June 15, 2018

മുഖ്യനൊരു സ്ഥലം മാറ്റം?


കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഇവിട ജനാധിപത്യം ആണെന്നും, അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ തിരുമാനിച്ചാല്‍ മാത്രമേ വീണ്ടും അധികാരത്തില്‍ വരൂ എന്നും മുഖ്യന്‍ മറന്നോ എന്നൊരു സംശയം. മുഖ്യന്റെ ചെയ്തികളില്‍ നിന്നും ചൈനയില്‍ പ്രസിഡന്റ്‌ ഷി ജിങ്ങിനെ ആജീവനാന്ത പ്രസിഡന്റ്‌ ആയി പാര്‍ട്ടി നിയമിച്ച പോലെ തന്നെയും ആജീവനാന്ത മുഖ്യന്‍ ആയി നിയമിച്ചുകഴിഞ്ഞു എന്നാണ് ടിയാന്‍ ധരിച്ചു വെച്ചിരിക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത്. വലതു സര്‍ക്കാരിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണം സഹിക്കാന്‍ വയ്യാതെയാണ് 'എല്ലാം ശരിയാക്കും' എന്ന വിശ്വാസത്തില്‍ ജനങ്ങള്‍ ഇടതു പക്ഷത്തെ ജയിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇടതു ഭരണത്തില്‍ ആനയെ മാത്രമല്ല, ആനപിണ്ടത്തെ കൂടി പേടിക്കണം എന്ന നിലയിലാണ് പോക്ക്. പാര്‍ട്ടിയും, പാര്‍ട്ടിയുടെ പോഷക-യുവജന സംഘങ്ങളും, നേതാക്കളും പഴയകാല ജന്മിമാരെ പോലെ പെരുമാറുമ്പോള്‍ ജനത്തെ രക്ഷിക്കേണ്ട ഭടന്മാര്‍ കിട്ടിയ താപ്പിനു അവര്‍ക്കാകുന്ന പോലെ ജനങ്ങളെ ദ്രോഹിക്കുകയും, ജന്മിമാര്‍ക്ക് മുമ്പില്‍ അടിയാന്മാരെ പോലെ നില്‍ക്കുകയും ചെയ്യുന്നു. ഇതെല്ലാം നടക്കുമ്പോഴും രാജാവ് സ്വപ്നലോകത്ത് വീണ വായിച്ചു കൊണ്ടിരിക്കുകയാണ്.

ഇടതുപക്ഷം തൊഴിലാളി പ്രസ്ഥാനം ആണ് എന്നാണു സ്വയം വിശേഷിപ്പിക്കുന്നത് എങ്കിലും തൊഴി പാര്‍ട്ടി എന്നാണു ശരിക്കും വിളിക്കേണ്ടത് എന്നാണു എനിക്ക് തോന്നുന്നത്. പാര്‍ട്ടി നേതാക്കള്‍ ജനങ്ങള്‍ക്ക്‌ നേരെ കുതിര കയറുന്നു, യുവജന സംഘടനകള്‍ കൊട്ടേഷന്‍-ഗുണ്ടാ സംഘങ്ങളെ പോലെ പെരുമാറുന്നു, എതിര്‍ക്കുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അകത്തിടുന്നു എന്നിങ്ങനെയുള്ള ലീലാ വിലാസങ്ങള്‍ ചെയ്യുന്നവരെ അങ്ങനെ തന്നെ അല്ലെ വിളിക്കേണ്ടത്? എന്തിനേറെ, സ്ഥലം എമ്മെല്ലേയോട് പരാതി പറഞ്ഞാല്‍ പോലും പിടിച്ചു അകത്തിടും. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതിനും പിടിച്ചകത്തിടും. മറ്റു സ്ഥലങ്ങളിലെ പൗരാവകാശത്തെയും, അസഹിഷ്ണുതെയും, അക്രമത്തേയും ഒക്കെ കുറിച്ച് വാചാലരാകുന്ന ഇവര്‍ സ്വന്തം നാട്ടില്‍ പാര്‍ട്ടി ശിങ്കിടികള്‍ നടത്തുന്ന അക്രമത്തിനു നേരെ കണ്ണടക്കും. ഒരുപക്ഷെ ഭാവിയില്‍ ഭരണം പിടിക്കാന്‍ ഇത്തരം ഗുണ്ടകളുടെ സേവനം ആവശ്യമായി വരും എന്ന് നേതാക്കള്‍ക്ക് തോന്നുന്നുണ്ടാകും. ഈ പോസ്റ്റ്‌ എഴുതിയതിനു നാളെ എനിക്കെതിരെയും കേസ് വന്നാല്‍ അദ്ഭുതപ്പെടാനില്ല. ഇവര്‍ ആരെയാണ് ഇങ്ങനെ ഭയപ്പെടുന്നത്? ജനങ്ങളെ? അതൊ സ്വന്തം കഴിവ് കേടുകളെയോ? 

സംസ്ഥാനത്ത് ഇപ്പോള്‍ ദിനം പ്രതി പുറത്ത് വരുന്ന പോലീസ് കുറ്റകൃത്യങ്ങളെ കുറിച്ച് പോലീസ് മന്ത്രി കൂടിയായ മുഖ്യനോട് ചോദിച്ചാല്‍ കുറ്റക്കാരെ സസ്പെന്ഡ് ചെയ്തു അല്ലെങ്കില്‍ സ്ഥലം മാറ്റി എന്നിങ്ങനെയുള്ള മറുപടികളാണ് കിട്ടുന്നത്. പണി ചെയ്യാന്‍ അറിയാത്തവരെ സ്ഥലം മാറ്റാന്‍ പറ്റുമെങ്കില്‍ മുഖ്യന്‍ സ്വയം സ്ഥലം മാറി വേറെ വല്ല സ്ഥലത്തേക്കും (കര്‍ണാടകം മാത്രമേ ഇപ്പോള്‍ ഓപ്ഷന്‍ ഉള്ളു) പോകുന്നതാണ് നല്ലത്. പണി അറിയാവുന്നവര്‍ ഭരിക്കട്ടെ. 

June 05, 2018

ഇരുമ്പഴികള്‍


ബംഗാളി നോവലുകള്‍ക്ക് കുട്ടിക്കാലത്ത് വായിച്ചിരുന്ന റഷ്യന്‍ നാടോടികഥകളുടെതു പോലെ ഒരു കാല്‍പനിക സൌന്ദര്യമുണ്ട് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വായനക്കാരന്റെ മനസ്സിനെ ബന്ധനസ്ഥമാക്കുന്ന ഒരു ശക്തി. 'ഇരുമ്പഴികള്‍' ബ്രിട്ടീഷ് ഭരണകാലത്തെ ഒരു ജയിലറുടെ ഓര്‍മകുറിപ്പുകള്‍ ആണെങ്കിലും, കഥാപാത്രങ്ങള്‍ പലരും അക്രമികളും, കൊലപാതകികളും ആണെങ്കിലും അവയെല്ലാം ഈ ഒരു സൌന്ദര്യത്തില്‍ മുങ്ങി നില്‍ക്കുന്നത്കൊണ്ട് വായന അസ്വാദ്യകരമാകുന്നു. കഥാപാത്രങ്ങളെ ഈ ഒരു 'റൊമാന്റിക്' പരിവേഷത്തില്‍ അവതരിപ്പിക്കുന്നത് ഒരു പക്ഷെ ഗൃഹാതുരതയില്‍ മൂടപ്പെട്ടുനില്‍ക്കുന്ന ഗ്രന്ഥകാരന്റെ പിഴവാണ് എന്ന് തോന്നാം എങ്കിലും ഇത്തരം അവതരണം മികച്ചതായാണ് എനിക്ക് തോന്നിയത്. ഇരുമ്പഴികള്‍ക്ക് പിന്നില്‍ അകപ്പെട്ടവരെല്ലാം നിയമത്തിന്റെയും, സമൂഹത്തിന്റെയും മുമ്പില്‍ കുറ്റവാളികള്‍ ആണെങ്കിലും അവരുടെ കഥ അറിയാന്‍ ആഗ്രഹിക്കുന്ന കുതുകിയായ മനുഷ്യനെ നമുക്ക് ഗ്രന്ധകാരനില്‍ കാണാം. അവരുടെ കഥകള്‍ അയാളെ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. പുറം ലോകം ഈ സത്യം അറിയണം എന്ന ത്വര ഓരോ വാക്കുകളിലും തെളിഞ്ഞു നില്‍ക്കുന്നു. പുറം ലോകം ഭയത്തോടെ മാത്രം നോക്കുന്ന ഇവരും മനുഷ്യരാണ് എന്നും, ഓരോ ചെയ്തികള്‍ക്കും, അവ എത്ര ഭീകരമാനെങ്കിലും, അതിനു പിന്നില്‍ നിയതമായ കാരണങ്ങള്‍ ഉണ്ട് എന്നും ഗ്രന്ഥകാരന്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും മനുഷ്യ ഭാവനയുടെ പരിധികള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം ചില ജന്മങ്ങളെ കുറിച്ചും ഗ്രന്ഥകാരന്‍ പറയുന്നുണ്ട്. 

പുസ്തകത്തെ കുറിച്ച് ഒന്നും അറിയാതെയാണ് വായിക്കാന്‍ എടുത്ത്. 'ജരാസന്ധന്‍' എന്ന (തൂലികാ)നാമം പോലും ആദ്യമായാണ്‌ കേള്‍ക്കുന്നത്. എങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ ആ തിരഞ്ഞെടുപ്പ് നന്നായി എന്ന് തോന്നി. ഒരു ശതാബ്ദത്തിനപ്പുറം നടന്ന സംഭവങ്ങള്‍ ആണെങ്കിലും മനുഷ്യ മനസ്സ് പ്രവര്‍ത്തിക്കുന്ന രീതികള്‍ ഏറെക്കുറെ സമമാണല്ലോ.

നക്ഷത്രങ്ങള്‍: അഞ്ചില്‍ നാലര 

വാല്‍: ഈ പുസ്തകം ആരും എത്തിച്ചു തന്നതല്ല. കടയില്‍ പോയി വാങ്ങിയതാണ്; അച്ഛന്‍. ഇതിന്റെ ബംഗാളി ഒറിജിനല്‍ ആരെങ്കിലും എത്തിച്ചു തരുമോ? (ചുമ്മാ കിടക്കട്ടേന്ന്‌, ഒരു ജാടക്ക്)