കേന്ദ്ര സര്‍ക്കാരിന്റെ 'ബീഫ് ബാന്‍' വിവാദ നോട്ടിഫിക്കേഷന്‍ (മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കാലി ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്‍, 2016) താഴെ കൊടുക്കുന്നു. വായിച്ചു നോക്കുമ്പോള്‍ തോന്നുന്ന സംശയങ്ങള്‍:
- ജാനുവരി പതിനാറിന്റെ (2017) ഗസറ്റില്‍ ടി ചട്ടങ്ങളുടെ കരട് പൊതുജനങ്ങളുടെ അറിവിലേക്കും, നിര്‍ദേശങ്ങള്‍ക്കും വേണ്ടി പ്രസിദ്ധീകരിച്ചിരുന്നു എന്ന് ചട്ടങ്ങളുടെ ആദ്യ പാരഗ്രാഫില്‍ പറയുന്നു (കരടിന്റെ കോപ്പി സൈറ്റില്‍ ഉണ്ട്). അങ്ങനെ എങ്കില്‍ അന്ന് ടി ബില്ലില്‍ തിരുത്തലുകള്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ നിര്‍ദേശിചിരുന്നോ? ഇതിനെ കുറിച്ചു ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടന്നിരുന്നോ?
- കരടു ചട്ടങ്ങളും, ഇപ്പോള്‍ പ്രസിദ്ധീകരിച്ച ചട്ടങ്ങളും തമ്മില്‍ ഓടിച്ചൊന്നു നോക്കിയപ്പോള്‍: ആദ്യത്തെ വേര്‍ഷനില്‍ പന്നി, കഴുത, ആട് എന്നിങ്ങനെ എല്ലാ "അയവെട്ടുന്ന" (രൂമിനെട്ടിംഗ്) മൃഗങ്ങളും "മൃഗങ്ങള്‍ (Animal)" എന്ന നിര്‍വചനത്തില്‍ വന്നിരുന്നു. പുതിയ വേര്‍ഷനില്‍ ഈ ഒരു നിര്‍വചനം കൊടുത്തിട്ടില്ല. പ്രത്യേകിച്ച് നിര്‍വചിക്കത്ത വാക്കുകള്‍ക്ക് 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ നിര്‍വചനമാണ് ഉണ്ടാകുക എന്ന് പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ "അനിമല്‍" എന്ന ഗ്രൂപ്പില്‍ മനുഷ്യന്‍ ഒഴികെയുള്ള ജീവനുള്ള എല്ലാ ജന്തുക്കളും പെടും. ഇതില്‍ നിന്നും ചന്തകളിലെ എല്ലാതരം വില്പനയും (മൃഗങ്ങളുടെ) ഈ ചട്ടത്തിന്റെ പരിധിയില്‍ വരില്ലേ? (ചില നിയന്ത്രണങ്ങള്‍ 'കാലി' (cattle) കള്‍ക്ക് മാത്രമാക്കി വെച്ചിട്ടുണ്ട്.)
- മറ്റു ചില നിര്‍വചനങ്ങളിലും ഇതുപോലെ ചെറിയ വിത്യാസങ്ങള്‍ വന്നിട്ടുണ്ട്. ഇപ്രകാരമുള്ള വിത്യാസത്തിനു കാരണം ജനങ്ങളില്‍ നിന്നും കിട്ടിയ നിര്‍ദേശങ്ങള്‍ ആണോ?
- കന്നുകാലി മാംസം വില്‍ക്കുന്നതും, ഭക്ഷിക്കുന്നതും നിരോധിക്കുന്ന ഭാഗം ഇതില്‍ എവിടെയാണ്?
- ചട്ടത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ 'കാലിചന്തകളിലെ' വില്പനക്കാണ് നിയന്ത്രണം. രണ്ടു വ്യക്തികള്‍ തമ്മില്‍ പുറത്ത് വെച്ച് (ഉദാ:വീട്ടില്‍) നടക്കുന്ന വില്പന നിയമവിധേയമാണോ? അല്ലെങ്കില്‍ അത്തരം വില്പന നിയന്ത്രിക്കാന്‍ വേറെ ചട്ടങ്ങള്‍ ഉണ്ടോ? അറിയുന്നവര്‍ പറഞ്ഞു തരാന്‍ അപേക്ഷ.
- പരസ്പരം "കൊമ്പു കോര്‍ത്തു" കുത്തേറ്റു "മരിക്കുന്ന" കാലികളുടെ ശവം അറവിനായി വില്‍ക്കാന്‍ സാധിക്കുമോ?
കേന്ദ്രത്തിന്റെ വിധി ചെറുകിട അറവുശാലകള്‍ക്കും, തുകല്‍ വ്യവസായത്തിനും ക്ഷീണമാകും എന്നതില്‍ സംശയമില്ല. എങ്കിലും 'ബീഫ്' ആകെ മൊത്തം നിരോധിച്ചു എന്നാ രീതിയിലുള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. ഇതുമൂലം പ്രശ്നത്തില്‍ പെടുന്ന കൃഷിക്കാരും മറ്റും എന്ത് ചെയ്യണം എന്നതിനും ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇറക്കണം. വിഷയത്തെ കുറിച്ച് അറിയുന്നവര്‍ പറഞ്ഞു തരുമല്ലോ.