December 07, 2018

ശവമഞ്ചം ചുമക്കുന്നവന്‍റെ പുരാവൃത്തം (ഓഡിയോപുസ്തകം)


സൈറസ് മിസ്ത്രി എഴുതിയ "Chrinicle of a Corpse Bearer" കേട്ടു കഴിഞ്ഞു: ഓഡിബിളില്‍ നിന്നും രണ്ടാം പുസ്തകം. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ കുറിച്ച് പറയുമ്പോള്‍ അധികമാരും പറയാത്ത, എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രീയ/സാമ്പത്തിക രംഗങ്ങളില്‍ വളരെ അധികം സ്വാധീനം ചെലുത്തുന്ന വിഭാഗമായ പാഴ്സി സമൂഹത്തെ കുറിച്ചുള്ള പുസ്തകം അക്ഷരാര്‍ത്ഥത്തില്‍ കണ്ണുകള്‍തുറപ്പിക്കുന്ന ഒരനഭുവമായിരുന്നു. പുസ്തകത്തിന്‍റെ തലേക്കെട്ടില്‍ ഒളിഞ്ഞിരുക്കുന്ന മരണം നോവലിലെ ഒരു പ്രധാന കഥാപാത്രം ആണെങ്കിലും മരണം ദിവസേന കാണുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് മിസ്ത്രി പുസ്തകത്തിലൂടെ പറയുന്നത്. ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ 'സൌരാഷ്ട്രിയന്‍' മതത്തില്‍ വിശ്വസിക്കുന്ന ജനവിഭാഗമാണ് പാഴ്സികള്‍. ഇന്ത്യയില്‍ പ്രധാനമായും ഗുജറാത്തിലും, മുംബായിലും ആണ് ഭൂരിപക്ഷം പാഴ്സികളും വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ വ്യാപിച്ചു കിടക്കുന്ന എട്ടു ദശകങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. കഥ നടക്കുന്നത് മുംബായിലും.

പാഴ്സികള്‍ അഗ്നിയെ ആരാധിക്കുന്ന ഏക ദൈവ വിശ്വാസികളാണ്. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ അവര്‍ ദഹിപ്പിക്കുകയില്ല. വിശാലമായ, ഒരു ചെറു വനത്തെ അനുസ്മരിപ്പിക്കുന്ന, എസ്റ്റേറ്റുകളില്‍ നിര്‍മിക്കുന്ന 'നിശബ്ദതയുടെ ഗോപുരങ്ങളില്‍' അവര്‍ മൃതദേഹങ്ങള്‍ സമര്‍പ്പിക്കുന്നു. തുറസ്സായ ഇത്തരം ഗോപുരങ്ങളില്‍ കഴുകന്മാര്‍ കൂട്ടമായി വന്നു മൃതദേഹം ഭക്ഷിക്കും. ഇങ്ങനെയാണ് പാഴ്സികള്‍ മൃതദേഹം അടക്കം ചെയ്യുന്നത്. ഒരു പാഴ്സി മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മൃത ദേഹം ഗോപുരത്തിലെക്ക് എത്തിക്കുന്നതും, അടക്കം ചെയ്യുന്നതിന് മുമ്പ് കുളിപ്പിക്കുന്നതും, വൃത്തിയാക്കുന്നതും ഉപജാതിയായ 'ഖാണ്ടിയാ'കള്‍ ആണ്. ഇവര്‍ പാഴ്സി മതക്കാര്‍ ആണെങ്കിലും, ശവം കൈകാര്യം ചെയ്യുന്നവര്‍ ആയതുകൊണ്ട് മറ്റു പാഴ്സികള്‍ ഇവരെ താണ ജാതി ആയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പാഴ്സി അമ്പലത്തില്‍ ശുദ്ധി ക്രിയകള്‍ കൂടാതെ കയറാനോ, മറ്റു പാഴ്സികളില്‍ നിന്നും കല്യാണം കഴിക്കണോ ഇവര്‍ക്ക് അര്‍ഹത ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള ഒരു ഖാണ്ടിയയാണ് നമ്മുടെ കഥാനായകന്‍ (ഫിറോസ്‌). പാഴ്സികളുടെ ശവമടക്ക് രീതികളെ കുറിച്ച് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്  എങ്കിലും 'ഖാണ്ടിയ'കളെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയത് ഈ പുസ്തകത്തില്‍ നിന്നുമാണ്. 

ഒരു പുരോഹിതന്റെ മകനില്‍ നിന്നും ശവമഞ്ചം ചുമക്കുന്ന തൊട്ടുകൂടാത്തവനീലേക്കുള്ള ദൂരം ഫിറോസ്‌ താണ്ടുന്നത് പ്രണയത്തിലൂടെയാണ്. പാഴ്സി സമൂഹത്തില്‍ നിലനിന്നിരുന്ന/നില്‍ക്കുന്ന വിവേചനങ്ങളും, സാമൂഹ്യ അസമത്വങ്ങളും, തൊഴിലിന്‍റെ വിഷമതകളും, സര്‍വവ്യാപിയായ ദാരിദ്യവും മിസ്ത്രി പുസ്തകത്തിലൂടെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. ഫിറോസിന്റെ പ്രണയവും, ഏകാന്തതയും വായനക്കാരെ പുതിയ ഒരു ലോകത്തിലേക്ക് എത്തിക്കുന്നു (പ്രണയത്തേക്കാള്‍ ഏറെ ഏകാന്തത). സമൂഹത്തിലെ മറ്റുള്ളവരില്‍ നിന്നും ഓടിയോളിക്കാനുള്ള പ്രചോദനം കര്‍ശനമായ സാമൂഹിക തരം തിരുവ് തന്നെയാകണം. ചെയ്യുന്ന ജോലിയുടെ കാഠിന്യം ഖാണ്ടിയകളെ മദ്യപരാക്കി മാറ്റി. സമൂഹത്തിലും, വീട്ടിലും അനുഭവപ്പെടുന്ന ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാനും ഇവര്‍ മദ്യത്തെ കൂട്ട് പിടിക്കുന്നു. 

അധികം വിദ്യാഭ്യാസമില്ലാത്ത ഫിറോസ്‌ തന്‍റെ പഴയ സ്കൂള്‍ നോട്ടുബുക്കുകളില്‍ കുറിച്ചിടുന്ന ചെറു കുറിപ്പുകളായാണ് മിസ്ത്രി പുസ്തകത്തെ അവതരിപ്പിക്കുന്നത് എങ്കിലും  പലയിടങ്ങളിലും ഭാഷയും, വാക്കുകളും 'തരൂര്‍ ഇംഗ്ലീഷ്' ആയി മാറുന്നുണ്ട് (ഇങ്ങനെയും വാക്കുകള്‍ ഉണ്ടെന്നു മനസ്സിലായി). വായനക്കാരെ പിടിച്ചു ഇരുത്തുന്ന ഒഴുക്കോ, സൌന്ദര്യമോ ഭാഷക്ക് ഇല്ലെങ്കിലും, ഫിറോസിന്റെ ജീവിതം അതിന്‍റെ പ്രത്യേകത കൊണ്ട് മാത്രം നമ്മെ ആകര്‍ഷിക്കും. അധികം ചര്‍ച്ച ചെയ്യപ്പെടാത്ത പാഴ്സികളുടെ ജീവിത രീതികള്‍ പ്രതിപാദിക്കുന്നു എന്നതുകൊണ്ട്‌ മാത്രം തന്നെ തീര്‍ച്ചയായും വായിക്കേണ്ട ഒരു പുസ്തകമാണ് ഈ പുരാവൃത്തം.

നക്ഷത്രങ്ങള്‍: അഞ്ചില്‍ മൂന്നര 

November 30, 2018

ദീപയടി ന്യായീകരണം ഫോര്‍ ഫാന്‍സ്

പ്രിയപ്പെട്ട ഫാന്‍സ്,

മലയാള കവിതാ ശാഖ എന്നും കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുമായി സമരസപ്പെട്ടുകൊണ്ടാണ് നിന്നിട്ടുള്ളത്. ബ്രാഹ്മിണിക പാട്രിയാക്കിയും, ഹൈന്ദവിക ഫാസിസ്റ്റ് ശക്തികളും പിടിമുറുക്കി കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ ഒരു 'നവനവോത്ഥാന'മാണ് സര്‍വശക്തനും, പരമ കാരുണികനും, സര്‍വോപരി ജനലക്ഷങ്ങളുടെ ആനന്ദതിലോദകവും ആയ മുഖ്യന്‍റെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഒന്നോര്‍ക്കണം. ഇതിന് മുമ്പ് വന്ന 'നവോത്ഥാന'ത്തില്‍ ഊന്നി നിന്നുകൊണ്ടു മാത്രമേ നമുക്ക് നവനവോത്ഥാനവും തദ്വാരാ നവ കേരളവും നിര്‍മിക്കാന്‍ സാധിക്കൂ. ഇത്തിന്റെ ഫലമായി ഒന്നാം നവോത്ഥാന കൃതികളുമായി ഒരു സാമ്യം നവനവോത്ഥാന കൃതികള്‍ക്ക് കണ്ടേക്കാം. അതില്‍ ഒട്ടും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഒന്നാം നവോത്ഥാനകാലത്തില്‍ വിസ്മരിക്കപ്പെട്ട കല-സാഹിത്യകാരന്‍മാരുടെ പുനര്‍ജന്‍മം ആയി മാത്രം കണ്ടാല്‍ മതി.

അല്ലാതെ ആള്‍റെഡി ഭയങ്കര ഫേമസ് ആയ എനിക്കു ഇതിന്‍റെ ഒന്നും ഒരു ആവശ്യവുമില്ല!

എന്നു
ടീച്ചര്‍

#ദീപയടി

November 26, 2018

മുംബായിലെ അധോലോക രാജ്ഞികള്‍
മുത്തശ്ശനും, മുത്തശ്ശിയും പറഞ്ഞു തന്ന കഥകള്‍ ആവേശത്തോടെ കേട്ടു ഇരുന്ന ഒരു ഭൂതകാലത്തെ കുറിച്ചു നൊസ്റ്റ് അടിച്ചിരുന്നപ്പോഴാണ് കഴിഞ്ഞ ആഴ്ച ആമസോണ്‍ അവരുടെ 'ഓഡിയോ ബുക്ക്' സര്‍വീസ് ആയ 'ഓഡിബിള്‍' ഇന്ത്യയില്‍ ലോഞ്ച് ചെയ്തതു എന്ന വാര്‍ത്ത കണ്ടത്. മൂന്നുമാസം പരീക്ഷണ സമയം ഉള്ളതുകൊണ്ടു കയ്യോടെ ഇന്‍സ്റ്റാള്‍ ചെയ്തു. ഓരോ മാസം ഓരോ പുസ്തകം വീതം സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം; കേള്‍ക്കാം. ആദ്യ പുസ്തകം അവര്‍ തന്നെ റെക്കമേണ്ട് ചെയ്ത 'മുംബായിലെ അധോലോക രാജ്ഞികള്‍" (മലയാളീകരിച്ചാല്‍ കോട്ടയം പുഷ്പനാഥിന്റെ അപസര്‍പ്പക നോവല്‍ ആണെന്ന് തോന്നും) കയ്യോടെ ഡൌണ്‍ലോഡ് ചെയ്തു. സമാന സ്വഭാവമുള്ള 'പോഡ്കാസ്റ്റുകള്‍' കേള്‍ക്കുന്ന ശീലം പണ്ടേ ഉള്ളതുകൊണ്ടു ഓഡിയോ ബുക്കിനോട് ഒട്ടും അപരിചിതത്വം തോന്നിയില്ല. ദിവസേന ആപ്പീസിലേക്കും, തിരിച്ചും ഉള്ള യാത്രകള്‍ വിഭവസമൃദ്ധമാക്കന്‍ വളരെ നല്ല ഒരു ഉപാധിയാണ് ഇവയെ ഞാന്‍ കാണുന്നത്. കഥയിലേക്ക് വരാം.

ഒരു ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തകന്‍ ആയിരുന്ന ഹുസൈന്‍ സെയ്ദിയാണ് മുംബൈ അധോലോകത്തിലെ സ്ത്രീ സാന്നിദ്ധ്യത്തെ കുറിച്ചു 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകം എഴുതിയിരിക്കുന്നത്. അധോലോക നേതാവ് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുക ഒരു പിടി ആണ്‍പേരുകള്‍ ആകുമെങ്കിലും ഇവര്‍ക്ക് പുറകില്‍, എന്നാല്‍ ഇവരോടൊപ്പം അധോലോകം അടക്കി വാണ പതിമൂന്നു സ്ത്രീകളുടെ കഥകളാണ് ഈ പുസ്തകത്തില്‍ സെയ്ദി പറയുന്നത്. കഥ എന്നു പറയുമ്പോഴും, കോടതി/പോലീസ് രേഖകളും, പത്ര വാര്‍ത്തകളും, അഭിമുഖ സംഭാഷങ്ങളും മറ്റും പഠിച്ചതിന് ശേഷമാണ് പുസ്തകം എഴുതിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങള്‍ നൂറു ശതമാനം സത്യം ആണെന്ന് എഴുത്തുകാരന്‍ അവകാശപ്പെടുന്നു.

ഹാജി മസ്താന്‍, വരദരാജന്‍ മുദലിയാര്‍, ദാവൂദ്, ഛോട്ടാ രാജന്‍/ഷക്കീല്‍ മുതലായവര്‍ മുംബൈ അധോലോകം അടക്കിവാണ നാളുകളില്‍ ഇവരുടെ ഒപ്പം നിന്നുകൊണ്ടു സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത സ്ത്രീകളുടെ കഥകള്‍ ഒരു പുതിയ പെര്സ്പെക്ടീവ് ഉണ്ടാക്കും എന്നതില്‍ തര്‍ക്കമില്ല. പതിമൂന്നു പേരുകളില്‍ ഒന്നൊഴിച്ചു ബാക്കി എല്ലാം എനിക്കു അപരിചതമായിരുന്നു. ഹിന്ദി സിനിമകളിലെ മാദകസുന്ദരികളില്‍ നിന്നും തീര്‍ത്തൂം വിപരീതമാണ് യാഥാര്‍ഥ്യം എന്നു ഈ പത്തുമൂന്നു പേരുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. അതുകൊണ്ട് തന്നെ ഈ പുസ്തകം വായിച്ചിരിക്കേണ്ടതാകുന്നു. സാഹിത്യപരമായോ, ഭാഷാപരമായോ വല്യ മെച്ചമൊന്നും ഇതിന് അവകാശപ്പെടാനില്ല. അല്പം മേമ്പൊടികളോടെ എഴുതിയ ഒരു വാരാന്ത്യ പതിപ്പിലെ കോളം പോലെയാണ് എല്ലാ കഥകളും പറഞ്ഞു പോകുന്നത്. കൈകാര്യം ചെയ്യുന്ന വിഷയം ത്തന്നെയാണ് ഈ പുസ്തകത്തിന്‍റെ യു.എസ്.പി.

ഇനി ഓഡിബിള്‍ അനുഭവത്തെ കുറിച്ചു രണ്ടു വാക്ക്. രാധിക അപ്ടേ, കല്‍കി കേക്ലിന്‍, രാജ് കുമാര്‍ റാവു എന്നിവരാണ് കഥകള്‍ നമുക്ക് വേണ്ടി വായിക്കുന്നത്. മൂവരും വളരെ ഹൃദ്യമായി തന്നെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയിരിക്കുന്നു. ഇതില്‍ രാജ് കുമാറിന്‍റെ ഉച്ചാരണം മനസ്സിലാകാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ട് തോന്നിയേക്കാം. ഏകദേശം ഒരു ആഴ്ച കൊണ്ട് ഈ പുസ്തകം മുഴുവന്‍ കേട്ടു തീര്‍ന്നു. ഇന്ത്യക്കാര്‍ക് പൊതുവേ പുതിയ അനുഭവമാകും ഓഡിബിള്‍ സമ്മാനിക്കുക. വായിക്കാന്‍ സമയം കിട്ടുന്നില്ല എന്നു പരാതി പറയുന്നവര്‍ക്ക് ഇതൊന്നു പരീക്ഷിക്കാവുന്നതാണ്.

പുസ്തകം: നാലില്‍ അഞ്ചു നക്ഷത്രങ്ങള്‍ 
ഓഡിബിള്‍ അനുഭവം: നാലില്‍ അഞ്ചു നക്ഷത്രങ്ങള്‍ (രാജ് കുമാര്‍ ഒരെണ്ണം കൊണ്ടുപോയി)

വാല്‍: ആമസോണ്‍ പ്രൈം വരിക്കാര്‍ക്ക് മൂന്നു മാസവും, അല്ലാത്തവര്‍ക്ക് ഒരു മാസവും ആണ് ട്രയല്‍ സമയംSeptember 30, 2018

കേരളത്തിലെ ചിന്താ പോലീസ്?


ജോര്‍ജ് ഓര്‍വെല്‍ എഴുതിയ 1984 സമയത്തിന് അതീതമായ ക്ളാസിക് ആയാണ് കണക്കാക്കപെടുന്നത്. ഏകാധിപത്യത്തില്‍ (ഒരു പാര്‍ട്ടിയുടെ) അധിഷ്ഠിതമായ ഒരു പാര്‍ട്ടി എങ്ങനെ ജനങ്ങളെ അടിച്ചമര്‍ത്തി അവരുടെ ചിന്തകളെ വരെ നിയന്ത്രിക്കുന്നു എന്ന് വളരെ ഭംഗിയായി ഓര്‍വല്‍ പറഞ്ഞു വെക്കുന്നു. തുടര്‍ച്ചയായ നിരീക്ഷണം ഈ അടിച്ചമര്‍ത്തലിന്‍റെ മര്‍മ്മപ്രധാനമായ ആയുധമാണ്. പാര്‍ട്ടി അംഗീകരിക്കാത്ത ചിന്തകളെ പോലും കണ്ടുപിടിച്ചു അത്തരക്കാരെ ശിക്ഷിക്കാന്‍ "തോട്ട്   പോലീസ്" എന്ന സേന വിഭാഗവും ഓര്‍വല്‍ വിഭാവനം ചെയ്യുന്നു. ഇന്ന് മാതൃഭൂമിയിലെ വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മവന്നത് ഓര്‍വലിന്‍റെ 1984 ലോകമാണ്.

കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങൾ നിരീക്ഷിച്ച് പാർട്ടിക്ക് റിപ്പോർട്ട് നൽകാൻ സി.പി.എം. നിയോഗിച്ച 1800 സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങി എന്നാണു വാര്‍ത്ത. 45-നു താഴെ പ്രായമുള്ള ഇവരിൽ മിക്കവരും ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരാണ്. ഒരു വർഷത്തേക്ക് നിയോഗിച്ച ഇവർക്ക് മാസം 7500 രൂപ പ്രതിഫലം നൽകും. രാഷ്ടീയ കാര്യങ്ങളിൽ നേരിട്ട് ഇടപെടില്ല എങ്കിലും പ്രദേശങ്ങളിലെ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യലാണ് സന്നദ്ധ പ്രവർത്തകരുടെ ചുമതല എന്നും വാര്‍ത്തയില്‍ പറയുന്നു. സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നുണ്ടോ എന്നും പരിശോധിക്കും എന്നുകൂടി പറഞ്ഞു വാര്‍ത്ത അവസാനിക്കുന്നു. കേരളത്തിലെ വ്യവസായ ശാലകള്‍ പൂട്ടിച്ചും, പുതിയത് തുടങ്ങാന്‍ വരുന്നവരെ ഓടിച്ചും, നല്ലൊരു ശതമാനം ആള്‍ക്കാരെ പ്രാവസികളും, ജോലി ഇല്ലാത്തവരും ആക്കി മാറ്റിയ പാര്‍ട്ടി 1800 പേര്‍ക്ക് ജോലി കൊടുത്തു എന്നത് നല്ലതല്ലേ? ഒറ്റ നോട്ടത്തില്‍ പലര്‍ക്കും നിര്‍ദോഷമെന്നു തോന്നാവുന്ന കാര്യം. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ ശാരീരികവും, സൈദ്ധാന്തികവും ആയ അടിച്ചമര്‍ത്തലില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടി (സംശയമുള്ളവര്‍ പാര്‍ട്ടി ഭരിച്ചിരുന്ന/ഭരിക്കുന്ന സ്ഥലങ്ങളിലേക്ക് നോക്കിയാല്‍ മതി) ജനങ്ങളെ നിരീക്ഷിക്കാന്‍ ഇറങ്ങി തിരിക്കുന്നതിനെ അത്ര ലാഘവത്തോടെ കാണാന്‍ സാധിക്കില്ല. 

എതിരഭിപ്രായങ്ങളെ ഉന്മൂലനം ചെയ്ത് പാര്‍ട്ടിയുടെ സര്‍വാധിപത്യമാണ്‌ ചൈനയിലും, ഉത്തര കൊറിയയിലും ക്യൂബയിലും ഒക്കെ ഇപ്പോഴും നടക്കുന്നത്. പാര്‍ട്ടിയെയോ, പാര്‍ട്ടിയുടെ ആരാധ്യ നേതാക്കളെയോ ബഹുമാനിക്കാത്തവര്‍, അല്ലെങ്കില്‍ പാര്‍ട്ടി നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ എന്നും ഉന്മൂലനം ചെയ്യപ്പെട്ടിട്ടെ ഉള്ളു. ആ ഒരു സംസ്കാരം കൊണ്ട് നടക്കുന്ന പാര്‍ട്ടി അഭ്യസ്ത വിദ്യരായ, പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്ത (വാര്‍ത്തയില്‍ നിന്നും ഇതൊരു മുഴുവന്‍ സമയ ജോലി ആയാണ് തോന്നുന്നത്), പുരുഷന്മാരെ മാരെ മാത്രം കണ്ടെത്തി ഇങ്ങനെ ഒരു സംഘം ഉണ്ടാക്കുമ്പോള്‍ 1984ലെ ചിന്താ പോലീസിന്റെ കേരള വേര്‍ഷന്‍ ആയാണ് ഞാന്‍ കാണുന്നത്. ലിംഗ സമത്വത്തില്‍ ഇത്രയേറെ വിശ്വസിക്കുന്ന പാര്‍ട്ടി എന്തുകൊണ്ടാണ് സ്ത്രീകളെ ഇതില്‍ ഉള്‍പെടുത്താത്തത് എന്നും ആലോചിക്കുക. ഒരു വര്‍ഷം ഈ പടക്ക് അലവന്‍സ് ആയി മാത്രം നല്‍കുന്നത് 16.20 കോടി രൂപയാണ്. താമസവും, ഭക്ഷണവും വേറെ. ജനങ്ങളില്‍ നിന്നും പിരിച്ച കാശാണ് ഇത് എന്നും, ഭാവിയില്‍ അംഗങ്ങളുടെ എണ്ണം കൂട്ടും എന്നും വാര്‍ത്തയില്‍ സൂചന ഉണ്ട്. മുണ്ട് മുറുക്കി ഉടുക്കണം എന്നും, പ്രളയാനന്തര ദുരിതത്തില്‍ നിന്നും കര കയറാന്‍ എല്ലാവരും സഹായിക്കണം എന്നും നാഴികക്ക് നാല്‍പതു തവണ പറയുന്ന നേതാക്കള്‍ ഇത്രയും വലിയ തുക "നിരീക്ഷ"ണത്തിനു വേണ്ടി മാറ്റി വെക്കുന്നതിന്‍റെ ഉദ്ദേശശുദ്ധി വാര്‍ത്തയില്‍ പറയുന്ന പോലെ നിഷ്കളങ്കമാണ് എന്ന് കരുതുക വയ്യ; പ്രത്യേകിച്ച് അടുത്ത് വരുന്ന തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കാണുമ്പോള്‍. 

ജോര്‍ജ് ഓര്‍വലിന്‍റെ 1984ല്‍ സര്‍വവ്യാപിയായ ഒരു പോസ്റ്റര്‍ ഉണ്ട്: കട്ടിമീശ (സ്ടാലിന്റെ ചിത്രം സ്മരിക്കുക)യുള്ള ഒരാളുടെ ചിത്രത്തിന് താഴെ "ബിഗ്‌ ബ്രദര്‍ ഈസ്‌ വാച്ചിംഗ് യു" എന്നാണു പോസ്റ്റര്‍. "സഖാവ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, സൂക്ഷിക്കുക" എന്ന രീതിയില്‍ പോസ്റ്ററുകള്‍ വരാന്‍ കേരളത്തിലും അധികം താമസിക്കില്ല എന്ന് തോന്നുന്നു. പിന്നെ ഒരു സമാധനാമുള്ളത്, കേരളം ഒരു സ്വതന്ത്ര രാജ്യമല്ല എന്നതും, അതുകൊണ്ട് തന്നെ ഭാരത രാജ്യത്തെ ജനാധിപത്യ നിയമങ്ങള്‍ (അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന തിരഞ്ഞെടുപ്പ്) പാലിക്കാന്‍ ബാധ്യസ്ഥരാണ് എന്നതുമാണ്‌. എങ്കിലും ഇത്തരത്തില്‍ ചിന്തകളെ വരെ നിരീക്ഷിക്കുന്ന ഒരു അവസ്ഥ വന്നാല്‍ ജനങ്ങള്‍ക്ക് പിന്നെ എന്ത് സ്വാതന്ത്ര്യമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടാകുക എന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു. 

September 20, 2018

ബിഷപ്പിന്റെ ഓണപരീക്ഷ

"ഏഴു മണിക്കൂറില്‍ 150 ചോദ്യമാണ് ചോദിച്ചത്"
"ഡിസ്ക്രിപ്ട്ടീവ് ആകും, അതോണ്ട ഇത്രേം സമയം. വണ്‍ വേര്‍ഡ്‌ ആണെങ്കില്‍ ഇത്രേം സമയം എടുക്കില്ലല്ലോ"
"ചോയ്സ് ഉണ്ടായിരുന്നോ ആവോ!"
"ഇല്ല എന്ന് തോന്നുന്നു"
"ഔട്ട്‌ ഓഫ് സിലബസ് വന്നാല്‍ എന്താ ബിഷപ്‌ ചെയ്യാ?"
"ചോദ്യ നമ്പര്‍ ഇട്ടാല്‍ മാര്‍ക്ക് കൊടുക്കുമായിരിക്കും!"
"ഡാ അപ്പൊ ഇതിനു ഇനി ഇമ്പ്രൂവ്മെന്റ് ഉണ്ടാ?"
"ഉവ്വത്രേ, ഇന്ന് തന്നെ ഉണ്ട് എന്നാ കേട്ടെ!"

September 16, 2018

ഡിജിറ്റല്‍ മേഘ ലോകം


ഡിജിറ്റല്‍ ലോകം മേഘാവൃതമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. പണ്ട് സ്കൂളില്‍ നാം കമ്പ്യൂട്ടര്‍ പഠിച്ചു തുടങ്ങിയപ്പോള്‍ കേട്ടിരുന്ന സോഫ്റ്റ്‌വെയറും, ഹാര്‍ഡ്വെയറും എല്ലാം 'ക്ലൌഡ്' ആയി മാറി കൊണ്ടിരിക്കുകയാണ്. ചെറുകിട വ്യവസായങ്ങള്‍ തൊട്ടു വമ്പന്‍ അന്താരാഷ്‌ട്ര കമ്പനികള്‍ വരെ ക്ലൌഡ് സാങ്കേതത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ഒരു സ്ഥാപനത്തിന്‍റെ ഏറ്റവും മൂല്യമുള്ള ആസ്തി അതിന്‍റെ കയ്യിലുള്ള 'ഡാറ്റ' ആയി മാറിയിരിക്കുന്ന കാലത്ത് സുരക്ഷയെ മുന്‍ നിര്‍ത്തിയും സ്ഥാപനങ്ങള്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം എടുത്താല്‍ (വിശിഷ്യാ ജിയോ വന്നതിനു ശേഷം) ഇന്ത്യയിലും വലിയ തോതില്‍ ക്ലൌഡ് സങ്കേതങ്ങള്‍ സ്വീകാര്യത നേടിയിട്ടുണ്ട്. നമ്മുടെ മാറി വരുന്ന ശീലങ്ങളിലെക്ക് നമുക്കൊന്ന് കണ്ണോടിക്കാം. ഒരു സ്ഥാപനത്തിനു ആവശ്യമായ ഐ.ടി. ആസ്തികള്‍ (സെര്‍വര്‍, കമ്പ്യൂട്ടര്‍, സോഫ്റ്റ്‌വെയര്‍ മുതലായവ) ആ സ്ഥാപനം തന്നെ വാങ്ങി, പരിരക്ഷിച്ചു കൊണ്ടുവരുന്ന ഒരു രീതിയാണ് ഈ അടുത്ത കാലം വരെ സ്വീകരിച്ചു വന്നിരുന്നത്. നമ്മുടെ വീട്ടില്‍ ആണെങ്കിലും നമ്മുടെ എല്ലാ വിവരങ്ങളും (പാട്ടുകളും, സിനിമകളും മുതല്‍ വരവ് ചെലവ് കണക്കുകള്‍ വരെ) വീട്ടിലെ ഡസ്ക്ടോപ്പില്‍ സൂക്ഷിച്ചു പോന്നിരുന്നു. വമ്പന്‍ കമ്പനികളെ സംബന്ധിച്ച് ഈ ഒരു രീതിയില്‍ ആസ്തികളില്‍ വന്‍ നിക്ഷേപം തന്നെ നടത്തേണ്ടി വരുന്നു. ഒപ്പം ഇവക്കു വേണ്ട സുരക്ഷ ഒരുക്കുക എന്നതും ചിലവേറിയ കാര്യമാണ്. നമ്മള്‍ എത്ര പേര്‍ നല്ല ഒരു ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ വാങ്ങി കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്? ഇതിനെല്ലാം ഒരു മറുപടി ആയാണു ക്ലൌഡ് സങ്കേതങ്ങള്‍ ഉയര്‍ന്നു വന്നത്.ഐ.ടി സങ്കേതങ്ങളും,സോഫ്റ്റ്‌വെയര്‍ അപ്പ്ളിക്കെഷനുകളും ഒരു നെറ്റ്വര്‍ക്കിലൂടെ ഉപയോഗിക്കുന്ന രീതിക്കാണ് ക്ലൌഡ് എന്ന് പറയുന്നത്. ഇവിടെ ഡാറ്റയും, സോഫ്റ്റ്‌വെയറും ഒരു സെന്‍ട്രല്‍ സെര്‍വറില്‍ (സെര്‍വര്‍ നല്‍കുന്നത് ഒരു പക്ഷെ വേറെ ഒരു സ്ഥാപനം ആയിരിക്കും) ആണ് സൂക്ഷിക്കുന്നത്. നമ്മുടെ മുമ്പില്‍ ഉള്ള കമ്പ്യൂട്ടറില്‍ ഒരു ഡാറ്റയും, അപ്പ്ളിക്കെഷനും സൂക്ഷിക്കുന്നില്ല. ക്ലൌഡ് സങ്കേതങ്ങള്‍ നല്‍കുന്ന കമ്പനികള്‍ (ഉദാ: ഗൂഗിള്‍, ആമസോണ്‍) അവരുടെ സെര്‍വറില്‍ ഒരു ഭാഗം നമുക്ക് അനുവദിക്കുന്നു. നമ്മുടെ ഡാറ്റയും, അപ്പ്ളികെഷനുകളും അവിടെ സൂക്ഷിക്കുന്നു. ലോകത്ത് എവിടെ നിന്നും ഈ സെര്‍വറില്‍ ലോഗ് ഇന്‍ ചെയ്‌താല്‍ നമുക്ക് ഇവയെല്ലാം ആക്സസ് ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ വമ്പന്‍ കമ്പ്യൂട്ടറുകള്‍ വാങ്ങാനുള്ള ചിലവ് നമുക്ക് ഒഴിവാക്കാം. ദിനം ദിന ജീവിതത്തില്‍ ക്ലൌഡ് സങ്കേതങ്ങള്‍ നമുക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

1. ഡാറ്റ സൂക്ഷിപ്പ് : ഒരു വ്യവസായ സ്ഥാപനത്തിലെ ആയാലും, വീട്ടിലെ ഡസ്ക്ടോപ്‌ ആയാലും അതില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ നമുക്ക് വളരെ പ്രാധാന്യം ഉള്ളതാണ്. വര്‍ഷങ്ങള്‍ ആയി നാം ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങള്‍ ഇവയില്‍ ഉണ്ടാകും; ബിസിനെസ്സ് വിവരങ്ങള്‍ മുതല്‍ പഴയ ഫോട്ടോകള്‍ വരെ അതില്‍ ഉണ്ടാകും. ഒരു സുപ്രഭാതത്തില്‍ ഇവയെല്ലാം നമുക്ക് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും? കേരളത്തില്‍ ഈ അടുത്ത് ഉണ്ടായ വെള്ളപ്പൊക്കം ഒക്കെ ഈ ഒരു സാധ്യത വരെ സംഭാവ്യമാക്കി മാറ്റിയിരിക്കുന്നു. വിവരങ്ങള്‍ സൂക്ഷിച്ചു വെക്കുന്ന ഹാര്‍ഡ് ഡിസ്കുകള്‍ക്കും ഒരു നിശ്ചിത ജീവിതകാലം മാത്രമാണ് ഉള്ളത്. കൃത്യമായ ഇടവേളകളില്‍ "ബാക്ക് അപ്" എടുത്തു സൂക്ഷിക്കുന്നവരും വളരെ വിരളമാണ്. ബാക്ക് അപ് ഉണ്ടെങ്കില്‍ പോലും അവസാന ബാക്ക് അപ്പിന് ശേഷമുള്ള വിവരങ്ങള്‍ നഷ്ടപ്പെട്ടു പോകും. ഇതിനൊരു മറുപടിയാണ് ഡ്രോപ്പ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ് മുതലായ ക്ലൌഡ് സര്‍വീസുകള്‍. നമ്മുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ തത്സമയം ഇവരുടെ സെര്‍വറുകളില്‍ സൂക്ഷിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കേടു വന്നു പോയാലും നമ്മുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. കൂടാതെ ലോകത്ത് എവിടെ നിന്നും നമുക്ക് ഈ ഡാറ്റ ആക്സസ് ചെയ്യാന്‍ സാധിക്കും.
    
2. സോഫ്റ്റ്‌വെയര്‍ : ഒരു റെസ്യുമേ ടൈപ് ചെയ്യാന്‍ മുതല്‍ ഓഫീസ് പ്രേസന്‍റെഷന്‍ ഉണ്ടാക്കാന്‍ വരെ നമ്മള്‍ ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്‍റെ ഓഫീസ് സോഫ്റ്റ്‌വെയര്‍ ആണ്. ഇത് ഒരു സൌജന്യ സോഫ്റ്റ്‌വെയര്‍ അല്ല എന്നതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും ഇവയുടെ ക്രാക്ക് വേര്‍ഷനുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ക്രാക്ക് സോഫ്റ്റ്‌വെയറുകളില്‍ ഡാറ്റ ചോര്‍ത്താനുള്ള പിന്‍വാതിലുകളും ഹാക്കര്‍മാര്‍ പണിതു വെച്ചിട്ടുണ്ടാകും. ഇവിടെയാണ് ഗൂഗിളിന്‍റെ സൌജന്യ ഓഫീസ് പ്രസകതമാകുന്നത്. ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് ക്രോമിലോ, മറ്റു ഏതെങ്കിലും ബ്രൌസരിലോ നമുക്ക് ഈ ഗൂഗിള്‍ ഓഫീസ് ഉപയോഗിക്കാം ഒരു വേര്‍ഡ്‌ പ്രോസസറും, സ്പ്രെഡ്ഷീറ്റും, പ്രസന്റേഷന്‍ സോഫ്റ്റ്‌വെയറും നമുക്ക് ലഭിക്കും. മൈക്രോസോഫ്റ്റ് ഓഫീസില്‍ ലഭ്യമാകുന്ന മിക്കവാറും എല്ലാ സൌകര്യങ്ങളും ഇവയില്‍ ലഭ്യമാണ്. ഗൂഗിള്‍ ഓഫീസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫയലുകള്‍ ഗൂഗിള്‍ ഡ്രൈവിലാണ് സൂക്ഷിച്ചു വെക്കുന്നത്.       

3. വിനോദോപാധികള്‍ : വീഡിയോ/മ്യൂസിക് സ്ട്രീമിംഗ് സര്‍വീസുകള്‍ക്ക് കൂടുതല്‍ സ്വീകര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ/മ്യൂസിക്, ഹോട്ട്സ്റ്റാര്‍ മുതലായ സര്‍വീസുകള്‍ ഉപയോഗിക്കാത്തവര്‍ വളരെ വിരളമാകും. കുറഞ്ഞ ചിലവില്‍ ലഭ്യമാകുന്ന ബ്രോഡ്‌ബാന്‍ഡ്/മൊബൈല്‍ സേവനങ്ങള്‍ ഇത്തരം സര്‍വീസുകളുടെ ജനസമ്മിതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നമ്മുടെ പ്രിയഗാനങ്ങളും മറ്റും മൊബൈലില്‍ നിന്ന് മൊബൈലിലേക്ക് മാറ്റേണ്ട ആവശ്യമില്ല! ഇഷ്ട സിനിമകള്‍ വിരല്‍ തുമ്പില്‍ നമുക്ക് ആവശ്യമുള്ളപ്പോള്‍ ലഭ്യം! ഒപ്പം തന്നെ സിനിമ/മ്യൂസിക് പൈറസി കുറക്കുന്നതിനും ഇത് സഹായിക്കുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ലൌഡ് സങ്കേതങ്ങളെ കുറിച്ച് ഒരു ചെറു ലേഖനം ദീപികക്കു വേണ്ടി ഞാന്‍ എഴുതിയിടുന്നു. അതിനു ശേഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിലും, ഇന്റര്‍നെറ്റ്‌ ഉപയോഗത്തിലും വന്ന വര്‍ദ്ധനവ് ക്ലൌഡ് സങ്കേതങ്ങളെ കൂടുതല്‍ സ്വീകര്യമായിരിക്കുന്നു. ഗൂഗിള്‍ ക്രോം ഓ.എസും മറ്റും വിപ്ലവകരമായ മാറ്റങ്ങളാണ് വിദേശ രാജ്യങ്ങളില്‍ ഉണ്ടാക്കിയത്. കാലത്തിനു അനുസരിച്ച് നമ്മളും മാറേണ്ടിയിരിക്കുന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ക്ലൌഡ് സങ്കേതങ്ങളെ കുറിച്ച് കൂടുതല്‍ വിശദമായി ഇനിയും എഴുതാം. തല്‍ക്കാലം ഇത്ര മാത്രം.ശുഭ ഞായര്‍!

September 04, 2018

വളരുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍


ഇന്ത്യന്‍ 'ഡിജിറ്റല്‍ പേമെന്റ്' ഇന്‍ഡസ്ട്ട്രിയെ സംബന്ധിച്ച് വളരെ സുപ്രധാനമായ ഒരു ആഴ്ചയാണ് കടന്നുപോയത്. ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാക്കാവുന്ന സുപ്രധാനമായ പല തിരുമാനങ്ങളും കഴിഞ്ഞ ആഴ്ച ഉണ്ടായി. നോട്ടു നിരോധനത്തിന് ശേഷം വളരെ വേഗത്തില്‍ വളര്‍ന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ പിന്നീട് തളര്‍ന്നെങ്കിലും പതുക്കെ പതുക്കെ അതിവേഗ വളര്‍ച്ചയുടെ പാതയില്‍ ചലിച്ചുകൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ അതിവേഗ വളര്‍ച്ചയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇപ്പോള്‍ ഏകദേശം 200 മില്ല്യന്‍ ഡോളരാണ് ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് സെക്ടരിന്‍റെ മൂല്യം. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇത് ഏകദേശം ഒരു ട്രില്ല്യന്‍ ഡോളര്‍ ആകും എന്നാണു പ്രവചനം (ക്രെഡിറ്റ്‌ സ്യൂസ്). ഈ ഒരു അതിവേഗ വളര്‍ച്ചയാണ് ആഗോള ഭീമന്മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ഈ വെളിച്ചത്തില്‍ നമുക്ക് കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങളെ നോക്കാം:

1. ഇന്ത്യക്കായി ഗൂഗിള്‍
കഴിഞ്ഞ ആഴ്ച നടന്ന "ഇന്ത്യക്കായി ഗൂഗിള്‍" എന്ന അവരുടെ വാര്‍ഷിക സമ്മേളനത്തില്‍ ഗൂഗിളിന്‍റെ യു.പി.ഐ അധിഷ്ഠിത പണമിടപാട് ആപ്പ് ആയ 'തേസ്' രാജ്യാന്തര തലത്തില്‍ ഗൂഗിളിന്‍റെ സമാന സര്‍വീസ് ആയ 'ഗൂഗിള്‍ പേ'യുമായി ബന്ധിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയുണ്ടായി (വികസിത രാജ്യങ്ങളില്‍ സ്വീകാര്യത വര്‍ദ്ധിച്ചു വരുന്ന സര്‍വീസ് ആണ് 'പേ'). ഇതിന്‍റെ ആദ്യപടിയായി "തെസ്" പേര് മാറ്റി "ഗൂഗിള്‍ പേ" എന്നാക്കി. ബാങ്കുകളുമായി സഹകരിച്ചു ഉടനടി ലഭ്യമാക്കുന്ന "മൈക്രോ" ലോണുകള്‍ ആപ്പ് വഴി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ഗൂഗിള്‍ അറിയിച്ചു. ഒപ്പം തന്നെ ചെറുകിട - വന്‍കിട കച്ചവടസ്ഥാപങ്ങളുമായി സഹകരിച്ചു ഉപഭോക്താക്കളില്‍ നിന്നും 'പേ' വഴി പണം സ്വീകരിക്കാനുള്ള ഉദ്യമങ്ങളെ കുറിച്ചും ഗൂഗിള്‍ പറയുകയുണ്ടായി. ഇന്ത്യന്‍ റിടെയില്‍ സെക്ടറില്‍ നിക്ഷേപം നടത്താനുള്ള ഗൂഗിളിന്‍റെ തിരുമാനവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. വന്‍കിട കച്ചവട സ്ഥാപനങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കൊപ്പം ചെറുകിട ഗ്രാമീണ കച്ചവടക്കാരെ നവ സാങ്കേതിക വിദ്യകള്‍ പഠിപ്പിക്കാനും ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്. 

2.വാറന്‍ 'ഇന്ത്യന്‍' ബഫെ
സാമ്പത്തികരംഗത്തെ നിരീക്ഷിക്കുന്നവര്‍ക്ക് പ്രത്യേകം ആമുഖം ആവശ്യമില്ലാത്ത പേരാണ് വാറന്‍ ബഫെ. തന്‍റെ നിക്ഷേപങ്ങളില്‍ കണിശത കാത്തു സൂക്ഷിക്കുന്ന ബഫെ ഇന്ത്യയിലെ തന്‍റെ ആദ്യ നിക്ഷേപത്തിനായി തിരഞ്ഞെടുത്തത് ഇപ്പോള്‍ സര്‍വ വ്യാപി ആയി തീര്‍ന്നിരിക്കുന്ന 'പേ-ടിഎമ്മി'നെയാണ്. പൊതുവേ ടെക്നോളോജി വിഭാഗത്തില്‍ നിക്ഷേപിക്കാത്ത ബഫെ ഇവിടെ ആ പതിവും തെറ്റിച്ചിരിക്കുന്നു. 2% മുതല്‍ 4% വരെ ഓഹരിക്ക് 2500 കോടി രൂപയാണ് ബഫെ നല്‍കുന്നത് എന്നാണു അഭ്യൂഹം. ഇന്ത്യയുടെ ആഭ്യന്തര മാര്‍ക്കറ്റില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ്‌ പേ-ടിഎം. പണമിടപാട് സ്ഥാപനം ആയി തുടങ്ങിയതാണ്‌ എങ്കിലും ഇപ്പോള്‍ ആമസോണ്‍ പോലെ ഓണ്‍ലൈന്‍ ചന്ത കൂടിയാണ് പെടിഎം. പേ-ടിഎം ഇപ്പോള്‍ നഷ്ടത്തില്‍ ആണ് എങ്കിലും ശോഭനമായ ഭാവി കണക്കാക്കുന്നുണ്ട് വാറന്‍ ബഫെ.

3.ബാങ്കുകളാകുന്ന പോസ്റ്റ്‌ ഓഫീസുകള്‍
ഇന്ത്യ പോസ്റ്റ്‌ പെയ്മ്ന്റ്റ് ബാങ്ക് പ്രഖ്യാപനം വന്നതും കഴിഞ്ഞ ആഴ്ചയാണ്. സാങ്കേതിക വിദ്യകളുടെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട പോസ്റ്റ്‌ ഓഫീസുകള്‍ പക്ഷെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബ്രാഞ്ച് ശ്രിംഘലയുള്ള സ്ഥാപനമാണ്‌. ഈ ബ്രാഞ്ചുകളെ ബാങ്കുകള്‍ആക്കി മാറ്റുക വഴി മുക്കിലും മൂലയിലും ബാങ്കിംഗ് സൌകര്യം എത്തിക്കാന്‍ സാധിക്കും. പോസ്റ്റുമാന്‍മാരെ ഇതില്‍ ഉള്‍ക്കൊളിക്കുംപോള്‍ മനുഷ്യ ബന്ധങ്ങളില്‍ അധിഷ്ടിതമായ ബാങ്കിംഗ് ആണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഒപ്പം തന്നെ നവീന സാങ്കേതിക വിദ്യകളും കൃത്യമായ സേവനങ്ങള്‍ ഉറപ്പു വരുത്തന്നിതിനു സഹായിക്കുന്നു. 

ഇതോടൊപ്പം തന്നെ ആമസോനും, ഫേസ്ബുക്കും (വാട്സാപ്) പണമിടപാട് രംഗത്തേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവര്‍ എല്ലാവരും തന്നെ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് സര്‍ക്കാര്‍ തന്നെ (എന്‍.പി.സി.ഐ മുഖേന) വികസിപ്പിച്ച യു.പി.ഐ നെറ്റ്വര്‍ക്ക് ആണ് എന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന പണമിടപാട് സങ്കേതമാണ് യു.പി.ഐ. സര്‍ക്കാര്‍ തന്നെ ഇറക്കിയ ഭിം ആപ്പ് തന്നെയാണ് ഇതില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് എങ്കിലും ആകര്‍ഷകമായ അനുബന്ധ സേവനങ്ങള്‍ നല്‍കി വന്‍കിട കമ്പനികള്‍ അവരുടെ ഓഹരി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജനങ്ങളെ ഇത്തരം സങ്കേതങ്ങളെ കുറിച്ച് ബോധാവാന്മാരെക്കണ്ട പലരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നില്ല എന്നുമാത്രമല്ല, അവരെ പിന്‍തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട് എന്നത് വിഷമകരമായ വസ്തുതതയാണ്. പുതിയ സങ്കേതങ്ങള്‍ പണം കൈകാര്യം ചെയ്യുന്ന രീതി തന്നെ മാറ്റി മറിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടന കൂടുതല്‍ വെളുത്തു തുടങ്ങുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇക്കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ബോധവാന്മാര്‍ ആകേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.  

August 26, 2018

തോമസ്‌ ഐസക്കിനോട് ഒരപേക്ഷ

പ്രളയദുരന്തത്തില്‍ നിന്നും കര കയറുവാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് മലയാളികളും, കേരള സര്‍ക്കാരും. ഈ ഒരു അവസ്ഥയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കേണ്ട പ്രധാന ചുമതലയാണ് സാമ്പത്തികകാര്യ മന്ത്രി തോമസ്‌ ഐസകില്‍ നിക്ഷിപ്തമായുള്ളത്. ഇപ്പോള്‍ തന്നെ കോടികളുടെ ധന കമ്മിയും, പെരുകുന്ന കടവും ആയി വലയുന്ന സംസ്ഥാന ഖജനാവില്‍ നിന്നും എങ്ങനെ ഈ പണം കണ്ടെത്തും എന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ദൌര്‍ഭാഗ്യമെന്നു പറയട്ടെ, കഴിഞ്ഞ ദിവസങ്ങളില്‍ പുള്ളി പ്രഖ്യാപിച്ച പല നയങ്ങളും എങ്ങനെ ഈ വിഷമസന്ധി തരണം ചെയ്യാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്.
തോമസ്‌ ഐസക്കിന്‍റെ പ്രഖ്യാപനങ്ങള്‍ പ്രധാനമായും നാലായി തിരിക്കാം:
 1. കുപ്പി
 2. ലോട്ടറി
 3. അധിക നികുതി
 4. കടം 
നമുക്ക് ഓരോന്നായി പരിശോധിക്കാം:

1. കുപ്പി 
പ്രതിശീര്‍ഷ മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ പ്രധാന സ്ഥാനം അലങ്കരിക്കുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. മദ്യപാനം എന്നത് ഒരു അടിസ്ഥാന അവകാശം പോലെ ആയിരിക്കുന്നു. കൂടാതെ സ്കൂള്‍ കുട്ടികള്‍ വരെ ഇപ്പോള്‍ മദ്യത്തിനു അടിമപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. വര്‍ഷാവര്‍ഷം സംസ്ഥാന ബജറ്റില്‍ മദ്യ നികുതി വര്‍ദ്ധിപ്പിക്കാരുണ്ട് എങ്കിലും മദ്യഉപഭോഗത്തില്‍ അതൊന്നും കാര്യമായ കുറവ് ഉണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല, മറിച്ച് വിപരീത ഫലം ആണ് ഉണ്ടാക്കിയിട്ടുള്ളത്. മദ്യ നികുതി വര്‍ദ്ധിപ്പിച്ചു അധിക വരുമാനം പ്രതീക്ഷിക്കുന്ന സര്‍ക്കാരും അത് തന്നെയാണ് പ്രതീക്ഷിക്കുന്നതും. ഒരു പരസ്യവും കൂടാതെ ചിലവാകുന്ന 'അവശ്യ' വസ്തുവായി മാറിയിരിക്കുന്നു മദ്യം. മദ്യപാനം വരുത്തി വെക്കുന്ന സാമ്പത്തിക-സാമൂഹ്യ ബാധ്യതകളെ കുറിച്ച് ഞാന്‍ പറയേണ്ട ആവശ്യമില്ല. ഇതുപോലെ ഒരു ദുരന്തം നടന്നപ്പോഴും എല്ലാം നഷ്ടപ്പെട്ടവര്‍ മദ്യകടകള്‍ക്ക് മുമ്പില്‍ വരി നില്‍ക്കുന്ന കാഴ്ച നമുക്ക് കാണാന്‍ സാധിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ മദ്യപിച്ചു വന്നു പ്രശ്നമുണ്ടാക്കുന്ന വാര്‍ത്തകളും ഈ ആഴ്ച കണ്ടിരിന്നു. ജനങ്ങളുടെ സാമ്പത്തിക-ശാരീരിക-മാനസിക ആരോഗ്യത്തിനു വില കല്‍പ്പിക്കേണ്ട സര്‍ക്കാര്‍ തന്നെ ഇങ്ങനെ പ്രത്യക്ഷമായും, പരോക്ഷമായും മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത്, വിശിഷ്യ ഈ ഒരു അവസരത്തില്‍ നല്ലതാണോ? ഉയര്‍ന്നു വരുന്ന മദ്യപാനം ദൂരവ്യാപകമായ വിപരീത  ഫലങ്ങലാകും സംസ്ഥാനത്തിനു സമ്മാനിക്കുന്നത്. ഇപ്പോള്‍ കിട്ടുന്ന അധിക വരുമാനത്തിന്‍റെ പലമടങ്ങ്‌ സാമ്പത്തിക ബാധ്യതയാകും സംസ്ഥാനത്തിന് ഉണ്ടാകുക. ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച അധിക നികുതി മദ്യ ഉപഭോഗത്തില്‍ കുറവൊന്നും ഉണ്ടാക്കില്ല എങ്കിലും, ജനങ്ങളുടെ കയ്യിലെ ബാക്കിയുള്ള സമ്പാദ്യം കൂടി സര്‍ക്കാര്‍ ഖജാനയില്‍ എത്തും എന്നാല്ലാതെ വേറെ ഒരു ഗുണവും ഉണ്ടാകില്ല.

2.ലോട്ടറി 
കേരള സര്‍ക്കാര്‍ ലോട്ടറി പ്രശസ്തമാണ്. കോടികളുടെ വരുമാനം സര്‍ക്കാരിന് ഇതിലൂടെ ലഭിക്കുന്നു. പ്രളയ കെടുതിയില്‍ നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ കണ്ടു പിടിച്ച മാര്‍ഗം പുതിയ ലോട്ടറിയാണ്. പൊതുവേ ലോട്ടറികൂടുതലായി വാങ്ങുന്നത് സാധാരണ ദിവസക്കൂലി പണിക്കാരും, മറ്റു നീല കോളര്‍ ജോലിക്കാരുമാണ്. ഈ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നതും ഇവര്‍ക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ സാധാരക്കാരുടെ കയ്യിലെ സമ്പാദ്യം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കുക എന്നല്ലാതെ വേറെ ഒരു ഗുണവും ഇതുകൊണ്ട് ഉണ്ടാകില്ല. കമ്മ്യൂണിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍ ഖജനാവില്‍ എത്തുകയും, വരേണ്യ-മധ്യ വര്‍ഗ ബൂര്‍ഷ്വാ ശക്തികളുടെ "ക്യാപിറ്റല്‍" (അവര്‍ ലോട്ടറി വാങ്ങുന്നത് തുലോം കുറവാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്) വര്‍ദ്ധിക്കുകയും ചെയ്യും. ലോട്ടറി കച്ചവടത്തിലൂടെ സര്‍ക്കാര്‍ ഉന്നം വെക്കുന്ന അധിക വരുമാനം ഇങ്ങനെ വിയര്‍പ്പൊഴുക്കുന്നവരുടെ ദിവസ വേതനത്തില്‍ നിന്നുമാകും വരുക.

3.അധിക നികുതി 
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന ജി.എസ്.ടിയിന്മേല്‍ പത്ത് ശതമാനം സെസ് എര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചത് (ജി.എസ്.ടി കൌണ്‍സില്‍ അനുവദിച്ചാല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ) . കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഉപഭോഗത്തിന്മേല്‍ നല്‍കേണ്ട നികുതിയാണ് ജി.എസ്.ടി എന്ന പരോക്ഷ നികുതി. ആത്യന്തികമായി ഈ നികുതി ബാധിക്കുന്നത് (മറ്റെല്ലാ പരോക്ഷ നികുതികളെയും പോലെ) ഉപഭോക്താവിന്‍റെ (ജനങ്ങള്‍) പോക്കറ്റിനെയാണ്. എല്ലാ സാധനങ്ങള്‍ക്കും സെസ് ഏര്‍പ്പെടുത്താനാണ് തിരുമാനം എങ്കില്‍, അത് നടപ്പില്‍ വന്നാല്‍, സാധനങ്ങളുടെ ജി.എസ്.ടി അഞ്ചു ശതമാനം വര്‍ദ്ധിക്കും. ഈ വര്‍ദ്ധിത നികുതി ആത്യന്തികമായി നല്‍കുന്നത് പ്രളയ ദുരന്തത്തില്‍ പെട്ടുപോയ ഈ സംസ്ഥാനത്തിലെ ജനങ്ങള്‍ തന്നെയാണ്. വര്‍ഷങ്ങളുടെ സമ്പാദ്യങ്ങളും, ആസ്തികളും നഷ്ടപ്പെട്ട ജനങ്ങളുടെ മേല്‍ അധിക നികുതി എന്തായാലും ഒരു വരമാകാന്‍ പോകുന്നില്ല. 

4.കടം 
സര്‍ക്കാരിന് മുമ്പില്‍ അവശേഷിക്കുന്ന അടുത്ത വഴി കടമാണ്. ഇപ്പോള്‍ തന്നെ രണ്ടു ലക്ഷം കൂടി രൂപയില്‍ കൂടുതല്‍ കടം നമ്മുടെ കൊച്ചു സംസ്ഥാനത്തിനുണ്ട്. ഇനിയും കടം എടുക്കണം എങ്കില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം വേണം എന്ന് എവിടെയോ വായിച്ചു. എങ്ങനെ നമ്മുടെ സംസ്ഥാനം ഇത്രയും വലിയ കട കെണിയില്‍ ആയി എന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. എങ്കിലും ഈ അവസ്ഥയില്‍ ജനങ്ങള്‍ക്ക് അധിക ബാധ്യത ഇല്ലാതെ പണം കണ്ടെത്താനുള്ള ഏക വഴി (സഹായം ചോദിക്കല്‍/വാങ്ങല്‍ അല്ലാതെ) ഇതുമാത്രമാണ്. മുകളില്‍ പറഞ്ഞ മൂന്നു മാര്‍ഗങ്ങളും പ്രത്യക്ഷമായി സാധാരണ ജനങ്ങളിലാണ് ബാധ്യത സൃഷ്ടിക്കുന്നത്. അതുകൊണ്ട് എങ്ങനെ കൂടുതല്‍ കടം എടുക്കാം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കും?

ഇപ്പോള്‍ നമ്മുടെ രാജ്യത്തിലും, സംസ്ഥാനത്തിലും നില നില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ച് സര്‍ക്കാരിന് എന്തൊക്കെ ചെയ്യാം? താഴെ പറയുന്ന ചില കാര്യങ്ങള്‍ക്ക് എങ്കിലും നിയമ സാധുത പരിശോധിക്കേണ്ടതുണ്ട്.

1. തോമസ് ഐസക്കിന്‍റെ വളര്‍ത്തു പുത്രന്‍ ആയ "കിഫ്ബി" വഴി "കേരള റി-കണ്‍സ്ട്രക്ഷന്‍" ദീര്‍ഖ കാല ബോണ്ടുകള്‍ ഇറക്കാന്‍ സാധിക്കുമോ? ഈ ഒരു അവസരത്തില്‍ ബാങ്ക് നിരക്കിനേക്കാള്‍ ഒരു ശതമാനം എങ്കിലും പലിശ കൂടുതല്‍ കിട്ടുമെങ്കില്‍ പ്രവാസികളും മറ്റും ഇതില്‍ നിക്ഷേപിക്കും. സഹായമായി ചോദിക്കുന്നതിനു പകരം സര്‍ക്കാര്‍ ഗ്യാരന്റിയോടെ ഇറക്കുന്ന ബോണ്ടുകള്‍ കൂടുതല്‍ നല്ലതാണ്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രസ്തുത ബോണ്ടിലെ നിക്ഷേപത്തിന് വരുമാന നികുതി സെക്ഷന്‍ 80C ഇളവോ, ഒരു പടി കൂടി കടന്നു ക്യാപിറ്റല്‍ ഗെയിന്‍ ഇളവോ നല്‍കിയാല്‍ കൂടുതല്‍ നല്ലത്. സര്‍ക്കാര്‍ ബോണ്ടുകളെ പോലെ മാര്‍ക്കറ്റില്‍ 'ട്രേഡ്' ചെയ്യാന്‍ സാധിക്കുന്ന ബോണ്ടുകള്‍ ആണെങ്കില്‍ കുറച്ചു കൂടി നന്നായി (3-5 വര്‍ഷത്തെ ലോക്ക് ഇന്നിന് ശേഷം). സര്‍ക്കാര്‍ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി കാര്യങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുക. ശ്രദ്ധിക്കുക, നികുതി ഇളവല്ല ഉദ്ദേശിക്കുന്നത്. പകരം നികുതിയുടെ പേരിലുള്ള 'ഹരാസ്മെന്റ്' എങ്കിലും ഒഴിവാക്കി കൊടുക്കുക. വിവിധ സര്‍ക്കാര്‍ ഇടപാടുകള്‍ക്കായി വ്യവസായ സ്ഥാപനങ്ങള്‍ നല്‍കേണ്ട 'ക്യാഷ്' ഗ്യാരന്റി ബാങ്കില്‍ നിന്നുമാക്കുന്നത്തിനു പകരം മുകളില്‍ പറഞ്ഞ ബോണ്ടുകളില്‍ ആക്കുക.    

2. സ്പോണ്‍സര്‍ഷിപ്‌: പുതുതായി നിര്‍മിക്കുന്ന പാലങ്ങള്‍, റോഡുകള്‍ മുതലായവക്ക് "കുത്തക-മുതലാളിത്ത" സ്ഥാപനങ്ങളില്‍ നിന്നും സ്പോന്‍സര്‍ഷിപ്‌ ലഭ്യമാക്കാന്‍ സാധിക്കില്ലേ? റോഡുകള്‍ക്കും, പാലങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ പേരോ/അവര്‍ പറയുന്ന പേരോ നല്‍കുക; അവിടെ അവരുടെ പരസ്യങ്ങള്‍ നല്‍കുക. സ്പോന്‍സര്‍ഷിപ്പ് ഒരു നിശ്ചിത കാലത്തേക്ക് ആക്കണം - 5 - 10  വര്‍ഷം. വന്‍കിട ബൂര്‍ഷ്വാ മുതലാളികള്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍ വരെ ഈ അവസരം വിനിയോഗിക്കും.

പ്രളയകെടുതിയില്‍ പെട്ടുപോയ സാധാരണ ജനങ്ങളുടെ മേല്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചു പണം കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ ഒരിക്കലും പ്രായോഗികമാകില്ല എന്ന് പറഞ്ഞു നിര്‍ത്തുന്നു.

x

August 25, 2018

തരംഗം

അവസാനമായി തീയറ്ററില്‍ പോയി കണ്ട രണ്ടു സിനിമകളും സമ്മാനിച്ച ദുരനുഭവത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തരായിട്ടില്ല എങ്കിലും ഓണമല്ലേ, ഒരു സിനിമയൊക്കെ കാണണ്ടേ എന്ന് തോന്നിയത് കൊണ്ട് ഇന്നുച്ചക്ക് ഒരെണ്ണം കണ്ടുകളയാം എന്ന് തിരുമാനിക്കുകയായിരുന്നു. യാദൃശ്ചികം എന്നു പറയട്ടെ, മൂന്നാം തവണയും തിരഞ്ഞെടുത്തത് ഇരിങ്ങാലക്കുടക്കാരാന്‍ ടോവീനോയുടെ ഒരു സിനിമ ആയിരുന്നു: തരംഗം എന്നു പേര്‍. കണ്ടു കഴിഞ്ഞപ്പോള്‍ തുടക്കം പ്രതീക്ഷിച്ച അത്ര ബോര്‍ ആയില്ല എന്നുമാത്രമല്ല, ഞാനും വാമവും വായുവില്‍ ഒരു തംസപ്പ് നല്‍കുകയും ചെയ്തു.

ബുജി ഭാഷയില്‍ പറഞ്ഞാല്‍ സറിയലിസത്തിന്‍റെ മേമ്പൊടി ചേര്‍ത്ത സറ്റയറിസ്റ്റിക്ക് ടേക്ക് ഓണ്‍ പ്രസന്റ് സോഷ്യോ-പൊളിറ്റിക്കല്‍ കുന്ത്രാണ്ടം ഓഫ് കേരള എന്നൊക്കെ പറയാം. പക്ഷെ മായാനദി ഒക്കെ ഇറങ്ങിയപ്പോ പലരും ചെയ്തപോലെ വ്യഖ്യാനിച്ച് വ്യഖ്യാനിച്ച് വെറുപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പേര് തരംഗം എന്നാണെങ്കിലും നല്ല ഒരു 'ഓളം' ഉള്ള സിനിമ. സിനിമയുടെ കഥ അവിശ്വസനീയം ആണെങ്കിലും ഒരിക്കല്‍ പോലും അങ്ങനെ അല്ല എന്ന് സ്ഥാപിക്കാന്‍ സംവിധായകനും, കഥാകൃത്തും ശ്രമിച്ചിട്ടില്ല. പരസ്പരം ബന്ധപ്പെട്ട അവിശ്വസനീയമായ കുറെ സന്ദര്‍ഭങ്ങള്‍ (ചില ഭാഗങ്ങള്‍ മുഴച്ചു നില്‍ക്കുന്നെങ്കിലും) അവസാനം വല്യ കുഴപ്പമില്ലാതെ എല്ലാം കൂടി കൂട്ടി കെട്ടുന്ന കഥ കൊള്ളാം. എടുത്തു പറയേണ്ടത് തമാശകളാണ്. ദ്വയാര്‍ത്ഥ തമാശകള്‍ ഇല്ലാതെ തന്നെ സിനിമ ഉടനീളം ചിരിപ്പിച്ചു. 
ടോവീനോ ഇങ്ങനെ ഫുള്‍ ടൈം കോമഡി ചെയ്യുന്നത് ഞാന്‍ ആദ്യമായാണ് കാണുന്നത് (പുള്ളീടെ ചില 'സീരിയസ്' കഥാപാത്രങ്ങള്‍ എനിക്ക് കോമഡി ആയി തോന്നി എങ്കിലും, സംവിധായകന്‍ അങ്ങനെ ഉദ്ദേശിച്ചില്ല എന്ന് ചിലര്‍ എന്നോട് പറഞ്ഞതുകൊണ്ട് ആ പടങ്ങള്‍ ഒക്കെ ഞാന്‍ ഒഴിവാക്കുന്നു). എന്തായാലും വല്യ കുഴപ്പമില്ലാതെ ഒപ്പിച്ചു. പഴയ ലാലേട്ടന്റെ അനായാസത ഒന്നുമില്ലെങ്കിലും വെറുപ്പിച്ചില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദിലീഷ് പോത്തന്റെ "ദൈവം" ആണ്. വലിയ കൊട്ടാരവും, കിരീടവും, സിംഹാസനവും ഒന്നുമില്ലാതെ ഒരു "സാദാ മനുഷ്യന്‍" ആയ മതേതര ദൈവം കൊള്ളാം. ഒരു പക്ഷെ ഭൂമിയില്‍ മനുഷ്യ രൂപത്തില്‍ വന്ന ദൈവകോപ്പികളെക്കാള്‍ മാനുഷിക മുഖം പോത്തന്റെ ദൈവത്തിനുള്ളതായി തോന്നി. ഒരു തംസപ്പ് പോത്തന്! ടോവീനോയുടെ സഖാവായി അഭിനയിച്ചവനും കൊള്ളാം. രണ്ടു പേരും കൂടി ഉള്ള സീനുകള്‍ ഇഷ്ടപ്പെട്ടു.

പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്ത മധ്യാഹ്നത്തില്‍ രണ്ടു മണിക്കൂര്‍ കളയാന്‍, ആര്‍ത്തു ചിരിക്കാന്‍ പറ്റിയ സിനിമ; അത്രയും മതി, കൂടുതല്‍ ഡെക്കറെഷന്‍ ഒന്നും വേണ്ട ഈ സിനിമക്ക്. അതില്‍ കൂടുതല്‍ ഒന്നും ആകാന്‍ ഈ ചിത്രം ശ്രമിച്ചിട്ടുമില്ല.

പോസ്റ്റ്‌ ക്രെഡിറ്റ് സ്പോയ്ലര്‍: ഏറ്റവും ഇഷ്ടപ്പെട്ടത് ദൈവം ടി.വിയില്‍ കാണിച്ചു കൊടുക്കുന്ന ചിത്രങ്ങളാണ്. ക്യാമറ കഥാപാത്രങ്ങളുടെ തലയുടെ നേരെ മുകളില്‍ വെച്ചു ഷൂട്ട്‌ ചെയ്തത് നന്നായി. 'മുകളില്‍' നിന്ന് നോക്കുമ്പോള്‍ അങ്ങനെ അല്ലെ കാണു! ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ അതിനു മാത്രം!             
x

August 20, 2018

ചില ദുരന്ത ഫണ്ട്‌ (അപ്രിയ) സത്യങ്ങള്‍!

സ്വലെയുടെ പന്ത്രണ്ടു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു 'അതിഥി പോസ്റ്റ്‌'. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ജിതിന്‍റെ ഒരു പോസ്റ്റ്‌: വിഷയം - ചില ദുരന്ത ഫണ്ട്‌ സത്യങ്ങള്‍!

കുറച്ചു ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ആകാം:-

ഇന്ത്യയിൽ ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് എപ്പോൾ? അതിനെക്കുറിച്ച് ഭരണഘടനയുടെ അല്ലെങ്കിൽ നിയമത്തിന്റെ ഏത് ഭാഗത്താണ് പറഞ്ഞിട്ടുള്ളത്?
ഇന്ത്യയിൽ ദുരന്തങ്ങളെ, അതിപ്പോൾ പ്രകൃതി ദുരന്തമായാലും, മനുഷ്യനിർമിതമായ ദുരന്തമായാലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല. കാരണം അങ്ങനെ ഒരു നിയമമോ കീഴ്വഴക്കമോ ഇന്ത്യയിലില്ല.
ചില രാജ്യങ്ങളൊക്കെ അവിടങ്ങളിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദേശീയദുരന്തമായി പ്രഖ്യാപിക്കാറുണ്ടല്ലോ. പിന്നെന്താ ഇന്ത്യയിൽ അങ്ങനെ ചെയ്യാത്തത്?
മിക്ക രാജ്യങ്ങളും പ്രകൃതി ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് വിദേശ സഹായം ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ്. വിദേശസഹായം പണമായും , സേവനമായും ഒക്കെയാകാം. ഇന്ത്യക്ക് ഏതുതരം ദുരന്തങ്ങളെയും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിവുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ സുനാമി വീശിയടിച്ചപ്പോൾ പോലും ആ ദുരന്തത്തെ ദേശീയ ദുരന്തമാക്കി പ്രഖ്യാപിച്ചില്ല.
മുമ്പൊക്കെ അങ്ങനെ ചെയ്തൂ എന്ന് അന്തംകമ്മിനേതാക്കൾ കവലപ്രസംഗം നടത്തുന്നുണ്ടല്ലോ?
ബോധമില്ലാത്ത അവർ വിവരമില്ലാതെ എന്തെങ്കിലും വിളിച്ചു പറഞ്ഞത് കാര്യമാക്കാതെ നിയമം ഇക്കാര്യത്തിൽ എന്തുപറയുന്നു എന്ന് നോക്കുക.
ഈ കഴിഞ്ഞ പാർലമെന്റ് മൺസൂൺ സമ്മേളനത്തിൽ ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞത് “The existing guidelines of State Disaster Response Fund (SDRF)/ National Disaster Response Fund (NDRF), do not contemplate declaring a disaster as a ‘National Calamity’ എന്നാണ്.
2011 ൽ അന്നത്തെ കൃഷിമന്ത്രി പാർലമെന്റിൽ പറഞ്ഞത് നോക്കുക Government had treated the 2001 Gujarat earthquake and the 1999 super cyclone in Odisha as “a calamity of unprecedented severity” അല്ലാതെ ദേശീയ ദുരന്തം എന്നല്ല.
ബോധമില്ലാത്ത അന്തം കമ്മികളുടെ കാര്യം പോട്ടെന്നു വെക്കാം. ഈ രാഹുൽ ഗാന്ധിയുടെ കാര്യമോ? കുറേനാളായി പാർലമെന്റിൽ ഇരിക്കുകയല്ലേ മൂപ്പർ!
ഇന്ത്യയിൽ ഏത് നിയമപ്രകാരമാണ് ദുരന്ത നിവാരണം നടത്തുന്നത്?
2005 ൽ പാസ്സാക്കിയ The Disaster Management Act പ്രകാരമാണ് ദുരന്തനിവാരണം ഇന്ത്യയിൽ ഏകോപിപ്പിക്കുന്നതും നടപ്പിലാക്കുന്നതും.
എന്തൊക്കെയാണ് ഈ ആക്ട്ന്റെ പ്രത്യേകതകൾ?
ഇതുപ്രകാരം ദേശീയ തലത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി National Disaster Management Authority (NDMA) ഉം , മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ State Disaster Management Authority (SDMA) യും , ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ District Disaster Management Authority (DDMA) ഉം രൂപീകരിച്ചു.
അപ്പോൾ ഈ National Disaster Response Force (NDRF) എന്താണ്?
The Disaster Management Act (DM) പ്രകാരം രൂപീകൃതമായ ദുരന്തനിവാരണ സേനയാണ് NDRF. ഈ സേനയിൽ ഉള്ളവരെല്ലാം വിവിധ പാരാമിലിറ്ററി സേനകളിൽ നിന്നും വരുന്ന സൈനികരാണ്.
ശരിക്കും ഇവരുടെ പണി എന്താണ്?
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് ഇടപെടുക, രക്ഷാപ്രവർത്തനം നടത്തുക, താൽക്കാലികമായി പുനരധിവസിപ്പിക്കുക.
അപ്പോൾ ഇതൊക്കെ കേന്ദ്രത്തിന്റെ പണിയാണല്ലേ?
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ State Disaster Management Authority (SDMA) യും , ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ District Disaster Management Authority (DDMA) ഉം ഉള്ളകാര്യം അറിയാമല്ലോ. ഇവരണ്ടും പരാജയപ്പെടുമ്പോൾ അല്ലെങ്കിൽ അവർക്ക് നേരിടാൻ കഴിയാത്ത സാഹചര്യം വരുമ്പോഴാണ് കേന്ദ്രത്തിന്റെ കീഴിൽവരുന്ന National Disaster Management Authority (NDMA) രംഗത്തുവരിക.
ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്ട് പ്രകാരം The state government is primarily responsible for undertaking rescue, relief and rehabilitation measures in the event of a natural disaster എന്നതാണ്. അവർക്ക് അതിന് കഴിയാതെ വരുമ്പോഴാണ് കേന്ദ്രത്തെ വിളിക്കേണ്ടിവരുന്നത്. അല്ലാതെ മനോരമ പറയുന്നതുപോലെ കേന്ദ്രത്തിന് നേരിട്ട് കയറി ഒന്നും ചെയ്യാനാകില്ല.
അതൊക്കെ പോട്ടെ, ഇതിന്റെ സാമ്പത്തീക വശങ്ങളൊക്കെ എങ്ങനെയാണ്?
National Disaster Response Fund (NDRF), State Disaster Response Fund (SDRF) അതിനുള്ളിൽ ഡിസ്ട്രിക്ട് Disaster Response Fund എന്നിവയുണ്ട് .
ഇതിനൊക്കെയുള്ള പൈസ ആരാണ് നൽകുന്നത്?
National Disaster Response Fund (NDRF) പൂർണമായും കേന്ദ്ര ഫണ്ട് ആണ്.
അപ്പോൾ State Disaster Response Fund (SDRF) നമ്മുടെ സംസ്ഥാനങ്ങളുടേതുതന്നെയാണല്ലേ?
തോക്കിൽ കയറി പൊട്ടിക്കാതെ Mr. അന്തം. പേരിൽ സ്റ്റേറ്റ് എന്നൊക്കെയുണ്ടെങ്കിലും State Disaster Response Fund (SDRF) ന്റെ 75% ഉം കേന്ദ്രഫണ്ട് തന്നെയാണ്. ബാക്കി 25% ആണ് സംസ്ഥാന വിഹിതം.
മുകളിൽ പറഞ്ഞ National Disaster Response Fund (NDRF), State Disaster Response Fund (SDRF) അതിനുള്ളിൽ വരുന്ന ഡിസ്ട്രിക്ട് Disaster Response Fund എന്നിവയിലേക്ക് പൊതുജനങ്ങൾക്ക് പണം അയക്കാനാകുമോ?
ഇല്ല. അത് പൂർണമായും ബജറ്റ് വഴി കൊടുക്കുന്നതാണ്.
കേരളാ സംസ്ഥാനത്തിന്റെ State Disaster Response Fund (SDRF) ഇപ്പോൾ എത്ര കായ് ഉണ്ട്?
മാർച്ച് 2018 ലെ കണക്കനുസരിച്ച് ഉള്ളത് Rs. 348.45 കോടി രൂപയാണ് ഉള്ളത്.
ഇപ്പോഴോ?
ഈവർഷത്തെ കേന്ദ്ര വിഹിതമായ 160.50 കോടി രൂപ കൊടുത്തുകഴിഞ്ഞു. അതിന്റെ 25 % സംസ്ഥാനം ഇടണം. അതെത്രയാ?
Mr. നിരക്ഷര അന്തം ഉഷ്‌ണിക്കേണ്ട. കണക്ക് പറഞ്ഞുതരാം. സംസ്ഥാനവിഹിതം Rs. 53 .50 കോടി രൂപ വരും. അപ്പോൾ ആകെ മൊത്തം ഉള്ളതെത്രയാ? 562.45 കോടി രൂപ ഇപ്പോൾ സംസ്ഥാനത്തിന്റെ ദുരിതാശ്വാസ ഫണ്ടിൽ (SDRF) ൽ കാണണം.

പ്രളയം ഉണ്ടായ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി 160 കോടി രൂപയും പ്രധാനമന്ത്രി 500 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ ആകെ SDRF ൽ എത്ര രൂപ ഉണ്ടാകണം? 1222 .45* കോടി രൂപ!
ഈ 1222.45 കോടിയുടെ 75% തന്നിരിക്കുന്നത് ആരാണ്? കേന്ദ്രസർക്കാർ. അതെത്രയുണ്ട്? Rs.917 കോടി രൂപ കേന്ദ്രം തന്നത് കയ്യിൽ ഉണ്ട്. എന്നാലും കേന്ദ്രം കേരളത്തെ അവഗണിച്ചു എന്നേ പറയൂ.
*1222.45 കോടി രൂപ എന്നത് ഹിന്ദുസ്ഥാൻ ടൈംസ് പത്ര വാർത്തയും പിന്നീടുള്ള പ്രഖ്യാപനങ്ങളും ചേർന്നിട്ടുള്ള തുകയാണ്. ആധികാരികത പൂർണമായും ഉറപ്പില്ല.
അതിന് ഞമ്മള് ചോദിച്ചത് 20000 കോടി രൂപയല്ലേ?
അത് കോയ , ഈ ഡിസാസ്റ്റർ ഫണ്ട് എന്ന് പറയുന്നത് അടിയന്തര സഹായം ആണ്. അത് നഷ്ടപരിഹാരമോ ഒന്നുമല്ല. രക്ഷാപ്രവർത്തനം നടത്താനും, താൽക്കാലിക ക്യാമ്പുകൾ തുറക്കാനും, ഭക്ഷണത്തിനും , മരുന്നിനും , വസ്ത്രത്തിനുമൊക്കെയാണ് ഈ തുക. നഷ്ടപരിഹാരവും ദുരന്ത നിവാരണ ഫണ്ടുമായി ഒത്തിരി വ്യത്യാസമുണ്ട്.
ശരിക്കും നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ കയ്യിലുള്ള ദുരന്തനിവാരണ ഫണ്ട് വിനിയോഗിച്ചതിന് ശേഷം മാത്രമേ കേന്ദ്ര ഫണ്ട് ഉപയോഗിക്കാനാകൂ എന്നതാണ്. ഇവിടെ 350 കോടി രൂപക്ക് മുകളിൽ അക്കൗണ്ടിൽ കിടന്നപ്പോഴാണ് കേന്ദ്രം വീണ്ടും അടിയന്തിര സഹായം അനുവദിച്ചത്.
സംസ്ഥാനത്തിന്റെ കയ്യിലുള്ള State Disaster Response Fund (SDRF) ഉപയോഗിക്കാൻ കേന്ദ്രത്തിന്റെ അനുവാദം വേണോ?
വേണം . 10% മാത്രമേ SDRF ഫണ്ടിൽ നിന്നും സംസ്ഥാങ്ങൾക്ക് കേന്ദ്രനുമതിയില്ലാതെ ഉപയോഗിക്കാനാകൂ എന്നാണ് നിയമം പറയുന്നത്.
പങ്കായം ദുരന്തം സോറി തെറ്റിപ്പോയി ഓഖി ദുരന്തം ഉണ്ടായപ്പോൾ കേരളം എത്രയാണ് കേന്ദ്രത്തോട് ചോദിച്ചത്?
കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി വന്നപ്പോൾ ചോദിച്ചത് - Rs. 1843 കോടി 
പ്രധാനമന്ത്രി വന്നപ്പോൾ ചോദിച്ചത് - Rs. 7380 കോടി 
ഔദ്യോഗികമായി ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്ട് പ്രകാരം ചോദിച്ചത് - Rs. 422 കോടി.

എല്ലാം ആനയും ആടും പോലെ വ്യത്യാസം അല്ലേ?
കേന്ദ്രസർക്കാർ ഓഖി ദുരിതാശ്വാസത്തിനായി അനുവദിച്ചത് Rs.379 കോടി രൂപ (കേന്ദ്രമന്ത്രി പാർലമെന്റിൽ ശശി തരൂർ എംപി ക്കു രേഖാമൂലം കൊടുത്ത മറുപടിയിൽ പറഞ്ഞതാണ്). അതിൽ ഇതുവരെ വിനിയോഗിച്ചത് എത്രയാണ്?
മെയ് 2018 വരെ ആകെ ചെലവഴിച്ചത് 25 കോടി രൂപയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർ ചെയ്തത്. ദുരന്തം കഴിഞ്ഞ് 5 മാസം പിന്നിട്ട ശേഷമുള്ള കണക്കാണത്. ചോദിച്ചത് Rs. 7380 കോടി. നിയമപ്രകാരം ചോദിച്ചത് Rs. 422 കോടി. കിട്ടിയത് Rs.379 കോടി. ചെലവഴിച്ചത് Rs. 25 കൊടിയും !
ഇപ്പോൾ ചോദിക്കുന്നത് 20000 കോടി രൂപ.
വായിൽതോന്നുന്നത് ചോദിക്കും. നിയമപ്രകാരം പോകുമ്പോൾ തുക വേറൊന്നായിരിക്കും. അവസാനം ചെലവഴിക്കുന്നതോ?
ഇപ്പോൾ 20000 കോടി രൂപ ചോദിച്ചല്ലോ , അതെന്തിനാണ്?
എന്ത് മനഃസാക്ഷിയില്ലാത്ത ചോദ്യമാണ് ഹേ. റോഡുകൾ തകർന്നു, പാലം തകർന്നു, വീടുകൾ തകർന്നു, കൃഷി തകർന്നു, തൊഴിൽ നഷ്ട്ടപെട്ടു, വീട്ടുപകരണങ്ങൾ നഷ്ടമായി, വൈദ്യുതി ലൈനുകൾ അടക്കം എല്ലാം നശിച്ചു. എല്ലാം കൂടി കണക്കാക്കുമ്പോൾ ഒരു 50000 കോടി ആകുമെങ്കിലും 20000 കോടി കിട്ടിയാൽ ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തോളാം.
അല്ല കോയ , പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ 660 കോടി രൂപ അടിയന്തിര ധനസഹായം നൽകി. ആർമി തകർന്ന പാലങ്ങൾ താൽക്കാലികമായി പുനഃസ്ഥാപിച്ചു. റോഡുകൾ എല്ലാം കേന്ദ്രത്തിന്റെ ചെലവിൽ നന്നാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാലങ്ങളും അതുപോലെതന്നെ.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെട്ടു. കൃഷി നശിച്ച കർഷകർക്ക് വീണ്ടും കൃഷി ആരംഭിക്കാൻ മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലൊപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ പ്രകാരം സഹായം നൽകും. ഫസൽ ഭീമ യോജന പ്രകാരം പ്രളയം മൂലം കൃഷിനാശം ഉണ്ടായവർക്ക് നഷ്ടപരിഹാരം ലഭിക്കും. വീട് നഷ്ട്ടമായവർക്ക് പ്രധാമന്ത്രി ആവാസ് യോജന പ്രകാരം വീട് നിർമിച്ചു നൽകും.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിൽനിന്നു നൽകും. മരുന്നുകൾ എത്തിച്ചു നൽകും. അഞ്ചരക്കോടി തൊഴില്‍ദിനങ്ങള്ളാണ് പ്രഖ്യാപിച്ചത്. ഇതുവഴി സാധാരണക്കാര്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാകും. അതും ഇടനിലക്കാരില്ലാതെ അക്കൗണ്ടുകളില്‍ എത്തിക്കാനാണ് പദ്ധതി.
ദേശീയപാത- റോഡ് അറ്റകുറ്റപ്പണികള്‍ വഴി അതത് പ്രദേശത്തെ ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കും.
ഇനി പറ , എന്തിനാണ് 20000 കോടി രൂപ? ഓഖി ദുരന്തത്തിന് കേന്ദ്രം തന്ന തുകയുടെ 10% എങ്കിലും ചെലവഴിച്ചിട്ട് പോരായിരുന്നോ ഇപ്പോഴത്തെ ഈ ഫണ്ട് ചോദിക്കൽ?
പ്രധാനമന്ത്രി റിലീഫ് ഫണ്ട് , ചീഫ് മിനിസ്റ്റർ റിലീഫ് ഫണ്ട് ഇവയും National Disaster Response Fund (NDRF), State Disaster Response Fund (SDRF) തമ്മിൽ എന്താണ് വ്യത്യാസം?
രണ്ടും രണ്ടാണ്.പ്രധാനമന്ത്രി റിലീഫ് ഫണ്ട് , ചീഫ് മിനിസ്റ്റർ റിലീഫ് ഫണ്ട് എന്നിവ ജനങ്ങളിൽ നിന്നുള്ള സംഭാവനകളാണ്. National Disaster Response Fund (NDRF), State Disaster Response Fund (SDRF) ഇവ ബജറ്റ് വഴി ലഭിക്കുന്ന കേന്ദ്ര സർക്കാർ ഫണ്ടാണ്.
ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന് കേട്ടില്ലേ? അതുപോലെ പ്രധാനമന്ത്രിക്കും ദുരിതാശ്വാസ ഫണ്ട് ഉണ്ട്.ഇവ രണ്ടും ജനങ്ങൾ നൽകുന്ന സംഭാവനകളാണ്. ഇവക്ക് രണ്ടിനും ആദായ നികുതി ഇളവുണ്ട്.
പ്രധാനമന്ത്രി റിലീഫ് ഫണ്ട് ന്റെ വെബ്സൈറ്റ് പരിശോദിച്ചാൽ ഓരോ വർഷത്തെ വരവ് ചെലവുകളും , അത് ഓഡിറ്റ് ചെയ്തതാണോ അല്ലയോ എന്നൊക്കെയുള്ള വിവരങ്ങളും ലഭ്യമാണ്. പക്ഷെ സംസ്ഥാന മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് വെബ്‌സൈറ്റിൽ ആവക കാര്യങ്ങളൊന്നും തന്നെയില്ല എങ്കിലും അതിൽ ലഭിക്കുന്ന സംഭവനകൾക്കും ഓഡിറ്റ് പരിശോധന ഉണ്ടെന്നാണ് മനസിലാക്കുന്നത്.
2004 ലെ കേന്ദ്ര നിയമ കമ്മീഷൻ ഇത്തരം അക്കൗണ്ടുകളും നിർബന്ധമായും ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം ആ കമ്മീഷൻ ശുപാർശകൾ പൂർണമായും നടപ്പിലാക്കിയിട്ടില്ല എന്നതിന്റെ ഉദ്ദാഹരണമാണ് ഇപ്പോഴും തുടരുന്ന അന്തംകമ്മി ബക്കറ്റ് പിരിവ്.
ബാക്കി ചോദ്യങ്ങളും ഉത്തരങ്ങളും പിന്നീട്.


x

August 13, 2018

പണം അയയ്ക്കു, ഇമെയില്‍ പോലെ


ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പിടിച്ചു കുലുക്കിയ ഒരു സംഭവമാണ് 2016ലെ നോട്ടുനിരോധനം എന്നത് സംശയമില്ലാത്ത കാര്യമാണ്. നിരോധനത്തിന് ശേഷം ക്യാഷ്-ലെസ്സ് ഇടപാടുകള്‍ (പണത്തിനു പകരം കാര്‍ഡ്/നെറ്റ് ബാങ്കിംഗ് മുതലായവ ഉപയോഗിച്ചുള്ള വിനിമയം) വന്‍ തോതില്‍ വര്‍ദ്ധിച്ചു എന്നാണു കണക്കുകള്‍ കാണിക്കുന്നത്. കറന്‍സി ഉപയോഗിച്ചുള്ള വിനിമയം വന്‍തോതില്‍ കുറഞ്ഞിട്ടില്ല എങ്കിലും ക്യാഷ്-ലെസ്സ് വിനിമയങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് അഞ്ചിരട്ടിയിലധികം കൂടി. എന്നാല്‍ ഏറ്റവും എളുപ്പത്തില്‍ പണം അയക്കാനുള്ള വഴികളില്‍ പലതും പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ബാങ്ക് വഴി പണം അയക്കുന്നതിനു ബാങ്ക് ചെറിയ സര്‍വീസ് ചാര്‍ജ് ഈടാക്കാറുണ്ട്; എന്നാല്‍ ഒട്ടും ചാര്‍ജ് ഇല്ലാതെ പണം അയക്കാനുള്ള "UPI" സങ്കേതം നമ്മളില്‍ എത്ര പേര്‍ ഉപയോഗിക്കുന്നുണ്ട്? 

എന്താണ് യു.പി.ഐ?

നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു നെറ്റ്വര്‍ക്ക്‌ ആണ് യു.പി.ഐ. ഇതിനെ നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്കാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും യു.പി.ഐ ഉപയോഗിക്കുന്നുണ്ട്. യു.പി.ഐ ഒരു "റിയല്‍ ടൈം നെറ്റ്‌വര്‍ക്ക്" ആണ്: അതായത് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ തന്നെ സ്വീകര്‍ത്താവിന്റെ അക്കൌണ്ടില്‍ വരവ് വെക്കപ്പെടുന്നു. RTGS/NEFT സങ്കേതങ്ങള്‍ ഉപയോഗിച്ച് വിനിമയം നടത്തിയാല്‍ ഒന്നുമുതല്‍-മൂന്നു മണിക്കൂര്‍ വരെ സമയം എടുക്കും സ്വീകര്‍ത്താവിന്റെ അക്കൌണ്ടില്‍ എത്താന്‍.

എല്ലാ പ്രധാന ബാങ്കുകളും അവരുടെ ബാങ്കിംഗ് ആപ്പു വഴിയോ, അല്ലെങ്കില്‍ യു.പി.ഐ ആപ്പു വഴിയോ പണമിടപാട് നടത്താനുള്ള സൌകര്യം ഇപ്പോള്‍ നല്‍കുന്നുണ്ട്. ഇതുകൂടാതെ ഭാരത സര്‍ക്കാരിന്റെ "ഭിം" ആപ്പ്, ഗൂഗിളിന്റെ 'തേസ്' വഴിയോ, പേ ടി.എം പൊലുള്ള 'വാലറ്റു'കള്‍ വഴിയോ, സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ലാത്തവര്‍ക്ക് "*99#" എന്ന നമ്പര്‍ വഴിയോ യു.പി.ഐ ഉപയോഗിക്കാവുന്നതാണ്. 

എങ്ങനെ യു.പി.ഐ ഉപയോഗിക്കാം?

നിങ്ങളുടെ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ (ബാങ്കിന്റെ മെസ്സേജ് വരുന്ന നമ്പര്‍) വഴിയാണ് യു.പി.ഐയില്‍ രജിസ്ടര്‍ ചെയ്യേണ്ടത്. സ്മാര്‍ട്ട്‌ ഫോണില്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് സ്ക്രീനിലെ നിര്‍ദേശങ്ങള്‍ പിന്‍തുടര്‍ന്നാല്‍ മതി. ബാങ്കും മോബൈല്‍ നമ്പറും നമ്മള്‍ രേഖപ്പെടുത്തുമ്പോള്‍ ഒരു എസ്.എം.എസ് ഓ.ടി.പി വഴി നമ്പര്‍ 'വെരിഫൈ' ചെയ്യുന്നു. ശേഷം ആ നമ്പരുമായി ബന്ധിക്കപ്പെട്ട ആ ബാങ്കിലെ അക്കൌണ്ടുകള്‍ നമ്മുടെ മുമ്പില്‍ തെളിയുന്നു. അതില്‍ ഏതെങ്കിലും ഒരു അക്കൌണ്ട് തിരഞ്ഞെടുക്കണം. 
യു.പി. ഐ ഉപയോഗിച്ച് നടത്തുന്ന കൊടുക്കല്‍-വാങ്ങലുകള്‍ എല്ലാം ഈ അക്കൌണ്ടില്‍ ആകും രേഖപ്പെടുത്തുക എന്നതുകൊണ്ട് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അക്കൌണ്ട് തന്നെ തിരഞ്ഞെടുക്കുന്നതാകും നല്ലത്. അതിനു ശേഷം "യു.പി.ഐ പിന്‍" സെറ്റ് ചെയ്യണം. അതിനു വേണ്ടി നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് നമ്പറും, അതിന്റെ പിന്നും ആവശ്യമാണ്. ഇങ്ങനെ യു.പി.ഐ പിന്‍ സെറ്റ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ രെജിസ്ട്രേഷന്‍ പൂര്‍ണ്ണമായി. 
ഇനി ഓരോ തവണ പണം അയക്കുംപോഴും ഈ യു.പി.ഐ പിന്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ സാധുവാക്കപ്പെടുന്നത്. അതുകൊണ്ട് എളുപ്പം ഓര്‍ത്തു വെക്കാവുന്നതും, എന്നാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ ഊഹിച്ചു കണ്ടെത്താന്‍ സാധിക്കാത്തതും ആയ ഒരു നമ്പര്‍ പിന്‍ ആയി ഉപയോഗിക്കുക. 

എങ്ങനെ പണം അയക്കാം?

യു.പി.ഐ രെജിസ്ട്രേഷന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു ഇമെയില്‍ വിലാസം പോലെ തോന്നിക്കുന്ന "ഐ.ഡി" ലഭിക്കും. ചില അപ്പുകളില്‍ മൊബൈല്‍ നമ്പര്‍ തന്നെയാണ് ഐ.ഡി ആയി ആദ്യം അനുവദിക്കുന്നത്. താഴെ പറയുന്ന രീതിയില്‍ ആകും ഈ ഐ.ഡി ഉണ്ടാകുക:
 1. നിങ്ങളുടെ പേര്@ബാങ്കിന്റെ പേര് : ranjith@hdfcbank
 2. നിങ്ങളുടെ മൊബൈല്‍ നമ്പര്‍@UPI: 93XXXXXXXX@UPI
നിങ്ങള്‍ ഉപയോഗിക്കുന്ന ആപില്‍ നിങ്ങള്‍ക്ക് ഈ ഐ.ഡി മാറ്റാവുന്നതാണ്. ഇതിനോടൊപ്പം തന്നെ നിങ്ങളുടെ യു.പി.ഐ ഐഡിയുമായി ബന്ധിക്കപ്പെട്ട ഒരു ബാര്‍ കോഡ് (ക്യു.ആര്‍ കോഡ്) കൂടി നിങ്ങള്‍ക്ക് ആപ്പില്‍ ലഭ്യമാണ്. ഈ രണ്ടു സങ്കേതങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരാളില്‍ നിന്നും പണം കൈപറ്റാവുന്നതാണ്. ഒരു എ-മെയില്‍ അയക്കുന്ന പോലെ നമുക്ക് ഈ ഐ.ഡി ഉപയോഗിച്ച് വിനിമയം നടത്താന്‍ സാധിക്കുന്നു. ഐ.ഡി എന്റര്‍ ചെയ്യുമ്പോള്‍ ആ അക്കൌണ്ട് ആരുടെ പേരിലാണ് എന്നത് എഴുതി കാണിക്കും എന്നതുകൊണ്ട് പണം തെറ്റി വേറെ അക്കൌണ്ടില്‍ പോകും എന്ന പേടിയും വേണ്ട. ആര്‍ക്കാണോ പണം അയച്ചു കൊടുക്കേണ്ടത്, അയാളുടെ യു.പി.ഐ ഐടി മാത്രം മതി നമുക്ക് പണം അയക്കാന്‍. ഈ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജ് ഈടാക്കുന്നതല്ല. ഒരു ദിവസം ഒരാള്‍ക്ക് അയക്കാവുന്ന പരമാവധി തുക പതിനായിരം രൂപയാണ്.

എന്തുകൊണ്ട് യു.പി.ഐ?

 1. ഇടപാടുകള്‍ ഉടനടി അക്കൌണ്ടില്‍ രേഖപ്പെടുത്തുന്നു. NEFT/RTGS പോലെ മണിക്കൂറുകള്‍ എടുക്കില്ല.
 2. അവധി ദിനങ്ങളിലും ഇടപാടുകള്‍ നടത്താം. NEFT/RTGS അവധി ദിനങ്ങളില്‍ സാധ്യമല്ല.
 3. ഇപ്പോള്‍ ചാര്‍ജ് ഇല്ല. NEFT/RTGS ഇടപാടുകള്‍ക്ക് ഏറ്റവും കുറഞ്ഞത് അഞ്ചു രൂപ സര്‍വീസ് ചാര്‍ജ് ബാങ്ക് ഈടാക്കുന്നു.
 4. നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ പരസ്യമാക്കേണ്ടതില്ല. നിങ്ങളുടെ യു.പി.ഐ ഐഡി ഉപയോഗിച്ച് നിങ്ങളുടെ അക്കൌണ്ട് നമ്പര്‍ വിവരങ്ങള്‍ ലഭിക്കില്ല.
 5. എളുപ്പത്തില്‍ ബില്‍ പേമെന്റ് നടത്താന്‍ സാധിക്കും
ഇതിനു പുറമേ ഓരോ അപ്പുകളിലും പ്രത്യേകമായ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഉദാ: ഗൂഗിളിന്റെ തേസ് ആപ്പുപയോഗിച്ചാല്‍ ഓരോ വിനിമയത്തിനും "ക്യാഷ് ബാക്ക്" കിട്ടാനുള്ള സാധ്യതയുണ്ട്.

ഉപയോഗങ്ങള്‍ 

ചെറുകിട കച്ചവടക്കാര്‍, പെട്രോള്‍ പമ്പുകള്‍ മുതലായവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കുന്നത്തിലൂടെ വിനിമയങ്ങള്‍ എളുപ്പതിലാക്കാന്‍ സാധിക്കുന്നതാണ്. വീട്ടിലെ പത്രം/പാല്‍/കേബിള്‍ മുതലായവയുടെ പണം എല്ലാ മാസവും യു.പി.ഐ വെച്ച് നല്‍കാം. ഇതിലൂടെ കറന്‍സിയുടെ വിനിമയം കുറക്കാവുന്നതും, നല്‍കുന്ന പണത്തിനു കൃത്യമായ കണക്കും ഉണ്ടാക്കാവുന്നതാണ്. 

 August 08, 2018

ആദായ നികുതി റിട്ടേണ്‍ - എഫ്.എ.ക്യു


ഇന്ത്യയില്‍ നിശ്ചിത സംഖ്യക്ക് മുകളില്‍ വരുമാനം ഉള്ള എല്ലാവരും (ഓഡിറ്റ്‌ ആവശ്യമില്ലാത്തവര്‍) സാമ്പത്തിക വര്‍ഷം അവസാനിച്ചു നാല് മാസത്തിനുള്ളില്‍ (ജൂലൈ 31 നു മുമ്പ്) വരുമാന നികുതി റിട്ടേണ്‍ ഓണ്‍ലൈന്‍ ആയി ഫയല്‍ ചെയ്യേണ്ടതാണ്. സര്‍ക്കാര്‍/സ്വകാര്യ മേഘലയിലെ ജോലിക്കാര്‍, ചെറുകിട വ്യവസായികള്‍, സ്വന്തമായി എന്തെങ്കിലും സ്ഥാപനം നടത്തുന്നവര്‍, ഓഹരി കച്ചവടം നടത്തുന്നവര്‍, വാടക വരുമാനം ലഭിക്കുന്നവര്‍ മുതലായവരാണ് ഇപ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. എന്നാല്‍ പലര്‍ക്കും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനെ കുറിച്ച് സംശയങ്ങള്‍ ഉള്ളതിനാല്‍ കൃത്യ സമയത്തിനു ഫയല്‍ ചെയ്യുന്നില്ല. സാമ്പത്തിക വര്‍ഷം 2017-18 ന്റെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ആഗസ്റ്റ്‌ 31 ആണ് (ഒരു മാസം നീട്ടിയിട്ടുണ്ട്). ഈ അവസരത്തില്‍ ഫയിലിംഗ് സംബന്ധമായി സാധാരണ ചോദിക്കാറുള്ള സംശയങ്ങള്‍ക്ക് ഉത്തരങ്ങളാണ് താഴെ നല്‍കുന്നത്.

1.എത്ര വരുമാനം ഉള്ളവരാണ് ഫയല്‍ ചെയ്യേണ്ടത്?
ശമ്പളം, പെന്‍ഷന്‍, വീട്ടു വാടക, ഓഹരി വില്‍പനയിലെ ലാഭം, ബിസിനസ്സില്‍ നിന്നുള്ള ലാഭം പിന്നെ പലിശ മുതലായ പലവക വരുമാനങ്ങള്‍ എന്നിങ്ങനെ പല സ്രോതസ്സുകളില്‍ നിന്നുമുള്ള വരുമാനം ഒരു സാമ്പത്തിക വര്‍ഷം രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും വരുമാന നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. കൂടാതെ നിങ്ങളുടെ വരുമാനം രണ്ടര ലക്ഷത്തില്‍ കുറവാണെങ്കിലും നിങ്ങളുടെ വരുമാനത്തില്‍ നിന്നും ടാക്സ് കുറച്ചിട്ടുണ്ടെങ്കില്‍ (TDS) നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇവിടെ വരുമാനം എന്നുപറയുന്നത് സെക്ഷന്‍ 80 പ്രകാരമുള്ള ഇളവുകള്‍ക്ക് മുമ്പുള്ള വരുമാനമാണ്.

2.എന്റെ ശമ്പളത്തില്‍ നിന്നും കമ്പനി ടാക്സ് പിടിച്ചിട്ടുണ്ട്. ഇനി ഒന്നും അടക്കാന്‍ ഇല്ല. ഞാന്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ആവശ്യമുണ്ടോ?
റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള മാനദണ്ഡം വരുമാനമാണ്. നിങ്ങള്‍ക്ക് ടാക്സ് ബാധ്യത ഉണ്ടെങ്കിലും/ഇല്ലെങ്കിലും വരുമാനം മുകളില്‍ പറഞ്ഞ സംഖ്യയിലും കൂടിയാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം. 

3.റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?
ആദ്യം പറഞ്ഞ പോലെ റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നത് നിയമപരമായ ചുമതലയാണ്. ഒപ്പം തന്നെ ബാങ്കുകളിലോ/മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ വായ്പക്ക് അപേക്ഷിക്കുമ്പോള്‍ മൂന്നു വര്‍ഷത്തെ എങ്കിലും ആദായ നികുതി റിട്ടേനിന്റെ പകര്‍പ്പ് ചോദിക്കാറുണ്ട്. ഇവ പരിശോധിച്ചാണ് ബാങ്ക് വായ്പാ തുക തിരുമാനിക്കുന്നത്.

4.ഞാന്‍ കഴിഞ്ഞ വര്‍ഷം ഒന്നില്‍ കൂടുതല്‍ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. രണ്ടു സ്ഥലത്തു നിന്നും ലഭിച്ച ഫോം പ്രകാരം എനിക്ക് ടാക്സ് ബാധ്യത ഇല്ല. പിന്നെ എന്തുകൊണ്ടാണ് എനിക്ക് നികുതി ബാധ്യത ഉണ്ട് എന്ന് പറയുന്നത്?
നിങ്ങളുടെ ആദായ നികുതി കണക്കാക്കുന്നത് മൊത്തം വരുമാനത്തിന്മേല്‍ ആണ്. അതുകൊണ്ട് തന്നെ ഒന്നില്‍ കൂടുതല്‍ സ്രോതസ്സില്‍ നിന്നും വരുമാനമുള്ളവര്‍ എല്ലാ വരുമാനവും കൂട്ടിഎടുക്കണം. ഇങ്ങനെ വരുമ്പോള്‍ ടാക്സ് ബാധ്യത വരാനുള്ള സാധ്യത കൂടുതലാണ് കാരണം ഒരു തവണ മാത്രം എടുക്കുന്ന ഇളവുകള്‍ പലതും വ്യത്യസ്ത സ്രോതസ്സുകളില്‍ ഒന്നില്‍ കൂടുതല്‍ തവണ എടുത്തിട്ടുണ്ടാകും. 

5.സാധാരണ വരുമാനത്തില്‍ നിന്നും കുറക്കാവുന്ന തുകകള്‍ എന്തൊക്കെയാണ്?
ശമ്പളത്തിന്റെ ഭാഗമായി ലഭിക്കുന്ന എച്.ആര്‍.എ, എജുക്കേഷന്‍ അലവന്‍സ്, കണ്‍വെയന്‍സ് അലവന്‍സ്, മെഡിക്കല്‍ റി-ഇമ്പേര്‍സ്മെന്റ് മുതലായവ (അവസാനം പറഞ്ഞ രണ്ടു വിഭാഗങ്ങള്‍ സാമ്പത്തിക വര്‍ഷം 2018-19 മുതല്‍ ലഭ്യമല്ല) ശമ്പളത്തില്‍ നിന്നും നിബന്ധനകള്‍ക്ക് അനുസൃതമായി കുറക്കാവുന്നതാണ്. ഇതോടൊപ്പം ഭാവന വായ്പയില്‍ ആ വര്‍ഷം ചാര്‍ജ് ചെയ്യപ്പെട്ട പലിശ, അംഗീകൃത ഡോനെഷന്‍, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, മെഡിക്കല്‍ഇന്‍ഷുറന്‍സ് പ്രീമിയം, പി.എഫ് നിക്ഷേപം, ഭാവന വായ്പയില്‍ ആ വര്‍ഷം തിരിച്ചടച്ച പലിശ ഒഴികെയുള്ള സംഖ്യ മുതലായവ ആകെ വരുമാനത്തില്‍ നിന്നും കുറയ്ക്കാവുന്നതാണ്.

6. പോയ വര്‍ഷങ്ങളിലെ ശമ്പളം അരിയര്‍ ആയത് ഈ വര്‍ഷം എനിക്ക് ലഭിച്ചിട്ടുണ്ട്. അതിനു എന്തെങ്കിലും ഇളവു ലഭിക്കുമോ?
അരിയര്‍ ആയി ലഭിച്ച ശമ്പളത്തിന് കൃത്യമായ കണക്കുകള്‍ (ഏതൊക്കെ മാസങ്ങളില്‍ എത്ര വീതം അരിയര്‍ എന്നിങ്ങനെ) ഉണ്ട് എങ്കില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇളവിന് അര്‍ഹത ഉണ്ടെങ്കില്‍ ഫോം 10E ഫയല്‍ ചെയ്തതിനു ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യണം.

7.ഞാന്‍ ഒരു പ്രവാസിയാണ്. എനിക്ക് ഇന്ത്യയില്‍ ബാങ്ക് നിക്ഷേപങ്ങളില്‍ പലിശ കിട്ടുന്നുണ്ട്. അതില്‍ ബാങ്ക് TDS പിടിക്കുന്നുണ്ട്. ഞാന്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ആവശ്യമുണ്ടോ?
തീര്‍ച്ചയായും ഫയല്‍ ചെയ്യണം. നിങ്ങളുടെ വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെ ആണെങ്കില്‍ നിങ്ങള്‍ക്ക് TDS തിരികെ ലഭിക്കുന്നതാണ്.

8.ഓഹരി വില്പനിയില്‍ നഷ്ടം മാത്രമേ ഉള്ളു; ലാഭം ഇല്ല. അതുകൊണ്ട് അത് ഞാന്‍ റിട്ടേണ്‍ ഫോമില്‍ ചേര്‍ക്കണോ?
തീര്‍ച്ചയായും. ലാഭം ആയാലും നഷ്ടം ആയാലും റിട്ടേണ്‍ ഫോമില്‍ ചേര്‍ക്കണം. ഇപ്രകാരം ചെയ്‌താല്‍ അടുത്ത വര്‍ഷങ്ങളിലെ ലാഭത്തില്‍ നിന്നും (ലാഭം ഉണ്ടെങ്കില്‍) പോയ വര്‍ഷങ്ങളിലെ നഷ്ടം കുറക്കുന്നതിനും, നികുതി ബാധ്യത കുറക്കുന്നതിനും സാധിക്കും.

നിങ്ങളുടെ സംശയങ്ങള്‍ ഇ-മെയില്‍ അയക്കുക: ranjith@ranjithca.in 

August 07, 2018

കിട്ടാക്കട വിശേഷങ്ങള്‍ - മാതൃഭൂമിക്ക് ഒരു മറുപടി

കിട്ടാക്കടം ഒളിപ്പിക്കാന്‍ ബാങ്കുകള്‍ എഴുതി തള്ളിയത് 4.8 ലക്ഷം കോടി" ഇന്ന് മാതൃഭൂമി പോര്‍ട്ടലില്‍ കണ്ട തലേക്കെട്ടാണ് ഇത്. കിട്ടാക്കടം എഴുതി തള്ളുന്നത് ബാലന്‍സ് ഷീറ്റില്‍ പ്രതിഭലിക്കില്ല എന്നതിനാല്‍ കടബാധ്യത കുരച്ചുകാണിക്കാനാണ് ബാങ്കുകള്‍ ഇങ്ങനെ ചെയ്യുന്നത് എന്നും പറയുന്നു മാ.ഭൂ. പിന്നെ അങ്ങോട്ട്‌ കുറെ കണക്കുകള്‍ ആണ് ഉദ്ധരിക്കുന്നത്. പത്രങ്ങളില്‍ വരുന്ന സംഖ്യകളുടെ കൃത്യത മുഖവിലക്ക് എടുക്കാന്‍ പറ്റില്ല എന്നത് അനുഭവത്തില്‍ നിന്നും അറിയുന്നതുകൊണ്ട് അതിനെപറ്റി പറയുന്നില്ല. എന്നാല്‍ മാഭൂമിയുടെ തലേക്കെട്ടും, ആദ്യ വാചകവും നമുക്ക് നോക്കാം.


ബാങ്ക് അതിന്‍റെ ലാഭത്തില്‍/മൂലധനത്തില്‍ നിന്നുമാണ് കടങ്ങള്‍ എഴുതി തള്ളുന്നത്. "ടെക്നിക്കല്‍ റൈറ്റ് ഓഫ്" എന്നാണു എഴുതി തള്ളുന്നതിന്റെ സാങ്കേതിക നാമം (ഞങ്ങള്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍!) ഇങ്ങനെ എഴുതി തള്ളുന്ന കടങ്ങളില്‍ റവന്യു റിക്കവറി കേസുകള്‍ തുടര്‍ന്നും നടക്കും. അല്ലാതെ ബാങ്കുകള്‍ ഇവയെ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നില്ല. ഇങ്ങനെ ഒരു വര്‍ഷം എഴുതി തള്ളിയ കടം പിന്നീടുള്ള ഏതെങ്കിലും വര്‍ഷം ഏതെങ്കിലും വര്‍ഷം തിരിച്ചു പിടിച്ചാല്‍ അവ ലാഭത്തിലേക്ക് മുതല്‍കൂട്ടുന്നു. ഇത്രയും പറഞ്ഞത് "എഴുതി തള്ളുക" എന്ന് പറഞ്ഞാല്‍ "ഉപേക്ഷിക്കുക" എന്നല്ല എന്ന് സ്ഥാപിക്കാനാണ്. ഇനി ബാലന്‍സ് ഷീറ്റിലേക്ക് കടക്കാം.   

ബാലന്‍സ് ഷീറ്റ് എന്താണ് എന്ന് ഒരു പ്രി-ഡിഗ്രീ കോമ്മെര്‍സ് വിദ്യാര്‍ഥിയോട് ചോദിച്ചാല്‍ "കട-ധന" പട്ടിക എന്ന് പറഞ്ഞു നിര്‍ത്തും. എന്നാല്‍ ആസ്തികളുടെയും, കടത്തിന്റെയും, ലാഭ നഷ്ടങ്ങളുടെയും പട്ടിക മാത്രമല്ല ബാലന്‍സ് ഷീറ്റ്. ഇന്ത്യയിലെ ഏതു ബാങ്കിനും "നോട്ട്സ് ടു അക്കൌണ്ട്സ്" എന്നൊരു ഭാഗം ഉണ്ട്. ഇവ "ബാലന്‍സ് ഷീറ്റ്/പ്രോഫിറ്റ് ആന്‍ഡ്‌ ലോസ് അക്കൌണ്ട്" (ചുരുക്കി എഫ്.എസ്) എന്നിവയുടെ പ്രധാന ഭാഗമാണ്. എഫ്.എസില്‍ പറഞ്ഞിട്ടുള്ള ചില സംഖ്യകള്‍ക്കുള്ള വിവരണങ്ങളും മറ്റുമാണ് നോട്ട്സില്‍ ഉണ്ടാകുക. എന്തൊക്കെ വിവരങ്ങള്‍ നോട്ട്സില്‍ നിര്‍ബന്ധമായും നല്‍കണം എന്ന് റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിവരങ്ങള്‍ നല്‍കാന്‍ എല്ലാ ബാങ്കുകളും നിര്‍ബന്ധിതമാണ്. ഒരു എഫ്.എസ് നോക്കുമ്പോള്‍ അതിലെ വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കണം എങ്കില്‍ ഒപ്പമുള്ള ഈ നോട്ട്സ് കൂടി വായിക്കണം. ഇതുവരെ എഴുതി തള്ളിയ കടങ്ങളുടെ തുക, ഈ വര്‍ഷം എഴുതി തള്ളിയ തുക, ഇപ്രകാരം എഴുതി തള്ളിയതില്‍ നിന്നും പോയ വര്‍ഷം തിരിച്ചു പിടിച്ച തുക മുതലായവ ഒക്കെ ഇപ്രകാരം നോട്ട്സില്‍ വിവരിക്കണം. അല്ലാതെ എവിടെയും "ഒളിപ്പിച്ചു" വെക്കുന്നില്ല.

ബാങ്കുകള്‍ മാത്രമല്ല, എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും കാലാകാലങ്ങളില്‍ ആസ്തികളുടെയും-കടത്തിന്റെയും ബുക്ക് വാല്യു യാഥാര്‍ത്യവുമായി പോരുത്തപെടുന്ന രീതിയില്‍ പുനര്‍നിശ്ചയിക്കും. ഇങ്ങനെ ചെയ്യുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരും, ഇന്‍സ്ടി.ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയും പുറത്തിറക്കിയിട്ടുണ്ട്. ഈ നിയമങ്ങള്‍ പാലിച്ചു ഇപ്രകാരം എഫ്.എസ് വൃത്തിയാക്കുന്നത് സാധാരണ കാര്യമാണ്. അക്കൌണ്ടന്‍സി പഠിച്ചു തുടങ്ങുമ്പോള്‍ തന്നെ പറയുന്ന കാര്യമാണ് "ഡബിള്‍ എന്‍ട്രി". നാം എന്തെങ്കിലും വിത്യാസം ഒരു ഹെഡില്‍ നടത്തുമ്പോള്‍ അതിനു സമാനമായ വിത്യാസം വേറെ ഒരു ഹെഡില്‍ കൂടി വരണം. ബാങ്ക് ഒരു കടം എഴുതി തള്ളുമ്പോള്‍ ബാങ്കിന്റെ ആസ്തി താഴുന്നു. ഇതിനു സമാനമായ കുറവ് ബാങ്കിന്റെ "മൂലധന/ലാഭ"ത്തില്‍ വരുന്നു. ഇപ്രകാരം ലാഭം/മൂലധനം കുറഞ്ഞാല്‍ ഷെയര്‍ ഹോള്‍ഡേര്‍സ് വെറുതെ ഇരിക്കില്ല എന്നതുകൊണ്ട് തന്നെ അവസാന വഴിയായി മാത്രമേ ഇപ്രകാരം "എഴുതി തള്ളല്‍" നടക്കു. അതുകൊണ്ട് ഇതൊക്കെ മറക്കു പിന്നില്‍ നടക്കുന്ന കാര്യങ്ങളാണ് എന്ന് കരുതി ഇരിക്കരുത്.

വാല്‍: കിട്ടാക്കടം എഴുതി തള്ളിയാല്‍ ബാങ്കിന്‍റെ "കട"ബാധ്യത അല്ല കുറയുന്നത്, മറിച്ചു ആസ്തിയാണ്. ബാങ്കിന് കിട്ടാനുള്ള കടം എഴുതി തള്ളിയാലും ബാങ്കിന്റെ കട ബാധ്യത്ക്ക് ഒരു ചുക്കും സംഭവിക്കില്ല. പോട്ടെ, അക്ഷര തെറ്റാകും. കിട്ടാക്കട ബാധ്യത എന്നാകും ഉദ്ദേശിച്ചത്.             

August 01, 2018

അതിഥി (മിനിക്കഥ)

നിങ്ങളുടെ അടുത്ത വീട്ടില്‍ താമസിക്കുന്ന ഒരാള്‍ ഒരു ദിവസം മതില്‍ ചാടി വന്നു നിങ്ങളുടെ വീട്ടില്‍ വന്നു വാടക പോലും തരാതെ ഒരു മുറിയില്‍ താമസം തുടങ്ങുന്നു. അയാളെ ഇറക്കി വിടാന്‍ നോക്കുമ്പോള്‍ അയാള്‍ പറയുന്നു അയാള്‍ക്ക്‌ കൂടി ഈ വീടിനു അവകാശമുണ്ട് എന്ന്. അയാള്‍ ഇറങ്ങി പോകാന്‍ സമ്മതിക്കുന്നില്ല. നിങ്ങള്‍ വീണ്ടും അയാളെ ഇറക്കി വിടാന്‍ ശ്രമിക്കുമ്പോള്‍ ഒരു ബന്ധവുമില്ലാത്ത അയല്‍ക്കാര്‍ വന്നു നിങ്ങളോട് മനുഷ്യത്വമില്ലേ എന്ന് ആക്രോശിക്കുന്നു; അയാളെ ഇറക്കി വിടരുത് എന്ന് പറയുന്നു. ആ വീട്ടില്‍ അയാള്‍ ഒറ്റക്ക് (ന്യൂനപക്ഷം) ആയതുകൊണ്ട് ഭൂരിപക്ഷം വരുന്ന വീട്ടിലെ മറ്റു അംഗങ്ങളുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ജനനേതാക്കള്‍ ആഞ്ഞടിക്കുന്നു. അങ്ങനെ നുഴഞ്ഞുകയറ്റക്കാരന്‍ ആ വീട്ടില്‍ തന്നെ ജീവിച്ച് പോരുന്നു. അയാളെ തീറ്റി പോറ്റേണ്ട ചുമതല നിങ്ങളില്‍ നിക്ഷിപ്തമാകുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ വീടിന്റെ ഉടമയും, നിങ്ങള്‍ വാടകക്കാരും ആകുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യത്വം പറഞ്ഞു വന്നവര്‍ അയാള്‍ക്ക് വേണ്ടി നിങ്ങളോട് വാടക ആവശ്യപ്പെടുകയും, അത് നല്‍കാന്‍ സാധിക്കാത്ത നിങ്ങളെ പിടിച്ചു വെളിയില്‍ എറിയുകയും ചെയ്യുന്നു.
ശുഭം!

July 30, 2018

മറഡോണ (റിവ്യു)


വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നൊരു പ്രയോഗമുണ്ട്. അതു സത്യമാണെന്ന് ഇന്നെനിക്കു മനസ്സിലായി. ഒരു സിനിമക്ക് പോയി കുറെ നാളായല്ലോ എന്ന് വിചാരിച്ചാണ് ഇന്ന് "മെഴുതിരി അത്താഴങ്ങള്‍"ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. സംഗതി നമ്മുടെ ജാഡനൂപ് ആണെങ്കിലും ട്രെയിലറിലെ ഭീകര സാഹിത്യം കേട്ടപ്പോ ഒന്നങ്ങട് പരീക്ഷിച്ചു നോക്കാം എന്ന് കരുതി. സമയത്തിനും അരമണിക്കൂര്‍ മുമ്പേ തീയറ്ററില്‍ എത്തിയപ്പോള്‍ അവിടെ വലിയ തിരക്കൊന്നും ഇല്ല. ഷോ തുടങ്ങാനുള്ള സമയം ആയപ്പോള്‍ മാനേജര്‍ "അത്താഴ"ത്തിനു ടിക്കറ്റ് എടുത്തവരെ അന്വേഷിച്ചു വന്നു. കസ്റ്റമര്‍ ഈസ്‌ കിംഗ്‌ എന്ന പഴയ മാര്‍ക്കെറ്റിംഗ് തന്ത്രം പയറ്റി തീയട്ടരിലെക്ക് ആനയിച്ചു ഇരുത്താനാകും എന്നൊക്കെ വിചാരിച്ച ഞങ്ങളുടെ അടുത്തേക്ക് ഒരപെക്ഷയുമായാണ് പുള്ളി വന്നത്. ആകെ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ "അത്താഴ"ത്തിനു ടിക്കറ്റ് എടുത്തിട്ടുള്ളൂ ത്രെ! അതുകൊണ്ട് അവര്‍ക്ക് ഷോ കാണിക്കാന്‍ സാധിക്കില്ല, വേണേല്‍ മറഡോണക്ക് തരാം എന്ന് പറഞ്ഞു. എന്തായാലും വന്നതല്ലേ എന്ന് നിരീച്ചു മറഡോണക്ക് തല വെക്കാം എന്ന് തിരുമാനമായി. അങ്ങനെയാണ് ഇന്ന് ഉച്ചക്ക് ഞങ്ങള്‍ 'മറഡോണ' കാണാന്‍ ഇടയായത്.

ഞങ്ങള്‍ അവസാനമായി കണ്ട സിനിമ ഇതേ തീയറ്ററില്‍, ഇതേ ടോവീനോ അഭിനയിച്ച "മായനദി" ആയിരുന്നു. അന്ന് ആ സിനിമ ഞങ്ങള്‍ രണ്ടാള്‍ക്കും ഒട്ടും ഇഷ്ടപെട്ടില്ല. എന്നാല്‍ 'മറഡോണ' കണ്ടു ഇറങ്ങിയപ്പോള്‍ "മായാനദി"യോടുള്ള ദേഷ്യം കുറച്ചു കുറഞ്ഞു എന്നുപറഞ്ഞാല്‍ അതിശയോക്തി ആകില്ല.

വീണ്ടും അടിപിടി കേസും ഗുണ്ടായിസവും ആയി നടക്കുന്ന ടോവീനോ, കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഒളിച്ചു താമസിക്കുന്ന ടോവീനൊ, ഗുണ്ടയെങ്കിലും നല്ല മനസ്സിന്‍റെ ഉടമയായ ടോവീനോ, ഒളിതാമാസത്തിനടയില്‍ പ്രേമം (പുള്ളി പാര്‍ട്ടീന്‍റെ ആളാ!), ടോവീനോയെ പിടിക്കാന്‍ പിന്നാലെ കുറെ പേര്‍...ഏറെക്കുറെ മായനദി തന്നെ. ആകെ വിത്യാസം കണ്ടിറങ്ങുമ്പോള്‍ കാണികള്‍ ചാവുകയും, ടോവീനോ അപരാഹ്നത്തിലേക്ക് ജീപ്പ് ഓടിച്ചു പോകുകയും ചെയ്യും എന്നതാണ് (മായാനദിയില്‍ ഇപ്പറഞ്ഞ രണ്ടു കൂട്ടരും ചാവും). ശരിക്കുള്ള  മറഡോണ വേള്‍ഡ് കപ്പ് കളി കാണാന്‍ വന്നപ്പോ അടിച്ചു കയറ്റിയ സാധനം അടിച്ചാണോ കഥാകൃത്ത് ഇത്രേം ഭയങ്കര കഥ എഴുതിഉണ്ടാക്കിയത് എന്ന് തോന്നിപ്പോകുന്ന അവസ്ഥ! ഇനി പറഞ്ഞാല്‍ കൂടി പോകും, അതുകൊണ്ട് നിര്‍ത്തുന്നു.

കോപ്പിലെ സില്‍മ!    

July 17, 2018

പിമ്പ് (മിനിക്കഥ)

ഒരാഴ്ചയായി നിർത്താതെ പെയ്യുന്ന മഴയും കൊണ്ട് കേശുവും സുഹൃത്ത് ശങ്കുവും കൂടി റൗണ്ടിലേക്ക് നടക്കുമ്പോൾ അധികമാരും അറിയാത്ത പ്രശസ്ത നോവലിസ്റ്റ് ശ്രീമാൻ ഷരീഷും, വേറെ ഒരാളും കുളിച്ചു കുട്ടപ്പന്മാരായി ശവഭൂമി മാസികയുടെ ആപ്പീസിലേക്ക്‌ കേറി പോകുന്ന കണ്ടു.
"ഇവർ എന്തിനാണ് ശവഭൂമി പോലുള്ള മാസികയുടെ ആപ്പീസിലേക്ക് കുളിച്ച് ഒരുങ്ങി പോകുന്നത്?" ശങ്കു ചോദിച്ചു.
അപ്പോളാണ് കേശുവും അതിനെ കുറിച്ച് ആലോചിച്ചത്.
"അറിയില്ല" കേശു ചിന്തമഗ്നനായി പറഞ്ഞു.
കാൽകാശിനും പിഞ്ഞാണത്തിനും വേണ്ടി സ്വന്തം പേനയെ വ്യഭിചരിപ്പിക്കാൻ പോയ പിമ്പുകളാണ് അവർ എന്ന് അടുത്ത മാസം മാസിക കണ്ടപ്പോഴാണ് കേശുവിന് മനസ്സിലായത്.

June 15, 2018

മുഖ്യനൊരു സ്ഥലം മാറ്റം?


കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഇവിട ജനാധിപത്യം ആണെന്നും, അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ തിരുമാനിച്ചാല്‍ മാത്രമേ വീണ്ടും അധികാരത്തില്‍ വരൂ എന്നും മുഖ്യന്‍ മറന്നോ എന്നൊരു സംശയം. മുഖ്യന്റെ ചെയ്തികളില്‍ നിന്നും ചൈനയില്‍ പ്രസിഡന്റ്‌ ഷി ജിങ്ങിനെ ആജീവനാന്ത പ്രസിഡന്റ്‌ ആയി പാര്‍ട്ടി നിയമിച്ച പോലെ തന്നെയും ആജീവനാന്ത മുഖ്യന്‍ ആയി നിയമിച്ചുകഴിഞ്ഞു എന്നാണ് ടിയാന്‍ ധരിച്ചു വെച്ചിരിക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത്. വലതു സര്‍ക്കാരിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണം സഹിക്കാന്‍ വയ്യാതെയാണ് 'എല്ലാം ശരിയാക്കും' എന്ന വിശ്വാസത്തില്‍ ജനങ്ങള്‍ ഇടതു പക്ഷത്തെ ജയിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇടതു ഭരണത്തില്‍ ആനയെ മാത്രമല്ല, ആനപിണ്ടത്തെ കൂടി പേടിക്കണം എന്ന നിലയിലാണ് പോക്ക്. പാര്‍ട്ടിയും, പാര്‍ട്ടിയുടെ പോഷക-യുവജന സംഘങ്ങളും, നേതാക്കളും പഴയകാല ജന്മിമാരെ പോലെ പെരുമാറുമ്പോള്‍ ജനത്തെ രക്ഷിക്കേണ്ട ഭടന്മാര്‍ കിട്ടിയ താപ്പിനു അവര്‍ക്കാകുന്ന പോലെ ജനങ്ങളെ ദ്രോഹിക്കുകയും, ജന്മിമാര്‍ക്ക് മുമ്പില്‍ അടിയാന്മാരെ പോലെ നില്‍ക്കുകയും ചെയ്യുന്നു. ഇതെല്ലാം നടക്കുമ്പോഴും രാജാവ് സ്വപ്നലോകത്ത് വീണ വായിച്ചു കൊണ്ടിരിക്കുകയാണ്.

ഇടതുപക്ഷം തൊഴിലാളി പ്രസ്ഥാനം ആണ് എന്നാണു സ്വയം വിശേഷിപ്പിക്കുന്നത് എങ്കിലും തൊഴി പാര്‍ട്ടി എന്നാണു ശരിക്കും വിളിക്കേണ്ടത് എന്നാണു എനിക്ക് തോന്നുന്നത്. പാര്‍ട്ടി നേതാക്കള്‍ ജനങ്ങള്‍ക്ക്‌ നേരെ കുതിര കയറുന്നു, യുവജന സംഘടനകള്‍ കൊട്ടേഷന്‍-ഗുണ്ടാ സംഘങ്ങളെ പോലെ പെരുമാറുന്നു, എതിര്‍ക്കുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അകത്തിടുന്നു എന്നിങ്ങനെയുള്ള ലീലാ വിലാസങ്ങള്‍ ചെയ്യുന്നവരെ അങ്ങനെ തന്നെ അല്ലെ വിളിക്കേണ്ടത്? എന്തിനേറെ, സ്ഥലം എമ്മെല്ലേയോട് പരാതി പറഞ്ഞാല്‍ പോലും പിടിച്ചു അകത്തിടും. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതിനും പിടിച്ചകത്തിടും. മറ്റു സ്ഥലങ്ങളിലെ പൗരാവകാശത്തെയും, അസഹിഷ്ണുതെയും, അക്രമത്തേയും ഒക്കെ കുറിച്ച് വാചാലരാകുന്ന ഇവര്‍ സ്വന്തം നാട്ടില്‍ പാര്‍ട്ടി ശിങ്കിടികള്‍ നടത്തുന്ന അക്രമത്തിനു നേരെ കണ്ണടക്കും. ഒരുപക്ഷെ ഭാവിയില്‍ ഭരണം പിടിക്കാന്‍ ഇത്തരം ഗുണ്ടകളുടെ സേവനം ആവശ്യമായി വരും എന്ന് നേതാക്കള്‍ക്ക് തോന്നുന്നുണ്ടാകും. ഈ പോസ്റ്റ്‌ എഴുതിയതിനു നാളെ എനിക്കെതിരെയും കേസ് വന്നാല്‍ അദ്ഭുതപ്പെടാനില്ല. ഇവര്‍ ആരെയാണ് ഇങ്ങനെ ഭയപ്പെടുന്നത്? ജനങ്ങളെ? അതൊ സ്വന്തം കഴിവ് കേടുകളെയോ? 

സംസ്ഥാനത്ത് ഇപ്പോള്‍ ദിനം പ്രതി പുറത്ത് വരുന്ന പോലീസ് കുറ്റകൃത്യങ്ങളെ കുറിച്ച് പോലീസ് മന്ത്രി കൂടിയായ മുഖ്യനോട് ചോദിച്ചാല്‍ കുറ്റക്കാരെ സസ്പെന്ഡ് ചെയ്തു അല്ലെങ്കില്‍ സ്ഥലം മാറ്റി എന്നിങ്ങനെയുള്ള മറുപടികളാണ് കിട്ടുന്നത്. പണി ചെയ്യാന്‍ അറിയാത്തവരെ സ്ഥലം മാറ്റാന്‍ പറ്റുമെങ്കില്‍ മുഖ്യന്‍ സ്വയം സ്ഥലം മാറി വേറെ വല്ല സ്ഥലത്തേക്കും (കര്‍ണാടകം മാത്രമേ ഇപ്പോള്‍ ഓപ്ഷന്‍ ഉള്ളു) പോകുന്നതാണ് നല്ലത്. പണി അറിയാവുന്നവര്‍ ഭരിക്കട്ടെ. 

June 05, 2018

ഇരുമ്പഴികള്‍


ബംഗാളി നോവലുകള്‍ക്ക് കുട്ടിക്കാലത്ത് വായിച്ചിരുന്ന റഷ്യന്‍ നാടോടികഥകളുടെതു പോലെ ഒരു കാല്‍പനിക സൌന്ദര്യമുണ്ട് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വായനക്കാരന്റെ മനസ്സിനെ ബന്ധനസ്ഥമാക്കുന്ന ഒരു ശക്തി. 'ഇരുമ്പഴികള്‍' ബ്രിട്ടീഷ് ഭരണകാലത്തെ ഒരു ജയിലറുടെ ഓര്‍മകുറിപ്പുകള്‍ ആണെങ്കിലും, കഥാപാത്രങ്ങള്‍ പലരും അക്രമികളും, കൊലപാതകികളും ആണെങ്കിലും അവയെല്ലാം ഈ ഒരു സൌന്ദര്യത്തില്‍ മുങ്ങി നില്‍ക്കുന്നത്കൊണ്ട് വായന അസ്വാദ്യകരമാകുന്നു. കഥാപാത്രങ്ങളെ ഈ ഒരു 'റൊമാന്റിക്' പരിവേഷത്തില്‍ അവതരിപ്പിക്കുന്നത് ഒരു പക്ഷെ ഗൃഹാതുരതയില്‍ മൂടപ്പെട്ടുനില്‍ക്കുന്ന ഗ്രന്ഥകാരന്റെ പിഴവാണ് എന്ന് തോന്നാം എങ്കിലും ഇത്തരം അവതരണം മികച്ചതായാണ് എനിക്ക് തോന്നിയത്. ഇരുമ്പഴികള്‍ക്ക് പിന്നില്‍ അകപ്പെട്ടവരെല്ലാം നിയമത്തിന്റെയും, സമൂഹത്തിന്റെയും മുമ്പില്‍ കുറ്റവാളികള്‍ ആണെങ്കിലും അവരുടെ കഥ അറിയാന്‍ ആഗ്രഹിക്കുന്ന കുതുകിയായ മനുഷ്യനെ നമുക്ക് ഗ്രന്ധകാരനില്‍ കാണാം. അവരുടെ കഥകള്‍ അയാളെ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. പുറം ലോകം ഈ സത്യം അറിയണം എന്ന ത്വര ഓരോ വാക്കുകളിലും തെളിഞ്ഞു നില്‍ക്കുന്നു. പുറം ലോകം ഭയത്തോടെ മാത്രം നോക്കുന്ന ഇവരും മനുഷ്യരാണ് എന്നും, ഓരോ ചെയ്തികള്‍ക്കും, അവ എത്ര ഭീകരമാനെങ്കിലും, അതിനു പിന്നില്‍ നിയതമായ കാരണങ്ങള്‍ ഉണ്ട് എന്നും ഗ്രന്ഥകാരന്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും മനുഷ്യ ഭാവനയുടെ പരിധികള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം ചില ജന്മങ്ങളെ കുറിച്ചും ഗ്രന്ഥകാരന്‍ പറയുന്നുണ്ട്. 

പുസ്തകത്തെ കുറിച്ച് ഒന്നും അറിയാതെയാണ് വായിക്കാന്‍ എടുത്ത്. 'ജരാസന്ധന്‍' എന്ന (തൂലികാ)നാമം പോലും ആദ്യമായാണ്‌ കേള്‍ക്കുന്നത്. എങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ ആ തിരഞ്ഞെടുപ്പ് നന്നായി എന്ന് തോന്നി. ഒരു ശതാബ്ദത്തിനപ്പുറം നടന്ന സംഭവങ്ങള്‍ ആണെങ്കിലും മനുഷ്യ മനസ്സ് പ്രവര്‍ത്തിക്കുന്ന രീതികള്‍ ഏറെക്കുറെ സമമാണല്ലോ.

നക്ഷത്രങ്ങള്‍: അഞ്ചില്‍ നാലര 

വാല്‍: ഈ പുസ്തകം ആരും എത്തിച്ചു തന്നതല്ല. കടയില്‍ പോയി വാങ്ങിയതാണ്; അച്ഛന്‍. ഇതിന്റെ ബംഗാളി ഒറിജിനല്‍ ആരെങ്കിലും എത്തിച്ചു തരുമോ? (ചുമ്മാ കിടക്കട്ടേന്ന്‌, ഒരു ജാടക്ക്)

April 23, 2018

രാമേട്ടന്‍റെ തൃശ്ശൂര്‍ പൂരം


രാമേട്ടനെ കുറിച്ചു ഞാന്‍ ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. എങ്കിലും വൈകി വായിക്കുന്നവര്‍ക്ക് വേണ്ടി രാമേട്ടനെ ഒന്ന് പരിചയപ്പെടുത്താം. ചേര്‍പ്പിലെ നാല് രാമേട്ടന്മാരില്‍ സീനിയര്‍ മോസ്റ്റും, മുത്തശ്ശന്റെ ബന്ധുവുമായ രാമേട്ടന്‍ ഞങ്ങളുടെ കൂടെ ആയിരുന്നു കുറെക്കാലം താമസിച്ചിരുന്നത്. ഞങ്ങളുടെ "വെളിപ്പടക്ക" പരീക്ഷണങ്ങളുടെ മുഖ്യ ഇരയായിരുന്നു രാമേട്ടന്‍.

രാമേട്ടനു പണ്ട്, വളരെ പണ്ട്, പാട്ടുരായ്ക്കലില്‍ ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. തൃശ്ശൂര്‍ മുന്‍സിപ്പാലിറ്റി ഹോട്ടല്‍ നില്‍ക്കുന്ന സ്ഥലം ഒരു കെട്ടിടം പണിയുന്നതിനു വേണ്ടി അക്വയര്‍ ചെയ്തതിനു ശേഷമാണ് രാമേട്ടന്‍ ഞങ്ങളുടെ കൂടെ താമസമാക്കിയത്. ഹോട്ടല്‍ പൊളിച്ചു കളഞ്ഞെങ്കിലും അവിടെ ഉണ്ടായിരുന്ന പഴയ ആട്ടുകല്ല് എടുത്തുകൊണ്ടുപോകാന്‍ (ഭാരം സമ്മതിക്കാത്തത് കൊണ്ടാകണം) അവര്‍ മിനക്കെട്ടില്ല. കുറെ കാലം റോഡരുകില്‍ ആ ആട്ടുകല്ല് കിടന്നിരുന്നത്രേ. പിന്നീടു എപ്പോഴോ നഗരത്തിന്‍റെ വളര്‍ച്ചയില്‍ അതും അപ്രത്യക്ഷമായി. തൃശ്ശൂര്‍ നഗരത്തിലെ താമസമാകണം രാമേട്ടനെ ഒരു പൂരപ്രാന്തനാക്കിയത്.

"ഇന്നല്ലേ സേമ്പിള്‍!!" പൂരത്തിന് രണ്ടു ദിവസം മുമ്പേ രാമേട്ടന്‍റെ മുഖത്തെ ചിരിയില്‍ നിന്നും ചേര്‍പ്പുകാര്‍ വായിച്ചെടുക്കും. 

"സേമ്പിളി"ന്‍റെ അന്ന് രാവിലെ പ്രാതല്‍ കഴിഞ്ഞാല്‍ തേച്ചു അലക്കി വെച്ചിരിക്കുന്ന ഡബിള്‍ മുണ്ടെടുത്ത് ഉടുത്ത്, നല്ല ഒരു ഷര്‍ട്ടും ഇട്ടു സന്തതസഹചാരിയായ ഹേര്‍ക്കുലീസ് സൈക്കിളില്‍ രാമേട്ടന്‍ തൃശ്ശൂരിലേക്ക് തിരിക്കും. പിന്നെ രണ്ടു ദിവസം അവിടെ മകളുടെ കൂടെയാണ് താമസം. നഗരത്തില്‍ തന്നെയാണ് അവരുടെ വീട് എന്നതുകൊണ്ട് പൂരം കൂടാന്‍ എളുപ്പമാണ്. തെക്കോട്ടിറക്കവും, മഠത്തില്‍ വരവും,  ഇലഞ്ഞിത്തറ മേളവും, കുടമാറ്റവും, വെടിക്കെട്ടും പിറ്റേ പകല്‍ ഓചാരവും ഒക്കെ കണ്‍നിറയെ കണ്ടും, കേട്ടും പോകുമ്പോള്‍ മുഖത്ത് ഉണ്ടായിരുന്ന അതേ ചിരിയോടെ രണ്ടു ദിവസം കഴിഞ്ഞു രാമേട്ടന്‍ തിരികെ വരും. 

എല്ലാ വര്‍ഷവും ഈ ചടങ്ങ് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മുത്തശ്ശനും കുറെ കാലം ഇതുപോലെ പൂരം കൂടാന്‍ പോയിരുന്നു. തൃശ്ശൂരുള്ള സുഹൃത്തുക്കളോടൊപ്പം പൂരമൊക്കെ കൂടി രണ്ടു ദിവസം കഴിഞ്ഞേ വരൂ. മുത്തശ്ശന്‍ ചേര്‍പ്പിലമ്പലത്തില്‍ മേളം കേള്‍ക്കാന്‍ ഇടക്ക് എന്നേയും കൊണ്ടുപോകാറുണ്ട് എങ്കിലും എനിക്കതെല്ലാം അന്ന് അരോചകമായാണ് തോന്നാറ്. വര്‍ഷങ്ങക്ക് ശേഷം പഞ്ചവാദ്യവും, മേളവും ആസ്വദിച്ചു കഴിച്ച ഒരു പെരുവനം പൂരരാവിനു ശേഷമാണ് എന്നിലും പാരമ്പര്യമായി കിട്ടിയ പൂരപ്രാന്ത് ഉണര്‍ന്നത്. രാമേട്ടന്‍റെ അന്നത്തെ ചിരിയും സന്തോഷവും ഞാന്‍ നേരില്‍ കണ്ടിട്ടില്ല എങ്കിലും ആ വികാരം ഇപ്പോള്‍ എനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അതുകൊണ്ട് തന്നെയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ സംഗീതവും, ഭക്തിയും, ആവേശമാകുന്ന പകലുകളും രാത്രികളും, പൂരപറമ്പില്‍ കണ്ടുമുട്ടുന്ന പഴയ സൌഹൃദങ്ങളും ഒക്കെ മനസ്സില്‍ നിറക്കുന്ന പരമാനന്ദം മനസ്സിലാകണം എങ്കില്‍ ഒരിക്കലെങ്കിലും വിയര്‍പ്പില്‍ കുളിച്ചു, കൈകള്‍ ഉയര്‍ത്തിയാട്ടി മേളത്തില്‍ മയങ്ങി, പൂരപറമ്പിലൂടെ അലക്ഷ്യമായി നടന്നു, കയ്യും കാലും തളരണം. ഈ മനസ്സിലെ പൂരമാണ്‌ അടുത്ത 364 ദിവസത്തേക്കുള്ള പ്രതീക്ഷയും, പ്രാര്‍ത്ഥനയും.April 15, 2018

കണ്ണുകാണാത്ത കൃഷ്ണേട്ടന്‍

ഒരു ദേശത്തിന്‍റെ കഥ പറയുമ്പോള്‍ വലിയ തറവാടുകളുടെയും, അവിടെ വസിച്ചിരുന്ന പ്രതാപികളായ കാരണവന്മാരുടെയും മറ്റു അന്തേവാസികളുടെയും കഥ മാത്രം പറഞ്ഞാല്‍ അതു ആത്മാവില്ലാത്ത വെറും വാചകകസര്‍ത്ത് മാത്രമാകും. ഒന്നോ രണ്ടോ തലമുറകള്‍ക്കിപ്പുറം പിന്‍ഗാമികളുടെ ഓര്‍മകളിലെ മാറാല പിടിച്ച മൂലകളില്‍ മാത്രം അവശേഷിക്കുന്ന ചില ജന്മങ്ങള്‍ ഉണ്ട്; എല്ലാ നാട്ടിലും, എല്ലാ കാലത്തും. തന്റേതായി ഈ ലോകത്ത് ഇങ്ങനെ കുറച്ച് ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ചു എങ്ങോ മറഞ്ഞവര്‍. അവര്‍ ഒരിക്കലും പ്രതാപികളല്ല; എന്നാല്‍ അവരില്ലാതെ, അവരുടെ വിയര്‍പ്പിന്‍റെ തിളക്കമില്ലാതെ നമുക്ക് ആ നാടിനെ മനസ്സിലാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് കണ്ണുകാണാത്ത കൃഷ്ണന്‍ നായരുടെ (കൃഷ്ണേട്ടന്‍) കഥ ഇവിടെ കുറിക്കുന്നു. ഞാന്‍ ഈ കഥ കേള്‍ക്കുന്നത് എന്‍റെ അമ്മയില്‍ നിന്നാണ്. ഓര്‍മ്മകള്‍ ഒരിക്കലും ശിലാലിഖിതങ്ങള്‍ പോലെ കാലത്തിന്‍റെ പ്രഹരങ്ങളെ അതിജീവിച്ചു സ്ഥായിയായി നില്ക്കുന്നവ അല്ലാത്തതുകൊണ്ട് ഈ കഥ എത്രത്തോളം വാസ്തവുമായി പൊരുത്തപ്പെട്ടു കിടക്കുന്നു എന്ന് തീര്‍ച്ചയായി പറയാന്‍ പറ്റില്ല. ഭാവനാ സമ്പന്നമായ കൈകളില്‍ സ്വന്തം ഓര്‍മ്മകള്‍ പോലും മാറിമറിയും എന്നിരിക്കെ അമ്മയുടെ ഓര്‍മ്മ ശകലങ്ങള്‍ എന്‍റെ കാഴ്ചപ്പാടുകള്‍ക്കനസുരിച്ചു കുറിക്കുന്നു. അതുകൊണ്ട് തന്നെ വാസ്തവുമായി എന്തെങ്കിലും വിത്യാസങ്ങള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ സദയം ക്ഷമിക്കുക. 

കൃഷ്ണന്‍  നായര്‍ക്ക് കണ്ണുകാണില്ല. അന്ധത ജന്മനാ ഉണ്ടായിരുന്നതാണോ, അതോ പിന്നീട് വന്നുചേര്‍ന്നതാണോ എന്ന് എനിക്കറിയില്ല. ഞാന്‍ കേട്ട കഥകളില്‍ കൃഷ്ണേട്ടന് കണ്ണുകാണില്ല. എന്‍റെ രണ്ടു തലമുറ മുമ്പ് ജീവിച്ചു മരിച്ച ഒരു ജന്മം. അന്ന് കൃഷ്ണവാര്യരാണ് തറവാട്ടിലെ കാരണവര്‍. സഹോദരങ്ങളും, മറ്റു അന്തേവാസികളും എന്‍റെ അമ്മ അടക്കം) ഒക്കെ ആയി ഇരുപതിലധികം പേര്‍ അക്കാലത്ത് തറവാട്ടില്‍ ജീവിച്ചു പോന്നിരുന്നു. ഇതില്‍ മൂത്ത കാരണവരുടെ ഒരു സഹോദരനു അല്പം വൈദ്യമൊക്കെ അറിയാമെന്നതിനാല്‍ അദ്ദേഹമായിരുന്നു തറവാട്ടിലെ അന്തേവാസികളുടെ ആരോഗ്യരക്ഷകന്‍. വൈദ്യന്‍ എഴുതുന്ന കുറിപ്പടി പ്രകാരം വേണ്ട പച്ചമരുന്നുകള്‍ അങ്ങാടിയില്‍ നിന്നും വാങ്ങി കൊണ്ടുവന്നു മരുന്നുകള്‍ ഉണ്ടാക്കാന്‍ സഹായിച്ചിരുന്നത് കൃഷ്ണേട്ടന്‍ ആയിരുന്നു. അങ്ങനെ തറവാട്ടിലെ വൈദ്യന്റെ സഹായിയായി കൃഷ്ണേട്ടന്‍  ജീവിച്ചുപോന്നു. പച്ചമരുന്നുകള്‍ക്കിടയിലാണ് കൃഷ്ണേട്ടനെ എന്നും കാണുക പതിവ്. ജീവിതത്തിന്റെ സിംഹഭാഗവും പച്ചമരുന്നുകള്‍ക്കിടയില്‍ ജീവിച്ചിട്ടും തന്‍റെ കണ്ണുകളിലെ അണഞ്ഞ വെളിച്ചം വീണ്ടും ജ്വലിപ്പിക്കാന്‍ കൃഷ്ണേട്ടന് സാധിച്ചില്ല. 

ജീവിത പ്രാരബ്ധങ്ങള്‍ക്കിടയിലും കൃഷ്ണേട്ടന്‍ വലിയ ഭക്തനായിരുന്നു. എല്ലാ ദിവസവും ഭൂമി ദേവിയെ തൊഴുകയും, നാമം ജപിക്കുകയും ചെയ്തിരുന്ന ഭക്തന്‍. അന്നൊന്നും ഭക്തി എന്നത് മനസ്സിന്‍റെ ഒരു വികാരമെന്നതിനപ്പുറം കരങ്ങളുടെ ഒരു വികാരമെന്ന തലത്തിലേക്ക് താഴ്ന്നിരുന്നില്ല. നാമം ജപിച്ചു അമ്പലത്തിനെ പ്രദക്ഷിണം ചെയ്യുന്ന കൃഷ്ണേട്ടനെ ഇപ്പോള്‍ നമുക്ക് കാണാന്‍ സാധിക്കില്ല എങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ അത്തരം രൂപങ്ങളെ നമുക്ക് ഇപ്പോഴും കാണാന്‍ സാധിക്കും. അവര്‍ക്ക് ഭക്തി എന്നത് ഒരു താങ്ങാണ്, ഒരു പ്രതീക്ഷയാണ്. കണ്ണുകാണാത്ത കൃഷ്ണേട്ടനും ഒരു കയ്യില്‍ പിടിച്ചിരുന്നത് ഒരു വടിആയിരുന്നു എങ്കില്‍ മറു കയ്യില്‍ മുറുകെ പിടിച്ചിരുന്നത് ഈ ഭക്തി ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു. ആ ഭക്തിയുടെ ശക്തി തന്നെയാണ് അദ്ദേഹത്തെ എല്ലാ വര്‍ഷവും ശബരിമലയിലേക്ക് നയിച്ചിരുന്നത് എന്നും എനിക്ക് തോന്നുന്നു. 

അക്കാലത്തും ശബരിമല യാത്ര എന്നാല്‍ അപകടം പിടിച്ച ഒരു ഉദ്യമമായിരുന്നു. ഇപ്പോള്‍ ഉള്ള സൌകര്യങ്ങള്‍ ഒന്നും അന്ന് ലഭ്യമായിരുന്നില്ല.യാത്ര പോയാല്‍ തിരികെ എത്തും എന്നുള്ളത് അയ്യപ്പന്‍റെ തിരുമാനം പോലെ ആയിരുന്ന കാലം.  അങ്ങനെ ഒരു വര്‍ഷം  ഇരുമുടിയുമേന്തി കൃഷ്ണേട്ടന്‍ മലക്ക് പോയി. തന്‍റെ സ്വന്തം അമ്മയെ, ഭൂമി ദേവിയെ വണങ്ങി മാലയിട്ടു, ഇരുമുടി നിറച്ചു ഒരു കയ്യില്‍ വടിയുമായി കൃഷ്ണേട്ടന്‍ അമ്പലത്തിന്റെ പടി കടന്നു തെക്കോട്ട്‌ നടന്നത് ഒരു സായാഹ്നത്തില്‍ ആയിരക്കണം. എങ്ങനെയാണ് അക്കാലത്ത് ഇത്രയും ദൂരം കൃഷ്ണേട്ടന്‍ തരണം ചെയ്തത് എന്ന് കൃത്യമായി എനിക്കറിയില്ല. എങ്കിലും മനുഷ്യര്‍ക്ക് ഇന്നത്തെ അത്രയും വേഗമില്ലാതിരുന്ന അക്കാലത്ത് കൃഷ്ണേട്ടന് വഴിയില്‍ വേണ്ട സഹായങ്ങള്‍ ലഭിച്ചിരുന്നു എന്ന് വേണം കരുതാന്‍. 

മറ്റു ശബരിമല യാത്രകളെ പോലെ ആയിരുന്നില്ല ആ വര്‍ഷം. ഇത്തവണ കൃഷ്ണേട്ടന്റെ യാത്ര ദേവ സന്നിധിയിലേക്ക് തന്നെ ആകും എന്ന് ഇരുമുടി നിറക്കുമ്പോള്‍ ആ മനസ്സില്‍ തെളിഞ്ഞിരുന്നോ എന്ന് അറിയില്ല. കാരണം ആ വര്‍ഷമായിരുന്നു ശബരിമല തീയില്‍ കത്തിയമര്‍ന്നത്. നിരവധി ജീവനുകള്‍ ആ അഗ്നിയില്‍ കത്തിയമര്‍ന്നു. ഇനിയും നിരവധിപേര്‍ കാണാതെപോയവര്‍ എന്ന പേരില്‍  പത്രക്കടലാസുകളില്‍ അന്നുമുതല്‍ ഇപ്പോഴും ജീവിച്ചു പോരുന്നു. അന്ന് ആ അപകടത്തില്‍ കാണാതെ പോയ അസംഖ്യം പേരുകളില്‍ ഒന്ന് കൃഷ്ണേട്ടന്റെ ആയിരുന്നു. അത്തവണ ശബരിമലയില്‍ നിന്നും പ്രസാദവുമായി കൃഷ്ണേട്ടന്‍ തട്ടകത്തമ്മയെ വണങ്ങാന്‍ വന്നില്ല. ഒരു നാടും, നാട്ടാരും നെടുവീര്‍പ്പുകൊണ്ടും, കണ്ണില്‍ നിറഞ്ഞ ഒരു തുള്ളി കണ്ണുനീരുകൊണ്ടും കൃഷ്ണേട്ടനു ഉദകക്രിയ ചെയ്തു. 

കാണാതെ പോയി എന്നാണു സര്‍ക്കാര്‍ ഭാഷ്യം എങ്കിലും  ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ ഉണ്ടാക്കി ജീവിച്ച കൃഷ്ണേട്ടന്‍ അയ്യപ്പന്‍റെ ആ വിഷഹാരിയായ വിഗ്രഹത്തോടൊപ്പം അഗ്നിപ്രവേശം ചെയ്തു എന്നാണു ചേര്‍പ്പുകാര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഭക്തികൊണ്ട് അകക്കണ്ണ് തെളിയിച്ച കൃഷ്ണേട്ടന്‍റെ ഓര്‍മ്മകള്‍ ഒരു ചിരാതില്‍ ഇപ്പോഴും ശബരിമലയില്‍ ജ്വലിക്കുന്നുണ്ടാകും.

April 02, 2018

വല്യമ്മാന്‍


"ഐ ആം കണ്‍ഫൈന്‍ഡ് ടു ദിസ്‌ ബെഡ്... "

ഇടറുന്ന ശബ്ദത്തില്‍ വല്യമ്മാന്‍ പറഞ്ഞു.

കുറെ നാളായി വല്യമ്മാനെ കണ്ടിട്ട്. നടക്കാന്‍ ബുദ്ധിമുട്ടില്ലാതിരുന്ന കാലത്ത് വല്യമ്മാന്‍ വൈകുന്നേരങ്ങളില്‍ പൂമുഖത്ത് ഇരിക്കാറുണ്ട്. വൈകുന്നേരം ഓഫീസില്‍ നിന്നും വരുമ്പോള്‍ വല്യമ്മാന്‍ അവിടെ ചാരുകസേരയില്‍ ഇരിക്കുന്നുണ്ടാകും. ഇപ്പോള്‍ കുറച്ചു കാലമായി അതൊന്നുമില്ല. മുറി വിട്ടു ഇറങ്ങാന്‍ തന്നെ വിഷമമായിരിക്കുന്നു. അമ്മായിക്കും വയ്യ.

"ഐ ആം കണ്‍ഫൈന്‍ഡ് ടു ദിസ്‌ ബെഡ്.. ടു ദിസ്‌ റൂം"

അമ്മാവന്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ ശബ്ദത്തിനു ഒരു ഊര്‍ജമുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ തന്നെ തിരിച്ചറിയുകയും ചെയ്തു.

പണ്ട്, ചേര്‍പ്പിലായിരുന്ന കാലത്ത് എന്‍റെ മനസ്സിലെ രണ്ടു അതികായന്മാരില്‍ ഒരാളായിരുന്നു വല്യമ്മാന്‍ (മറ്റേതു മുത്തശ്ശന്‍). അക്കാലത്ത് ദിവസവും അമ്മാവന്‍ സൈക്കിള്‍ ചവിട്ടി ഊരകത്ത് നിന്നു ചേര്‍പ്പില്‍ വരും. മുത്തശ്ശന്‍ എന്നെ സംസ്കൃതമോ, ഹിന്ദിയോ പഠിപ്പിക്കുന്ന ദിവസമാണെങ്കില്‍ വല്യമ്മാന്‍റെ വരവിനായി ഞാന്‍ കാത്തിരിക്കാറുണ്ട്. വല്യമ്മാന്‍ വന്നാല്‍ എനിക്കൊരു ഇടവേള കിട്ടും. പിന്നെ മുത്തശനും വല്യമ്മാനും കൂടി നാട്ടുകാര്യങ്ങളും, വീട്ടുകാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്ന സമയമാണ്. 

"ഓപ്പക്ക് ചായ എടുക്കട്ടെ?" മുത്തശ്ശി ചോദിക്കും (മുത്തശ്ശിയുടെ ജ്യേഷ്ടനാണ് വല്യമ്മാന്‍). കുടുംബത്തിന്‍റെ കാരണവര്‍ എന്ന സ്ഥാനം കൂടി ഉള്ളതുകൊണ്ട് സ്വതവേ പതുക്കെ സംസാരിക്കുന്ന മുത്തശ്ശി ഒന്നുകൂടി ശബ്ദം താഴ്ത്തിയാണ് ചോദിക്കുക. 

"ഉം. ആകാം" വല്യമ്മാന്‍ ഗൌരവം വിടാതെ പറയും. 


എന്നിട്ട് വീണ്ടും ചര്‍ച്ചയിലേക്ക് വഴുതി വീഴും. ഒറ്റക്കൊറ്റക്കു എടുത്താല്‍ രണ്ടുപേരും ക്ഷിപ്രകോപികളും, ഗൌരവ പ്രകൃതക്കാരുമാണെങ്കിലും പരസ്പരം സംസാരിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ബഹുമാനം വാക്കുകളില്‍ നിഴലിക്കുന്നതു കാണാം. വലുതാകുമ്പോള്‍ ഇവരെ പോലെ എപ്പോഴും ഗൌരവുമുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടി വരുമോ എന്നൊരു ഭയവും എന്‍റെ  മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയുള്ള വല്യമ്മാനാണ് ഇപ്പോള്‍ എന്‍റെ മുമ്പില്‍, മുറിയിലെ അരണ്ട വെളിച്ചത്തില്‍, ശോഷിച്ച ശരീരവുമായി ചേര്‍പ്പില്‍ പോകുന്ന കാര്യം പറഞ്ഞു, ഒരു കൈ കൊണ്ട് എന്‍റെ കയ്യില്‍ പിടിച്ചു, കണ്ണുകളില്‍ വിഷാദം നിറക്കുന്നത്.

"പണ്ട് എന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ മാങ്ങന്‍സില്‍ (ചേര്‍പ്പിലെ മെഡിക്കല്‍ ഷോപ്പ്) നിന്നും നോവാജിന്‍ (തല വേദനക്കുള്ള മരുന്ന്) വാങ്ങി പോകാറുണ്ട്. അമ്മക്ക് എപ്പോഴും തലവേദന ഉണ്ടായിരുന്നു. ആ മരുന്ന് കൊടുക്കുമ്പോള്‍ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി കാണും" പല്ലില്ലാത്ത മോണ കാണിച്ചു ചിരിച്ചുകൊണ്ട് അമ്മാവന്‍ പറഞ്ഞു. എന്‍റെ നേരെ നോക്കിയാണ് പറഞ്ഞെതെങ്കിലും കണ്ണുകള്‍ അപ്പോഴും ഭൂതകാലത്തിലെന്നോ വല്യ മുത്തശ്ശിയുടെ അടുത്താണ് എന്നെനിക്കു മനസ്സിലായി.

"എനിക്കിപ്പോ 91 വയസ്സായി. പെന്‍ഷന്‍ കൂടും. ഞങ്ങള്‍ക്ക് 91 വയസ്സുകഴിഞ്ഞാല്‍ പെന്‍ഷന്‍ അഞ്ചു ശതമാനം കൂടും." അമ്മാവന്‍ വീണ്ടും പെന്‍ഷനിലേക്ക് മടങ്ങി. സി ആന്‍ഡ് എ.ജി ആപ്പീസില്‍ നിന്നും വിരമിച്ചു ദശാബ്ദങ്ങള്‍ മൂന്നു കഴിഞ്ഞെങ്കിലും സംഖ്യകളും കണക്കും ഇപ്പോഴും കൃത്യം. 

അങ്ങനെ ഇരിക്കെ ഇടയ്ക്കു ചില നേരം ഒന്നും പറയാതെ താഴോട്ടു നോക്കി ഇരിക്കും. പിന്നെ പെട്ടെന്ന് ആവേശത്തോടെ ചേര്‍പ്പിലെ വീടിനെ കുറിച്ചും, ഭാഗോതിയുടെ പൂരത്തെ കുറിച്ചും പറയും. കാവിലമ്മാവന്‍റെ കൂടെ ആറാട്ടുപുഴ പൂരത്തിന് പോയതിനെ കുറിച്ചും, അമ്മാവന്‍ തരുന്ന വിഷുക്കൈ നീട്ടത്തിനു വണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ചും ഒക്കെ പറയും.

"എനിക്കിവിടെ ഇഷ്ടല്ലടാ.. ചേര്‍പ്പില്‍ എനിക്കറിയണ ആള്‍ക്കാരുണ്ട്. ഇവിടെ ആരുമില്ല.. അവരൊക്കെ നല്ല ആള്‍ക്കാരായിരുന്നു.. എനിക്കവിടെ പോയാല്‍ മതി. എന്‍റെ സ്വന്തം വീട് അവിടെ ഉണ്ട്. ഇപ്പൊ പൂട്ടി ഇട്ടിരിക്കുകയാണ്. പണ്ട് ഗുജറാത്തില്‍ ആയിരുന്നപ്പോള്‍ എനിക്കുണ്ടായിരുന്ന ടെനമെന്റ് വിറ്റ് കിട്ടിയ കാശുകൊണ്ട് പണിതതാ. എനിക്കവിടെ പോയാല്‍ മതി. ഇവിടെ എനിക്കറിയുന്ന ആരുമില്ല" 
എന്‍റെ വീട് എന്നു പറയുമ്പോള്‍ പഴയ ഉത്സാഹം ക്ഷണനേരത്തേക്ക് ആ മുഖത്ത് മിന്നി മറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.

പുറത്ത് ഒരു വേനല്‍ മഴക്കുള്ള സന്നാഹം കണ്ടപ്പോള്‍ അമ്മാവനോട് യാത്ര പറഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി. പോകാന്‍ നേരം കയ്യില്‍ പിടിച്ചു കുറെ നേരം മിണ്ടാതെ ഇരുന്നു. അത്രയും നേരം ഉത്സാഹത്തോടെ സംസാരിച്ച ആള്‍ ഓര്‍മ്മകള്‍ക്കിടയില്‍ വാക്കുകള്‍ക്കായ് പരതുന്ന പോലെ. പുറത്ത് മൂടി കെട്ടി വന്ന മഴക്കാറുകള്‍ അമ്മാവന്റെ കണ്ണുകളിലൂടെ ഒരു തുള്ളിയായ് പെയ്തിറങ്ങി. 

"ഇനി കിടക്കാം" അമ്മാവന്‍ പതുക്കെ പറയുന്നത് വാതില്‍ക്കല്‍ എത്തിയപ്പോള്‍ ഞാന്‍ കേട്ടു. 

പഴമയുടെ മഞ്ഞ നിറം പടര്‍ന്ന പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെ സന്ധ്യാ നേരം മഞ്ഞ വെളിച്ചത്തില്‍ തെളിഞ്ഞു നിന്നപ്പോള്‍ ഞാനും ചേര്‍പ്പില്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു.

"നിങ്ങളും വയസ്സായാല്‍ ഇതന്നെ ആകും അവസ്ഥ" പത്നി മൊഴിഞ്ഞു.

"അതിനു മുമ്പ് തന്നെ നമ്മള്‍ ചേര്‍പ്പിലേക്ക് പോകുമല്ലോ" ഉള്ളില്‍ നിറഞ്ഞ സങ്കടം ഒളിപ്പിച്ചു ഞാന്‍ എന്നോടുതന്നെയായി പറഞ്ഞു.

"ഐ ആം കണ്‍ഫൈന്‍ഡ് ടു ദാറ്റ് പ്ലേസ്" ഗേറ്റ് കടന്നു നിരത്തിലേക്ക് ഇറങ്ങിയപ്പോള്‍ എന്‍റെ മനസ്സിലെ വല്യമ്മാന്‍ മന്ത്രിച്ചു.