ആൻ റാൻഡിന്റെ "അറ്റ്‌ലസ് ഷ്രഗ്ഗ്ഡ്" വായിച്ചത് തീവണ്ടി യാത്രകൾക്കിടയിലായിരുന്നെങ്കിൽ ഫൗണ്ടൈൻഹെഡ് വായിക്കുന്നത് രണ്ടാം ലോക്ഡൌൺ കാലത്തായിരുന്നു. വർഷങ്ങളായി തുറക്കാതെ വെച്ചിരുന്ന പുസ്തകം ഷെൽഫിൽ നിന്നുമെടുക്കുന്നതിനു അതിലും നല്ല സമയം ഇല്ലല്ലോ. അറ്റ്‌ലസ് എന്നെ ഒരു റാൻഡ് ആരാധകനാക്കി എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒട്ടും തന്നെ ഇല്ല എന്ന് ആദ്യമേ പറയട്ടെ.
July 04, 2021
ഫൗണ്ടൈൻഹെഡ്
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ന്യൂയോർക്കിലാണ് കഥ നടക്കുന്നത്. റാൻഡിനെ സംബന്ധിച്ച് കഥ തന്റെ ചിന്തകൾ അവതരിപ്പിക്കാനുള്ള ഒരു വേദി മാത്രമാണ്. കഥാപാത്രങ്ങളെക്കാളോ, കഥാഗതിയെക്കാളോ നമ്മളോട് സംവദിക്കുന്നത് ഈ അന്തർലീനമായ തത്വശാസ്ത്രമാണ്. സൂക്ഷ്മമായ വായനയും, വായിക്കുന്നത് മനസ്സിലിട്ടു മനനം ചെയ്താലും മാത്രമേ വിവാദപരമായ ഈ വിചാരരീതി നമുക്ക് മുന്നിൽ വ്യക്തമാകൂ. അതുകൊണ്ട് തന്നെ ഒട്ടും ലളിതമായ ഒരു വായന അല്ല ഫൗണ്ടൈൻഹെഡ്.
ഒരു വ്യക്തിയുടെ തന്റെ കഴിവുകളോടും, അറിവിനോടും, മനസ്സിനോടും മാത്രമുള്ള വിധേയത്വവും അതിലൂടെ പ്രകടമാകുന്ന സ്വാർത്ഥമായ ആർജ്ജവവുമാണ് യഥാർത്ഥമായ നിസ്വാർത്ഥതയത്രെ! മറ്റുള്ളവർക്ക് വേണ്ടിയല്ലാതെ സ്വന്തം തീരുമാനങ്ങൾക്കും, ചിന്തകൾക്കും വേണ്ടി ജീവിക്കാനും, അവക്ക് വേണ്ടി പോരാടാനും റാൻഡ് പറയുന്നു. റാൻഡ് മുന്നോട്ടു വെക്കുന്ന സ്വാർത്ഥത കുലീനമായ സർഗ്ഗശക്തിയെ അടിസ്ഥാനപെടുത്തിയാണ്. സർഗ്ഗശക്തിയുള്ള മനസ്സുകളെ ചവിട്ടിയരക്കുന്ന, എന്നും മറ്റുള്ളവരുടെ കഴിവിൻറെ ശക്തിയിൽ പരാന്നഭോജിയായി ജീവിക്കുന്ന രണ്ടാം നിര മനുഷ്യർ ധാരാളമുള്ള കാലത്ത് സ്വന്തം ചിന്തകളിലും കഴിവിലും മാത്രം വിശ്വസിച്ച് ജീവിക്കുന്നവരാണ് നിസ്വാർത്ഥർ!
റാൻഡിന്റെ ഭാഷ തന്റെ തത്വശാസ്ത്രം അവതരിപ്പിക്കാനുള്ളതാണ് എന്നതകൊണ്ട് അത്ര കാവ്യാത്മകമല്ല. എന്നാൽ പല സ്ഥലങ്ങളിലും വാക്കുകൾ കൊണ്ട് സന്ദർഭങ്ങളെയും, കഥാപാത്രങ്ങളുടെ ചിന്തകളെയും വ്യക്തമായി അവതരിപ്പിക്കാൻ എഴുത്തുകാരിക്ക് സാധിക്കുന്നുണ്ട്. സമയം കളയാനായി വായിക്കേണ്ട ഒരു പുസ്തകമല്ല ഫൗണ്ടൈൻഹെഡ്. അതിന്റെ ശരീരവും, ആത്മാവും വായനക്കാരന്റെ മനസ്സിന്റെ നൂറു ശതമാനവും ആവശ്യപ്പെടും. സ്വത്വം ഉപേക്ഷിച്ചു രണ്ടാം നിരക്കാരെ ഊട്ടാൻ ആവശ്യപ്പെടുന്ന കാലത്ത് ഒരുപക്ഷെ ഇങ്ങനെ ഒരു ചിന്താരീതി ഒരു ന്യൂനപക്ഷത്തിനു എങ്കിലും മുന്നോട്ടു പോകാൻ സഹായകരമാകും എന്നതിൽ സംശയമില്ല.
April 06, 2021
വിപ്ലവം
സ്ഥലത്തിന്റെ നാമത്തിനു ഹേതുവായ വൃക്ഷ ശ്രേഷ്ഠനെ അയൽ സംസ്ഥാനത്തേക്കും, വമ്പൻ ഫാക്ടറികളെ മറ്റ് നാടുകളിലേക്കും, നാട്ടിലെ യുവജനങ്ങളെ മണലാരണ്യങ്ങളിലേക്കും ഔട്ട്സോഴ്സ് ചെയ്തു കഴിഞ്ഞതിനു ശേഷം അവിടെ അവശേഷിച്ച പവങ്ങളിൽ നിന്നും ഞെക്കി പിഴിഞ്ഞ് വാങ്ങുന്ന കാശുകൊണ്ട് തിന്നു തടിച്ചു ചാടിയ കുടവയർ തടവി ശത്രു സ്വ-ഔദ്യോഗിക വസതിയുടെ വരാന്തകളിൽ ഭരണയന്ത്രം കൈ കൊണ്ട് തരിച്ചു നടന്നിരുന്ന കാലം. വിപ്ലവത്തിന്റെ ചോരച്ചാലുകൾ നീന്തി കയറാൻ ആദ്യം ചോര വേണം എന്നുള്ളതുകൊണ്ട് പാരട്ടിയിലെ കുട്ടി കുരങ്ങൻമാർക്ക് കൊല്ലിനും കൊലക്കും പീഡനത്തിനും അനുമതി കൊടുത്ത ശത്രു പാർട്ടി ആപ്പീസിലെ ആപ്പീസുമുറിയിൽ വാണരുളി നിലകൊണ്ട കാലം. ആയിടക്കാണ് നാട്ടിൽ ബൂർഷ്വാകൾ തിരഞ്ഞെടുപ്പ് കൊണ്ടുവരുന്നത്. പരിഷകൾ!
തിരഞ്ഞെടുപ്പ് ഒരു മുഷിഞ്ഞ ഏർപ്പാഡാണ്. പാരട്ടിയുടെ ഭരണത്തിൽ വടക്കൻ കൊറിയ, ക്യൂബ, ചൈന മുതലായ രാജ്യങ്ങൾ ജനാധിപത്യ പങ്കില സമത്വ സ്വാതന്ത്ര്യ രാജ്യങ്ങളായി കൈവരിച്ച വിസ്മയാവാഹമായ പുരോഗതി എത്ര പറഞ്ഞാലും നാട്ടിലെ ചില വർഗ്ഗ ശത്രുക്കൾക്ക് മനസ്സിലാകില്ല. അതുകൊണ്ട് പഞ്ച സംവത്സരങ്ങൾ കൂടുമ്പോൾ ഇങ്ങനെ ഒരു നൂലാമാല! ശത്രു ആസ്വസ്ഥനായിരുന്നു. ഇനി ഇപ്പോ ഈ മീനചൂടിൽ പുറത്തിറങ്ങി നടക്കണം; വോട്ട് തെണ്ടാൻ. പരിഷകളുടെ ഭാവമാണ് അസഹനീയം! യന്ത്രം കയ്യിൽ നിന്നും പോയാൽ ബുദ്ധിമുട്ടാണ്.
ഇത് ഏതാ സ്ഥലം? നമ്മുടെ ശത്രു ലോക്കൽ ശത്രുവിനോട് ചോദിച്ചു. സോ മെനി ഗെട്ടോസ്. അവർ പാർട്ടി ക്യാൻ റിയലി ഗ്രോ ഹിയർ. ശത്രു മൊഴിഞ്ഞു.
നേതാവേ ഇത് നേതാവിന്റെ മണ്ഡലമാണ്.
അതെയോ? വല്ലാതെ വളർന്നത് കൊണ്ട് മനസ്സിലായില്ല! ഹഹഹ
അതെയതെ ലോക്കൽ തലയാട്ടി. ആസമയം ലോക്കലിന് നേതാവിനോടുള്ള ആരാധന ഇരട്ടിച്ചു ദശാംശം കടന്നു എങ്ങോട്ടോ പോയി.
അമേരിക്കൻ കുത്തക മൂലതാളിത്ത സാമ്രാജ്യത്വ ശക്തികളുടെ നയങ്ങളെ ഘോര ഘോരം വിമർശിച്ചു ഒന്നു-ഒന്നര മണിക്കൂർ ഗാനമേള നടത്തിയ ശേഷം പരിക്ഷീണിതനായി കസേരയിൽ വന്നു വീണ നേതാവിനോട് ലോക്കൽ ചെവിയിൽ മന്ത്രിച്ചു:
ശത്രു നേതാവേ, നേതാവിന് കുടിക്കാൻ എന്തേലും വേണോ?
എന്നാ ഒരു കൊക്ക കോള കൊണ്ട് വാ!
അയ്യോ നേതാവേ, അത് അമേരിക്കൻ അല്ലേ?
നേതാവ് ഐഫോണിൽ ട്വിറ്ററിൽ ആരോ എഴുതി തയ്യാറാക്കിയ തന്റെ പ്രസംഗത്തിലെ കിടുക്കൻ രണ്ടു വാചകങ്ങള് എഴുതിപിടിപ്പിക്കുക ആയിരുന്നു ആ സമയം.
അതിന്? പോയി കൊണ്ടുവാടോ ഒരു കുപ്പി.
റാൻ. മൂളിയ വഴിയിൽ ലോക്കൽ ശൌചവും കഴിച്ചോ എന്നു തോന്നി.
അങ്ങനെ കോള എത്തി.
എന്നാലും ക്യാപ്റ്റ, ഇത് അക്രമം അല്ലേ? ശരിയാണോ?
ഡോ ലോക്കലെ. നമ്മുടെ നാട്ടിലെ വെള്ളം ഇങ്ങനെ കുത്തക ബൂർഷ്വാ ശക്തികൾ കുപ്പിയിൽ സംഭരിച്ചു വെച്ച് വല്ല നാട്ടിലും കൊണ്ട് വിക്കാൻ നമ്മൾ സമ്മതിക്കില്ല. കുടിച്ചു വറ്റിക്കണം നമ്മൾ. മനസ്സിലായില്ലേ. അതും ഒരു വിപ്ലവമല്ലേ?
ശരിയാണല്ലോ നേതാവേ! പക്ഷേ അതിന് കാശു കൊടുക്കണ്ടേ? അത് നല്ല കീഴ്വഴക്കം അല്ല.
എന്തിന്നു കൊടുക്കണം? തീവണ്ടി ജംക്ഷൻ രാജ്യത്തെ ഒന്നാം ബേക്കറി ലഹള ഓർമയില്ലേ? ആ മാർഗം തിരഞ്ഞെടുത്താൽ മതി.
ഹൌ! എന്താ നേതാവിന്റെ ബുദ്ധി! നേതാവ് ഒരു രാക്ഷസൻ തന്നെ!
അതാണ്. കണ്ടും കേട്ടും കൊണ്ടും പഠിച്ചോ. ഇല്ലെങ്കിൽ എന്നും ഇങ്ങനെ ലോക്കൽ ആയി ഇരിക്കാം.
റാൻ!
Subscribe to:
Posts (Atom)