November 29, 2017

തരാതരത്വം

"ഹലോ, എന്‍റെ പേര് വിഷ്ണു"
"നല്ല പേര്. ഏതാ സഖാവിന്‍റെ പാര്‍ട്ടി?"

"ഞാന്‍ ബി.ബി.വി.പി ആണ്"
"ഹയ് കൊശവന്‍, അങ്ങട്ട് മാറി നിക്കടോ. അറിയാതെ കയ്യും കൊടുത്തല്ലോ ന്‍റെ മാര്‍ക്സേ"

"എന്തേ എനിക്ക് കയ്യ് തന്നാല്‍"
"ഞാന്‍ ശുദ്ധ ടി.എഫ്.ഐ ആടോ. തന്നെപോലുള്ള വിവരംകെട്ട ബി.ബി.വി.പിക്കാരോടൊന്നും ഞങ്ങള്‍, അതും എന്നെ പോലുള്ള ഇന്റെലെക്ച്ച്വല്‍സ് മിണ്ടും കൂടിയില്ല"

"അതെന്താ?"
"നിങ്ങടെ വിശ്വാസം ഒക്കെ പൊട്ട തെറ്റല്ലേ!"

"അപ്പൊ നിങ്ങടെ മാത്രമാണോ ശരി?"
"എന്താ സംശയം. ഞങ്ങടെ മാത്രമാണ് ശരി. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ഞങ്ങള്‍ ശരിയാക്കും"

"ചൈനയിലെ പോലെ എല്ലാ വീട്ടിലും പ്രസിഡന്റിന്റെ പോട്ടം വെച്ചിട്ടാണോ?"
"വേണമെങ്കില്‍ അതും ചെയ്യും"

"ചുമ്മാതല്ല നിങ്ങള്‍ ക്ലച് പിടിക്കാത്തെ"
"അയ്യോ സമയം അഞ്ചു കഴിഞ്ഞല്ലോ. ഈ യൂസ്ലെസ്സിനോട്‌ സംസാരിച്ചു സമയം പോയി."

"എന്തു പറ്റി? എവിടെ എങ്കിലും എത്താന്‍ ഉണ്ടോ?"
"പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഫാസിസ്റ്റ് ഭീകരതക്കെതിരെ ഒരു സെമിനാരുണ്ട്, ടൌണ്‍ ഹാളില്‍. ഞാനാണ് പ്രധാന ഭാഷകന്‍"

"ആണോ.. എന്നാ വണ്ടീലോട്ട് കേറിക്കോ, ഞാന്‍ ആ വഴിക്കാ. അവിടെ ഇറക്കാം. ഇരിക്കുമ്പോള്‍ എന്‍റെ ദേഹത്ത് തൊടാതെ സൂക്ഷിച്ചോളോ ട്ടാ. ഇനി എന്നെ തൊട്ടു നിങ്ങടെ 'ഇസം' പോകണ്ട"         

November 21, 2017

ബ്രാഹ്മമുഹൂർത്തം

"ഡാ എഴുന്നെല്‍ക്കെടാ, നാലുമണി ആയി"

മുത്തശ്ശിയുടെ ശബ്ദം സ്വപ്നത്തിനിടയില്‍ പശ്ചാത്തല സംഗീതം കണക്കെ ഒഴുകി വന്നു.

രാവിലെ നേരത്തെ എണീക്കുക എന്നാൽ എനിക്ക് തിങ്കളാഴ്ച സ്‌കൂളിൽ പോകുന്നതിനേക്കാൾ ഇഷ്ടമില്ലാത്ത കാര്യമാണ്. പക്ഷെ എന്ത് ചെയ്യും? പത്താം തരത്തിലാണ് ഈ വർഷം. പ്രീ-ഡിഗ്രീക്കു 'കൊമേഴ്‌സ്' എടുക്കാൻ വല്യ മാർക്ക് ഒന്നും വേണ്ടെങ്കിലും മാർക്ക് കുറഞ്ഞു പോയാൽ ചീത്ത കേൾക്കും. അതുകൊണ്ട് പഠിക്കാതെ വയ്യ. രാവിലെ ഏഴുമണിക്ക് റ്റിയൂഷൻ ഉണ്ട്; സരസ്വതിയിൽ. പിന്നെ സ്‌കൂൾ നാല് വരെ. നാലരക്ക് വീട്ടിൽ എത്തിയാൽ കുറച്ചു നേരം ടി.വി. പിന്നെ കുറച്ചു നേരം പഠനം. എട്ടുമണിക്ക് ഭക്ഷണം കഴിച്ചു ഒമ്പതു മണിയോടെ കിടക്കും. ഇങ്ങനെ ഒരു ദിനചര്യ പിന്തുടർന്നാൽ നല്ല മാർക്ക് കിട്ടില്ല എന്ന് വീട്ടുകാർ 'യുനാനിമസ്‌ലി' തിരുമാനിച്ചതിന്റെ ഫലമായി രാവിലെ നാലുമണിക്ക് എഴുന്നേൽക്കേണ്ടതായി വന്നിരിക്കുകയാണ്. സ്വാഭാവികമായും എന്നെ രാവിലെ വിളിച്ചു എഴുന്നേൽപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം എക്സ്-അധ്യാപിക ആയ മുത്തശ്ശി ഏറ്റെടുത്തു.

രണ്ടു വർഷം മുമ്പ് വടക്കോറെ കാൽ വഴുതി വീണപ്പോൾ നട്ടെല്ലിന് ക്ഷതം പറ്റിയതിനാൽ മുത്തശ്ശിക്ക് കുനിയാൻ പറ്റില്ല; അതുകൊണ്ട് ടിവി മുറിയിൽ, അലമാരയോട് ചേർന്ന്, നിലത്ത് പഞ്ഞിക്കിടക്കയിൽ പുതഞ്ഞു കിടക്കുന്ന എന്നെ വെളുപ്പാംകാലത്ത് വിളിച്ചു ഉണർത്തുക എന്നാൽ ഗംഗയെ ഭൂമിയിൽ എത്തിക്കാൻ ഭഗീരഥൻ ചെയ്ത തപസ്സിനേക്കാൾ പരിശ്രമം ആവശ്യമാണ് എന്ന് ആദ്യ ദിനം തന്നെ മൂത്തശ്ശി തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് രാവിലെ നാലുമണി ആകുമ്പോൾ മുത്തശ്ശി എഴുന്നേറ്റു കാൽകൊണ്ട് എന്നെ തട്ടി മന്ത്രം ഉരുവിടും:

"ഡാ എഴുന്നെല്‍ക്കെടാ, നാലുമണി ആയി"

നാലഞ്ചു താവണ മന്ത്രം ഉരുക്കഴിക്കുമ്പോൾ ഞാൻ പതിയെ എഴുന്നേൽക്കും. പകൽ മുഴുവൻ യുദ്ധം ചെയ്തു രാത്രി പാളയത്തിലേക്കു പോകുന്ന പടയാളിയെ പോലെ തല താഴ്ത്തി ഭാരിച്ച ചുവടുകളോടെ ഞാൻ മുഖം കഴുകുന്നതിനും, പല്ലു തേക്കുന്നതിനുമായി പോകും.

രാവിലെ എഴുന്നേൽക്കുന്നതിന്റെ ഏക ആകർഷണം വീണ്ടും ഉറക്കം വരാതിരിക്കാൻ മുത്തശ്ശി തരുന്ന കട്ടൻ കാപ്പിയാണ്. ചില ദിവസങ്ങളിൽ ഈ കട്ടൻകാപ്പി പ്രസാദം കുടിച്ചു മൂത്തശിയെ സോപ്പിട്ടു ഞാൻ വീണ്ടും പോയി കിടന്നു ഉറങ്ങും. അന്ന് അമ്മയുടെ ചീത്ത ഉറപ്പാണ്. ഉറങ്ങിയില്ലെങ്കിൽ പിന്നെ അഞ്ചര വരെ ഇരുന്നു പഠനമാണ്. അഞ്ചര കഴിഞ്ഞാൽ പുസ്തകം അടച്ചു അരമണിക്കൂർ അമ്മയുടെ 'അനുവാദ'ത്തോടെ കിടക്കും.

പത്താം തരാം കഴിഞ്ഞതോടെ രാവിലെ എണീക്കുന്ന ഏർപ്പാട് നിർത്തലാക്കി. കോളേജിൽ പഠിക്കുമ്പോൾ ഒരു ദിവസം മുത്തശ്ശിയും എഴുന്നേൽക്കേണ്ടതില്ലാത്ത ഉറക്കത്തോടെ പ്രാപിച്ചതിനാൽ ഞാനും രാവിലെ എഴുന്നേൽക്കുന്ന ഏർപ്പാട് നിർത്തി; അലാമിന്റെ അലറലിനു മുത്തശ്ശിയുടെ മന്ത്രത്തിന്റെ സ്നേഹധ്വനി ഇല്ലല്ലോ. പിന്നീടുള്ള പഠനങ്ങൾ എല്ലാം ഉറങ്ങുന്നതിനു മുമ്പ് തീർക്കാൻ ഞാൻ ശീലിച്ചു.





November 01, 2017

കേരളപ്പിറവി ആശംസകള്‍?


ഈ കേരളപ്പിറവി ദിനത്തില്‍ മഴുവെറിഞ്ഞു കടലില്‍ നിന്നും കേരളത്തെ ഉയര്‍ത്തികൊണ്ടു വന്നത് ആരാണ് എന്ന ചോദ്യത്തിനു തോമസ്‌ ചാണ്ടി എന്ന ഉത്തരം ലഭിച്ചാല്‍ ആ ഉത്തരം തിരുത്താന്‍ നടുവിരല്‍ എങ്കിലും അനക്കാന്‍ തോന്നുന്നതിന് മുമ്പ് ഒന്നിരുത്തി ചിന്തിക്കുന്നത് നല്ലതാണ്; നിങ്ങളുടെ കാലുകളെയും/കയ്യുകളെയും ഓര്‍ത്തെങ്കിലും! ആദ്യത്തിനു ചികിത്സക്ക് പോകാന്‍ പുറംരാജ്യത്തെ മുന്തിയ ആശുപത്രികളും, ചിലവാക്കാന്‍ ഖജനാവിലെ കാശുമുണ്ട്, നിങ്ങള്‍ക്ക് ഇത് രണ്ടും ഉണ്ടാകില്ല.

സ്വര്‍ണ്ണകള്ളക്കടത്ത് എന്നാല്‍ കോഴിക്കടത്ത് പോലെ സിമ്പിളായ പരിപാടിയാണ് എന്ന് പറഞ്ഞു ന്യായീകരിച്ച് ഉദരംഭനം (അങ്ങനെ അല്ലെ?) നടത്തുന്ന സായാഹ്ന വിനോദികളായ ബുദ്ധിജീവി നിരീക്ഷകന്മാര്‍ ഉള്ളനാട്ടില്‍ അടുത്ത മുദ്ര ലോണ്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് "ഗോള്‍ഡ്‌ സ്മഗ്ഗ്ലിംഗ്" ആയാല്‍ ബാങ്ക് മാനേജര്‍മാര്‍ നിരാകരിക്കരുതെ, ഒളിക്യാമറ നിങ്ങളെ പകര്‍ത്തുന്നുണ്ടാകും!

വിദേശത്ത് നിന്ന് ഹാവാല പണം ഒഴുക്കി ഈ ഭാരത മഹാ രാജ്യത്ത് വെറുപ്പിന്റെയും അക്രമത്തിന്റെയും മതങ്ങള്‍ (അഭിപ്രായങ്ങള്‍) പ്രചരിപ്പിക്കാന്‍ നടക്കുന്നവരില്‍ ഭൂരിഭാഗവും നമ്മുടെ ഈ കൊച്ചു കേരളത്തിലാണ് എന്ന് ഉറക്കെ പറഞ്ഞാല്‍ സൂക്ഷിക്കണേ, നിങ്ങള്‍ വികാരം വ്രണപ്പെടുത്തുന്ന ഇന്‍ഫെക്ഷന്‍ ആയി തരം തിരിക്കപ്പെട്ടെക്കാം.

കയ്യും, കാലും, തലയും വെട്ടുന്നത് സമാധാനത്തിന്റെയും അഹിംസയുടെയും പാതയാണ് എന്ന് കരുതി വരമ്പത്ത് കൂലി കൊടുക്കുന്നവരെ തിരുത്താൻ നിൽക്കരുതേ, അടുത്ത ശമ്പള നാൾ അവർ നൽകുന്നത് നിങ്ങളുടെ തലയാകും!

അതുകൊണ്ട്അ ടുത്ത കേരളപ്പിറവി ദിനത്തിൽ നിങ്ങൾ നിങ്ങളായി തന്നെ ഇരിക്കാൻ നാട് ഭരിക്കുന്ന രാജാവിന്റെ 'വിജയ'സ്തുതികൾ പാടി കണ്ണടച്ച് ചെവി പൊത്തി ഇരിക്കുക; അവരുടെ അരിവാളിന്റെയും ചുറ്റികളുടേം തുമ്പത്ത് അവസാനിക്കുന്നതാണ് നിങ്ങളുടെ സ്വാതന്ത്ര്യം!