November 25, 2012

ഡെറാഡൂണ്‍ യാത്ര: ഒന്നാം ഖണ്ഡം - നഗരം

രണ്ടു പ്രൊപ്പെല്ലറുകള്‍ ഉള്ള  എയര്‍ ഇന്ത്യയുടെ ചെറു വിമാനം ജോളിഗ്രാന്‍റ് വിമാനത്താവളത്തില്‍ ലാന്‍ഡ്‌ ചെയ്തപ്പോള്‍ സമയം വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു. രാവിലെ 5 മണിക്ക് തുടങ്ങിയ യാത്രയാണ്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ദേവഭൂമിയിലേക്ക്‌. വനത്തിന്റെ നടുക്ക് കുന്നുകള്‍ക്കിടയില്‍ ഒരു വിമാനത്താവളം: അതാണ്‌ ഡെറാഡൂണിലെ ജോളിഗ്രാന്‍റ്. കേവലം ഒരു ചെറിയ കെട്ടിടം മാത്രമുള്ള, ഈ അടുത്തകാലത്ത് പുതുക്കി പണിത ഒരു ചെറിയ എയര്‍പോര്‍ട്ട്. അവിടെ നിന്നും ഡെറാഡൂണിലേക്ക് ഏകദേശം 30 കിലോമീറ്റര്‍ റോഡുമാര്‍ഗ്ഗം സഞ്ചരിക്കണം.ഡെറാഡൂണ്‍ വിമാനത്താവളം എന്നാണു ഔദ്യോഗികമായി അറിയപ്പെടുന്നതെങ്കിലും ഋഷികേഷ് ആണ് വിമാനത്താവളത്തിനു കൂടുതല്‍ അടുത്ത് കിടക്കുന്ന നഗരം. ജോളിഗ്രാന്റില്‍ നിന്നും ഡെറാഡൂണ്‍ വരെയുള്ള 30 കിലോമീറ്റര്‍ പാതയാണ് ആദ്യമായി കേരളത്തെ ഓര്‍മിപ്പിച്ചത്: കുണ്ടും കുഴിയും നിറഞ്ഞ, വൃത്തിയൊട്ടും തന്നെ ഇല്ലാത്ത ചെറു ഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന വീതി കുറഞ്ഞ ഒരു പാത. വനത്തിനുള്ളില്‍ കൂടി കടന്നു പോകുന്ന ഭാഗങ്ങളില്‍ പാതയുടെ ഇരു വശവുമായി കുരങ്ങന്മാരുടെ സംഘങ്ങള്‍ കറങ്ങി നടക്കുന്നത് കാണാം.വിമാനത്തിനുള്ളില്‍ന്നും നോക്കിയപ്പോള്‍ പച്ച പുതച്ച കൃഷിയിടങ്ങള്‍ പോലെ തോന്നിയ ഭൂപ്രദേശങ്ങള്‍ കുറ്റിച്ചെടികള്‍ മാത്രം വളരുന്ന തരിശുനിലങ്ങളായി രൂപാന്തരപ്പെട്ടു. ചതുരക്കട്ടകള്‍പോലെയുള്ള ഒന്നോ-രണ്ടോ നിലകളുള്ള നിര്‍മ്മിതികള്‍ അവിടെ ഇവിടെയായി ചിതറി കിടക്കുന്നു. 30 കി.മി ദൂരം താണ്ടാന്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന പഴയ അമ്പാസഡര്‍ കാര്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുത്തു. ജോലിസ്ഥലത്തിന്റെ അടുത്ത് തന്നെയുള്ള ഒരു ചെറു ഹോട്ടലില്‍ മുറി എടുത്ത്‌ ഞങ്ങള്‍ ഡെറാഡൂണ്‍ വാസം തുടങ്ങി...
 
സ്വര്‍ണ്ണ നിറമുള്ള ഭാരമേറിയ കീചെയിനില്‍ തൂങ്ങി കിടക്കുന്ന താക്കോല്‍ റിസപ്ഷന്‍ ഡിസ്കില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന ചൌഹാനെ ഏല്‍പ്പിച്ചു ഇന്ദ്രലോകത്തില്‍ നിന്നും ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞു ഉത്തരാഖണ്ട സംസ്ഥാനത്തിന്റെ സെക്രട്ടെറിയേട്ടിന് മുന്‍പില്‍കൂടി ഏകദേശം ഒരു കിലോമീറ്റര്‍ നടന്നാല്‍ എത്തിച്ചേരുന്ന ജന്‍ക്ഷനും കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു നടന്നാല്‍ ആണ് എന്റെ താത്കാലിക ജോലി സ്ഥലം. ഒരു രാജപാതയുടെ ഗമ ഒട്ടും തന്നെ ഇല്ലാത്ത ഈ രാജ്‌പുര്‍ റോഡിന്റെ ഇരു വശവും അന്താരാഷ്ട്ര വസ്ത്ര കച്ചവടക്കാരുടെയും, ഫാസ്റ്റ് ഫുഡ്‌ കമ്പനിക്കാരുടെയും കച്ചവടസ്ഥാപനങ്ങള്‍ ആണ്. ഡെറാഡൂണ്‍ ഇത്രമാത്രം 'പുരോഗമിച്ചിട്ട്' ഏകദേശം  ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മാത്രമേ (കൃത്യമായി പറഞ്ഞാല്‍  
 
ഉത്തരാഖണ്ട സംസ്ഥാനം രൂപീകൃതമായതിന് ശേഷം) ആയിട്ടുള്ളൂ എന്ന് വിനീത് പറഞ്ഞത്‌ ഓര്‍ത്തു. അതിനു മുമ്പ്‌ യു.പി.യിലെ ഒരു ചെറിയ പട്ടണം മാത്രമായിരുന്നത്രേ ഡെറാഡൂണ്‍ . പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം ആയപ്പോള്‍ വസ്തു കച്ചവടത്തിലൂടെ കോടികള്‍ കൊയ്തവരും, രാഷ്ട്രീയ സ്വാധീനമുള്ള കച്ചവട രാജാക്കന്മാരും, ഇവിടെ തമ്പടിച്ചത്തിന്റെ ഭലമായാണ്  ഡെറാഡൂണിനു ഇങ്ങനെ ഒരു മാറ്റം സംഭാവിച്ചത്രേ. ലക്ഷങ്ങള്‍ ഫീ വാങ്ങുന്ന ബോര്‍ഡിംഗ് സ്കൂലുകളിലം കോളേജുകളിലും ഉത്തരേന്ത്യയിലെ വരേണ്യ വിഭാഗത്തിന്റെ പുതു തലമുറ വിദ്യാഭ്യാസം നേടാന്‍ വന്‍തോതില്‍ എത്തി ചേരുന്നതും ഇപ്രകാരം ഒരു മാറ്റത്തിന് കാരണം ആയിട്ടുണ്ടാകും. പുറമേ കാണുന്ന ഈ 'പുരോഗതി'യില്‍ കണ്ണ് മഞ്ഞളിച്ചില്ലെങ്കില്‍ റോഡില്‍ ചായയും, ചോളവും, ആപ്പിളും ഒക്കെ വിറ്റ് നിത്യവൃത്തി കഴിക്കുന്ന, അന്നും ഇന്നും ദാരിദ്ര്യത്തില്‍ മാത്രം കഴിയുന്ന തദ്ദേശവാസികളെ നമുക്ക് കാണാം; വിദ്യാഭ്യാസത്തിനു പേര് കേട്ട  ഡെറാഡൂണില്‍ അന്നത്തെ അന്നത്തിനു വേണ്ടി അധ്വാനിക്കുന്ന അനവധി ബാല്യങ്ങളെ കാണാം; ഭാരതത്തെ കാണാം. 

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും ഏറെ പുരോഗതി പ്രാപിച്ച പട്ടണം ആണ് ഡെറാഡൂണ്‍ എങ്കിലും അലക്ഷ്യമായി വണ്ടി ഓടിക്കുന്ന കാര്യത്തില്‍ പട്ടണ നിവാസികള്‍ കേരളത്തിലെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷക്കാരെയും കടത്തി വെട്ടും. വണ്‍ വേ തെറ്റിച്ച്  റോങ്ങ് സൈഡില്‍ കൂടി വണ്ടി ഓടിക്കുന്നത് ജാതി-മത-ലിംഗ-പ്രായ ഭേദമന്യേ ഇവിടത്തുകാരുടെ ഒരു ഇഷ്ട വിനോദമാണ്. വാഹനം ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടുക എന്നത് അഭിമാനപ്രശ്നമായാണ് ഇവര്‍ കണക്കാക്കുന്നത്. ഒതുക്കി ഇടാന്‍ സ്ഥലം ഉണ്ടെങ്കിലും വണ്ടി റോഡില്‍ തന്നെ പാര്‍ക്ക്‌ ചെയ്യണം എന്നതും ഇവര്‍ക്ക്‌ നിര്‍ബന്ധമാണ്. വണ്ടി ഓടിക്കുമ്പോള്‍ SMS അയക്കുന്നവരും, ഫോണില്‍ സംസാരിക്കുന്നതും ഒരു പ്രശ്നമേയല്ല. അതുകൊണ്ട് തന്നെ ഹോട്ടലില്‍ നിന്നും ജോലിസ്ഥലം വരെയുള്ള ഏകദേശം ഒരു കി.മി ദൂരം അപകടം ഒന്നും വരാതെ നടന്നു തീര്‍ക്കുക എന്നത് അല്പം സാഹസികമായ ഒരു ഉദ്യമം ആണെന്ന് ഇവിടെ എത്തി ഒരാഴ്ച കഴിയുമ്പോഴേക്കും ഞങ്ങള്‍ തിരിച്ചറിഞ്ഞു.

കുന്നുകളാലും മലകളാലും ചുറ്റപ്പെട്ട ഒരു നഗരമാണ് ഡെറാഡൂണ്‍ എന്നതുകൊണ്ട് തന്നെ താരതമ്യേനെ കേരളത്തെ അനുസ്മരിക്കുന്ന പ്രകൃതിയും കാലാവസ്ഥയുമാണ് ഇവിടെ. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സംഭാവനയായ കാലാവസ്ഥാവ്യതിയാനങ്ങള്‍ ഇവിടത്തെ പ്രകൃതിയേയും ബാധിച്ചിട്ടുണ്ട് എന്ന് വിമാനത്തില്‍ നിന്നും ദൃശ്യമായ ഉണങ്ങി വരണ്ടു കിടക്കുന്ന നദീതടങ്ങള്‍ സൂചിപ്പിക്കുന്നു. മണ്‍സൂണിന്റെ അന്ത്യ പാദം ആയിട്ടുകൂടി പല നീര്‍ച്ചാലുകളും ഉണങ്ങി വരണ്ടു തന്നെ കിടക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഗംഗാ നദി പുരാണങ്ങളിലെ സരസ്വതി നദിയെ പോലെ ഒരു യുഗത്തിന്റെ ഓര്‍മ്മയായി മാറാനും, ഹരിദ്വാരിലെക്കുള്ള യാത്രയില്‍ കണ്ട ഹരിതാഭമായ വനഭൂമി ഒരു മരുഭൂമിയാകാനും അധികം കാലം എടുക്കില്ല.
 
 

November 16, 2012

കശാപ്പ്

രണ്ടു ദിവസം മുമ്പ് തന്നെ ഒരു ഓട്ടോറിക്ഷയില്‍ അവരെ വീട്ടിലേക്ക് കൊണ്ട് വന്നു. സാധാരണ ഓട്ടോക്കാരനുമായി തമ്മില്‍ തല്ലിയിരുന്ന അയാള്‍ അന്ന് പതിവ് തെറ്റിച്ചു ഒരക്ഷരം പോലും എതിര്‍ത്ത് പറയാതെ ഓട്ടോക്കാരന്‍ പറഞ്ഞ ചാര്‍ജ് കൊടുത്തു. അയാളുടെ വീടിന്റെ മുമ്പില്‍ തന്നെ രണ്ടു പേരെയും കെട്ടി. വിശക്കുമ്പോള്‍ കഴിക്കുവാനായി ഒരു  വലിയ കെട്ടു പുല്ല് ഇട്ടുകൊടുത്തിരുന്നു എങ്കിലും അവര്‍ കരഞ്ഞുകൊണ്ടേ ഇരുന്നു. നഗരത്തിന്റെ തിരക്കില്‍ അവരുടെ ദുര്‍ബലമായ കരച്ചിലുകള്‍ അലിഞ്ഞില്ലാതായി. തൊട്ടപ്പുറത്ത് നിന്നും ഉയര്‍ന്നിരുന്ന അട്ടഹാസങ്ങള്‍ പണ്ട് രാത്രികാലങ്ങളില്‍ നാട്ടുവഴികളിലെ മരങ്ങളിരുന്നു ആസന്നമായ മരണത്തെ അറിയിച്ചുകൊണ്ട് "പൂവാ, പൂവാ" എന്ന്  കരഞ്ഞിരുന്ന കാലന്‍ കോഴിയുടെ കരച്ചിലിനെ ഓര്‍മിപ്പിച്ചു. ഓരോ നിമിഷത്തിലും അടുത്തടുത്ത്‌ വരുന്ന മരണത്തിന്റെ ആ അട്ടഹാസങ്ങള്‍ അവരെ പോലെ എന്റെ മനസ്സിനെയും അസ്വസ്ഥമാക്കുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. എങ്കിലും രണ്ടു ദിവസങ്ങള്‍ക്കപ്പുറം അവര്‍ക്കായി വിധിക്കപ്പെട്ടുകഴിഞ്ഞ ഭാവി തിരുത്താന്‍ മാത്രം ശക്തി എന്റെ കരങ്ങള്‍ക്കില്ലായിരുന്നു. 

ഒന്നാം ദിവസം 
ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്കുള്ള വൈകുന്നേരത്തെ പതിവ് നടത്തത്തിനിടെ താടിയുടെ കടയില്‍ നിന്നും ചില്ലറ പച്ചക്കറികള്‍ വാങ്ങി തൊട്ടടുത്തുള്ള കുമാര്‍ജിയുടെ കടയില്‍ ചായ കുടിച്ചങ്ങനെ നിക്കുമ്പോഴാണ് ഞാന്‍ പിന്നെ അയാളെ കാണുന്നത്. ഒരു സിഗരറ്റും വലിച്ചുകൊണ്ട് അയാള്‍ കൂട്ടുകാരുമായി സംസാരിക്കുകയാണ്."ഒരെണ്ണം ചെറുതാണ്. എന്നാല്‍ മറ്റേതു വലിയതാണ്. ലാഭത്തിനു കിട്ടി. അതുകൊണ്ട് രണ്ടിനേം വാങ്ങിച്ചു. ഇത്തവണ തകര്‍ക്കും". അയാള്‍ വലിയ ശബ്ദത്തില്‍ ഒരിയിട്ടുകൊണ്ടിരുന്നു. കയ്യിലിരുന്ന ചായഗ്ലാസ്‌ തൊട്ടടുത്ത്‌ വെച്ചിരുന്ന വീപ്പയിലെക്ക് വലിച്ചെറിഞ്ഞു ഞാന്‍ വീട്ടിലേക്ക്‌ നടന്നു. 

രണ്ടാം ദിവസം 
അവധി ദിവസം. പതിവില്‍ കൂടുതല്‍ ചൂട് തോന്നിച്ച ആ പകലിന്റെ ഏതോ ഒരു നിമിഷത്തില്‍ അവരുടെ കരച്ചില്‍ നിന്നു. ആ നിശ്ശബ്ദത എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങി. കുമാര്‍ജിയുടെ കടയില്‍ പോയി ഒരു ചായ കുടിക്കാം: ഞാന്‍ തിരുമാനിച്ചു. ഒരു ചെറിയ കറക്കത്തിനു ശേഷം ചായയും കുടിച്ചു വീട്ടിലേക്ക്‌ നടക്കുമ്പോള്‍ അയാള്‍ കയ്യില്‍ രണ്ടു വലിയ കവറുകളുമായി റോഡിനപ്പുറത്തെ വീട്ടിലേക്ക്‌ കയറുന്നത് കണ്ടു. "ഇതാ...ആശംസകള്‍, ഉഗ്രന്‍ സാധനമാ. ഈ വര്‍ഷം രണ്ടെണ്ണം ഉണ്ടായിരുന്നു" അഹങ്കാരത്തോടെ അയാള്‍ പറയുന്നത് കേട്ടു. വീട്ടിലേക്ക്‌ കയറുന്നതിനു മുമ്പ്‌ ഒരിക്കല്‍ കൂടി ഞാന്‍ അവരെ കെട്ടിയിരുന്ന സ്ഥലത്തേക്ക് നോക്കി. ടെറസ്സില്‍ നിന്നും വീഴുന്ന ഇളം ചുവപ്പ് നിറമുള്ള വെള്ളം ആ മുറ്റത്ത് ഒരായിരം കൈവഴികളായി അപ്പോള്‍ പടരുകയായിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്പ്‌ ഒരായിരം പ്രതീക്ഷകളുമായി മിടിച്ചിരുന്ന രണ്ടു ഹൃദയങ്ങളുടെ ഊര്‍ജ്ജം നഗരത്തിലെ ആ വൃത്തികെട്ട ഓടയിലേക്ക് പതുക്കെ ഒഴുകി ഇറങ്ങുമ്പോള്‍ റോഡിനപ്പുറത്തെ വീട്ടുകാരും അയാളുടെ അട്ടഹാസത്തില്‍ പങ്കു ചേര്‍ന്ന് അയാള്‍ക്ക്‌ ആശംസകള്‍ നേരുന്ന തിരക്കിലായിരുന്നു.

November 01, 2012

കേരളപ്പിറവി ആശംസകള്‍

പരശുരാമന്‍ എന്ന മഹാനായ എഞ്ചിനീയര്‍ DMRCയും, കൊച്ചി മെട്രോയും വാര്‍ത്തകളില്‍ നിറയുന്നതിനും വളരെ മുമ്പ്‌, സ്വമേധയാ ഏറ്റെടുത്തു നടത്തിയ മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ലാന്‍ഡ്‌ റീക്ലമേഷന്‍ പ്രോജെക്ടിന്റെ ഭാഗമായി പിറവിയെടുത്തത്തിനു ശേഷം മഹാബലി മുതലായ മഹാന്മാരായ രാജാക്കന്മാര്‍ ഭരിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നതും, കാലാന്തരത്തില്‍ പല നാട്ടുരാജ്യങ്ങളായി ചിതറിപ്പോയതും, ഭാരതത്തിന്റെ  സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ശ്രമഭലമായി നടന്ന മേര്‍ജേഴ്സ് ആന്‍ഡ്‌ അക്യുസിഷനുകളുടെ അനന്തരഭലമായി കൂട്ടിയോജിക്കപ്പെടുകയും വഴി സര്‍ക്കാര്‍ രേഖകളില്‍ നവംബര്‍ ഒന്നിനു ഔദ്യോഗികമായി രണ്ടാം പിറവിയെടുക്കുകയും ചെയ്ത കേരളം എന്ന് വിളിക്കുന്ന മലകളും, പുഴകളും രാഷ്ട്രീയ കള്ളന്മാരും, കള്ളുകുടിയന്മാരും നിറഞ്ഞ നമ്മുടെ ഈ കൊച്ചു ഭൂപ്രദേശത്തിന് എന്റെ പിറന്നാളാശംസകള്‍ !!