December 05, 2014
December 02, 2014
ബാങ്കുതൊഴിലാളി സംഘടനകള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍!
കാലാവധി കഴിഞ്ഞു രണ്ടുവര്‍ഷത്തിലധികമായിട്ടും പുതുക്കാത്ത ശംബളക്കരാര്‍ പുതുക്കണമെന്ന ആവശ്യവുമായി പണിമുടക്കുന്ന തൊഴിലാളി സംഘടനകള്‍ മാതൃകയാകുന്നു. ബാങ്കുകള്‍ ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നെടുംതൂണുകളാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. അങ്ങനെയുള്ള ബാങ്കുകള്‍ തുടര്‍ച്ചയായി അടഞ്ഞു കിടന്നാല്‍ രാജ്യത്തിനു വരുന്ന നഷ്ടം ശതകോടികള്‍ കവിയും. ഇത് തിരിച്ചറിഞ്ഞു ഒരു മാസത്തിലധികം മുന്‍കൂര്‍ നോട്ടീസ് നല്‍കി, അവധി ദിനങ്ങളോടു അടുത്തല്ലാതെ, ഇടപാടുകാര്‍ക്ക് ഏറ്റവും കുറച്ചു മാത്രം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന രീതിയില്‍, ഒരു ദിവസത്തെ ശമ്പളം ത്യജിച്ച്, സമരം ചെയ്യുന്ന ബാങ്ക് തൊഴിലാളികള്‍ മറ്റ് സമാന സംഘടനകള്‍ക്ക് ഒരു പാഠമാണ്. എന്നിട്ടും രാജ്യവ്യാപകമായി നടത്താതെ ഘട്ടം ഘട്ടമായി നടത്തുക വഴി പൊതു ഖജനാവിനുണ്ടാകാവുന്ന നഷ്ടം കുറയ്ക്കാനും ഇവര്‍ മറന്നില്ല എന്നു കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോഴാണ് ഇവരുടെ ത്യാഗത്തിന്റെ വില നമ്മുടെ മുന്നില്‍ തെളിയുന്നത്.
വ്യവസ്ഥയില്ലാത്ത ജോലി സമയവും, ഇടപാടുകാര്‍ ചെയ്യുന്ന കുസൃതികള്‍ക്ക് വന്നു ചേരാവുന്ന സാമ്പത്തിക/നിയമ ബാദ്ധ്യതകളും വകവെക്കാതെ ഇത്രയും 'കസ്റ്റമര്‍ ഫ്രണ്ട്ലി' ആയി സമരം ചെയ്യുന്ന വേറെ ഏതു സംഘടന ഉണ്ട് നമ്മുടെ ഈ ഭാരതത്തില്‍? ജോലി ചെയുന്നത് ഉപഭോക്താവിനു വേണ്ടിയാകണം എന്ന ഗാന്ധിയന്‍ ആദര്‍ശത്തെ സ്വന്തം അവകാശ സമരങ്ങളിലും ഉള്‍പ്പെടുത്തിയ ഇവരാണ് യഥാര്‍ത്ഥ ഗാന്ധിയന്മാര്‍ എന്ന് ഈ അവസരത്തില്‍ ഊന്നിപ്പറഞ്ഞില്ലെങ്കില്‍ അത് ലേഖകന്റെ ഒരു വലിയ വീഴ്ച തന്നെയാകും.
മിണ്ടിയാല്‍ അനിശ്ചിതകാല സമരം എന്നൊക്കെ പറയുന്നവര്‍ ബാങ്ക് തൊഴിലാളി സംഘടനകളെ കണ്ട് മാനസാന്തരപ്പെടട്ടെ എന്ന് ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ലേഖകന്‍ നിര്‍ത്തുന്നു.
Subscribe to:
Posts (Atom)