ടു അവര്‍ വോട്ട് ചെയ്തു.

'ന്‍റെ ഉപ്പൂപ്പാക്കൊരു ആനേണ്ടാര്‍ന്നു' മട്ടില്‍ വന്ന രാഹുല്‍/പ്രിയങ്ക ദ്വയങ്ങള്‍ സ്വന്തം കുടുംബ പാരംപര്യം മാത്രം ജനങ്ങളുടെ മുമ്പിലേക്ക് പ്രധാനമായി അവതരിച്ചപ്പോള്‍ (അപദാനകഥകള്‍ പാടാന്‍ ചില പത്രക്കാരും ഉണ്ടായിരുന്നു) ജനങ്ങള്‍ ഭൂതകാലം വിട്ടു വര്‍ത്തമാന കാലത്തേയും, ഭാവിയെയും കുറിച്ചു ചിന്തിച്ചു. 

സുനാമോ!

ബി.ജെ.പിയെ സംബന്ധിച്ചു ഇത് മോദിയുടെ വിജയമാണ്. മോദി യുഗം കഴിഞ്ഞാല്‍ പകരം വെക്കാന്‍ ഇതുപോലെ ശക്തനായ നേതാവ് ഇല്ലെങ്കില്‍ ഭരണം വീണ്ടും കൈ വിട്ടുപോകും എന്നത് ഏകദേശം ഉറപ്പാണ്. ഒരു പക്ഷേ ഹിന്ദി ഹൃദയഭൂമിയില്‍ ജനങ്ങള്‍ വോട്ട് ചെയ്തതും മോദി എന്ന നേതാവിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ അടുത്ത അങ്കത്തിന് കളം ഒരുങ്ങുംപോഴേക്കും മോദിക്ക് പകരം വെക്കാന്‍ ഒരു നേതാവിനെ പാര്‍ട്ടി കണ്ടെത്തേണ്ടത് ഭരണ തുടര്‍ച്ചക്ക് അത്യാവശ്യമാണ്. അതല്ലെങ്കില്‍ മുന്‍ നിര താരങ്ങള്‍ വിരമിക്കുമ്പോള്‍ നില തെറ്റുന്ന ക്രിക്കറ്റ് ടീമിന്‍റെ അവസ്ഥയാകും ബി.ജെ.പീക്ക് ഉണ്ടാകാന്‍ പോകുന്നത്. 

ചക്ക വീണു ചത്ത മുയല്‍

കേരളത്തിലെ യു.ഡി.എഫിന്‍റെ വിജയത്തെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വിശേഷണം ഇല്ലതന്നെ! ഇടതു പക്ഷം ഈ തിരഞ്ഞെടുപ്പില്‍ തകര്‍ന്നെങ്കിലും ഇപ്പോള്‍ ഒരു നിയമ സഭ തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ ഒരു പക്ഷേ ഇടതു പാര്‍ട്ടി തന്നെ അധികാരം പിടിക്കും (കുറഞ്ഞ പക്ഷം നല്ല പോരാട്ടം എങ്കിലും ഉണ്ടാകും). നേതാക്കളുടെ അഹങ്കാരവും, കേന്ദ്രത്തില്‍ ചെന്നാല്‍ ഇടതും, വലതും ഒന്നാണ് എന്ന തിരിച്ചറിവും, പിന്നെ ഏത് വിധേന എങ്കിലും ബി.ജെ.പി ജയിക്കരുത് എന്ന ചിന്തയും, മത നേതാക്കള്‍ നടത്തുന്ന ഇടപെടലുകളും ആണ് കോണ്‍ഗ്രസിന് മുതല്‍ കൂട്ടായത്. മറ്റുള്ളവരോട് ചാടി കടിക്കുമ്പോഴും,ചില ന്യൂന പക്ഷ മത നേതാക്കളുടെ അടുത്ത് ഡിപ്ലോമാറ്റിക് ആയി നിലകൊണ്ട പിണറായി ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇടതിനെ വിശ്വസിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടായത് കൊണ്ട് വോട്ടുകള്‍ കൈപ്പത്തിക്ക് തന്നെ കിട്ടി. കേരളത്തിലെ നാല്പതു ശതമാനത്തില്‍ അധികം വരുന്ന ന്യൂന പക്ഷ വോട്ടുകള്‍ (അത്ര ന്യൂനമല്ല) അങ്ങനെ കോണ്‍ഗ്രസിന് ഗുണം ചെയ്തു. നാഴികയ്ക്ക് നാല്പതു തവണ ന്യൂനപക്ഷം/ഭൂരിപക്ഷം എന്നൊക്കെ പറയുന്നവരാണ് മതേതരം പ്രസംഗിക്കുന്നത് എന്നതാണ് കേരളത്തിലെ വിരോധാഭാസം.

തേക്ക്-മാഞ്ചിയം, നൈജീരിയന്‍ നിധി, ഐസിസ് മുതല്‍, കൃപാസനം പത്രവും, ഇടതു പക്ഷവും വരെ സകല ഉഡായിപ്പും ചിലവാകുന്ന 'പ്രബുദ്ധ' കേരളം ആണ് കുഞ്ഞാലികുട്ടിയെയും, തരൂരിനെയും ഒക്കെ ജയിപ്പിക്കുന്നത്. രാഹുലിന്‍റെ 'പാരംപര്യ സ്വത്ത്' എന്നു പറയുന്ന അമേഥിയില്‍ അമ്പേ തോറ്റ രാഹുല്‍ വയനാടില്‍ ജയിച്ചത് പ്രവര്‍ത്തന മികവ് കൊണ്ടാണ് എന്നു പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല; പിന്നെ കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയെ പോലെ ചുമ്മാ ഇങ്ങനെ പറയാം. വര്‍ദ്ധിച്ചു വരുന്ന ഐസിസ് സാന്നിധ്യവും, ആല്‍ക്കഹോളിസവും, മയക്കു മരുന്നുപയോഗവും, ആത്മഹത്യകളും മറ്റും 'പ്രബുദ്ധ' കേരളത്തിന്‍റെ മാറ്റ് കൂട്ടുന്നു എന്നു പറയാനും ചിലര്‍ ഉണ്ടാകും. അതുകൊണ്ടു തന്നെ നമ്മള്‍ ഭയങ്കര ബുദ്ധിമാന്മാര്‍, ബാക്കി ഉള്ളവര്‍ മന്ദബുദ്ധികള്‍ എന്നു പറയുന്ന അഹങ്കാരം ഒരു തരത്തിലും മലയാളികള്‍ക്ക് ഭൂഷണമല്ല. 

അടുത്ത അഞ്ചു വര്‍ഷം എന്താകും എന്നു കാത്തിരുന്ന് കാണാം! 
[ ഇലക്ഷന്‍ ഉണ്ടായാല്‍! 🙂 ]

(ഇത്തവണ മോഡി ജയിച്ചാല്‍ ഇനി ഇലക്ഷന്‍ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞു ഓടി പോയി വോട്ട് ചെയ്തവര്‍ ഒക്കെ ഇപ്പൊഴും നമ്മുടെ നാട്ടില്‍ ഉണ്ട്; അവരെ വിഷമിപ്പിക്കാന്‍ പാടില്ലല്ലോ. പിന്നെ കേരളത്തില്‍ വോട്ടിംഗ് യന്ത്രം ഹാക് ചെയ്ത ബി.ജെ.പ്പിക്കാരോടു: പാര്‍ട്ടി ചിഹ്നം താമര ആണ്, കൈപത്തി അല്ല. ശ്രദ്ധിച്ചു ഹാക് ചെയ്യുക)

വന്ദേ മാതരം!