നോട്ടു നിരോധനം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന ഈ അവസരത്തില്‍ നവമാധ്യമാങ്ങളിലും, പത്ര മാധ്യമങ്ങളിലും ഉയര്‍ന്നു കേള്‍ക്കുന്ന ചില അഭിപ്രായങ്ങള്‍ ഒന്ന് പരിശോധിക്കാം:
ദിവസവും നാലായിരം രൂപ മാറ്റാം എന്ന നിയമം പൊടുന്നനെ മാറ്റി ഒരാള്‍ക്ക് നാലായിരം മാത്രമേ ഡിസംബര്‍ മുപ്പത് വരെ മാറ്റാന്‍ സാധിക്കു എന്നാക്കി.
തെറ്റ്. ഒമ്പതാം തീയാതി റിസര്‍വ് ബാങ്കിന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ച എഫ്.എ.ക്യുവില്‍ 'ഒരാള്‍ക്ക് നാലായിരം' എന്ന് വ്യക്തമായി നല്‍കിയിരുന്നു. പത്രമാദ്ധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തത് പ്രതിദിനം നാലായിരം എന്നാണ്.
ജൂണ്‍-സെപ്തംബര്‍ മാസങ്ങളില്‍ ബാങ്ക് ഡിപ്പോസിട്ടില്‍ വന്ന വര്‍ദ്ധന നോട്ടു മാറ്റ നീക്കം ചോര്‍ന്നതിന്റെ ഫലമാണ്.
തെറ്റ്. കേജ്രിവാള്‍ പറഞ്ഞ പോലെ ജൂണ്‍-സെപ്തംബര്‍ മാസങ്ങളില്‍ ബാങ്ക് ഡിപ്പോസിട്ടില്‍ വളരെ വലിയ ഒരു കുതിച്ചു ചാട്ടം ഉണ്ടായിട്ടുണ്ട്. ഈ കാലയളവിലാണ് ആദായ നികുതി വകുപ്പിന്റെ വരുമാനം വെളിപ്പെടുത്താനുള്ള സ്കീം നടന്നിരുന്നത്. ഇതുപ്രകാരം ഏകദേശം അറുപതിനായിരം കോടി രൂപയാണ് പുറത്ത് വന്നത്.ഇനി അഥവാ കള്ളപ്പണം തന്നെയാനനെകില്‍ ബാങ്കില്‍ നിക്ഷേപിക്കുക വഴി അതും സിസ്റ്റത്തിന്റെ ഭാഗമാകുകയാണ്.കള്ളപ്പണം കയ്യില്‍ ഉള്ളവര്‍ അത് മറക്കാന്‍ സ്വമേധയാ ബാങ്കില്‍ നിക്ഷേപിക്കുകയില്ലലോ.
ബിജെപി ബംഗാള്‍ ഘടകം രണ്ടുകോടിയില്‍ താഴെ തുക എട്ടിന് തന്നെ ബാങ്കില്‍ നിക്ഷേപിച്ചു/പിന്‍വലിച്ചു
വീണ്ടും പറയട്ടെ, കള്ളപ്പണം വെളുപ്പിക്കണം എന്നുള്ളവര്‍ ഒരിക്കലും അത് ബാങ്കില്‍ ഇടില്ല. ഇനി വേറെ വല്ലവരുടെയും പണം നിക്ഷേപിച്ചു പിന്നീട് പുതിയ നോട്ടായി തിരിച്ചു നല്‍കാനാണ് എന്നാണെങ്കില്‍ കൂടി ഈ ട്രാന്‍സാക്ഷന്‍ സിസ്റ്റത്തില്‍ വന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ വ്യക്തമായ കാരണം ഇല്ലാതെയുള്ള നിക്ഷേപവും/പിന്‍വലിക്കലും ചോദ്യം ചെയ്തേക്കാം. (ബിജെപി എന്നല്ല ഇന്ത്യയില്‍ ഒരു പാര്‍ട്ടിയും വ്യക്തമായ കണക്കുകള്‍ വെക്കുന്നില്ല എന്നത് ഈ അവസരത്തില്‍ ഓര്‍മപ്പെടുത്തുന്നു)
കാശില്ലാതെ കിടന്ന ജന്‍-ധന്‍ യോജന അക്കൌണ്ടുകളും മറ്റു അക്കൌണ്ടുകളും കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു.
സത്യം. ആരാണിതിനു കൂട്ട് നില്‍ക്കുന്നത്? ആരാണ് ഇത് ചെയ്യുന്നത്? നമ്മുടെ അക്കൌണ്ടിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ നമ്മള്‍ സമ്മതിക്കുന്നത് എന്തിനു? ഡിസംബര്‍ മുപ്പതു വരെയുള്ള നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പ് നിരീക്ഷിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. അടുത്ത ആറു-പന്ത്രണ്ട് മാസങ്ങളില്‍ ആദായ നികുതി വകുപ്പ് എങ്ങനെയാണ് ഇവര്‍ക്കെതിരെ നോട്ടീസ് അയക്കുന്നത് എന്ന് കാത്തിരുന്നു കാണാം!
ഇന്ത്യക്ക് പുറത്തേക്ക് അയക്കാന്‍ സാധിക്കുന്ന തുകയില്‍ ആര്‍.ബി.ഐ വന്‍ വര്‍ദ്ധന അനുവദിച്ചു.
തെറ്റ്. ഇന്ത്യന്‍ റസിഡന്റായ ഒരു വ്യക്തിക്ക് അനുവദിച്ചിട്ടുള്ള കാര്യങ്ങള്‍ക്കായി 2.50 ലക്ഷം അമേരിക്കന്‍ ഡോളര്‍ വരെ പുറത്തേക്ക് അയക്കാം. ഈ തുകയില്‍ അവസാനമായി വിത്യാസം വന്നത് 2015 മേയ് 26നാണ്. കൂടാതെ ഈ സ്കീം കമ്പനികള്‍ക്കോ/പാര്‍ട്ട്ണര്‍ഷിപ് സ്ഥാപനങ്ങള്‍ക്കോ/മറ്റു സ്ഥാപനങ്ങള്‍ക്കോ ലഭ്യമല്ല. (RBI/FED/2015-16/3 FED Master Direction No. 7/2015-16 dt January 1, 2016). ഹവാല ഇടപാടില്‍ കൂടെ അല്ലാതെ ഔദ്യോഗിക ചാനലുകളില്‍ കൂടി പണം വിദേശത്ത് എത്തിക്കണം എങ്കില്‍ ബാങ്കുകളെ ആശ്രയിക്കെണ്ടതുണ്ട്. വലിയ തുകകള്‍ ഇപ്രകാരം മാറ്റണം എങ്കില്‍ സി.എ തരുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കൂടാതെ ഇത്തരം ട്രാന്‍സാക്ഷനുകള്‍ ആദായ നികുതി വകുപ്പും ആര്‍.ബി.ഐയും നിരീക്ഷിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ കള്ളപ്പണം വെളുപ്പിക്കാന്‍ ആരും ഈ മാര്‍ഗം തിരഞ്ഞെടുക്കില്ല.
കോ-ഓപ്പറേറ്റിവ് ബാങ്കുകളില്‍ കള്ളപ്പണം ഉണ്ട് എന്ന് പറയുന്നത് ഈ മേഘലയെ തകര്‍ക്കാനാണ്.
തെറ്റ്.ഇത്തരം ബാങ്കുകളില്‍ കള്ളപ്പണം ഇല്ല എന്ന് വിശ്വസിക്കുന്നവര്‍ ദയവു ചെയ്ത് പരിചയമുള്ള ഒരു ചാര്‍ട്ടേഡ് അക്കൌണ്ടന്റിനോട് ചോദിക്കാന്‍ അപേക്ഷ. കോട്ടയത്തുള്ള ഒരു കോ-ഓപ് ബാങ്കില്‍ നിക്ഷേപകരുടെ വിവരം ശേഖരിക്കാന്‍ വന്ന ആദായ നികുതി ഉദ്യോഗസ്ഥരെ യൂണിയന്‍ തൊഴിലാളികളെ ഉപയോഗിച്ചു തടഞ്ഞ ഒരു വാര്‍ത്ത വന്നിട്ട് അധികം കാലമായിട്ടില്ല. നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിലെ നിയമം അനുസരിച്ചു പ്രവര്‍ത്തികേണ്ട ബാങ്കുകള്‍ തന്നെ നിക്ഷേപകരുടെ വിവരങ്ങള്‍ നല്‍കാതിരിക്കുമ്പോള്‍ വിദേശ ബാങ്കുകളില്‍ നിന്നും വിവരം ലഭിക്കാത്തതില്‍ അദ്ഭുതമുണ്ടോ?
മുപ്പതിനായിരം കോടി രൂപയുടെ ആയിരം രൂപ കറന്‍സി ആര്‍.ബി.ഐ തന്നെ തെറ്റി പ്രിന്റ് ചെയ്യുകയുണ്ടായി. ഇവ മാറ്റുന്നതിന് വേണ്ടിയാണ് ഈ പരിപാടി.
തെറ്റ്. മുപ്പതിനായിരം കോടി എന്ന സംഘ്യ സത്യമാണെങ്കില്‍ തന്നെ ഇന്ത്യയില്‍ മൊത്തം സര്‍ക്കുലേഷനില്‍ ഉള്ള പണത്തിന്‍റെ രണ്ടു ശതമാനത്തില്‍ താഴെയാണ് ഈ തുക. തെറ്റി പ്രിന്റ് ചെയ്ത നോട്ടുകളുടെ സീരീസ് ബാങ്കുകളെ അറിയിച്ചിരുന്നു. ഇവ ബാങ്കില്‍ വരുന്ന മുറക്ക് കീറിയ നോട്ടുകള്‍ മാറ്റുന്ന പോലെ ആര്‍.ബി.ഐയെ തിരിച്ചേല്‍പ്പിക്കാന്‍ ഒരു നിര്‍ദേശം നല്‍കാവുന്നതാണ്.
രണ്ടായിരം നോട്ടിലെ അക്ഷരതെറ്റ്.
ഇതിന്‍റെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നു. ദേവനാഗിരി ലിപിയില്‍ ഹിന്ദി/സംസ്കൃതം ഭാഷകള്‍ മാത്രമേ ആലേഖനം ചെയ്യു എന്ന തെറ്റിധാരണയും, സര്‍ക്കാരിനെ താറടിക്കാനുള്ള ധൃതിയും മാത്രമാണ് ഇത്തരമൊരു വാര്‍ത്തക്ക് കളമൊരുക്കിയത്.
കള്ളപ്പണക്കാരും, സിനിമാക്കാരും, വന്‍കിട മുതലാളിമാരും എവിടെയാണ് ക്യൂവില്‍ നില്‍ക്കുന്നത്? ക്യൂവില്‍ നില്‍ക്കുന്നത് സാധാരണക്കാര്‍ മാത്രമാണ്.
സത്യം. അത് തന്നെയാണ് ഈ നീക്കത്തിന്റെ ഉദ്ദേശവും. കള്ളപ്പണം കയ്യില്‍ ഉള്ളവര്‍ ഒരിക്കലും ബാങ്കില്‍ കൊണ്ട് നിക്ഷേപിക്കില്ലല്ലോ. അതുകൊണ്ട് തന്നെ അവര്‍ ക്യൂവില്‍ നില്‍ക്കാന്‍ വരുകയുമില്ല,
ജിയോ സിം എടുക്കുമ്പോള്‍ വാങ്ങിയ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അംബാനി കോടികള്‍ വെളുപ്പിക്കും
തെറ്റ്. തിരിച്ചറിയല്‍ രേഖയുടെ ഒപ്പം അയാളുടെ ഒപ്പോടുകൂടിയ അപേക്ഷ ഫോം കൂടി വെക്കണം. ഇത് വ്യാജ്യമായി ഇട്ടാല്‍ തന്നെ ആധാര്‍ കാര്‍ഡിന്റെ യഥാര്‍ത്ഥ ഉടമക്ക് പിന്നീട് പണം മാറ്റാന്‍ സാധിക്കാതെ വരും (കൊടുക്കുന്ന പ്രൂഫ് ബാങ്കുകാര്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തുന്നുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കിയത്). അതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് ആള്‍ക്കാരുടെ ആദര്‍ കാര്‍ഡ് ഇപ്രകാരം ഉപയോഗിക്കപ്പെട്ടാല്‍ അത് വാര്‍ത്ത ആകും എന്നതും പുറം ലോകം അറിയും എന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്.
ബാങ്കുകളിലെ തിരക്ക് കുറക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും?
1. കയ്യിലുള്ള പഴയ നോട്ടുകള്‍ മാറ്റാന്‍ അടുത്ത മാസം മുപ്പത് വരെ സമയമുണ്ട്. അതുകൊണ്ട് തന്നെ നോട്ടു മാറ്റാന്‍ ധൃതി വെക്കേണ്ട ആവശ്യമില്ല. നിക്ഷേപകരുടെ അളവ് കുറഞ്ഞാല്‍ ബാങ്ക് ജോലിക്കാര്‍ക്ക് അവരുടെ ജോലികള്‍ (പണം എടുക്കാന്‍ ചെസ്റ്റ്/വേറെ ബാങ്കില്‍ പോകുക, എ.ടി.എമ്മില്‍ പണം സമയാസമയം നിറക്കുക, ആവശ്യക്കാര്‍ക്ക് പുതു നോട്ടുകള്‍ നല്‍കുക) കുറച്ചുകൂടി നന്നായി ചെയ്യാന്‍ സാധിക്കും.
2. എ.ടി.മ്മില്‍ നിന്നും ഒരു കാര്‍ഡില്‍ ലഭിക്കുന പരമാവധി തുക ഒരു ദിവസം രണ്ടായിരം ആണെന്നിരിക്കെ ചിലര്‍ ഒരേ സമയം രണ്ടും മൂന്നും കാര്‍ഡ് ഇട്ടു പണം എടുക്കുന്നു. ഇത് ചെയ്യതിരികുക.വരിയില്‍ നില്‍ക്കുന്നവരും നിങ്ങളെ പോലെ പണത്തിനു അത്യാവശ്യം ഉള്ളവരാണ്. നിങ്ങള്‍ക്ക് രണ്ടായിരത്തില്‍ കൂടുതല്‍ പണം ആവശ്യമെങ്കില്‍ ബാങ്കില്‍ പോയി രണ്ടായിരത്തിന്റെ നോട്ടുകള്‍ (ചെക്ക് ഉപയോഗിച്ച്) വാങ്ങാമല്ലോ.
3. നെറ്റ് ബാങ്കിങ്ങും ഡെബിറ്റ് കാര്‍ഡും മറ്റും ഉള്ളവര്‍ സാധിക്കാവുന്ന പേമെന്റുകള്‍ ഓണ്‍ലൈന്‍ വഴി നടത്തുക. കാര്‍ഡ് സ്വീകരിക്കുന്ന കടകളില്‍ കാര്‍ഡ് ഉപയോഗിച്ച് സംഘ്യ നല്‍കുക. ചെക്ക് സ്വീകരിക്കുന്ന സ്ഥാപനങ്ങളില്‍ ചെക്ക് വഴി പേമെന്റ് നടത്തുക.
4. കയ്യില്‍ ചില്ലറ (നൂറിന്റെ നോട്ടുള്ളവര്‍) ഉള്ളവര്‍ ഒന്ന് സ്വയം ചിന്തിക്കുക. കയ്യിലുള്ള പണം കൊണ്ട് എത്ര ദിവസത്തെ ചിലവുകള്‍ നടത്താന്‍ സാധിക്കും? അടിയന്തര ആവശ്യങ്ങള്‍ ഇല്ലാത്തവര്‍ ഒന്ന് നിയന്ത്രണം പാലിച്ചാല്‍ ബാങ്കിലെ തിരക്കിനൊരു ശമനം വരും.
5. നോട്ടു മാറ്റുന്നതിനെ പറ്റി ആരെങ്കിലും സംശയം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കുക.വ്യക്തമായി അറിയില്ലെങ്കില്‍ അറിയില്ല എന്ന് തന്നെ പറയുക.
സര്‍ക്കാരിന്റെ വീഴ്ചകള്‍
സര്‍ക്കാരിന് ഈ തിരുമാനം നടപ്പിലാക്കുന്നതില്‍ പറ്റിയ ഏറ്റവും വലിയ വീഴ്ച ബാങ്കുകളില്‍ നൂറിന്റെ നോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്തിയില്ല എന്നതാണ്. ഈ മാസം രണ്ടിന് ആര്‍.ബി.ഐ എ.ടി.എമ്മുകളില്‍ നൂറിന്റെ നോട്ടുകള്‍ കൂടുതലായി വെക്കാന്‍ നിര്‍ദേശം നല്കിയിരുന്നു എങ്കിലും പ്രസ്തുത നിര്‍ദേശം നടപ്പിലാക്കാന്‍ രണ്ടാഴ്ച സമയം ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ കംപോളത്തില്‍ ഇപ്പോള്‍ നൂറിന്റെ നോട്ടുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഒപ്പം തന്നെ അഞ്ഞൂറിന്റെ പുതിയ നോട്ടിന്റെ ലഭ്യതയും സര്‍ക്കാര്‍ ഉറപ്പു വരുത്തണമായിരുന്നു.
ഞാന്‍ ഈ പറയുന്നതില്‍ പലതും ഒരു ഐഡിയല്‍ പരിഹാരം അല്ല എന്നെനിക്കറിയാം. എന്നാല്‍ ഇതുകൊണ്ട് കുറെ കള്ളപ്പണക്കാരുടെ ഉറക്കം നഷ്ടപ്പെട്ടത് നേരിട്ടറിയുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഇത്തരം ചില മിതത്വങ്ങള്‍ പാലിച്ചാല്‍ വല്യ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും. എരിതീയില്‍ എണ്ണകോരി ഒഴിക്കുന്ന മാധ്യമ വാര്‍ത്തകളില്‍, അക്ഷരാഭ്യാസവും ലോകവിവരവും ഉള്ളവരെങ്കിലും, തെറ്റിദ്ധരിക്കപ്പെടാതിരിക്കുക. നോട്ടുമാറ്റം കൊണ്ട് ഭൂരിപക്ഷം ജനങ്ങള്‍ക്കും താത്കാലികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും എങ്കിലും ന്യൂനപക്ഷമായ കള്ളപ്പണ/ഹവാലക്കാര്‍ക്ക് അതിലും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത് (കള്ളപ്പണം മുഴുവന്‍ സ്വിസ്സ് ബാങ്കിലാണ് ഇവിടെ ഒന്നുമില്ല എന്ന് പറയുന്നവരോട് എനിക്കും ഒന്നും പറയാന്‍ ഇല്ല).