July 31, 2009

ഇപ്പോഴത്തെ പിള്ളേരുടെ ഒരോ കാര്യങളെ!

യാത്രകളിലായിരുന്നു ഞാന്‍ ..
അങനെ ഒരു യാത്രക്കിടയില്‍ ബോംബെ നഗരത്തിലുമെത്തി.
വൈകുന്നേരം വീട്ടിലേക്ക് വിളിച്ചപ്പോള്‍,
അനിയനോട് ബോംബെയില്‍ നിന്നെന്തുകൊണ്ടുവരണമെന്നു ചോദിച്ചു.
തമാശക്ക് ചോദിച്ചത് അവന്‍ സീരിയസാക്കി എടുത്തു,
അവന്റെ ഉത്തരം എന്നെ ഞെട്ടിക്കുകയും ചെയ്തു.
അവന്‌ ഒരു 'ജിഹാദി'യെ വേണമത്രെ!!

ഇപ്പോഴത്തെ പിള്ളേരുടെ ഒരോ കാര്യങളെ!!

നോട്ട്: ഇതിനെ ഒക്കെ കവിത എന്നു വിളിച്ചാല്‍ കുമരാനാശാനും, ഉള്ളൂരുമൊന്നും പൊറുക്കില്ല. എന്നാലും എന്റെ ബ്ലോഗല്ലെ, എനിക്കിഷ്ടമുള്ളതെ ചെയ്യാമല്ലൊ!!

July 30, 2009

മദാലസ

ഇതു കുറച്ചു കാലം മുമ്പ്‌ നടന്ന കഥയാണ്‌. ഞാന്‍ CA ആര്‍ട്ടിക്കിള്‍ഷിപ്പ്‌,പച്ച മലയാളത്തില്‍ പറഞ്ഞാല്‍ 'അടിമപ്പണി', ചെയ്തിരുന്ന കാലത്തെ ഒരു സംഭവം.

അന്നു ഞാന്‍ ഉച്ചക്ക്‌ കഴിക്കാന്‍ ചോറെടുത്തിരുന്നില്ല. അതുകൊണ്ട്‌ ഉച്ചക്കുഭക്ഷണം ഹോട്ടലില്‍ നിന്നാക്കാം എന്നു തിരുമാനിച്ചു (അല്ല്ലാതെ വേറെ വഴി ഇല്ലല്ലൊ). സ്ഥിരമായി ഹോട്ടലില്‍ നിന്നു ഫുഡടിക്കുന്ന 2 കൂട്ടുകാരോടൊപ്പം ഞാനും ഉച്ചക്ക്‌ ഇരതേടി ഇറങ്ങി. ആയിടക്കു തുടങ്ങിയ ഒരു ഹോട്ടലായിരുന്നു അന്നത്തെ ലക്ഷ്യം.

ഹോട്ടലില്‍ എത്തി. മെനു കിട്ടി.

ഞാന്‍ ജന്മനാ ഒരു സസ്യഭോജിയായതുകൊണ്ട്‌ എന്റെ നോട്ടം 'വെജ്‌ മീല്‍സി'ല്‍ അവസാനിച്ചു. എന്നാല്‍ മിശ്രഭുക്കുകളായ കൂട്ടുകാര്‍ അവരുടെ പഠനം തുടര്‍ന്നു. ഞണ്ട്‌ കറിയിലാണ്‌ അവരുടെ പഠനം അവസാനിച്ചത്‌. സ്പെഷല്‍ ആയി ഞണ്ട്‌ കറി ഓര്‍ഡര്‍ ചെയ്തു. ഇനി വരുന്ന ഞണ്ട്‌ എന്നെ കടിച്ചാലോ എന്ന ഭയം കൊണ്ട്‌ ഫുഡടിയുടെ സ്പീഡ്‌ ഞാന്‍ ഒന്നു കൂട്ടി. ആഫ്റ്റര്‍ ആള്‍, പ്രിവന്‍ഷന്‍ ഇസ്‌ ബെറ്റര്‍ താന്‍ ക്യുര്‍ എന്നാണല്ലൊ പണ്ട്‌ ആറാം ക്ലാസില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്ന ആനി ടീച്ചര്‍ പറഞ്ഞിരിക്കുന്നത്‌.

അധികം വൈകാതെ ആവിപറക്കുന്ന ഞണ്ട്‌ കറി എത്തി, യുദ്ധം തുടങ്ങി.

എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ലവ കുശന്മാരില്‍ ഒരാള്‍ക്ക്‌ ആകെ ഒരു വൈക്ലബ്യം. ഇഷ്ടന്‍ കുറച്ചു നേരം ആ ഞണ്ട്‌ കറിയെ കാക്ക തേങ്ങാപ്പൂളിനെ നോക്കുന്ന പോലെ നിരീക്ഷിച്ചു. പിന്നെ സഹ-ആക്രമകാരിയുമായി കുറച്ചു നേരം വട്ടമേശ സമ്മേളനം. ഇതെല്ലാം കണ്ട്‌ പൊട്ടന്‍ ആട്ടം കാണുന്നപോലെ ആപ്പുറത്ത്‌ ഞാന്‍.

ഡിസ്കഷനവസാനം വേയ്റ്ററെ വിളിക്കാനും, ഞണ്ട്‌ കറി ശരിയല്ല എന്നു ധരിപ്പിക്കാനുമുള്ള പ്രമേയം പാസ്സാക്കി.

വേയ്റ്ററെ വിളിച്ചു. അദ്യം വന്നു
കാക്കയാണ്‌ ആദ്യം സംസാരിച്ചത്‌.
"ചേട്ടാ, ഈ ഞണ്ട്‌ കറി ശരിയല്ല"
"എന്താണ്‌ കുഴപ്പം?"
"ഈ ഞണ്ടിന്‌ ആകെ ഒരു മദാലസ ലുക്ക്‌"
പിന്നെ അവിടെ എന്താണുണ്ടായത്‌ എന്നത്‌ നിങ്ങള്‍ ഊഹിച്ചെടുത്തുകൊള്ളൂ.

2 വര്‍ഷത്തിനു ശേഷം:
ഞാന്‍ CA പാസായി, ജോലി കിട്ടി, ഇപ്പോഴും സസ്യഭോജിയായി തുടരുന്നു.
മദാലസയുടെ ആര്‍ട്ടിക്കിള്‍ഷിപ്പ്‌ കഴിഞ്ഞിട്ടില്ല. അവന്‍ ഇപ്പോഴും മിശ്ര ഭോജിയാണ്‌. പക്ഷെ ഞണ്ടിനോട്‌ എന്തൊ അലര്‍ജിയാണ്‌.

July 28, 2009

ട്രെയിന്‍ നം 1028ല്‍ നിന്നും, സ്വ:ലേ

ഞാന്‍ യാത്രയിലാണ്‌...ചെന്നൈയില്‍ നിന്ന് മുംബായിലേക്ക്‌

യാത്ര എന്നു പറഞ്ഞാല്‍ ഇപ്പോഴും തുടരുന്ന യാത്ര, ഇതു പോസ്റ്റുന്ന സമയത്ത്‌ ട്രെയിന്‍ ഗുല്‍ബര്‍ഗ സ്റ്റേഷന്‍ വിട്ടിട്ടേ ഉള്ളൂ.. ഇനിയും ഏകദേശം 11 മണിക്കൂര്‍ കൂടി എടുക്കും മുംബായിലേക്ക്‌.

ജോലിയില്‍ ഇപ്പോഴും പ്രോബേഷന്‍ ആയതുകൊണ്ട്‌ ഇതുവരെ ചിറക്‌ മുളച്ചിട്ടില്ല, തല്‍ക്കാലം പാളത്തിലൂടെ ഓടാനുള്ള ലൈസന്‍സേ ആയിട്ടുള്ളൂ.. അതുകോണ്ടാണ്‌ ഇങ്ങനെ ഒരു ട്രെയിന്‍ യാത്ര

തരിശു നിലങ്ങളും, കുറ്റിക്കാടുകളും,
ആകാശത്തിനു താങ്ങായി നില്‍ക്കുന്ന പുകക്കുഴലുകളും,
കലക്ക വെള്ളം കുത്തിയൊലിച്ചൊഴുകുന്ന കൃഷ്ണാ നദിയും,
ഒറ്റപ്പെട്ട റെയില്‍വെ സ്റ്റേഷനുകളും,
വല്ലപ്പോഴും കാണുന്ന പച്ചപ്പും, അതു പൊന്നാക്കാന്‍ വിയര്‍ക്കുന്ന കര്‍ഷകരും,
ട്രെയിനിനൊപ്പം ഓടുന്ന യൂണിഫോം പിള്ളേരും,
അപൂര്‍വമായി പെയ്യുന്ന മഴയും,

കണ്ട്‌,

5 രൂപ കൊടുത്താല്‍ അളന്നു കിട്ടുന്ന ഒരു ഗ്ലാസ്‌ കാപ്പിയും കുടിച്ച്‌,

ഒരു യാത്ര..

സമയം പോയതറിഞ്ഞില്ല, ട്രെയില്‍ മഹാരാഷ്ട്രയിലേക്കു കടന്നെന്നു തോന്നുന്നു.ട്രെയിനിനു ദുധനി സ്റ്റേഷനോട്‌ വിടപറയാന്‍ സമയമായി, എനിക്കു നിങ്ങളോടും..

ട്രെയിന്‍ നം 1028ല്‍ നിന്നും, സ്വ:ലേ

July 27, 2009

ഫയര്‍ ഫോക്സ്‌ മലയാളത്തില്‍!!

പ്രശസ്തമായ മോസില്ല ഫയര്‍ ഫോക്സ്‌ ഇന്റര്‍നെറ്റ്‌ ബ്രസര്‍ ഇപ്പോള്‍ മലയാളത്തിലും!! വിന്‍ഡോസ്‌ വേര്‍ഷന്‍ ഇവിടെ നിന്നും ലിനക്സ്‌ വേര്‍ഷന്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. 
PS: പ്രസ്തുത റിലീസ്‌ ഇപ്പോഴും പരീക്ഷണാടൊസ്ഥാനത്തിലാണ്‌. 
സ്ക്രീന്‍ ഷോട്ടുകള്‍ താഴെ കൊടുത്തിരിക്കുന്നു:
    

 

July 26, 2009

സ്വ:ലേ ഇന്‍ സിനിമ

ഓ.. ഈ സിനിമാക്കാരെ കൊണ്ട്‌ തോറ്റു.. ഞാന്‍ എന്തു ചെയ്യുവാ എന്നു നോക്കി നടക്കുവാ അവന്മാരു സിനിമയാക്കാന്‍ ..

മലയാളം അക്ഷരമാല വരെ മറന്നു തുടങ്ങിയ സമയത്ത്‌ ഒരു രസത്തിന്‌ തുടങ്ങിയതാണീ ബ്ലോഗ്‌, അല്ലാതെ ചില ദോഷൈകദൃക്കുകള്‍ പറയുന്ന പോലെ 'കൊടകര പുരാണം', 'മൊത്തം ചില്ലറ' തുടങ്ങി അക്കാലത്തു കത്തി നിന്നിരുന്ന ബ്ലോഗുകളെ വെല്ലുവിളിക്കാമെന്ന വ്യാമോഹമൊന്നുമായല്ല ഞാന്‍ ഈ രംഗത്തേക്ക്‌ കടന്നു വന്നത്‌. സ്കൂളില്‍ മലയാളം B പേപ്പറിലെ ഉപന്യാസ രചനയൊക്കെ എനിക്ക്‌ എന്നും കീറാമുട്ടികളായിരുന്നു. അങ്ങനെയുള്ള ഞാന്‍, ഒരു വിധത്തില്‍ തട്ടി മുട്ടി 'സ്വ:ലേ'യെ (കുറേ ദിവസങ്ങള്‍ ഊണും ഉറക്കവും ഉപേക്ഷിച്ച്‌ അലോചിച്ച്‌ ഇട്ട പേരാണ്‌ 'സ്വ:ലേ'. എനിക്കു മുന്‍പ്‌ പത്രക്കാര്‍ ഈ പദം ഉപയോഗിച്ചതുകൊണ്ട്‌, കോപ്പിലെ റൈറ്റ്‌ എനിക്കില്ലാതെ പോയി എന്നു മാത്രം)കൊണ്ട്‌ നടക്കുമ്പോഴാണ്‌ സിനിമാക്കാര്‍ ഈ കടുംകൈ (?) എന്നോട്‌ ചെയ്തത്‌...

അവര്‍ സ്വ ലേ എന്ന പേരില്‍ ഒരു സിനിമാ എടുക്കുന്നു!! ദിലീപാണത്രെ നായകന്‍! എന്റെ ലോകനാര്‍ കാവിലെ ഗണപതി ഭഗവതി ഭഗവാനെ, ഈ ബ്ലോഗിന്റെ മാനം കപ്പലു കയറാതെ കാത്തുകൊള്ളേണമെ! സിനിമ മെഗാ ഹിറ്റ്‌ ആയി എന്റെ ബ്ലോഗിലേക്കുള്ള ട്രാഫിക്‌ ഇരട്ടിയാകണെ!!

മുന്നറിയിപ്പ്‌: മേല്‍പ്പറഞ്ഞ സിനിമയുമായി സ്വ:ലേക്കു യാതൊരുവിധ ബന്ധങ്ങളുമില്ല എന്നു അറിയിച്ചുകൊള്ളുന്നു. എനി അധവാ എന്തെങ്കിലും ബന്ധം നിങ്ങള്‍ക്ക്‌ തോന്നിയാല്‍ അതു തീര്‍ത്തും എന്റെ തലവര!

July 17, 2009

ചാറ്റല്‍ മഴ (കവിത?)

മഴയാണൊ? അതെ.
എന്നാല്‍ പേമാരിയല്ല, ചാറ്റല്‍ മാത്രം
എങ്കിലും ആകെ ഒരു കുളിര്‍മയുണ്ട്‌
അമ്മ പറഞ്ഞു: 'ഡാ, ചാറ്റല്‍ മഴ കൊള്ളണ്ട, ജലദോഷം വരും'
പക്ഷെ ഞാന്‍ വകവെച്ചില്ല..
എന്നാല്‍.. സുഖം പിടിച്ചു വരുമ്പോഴേക്കും അതു നിന്നു.
ചാറ്റല്‍ ഇടക്കു നിര്‍ത്തി അവള്‍ ലോഗ്‌-ഔട്ട്‌ ചെയ്തു പൊയ്ക്കളഞ്ഞു!!
പിറ്റേ ദിവസം പത്രത്തില്‍ വായിച്ചു ബങ്കാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദം ശക്തി കുറഞ്ഞ്‌, വടക്കോട്ട്‌ നീങ്ങുന്നുവെന്ന്..

കഷ്ണണം: ഒരു പണിയുമില്ലാതെ, ഒരു ചാനലില്‍ ഫ്രെഞ്ച്‌ സിനിമ കണ്ടുകൊണ്ടിരിക്കേ,വാടിക്കരിഞ്ഞു കിടന്നിരുന്ന ബ്ലോഗിനു യൂറിയാ ഇടാന്‍ തിരുമാനിച്ചതിന്റെ അനന്തര ഫലം. വെള്ളമൊഴിക്കാന്‍ വെള്ളമില്ലായിരുന്നു. മാന്യ വായനക്കാര്‍ ക്ഷമിക്കുക