July 04, 2021

ഫൗണ്ടൈൻഹെഡ്

ആൻ റാൻഡിന്റെ "അറ്റ്‌ലസ് ഷ്രഗ്ഗ്ഡ്" വായിച്ചത് തീവണ്ടി യാത്രകൾക്കിടയിലായിരുന്നെങ്കിൽ ഫൗണ്ടൈൻഹെഡ് വായിക്കുന്നത് രണ്ടാം ലോക്ഡൌൺ കാലത്തായിരുന്നു. വർഷങ്ങളായി തുറക്കാതെ വെച്ചിരുന്ന പുസ്തകം ഷെൽഫിൽ നിന്നുമെടുക്കുന്നതിനു അതിലും നല്ല സമയം ഇല്ലല്ലോ. അറ്റ്‌ലസ് എന്നെ ഒരു റാൻഡ് ആരാധകനാക്കി എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒട്ടും തന്നെ ഇല്ല എന്ന് ആദ്യമേ പറയട്ടെ. 


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ന്യൂയോർക്കിലാണ് കഥ നടക്കുന്നത്. റാൻഡിനെ സംബന്ധിച്ച് കഥ തന്റെ ചിന്തകൾ അവതരിപ്പിക്കാനുള്ള ഒരു വേദി മാത്രമാണ്. കഥാപാത്രങ്ങളെക്കാളോ, കഥാഗതിയെക്കാളോ നമ്മളോട് സംവദിക്കുന്നത് ഈ അന്തർലീനമായ തത്വശാസ്ത്രമാണ്. സൂക്ഷ്മമായ വായനയും, വായിക്കുന്നത് മനസ്സിലിട്ടു മനനം ചെയ്താലും മാത്രമേ വിവാദപരമായ ഈ വിചാരരീതി നമുക്ക് മുന്നിൽ വ്യക്തമാകൂ. അതുകൊണ്ട് തന്നെ ഒട്ടും ലളിതമായ ഒരു വായന അല്ല ഫൗണ്ടൈൻഹെഡ്.

ഒരു വ്യക്തിയുടെ തന്റെ കഴിവുകളോടും, അറിവിനോടും, മനസ്സിനോടും മാത്രമുള്ള വിധേയത്വവും  അതിലൂടെ പ്രകടമാകുന്ന സ്വാർത്ഥമായ ആർജ്ജവവുമാണ് യഥാർത്ഥമായ നിസ്വാർത്ഥതയത്രെ! മറ്റുള്ളവർക്ക് വേണ്ടിയല്ലാതെ സ്വന്തം തീരുമാനങ്ങൾക്കും, ചിന്തകൾക്കും വേണ്ടി ജീവിക്കാനും, അവക്ക് വേണ്ടി പോരാടാനും റാൻഡ് പറയുന്നു. റാൻഡ് മുന്നോട്ടു വെക്കുന്ന സ്വാർത്ഥത കുലീനമായ സർഗ്ഗശക്തിയെ അടിസ്ഥാനപെടുത്തിയാണ്. സർഗ്ഗശക്തിയുള്ള മനസ്സുകളെ ചവിട്ടിയരക്കുന്ന, എന്നും മറ്റുള്ളവരുടെ കഴിവിൻറെ ശക്തിയിൽ പരാന്നഭോജിയായി ജീവിക്കുന്ന രണ്ടാം നിര മനുഷ്യർ ധാരാളമുള്ള കാലത്ത് സ്വന്തം ചിന്തകളിലും കഴിവിലും മാത്രം വിശ്വസിച്ച് ജീവിക്കുന്നവരാണ് നിസ്വാർത്ഥർ!

റാൻഡിന്റെ ഭാഷ തന്റെ തത്വശാസ്ത്രം അവതരിപ്പിക്കാനുള്ളതാണ് എന്നതകൊണ്ട് അത്ര കാവ്യാത്മകമല്ല. എന്നാൽ പല സ്ഥലങ്ങളിലും  വാക്കുകൾ കൊണ്ട് സന്ദർഭങ്ങളെയും, കഥാപാത്രങ്ങളുടെ ചിന്തകളെയും വ്യക്തമായി അവതരിപ്പിക്കാൻ എഴുത്തുകാരിക്ക് സാധിക്കുന്നുണ്ട്. സമയം കളയാനായി വായിക്കേണ്ട  ഒരു പുസ്തകമല്ല ഫൗണ്ടൈൻഹെഡ്. അതിന്റെ ശരീരവും, ആത്മാവും വായനക്കാരന്റെ മനസ്സിന്റെ നൂറു ശതമാനവും ആവശ്യപ്പെടും. സ്വത്വം ഉപേക്ഷിച്ചു രണ്ടാം നിരക്കാരെ ഊട്ടാൻ ആവശ്യപ്പെടുന്ന കാലത്ത് ഒരുപക്ഷെ ഇങ്ങനെ ഒരു ചിന്താരീതി ഒരു ന്യൂനപക്ഷത്തിനു എങ്കിലും മുന്നോട്ടു പോകാൻ സഹായകരമാകും എന്നതിൽ സംശയമില്ല.