April 18, 2012

രാമേട്ടനും വേലി പടക്കവും

 

ചേര്‍പ്പിലെ നാല് രമേട്ടന്മാരില്‍ സീനിയര്‍ മോസ്റ്റ്‌ ആയ, മുത്തശ്ശന്റെ ബന്ധുവായ, രാമേട്ടന്‍ ഞങ്ങളുടെ ഒപ്പം ആയിരുന്നു താമസിച്ചിരുന്നത്. രാമേട്ടന്‍ ഒരു പ്രസ്ഥാനമായിരുന്നു. രാമേട്ടന്റെ ഒരു കാലില്‍ സ്റ്റീല്‍ കമ്പിയാണ് എന്നറിയുന്നതിന് മുമ്പ്‌ തന്നെ ഞങ്ങള്‍ക്ക്‌ രാമേട്ടന്‍ ഒരു പ്രസ്ഥാനമായി കഴിഞ്ഞിരുന്നു. നരച്ച തലമുടിയും കുടവയറുമൊക്കെയായി കണ്ടാല്‍ മുത്തശ്ശനെ പോലെ തന്നെയാണ് രാമേട്ടന്‍ എങ്കിലും മുത്തശ്ശന്റെ അത്ര കാര്‍ക്കശ്യം ഇല്ലായിരുന്നതുകൊണ്ടും ഒഴിവുസമയങ്ങളില്‍ തെങ്ങിന്റെ ഓല കൊണ്ട് പീപ്പിയും പന്തും കാറ്റാടിയുമൊക്കെ ഉണ്ടാക്കി തന്നിരുന്നതുകൊണ്ടുമാകാം എനിക്കും ചേട്ടനും രാമേട്ടന്‍ ഒരു പ്രസ്ഥാനമായി തീര്‍ന്നത്. രാമേട്ടന്റെ ഇഷ്ട വിശ്രമസ്ഥലം കാര്‍പോര്‍ച്ചില്‍ ഇട്ടിരുന്ന ബെഞ്ച്‌ ആയിരുന്നു. അതിനടുത്തായി ആളുടെ സന്തത സഹചാരിയായ പഴയ ഹെര്‍കുലീസ്‌ സൈക്കിളും ഉണ്ടാകും. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ കാര്പോര്‍ച്ചിലെ ബെഞ്ചില്‍ കിടന്നൊരുറക്കം പാസാക്കുക എന്നത് രാവിലെ എണീറ്റ് പല്ല് തേക്കുക എന്നപോലെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ശീലമായിരുന്നു രാമേട്ടന്. അടുക്കളിയിലെ പാത്രത്തില്‍ നിന്നും ഉപ്പെടുത്ത്‌ ഉറങ്ങുന്ന രാമേട്ടന്റെ വായില്‍ ഇടുക എന്നത് അക്കാലത്ത്‌ ഞങ്ങളുടെ ഒരു ഹോബി ആയിരുന്നു. പിന്നെ പിന്നെ രാമേട്ടനും അതൊരു ശീലമായി തീര്‍ന്നതുകൊണ്ട് ഉപ്പിന്റെ റിയാക്ഷന്‍ പതുക്കെ കുറഞ്ഞു വന്നു. അതുകൊണ്ട് രാമേട്ടനെ ശല്യപ്പെടുത്താന്‍ പുതിയ വഴികള്‍ ആലോചിക്കുമ്പോഴാണ് ഞങ്ങള്‍ക്ക്‌ ആ ഐഡിയ കത്തിയത്. ഇവിടെയും മുഖ്യ കാര്‍മികന്‍ ചേട്ടന്‍ തന്നെ ആയിരുന്നു എങ്കിലും കൂടുതല്‍ പ്രാവര്‍ത്തികമാക്കിയത് ഞാനായിരുന്നു.

ചേര്‍പ്പ്‌ അമ്പലത്തിനു പടിഞ്ഞാറായി, ശങ്കരന്‍ നായരുടെ കടയും കഴിഞ്ഞു നേരെ കുറച്ചു നടന്നാല്‍ റോഡ്‌ ഇടത്തോട്ടെക്ക് തിരിയും. ആ വളവില്‍ കുറച്ചു മുന്നിലേക്ക്‌ നടന്നാല്‍ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്ന ജെ.ബി.എസ് സ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചിരുന്നത്: രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം. സ്കൂള്‍ അടുത്തായിരുന്നതുകൊണ്ട് ഉച്ചക്ക്‌ ഉണ്ണാന്‍ വീട്ടിലെത്തിയാല്‍ പിന്നെ രണ്ടുമണിക്ക്‌ ക്ലാസ്സ്‌ തുടങ്ങാനുള്ള ബെല്‍ അടിക്കാന്‍ പത്തോ പതിനഞ്ചോ മിനിറ്റുള്ളപ്പോള്‍ ആണ് തിരിച്ചു പോകുക. ഈ സമയമാണ് രാമേട്ടന്‍ അറ്റാക്ക്‌ ടൈം. ഞാന്‍ സ്കൂളില്‍ നിന്നു വന്ന്‍ ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും രാമേട്ടന്‍ ബെഞ്ചില്‍ ഉറക്കം പിടിച്ചിട്ടുണ്ടാകും. ഈ സമയം ഞാന്‍ പുറകിലെ വാതിലില്‍ കൂടി ഇറങ്ങി കുളിമുറിയില്‍ നിന്നു നീല നിറത്തിലുള്ള പ്ലാസ്റ്റിക്‌ പാത്രം എടുത്ത് അതില്‍ വെള്ളം പിടിക്കും. കാര്‍പോര്‍ച്ചിനടുത്ത് നില്‍ക്കുന്ന മാങ്ങയൊന്നുപോലും ഉണ്ടാകാത്ത നീലന്‍ എന്ന് വിളിക്കുന്ന  മാവാണ് അടുത്ത ലക്‌ഷ്യം. മാവിന്റെ ചോട്ടില്‍ 'വേലി പടക്കം' എന്ന് വിളിക്കുന്ന ചെടി ധാരാളമായി വളര്‍ന്നിരുന്നു. ഇതിന്റെ ഇത്തിരി ഉണങ്ങിയ കായ്കള്‍ വെള്ളത്തില്‍ ഇട്ടാല്‍ പൊട്ടുമെന്ന്‍ ഞാനും ചേട്ടനും മനസ്സിലാക്കിയിരുന്നു. അങ്ങനെ ഒരു കയ്യില്‍ മൂന്നോ നാലോ വേലി പടക്കവും മറുകയ്യില്‍ ഒരു പാത്രം നിറയെ വെള്ളവുമായി ശബ്ദമുണ്ടാക്കാതെ രാമേട്ടന്റെ അടുത്തെത്തും. വേലിപടക്കങ്ങള്‍ പാത്രത്തിലെ വെള്ളത്തിലിട്ട് ഉറങ്ങുന്ന രാമേട്ടന്റെ ചെവിയോട് ചേര്‍ത്തങ്ങനെ പിടിക്കും. സെക്കന്റുകള്‍ക്കുള്ളില്‍ പാത്രത്തില്‍ ഒരു സ്ഫോടനം നടക്കുകയും രാമേട്ടന്‍ 'ആരാ അവിടെ' (ഞാന്‍ ആണ് ഉത്തരവാദി എന്നറിയാമെങ്കിലും) എന്ന് ചോദിച്ച് ഞെട്ടി എണീക്കുകയും ചെയ്യും. അപ്പോഴേക്കും ഞാന്‍ കാര്‍പോര്‍ച്ചിന്റെ ചുമരിനു പിന്നില്‍ ഒളിച്ചിട്ടുണ്ടാകും. 

രാമേട്ടന്‍ വീണ്ടും തന്റെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ ഞാന്‍ ഉച്ചക്ക് ശേഷമുള്ള വിഷയങ്ങളുടെ പുസ്തകങ്ങളും എടുത്ത്‌ തിരികെ ജെ.ബി.എസിലേക്ക്‌ പോകും. ഒരു നാള്‍ രാമേട്ടന്‍ തൃശ്ശൂരില്‍ താമസിക്കുന്ന മകളുടെ അടുത്തേക്ക്‌ പോയി. പിന്നെ ഒരിക്കലും രാമേട്ടന്‍  ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. ഞങ്ങള്‍ രാമെട്ടനെയും  കണ്ടില്ല.
a

April 08, 2012

ലാ ബോല്‍ ഭൂലിന്റെ ഒപ്പം ലടും ലുങ്ങും

മുത്തശ്ശന്റെ അഭിപ്രായത്തില്‍ വല്യ വെക്കേഷന്‍ കളിച്ചു നടന്നു വേസ്റ്റ് ആക്കി കളയാനുള്ളതായിരുന്നില്ല, മറിച്ച് പഠിക്കാന്‍ കൂടിയുള്ള സമയമായിരുന്നു. അതുകൊണ്ട് മെയ്‌ മാസം മുത്തശ്ശന്റെ മാസമായി പ്രഖ്യാപിക്കപ്പെട്ടു. ഏപ്രില്‍ മാസം ഇഷ്ടം പോലെ കളിച്ചുനടക്കുന്നതിനു പകരം മെയ്‌ മാസം മുഴുവന്‍  മുത്തശ്ശന്റെ കീഴില്‍ ഹിന്ദി-സംസ്കൃതാദ്ധ്യായനം എന്ന ഉടമ്പടി ഒപ്പുവെക്കപ്പെട്ടു. അഞ്ചാം തരം മുതല്‍ക്കാണ് ഹിന്ദിയും സംസ്കൃതവും സ്കൂളില്‍ പഠിപ്പിച്ചു തുടങ്ങുന്നത് എന്നതിനാല്‍ നാലാം തരം കഴിയുന്ന വരെ ഈ ഉടമ്പടി എന്നെ ബാധിച്ചിരുന്നില്ല. എന്നാല്‍ നാലിലെ വല്യ വെക്കേഷന്‍ മുതല്‍ എന്റെ വേനലവധി പ്ലാനുകള്‍ ആകെ മൊത്തം മാറി മറിഞ്ഞു.

തുടക്കം അക്ഷരമാലയില്‍ നിന്നായിരുന്നു. എല്ലാ ഭാഷകളും തുടങ്ങുന്നത് അവിടെ ആണല്ലോ. വലിയ ബുദ്ധിമുട്ടില്ലാതെ അത് കഴിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷവാനായിരുന്നു. എന്നാല്‍ പിന്നീടാണ് മനസ്സിലായത് 'ഗ്രാമ്മര്‍' എന്ന് പറയുന്ന സംഭവം മഴക്കാലത്ത്  സ്കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബാള്‍ പോസ്റ്റിന്റെ അടുത്തു കെട്ടി കിടക്കുന്ന ചെളി വെള്ളത്തില്‍ 'ഡാം' കെട്ടി ഗ്രൌണ്ടിന്റെ പലഭാഗങ്ങളിലേക്ക് 'കനാലുകളി'ലൂടെ തിരിച്ചു വിടുന്ന പോലെ എളുപ്പമുള്ള പണി അല്ല എന്ന് മനസ്സിലായത്. മുത്തശ്ശന്റെ സിദ്ധാന്തമനുസരിച്ച് സംസ്കൃതം പഠിക്കാന്‍ അക്ഷരമാല കഴിഞ്ഞാല്‍ അടുത്തതായി പഠിക്കേണ്ടത്  'സിദ്ധരൂപം' ആണ്. അതുകൊണ്ട് നാലിലെ ആ വേനലവധിക്കാലത്ത് തന്നെ  തന്നെ 'ബാല:, ബാലൌ , ബാലാ:' യില്‍ തുടങ്ങിയ പുല്ലിംഗ-സ്ത്രീലിംഗ നാമങ്ങളും 'ഭവതി ഭവത: ഭവന്തി' മുതലായ ക്രിയാ പദങ്ങളും ചൊല്ലി പഠിച്ചു തുടങ്ങി (ഇപ്പോള്‍ എല്ലാം മറന്നു എന്നത് വാല്ക്കഷണമായി ചേര്‍ക്കുന്നു). ഹിന്ദിയും ഒട്ടും മോശമായിരുന്നില്ല. ഹിന്ദിയില്‍ മുത്തശ്ശന്റെ മാസ്റ്റര്‍ പീസ് ഐറ്റം വിവര്‍ത്തനം ആണ്. ചങ്ങനാശ്ശേരിയില്‍ നിന്ന്  അച്ഛന്‍ കൊണ്ട് വന്ന ചാര നിറത്തില്‍ വരയിടാത്ത പേജുകളും മഞ്ഞ ചട്ടയുള്ള നോട്ട് ബുക്കുകള്‍ ഞങ്ങള്‍ ചങ്ങനാശ്ശേരിയില്‍ നിന്നും താമസം മാറ്റിയിട്ടും (അഞ്ചാം തരം കഴിഞ്ഞുള്ള വേനലവധിക്കാലത്ത്) പത്താം തരം വരെ എന്റെ പഠനത്തില്‍ വളരെ അധികം സ്വാധീനം ചെലുത്തുകയുണ്ടായി. അത്തരം ഒരു പുസ്തകത്തില്‍ മുത്തശ്ശന്‍ ഓരോ ദിവസവും രാവിലെ അമ്പത് വാചകങ്ങള്‍ മലയാളത്തില്‍ എഴുതും. വൈകുന്നേരം ആകുമ്പോഴേക്കും അതെല്ലാം ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് എഴുതി മുത്തശ്ശന് കൊടുക്കുക എന്നതാണ് വിദ്യാര്‍ഥി എന്നാ നിലയില്‍ എന്റെ ചുമതല. മുത്തശ്ശന്റെ പരിശോധന കഴിഞ്ഞാല്‍ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും തിരുത്തുന്നതിനായി ഇമ്പോസിഷന്‍ എഴുതി കഴിഞ്ഞാലെ ആ നാളുകളില്‍ എന്റെ വേനലവധിക്കാലത്തെ ഒരു മെയ്‌ മാസ ദിനം കഴിയുകയുണ്ടായിരുന്നുള്ളൂ.

ഹിന്ദിയെ പറ്റി പറയുമ്പോള്‍ ഒഴിവാക്കാനാവത്ത രണ്ട് സംഗതികളാണ് 'ലാ ബോല്‍ ഭൂലും', 'പാനീ ദഹീ ഘീ മോതി ജീയും'. ഹിന്ദി വ്യാകരണത്തിലെ സാമാന്യ നിയമങ്ങളുടെ എക്സ്സെപ്ഷനുകളാണ് ഇവ. ലാ, ബോല്‍, ഭൂല്‍ ഇന്നിവ സകര്‍മ്മക ക്രിയാപദങ്ങള്‍ ആണെങ്കിലും ഭൂത കാലത്തില്‍ പ്രയോഗിക്കുമ്പോള്‍ കര്‍ത്താവിന്റെ ഒപ്പം 'നെ' പ്രത്യയം ചേര്‍ക്കണ്ട.അത് പോലെ 'ഈ'കാരത്തില്‍ അവസാനിക്കുന്ന നാമങ്ങള്‍ സ്ത്രീലിംഗ പദങ്ങള്‍ ആണെങ്കിലും പാനീ, ദഹീ, ഘീ, മോതി, ജീ എന്നിവ സ്ത്രീലിംഗ പദങ്ങള്‍ അല്ല. മലയാള വാചകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ തരുമ്പോള്‍ ഈ വാക്കുകള്‍ ധാരാളമായി വരുന്ന വാചകങ്ങള്‍ തരാന്‍ മുത്തശ്ശന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.
സംസ്ക്രിതാദ്ധ്യായനത്തില്‍ മറക്കാന്‍ പറ്റാത്ത ഓര്‍മ ലടും ലോങ്ങും  ലോടും ലുങ്ങും ഒക്കെ ആണ്. ക്രിയാ പദങ്ങളുടെ കാലത്തിനനുസരിച്ചുള്ള ഭവ ഭേദങ്ങള്‍ ആണിവ. ഇപ്രകാരം ഓരോ ക്രിയാ പദത്തിനും പത്തു ലകാരങ്ങള്‍ വീതം ഉണ്ട്. എന്റെ മെയ്‌ മാസ ദിനങ്ങളില്‍ പിന്നെ നിറഞ്ഞു നിന്നിരുന്നത് 'ശ്രീ രാമോദന്തം' ആണ്. രാമായണ കഥ മുഴുവന്‍ വളരെ ചുരുക്കി പറഞ്ഞിരിക്കുന്ന ഒരു ചെറിയ കാവ്യമാണ് ശ്രീ രാമോദന്തം. ഒരു കാലത്ത് എനിക്ക് ഇത് കാണാപാമായിരുന്നു (ഇപ്പോള്‍ ആദ്യത്തെ 2 -3 ശ്ലോകങ്ങള്‍ മാത്രം ഓര്‍മ ഉണ്ട്).

മുത്തശ്ശന്റെ ഹിന്ദി-സംസ്കൃത ക്ലാസ്സുകളെ പറ്റി പറയുമ്പോള്‍ മുത്തശ്ശന്റെ സ്വന്തം കസേരയെ പറ്റിയും,ദിവസേന 10 മണിക്കുള്ള വല്യമ്മാന്റെ സന്ദര്‍ശനത്തെ പറ്റിയും പറയാതെ പറ്റില്ല. അത് വേറെ ഒരു ക്ലാസ്സില്‍ ആകാം. തല്‍ക്കാലം ഇന്നത്തെ ക്ലാസ്സ്‌ ഇവിടെ നിര്‍ത്താം!

April 04, 2012

കൊടികുത്ത് പൂരം

മീന മാസത്തിലാണ് ചേര്‍പ്പ്‌ അമ്പലത്തിലെ പൂരം. ചേര്‍പ്പിലെ പൂരം എന്നാല്‍ ആറാട്ടുപുഴ-പെരുവനം പൂരങ്ങള്‍ ആണ്. മിക്കവാറും വര്‍ഷങ്ങളില്‍ കൊല്ലവര്‍ഷപരീക്ഷ കഴിഞ്ഞായിരിക്കും പൂരം തുടങ്ങുക. എന്നാല്‍ കുട്ടിക്കാലത്ത്‌ ഞാന്‍ ഏറ്റവും അധികം കാണുവാന്‍ ആഗ്രഹിച്ചിരുന്നത് പെരുവനം പൂരമോ ആറാട്ടുപുഴ കൂട്ടി എഴുന്നെള്ളിപ്പോ അല്ലായിരുന്നു. 'കൊടികുത്ത് പൂര'മാണ് എന്നെ സംബന്ധിച്ച് പൂരത്തിന്റെ ഹൈലൈറ്റ്.

കൊടികുത്ത് പൂരത്തെ പറ്റി പറയുമ്പോള്‍ കൊടിമരത്തെ പറ്റി പറയാതെ പറ്റില്ല. പൂരക്കലമാകുമ്പോള്‍ ദേശത്തെ ഏറ്റവും പൊക്കം കൂടിയ കമുക്‌ കണ്ടുപിടിച്ച് അതിനെ കൊടിമരമായി തിരഞ്ഞെടുത്ത്‌ അമ്പലത്തില്‍ വലിയ ബലിക്കല്ലിനു സമീപം നാട്ടി കൊടി ഉയര്‍ത്തും. പിന്നെ ആറാട്ടുപുഴ പൂരം കഴിഞ്ഞു മൂന്നാം നാള്‍ ആ വര്‍ഷത്തെ പൂരത്തിന് സമാപ്തി കുറിച്ചുകൊണ്ട് കൊടി താഴ്തുന്നവരെ അതിനങ്ങനെ തല ഉയര്ത്തിപിടിച്ചു നില്‍ക്കാം: ആന വന്നു കുത്തി മറിക്കുന്ന വരെ! ആന കൊടിമരം ഇങ്ങനെ കുത്തി മറിക്കുന്നതുകൊണ്ടാണ് ഈ പൂരത്തിന് 'കൊടി കുത്ത് പൂരം' എന്ന പേര്‍ സിദ്ധിച്ചത്.

ചേര്‍പ്പിലെ ഞങ്ങളുടെ വീട് ഭഗവതി ക്ഷേത്രത്തിന്റെ തൊട്ടടുത്തായിരുന്നു എങ്കിലും ആന കൊടിമരം കുത്തുന്നത് അമ്പലത്തില്‍ പോയി കാണാന്‍ മുത്തശ്ശന്‍ അനുവദിച്ചിരുന്നില്ല. വീടിന്റെ ടെറസ്സില്‍ കയറി നിന്നാല്‍ കാണുന്നത് കണ്ടാല്‍ മതിയെന്നാണ് മുത്തശ്ശന്റെ കല്പന. അതുകൊണ്ട് കൊടികുത്ത് പൂരത്തിന്റെ അന്ന് രാത്രി  (കൊടിമരം കുത്തുമ്പോള്‍ ഏകദേശം 11-12 മണിയാകും) എഴുന്നള്ളിപ്പ്‌ മതില്ക്കകത്തു കയറി പ്രദക്ഷിണം വെച്ച് തറവാട്ടിലെ പറ എടുത്ത്‌ പോയിക്കഴിഞ്ഞാല്‍ ഉടനെ  ഞങ്ങള്‍ എല്ലാരും (മുത്തശ്ശനടക്കം) കോണി കയറി പടിഞ്ഞാറ് ഭാഗത്തെ വീതി കുറഞ്ഞ 'സണ്‍ ഷേഡി'ല്‍ കൂടി നടന്നു ടെറസ്സില്‍ ഇരുപ്പുറപ്പിക്കും. പിന്നെ ഹൃദയമിടിപ്പിന് വേഗം കൂടുന്ന കാത്തിരിപ്പാണ്. ഒറ്റക്കുത്തിന് ആന കൊടിമരം മറിക്കുമോ? ആന വല്ല 'പ്രശ്നവും' ഉണ്ടാക്കുമോ? ഇപ്രകാരമുള്ള കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, അമ്മ ഉണ്ടാക്കിയ സ്വര്‍ണ നിറത്തില്‍, കനം കുറഞ്ഞ ചക്ക വറുത്തതും തിന്നുകൊണ്ട്, അമ്പലത്തിലേക്ക് കൊടി മരം കുത്തുന്നത് കാണാന്‍  വ്യഗ്രതയോടെ ഓടുന്ന പിള്ളേരെ തെല്ലസൂയയോടെ നോക്കി കൊണ്ട് ഞാനും ചേട്ടനും ടെറസ്സില്‍ നിമിഷങ്ങളെണ്ണി ഇരിക്കും.

തറവാട്ടിലെ പറ എടുത്തു പോയാല്‍ പിന്നെ 12 പ്രദക്ഷിണം വെക്കണം. ഇതില്‍ ആദ്യത്തെ ആറു പ്രദക്ഷിണങ്ങള്‍ കഴിഞ്ഞാല്‍ ദേവിയുടെ തിടംബ്‌ താഴെ ഇറക്കി ശ്രീ കോവിലിലേക്ക് കൊണ്ട് പോകും. മൂന്നുപ്രദക്ഷിണങ്ങളിലാണ് കുറുക്കന്മാരും ചിരട്ട പാട്ടുകാരും രംഗത്ത് വരുന്നത്. ആനക്ക് വീര്യം പകരാന്‍ ഇവര്‍ ഉച്ചത്തില്‍ ശബ്ദങ്ങള്‍ ഉണ്ടാക്കും, ചിരട്ട കൊണ്ട് അരമതിലില്‍  ഉരച്ച് ആനയെ സൈക്കൊസിസിന്റെ അപാര തലങ്ങളിലേക്ക്‌ കൊണ്ട് പോകാന്‍ ശ്രമിക്കും. ഈ അവസാന മൂന്നുപ്രദക്ഷിണങ്ങള്‍ ആന പലപ്പോഴും ഓടിയാണ് തീര്‍ക്കുന്നത് (നൂറുമീറ്റര്‍ സ്പ്രിന്റ് അല്ല, ജോഗ്ഗിംഗ്). അമ്പലത്തില്‍ ഇതൊക്കെ നടക്കുമ്പോള്‍ ഞങ്ങള്‍ ടെറസ്സില്‍ ഓരോ പ്രദക്ഷിണവും എണ്ണി അക്ഷമയോടെ ഇരിക്കുന്നുണ്ടാകും. ആനയുടെ പുറകെ ഒടുന്നവരില്‍ പരിചയമുള്ള മുഖങ്ങളോ സഹപാഠികളോ ഉണ്ടെന്നു നോക്കും. ഇങ്ങനെ പന്ത്രണ്ടാമത്തെ പ്രദക്ഷിണം കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ നോട്ടം കൊടിമരത്തിലെക്ക് മാറും. 

ഞങ്ങളുടെ വീട് അമ്പലത്തിന്റെ കിഴക്കേ നടയിലും, കൊടിമരം നാട്ടുന്നത് പടിഞ്ഞാറെ നടയിലുമാണ്. അതുകൊണ്ട് ടെറസ്സില്‍ നിന്നും നോക്കുമ്പോള്‍ അമ്പലത്തിന്റെ മേല്‍ക്കൂരയ്ക്കു മുകളിലുള്ള കൊടി മരത്തിന്റെ ഭാഗമേ കാണാന്‍ സാധിക്കൂ. പോരത്തതിന് ഒട്ടുമാവിന്റെയും അമ്പല മതിലിനോടു ചേര്‍ന്ന് നില്‍ക്കുന്ന മൂവാന്ടന്‍ മാവ്‌, മുരിങ്ങ മരം, മാതള മരം മുതലായവയുടെ  ഇലകളും ചില്ലകളും ഞങ്ങളുടെ കാഴ്ചയെ ഒന്ന് കൂടി തടസ്സപ്പെടുത്തുമായിരുന്നു. അതുകൊണ്ട് ആളുകളുടെ ആരവത്തിന്റെ ശക്തിയില്‍ നിന്നാണ് കൊടിമരം കുത്താറായോ എന്ന് ഞങ്ങള്‍ ഊഹിച്ചിരുന്നത്. 

ആന കുത്തി മറിക്കുന്നതിന് മുമ്പ്‌ കോടി താഴ്ത്തി ഭഗവതി ട്രസ്റ്റ്‌ ഓഫിസിലേക്ക് കൊണ്ട് പോകും; അടുത്ത വര്‍ഷത്തെ പൂരത്തിന് വീണ്ടും എടുക്കാന്‍. കൊടി താഴ്ത്തല്‍ ചടങ്ങ് കഴിഞ്ഞാല്‍ പിന്നെ എപ്പോ വേണമെങ്കിലും കൊടിമരം കുത്താം. അങ്ങനെ ആകാംക്ഷയോടെ ഞങ്ങള്‍ കണ്ണും നാട്ടിരിക്കുംപോള്‍ കൊടിമരം ചെരിഞ്ഞു തുടങ്ങും. നല്ലയാനയാണെങ്കില്‍ ഒറ്റക്കുത്തിനു സംഗതി ഫിനിഷ്‌ ചെയ്യും. സാധാരണ മൂന്നോ നാലോ പ്രാവശ്യം ശ്രമിച്ചാലാണ് കോടി മരം ഒടിഞ്ഞു മറിഞ്ഞു വീഴുക. പിന്നെ നിലത്ത് കിടക്കുന്ന കൊടിമരം ആന വലിച്ച് അമ്പലത്തിന്റെ പടിഞ്ഞാറെ മതിലിന്റെ അടുത്ത്‌ കൊണ്ട് വന്നിടും. അതോടെ ആ വര്‍ഷത്തെ ചേര്‍പ്പിലമ്മയുടെ പൂരഘോഷങ്ങള്‍ക്ക് സമാപ്തിയാകും. ഞങ്ങള്‍ പതുക്കെ സ്വസ്ഥാനങ്ങളില്‍ നിന്നെഴുന്നേറ്റ്‌ ഉറങ്ങാനും പോകും.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൊടികുത്ത് പൂരനാളില്‍ ഞങ്ങള്‍ വീണ്ടും ചേര്‍പ്പില്‍ എത്തി. എന്നാല്‍ അന്ന് ഞങ്ങള്‍ അവിടെ വന്നത് തികച്ചും അപ്രതീക്ഷിതമായ ചില കാരണങ്ങള്‍ കൊണ്ടായിരുന്നു. അന്ന് ഞങ്ങള്‍ ടെറസ്സില്‍ കയറി ക്ഷമയോടെ കാത്തിരുന്നില്ല, പൂരത്തിന്റെ ജനതിരക്കില്‍ പരിചിത മുഖങ്ങള്‍ ഉണ്ടോ എന്നും  നോക്കിയില്ല. അതെല്ലാം വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സംഭവങ്ങള്‍. അതുകൊണ്ട് വേറെ ഒരു അവസരത്തില്‍ പറയാം.

വാല്‍ക്കഷ്ണം: ശ്രീമതി മേനക ഗാന്ധി കേന്ദ്രത്തില്‍ 'മൃഗ'മന്ത്രിയായപ്പോള്‍ ഇവ്വിധം ശബ്ദങ്ങള്‍ ഉണ്ടാക്കുന്നത് (ആനയെ പീഡിപ്പിക്കുന്നതിന് സമമായതു കൊണ്ട്) കുറ്റകരമാണെന്ന് പ്രഖ്യാപിക്കുകയും, ഇപ്രകാരമുള്ള പീഡനങ്ങള്‍ നടക്കുന്നില്ല എന്നതുറപ്പാക്കാന്‍ പോലീസുകാരെ ഡ്യൂട്ടിക്കിടുകയും ചെയ്തതിനാല്‍ ആ വര്‍ഷങ്ങളില്‍ അവസാന മൂന്നു പ്രദക്ഷിണങ്ങള്‍ ആന നടന്നു തന്നെ തീര്‍ക്കുകയും, പിള്ളേര് സെറ്റ്‌ മിണ്ടാതെ ഉരിയാടാതെ ആനക്ക് പിന്നാലെ മാര്‍ച്ച്‌ ചെയ്യുകയും ചെയ്തിരുന്നു.