January 31, 2013
മിമിക്രി
January 30, 2013
നാഷനലിസ്റ്റ്
മഹാരാഷ്ട്രയില്‍ ഒരു എന്‍.സി.പി നേതാവ് ഒന്നേകാല്‍ കോടി രൂപ ചിലവാക്കി മൂന്നര കിലോ സ്വര്‍ണ്ണം കൊണ്ട് കുപ്പായം തുന്നിയിരിക്കുന്നു. പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളില്‍ വര്‍ണ്ണ ചിത്രം സഹിതം വാര്‍ത്ത വരുമ്പോള്‍ കിട്ടുന്ന പബ്ലിസിറ്റി മുന്നില്‍കണ്ടുകൊണ്ടാണ് നേതാവ് ഈ സാഹസത്തിനു മുതിര്‍ന്നത്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാന്‍ ഇത് സഹായിക്കും എന്ന് നേതാവ് കണക്ക് കൂട്ടുന്നു. പട്ടിണിപ്പാവങ്ങളെയും, മാനം മറക്കാന്‍ ഒരു കീറത്തുണി പോലും സ്വന്തമായി ഇല്ലാത്തവരെയും ലോകസഭയില്‍ പ്രതിനിധീകരിക്കാന്‍ നേതാവിന് സ്വര്‍ണ്ണക്കുപ്പായം! അധികാരം കിട്ടുന്നതിനു വേണ്ടി എന്തും ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ട ഇമ്മാതിരി നേതാക്കള്‍ ഏതു വകയില്‍ ആണ് 'നാഷനലിസ്റ്റ്' ആകുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
നഗ്നത മറക്കാന്‍ കഷ്ടപ്പെട്ട യുവതിക്ക് സ്വന്തം വസ്ത്രം കൊടുത്ത മഹാത്മാവിന്റെ ചിത്രം വെച്ചു പൂജിക്കുന്ന പാര്‍ട്ടിക്കാര്‍ ഇതുപോലുള്ള പേക്കൂത്തുകള്‍ നടത്തുന്നത് കാണുമ്പോള്‍ ആ മഹാത്മാവ് പോലും അഹിംസ വെടിഞ്ഞു ആയുധം എടുത്താല്‍ അട്ഭുതപ്പെടാനില്ല. ആ മഹാത്മാവിന്റെ ചരമ ദിനത്തില്‍ തന്നെ ഇങ്ങനെ ഒരു വാര്‍ത്ത പത്രത്തില്‍ വന്നത് വിധി വൈപരീത്യം എന്നല്ലാതെ എന്ത് പറയാന്‍.
January 28, 2013
മാതൃസ്നേഹം
കോഴിക്കോട് സിനിമ കാണാന്‍ വന്ന കുടുംബം പ്രായമായ അമ്മയെ കാറില്‍ പൂട്ടിയിട്ടു. രണ്ടരമണിക്കൂറോളം പൊള്ളുന്ന ചൂടില്‍ ഒരിറ്റു വെള്ളം പോലും കിട്ടാതെ, പ്രാണ വായു ലഭിക്കാതെ ആ അമ്മ കാറില്‍ കിടന്നു. പ്രായമായ അമ്മയെ ഒറ്റയ്ക്ക് വീട്ടില്‍ ഇരുത്താന്‍ പറ്റാത്തത് കൊണ്ടാണ് ഒപ്പം കൊണ്ടുവന്നു കാറില്‍ പൂട്ടിയിട്ടതത്രേ. ശ്വാസം മുട്ടി ചാകാതിരിക്കാന്‍ ജനല്‍ ചില്ല് ലേശം താഴ്ത്തി വെച്ചിരുന്നു. (അധികം താഴ്ത്തിയാല്‍ കള്ളന്മാര്‍ കാറ് മോഷ്ടിച്ചാലോ?)
ടി.വിയിലെ അസംഖ്യം 'കുടുംബ' സീരിയലുകളിലെ ഒരു ദൃശ്യമല്ല ഇത്. ഇന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ആണ്. ഇഷ്ടം പോലെ കറങ്ങി നടക്കാന്‍ പ്രായമായ അമ്മ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒക്കെ ഒരു 'തടസ്സം' തന്നെ, സംശയമില്ല. സ്വന്തം മകളെ ബലാല്‍സംഗം ചെയ്യുന്ന അച്ഛനും, മകളെ മറ്റുള്ളവര്‍ ബലാല്‍സംഗം ചെയ്യുന്നത് കണ്ടു സന്തോഷിക്കുന്ന അമ്മയും ഉള്ള ഈ നാട്ടില്‍ അമ്മയെ പൊള്ളുന്ന കാറില്‍ മണിക്കൂറുകളോളം പൂട്ടി ഇടുന്നത് ഒരു ഫാഷന്‍ ആയി തീരാന്‍ സാധ്യതയുണ്ട്. കലികാലത്തില്‍ ധര്‍മ്മം നശിക്കും എന്ന് പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്നത് സത്യമായിക്കൊണ്ടിരിക്കുന്നു.
വരേണ്യ സമൂഹത്തില്‍ 'സ്റ്റാറ്റസ്' ഉണ്ടാക്കാന്‍ കിറ്റി പാര്‍ട്ടികളിലും, പഞ്ച നക്ഷത്ര ഹോട്ടലുകളിലെ വിരുന്നുകളിലും പങ്കെടുക്കാന്‍ അഹോരാത്രം ഓടി നടക്കുന്ന മക്കള്‍ക്കും, കെ.എഫ്.സിയിലും പബ്ബുകളിലും യുവത്വം ആഘോഷിക്കുന്ന പേരക്കുട്ടികള്‍ക്കും പ്രായമായ അമ്മയും അച്ഛനും ഒക്കെ "മിണ്ടാപ്രാണികള്‍" ആകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം.ഇവരുടെ ഒക്കെ വീട്ടിലെ പട്ടികള്‍ക്ക് ഇതിലും കൂടുതല്‍ സൌകര്യങ്ങള്‍ ഉണ്ടാകും എന്നതാണ് ഇതിലെ വൈരുധ്യം. എന്തിനും ഏതിനും സ്വാതന്ത്ര്യം വേണം എന്ന് മുറവിളി കൂട്ടുന്ന യുവത്വം സ്വന്തം മാതാപിതാക്കളുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയിരുന്നെങ്കില്‍ ഇതൊന്നും ഒരിക്കലും സംഭാവിക്കുകയില്ലായിരുന്നു. അവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്നാല്‍ കൂട്ടുകാരോടൊത്തുള്ള ഷോപ്പിംഗ് മാളുകളിലെ കറക്കവും, സംസ്കാരം എന്നത് നിശാ ക്ലബ്ബുകളിലെ ത്രസിപ്പിക്കുന്ന സംഗീതവും,മദ്യവുമാണ്.
അമ്മയെ കാറില്‍ പൂട്ടിയിട്ട ആ മകനോട്/മകളോട് ഒന്നുമാത്രമേ പറയാന്‍ ഉള്ളു: "ഇന്ന് ഞാന്‍, നാളെ നീ"
January 13, 2013
ഇങ്ങനെയും ഒരു സമരം !
ഇവിടെ നടന്നിട്ടുള്ള, ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ എല്ലാം അവകാശങ്ങള്‍ നേടി എടുക്കുന്നതിനു വേണ്ടി മാത്രം നടന്നവയാണ്. എന്നാല്‍ ഈ അക്രോശിക്കുന്നവരില്‍ എത്ര പേര്‍ അവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ട്? പരീക്ഷാകാലത്ത് സമരത്തിനിറങ്ങുന്ന അധ്യാപകര്‍ ഒന്നാലോചിക്കുക: പ്രത്യയ ശാസ്ത്രത്തിന്റെയും മുട്ട്ന്യായങ്ങളുടെയും പേര് പറഞ്ഞു നിങ്ങള്‍ ഇരുട്ടിലാക്കുന്നത് ഒരു തലമുറയെ ആണ്.
ഈ അവകാശങ്ങള്‍ നേടാന്‍ തിടുക്കം കാണിക്കുന്നവര്‍ ഒന്നാലോചിക്കുക: സ്വന്തം ചുമതലകള്‍ മറന്നാല്‍ അവ നിങ്ങളെ മനസ്സിലാക്കി തരാന്‍ ജനങ്ങളും സമരത്തിനറങ്ങും. അന്ന് ഈ വിപ്ലവം പറയുന്ന നേതാക്കളോ, വികസനം പറയുന്ന മന്ത്രിമാരോ അവരുടെ അടിമകളായ അണികളോ വിചാരിച്ചാല്‍ നിങ്ങള്‍ക്ക് രക്ഷ കിട്ടാന്‍ പോകുന്നില്ല. അതുകൊണ്ട് ആദ്യം ചുമതലകള്‍ കൃത്യമായി ചെയ്യു, എന്നിട്ട തല ഉയര്‍ത്തി പിടിച്ചു സമരം ചെയ്യു. അന്ന് നിങ്ങളുടെ ഒപ്പം ജനം ഉണ്ടാകും.
അതുവരെ നിങ്ങള്ക്ക് ലഭിക്കുക വെറും പുച്ഛം മാത്രമാകും!
ഫേസ്ബുക്കില്‍ കണ്ട ഒരു പടം.